Saturday, July 16, 2011

നോവല്‍ - അദ്ധ്യായം - 11.

'' എല്ലാവരും പോവാന്‍ നില്‍ക്കുമ്പോഴാ നിന്‍റെ ഒരു വരവ്. ഇത്ര നേരം നീ എവിടെ പോയി കിടക്ക്വായിരുന്നു '' പ്രദീപിന്ന് അനൂപ് വൈകി വന്നത് ഇഷ്ടമായില്ല.

'' ഇന്ന് മാസാവസാനമല്ലേ. സ്റ്റോക്കിസ്റ്റുമാരുടെ അടുത്തായിരുന്നു. ഓര്‍ഡര്‍ വല്ലതും കിട്ട്വോന്ന് നോക്കണ്ടേ ''.

ഇംഗ്ലീഷ് മാസം അവസാനം മിക്കവാറും എല്ലാ കമ്പിനികളും സ്റ്റോക്കിസ്റ്റ്മാരില്‍ നിന്ന് മരുന്നിനുള്ള സപ്ലെ ഓര്‍ഡര്‍ വാങ്ങിക്കും. റെപ്പുകളുടെ ജോലിയുടെ ഭാഗമാണ് അത്.

'' ഞാനത് ഇന്നലെ തന്നെ തീര്‍ത്തു '' റഷീദ് പറഞ്ഞു '' ഓര്‍ഡര്‍ എടുക്കുന്ന പണി ഒരിക്കലും ലാസ്റ്റിലിക്ക് വെക്കരുതെന്ന് വാരിയര്‍ സാര്‍ പറഞ്ഞു തന്നിട്ടുണ്ട് ''.

'' നീ ആഹാരം കഴിച്ച്വോടാ ''പ്രദീപ് ചോദിച്ചു. അധിക ദിവസവും എല്ലാവരുടേയും ഉച്ചഭക്ഷണം കഴിഞ്ഞിട്ടേ അനൂപ് ആഹാരം കഴിക്കാറുള്ളു. അതുവരെ അവന്‍ ഡോക്ടര്‍മാരെ കാണാനുള്ള തിരക്കിലായിരിക്കും.

'' ഇന്ന് രണ്ട് ദോശയാണ് കൊണ്ടു വന്നത് '' അനൂപ് പറഞ്ഞു '' പന്ത്രണ്ട് മണിക്ക് മുമ്പേ അത് തിന്നു. ഇപ്പൊ വയറ് കാലിയാണ് ''.

'' വിശക്കുന്നുണ്ടെങ്കില്‍ ഞങ്ങളുടെ കൂടെ വന്നോ. മസാല ദോശയും ചായയും വാങ്ങിത്തരാം '' സുമേഷ് പറഞ്ഞു '' ഈ മാസം റഷീദിന്ന് ഇന്‍സെന്‍റീവ് ഉണ്ട്. അതിന്‍റെ ചിലവാണ്. നീയില്ലെങ്കില്‍ ഞങ്ങള്‍ പോയി പൊറോട്ടയും ചിക്കണും അടിക്കും '',

'' റെഷീദേ, അതിന് നിന്‍റെ സെയില് കൂടീട്ടുണ്ടോ '' അനൂപ് ചോദിച്ചു.

'' പിന്നെ വെറുതെ ചന്തം കണ്ടിട്ട് ഇവന് കമ്പിനി കൊടുക്ക്വോ '' പ്രദീപ് പറഞ്ഞു '' മനുഷ്യനായാല്‍ ചെയ്യുന്ന ജോലിയോട് ഒരു ആത്മാര്‍ത്ഥത വേണം. എന്നാലേ മേല്‍ ഗതി കിട്ടു ''.

'' അത് പറയാന്‍ പറ്റിയ ഒരാള് '' മറ്റുള്ളവര്‍ കൂവി.

