Tuesday, June 14, 2011

നോവല്‍ - അദ്ധ്യായം - 7.

ഒമ്പത് മണിക്ക് മുമ്പ് പാറു എത്തി. ആ നേരത്ത് എത്തിയാല്‍ മതിയെന്ന് ഇന്ദിര പറഞ്ഞ് ഏല്‍പ്പിച്ചതായിരുന്നു. കാലത്ത് ഒരുപാട് പണികളുള്ളതാണ്. പശുവിനെ കറക്കണം, വെള്ളവും വൈക്കോലും കൊടുക്കണം, പശു കുട്ടിയെ മാറ്റി കെട്ടണം, അടുക്കളപ്പണികള്‍ തീര്‍ക്കണം, കുട്ടികള്‍ പോവാറാവുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കണം, രാമകൃഷ്ണന്ന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. നൂറ് കൂട്ടം പണികളാണ് ഉള്ളത്. അതിന്ന് മുമ്പ് മറ്റു പണികള്‍ക്കൊന്നും നേരം കിട്ടില്ല.

അനൂപും രമയും പോവുമ്പോഴേക്കും പാറു കുറെ മണല്‍ ചലിച്ചു കൂട്ടി, മുറ്റത്ത് സിമന്‍റും മണലും കലര്‍ത്തി മട്ടിയുണ്ടാക്കി. കുട്ടികള്‍ ഇറങ്ങിയതും ഇന്ദിര എത്തി.

'' നമുക്ക് തമ്പുരാന്‍ കിടക്കുന്ന മുറിയുടെ പണി ആദ്യം തീര്‍ത്താലോ '' പാറു ചോദിച്ചു.

ഇന്ദിരയ്ക്കും അതുതന്നെയായിരുന്നു താല്‍പ്പര്യം. ഡ്രായിങ്ങ് റൂമിലേക്ക് രാമകൃഷ്ണനെ മാറ്റി കിടത്തി അവര്‍ പണി തുടങ്ങി.

'' തമ്പുരാട്ടി ഇടയ്ക്ക് ഓരോ കുടം വെള്ളം കൊണ്ടുവന്ന് തന്നാല്‍ മതി, മട്ടി കഴിയുമ്പോള്‍ അതും ഓരോ ചട്ടി. ബാക്കിയൊക്കെ ഞാനായി ''.

രാമകൃഷ്ണന്‍ നിലത്ത് വിരിച്ച പായയില്‍ മലര്‍ന്നു കിടന്നു. ഇന്ദിരയുടെ കഷ്ടപ്പാടോര്‍ത്ത് അയാളുടെ ഉള്ളില്‍ സങ്കടം നിറഞ്ഞു. എത്ര സുഖമായി കഴിഞ്ഞതാണ് അവള്‍. മറ്റാരെയെങ്കിലും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കേണ്ടവളാണ്. ഇവിടുത്തെ ബുദ്ധിമുട്ട് സഹിക്കാനായിരിക്കും അവള്‍ക്ക് യോഗം.

പണിയോടൊപ്പം സംഭാഷണവും പുരോഗമിച്ചു. പാറുവിന്ന് എന്തെങ്കിലും സംസാരിച്ചുകൊണ്ടല്ലാതെ പണി ചെയ്യാനാവില്ലെന്ന് തോന്നി.

'' തമ്പുരാന് എവിടേയാ ചികിത്സ '' അവള്‍ അന്വേഷിച്ചു. ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

'' ഞാന്‍ പറയുന്ന പക്ഷം നാട്ടുവൈദ്യം നോക്കുന്നതാണ് നല്ലത് '' പാറു പറഞ്ഞു തുടങ്ങി.

കാവ്മുറ്റത്തെ അമ്മുത്തമ്പുരാട്ടി വാതം വന്നു അനങ്ങാന്‍ പാടില്ലാണ്ടെ പതിനൊന്ന് കൊല്ലം കിടപ്പായിരുന്നു. നേരത്തിനും കാലത്തിനും കഞ്ഞിവെള്ളം കൂടി കോരിക്കൊടുക്കണം. ഒന്നിനും വയ്യാതെ ഒരേ കിടപ്പ്. വലിയ വലിയ ഡോക്ടര്‍മാരൊക്കെ നോക്കിയിട്ട് മാറിയില്ല. ഒടുവില്‍ മാപ്ല വൈദ്യരെ കാണിച്ചു. മൂപ്പര് ഒരു എണ്ണയും കുഴമ്പും കൊടുത്തു. അകത്തേക്ക് ഒരു കഷായവും പൊടിയും. ഒരു മാസംകൊണ്ട് എണീറ്റ് നടക്കാറായി.

