Monday, May 30, 2011

നോവല്‍ - അദ്ധ്യായം - 5.

ക്ലാസ്സ് കഴിഞ്ഞ് രമ കൂട്ടുകാരികളോടൊപ്പം ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ക്ലാസ്സ് സമയം സൌകര്യപ്രദമാണ്. ഒമ്പതരയ്ക്ക് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കും. ഒന്നേ മുക്കാലിന്ന് ദിവസത്തില്‍ ഒരു തവണ മാത്രം വന്നു പോകുന്ന ഒരു ബസ്സുണ്ട്. അതിലാണെങ്കില്‍ തിരക്കും ഉണ്ടാവില്ല.

'' ഒന്ന് നില്‍ക്ക്. ഞാനും കൂടി ഉണ്ട് '' പിന്നില്‍ നിന്നുള്ള വിളി കേട്ടപ്പോള്‍ തിരിഞ്ഞു നോക്കി. ചിത്രയാണ്.

'' നീ എന്തേ വൈകിയത് '' ആരോ ചോദിച്ചു.

'' ടീച്ചറുടെ കയ്യിന്ന് ഒരു പുസ്തകം വാങ്ങാന്‍ നിന്നു '' അവള്‍ പറഞ്ഞു '' ഇന്നലെ വീട്ടില് വലിയമ്മയുടെ മക്കള് വന്നിരുന്നു. രമടെ ഏട്ടന്‍റെ കാര്യം ചേച്ചി പറഞ്ഞു. ചേച്ചിടെ ഒപ്പം പഠിച്ചിട്ടുണ്ടത്രേ. അത് പറയാനാ ഞാന്‍ ഓടി വന്നത് ''.

'' എന്താ എന്‍റെ ഏട്ടനെ പറ്റി പറഞ്ഞത് '' രമ ചോദിച്ചു.

'' നിന്‍റെ ഏട്ടന്‍ നന്നായി പാട്ട് പാടും എന്ന് പറഞ്ഞു. കണ്ണടച്ചിരുന്ന് പാട്ട് കേട്ടാല്‍ സാക്ഷാല്‍ യേശുദാസ് മുമ്പില്‍ വന്ന് പാടുന്നത് പോലെ തോന്നും എന്ന് ഹെഡ് മാഷ് അസംബ്ലീല് പറഞ്ഞിട്ടുണ്ടത്രേ ''.

രമയ്ക്ക് അഭിമാനം തോന്നി. ചിത്ര പറഞ്ഞ സംഭവം ഏട്ടന്‍ തന്നെ വീട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാലും വേറെ ആരെങ്കിലും പറഞ്ഞു കേള്‍ക്കുന്നതില്‍ ഒരു സുഖമുണ്ട്.

'' ഏട്ടന്‍ പാട്ട് പഠിച്ചിട്ടുണ്ടോ ''ഷൈലയ്ക്ക് അത് അറിയണം.

'' ഇല്ല. അമ്മ പാട്ട് പഠിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മ ഏട്ടന് പറഞ്ഞു കൊടുക്കാറുണ്ട് ''.

'' പിന്നെ എന്തേ പഠിപ്പിച്ചില്ല ''.

'' ഒന്ന് അതിനുള്ള ചുറ്റുപാട് ഉണ്ടായിരുന്നില്ല. പിന്നെ ഏട്ടന്‍ വലുതാവുമ്പോഴേക്കും അമ്മയ്ക്ക് എല്ലാ കലകളോടും എന്തോ ഒരു മടുപ്പ് വന്നു. ഇപ്പൊ കുറച്ചായിട്ട് പാട്ട് എന്ന് കേട്ടാലേ അമ്മയ്ക്ക് കലി വരും. രാഗം മൂളിക്കൊണ്ടിരുന്നാല്‍ വയറ് നിറയില്ല എന്നും പറഞ്ഞ് ദേഷ്യപ്പെടും ''.

'' നല്ല പാട്ടുകാരനായാല്‍ സമ്പാദിച്ച് കൂട്ടാലോ ''.

'' അതൊക്കെ വളരെ കുറച്ച് ആളുകള്‍ക്കേ സാധിക്കൂ. അല്ലാത്തോര്‍ക്ക് എന്നും ദാരിദ്ര്യം ആവും എന്നാണ് അമ്മടെ അഭിപ്രായം ''.

'' അതൊക്കെ വെറുതെ തോന്നുന്നതാ ''ചിത്ര എതിര്‍ത്തു.

'' അല്ലാ കുട്ടീ. സരസ്വതീം മഹാലക്ഷ്മീം ഒന്നിച്ച് ഒരു ദിക്കില്‍ വാഴില്ലാത്രേ ''.

'' ആ പറഞ്ഞതാ തെറ്റ് '' ചിത്ര വിയോജിപ്പ് പ്രകടിപ്പിച്ചു '' സരസ്വതിയെ പ്രസാദിപ്പിച്ചു കൂടെ നിറുത്തിയാല്‍ മഹാലക്ഷ്മി തന്നെ വന്നു കേറും എന്ന് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട് ''.

'' എന്തായാലും ഏട്ടനോട് മുടങ്ങാതെ പ്രാക്ടീസ് ചെയ്യാന്‍ പറയണം. എപ്പോഴാ ഒരു ചാന്‍സ് കിട്ടുക എന്ന് പറയാന്‍ പറ്റില്ലല്ലോ ''.

രമ തലയാട്ടിയതേയുള്ളു.

**********************************************

മൂന്നാം ദിവസം കൂട്ടുകാരെ കാണാന്‍ സുമേഷ് എത്തി. കോട്ടയ്ക്ക് മുമ്പിലെ പാര്‍ക്കിങ്ങ് ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള മരചുവട്ടില്‍ എല്ലാവരും ഇരുന്നു.

'' എന്താടാ ഇന്നലേയും മിനിഞ്ഞാന്നും നിന്നെ ഈ വഴിക്ക് കാണാഞ്ഞത് '' റഷീദ് ചോദിച്ചു.

'' എന്തൊക്കെ പ്രയാസങ്ങളാണ്. ഒന്ന് മഴ ചാറിയതും ആളുകള്‍ വിതയ്ക്കാനും ഞാറ് പാകാനും തുടങ്ങി. ആ സമയം നോക്കി ട്രാക്ടര്‍ ഡ്രൈവര്ക്ക് കണ്ണില്‍ ദീനം. പിന്നെന്താ ചെയ്യുക. ഞാന്‍ തന്നെ രണ്ട് ദിവസവും പാടം പൂട്ടാന്‍ ട്രാക്ടറും കൊണ്ട് പോയി ''.

'' എങ്ങിനെയാടാ പൊടിയും സഹിച്ച് ഈ ചൂടില്‍ പകല്‍ മുഴുവന്‍ അതിന്‍റെ മുകളില്‍ ഇരിക്കുന്നത് ''പ്രദീപ് ചോദിച്ചു.

'' അതും പറഞ്ഞ് വീട്ടിലിരുന്നാല്‍ സമയത്തിന്ന് പണി ചെയ്തു കൊടുക്കാന്‍ കഴിയില്ല ''.

'' നാട്ടില്‍ വേറെ ട്രാക്ടര്‍ ഇല്ലാത്ത മാതിരിയാണല്ലോ നിന്‍റെ വര്‍ത്തമാനം ''.

'' നാട്ടില്‍ ഇഷ്ടം പോലെ ട്രാക്ടര്‍ ഉണ്ടാവും. ആവശ്യക്കാര്‍ക്ക് വിളിച്ചാല്‍ കിട്ടും ചെയ്യും. പോണത് നമുക്ക് കിട്ടുന്ന കാശാണ്. പോരാത്തതിന്ന് അടുത്ത പ്രാവശ്യം മുതല്‍ അവര് നമ്മളെ വിളിക്കാണ്ടാവും ''.

'' എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് '' പ്രദീപ് ചോദിച്ചു '' നീ ഒറ്റ മകനല്ലേ. ഇട്ട് മൂടാനുള്ള സ്വത്തും ഉണ്ട് ''.

'' അത് ഇപ്പോഴല്ലേ. ആദ്യ കാലത്ത് ഉണ്ടായിരുന്നത് വെറും അഞ്ച് പറ കണ്ടം . അച്ഛന്ന് ലോറി ഡ്രൈവറുടെ പണി. ബാക്കിയൊക്കെ അച്ഛന്‍ ഗള്‍ഫില്‍ ചെന്ന് സമ്പാദിച്ച കാശോണ്ട് ഉണ്ടാക്കി ചേര്‍ത്തതാ '' സുമേഷ് പറഞ്ഞു '' നെല്ല് അരയ്ക്കാനും പൊടിക്കാനും മില്ല് തുടങ്ങിയ ശേഷം ഒരാളെ പണിക്ക് വെച്ചിട്ടില്ല. അമ്മ തന്നെ ചെയ്യും. ലീവില് വരുമ്പൊ അച്ഛനും കൂടി പണിയെടുത്തിട്ടാണ് മലടെ ചോട്ടില്‍ വാങ്ങിയ സ്ഥലത്ത് റബ്ബര്‍ വെച്ചത്. രണ്ടാളും നല്ലോണം കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഉള്ളതൊക്കെ ഉണ്ടാക്കിയത് ''.

'' സമ്മതിച്ചു. ഇനിയുള്ള കാലം ബുദ്ധിമുട്ടാതെ കഴിഞ്ഞൂടേ ''.

'' എടാ. എത്ര വലിയ കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും. കുറച്ചൊക്കെ ബുദ്ധിമുട്ടണം. എന്നാലേ ഉള്ള മുതല് നില നിര്‍ത്താന്‍ പറ്റു. എന്‍റെ അച്ഛനും അമ്മയും എനിക്ക് വേണ്ടിയാണ് പാടുപെടുന്നത്. ഞാന്‍ അത് മനസ്സിലാക്കേണ്ടേ ''.

'' നീ എന്തോ ചെയ്തോ '' പ്രദീപ് പറഞ്ഞു '' നിന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ സമയത്തിന്ന് ഭക്ഷണം കഴിച്ച് മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കും ''.

'' അല്ലെങ്കില്‍ ഇപ്പൊ നീ എന്താ ചെയ്യുന്നത് '' സുമേഷിന്‍റെ ചോദ്യം കേട്ട് കൂട്ടുകാര്‍ ഉറക്കെ ചിരിച്ചു. പ്രദീപിന്ന് ഒന്നും പറയാനുണ്ടായിരുന്നില്ല.

'' എന്നെ വാരിക്കോ '' അവനും ചിരിയില്‍ കൂടി.

'' എവിടെ നമ്മളുടെ ഗാന ഗന്ധര്‍വ്വന്‍ പൊതുവാള്‍ '' സുമേഷ് അന്വേഷിച്ചു.

'' ബാംഗ്ലൂരിലേക്ക് മീറ്റിങ്ങിന്ന് പോയതാണ്. അതിന്ന് ശേഷം കണ്ടിട്ടില്ല. ചിലപ്പോള്‍ മാനേജര്‍ വര്‍ക്കിന്ന് വന്നിട്ടുണ്ടാവും '' റഷീദ് മറുപടി നല്‍കി.

പാതയോരത്തെ ഉന്തുവണ്ടിയില്‍ നിന്നും മുട്ടബജ്ജിയും ചായയും കഴിച്ച് കൂട്ടുകാര്‍ പിരിയാനൊരുങ്ങി.

'' ബൈക്കിന്ന് ബ്രേക്ക് പോരാ '' സുമേഷ് പറഞ്ഞു '' ലൈനര്‍ മാറ്റണം എന്ന് തോന്നുന്നു ''.

'' നീ അത് കൊടുക്ക്. നാലഞ്ച് കൊല്ലം പഴക്കം ഉണ്ടെങ്കിലും പാഷന്‍ പ്ലസ്സ് ആയതോണ്ട് കാശ് കിട്ടും. റീസെയില്‍ വാല്യൂ ഉള്ളതാണ് ''റഷീദ് പറഞ്ഞു.

'' എന്നിട്ട് ''.

'' സെഡ്. എം. ആറോ, കരിഷ്മയോ വാങ്ങിക്ക്. ഓടിക്കാന്‍ നല്ല സുഖം ഉണ്ടാവും ''.