'' നോക്ക് പ്രദീപേ '' അനൂപ് പറഞ്ഞു '' എനിക്ക് ഒരു മൊബൈല്‍ വാങ്ങണം ''.

'' അതിനെന്താ. വാങ്ങാലോ '' പ്രദീപ് പറഞ്ഞു '' എത്രയാ നിന്‍റെ ബഡ്ജറ്റ് ''.

''അങ്ങിനെയൊന്നും ഇല്ല. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളത് വാങ്ങിയാല്‍ മതി എന്ന് അമ്മ പറഞ്ഞു ''.

'' അമ്മയ്ക്ക് ഉപയോഗിക്കനാണോ ''.

'' അല്ല. എനിക്ക് വേണ്ടീട്ടാ. എന്‍റെ കയ്യിലെ പഴയത് വീട്ടില്‍ വെക്കും ''.

'' എന്നാല്‍ ബേസ് മോഡല്‍ എടുക്കണ്ടാ. കുറച്ച് ഫീച്ചേര്‍സ് ഉള്ളത് വാങ്ങിക്ക് ''.

'' അതൊന്നും എനിക്കറിയില്ല. നീ വേണ്ട മാതിരി വാങ്ങി തന്നാല്‍ മതി ''.

'' അവന് കമ്മിഷന്‍ വല്ലതും കിട്ടിക്കോട്ടെ അല്ലേടാ '' റഷീദ് ചോദിച്ചു.

'' നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങി തന്ന വകയ്ക്ക് ഒരു കമ്മിഷനും എനിക്ക് വേണ്ടാ '' പ്രദീപ് പറഞ്ഞു.

'' റഷീദ് നിന്നെ ഇളക്കാന്‍ വെറുതെ പറഞ്ഞതല്ലേ '' അനൂപ് അനുനയിപ്പിച്ചു.

'' പോട്ടെ, ഞാനത് വിട്ടു '' പ്രദീപ് പറഞ്ഞു'' നിനക്ക് നല്ലത് നോക്കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഞാന്‍ വാങ്ങിത്തരാം ''.

'' പുതിയത് വാങ്ങാനാണ് അമ്മ പറഞ്ഞത് ''.

'' അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ്. പുത്തന്‍ വാങ്ങി പിറ്റേ ദിവസം കൊടുക്കാന്‍ ചെന്നാല്‍ അഞ്ഞൂറ് ഉറുപ്പിക കളിയില്ലാതെ കയ്യിന്ന് പോകും. അധികം ഉപയോഗിക്കാത്ത സാധനം നോക്കി വാങ്ങിയാല്‍ മതി. നിങ്ങള്‍ക്ക് അറിയ്യോ ഈ ടൌണില് മാസം മാസം മൊബൈല് മാറ്റുന്ന ആള്‍ക്കാര് എത്രയുണ്ടെന്ന് ''.

'' പഴയത് വാങ്ങുന്ന കാര്യം ഞാന്‍ വീട്ടില്‍ ചോദിച്ചിട്ട് നാളെ പറയാം ''.

'' അത് മതി. ഏഴെട്ടായിരം ഉറുപ്പിക പുത്തന് വിലയുള്ള നല്ല സെറ്റ് ചിലപ്പോള്‍ മൂന്നിനും മൂന്നരയ്ക്കും നാലിനും ഒക്കെ കിട്ടും. അതൊക്കെ ഒരു ലക്കാണ് ''.

'' അത്രയൊക്കെ വില കുറച്ച് കിട്ട്വോ ''.