'' എന്നാല്‍ രാമേട്ടനെ ഒന്ന് കാണിക്കണം '' ഇന്ദിര പറഞ്ഞു '' എങ്ങിനെയെങ്കിലും ഭേദായി കിട്ട്യാല്‍ മതി. ഇനി മുതല്‍ക്ക് രാമേട്ടന്‍ അമ്പലത്തില്‍ കൊട്ടാനൊന്നും പോണ്ടാ. വെറുതെ ഉമ്മറത്ത് ഒരാളായിട്ട് ഇരുന്നാല്‍ മതി. മകന്‍ കുറച്ചൊക്കെ സമ്പാദിച്ച് കൊണ്ടുവന്ന് തരുന്നുണ്ട്. പോന്നു പോരാത്തത് ഞാന്‍ എങ്ങിനേയെങ്കിലും ഉരുട്ടിക്കൊണ്ട് പോവും ''.

'' ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള് സമ്പാദിച്ച് കൊണ്ടുവന്ന് തരണച്ചാല്‍ വീട്ടിലിരിക്കുന്നോരക്ക് നല്ല ഭാഗ്യം വേണം. ഇശ്ശി മിക്കവാറും ചെക്കന്മാര് മീശ മുളയ്ക്കുന്നതിന്ന് മുന്നേ കള്ളും വെള്ളൂം കുടിക്കാനും സിഗററ്റും ബീഡീം വലിക്കാനും തുടങ്ങും. അതിന്നപ്പുറത്തുള്ള തെമ്മാടിത്തരം കാട്ടുന്നോരും ഉണ്ട്. കയ്യില്‍ കിട്ടുന്നത് മുഴുവന്‍ അങ്ങിനെ പൊലിച്ച് പാടും, പണിയും തൊരൂം ഇല്ലാത്തോര് കക്കാനും തട്ടിപ്പറിക്കാനും പോവും ''.

'' എന്തോ ഈശ്വരാനുഗ്രഹം കൊണ്ട് എന്‍റെ അനൂന്ന് അങ്ങിനത്തെ ദുശ്ശീലം ഒന്നും ഇല്ല. അവനെപ്പോലത്തെ കുട്ടികള് ഉച്ചയ്ക്ക് ഹോട്ടലിന്നാ ഉണ്ണാറ്. എന്‍റെ കുട്ടി പുറത്തിന്ന് കാശു കൊടുത്ത് ഒന്നും വാങ്ങി കഴിക്കില്ല. നമ്മളുടെ ഇല്ലായവല്ലായ അവന് നന്നായിട്ടറിയാം. രാവിലത്തെ നാല് ഇഡ്ഡലി പൊതിഞ്ഞു കൊടുക്കും. ഒപ്പം ഒരു കുപ്പീ സംഭാരൂം ഒരു കുപ്പി വെള്ളൂം. ഉച്ചയ്ക്ക് എവിടേങ്കിലും ഇരുന്ന് അത് തിന്നും. മാനേജര് വരുന്ന ദിവസം വീട്ടിന്ന് ഒന്നും കൊണ്ടു പോവില്ല. അന്ന് അയാള് വാങ്ങി കൊടുത്തോളും ''.

'' അത് വളര്‍ത്തിയതിന്‍റെ ഗുണം. അല്ലെങ്കിലും തന്തയും തള്ളയും ജീവിക്കണത് ആരക്ക് വേണ്ടീട്ടാ? മക്കള്‍ക്ക് വേണ്ടീട്ടല്ലേ. അത് മനസ്സിലാക്കി കുട്ട്യേള് നടന്നാല്‍ അതിന്‍റെ ഗുണം അവര്‍ക്കന്നെ ''.

''സത്യം പറയാലോ എന്‍റെ പാറു. ഈ ഇരിക്കിണ ഇരിപ്പില്‍ മരിച്ചാല്‍ അതിലേറെ വേറൊരു സന്തോഷം എനിക്ക് ഇല്ല. അത്രയ്ക്ക് ദുരിതം ഞാന്‍ അനുഭവിക്കിണുണ്ട്. എന്നാലും കുറച്ച് കാലം കൂടി ഒക്കെ സഹിച്ച് കഴിയണം. ഒരു പെണ്‍കുട്ടി ഉള്ളതിനെ പഠിപ്പിച്ച് നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് കൊടുക്കണം. എന്നിട്ട് എന്‍റെ അനൂന് ഒരു പെണ്‍കുട്ടിയെ കൊണ്ടു വരണം. പിറ്റെ ദിവസം ചത്താലും വിരോധൂല്യാ ''.