'' നന്നായി. ഇന്നത്തെ പെട്രോളിന്‍റെ വിലയ്ക്ക് നല്ലോണം മുതലാവും ''.

'' ഞാന്‍ നോക്കുമ്പോള്‍ പെട്രോളിന്‍റെ വില കുറയാന്‍ ഒറ്റ വഴിയേ ഉള്ളു '' പ്രദീപ് പറഞ്ഞു.

'' എന്താടാ അത് '' ആ ചോദ്യം പല ചുണ്ടുകളില്‍ നിന്നും ഒന്നിച്ച് ഉയര്‍ന്നു.

'' നമ്മടെ പഴയ റെയില്‍വെ മന്ത്രിയില്ലേ ലാലു പ്രസാദ് യാദവ്. അയാളെ പിടിച്ച് പെട്രോളിയം വകുപ്പിന്‍റെ ചുമതല ഏല്‍പ്പിക്കുക. ട്രെയിന്‍ ചാര്‍ജ്ജ് കുറച്ച് റെയില്‍വെ ലാഭത്തിലാക്കിയ ആളാണ്. ഉറപ്പായിട്ടും അതു പോലെ എന്തെങ്കിലും സൂത്രം കാട്ടി രണ്ട് മാസം കൊണ്ട് മൂപ്പര് പെട്രോള്‍ വില ലിറ്ററിന്ന് ഇരുപത് ഉറുപ്പിക എങ്കിലും ആയി കുറയ്ക്കും. കമ്പിനികളൊക്കെ ലാഭത്തില്‍ ആവും ചെയ്യും ''.

'' നിന്‍റെ തല ഇവിടൊന്നും വെക്കേണ്ടതല്ല '' സുമേഷ് പറഞ്ഞു. കൂട്ടുകാര്‍ ആര്‍ത്തു ചിരിച്ചു.

Tuesday, May 24, 2011

നോവല്‍ - അദ്ധ്യായം - 4.

'' അശോകേ, ഇത് ഞാനാടാ, പ്രദീപ് '' മൊബൈലില്‍ അവന്‍ കൂട്ടുകാരനെ വിളിച്ചതാണ് '' നിനക്ക് ഇപ്പോള്‍ തിരക്കുണ്ടൊടാ. ഇല്ലെങ്കില്‍ കോട്ട മൈതാനത്ത് വാ. എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ക്ക് ഒരു കാറ് വേണം ''.

നിമിഷങ്ങള്‍ക്കകം കാറ് വില്‍പ്പന കേന്ദ്രത്തിലെ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് അശോക് സ്ഥലത്തെത്തി. കമ്പിനി നിശ്ചയിച്ച പ്രതിമാസ ക്വാട്ടയിലേക്ക് ഒരെണ്ണം വീണു കിട്ടിയ സന്തോഷത്തിലാണ് അവന്‍.

'' ആളെവിടെ '' അശോക് ചോദിച്ചു.

'' ഇപ്പൊ എത്തും '' പ്രദീപ് മറുപടി നല്‍കി '' അതിന്നു മുമ്പ് എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട് ''.

'' കമ്മീഷന്‍റെ കാര്യമല്ലേ. അതൊക്കെ ഞാന്‍ ഏറ്റു ''.

'' അതൊന്നും അല്ലെടാ '' പ്രദീപ് പറഞ്ഞു തുടങ്ങി.

അമ്മയുടെ സ്കൂളില്‍ ഉണ്ടായിരുന്ന ദേവകി ടീച്ചറുടെ മകനാണ് കാറ് വേണ്ടത്. വേറൊരു കമ്പിനിയുടെ കാറ് അവര്‍ പോയി നോക്കിയിരുന്നു. ഒരു അഭിപ്രായം ചോദിക്കാന്‍ അവനെ വിളിച്ചതാണ്. അശോകിന്ന് ഒരു സഹായം ചെയ്യാമെന്ന് വിചാരിച്ച് കൂടുതല്‍ നല്ലത് വാങ്ങിക്കാമെന്നു പറഞ്ഞ് അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. അമ്മയുടെ സുഹൃത്തും ചെറിയ ക്ലാസ്സില്‍ പഠിപ്പിച്ച ടിച്ചറുമായ അവരുടെ കാര്യത്തില്‍ ഇടപെട്ടത് കമ്മിഷന്‍ കിട്ടാനല്ല. കിട്ടുന്ന സൌജന്യം മുഴുവന്‍ അവര്‍ക്കുതന്നെ കൊടുക്കണം. അതില്‍ നിന്ന് ഒരു വീതവും വേണ്ടാ.

'' നിനക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും '' അവന്‍ അശോകിനോട് ചോദിച്ചു.

'' നിന്‍റെ കേസല്ലേ. മാക്സിമം ചെയ്യാടാ ''.

'' അങ്ങിനെ പറഞ്ഞാല്‍ പോരാ. എന്ത് ചെയ്യും എന്ന് ഉറപ്പ് പറ. എനിക്ക് അവരോട് പറയേണ്ടതാ ''.

'' വീല്‍ കപ്പ് കൊടുക്കാം. ഫ്ലോര്‍ മാറ്റ് ഉണ്ടോന്ന് നോക്കട്ടെ '' അശോക് പറഞ്ഞു.

'' നോക്ക് , വേറെ ഡീലര്‍ ഇല്ലാഞ്ഞിട്ടല്ല. നിനക്ക് ഒരു ഉപകാരം ആയിക്കോട്ടേ എന്ന് വെച്ചിട്ടാണ്. അത് നീ മനസ്സിലാക്കണം '' പ്രദീപ് കാര്യം പറഞ്ഞു.

'' പറ്റുന്നതൊക്കെ ചെയ്തു കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞില്ലേ ''.

'' എന്നലേ വീല്‍ കപ്പും, മാറ്റും മാത്രം പോരാ ''.

'' പിന്നെ എന്താടാ വേണ്ടത് ''.

'' വണ്ടിക്ക് അണ്ടര്‍ കോട്ടിങ്ങ് അടിച്ചു കൊടുക്കണം, പിന്നെ ടഫ്‌ലോണും ''.

'' ഒക്കെ ഞാന്‍ മാനേജരോട് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം. നീ അവരെ ടെസ്റ്റ് ഡ്രൈവിങ്ങിന് കൂട്ടീട്ട് വാ ''.

'' അയാള്‍ക്ക് കാറോടിക്കാനൊന്നും അറിയില്ല. പഠിച്ചിട്ടു വേണം ''.

'' പുതിയ വണ്ടിയില്‍ ഡ്രൈവിങ്ങ് പഠിച്ചാല്‍ അസ്സലാവും. പഠിപ്പ് കഴിയുമ്പോഴേക്കും ഗിയര്‍ ബോക്സ് മാറ്റാറാവും ''.

'' അതെന്തോ ചെയ്യട്ടെ. എനിക്കതറിയണ്ടാ. എന്‍റെ അടുത്ത് ഒരു കാര്യം പറഞ്ഞു. ഞാന്‍ അത് ചെയ്തു. അത്ര തന്നെ ''.

'' ലോണാണോടാ '' അശോക് അന്വേഷിച്ചു.

'' അതേന്ന് പറഞ്ഞു ''.

'' ഏര്‍പ്പാടാക്കണോ ''.

'' വേണ്ടാ. എന്‍റെ ഫ്രണ്ട് ജെയിംസ് കാര്‍ ലോണ്‍ സെക്ഷനിലാണ്. അവനെ ഏല്‍പ്പിക്കാം '' പ്രദീപ് പറഞ്ഞു '' അവനും ക്വോട്ട ഒപ്പിക്കണ്ടതല്ലേ. ഒരു സഹായം ആയിക്കോട്ടെ ''.

'' നിന്‍റെ ഇഷ്ടം പോലെ. അത് പോട്ടെ, നീ എന്താ ഇപ്പൊ ചെയ്യുന്നത് ''.

'' ഈ ഒന്നാം തിയ്യതി മുതല്‍ ചെറിയൊരു പണി കിട്ടി. ഇന്‍ഷൂറന്‍സില്‍ ആളെ ചേര്‍ക്കല്. എത്ര കാലത്തേക്ക് എന്നേ നോക്കാനുള്ളു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഒറ്റ പോളിസി എന്നെക്കൊണ്ട് എടുപ്പിക്കാന്‍ പറ്റിയിട്ടില്ല. ആരെ കണ്ട് ചോദിച്ചാലും നോക്കട്ടെ പിന്നെ പറയാം ആലോചിക്കട്ടെ എന്നൊക്കെ ഒഴിവ് കഴിവ് പറഞ്ഞൊഴിയും. പ്രൈവറ്റ് കമ്പനിയുടെ ഇന്‍ഷൂറന്‍സല്ലേ. അധികം ആര്‍ക്കും താല്‍പ്പര്യം കാണുന്നില്ല ''.

'' ആര്‍ക്കെങ്കിലും വല്ല പോളിസിയും വേണോന്ന് അന്വേഷിച്ച് നോക്കട്ടെ. വല്ലതും ഒത്തു കിട്ടിയാല്‍ നിന്നെ വിളിക്കാം ''.

'' ഒരു പാലം പണിതാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം അല്ലേടാ '' പ്രദീപ് ചോദിച്ചു.

അശോക് ചിരിച്ചു. വൈകുന്നേരത്തിന്ന് മുമ്പ് ആവശ്യക്കാരുമായി എത്താമെന്ന് പ്രദീപ് ഏറ്റു.

'' വരുമ്പോള്‍ എന്നെ വിളിക്കണം ''. അശോക് തിരിച്ചു പോയി.

****************************************************

രാവിലത്തെ തിരക്കുകള്‍ ഒഴിഞ്ഞപ്പോഴേക്കും വെയില്‍ മൂത്തു കഴിഞ്ഞു. ഇന്ദിര ചെന്നു നോക്കുമ്പോള്‍ രാമകൃഷ്ണന്‍ ജനാലയിലൂടെ ദൂരെ ആകാശത്തേക്ക് നോക്കി കിടക്കുകയാണ്.

'' രാമേട്ടന് വല്ലതും വേണോ '' അവള്‍ ചോദിച്ചു.

'' ഇപ്പൊ ഒന്നും വേണ്ടാ. എന്താ. പശൂനെ മേക്കാന്‍ പോവാറായോ '' അയാള്‍ തിരക്കി.

'' അതിനല്ല. പുഴ വരെ ഒന്ന് പോവാനുണ്ട്. വല്ലതും വേണച്ചാല്‍ തന്നിട്ട് വാതിലും പൂട്ടി പോവാലോ എന്ന് വിചാരിച്ചിട്ടാ ''.

'' എന്തിനാ ഈ പൊരി വെയിലത്ത് പുഴയിലേക്ക് പോണത്. വൈകുന്നേരം കുളത്തില്‍ തിരുമ്പി കുളിച്ചാല്‍ പോരേ ''.

'' ഞാന്‍ പോണത് കുറച്ച് മണല് കൊണ്ടു വരാനാണ്. ചെല്ലന്‍റെ കെട്ട്യോള് പാറൂണ്ട് തുണയ്ക്ക് ''.

'' എല്ലാം കഴിഞ്ഞ് മണല് കോരലും ആയോ ''.

'' സാരൂല്യാ. നമുക്ക് വേണ്ടീട്ടല്ലേ ''.

'' എന്നാലും ഇന്ദിര ഇങ്ങിനെ കഷ്ടപ്പെടുന്നത് കാണുമ്പൊ '' അയാളുടെ വാക്കുകള്‍ ഗദ്ഗദത്തില്‍ മുങ്ങി.

'' കാശ് കൊടുത്ത് മണല്‍ വാങ്ങാന്‍ ഇപ്പൊ പറ്റില്ല. ഞാനും കൂട്വാണെങ്കില്‍ കുറേശ്ശയായി ചുമര് തേക്കലും നിലം നന്നാക്കലും ചെയ്യാന്ന് പാറു പറഞ്ഞു. അവള് കുറെ കാലം കെട്ടുപണിക്കാരുടെ കൂടെ നടന്നതല്ലേ ''.

'' ആവാത്ത പണി ചെയ്ത് വയ്യായ ഒന്നും വരുത്തണ്ടാ ''.