'' എന്താ കിട്ടാണ്ടെ. അടുത്ത മാസം ഞാന്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് '' നോക്കിയ 5800 '' വാങ്ങുന്നുണ്ട്. 3.2 മെഗാപിക്സല്‍ ക്യാമറയും ഫ്ലാഷും ഉള്ളത്. പുതുതിന്ന് പതിനാലായിരം ഉറുപ്പിക വിലയുണ്ട്. ആറ്, ആറര, ഏഴിന്നുള്ളില്‍ ഞാന്‍ സംഘടിപ്പിക്കും. നിനക്ക് വേണച്ചാല്‍ അത് തന്നെ ഒരെണ്ണം വാങ്ങിച്ചു തരാം. സാംസങ്ങ് മതീച്ചാല്‍ ഗാലക്സി എടുത്തോ. പതിനായിരം മുതല്‍ പതിനയ്യായിരം വില വരുന്ന സെറ്റുകളാണ് പകുതി വിലയ്ക്ക് കിട്ടുന്നത് ''.

'' എനിക്ക് അത്ര പൈസ മുടക്കാനില്ല. ചുരുങ്ങിയ വിലയ്ക്കുള്ളത് മതി ''.

'' അമ്മയുടെ അടുത്ത് ചോദിച്ച് തീരുമാനിക്ക്. എന്നിട്ട് എന്താണ് പറ്റിയത് എന്ന് ആലോചിക്കാം ''.

'' നിങ്ങള് മൊബൈലിന്‍റെ കാര്യം പറഞ്ഞും കൊണ്ട് നിന്നാല്‍ ഞാന്‍ എന്‍റെ വഴിക്ക് പോവും '' റഷീദ് പറഞ്ഞു.

കോട്ടയിലേക്കുള്ള കവാടം കടന്ന് ബൈക്കുകള്‍ റോഡിലേക്കിറങ്ങി.

**********************************************

പിഡിയാട്രീഷ്യനെ കാണാന്‍ അനൂപ് ചെന്നപ്പോള്‍ മുറ്റത്ത് കുട്ടിയേയും എടുത്ത് അനിരുദ്ധന്‍ നില്‍ക്കുന്നു. മറ്റൊരു കമ്പിനിയിലെ മാനേജരാണ് അദ്ദേഹം.

'' എന്താ സാറേ കുട്ടിയ്ക്ക് '' അവന്‍ ചോദിച്ചു.

'' ഇന്നലെ വരെ ഒന്നും ഇല്ല. രാത്രി രണ്ടു മൂന്ന് പ്രാവശ്യം ഛര്‍ദ്ദിച്ചു. രാവിലെ നോക്കുമ്പോള്‍ നല്ല പനി ''.

'' ഡോക്ടറ് നോക്കീലേ ''.

'' ഇല്ല. നേരം വെളുക്കും മുമ്പ് വന്നതാ. അപ്പോഴേക്കും ടോക്കണ്‍ ഇരുപതായി. ഇപ്പോള്‍ നോക്കുന്നത് പന്ത്രണ്ടാണ് ''.

'' ഞാന്‍ നിന്നാല്‍ ഡോക്ടറെ കാണാന്‍ പറ്റില്ല അല്ലേ ''.

'' റെപ്പുകള്‍ ഉച്ചയ്ക്ക് വന്നാല്‍ മതി എന്നും പറഞ്ഞ് രാവിലെ എത്തിയവരെ ടോക്കണ്‍ തരുന്ന സ്ത്രീ മടക്കി അയച്ചു ''.

'' എന്തെങ്കിലും ചെയ്യണോ സാറേ '' അനൂപ് ചോദിച്ചു.

'' ഒന്നും വേണ്ടാ. നിനക്ക് സെയില്‍സ് എങ്ങിനെയുണ്ട് '' അനിരുദ്ധന്‍ ചോദിച്ചു.

'' ആദ്യമൊക്കെ ടാര്‍ജറ്റ് കടന്ന് ഇന്‍സെന്‍റീവ് കിട്ടിയിരുന്നു. പുതിയ സെയില്‍സ് മാനേജര്‍ വന്നതോടെ അത് പോയി. അയാള്‍ മുമ്മൂന്ന് മാസം കൂടുമ്പോള്‍ ടര്‍ജറ്റ് കൂട്ടാന്‍ തുടങ്ങി. എത്ര ഓടിയിട്ടും എത്തുന്നില്ല ''.