'' അതൊക്കെ ഇപ്പൊ തോന്ന്വല്ലേ തമ്പുരാട്ട്യേ. താലി കെട്ട്യേ ആണിനെ ഭൂമീല് ഒറ്റയ്ക്കാക്കീട്ട്ചത്തു പോവാന്‍ ഏതെങ്കിലും പെണ്ണിന്ന് തോന്ന്വോ ''.

'' ഞാന്‍ നല്ലോണം മോഹിച്ചിട്ട് കിട്ട്യേ ആളാണ് എന്‍റെ രാമേട്ടന്‍. മൂപ്പരെ പറഞ്ഞയച്ചിട്ട് ജീവിക്കാന്‍ എന്നെക്കൊണ്ട് ആവില്ല. രണ്ട് ദിവസംകൊണ്ട് ഞാന്‍ ഉരുകി ചാവും ''.

'' എന്‍റെ കാര്യം നോക്കിന്‍. ജീവിച്ചിരിക്കുമ്പൊ കെട്ട്യോന്‍ എനിക്ക് ഒട്ടും തൊയിരം തന്നിട്ടില്ല. പണിയെടുത്ത് കിട്ടുന്നതിന്ന് ഒരു പൈസ എനിക്ക് തരില്ല. മൂക്കെറ്റം കള്ളും കുടിച്ച് വന്നിട്ട് തല്ലും. ഒടുവില്‍ കുടിച്ചു കുടിച്ച് തീരെ വയ്യാണ്ടെ കിടപ്പിലായി. ഇനി കുടിച്ചാല്‍ ചാവുംന്ന് ഡോക്ടറ്. കടം വാങ്ങി കുടി നിര്‍ത്താന്‍ ചികിത്സിച്ചു. കുറച്ച് ദിവസം അടങ്ങി ഒതുങ്ങി കൂടി. എന്നോടും മകളോടും നല്ല സ്നേഹം ഒക്കെയായി. ഒരു ദിവസം പഴയ കൂട്ടുകാര് കുടിപ്പിച്ച് വിട്ടു. പിന്നെ എപ്പൊ നോക്ക്യാലും കുടിയന്നെ. നിര്‍ത്തിയതും കൂടി കുടിച്ച് തീര്‍ത്തു. പണിക്ക് പോയോടത്തിന്ന് ചോര ഛര്‍ദ്ദിച്ച് ആസ്പത്രിയിലാക്കി. ചത്തിട്ട് ശവമാണ് വീട്ടില് കൊണ്ടു വന്നത്. അവസരം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം മുതല് ഞാന്‍ പണിക്ക് പോവാന്‍ തുടങ്ങി. കഷ്ടപ്പെട്ട് മകളെ വളര്‍ത്തി കെട്ടിച്ചു വിട്ടു. ഇപ്പഴും പണിയെടുത്ത് കഴിയുന്നുണ്ട് ''.

'' ഒക്കെ ഓരോരുത്തരുടെ തലയിലെഴുത്താണ് ''ഇന്ദിര ആശ്വസിപ്പിച്ചു.

'' പണ്ടാരക്കാലനെ മേപ്പട്ട് കെട്ടിയെടുക്കണേ തമ്പുരാനേ എന്ന് പലപ്പൊഴും പ്രാകീട്ടുണ്ട്. ഒറ്റയ്ക്കായപ്പൊഴാ ആള് പോയതിന്‍റെ കുറവ് മനസ്സിലായത് ''.

'' ഞാനും ചിലപ്പോഴൊക്കെ രാമേട്ടനോട് ശണ്ഠ കൂടാറുണ്ട്. അതൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ഓരോ പ്രയാസങ്ങള് ഉണ്ടാവുമ്പോള്‍ അറിയാണ്ടെ പറഞ്ഞു പോണതാണ്. എന്നാലും ഇന്നേവരെ മുഖം കറുപ്പിച്ച് മൂപ്പര് എന്നോടൊന്നും പറഞ്ഞിട്ടില്ല ''.

കുറച്ചു നേരത്തേക്ക് സംഭാഷണം നിലച്ചു.