''ഇതൊക്കെ വയറ്റില്‍ നിന്ന് പഠിച്ചിട്ട് വന്നിട്ടാണോ ആളുകള് ചെയ്യുന്നത്. പണി ചെയ്തിട്ട് അസുഖം ഒന്നും വരില്ലാന്ന് എനിക്ക് നല്ല ധൈര്യം ഉണ്ട് ''.

പിന്നെ രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. ഇന്ദിര വാതില്‍ പൂട്ടി ചാക്കുമായി പോയതോടെ അയാള്‍ സ്വന്തം ദുരിതങ്ങളുടെ ലോകത്തായി. പണി തീരാത്ത വീട്. ഒന്നുമാവാത്ത മക്കള്‍, കുടുംബം പുലര്‍ത്താനുള്ള ആള്‍ കിടപ്പില്‍. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഈ പ്രയാസങ്ങളെല്ലാം പതറാതെ നേരിടുന്ന ഭാര്യ ഒരു അത്ഭുതം തന്നെ.

ബന്ധുക്കളാണെന്നും പറഞ്ഞ് വരാനും പോവാനും ആരുമില്ലാത്തതില്‍ ഒരുവിഷമവും നല്ല സമയത്തൊന്നും തോന്നിയിരുന്നില്ല. പക്ഷെ കിടപ്പിലായതിന്ന് ശേഷം ആരെങ്കിലും വേണമെന്ന തോന്നല്‍ ഉണ്ടായി തുടങ്ങി.

'' മരത്തിന്ന് വേര് ബലം. മനുഷ്യന്ന് ബന്ധു ബലം. നമുക്ക് ആരും ഇല്ലാതെ പോയില്ലേ '' പലപ്പോഴും ആ തോന്നല്‍ വാക്കുകളായി പുറത്തെത്തി.

'' രാമേട്ടന്‍ ഒന്നോണ്ടും പേടിക്കണ്ടാ. ഞാനില്ലേ കൂടെ '' അപ്പോഴെല്ലാം ഇന്ദിര സാന്ത്വനിപ്പിക്കും '' പിന്നെ ഈ ഭൂമീല്‍ ആരും ഇല്ലാത്തോര്‍ക്കും കഴിയണ്ടേ ''.

ഒരു കൊച്ചു തോണിയില്‍ ഒഴുക്കിനെതിരെ തുഴഞ്ഞ് കുടുംബത്തെ അക്കര എത്തിക്കാന്‍ പാടുപെടുന്ന സ്ത്രീ രൂപമാണ് ഇന്ദിരയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ എത്തുക.

'' ശംഭോ, മഹാദേവാ, എന്‍റെ കുട്ട്യേളക്കെങ്കിലും ഒരു കൈ സഹായം നല്‍കാന്‍ ആരെങ്കിലും ഉണ്ടാവണേ '' രാമകൃഷ്ണന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

Tuesday, May 17, 2011

നോവല്‍ - അദ്ധ്യായം - 3.

'' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിന്‍ നമ്പര്‍ ഒന്ന് രണ്ട് ആറ് ഏഴ് എട്ട് എറണാകുളത്തു നിന്നും ബങ്കളൂരുവരെ പോകുന്ന എറണാകുളം ബങ്കളൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് അല്‍പ്പ സമയത്തിനകം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ് '' എന്ന അറിയിപ്പ് കേട്ടതും അനൂപ് എഴുന്നേറ്റു. വസ്ത്രങ്ങള്‍ വെച്ച ബാഗും കമ്പിനി വക വര്‍ക്കിങ്ങ് ബാഗും എടുത്ത് തയ്യാറായതും ദൂരെ എഞ്ചിന്‍ കാണാറായി. യാത്ര പോവുന്നവരും, അവരെ അയയ്ക്കാന്‍ എത്തിയവരും, ഭക്ഷണം വിതരണം ചെയ്യുന്ന വെണ്ടര്‍മാരും കൂടി പ്ലാറ്റ്ഫോമില്‍ ആകെ ബഹളം. പുറകിലെ ഏതെങ്കിലും ബോഗിയില്‍ ഞാനുണ്ടാവും എന്ന് ജോണ്‍സണ്‍ വിളിച്ച് വിവരം തന്നിരുന്നു. ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് ഉള്ളത് എന്ന് വണ്ടിയില്‍ കയറിയ ശേഷം അറിയിച്ചിരുന്നുവെങ്കില്‍ അത് മാത്രം നോക്കിയാല്‍ മതിയായിരുന്നു. ഒരിക്കലും അവന്‍ ഒന്നും മുഴുവന്‍ പറയാറില്ല.

സീറ്റ് ഒപ്പിച്ചു വെച്ച്, വണ്ടി നില്‍ക്കുന്നതിന്ന് മുമ്പേ വാതില്‍ക്കല്‍ നിന്ന് ജോണ്‍സണ്‍ വിളിച്ചു കയറ്റിയതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. മീറ്റിങ്ങിന് വരാനുള്ള മറ്റുള്ളവരെയൊന്നും ബോഗിക്കകത്ത് കാണാനില്ല.

'' ബാക്കിയുള്ളോരൊക്കെ എവിടെ '' അനൂപ് ചോദിച്ചു.

'' എവിടെയെങ്കിലും കാണും. ഞാന്‍ നോക്കാനൊന്നും പോയില്ല '' ജോണ്‍സണ്‍ പറഞ്ഞു ''പെപ്സിടെ കൂടെ വിസ്കിയോ ബ്രാന്‍ഡിയോ ചേര്‍ത്തത് ഇടക്കിടക്ക് മോന്തിക്കൊണ്ട് ഇരിക്കുന്നുണ്ടാവും ഓരോന്ന്. എനിക്ക് അവരുടെ ബഹളവും വര്‍ത്തമാനവും ഒന്നും ഇഷ്ടമല്ല ''. യാത്രയിലെ വിരസത മാറാന്‍ ചിലരൊക്കെ ചെയ്യുന്ന പണിയാണ് അത്. അല്‍പ്പം ലഹരി കയറി കഴിഞ്ഞാല്‍ പിന്നെ കളിയും ചിരിയും വര്‍ത്തമാനവും ബഹളവും ഒക്കെയാവും. ജോലിയെ സംബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ കുറെ നേരത്തേക്കെങ്കിലും അങ്ങിനെ വിസ്മരിക്കുന്നു.

'' പേപ്പറൊക്കെ ശരിയാക്കി വെച്ചിട്ടുണ്ടോ '' അനൂപ് ചോദിച്ചു. ജോണ്‍സണ്‍ തലയാട്ടി. അധികം സംസാരിക്കാത്ത പ്രകൃതമാണ് അവന്‍റേത്.

'' ടാര്‍ജ്ജറ്റ് എത്തിയോ '' അനൂപിന്‍റെ അടുത്ത ചോദ്യം.

'' നോക്ക് '' ജോണ്‍സണ് ദേഷ്യം വന്നു '' മെജസ്റ്റിക്കില്‍ ഇറങ്ങുന്നത് വരെ ജോലിയെ പറ്റി എന്തെങ്കിലും എന്നോട് ചോദിച്ചാല്‍ നിന്നെ ഞാന്‍ തൂക്കി വെളിയില്‍ എറിയും ''.

പിന്നെ അനൂപ് ഒന്നും പറഞ്ഞില്ല. ജോണ്‍സണ്‍ മൊബൈലിന്‍റെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി. പുറത്തെ കാഴ്ചകള്‍ അനൂപിനെ ആകര്‍ഷിച്ചില്ല. കമ്പിനി നിശ്ചയിച്ച ടാര്‍ജ്ജറ്റ് എത്താത്തതിലുള്ള വിഷമം അനൂപിന് കുറച്ചൊന്നുമല്ല. ചിലപ്പോള്‍ എല്ലാവരുടേയും മുമ്പില്‍ വെച്ച് നിര്‍ത്തി പൊരിക്കും. കണ്‍ഫര്‍മേഷന്‍ ആവാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. മീറ്റിങ്ങിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മഥിച്ചു.

ആദ്യമായി പങ്കെടുത്ത മീറ്റിങ്ങിന്‍റെ ദൃശ്യങ്ങളാണ് മനസ്സില്‍ തെളിഞ്ഞു വരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആ മീറ്റിങ്ങില്‍ എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഹാള്‍. യു ആകൃതിയിലുള്ള മേശക്ക് പുറകില്‍ നിര നിരയായി അടുക്കിയ കസേലകള്‍. രണ്ടു വശങ്ങളിലായി റീജിയണല്‍ മാനേജര്‍മാരും ഏരിയ ബിസിനസ്സ് മാനേജര്‍മാരും, മദ്ധ്യഭാഗത്ത് റെപ്രസന്‍റ്റേറ്റിവുകളും ഇരിപ്പുണ്ട്. മുമ്പില്‍ തൂവെള്ള വിരിപ്പ് വിരിച്ച മേശ. അലങ്കാരത്തിന്ന് ഫ്ലവര്‍വേസില്‍ വെച്ച പൂക്കള്‍ മാത്രം. സ്ലൈഡുകള്‍ കാണിക്കാന്‍ പ്രൊജക്ടറും സ്ക്രീനും ഒരുക്കി വെച്ചിട്ടുണ്ട്. കമ്പിനിയുടെ മാനേജിങ്ങ് ഡയറക്ടറും വൈസ് പ്രസിഡണ്ടും സെയില്‍സ് മാനേജരും മേശയ്ക്ക് പുറകിലായി ഇരിക്കുന്നുണ്ട്. കൂട്ടത്തില്‍ ചെറുപ്പമായ ആള്‍ എഴുന്നേറ്റു.

'' ഗുഡ് മോണിങ്ങ് എവരിബഡി '' അയാളുടെ മുഖത്തെ ഗൌരവം പുഞ്ചിരിയെ മറച്ചു കളഞ്ഞു. '' അയാം ജയന്ത്, മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് സൌത്ത് സോണ്‍. വെല്‍ക്കം ആള്‍ ഓഫ് യൂ ടു ദി തേര്‍ഡ് ക്വാര്‍ട്ടര്‍ മീറ്റിങ്ങ് ''. തെക്കന്‍ മേഖലയുടെ മാനേജര്‍ സുപ്രഭാതം ആശംസിച്ച് സ്വാഗതം പറഞ്ഞതും കയ്യടി ഉയര്‍ന്നു.

'' പുതിയ ആളാണ് '' അടുത്തിരുന്ന സീനിയര്‍ റെപ്രസന്‍റ്റേറ്റീവ് പറഞ്ഞു.

'' ടുഡേ വി ഹാവ് വിത്ത് അസ്സ് അവര്‍ മാനേജിങ്ങ് ഡയറക്ടര്‍ മിസ്റ്റര്‍ ജഗജിത്ത് സിങ്ങ് അന്‍ഡ് അവര്‍ വൈസ് പ്രസിഡണ്ട് മിസ്റ്റര്‍ വെങ്കിടേശ്വര റാവു. ഹാര്‍ട്ടി വെല്‍ക്കം ടു ബോത്ത് ഓഫ് ദെം ''. വീണ്ടും കയ്യടി ഉയര്‍ന്നു.

'' നൌ കമിങ്ങ് ടു ദി പൊയന്‍റ് '' അയാളുടെ സ്വരം ഉയര്‍ന്നു '' റിപ്പോര്‍ട്ട്സ് ഷോ ദാറ്റ് ദെയര്‍ വാസ് നോ ഇന്‍ക്രീസ് ഇന്‍ സെയില്‍സ് ഡ്യൂറിങ്ങ് ദി ലാസ്റ്റ് ഫ്യൂ മന്ത്‌സ്. ദിസ് ഈസ് നോട്ട് ഗൂഡ്. ഈഫ് വീ ആര്‍ സാറ്റിസ്ഫൈഡ് വിത്ത് വാട്ട് വീ ഹാവ് അറ്റ് പ്രസന്‍റ്, മൈന്‍ഡ് യൂ , കമ്പിനി വില്‍ ഡിക്ലൈന്‍ സൂണ്‍ ''.

എന്താണ് ഇയാള്‍ പറഞ്ഞു വരുന്നത് ? കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപാരം വര്‍ദ്ധിക്കുന്നില്ല എന്നത് ശരിയാണ്. ഇപ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടാല്‍ കമ്പിനി പൊളിയുമത്രേ. അതെങ്ങിനെയാണ്. എല്ലാ മുഖങ്ങളിലും ആകാംക്ഷ ഉയര്‍ന്നു.

'' ടു അവോയ്ഡ് സച്ച് എ സിറ്റ്വേഷന്‍ വി ഹാവ് ടു അറ്റ് ലീസ്റ്റ് ഡബിള്‍ അവര്‍ സെയില്‍സ് വിത്ത് ഇന്‍ വണ്‍ ഇയര്‍ ''.

അങ്ങിനെ സംഭവിക്കാതിരിക്കാന്‍ ഒരു കൊല്ലത്തിനകം കച്ചവടം ഇരട്ടിയാക്കണമെന്ന്. പുതിയ സെയില്‍സ് മാനേജരുടെ പദ്ധതി ആര്‍ക്കും ദഹിച്ചില്ല. നൂറു കണക്കില്‍ മരുന്നു കമ്പിനികളാണ് നാട്ടില്‍ ഉള്ളത്. കടുത്ത മത്സരം ഉള്ള മേഖലയാണ് ഇത്. നിലവിലുള്ള ടാര്‍ജ്ജറ്റ് ഒപ്പിക്കാന്‍ പെടുന്ന പാട് ദൈവത്തിനേ അറിയൂ. അതിനിടയിലാണ് ഒരു വര്‍ദ്ധന.

'' ദിസ് ഇസ് നോട്ട് എ ഡിഫിക്കല്‍റ്റ് ടാസ്ക് ആസ് യൂ മേ തിങ്ക് ഒഫ് ഇറ്റ് '' വീണ്ടും ഗൌരവം തുളുമ്പുന്ന വാക്കുകള്‍ '' യൂ ട്രൈ ടു അച്ചീവ് ട്വന്‍റി ഫൈ പെര്‍സന്‍റ് മോര്‍ ഓഫ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ് ഡ്യൂറിങ്ങ് ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍ , ഓര്‍ എയിറ്റ് അന്‍ഡ് വണ്‍ തേര്‍ഡ് പെര്‍സന്‍റ് എവരി മന്ത്. യൂ വില്‍ ബി സര്‍പ്രൈസ്ഡ് ടു സീ ദി റിസള്‍ട്ട് നെക്സ്റ്റ് ഇയര്‍ ''.

അദ്ദേഹം സദസ്യരെ നോക്കി. എല്ലാവരും വലിയ ആലോചനയിലാണ്. മൂന്ന് മാസത്തില്‍ ഇരുപത്തഞ്ച് ശതമാനം അഥവാ മാസം തോറും എട്ടും മൂന്നിലൊന്നും വര്‍ദ്ധന ഉണ്ടാക്കുക. വലിയ പ്രയാസമുള്ളതല്ല അത് എന്ന്. എങ്കില്‍ അടുത്ത കൊല്ലം അത്ഭുതപ്പെടുത്തുന്ന ഫലം കാണുമത്രേ. പ്രതീക്ഷിച്ച മട്ടിലുള്ള പ്രതികരണം ആരുടെ മുഖത്തും കാണാനില്ല.

'' ലെറ്റ് മീ സീ എ ന്യൂലി അപ്പോയിന്‍റ്റഡ് പേഴ്‌സണ്‍ '' പുതിയതായി നിയമനം ലഭിച്ച ജീവനക്കാരനെ കുറിച്ചുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് അനൂപിലായിരുന്നു. അവന്‍ എഴുന്നേറ്റു.

'' യുവര്‍ നെയിം അന്‍ഡ് ഹെഡ് ക്വാര്‍ട്ടേര്‍സ് '' അദ്ദേഹം ചോദിച്ചു.

'' അനൂപ് ഫ്രം പാലക്കാട്, കേരള ''.

'' വാട്ട് ഈസ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ് ''.

'' ഫിഫ്റ്റി തൌസന്‍ഡ് '' വിറയലോടെയാണ് അത്രയും പറഞ്ഞത്.

'' യുവര്‍ ലാസ്റ്റ് മന്ത്‌സ് സെയില്‍സ് ഫിഗര്‍ ''

'' ഫിഫ്റ്റി എയിറ്റ് തൌസന്‍ഡ് സെവെന്‍ ഹണ്ട്രഡ് അന്‍ഡ് സിക്സ് ''.

'' സീ , ഹി ഈസ് റിവൈസ്ഡ് ടാര്‍ജറ്റ് ഫോര്‍ ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍ ഈസ് സിക്സ്റ്റി ടു തൌസന്‍ഡ് അന്‍ഡ് ഫൈവ് ഹണ്ട്രഡ്. സീ ഹി ഈസ് വെരി ക്ലോസ് ടു ഇറ്റ് '' സദസ്യരെ നോക്കി അദ്ദേഹം പറഞ്ഞു '' എ ലിറ്റില്‍ ബിറ്റ് എഫര്‍ട്ട് ഫ്രം ഹിസ് സൈഡ് എലോണ്‍ ഈസ് റിക്ക്വയേര്‍ഡ് ടു അച്ചീവ് റിവൈസ്ഡ് ടാര്‍ജറ്റ് ''.

ഇപ്പോള്‍ തന്നെ പുതുക്കിയ ലക്ഷ്യമായ അറുപത്തിരണ്ടായിരത്തി അഞ്ഞൂറിന്ന് അരികിലാണെന്നും ചെറിയ ഒരു പരിശ്രമം കൊണ്ട് അത് കൈവരിക്കാന്‍ ആവുമെന്നും ഉള്ള പരാമര്‍ശം സന്തോഷം നല്‍കി. അനൂപിനെ നോക്കി അയാള്‍ ചോദിച്ചു '' ആര്‍ യൂ റെഡി ടു ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച് ''. അനൂപ് തലയാട്ടി.

ഭാഗ്യത്തിന് അടുത്ത മൂന്ന് മാസങ്ങളിലും കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കൈ വരിച്ച നേട്ടതിന്ന് അല്‍പ്പം പ്രശംസയും ഒരു ടൈയും ജനവരി മാസത്തെ മീറ്റിങ്ങില്‍ കിട്ടി, അതോടൊപ്പം അടുത്ത മൂന്ന് മാസത്തെ ടാര്‍ജ്ജറ്റ് എഴുപത്തയ്യായിരം ആക്കിയ കല്‍പ്പനയും. എത്ര പണിപ്പെട്ടിട്ടും എഴുപതിനായിരം രൂപ പോലും എത്തിക്കാന്‍ കഴിഞ്ഞില്ല. ആ വിഷമം കൊണ്ടാവാം, കോണ്‍ഫറന്‍സ് ദിവസം മദ്ധ്യാഹ്ന ഭക്ഷണമായി നല്‍കുന്ന വിശിഷ്ട ഭോജ്യങ്ങളും ഇഷ്ടപ്പെട്ട ഐസ്ക്രീമും മനസ്സില്‍ കടന്നു വന്നില്ല.

മൊബൈല്‍ ശബ്ദിച്ചു. തമിഴ് നാട് ബി. എസ്. എന്‍. എല്‍. വക മെസ്സേജാണ്. റോമിങ്ങിനെ കുറിച്ചുള്ള അറിയിപ്പ്. അനൂപ് വെളിയിലേക്ക് നോക്കി. വണ്ടി വാളയാര്‍ ചുരം കടന്നു കഴിഞ്ഞിരുന്നു.

**********************************************************

മേടച്ചൂടില്‍ ഞെളിപിരി കൊള്ളുന്ന കോട്ടമൈതാനത്തില്‍ ക്രിക്കറ്റ് കളി നടക്കുകയാണ്. തണലത്ത് ബൈക്ക് നിര്‍ത്തി കുറച്ചകലെ കളിയും നോക്കി നില്‍ക്കുന്ന റഷീദിന്‍റെ അരികിലേക്ക് പ്രദീപ് ചെന്നു.

'' എനിക്ക് ഈ കളി തീരെ പറ്റില്ല '' അവന്‍ പറഞ്ഞു '' വൈകുന്നേരം വരെ ഇങ്ങിനെ മുട്ടി മുട്ടി നില്‍ക്കുന്നത് നോക്കിയിരിക്കാന്‍ എന്നെക്കൊണ്ടാവില്ല ''.

'' നിനക്ക് ട്വന്‍റി ട്വന്‍റി ക്രിക്കറ്റേ പറ്റു. കൊച്ചിയില്‍ ഐ.പി.എല്‍. വരുമ്പോള്‍ പോയി കണ്ടോ ''റഷീദ് ഉപദേശിച്ചു.

'' അല്ലെങ്കിലും ഒരു പ്രാവശ്യം പോയി കാണണം എന്ന് ഉറപ്പിച്ചിട്ടുണ്ട്. നമ്മുടെ മുതലാളിക്കുട്ടിയോട് കാറ് എടുക്കാന്‍ പറയണം. പെട്രോളിന്‍റെ കാശ് എല്ലാവരും കൂടി. എന്നിട്ട് അന്തസ്സായി ചെന്ന് കളി കാണണം ''.

'' ഒരു കാര്യം ഞാന്‍ പറയാം. നിന്‍റെ മുതലാളിക്കുട്ടി എന്ന വിളി സുമേഷിന്ന് തീരെ പിടിക്കുന്നില്ല. ഇന്നാള് അവന്‍ അത് എന്നോട് പറഞ്ഞിരുന്നു ''.

'' അതൊരു സോപ്പല്ലേടാ. ഇടയ്ക്ക് പൊറോട്ടയും ചായയും വാങ്ങി തരുന്നതല്ലേ അവന്‍ '' പ്രദീപ് കാരണം കണ്ടെത്തി '' നമ്മള്‍ ദരിദ്രവാസികളുടെ ഇടയില്‍ അങ്ങിനെ ഒരാള്‍ ഉള്ളത് ഭാഗ്യം. ഇല്ലെങ്കില്‍ നമ്മളൊക്കെ തെണ്ടി തിരിഞ്ഞ് കുത്തുപാള എടുക്കുന്നുണ്ടാവും ''.

'' അല്ലെങ്കില്‍ ഇപ്പൊ എന്താ ചെയ്യുന്നത് '' റഷീദ് ചോദിച്ചു '' രാവിലെ പണിക്കാണെന്നും പറഞ്ഞ് ഇറങ്ങും. ഇവിടെ വന്ന് ചുറ്റി തിരിയും. മക്കള് പണിയെടുത്ത് കഷ്ടപ്പെടുന്നു എന്ന് വീട്ടില്‍ ഉള്ളവര് കരുതും. സത്യം അറിയാത്തത് പടച്ചോന്‍റെ കൃപ ''.

'' അത് നമ്മുടെ തെറ്റാണോടാ ''പ്രദീപ് ചോദിച്ചു '' നല്ല പണി എന്തെങ്കിലും കിട്ടിയാല്‍ നമ്മളത് ശരിക്ക് ചെയ്യില്ലേ ''.

'' ഉവ്വ്. എടുത്ത് വെച്ചിട്ടുണ്ട് നല്ല ജോലി '' റഷീദ് ചൊടിച്ചു '' കൂടെ പഠിച്ച മിടുക്കന്മാരൊക്കെ എന്‍ട്രന്‍സ് എഴുതി മെഡിസിനും എന്‍ജിനീയറിങ്ങിനും ചേര്‍ന്നു. പഠിപ്പും കഴിഞ്ഞ് അവരൊക്കെ ജോലിക്കാരായി. പിന്നെ കുറെ മിടുക്കന്മാര് ബാങ്ക് ടെസ്റ്റും ആര്‍. ആര്‍ ബിയും പി.എസ്. സി യും ഒക്കെ മിനക്കെട്ടെഴുതി നല്ല ഓരോരോ ജോലികളില്‍ കയറി. തേര്‍ഡ് ക്ലാസ്സ് ഡിഗ്രിയും വെച്ച് നമ്മള് കുറച്ചെണ്ണം ചില്ലറ പണികളുമായി തെക്കും വടക്കും നടക്കുന്നു ''.

'' പഠിക്കുന്ന കാലത്ത് ഒഴപ്പി നടന്നിട്ടല്ലേ. ഇനി കുറ്റം പറഞ്ഞിട്ട് എന്താ കാര്യം ''.

ബൌണ്ടറി കടന്ന് അരികിലെത്തിയ പന്ത് റഷീദ് എടുത്ത് എറിഞ്ഞു കൊടുത്തു.