'' നമ്മള്‍ കൂട്ടം കൂടുണതൊക്കെ തമ്പുരാന്‍ കേള്‍ക്ക്വോ '' വീണ്ടും പാറുവിന്‍റെ സ്വരം ഉയര്‍ന്നു '' ഇല്ലെങ്കില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട് ''.

'' സാധാരണ ഈ നേരത്ത് രാമേട്ടന് ഒരു മയക്കം ഉണ്ട്. ഞാന്‍ ചെന്ന് നോക്കീട്ട് വരാം '' ഇന്ദിര പറയുന്നത് രാമകൃഷ്ണന്‍ കേട്ടു. പെണ്ണുങ്ങളുടെ സംഭാഷണം മുടക്കുന്നില്ല. അയാള്‍ കണ്ണടച്ചു കിടന്നു.

'' ഞാന്‍ പറഞ്ഞില്ലേ, മൂപ്പര് നല്ല ഉറക്കത്തിലാണ് '' ഇന്ദിര പറഞ്ഞു.

'' വെക്കക്കേട് വെളില് പറയാന്‍ മടീണ്ട്. എന്നാലും മനസ്സില്‍ കെടന്ന് തിക്കുമുട്ടുന്നതോണ്ട് തമ്പുരാട്ടിയുടെ അടുത്ത് പറയിണതാണ് '' പാറു തുടങ്ങി.

'' വീട്ടില്‍ ആകപ്പാടെ ഒറ്റ മുറിയേ ഉള്ളു. മകളുടെ കല്യാണം കഴിഞ്ഞതിന്നു ശേഷം അത് അടച്ചിടാറാണ് പതിവ്. വല്ലപ്പോഴും അവളും കെട്ടിയോനും കൂടി വരുമ്പോള്‍ അതില്‍ കിടക്കും. കെട്ട്യോന്‍ ചത്ത ഞാന്‍ അവിടെ കിടന്ന് അവര്‍ക്ക് വര്‍ക്കത്തുകേട് വരണ്ടാ എന്ന് വിചാരിച്ചിട്ടാണ്. പിന്നാലത്തെ ചായ്പ്പില്‍ ഒരു തിണ്ട് ഉണ്ട്. അതിന്‍റെ മേലെ പായ വിരിച്ചു കിടക്കും. അടച്ചുറപ്പുള്ള സ്ഥലം അല്ല. അഞ്ചാറ് പൊട്ടപ്പാത്രം അല്ലാണ്ടെ വീട്ടില് ഒന്നും ഇല്ലാത്തതിനാല്‍ പേടിക്കാനില്ല '' പാറു നിര്‍ത്തി.

'' എന്താ നിര്‍ത്തിയത് '' ഇന്ദിര ചോദിച്ചു.

'' ഞാന്‍ പറയിണ കാര്യം വെളീല് പോവരുത് '' പാറു പറഞ്ഞു '' അഞ്ചാറ് മാസം മുമ്പൊരു രാത്രി. ഉറക്കം പിടിച്ച് വന്നതേയുള്ളു. പെട്ടെന്ന് അടുത്താരോ കിടക്കുന്നതുപോലെ ഒരു തോന്നല്‍. ആരോ കെട്ടിപ്പിടിച്ച് വേണ്ടാത്തതിനുള്ള പുറപ്പാടാണ്. ഞാന്‍ ആരെടാ എന്ന് ഉറക്കെ വിളിച്ച് ഊക്കില്‍ ഒറ്റ തള്ളു കൊടുത്തു. ആള് മട്ട മലച്ച് താഴെ വീണു. എന്നിട്ട് എണീറ്റ് ഒറ്റ ഓട്ടം. അപ്പഴയ്ക്കും അയലോക്കത്തുള്ളോരൊക്കെ എത്തി ''.

'' എന്നിട്ട് ആളെ പിടിച്ച്വോ ''.

'' ചതുക്കി ചതുക്കിയുള്ള നടത്തം കണ്ടപ്പോ എനിക്ക് ആളെ മനസ്സിലായി. പത്തു വട്ടം അവനെ പെറ്റ് വളര്‍ത്താനുള്ള പ്രായം എനിക്കുണ്ട്. എന്നിട്ടാ കുരുത്തംകെട്ടോന്‍ ''.

'' അയലോക്കക്കാരുടെ അടുത്ത് പറഞ്ഞില്ലേ ''.