'' ഇന്നെന്താ ആരേയും കാണാത്തത് ''പ്രദീപ് ചോദിച്ചു.

'' അനൂപ് ബാംഗ്ലൂരില്‍ മീറ്റിങ്ങിന്ന് പോയി. സുമേഷിനേയം ​ശെല്‍വനേയും കാണാനില്ല. വിവേക് വന്നിട്ടുണ്ട്. അവന് ഒരു കോള് കിട്ടി എന്ന് തോന്നുന്നു. പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ ഒരാളോട് സംസാരിച്ച് നില്‍ക്കുന്നുണ്ട് ''.

പാരലല്‍ കോളേജില്‍ ഒന്നിച്ച് പഠിച്ച കൂട്ടുരാണ് . സുമേഷ് ഒഴികെ മറ്റെല്ലാവരും മാര്‍ക്കെറ്റിങ്ങ് സംബന്ധിച്ച വിവിധ ജോലികളുമായി കഴിയുകയാണ്. ധാരാളം കൃഷിയും റബ്ബര്‍ തോട്ടങ്ങളും മില്ലുമൊക്കെ സ്വന്തമായി ഉള്ള ആളാണ് അവന്‍. കാറുകളില്‍ എല്‍. പി. ജി. കിറ്റ് ഫിറ്റ് ചെയ്തു കൊടുക്കുന്ന കമ്പിനിയുടെ കമ്മിഷന്‍ ഏജന്‍റാണ് വിവേക്.

'' നമ്മളേക്കാള്‍ മോശമാണ് അവന്‍റെ കാര്യം '' പ്രദീപ് പറഞ്ഞു '' ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞു. ഒരു കുട്ടിയും ആയി. അതിന് ഒരു പാക്കറ്റ് പാല് വാങ്ങിക്കൊടുക്കാനുള്ള കാശിനും കൂടി അവന് വീട്ടുകാരെ ആശ്രയിക്കണം. എപ്പോഴെങ്കിലും ഒരു ഗ്യാസ് കണക്ഷന്‍ ഒപ്പിച്ചു കൊടുക്കുന്നതിന്ന് എന്ത് കിട്ടും ''.

'' കല്യാണം കഴിക്കാതെ നടന്നാല്‍ ആ വിഷമം ഒഴിവാക്കാം '' റഷീദ് പറഞ്ഞു ''എന്നോട് നിനക്കൊരു പെണ്ണ് നോക്കട്ടെ എന്ന് വീട്ടുകാര് ചോദിച്ചതാ. അങ്ങിനെ വല്ലതും ചെയ്താല്‍ തൂങ്ങിച്ചാവും എന്ന് ഞാന്‍ പറഞ്ഞു. എന്തിനാടാ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് സങ്കടപ്പെടുത്തുന്നത് ''.

പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ നിന്ന് വെളിയില്‍ വന്ന വിവേക് രണ്ട് വശത്തേക്കും നോക്കി നിന്നു. വാഹനങ്ങള്‍ ഒഴിഞ്ഞതും വേഗത്തില്‍ റോഡ് കടന്ന് കൂട്ടുകാരുടെ അടുത്തെത്തി.

'' ഇര ചൂണ്ടേല് കൊത്ത്യോടാ '' പ്രദീപ് ചോദിച്ചു.

'' നല്ല കാര്യമായി. എന്നാല്‍ ഇപ്പോള്‍ ഇടിവെട്ടി മഴപെയ്തിട്ടുണ്ടാവും ''.

'' പിന്നെ ഇത്ര നേരം നിങ്ങള് വര്‍ത്തമാനം പറഞ്ഞതോ ''.

'' സമയം പോവാന്‍ അയാളെന്നെ പിടിച്ചു നിര്‍ത്തിയതാ . കക്ഷി ലൈന്‍ വരുന്നതും കാത്ത് നിന്നതാ. പെണ്ണ് എത്തിയതും ടാറ്റാ പറഞ്ഞ് രണ്ടും കൂടി കോട്ടയുടെ അകത്തേക്ക് പോയി ''.

'' നേരം പോയത് മാത്രം നിനക്ക് ലാഭം അല്ലേ ''

'' ഏയ്. അങ്ങിനെ പറയാന്‍ പറ്റില്ല. ഓട്ടോമോബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പഠിച്ച ആളേക്കാള്‍ എനിക്ക് ഇപ്പോള്‍ അറിവ് ആയി കഴിഞ്ഞു. ഗ്യാസ് ഫിറ്റ് ചെയ്താല്‍ വണ്ടിക്ക് വരാവുന്ന ദോഷങ്ങള്‍ അയാള്‍ ഇത്ര നേരം എന്നെ പഠിപ്പിക്കുകയായിരുന്നു ''.

'' നീ എന്താ ചെയ്യാന്‍ പോണത് '' പ്രദീപ് റഷീദിനോട് ചോദിച്ചു.

'' ബൈക്കിന്‍റെ സ്പോക്കറ്റ് കേടായത് നന്നാക്കാന്‍ കൊടുത്തിട്ടുണ്ട്. അത് വാങ്ങണം. നാളെ എന്‍റെ കൂടെ മാനേജര്‍ പണിക്ക് വരുന്നുണ്ട് ''.

'' നീയോ '' വിവേകിനോടായിരുന്നു ആ ചോദ്യം.

'' ഞാന്‍ റഷീദിന്‍റെ കൂടെ പോണൂ. ബസ്സ് ചര്‍ജ്ജെങ്കിലും ലാഭം കിട്ട്വോലോ ''.

'' എന്നാല്‍ ഞാന്‍ വീട്ടില്‍ ചെന്ന് കുറച്ച് നേരം ഉറങ്ങട്ടെ '' പ്രദീപ് തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.

'' ആ ടിച്ചറുടെ ഒരു കഷ്ടകാലം നോക്ക് '' വിവേക് പറഞ്ഞു '' ഇവന്‍ സമ്പാദിച്ചു കൊണ്ടു പോയി അവരെ നോക്കേണ്ടതാണ്. അതിന്ന് പകരം അവരുടെ പെന്‍ഷന്‍ കാശോണ്ട് മകനെ പുലര്‍ത്തേണ്ടി വരുന്നു. നീ തന്നെ ശരിക്കുള്ള ഭാഗ്യവാന്‍. പോയി കിടന്നുറങ്ങിക്കോ ''.

പ്രദീപ് ഒന്ന് ചിരിച്ചു. പിന്നെ മെല്ലെ ബൈക്കിനടുത്തേക്ക് നടന്നു, മറ്റുള്ളവര്‍ ഐ.എം. എ. ജങ്ക്‌ഷന്‍റെ ഭാഗത്തേക്കും .


Thursday, May 12, 2011

നോവല്‍ - അദ്ധ്യായം 2.

കുളത്തിന്‍ പള്ളയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇന്ദിര മഠത്തില്‍ക്കാരുടെ പറമ്പിലേക്ക് നോക്കി. എത്ര മാവുകളാണ് കായ്ച്ചു നില്‍ക്കുന്നത്. ചിലപ്പോള്‍ മാവിന്‍ചുവട്ടില്‍ ധാരാളം മാങ്ങ വീണു കിടപ്പുണ്ടാവും. വെള്ളരിഗോമാങ്ങ രാമേട്ടന് വലിയ ഇഷ്ടമാണ്. അഞ്ചാറെണ്ണം കിട്ടിയാല്‍ കൊണ്ടു പോകാമായിരുന്നു.

പറമ്പില്‍ മുമ്പൊരു നാലുകെട്ട് ഉണ്ടായിരുന്നു. കുറെ കാലം മുമ്പ് ഉടമസ്ഥര്‍ അത് ഉപേക്ഷിച്ച് ടൌണിലേക്ക് താമസം മാറ്റി. പിന്നീടെപ്പോഴോ അവരത് പൊളിച്ചു വിറ്റു. അതിന്ന് ശേഷം വല്ലപ്പോഴും വന്ന് നോക്കി പോവും . തൊടിയില്‍ ഉണ്ടാകുന്നത് മുഴുവന്‍ കണ്ണില്‍ കണ്ടവര്‍ കൊണ്ടു പോവും. അകത്ത് കടന്ന് മാങ്ങ എടുക്കുന്നത് വല്ലവരും കണ്ടാല്‍ കുറച്ചിലല്ലേ എന്നൊരു സന്ദേഹം തോന്നി. ഇതുവരെ ചെയ്യാത്ത പണിയാണ്. ഇല്യായ്മ കൊണ്ട് ചെയ്തു പോവുന്നതാണ്. ഇന്ദിരചുറ്റും നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. പൊളിഞ്ഞു കിടക്കുന്ന വേലി നീക്കിയിട്ട് അവര്‍ അകത്ത് കടന്നു.

തൊടി മുഴുവന്‍ പരതിയിട്ടും ഒരു മാങ്ങ പോലും കിട്ടിയില്ല. മിനക്കെട്ടത് വെറുതെയായി. ആരോ പെറുക്കി പോയിട്ട് അധിക നേരം ആവില്ല. കര്‍ക്കിടക പ്ലാവ് കായ്ച്ചു നില്‍പ്പുണ്ട്. എല്ലാം ഇടിച്ചക്കകളാണ്. മഴക്കാലത്ത് വെള്ളം ഇറങ്ങി ചക്ക പഴുക്കുമ്പോള്‍ തിന്നാന്‍ കൊള്ളാതാവും. ഒരു ഇടിച്ചക്ക കിട്ടിയാല്‍ അതോണ്ട് പൊടി ത്തൂവല് ഉണ്ടാക്കാം. ഇന്ദിര കയ്യെത്തും ദൂരത്തുള്ള ഒരു ഇടിച്ചക്ക പൊട്ടിച്ചു. മുളഞ്ഞ് ഒഴുകുന്നത് നിര്‍ത്താന്‍ പാണയുടെ ഇല പൊട്ടിച്ച് ഞെട്ടിയില്‍ ഒട്ടിച്ചു.

പറമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പള്ളിയാലിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ നിന്ന് ഒരു മടക്കട താഴെ വീണു കിടക്കുന്നത് കണ്ടു. അത് വലിച്ചും കൊണ്ട് ഇന്ദിര നടന്നു. ഒഴിവോടെ ഈര്‍ക്കില ചീന്തി ചൂലുണ്ടാക്കണം. പട്ടയും മടക്കടയും കത്തിക്കാനെടുക്കാം. അമ്പല കുളത്തിന്നരികിലുള്ള തെങ്ങുകളില്‍ നിന്ന് വീഴുന്ന മടക്കട എടുക്കാറുണ്ട്. ആലിന്‍റെ ചുള്ളലും മടക്കട ഉണക്കിയതും ചാണകം വരട്ടി തല്ലിയതും ഒക്കെ കത്തിക്കും. വേനല്‍ക്കാലത്ത് എങ്ങിനേയും കഴിച്ചു കൂട്ടാം. മഴപെയ്താലാണ് ബുദ്ധിമുട്ട്. അനൂപിന്ന് ജോലി കിട്ടിയ ശേഷം അവന്‍ ഗ്യാസ് വാങ്ങി തന്നു. അതിന്‍റെ വില ആലോചിക്കുമ്പോള്‍ കത്തിക്കാന്‍ തോന്നില്ല.

വീടിന്‍റെ പിന്‍ഭാഗത്ത് പട്ട കൊണ്ടു പോയി ഇട്ടിട്ട് ഇന്ദിര കിണറ്റിനടുത്തേക്ക് നടന്നു. ആള്‍മറ കെട്ടാത്ത കിണറില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരി കൈകാലുകളും മുഖവും കഴുകി. ദേഹമാസകലം വിയര്‍ത്ത് കുളിച്ചിരിക്കുന്നു. നേരം പുലരുമ്പോഴേ സൂര്യന് പൊള്ളുന്നചൂടാണ്. വീടിനകത്താണെങ്കില്‍ പറയുകയും വേണ്ടാ.

മണ്ണുകൊണ്ട് കെട്ടിയ ഓടിട്ട ഒരു ചെറിയ പുര. അത്രയേ മോഹം ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് വാര്‍പ്പ് കെട്ടിടം വേണം എന്ന തോന്നല്‍ രാമേട്ടന്ന് വന്നത്. കെട്ടിപ്പൊക്കി കഴിയുമ്പോഴേക്കും കയ്യിരിപ്പ് കഴിയാറായി. മഴക്കാലം വരുമ്പോഴേക്കും പുറത്തെ പണികള്‍ തീര്‍ക്കണം എന്ന പലരുടേയും ഉപദേശം കേട്ടത് നന്നായി. അതുകൊണ്ട് അത്രയെങ്കിലും പണികള്‍ തീര്‍ന്നു. അകത്തെ ചെത്തിത്തേപ്പും നിലം പണിയും ആരംഭിക്കും മുമ്പ് രാമേട്ടന്‍ കിടപ്പിലായി. അതോടെ എല്ലാം നിന്നു.

ഇന്ദിര ചെന്നു നോക്കുമ്പോള്‍ രാമകൃഷ്ണന്‍ മയക്കത്തിലാണ്. വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. എങ്ങിനെ ഉണ്ടായിരുന്ന ആളാണ്. ആലോചിച്ചപ്പോള്‍ സങ്കടം തോന്നി. നനഞ്ഞ തോര്‍ത്തു കൊണ്ട് ദേഹത്തെ വിയര്‍പ്പ് തുടച്ചു മാറ്റാന്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ ഉണര്‍ന്നു.

'' അനു ഇറങ്ങിയോ '' അയാള്‍ ചോദിച്ചു.

'' എത്ര നേരായി അവന്‍ പോയിട്ട്. രാമേട്ടന്‍റെ കാല് പിടിച്ചിട്ടല്ലേ ഇറങ്ങിയത് ''.

'' ഞാന്‍ അത് മറന്നു ''.

'' എന്തെങ്കിലും വേണോ ''.

'' ഒന്നും വേണ്ടാ. ഇത്തിരി നേരം എന്‍റെ അടുത്ത് ഇരുന്നാല്‍ മതി. എന്നാതന്നെ ഒരു ആശ്വാസം കിട്ടും ''.

ഇന്ദിരയുടെ മനസ്സില്‍ ഒരു തേങ്ങല്‍ ഉയര്‍ന്നു. ഈ സ്നേഹത്തിലും വെച്ച് വലുത് എന്താണുള്ളത്. കഷ്ടപ്പാട് സഹിക്കാന്‍ വയ്യാതാവുമ്പോള്‍ ഇടയ്ക്ക് രാമേട്ടനോട് ദേഷ്യപ്പെടാറുണ്ട്. എന്നാലും തിരിച്ച് ഒരക്ഷരം പോലും ഇന്നുവരെ പറഞ്ഞിട്ടില്ല.

'' പണി ബാക്കി കിടക്കുന്നാണ്ടാവും അല്ലേ. എന്നാല്‍ പൊയ്ക്കോളൂ '' രാമകൃഷ്ണന്‍ പറഞ്ഞു.

ആ പറഞ്ഞത് ശരിയാണ്. ഒരുപാട് പണികള്‍ ബാക്കിയുണ്ട്. തൊഴുത്തില്‍ നിന്ന് ചാണകം വാരി വരട്ടി ഉണ്ടാക്കണം. പശുവിനെ മേക്കാന്‍ കൊണ്ടുപോണം. പശുക്കുട്ടിയെ കുളിപ്പിക്കണം . പണികള്‍ അവിടെ കിടക്കട്ടെ. രാമേട്ടന്‍റെ മോഹമാണ് വലുത്. ഇന്ദിര കട്ടിലില്‍ ഇരുന്നു. തളര്‍ന്നു പോയ ശരീരത്തില്‍ അവര്‍ മെല്ലെ തടവി.

'' ഈയിടെയായി രാമേട്ടനെ ഞാന്‍ വല്ലാണ്ടെ കുറ്റം പറയുണുണ്ട് അല്ലേ '' അവര്‍ ചോദിച്ചു.

'' സാരൂല്യാ. ഇന്ദിരടെ മനസ്സ് എനിക്കറിയില്ലേ ''.

പെട്ടെന്ന് അവള്‍ ഒരു പതിനേഴ് വയസ്സുകാരിയായി. അമ്പലത്തിലെ ഉത്സവത്തിന്‍റെ തായമ്പകയാണ്. മുമ്പില്‍ നിന്ന ചെറുപ്പക്കാരന്‍റെ കയ്യിലിരുന്ന കോല് ചെണ്ടപ്പുറത്ത് നൃത്തം ചെയ്യുന്നത് കണ്ട് അവള്‍ അത്ഭുതപ്പെടുകയാണ്.

'' ഗോവിന്ദന്‍കുട്ടി പൊതുവാളിന്‍റെ ശിഷ്യന്മാരില്‍ ഒന്നാമനാണ് '' ആരോ പറയുന്നത് കേട്ടു.

അച്ഛന്‍റെ അരുമ ശിഷ്യന്‍. ആ നിമിഷം മനസ്സില്‍ ഒരു മോഹം മുളപൊട്ടി. ആ കഴുത്തില്‍ സ്വര്‍ണ്ണമാലയും വിരലുകളില്‍ മോതിരങ്ങളും മനസ്സുകൊണ്ട് അവള്‍ അണിയിച്ചു.

ഒന്നും ഇല്ലാതെ ദാരിദ്ര്യം പിടിച്ചു കിടക്കുന്ന വീട്ടിലേക്ക് മകളെ പറഞ്ഞയക്കില്ല എന്ന നിലപാട് മകളുടെ വാശിക്ക് മുമ്പില്‍ പൊതുവാളിന് ഉപേക്ഷിക്കേണ്ടി വന്നു. അതോടെ അവളോടുള്ള വാത്സല്യം കുറഞ്ഞു. പിന്നീട് ആരേയും അയാള്‍ പഠിപ്പിച്ചതുമില്ല. ഇന്ദിരയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി രാമകൃഷ്ണന്‍റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

'' വെറുതെ കരയണ്ടാ '' അയാള്‍ അവളെ ആശ്വസിപ്പിച്ചു '' എന്നെങ്കിലും നമ്മുടെ കഷ്ടപ്പാടൊക്കെ മാറും. ഈശ്വരന്‍ കണ്ണ് മിഴിക്കാതിരിക്കില്ല ''.

'' ഈശ്വരന്‍ '' ഇന്ദിരയുടെ സ്വരം മാറി '' അത് മാത്രം പറയണ്ടാ. ആ ദുഷ്ടന്‍ നന്നെങ്കില്‍ നമുക്ക് ഈ കണ്ട ദുരിതം ഒന്നും വരില്ല ''.

'' വന്ദിച്ചില്ലെങ്കിലും വിരോധൂല്യാ. നിന്ദിക്കരുത്. വെറുതെ ദൈവകോപം വരുത്തണോ ''.

'' അല്ലെങ്കില്‍ മൂപ്പര് ഇപ്പൊ നമുക്ക് അനുഗ്രഹം വരിക്കോരി തന്നോണ്ടിരിക്ക്യല്ലേ . എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞതാ അമ്പലത്തിലെ പണി ഏറ്റെടുക്കണ്ടാന്ന്. അന്നത് കേക്കാണ്ടെ അച്ഛന്‍ പറഞ്ഞതും കേട്ടു നടന്നു. ഈശ്വരനെ സേവിക്കുന്നതില്‍ കവിഞ്ഞ് പുണ്യം ഇല്ലാത്രേ. ഇപ്പൊ ഇരിക്കിണ വീട് നിറയെ പുണ്യം മാത്രം . അത് മതിയല്ലോ വയറ് നിറയാന്‍. ഇന്നത്തെ കാലത്ത് കൊട്ടുകാര് പലരും സ്വന്തം കാറിലാ പരിപാടിക്ക് പോണത്. നമുക്ക് മാത്രം കഞ്ഞിക്ക് വക ഇല്ല. ആലോചിച്ച് നോക്കൂ , ദൈവം എന്താ തന്നതേന്ന് ''.

ഇന്ദിര പറയുന്നത് ശരിയാണെന്ന് രാമകൃഷ്ണന്‍ ഓര്‍ത്തു. മേളക്കാര്‍ക്കിടയില്‍ പ്രമുഖനായിരുന്ന കാലം. എന്നും പരിപാടി. കൈ നിറയെ പണം. കുട്ടികള്‍ രണ്ടുപേരും തീരെ ചെറുതാണ്. ഭാവി ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. ആ സമയത്താണ് അച്ഛന്‍ വരുന്നത്.

അച്ഛന്ന് വയസ്സായി. അമ്പലത്തിലെ പണി ഏറ്റെടുക്കണം. അതാണ് ആവശ്യം. വിവരം അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ അച്ഛന്‍ വിളിപ്പിച്ചു. കല്യാണത്തിന്ന് ശേഷം ആദ്യമായിട്ടാണ് കാണണമെന്ന് പറയുന്നത്.

'' അപ്പുകുട്ടി പൊതുവാള് അമ്പലത്തിലെ പണി രാമനെ ഏല്‍പ്പിക്കാന്‍ പോണൂന്ന് കേട്ടു. അയാള് ഈക്കണ്ട കാലത്തിന്നിടയില്‍ രണ്ട് കോലുംകൊണ്ട് ചെണ്ടയില്‍ കൊട്ടിയിട്ടില്ല. ഈ തൊഴില് എന്താന്ന് അറിയില്ല '' അദ്ദേഹം പറഞ്ഞു '' നീ അങ്ങിനെയല്ല. ഇപ്പൊ നല്ല പേരുണ്ട്. പറ്റുന്ന കാലത്തേ വല്ലതും ഉണ്ടാക്കാനാവൂ. കുടുംബൂം കുട്ട്യേളും ഉള്ളതാണ്. അത് മറക്കണ്ടാ ''.

നിത്യ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നത് ഗുരുനാഥന്‍റെ ഉപദേശം കേള്‍ക്കാത്തതിന്നുള്ള ശിക്ഷയാവണം. ഉള്ളിലുള്ള ആ തോന്നല്‍ വാക്കുകളായി പുറത്ത് വന്നു.

'' അറിഞ്ഞും കൊണ്ട് ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവം ചെയ്തിട്ടില്ല. എന്‍റെ അച്ഛനും ഇന്ദിരടെ അച്ഛനും രണ്ട് വിധത്തില്‍ പറഞ്ഞപ്പോള്‍ എന്താ വേണ്ടത് എന്നായി. മാതാ, പിതാ, ഗുരു, ദൈവം എന്നല്ലേ പറയാറ്. അങ്ങിനെ നോക്കുമ്പോള്‍ അച്ഛന്‍ ഗുരുവിനെക്കാള്‍ മീതെയാണ്. അതു കൊണ്ടാണ് അദ്ദേഹം പറഞ്ഞത് എടുക്കാതെ അച്ഛന്‍റെ വാക്ക് കേള്‍ക്കാന്‍ കാരണം. എന്നിട്ടിപ്പൊ ''വാക്കുകള്‍ പകുതിയില്‍ നിന്നു.

'' ഇനി അതൊന്നും ആലോചിച്ച് വിഷമിക്കണ്ടാ. വരുമ്പോലെ വരട്ടെ ''.

'' കിടന്ന് മടുത്തു. കുറച്ച് നേരം പുറത്ത് വന്നിരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും ഒക്കെ കണ്ട് സമയം കളയായിരുന്നു. അകവും പുറവും ഒരുപോലെ ചുട്ട് കിടക്കാനാണ് യോഗം ''.

'' രാമേട്ടന്‍ വിഷമിക്കണ്ടാ. ഞാന്‍ അതിനൊരു വഴി കണ്ടിട്ടുണ്ട്. പോസ്റ്റാപ്പീസില് ഒരു ആര്‍.ഡി ചേര്‍ന്നത് തീര്‍ന്നു. വരുന്ന മാസം പണം കിട്ടും ''.

'' എന്നിട്ട് '' രാമകൃഷ്ണന്‍ ആകാംക്ഷയോടെ ചോദിച്ചു.

'' പെണ്ണിന് ഒരു ജോഡി കമ്മല്‍ വാങ്ങണം എന്ന് വിചാരിച്ചതാ. അത് പിന്നീടാവാം. ആദ്യം രാമേട്ടന് ഒരു ഫാനും ചെറിയൊരു ടി. വി.യും വാങ്ങണം. കാറ്റുംകൊണ്ട് അതും നോക്കി കിടക്കാലോ ''.