'' അങ്ങിനെ പറയാന്‍ പാട്വോ. കെട്ട്യോന്‍ ചത്തിട്ട് ഇരിക്കിണ പെണ്ണാ ഞാന്. വിളിച്ചിട്ടാ ചെന്നത് എന്ന് ആ ചെക്കാന്‍ പറഞ്ഞാല്‍ മാനം പോവില്ലേ. മുഖം മറച്ച ഒരു തടിയന്‍ കഴുത്തില്‍ തപ്പി നോക്കി എന്നാ ഞാന്‍ ആളുകളോട് പറഞ്ഞത്. വല്ല കള്ളന്മാരും ആവും എന്ന് അവരും കരുതി ''.

'' അത് വേണ്ടിയിരുന്നില്ല '' ഇന്ദിര പറഞ്ഞു '' ഇനി ആ ചെക്കന് കുറച്ചും കൂടി ഏളുതം തോന്നും ''.

'' കൊക്കില് ജീവനുള്ള കാലം അവന്‍ ഇനി എന്‍റടുത്ത് വരില്ല '' പാറു പറഞ്ഞു '' ഒരു ദിവസം ഒറ്റയ്ക്ക് അവനെ കണ്ടപ്പോള്‍ ഇനി മേലാല്‍ വേണ്ടാത്തതിന്ന് വന്നാല്‍ വെട്ടി കണ്ടം തുണ്ടമാക്കും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ''.

'' കാലം പോയ പോക്കേ '' ഇന്ദിര പറഞ്ഞു '' ആര്‍ക്കും എന്തും കാട്ടാന്നായി ''.

'' എന്നെപ്പോലെ ഒറ്റക്കാരികള്‍ക്ക് കറുത്ത മുടി വെളുത്തു കിട്ടുന്നത് വരെ എന്നും അങ്കലാപ്പാണ് '' പാറു തേങ്ങി.

'' നീ വെറുതെ കരയണ്ടാ. സമാധാനത്തോടെ ഇരിയ്ക്ക് '' ഇന്ദിരയ്ക്ക് അങ്ങിനെ പറയാനേ കഴിഞ്ഞുള്ളു.

7 comments:

  1. അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു...

    ReplyDelete
  2. ജീവിതാനുഭവങ്ങള്‍, നാടന്‍ കാഴ്ചകള്‍!!
    ആശംസകള്‍ മാഷേ!!

    ReplyDelete
  3. രണ്ട് പാവം പെണ്ണൂങ്ങളുടെ നിറം മങ്ങിയ ജീവിതം. അവർക്ക് നേരിടേണ്ടി വരുന്ന കയ്പ്പേറിയ അനുഭവങ്ങൾ.

    ReplyDelete
  4. Ponmalakkaran ,

    അടുത്ത ഭാഗം ഉടന്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,

    വളരെ സന്തോഷം.

    രാജഗോപാല്‍ ,

    സ്ത്രീകളുടേയും ചെറുപ്പക്കാരുടേയും വിഷമതകള്‍ ഈ കഥയില്‍ ഉടനീളം ഉണ്ട്.

    ReplyDelete
  5. ഇവിടെവരെ ഞാൻ വായിച്ചു നിറുത്തി. ബാക്കി കൂടി ഉടനെ വായിക്കാം.
    കഥ നന്നാവുന്നുണ്ട്.
    ആശംസകൾ..

    ReplyDelete
  6. വായിക്കുന്നുണ്ട്. വളരെ ഇഷ്ടപ്പെട്ടുതന്നെ..

    ReplyDelete
  7. ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള് സമ്പാദിച്ച് കൊണ്ടുവന്ന് തരണച്ചാല്‍ വീട്ടിലിരിക്കുന്നോരക്ക് നല്ല ഭാഗ്യം വേണം. ഇശ്ശി മിക്കവാറും ചെക്കന്മാര് മീശ മുളയ്ക്കുന്നതിന്ന് മുന്നേ കള്ളും വെള്ളൂം കുടിക്കാനും സിഗററ്റും ബീഡീം വലിക്കാനും തുടങ്ങും. അതിന്നപ്പുറത്തുള്ള തെമ്മാടിത്തരം കാട്ടുന്നോരും ഉണ്ട്. കയ്യില്‍ കിട്ടുന്നത് മുഴുവന്‍ അങ്ങിനെ പൊലിച്ച് പാടും, പണിയും തൊരൂം ഇല്ലാത്തോര് കക്കാനും തട്ടിപ്പറിക്കാനും പോവും ''.

    valare shari

    ReplyDelete