'' അതൊന്നും വേണ്ടാ. കഷ്ടപ്പെട്ടിട്ടാണ് ഇന്ദിര ഓരോന്ന് ഉണ്ടാക്കുന്നത്. വക മാറി ചിലവാക്കരുത് ''.

'' യോഗം ഉണ്ടെങ്കില്‍ ഇനിയും നമുക്ക് ഉണ്ടാക്കാന്‍ പറ്റും. ഫാന്‍ വാങ്ങി ഇടുന്നതിന്ന് മുമ്പ് ഈ മുറിയുടെ നിലം നന്നാക്കണം. ഇല്ലെങ്കില്‍ പൊടി പറക്കും. കൂലി കൊടുത്ത് ചെയ്യിക്കാനൊന്നും ആവില്ല. ഒരു ചാക്ക് സിമിന്‍റും കുറച്ച് മണലും വാങ്ങി ഞാന്‍ അറിയുമ്പോലെ വെടുപ്പാക്കും ''.

രാമകൃഷ്ണന്‍ പിന്നെയൊന്നും പറഞ്ഞില്ല.

*************************************************************

പാതയോരത്തെ കൂറ്റന്‍ പൂമരം താഴെ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. അനൂപും രമയും അവിടെ ബസ്സ് കാത്ത് നിന്നു.

'' ഏട്ടന് സങ്കടൂണ്ടോ അമ്മ ദേഷ്യപ്പെട്ടതിന്ന് '' രമ ചോദിച്ചു.

'' ഇല്ല. കഷ്ടപ്പാടോണ്ടല്ലേ അമ്മ ഓരോന്നൊക്കെ പറയുന്നത് ''.

'' രാവിലെ എണീറ്റാല്‍ കിടക്കുന്ന വരെ അമ്മയ്ക്ക് പണിയാണ്. മുമ്പ് ഉച്ച നേരത്ത് കിടക്കാറുണ്ട്. ഇപ്പൊ ആ സമയത്ത് പൂ വലിക്കാന്‍ വട്ടീംകൊണ്ട് ഇറങ്ങും. വാരസ്യാരെ സഹായിക്കാനാണ് എന്നാണ് അമ്മ അച്ഛനോട് പറഞ്ഞിട്ടുള്ളത്. കാശിനാണ് എന്ന് നമുക്കല്ലേ അറിയൂ ''.

'' എന്തെങ്കിലും നല്ലൊരു ജോലി കിട്ടീട്ട് വേണം അമ്മയെ കഷ്ടപ്പെടാതെ നോക്കാന്‍ ''. എന്തൊക്കെയോ ആലോചനകളില്‍ ഇരുവരും മുഴുകി.

'' ഏട്ടന്‍ പാട്ടുകാരനാവണം എന്നായിരുന്നു എന്‍റെ മോഹം '' രമ പറഞ്ഞു '' കൂട്ടുകാരികളോടൊക്കെ എന്‍റെ ഏട്ടന്‍ വലിയ പാട്ടുകാരനാണ് എന്ന് പറഞ്ഞിട്ടുണ്ട് ''.

'' മോഹിച്ചതോണ്ട് എന്താ മോളേ കാര്യം. ഭാഗ്യം കൂടി വേണ്ടേ ''.

'' ഏട്ടന്‍ സ്റ്റാര്‍ സിങ്ങറില്‍ പാടാന്‍ ചെന്നിട്ട് നമുക്കൊരു ഫ്ലാറ്റ് കിട്ടീന്ന് ഞാന്‍ ഇന്നാള് സ്വപ്നം കണ്ടു ''.

അനൂപ് ചിരിച്ചു.

'' ഏട്ടന്‍ വരുമ്പോള്‍ മോള്‍ക്ക് എന്താ കൊണ്ടു വരണ്ടത് '' അവന്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. വല്ലതും വാങ്ങീട്ടു വന്നാല്‍ അമ്മ ദേഷ്യപ്പെടും ''.

തോട്ടുപാലം കടന്ന് ബസ്സെത്തി. അനൂപ് കൈ നീട്ടി.

Thursday, May 5, 2011

നോവല്‍ - അദ്ധ്യായം - 1

'' ഏക ദന്തായ വിദ്മഹേ
വക്ത്ര തുണ്ഡായ ധീ മഹി
തന്വോ ദന്തി പ്രചോദയാത് ''.


വിഷ്ണു നമ്പൂതിരിയുടെ ശബ്ദം ശ്രീ കോവിലിന്‍റെ പടവുകള്‍ ഇറങ്ങി പുറത്തെത്തി.

''ഭഗവാനെ. നാളത്തെ മീറ്റിങ്ങില്‍ കുഴപ്പമൊന്നും വരാതെ എന്നെ കടാക്ഷിക്കണേ '' അനൂപ് നിറഞ്ഞ മനസ്സോടെ കൈകൂപ്പി. കമ്പനി പുതുക്കി നിശ്ചയിച്ച ടാര്‍ജറ്റ് കൈവരിക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് മനസ്സ് മുഴുവ
ന്‍ .

''ആരുടെ പിറന്നാളാ ഇന്ന് '' പ്രസാദവുമായി വന്ന ശാന്തിക്കാരന്‍ തിരുമേനി ചോദിച്ചു.

''പിറന്നാളൊന്നും ഇല്ല ''.

''ഗണപതി ഹോമം ഉള്ളതോണ്ട് ചോദിച്ചതാ '' ഇലച്ചീന്തിലുള്ള പ്രസാദം അനൂപിന്‍റെ കൈവെള്ളയിലേക്ക് ഇട്ടു കൊണ്ട് അയാള്‍ ചോദിച്ചു '' ആട്ടെ, അച്ഛന്ന് ഇപ്പൊ എങ്ങിനീണ്ട് ''.

''കിടപ്പാണ്. ഒരു ഭാഗം അനങ്ങുന്നില്ല. ഫിസിയോ തെറാപ്പി വേണം എന്ന് ഡോക്ടര്‍ പറഞ്ഞു ''.

''ഗണപതി ഹോമത്തിന്‍റെ പ്രസാദം തിടപ്പള്ളീലാണ്. വന്നോളൂ. എടുത്തു തരാം ''.

തിരുമേനിയുടെ പുറകെ അനൂപ് നടന്നു. ശര്‍ക്കരപ്പാവില്‍ കൊട്ട നാളികേരത്തിന്‍റെ കഷ്ണങ്ങളും, മലരും, കരിമ്പിന്‍ തുണ്ടുകളും, ഗണപതി നാരങ്ങ ചെറുതായി നുറുക്കിയിട്ടതും ചേര്‍ത്ത പ്രസാദം അയാള്‍ക്ക് വളരെ ഇഷ്ടമാണ്.

''പൊതുവാള് കിടപ്പിലായതോടെ അമ്പലത്തിലെ കൊട്ട് മുടങ്ങി '' തിരുമേനി പറഞ്ഞു '' തനിക്കത് ചെയ്യേ വേണ്ടൂ. മുമ്പൊക്കെ പൊതുവാള് വരാത്തപ്പൊ താന്‍ മുട്ടിന് വന്ന് കൊട്ടാറുള്ളതല്ലേ ''.

അനൂപ് ഒന്നും പറഞ്ഞില്ല.

''ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. രണ്ടു നേരം ഓരോ പടച്ചോറും. നാട്ടില്‍ ഇത് കിട്ട്യാ എന്താ മോശം '' തിരുമേനി തുടര്‍ന്നു '' ഇഷ്ടാണെച്ചാല്‍ പറഞ്ഞോളൂ. ഞാന്‍ എക്സിക്യുട്ടീവ് ഓഫീസറുടെ അടുത്ത് പറഞ്ഞ് ശരിയാക്കാം. അച്ഛന്‍റെ പകരം മകന്‍. ഒരു തെറ്റും വരില്ല. എന്താ ഞാന്‍ പറഞ്ഞോട്ടെ ''.

''പറയാന്‍ വരട്ടെ . വീട്ടില് അച്ഛന്‍റെടുത്തും അമ്മടടുത്തും ചോദിക്കണം. '' അനൂപ് ഒഴിഞ്ഞു മാറി. ഈ പറഞ്ഞ വരുമാനം കൊണ്ടൊന്നും ഇന്നത്തെ കാലത്ത് ഒരു കുടുംബം പോറ്റാനാവില്ല.

''അമ്പലത്തില്‍ കൊട്ടാന്‍ നിന്നാല്‍ തനിക്ക് പാന്‍റും കോട്ടും ഒക്കെ ഇട്ട് വിലസി നടക്കാന്‍ പറ്റില്ലല്ലോ ''അയാളുടെ സ്വരത്തില്‍ പരിഭവം നിഴലിച്ചിരുന്നു '' ഒരു കാര്യം താന്‍ മനസ്സിലാക്കിക്കോളൂ. എത്ര വലിയ ഉദ്യോഗം കിട്ട്യാലും ഇതിന്‍റെ സുകൃതം വേറെ എവിടുന്നും കിട്ടില്ല ''.

ഒരു നാക്കിലയില്‍ ഗണപതി ഹോമത്തിന്‍റെ പ്രസാദവുമായി തിരുമേനി ഇറങ്ങി വന്നു.

''തനിക്ക് തിരക്കൊന്നും ഇല്ലല്ലോ '' അയാള്‍ ചോദിച്ചു '' ചില കാര്യങ്ങളൊക്കെ തന്നെ പറഞ്ഞ് മനസ്സിലാക്കി തരണംന്നുണ്ട് ''.

അനൂപ് ഓഫീസ് മുറിയിലെ ക്ലോക്കിലേക്ക് നോക്കി. സമയം എട്ടാവാറായി. വീട്ടില്‍ ചെന്ന് ഷര്‍ട്ടും പാന്‍റും തേക്കണം. മീറ്റിങ്ങിനുള്ള കടലാസ്സുകളും വസ്ത്രങ്ങളും ബാഗില്‍ ഒതുക്കി വെക്കണം. പത്തര മണിയോടെ വിട്ടില്‍ നിന്ന് ഇറങ്ങണം. കൂട്ടുപാത വരെ ഓട്ടോവില്‍ ചെന്നാല്‍ മതി. അവിടെ നിന്ന് ഒലവക്കോട്ടേക്ക് അഞ്ച് മിനുട്ട് കൂടുമ്പോള്‍ ബസ്സുണ്ട്. ട്രെയിന്‍ എത്തുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം.

''എനിക്ക് മിറ്റിങ്ങിന്ന് പോവാനുണ്ട്. ഒരു ദിവസം ഒഴിവോടെ വരാം ''. അനൂപ് നടക്കാന്‍ തുടങ്ങി.

''ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്ക് നല്ലത് പറഞ്ഞു കൊടുക്കാച്ചാല്‍ കേള്‍ക്കാന്‍ നേരൂല്യാ. വെറുതെയല്ല ഒറ്റൊന്നും ഗുണം പിടിക്കാത്തത് ''.

ആ വാക്കുകള്‍ കേട്ടില്ലെന്ന് നടിച്ചു. എന്തിനാ വെറുതെ മുതിര്‍ന്നവരുമായി തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്. വല്ലതും പറഞ്ഞാല്‍ അത് മതി നിഷേധിയാണ് എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടക്കാന്‍ .

അനൂപ് വീട്ടിലെത്തുമ്പോള്‍ ഇന്ദിര ആകെ ചൂടിലാണ്.

''ഇത്ര നേരം നീ എവിടെ പോയി കിടക്ക്വായിരുന്നു '' അവര്‍ ചോദിച്ചു '' ഒരു യാത്ര പോണ്ടതാണെന്നുള്ള കാര്യം ഓര്‍മ്മയുണ്ടോ നിനക്ക്. വഴിക്ക് കാണുന്ന അപ്പയോടും തൃത്താവിനോടും വര്‍ത്തമാനം പറഞ്ഞ് നിന്നിട്ടുണ്ടാവും. മനുഷ്യരായാല്‍ അല്‍പ്പം വക തിരിവ് വേണം. പണ്ടേ അങ്ങിനെ ഒരു സാധനം നിന്നെ കൂട്ടി തൊടീച്ചിട്ടില്ലല്ലോ ''.

''അതല്ലാ അമ്മേ. പ്രസാദം കിട്ടാന്‍ വൈകി '' അനൂപ് പറഞ്ഞു.

''ഒമ്പത് മണിക്കാണ് ബസ്സ്. അതാ ഞാന്‍ പറഞ്ഞത് ''.

''ഞാന്‍ അതിന്ന് പോണില്ലാ '' അനൂപ് പറഞ്ഞു '' പത്തര മണിക്കേ ഞാന്‍ ഇറങ്ങുണുള്ളു ''.

''അപ്പൊ ഏതാ ബസ്സ്. ഒമ്പത് മണിടെ പോയി കഴിഞ്ഞാല്‍ പന്ത്രണ്ടരക്കല്ലേ പിന്നെ ഇവിടുന്ന് ബസ്സുള്ളു ''.

''ഞാന്‍ കൂട്ടുപാതയില്‍ ചെന്ന് അവിടുന്ന് ബസ്സിന്ന് പോകും ''.

''അതു വരെ എങ്ങിന്യാ പോണത് ''.

''ഓട്ടോറിക്ഷയ്ക്ക് ''.

''എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ. നിന്‍റെ മുത്തശ്ശന്‍ അപ്പുക്കുട്ടി പൊതുവാള് ഓട്ടോറിക്ഷ വാങ്ങി നിര്‍ത്തീട്ടുണ്ടോ കേറി സവാരി പോവാന്‍. ഓട്ടോറിക്ഷയ്ക്ക് പത്തിരുപത് ഉറുപ്പിക വാടക കൊടുക്കണം കൂട്ടുപാതേല് എത്താന്‍. ആ കാശോണ്ട് കടലപിണ്ണാക്ക് വാങ്ങ്യാല്‍ രണ്ട് ദിവസം പശൂന് കൊടുക്കാം ''.

''ഒമ്പതിന്‍റെ ബസ്സിന്ന് പോയാല്‍ ഒരുപാട് നേര്‍ത്തെ എത്തും. അതാ '' അനൂപ് പറഞ്ഞു നോക്കി.

''ഇവിടെ ഇരുന്നിട്ട് മല മറിക്കാനൊന്നും ഇല്ലല്ലോ. അതോ ഇത്തിരി നേരത്തെ ചെന്നൂന്ന് വെച്ചിട്ട് നിന്നെ തീവണ്ടീല്‍ കേറ്റില്ലാന്നുണ്ടോ ''.

''ഇന്ദിരേ '' അകത്തു നിന്ന് ദുര്‍ബ്ബലമായ ശബ്ദം പൊങ്ങി '' ആ കുട്ടി ഒരു വഴിക്ക് പോണതല്ലേ. വെറുതെ അതിനെ ചീത്ത പറയണ്ടാ ''.

''ദേഹം മാത്രേ തളര്‍ന്നിട്ടുള്ളു '' ഇന്ദിര പ്രതികരിച്ചു '' നാവിന് കേടൊന്നൂല്യാ. അതിങ്ങനെ ഇടക്കിടക്ക് ഇളകിക്കോളും കൊട്ടക്കണക്കിന്ന് ഉപദേശം തരാന്‍ ''.

''ഞാന്‍ വേഗം ഷര്‍ട്ടും പാന്‍റും തേക്കട്ടെ '' അനൂപ് വിഷയം മാറ്റി '' അപ്പഴയ്ക്കും അമ്മ ആഹാരം ഉണ്ടാക്കൂ ''.

''വേണ്ടതൊതൊന്നും ചെയ്തിട്ടുണ്ടാവില്ലാന്ന് എനിക്കറിയില്ലേ . ഒക്കെ ഞാന്‍ ഒരുക്കി വെച്ചിട്ടുണ്ട്. വേഗം ആഹാരം കഴിച്ച് പോവാന്‍ നോക്ക് ''.

അടുക്കളയിലെ മാവിന്‍റെ പലക തല്ലിത്തറച്ചുണ്ടാക്കിയ മേശപ്പുറത്ത് പ്ലേറ്റില്‍ ഇഡ്ഡലി വിളമ്പി വെച്ചിട്ടുണ്ട്. ചായയ്ക്ക് പകരം ഒരു ഗ്ലാസ്സ് പാലും. അനൂപ് സ്റ്റൂളില്‍ ഇരുന്നു.

''ഇന്നെന്താ പാല് '' അവന്‍ ചോദിച്ചു '' അച്ഛന് കൊടുക്കണ്ടേ ''.

''വാരിയത്ത് കൊടുക്കുന്നത് ഇന്ന് ഇത്തിരി കുറച്ചു. പകലന്ത്യോളം നീ വണ്ടീല് ഇരിക്കണ്ടതല്ലേ ''.

അമ്മ ഇങ്ങിനെയാണ് . വേഗത്തില്‍ ദേഷ്യം വരും, അതുപോലെ തന്നെ തണുക്കും ചെയ്യും. അനുജത്തി രമ ഒരുങ്ങി വന്നു. ട്യൂഷന്‍ ക്ലാസ്സിലേക്ക് അവള്‍ ബസ്സിനാണ് പോവാറ്.

''അമ്മേ '' രമ വിളിച്ചു '' ഏട്ടന്‍ സ്കൂട്ടര്‍ എടുത്തോട്ടെ. ഞാന്‍ ഏട്ടന്‍റെ പിന്നാലെ ഇരുന്ന് ട്യൂഷന് പോവാം. കൂട്ടുപാതയിലെത്തിയാല്‍ ഏട്ടന്‍ എന്‍റടുത്ത് വണ്ടി തന്നോട്ടെ. ഇങ്ങിട്ട് ഞാന്‍ ഓടിച്ച് വരാം ''.

ഇന്ദിരയ്ക്ക് കലിയാണ് വന്നത്. ജോലിക്ക് വണ്ടി കൂടിയേ കഴിയൂ എന്ന് മകന്‍ പറഞ്ഞപ്പോള്‍ കയ്യില്‍ കിടന്ന മോതിരം അഴിച്ചു വിറ്റ് പഴയതൊന്ന് വാങ്ങി കൊടുത്തതാണ്. പണിക്ക് പോവുമ്പോള്‍ വാഹനം കൂടാതെ കഴിയില്ല. അല്ലാത്തപ്പോള്‍ വാഹനം എടുക്കേണ്ട കാര്യമില്ല. പെട്രോള്‍ ഒഴിക്കാതെ അത് ഓടില്ലല്ലോ.

''മിണ്ടാണ്ടിരുന്നോ. എന്നിട്ട് വേണം അതില്‍ നിന്ന് വീണ് കയ്യും കാലും ഒടിക്കാന്‍ ''. അതോടെ രമ അടങ്ങി.

''വേണ്ടെങ്കില്‍ വേണ്ടാ '' പെണ്‍കുട്ടി പറഞ്ഞു '' ഏട്ടന്‍ പൊരിയണ്ടാ. ബസ്സിന് ഇനീം നേരംണ്ട് ''

ഭക്ഷണം കഴിഞ്ഞ ശേഷം അനൂപ് ബാഗ് പരിശോധിച്ചു. മീറ്റിങ്ങിനു വേണ്ട പേപ്പറുകളും വസ്ത്രങ്ങളും അമ്മ ഒതുക്കി വെച്ചിട്ടുണ്ട്. അലക്കി തേച്ച ടൈ ഏറ്റവും മുകളിലായി വെച്ചിരിക്കുന്നു. മിറ്റിങ്ങിന്ന് ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവാണ് അത്.

ഇന്ദിര അകത്തു നിന്നും ഒരു ക്യാരിബാഗ് കൊണ്ടു വന്നു.

''ഉച്ചയ്ക്കും രാത്രീലിക്കും ഉള്ള ആഹാരം ഇതിലുണ്ട്. ഇഞ്ചിയും പച്ചമുളകും അരിഞ്ഞിട്ട് തൈരും ചേര്‍ത്ത് കുഴച്ച ചോറും നാരങ്ങ ഉപ്പിലിട്ടതും ആണ്. കേട് വരില്ല '' ഒന്ന് നിര്‍ത്തി അവര്‍ പറഞ്ഞു '' വണ്ടീലെ ആഹാരം ചിലപ്പൊ വയറ്റിന് പിടിക്കില്ല. തൊള്ളേല്‍ തോന്ന്യേ കാശും വാങ്ങും ''.

''എന്നാല്‍ പിന്നെ നാളെയ്ക്ക് ഉള്ളതും കൂടി പൊതിഞ്ഞു കെട്ടി കൊടുക്കായിരുന്നില്ലേ '' രമ ചോദിച്ചു.

''പെണ്ണേ ചിലക്കാണ്ടിരുന്നോ. മക്കാറാക്കാന്‍ വന്നാല്‍ നിന്‍റെ തലയ്ക്ക് ഞാനൊരു കിഴുക്ക് വെച്ചു തരും ''ഇന്ദിരയ്ക്ക് ദേഷ്യം വന്നു. അല്‍പ്പനേരം അവര്‍ എന്തോ ആലോചിക്കുന്നത് പോലെ നിന്നു.

''അവിടെ എത്ത്യാല്‍ പിന്നെ കമ്പിനിക്കാരുടെ ചിലവല്ലേ. നല്ല നല്ല സാധനങ്ങള് ഇഷ്ടം പോലെ തിന്നാന്‍ കിട്ടും എന്ന് പറയാറുണ്ട് . അവന്‍ സുഭിക്ഷായി കഴിച്ചോട്ടെ. ഒരു ദിവസം എങ്കില്‍ ഒരു ദിവസം ഇവിടുത്തെ കഷ്ടപ്പാട് കൂടാതെ കഴിയാലോ ''.

അനൂപ് വേഗം പുറപ്പെട്ടു. ഇറങ്ങുന്നതിന്ന് മുമ്പ് അച്ഛന്‍റെ കാല് തൊട്ട് വന്ദിച്ചു. അനുഗ്രഹിക്കാന്‍ കൈകള്‍ ഉയര്‍ത്താനാവാത്തതിന്‍റെ ദുഖം കണ്ണീരായി ഒഴുകി.

''മൂന്നാളും കൂടി ഒരു വഴിക്ക് ഇറങ്ങാന്‍ പാടില്ല '' ഇന്ദിര മകളോട് പറഞ്ഞു '' നീ മുമ്പേ നടന്നോ. ഞങ്ങള് പിന്നാലെ വരാം ''. പുസ്തകക്കെട്ടുമായി അവള്‍ പടിയിറങ്ങി. പുറകിലായി അനൂപിനോടൊപ്പം ഇന്ദിരയും. കുളക്കരയിലെത്തിയപ്പോള്‍ അവര്‍ നിന്നു.

''ഇനി നീ പൊയ്ക്കോ '' അവര്‍ പറഞ്ഞു '' പോയിട്ട് അച്ഛന്‍റെ മേലില് കുഴമ്പ് പുരട്ടി ആവി പിടിക്കാനുണ്ട്. മരുന്നും കൊടുക്കണം '' കയ്യില്‍ ചുരുട്ടി വെച്ച നൂറിന്‍റെ ഒറ്റനോട്ട് അവര്‍ അനുപിന്‍റെ നേരെ നിട്ടി.

''എന്‍റേല് ഇതേ ഉള്ളു '' അവര്‍ പറഞ്ഞു '' വാരസ്യാര്‍ക്ക് പൂവ് ഉണ്ടാക്കി കൊടുത്ത് സ്വരൂപിച്ചതാ ''.

''വേണ്ടാമ്മേ. എന്‍റേല് ആവശ്യത്തിന്ന് കാശുണ്ട് '' അനൂപ് വാങ്ങാന്‍ മടിച്ചു

''എന്നാലും ഒരു വഴിക്ക് പോണതല്ലേ. എന്‍റെ കുട്ടി കയ്യില്‍ വെച്ചോളൂ. സൂക്ഷിച്ച് ചിലവാക്ക്യാല്‍ മതി ''.

തോടിന്‍റെ വരമ്പ് കടന്ന് റോഡില്‍ കയറിയപ്പോള്‍ അനൂപ് തിരിഞ്ഞു നോക്കി. അമ്മ കുളവരമ്പത്ത് തന്നെ നില്‍ക്കുന്നു.

അനൂപ് കൈ ഉയര്‍ത്തി കാട്ടി. ഇന്ദിര വേഷ്ടിത്തലപ്പുകൊണ്ട് കണ്ണ് തുടച്ചു.