'' ഇതന്നെയാണ് ഈ ഫീല്‍ഡിലെ തകരാറ്. ഓരോരുത്തര് വലിയ പോസ്റ്റില്‍ ചാര്‍ജ്ജ് എടുക്കുമ്പോള്‍ ഇത്ര ശതമാനം സെയില്‍സ് കൂട്ടാമെന്ന് കമ്പിനിക്കാരോട് കമ്മിറ്റ് ചെയ്യും. പിന്നെ താഴെക്കിടയിലുള്ളവരുടെ മുതുകത്ത് കുതിര കേറാന്‍ തുടങ്ങും. ആര്‍ക്കായാലും കുറച്ച് കാലം കഴിയുമ്പോഴേക്കും മടുക്കും ''.

കുറച്ചു നേരം രണ്ടു പേരും മിണ്ടാതെ നിന്നു. സ്വന്തം കഷ്ടപ്പാടുകളാണ് ഇരുവരുടേയും മനസ്സ് നിറയെ.

'' വേറെ എന്തെങ്കിലും കിട്ടുന്നത് വരെ ഈ പണി എന്നേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു ''അനൂപ് പറഞ്ഞു '' അച്ഛന്‍ സുഖമില്ലാതെ കിടപ്പിലാണ്. അതോടെ അമ്പലത്തില്‍ നിന്നുള്ള വരുമാനം മുടങ്ങി. കഴിഞ്ഞു കൂടാന്‍ എന്‍റെ ഈ പണിയല്ലാതെ വേറൊന്നും ഇല്ല. ''.

'' ഇങ്ങിനെ ഓരോ പ്രശ്നങ്ങള്‍ ഉള്ളതോണ്ടാണ് എല്ലാവരും ഈ ഫീല്‍ഡില്‍ കടിച്ചു പിടിച്ച് നില്‍ക്കുന്നത്. നിങ്ങളൊക്കെ ചെറുപ്പമല്ലേ. കഴിയുന്ന വേഗത്തില്‍ സമാധാനത്തോടെ ചെയ്യാന്‍ പറ്റുന്ന വേറെന്തെങ്കിലും തൊഴില്‍ കണ്ടെത്താന്‍ നോക്ക് '' എന്ന് അനൂപിനെ ഉപദേശിക്കുമ്പോഴും അത് എളുപ്പമല്ല എന്ന വസ്തുത അനിരുദ്ധന്‍ മനസ്സില്‍ ഓര്‍ത്തു.

'' പണി എത്ര വേണച്ചാലും ചെയ്യാന്‍ എനിക്ക് മടിയില്ല സാര്‍ . ഈ പ്രഷറാണ് സഹിക്കാന്‍ വയ്യാത്തത് ''.

'' അനൂപേ, എല്ലാവര്‍ക്കും ഓരോ വിധം പ്രഷര്‍ ഉണ്ട്. അത് സഹിക്കാതെ പറ്റില്ലല്ലോ '' അനിരുദ്ധന്‍ തന്‍റെ പ്രയാസങ്ങള്‍ പറഞ്ഞു തുടങ്ങി.

ഈ സമയത്ത് കോഴിക്കോടുള്ള സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് എത്തേണ്ട ആളാണ് ഞാന്‍. ഇരുപത്തഞ്ച് ബോക്സ് പാന്‍റാപ്രസോളിന്ന് അയാള്‍ ഓര്‍ഡര്‍ തന്നതായിരുന്നു. സി അന്‍ഡ് എഫില്‍ സാധനം സ്റ്റോക്കില്ല. അവിടെ ഉണ്ടായിരുന്നത് റാബി പ്രസോള്‍ വിത്ത് ഡോംപെരിഡോണ്‍ ആണ്. റീജിയണല്‍ മാനേജര്‍ അതൊരു മുപ്പത്തഞ്ച് ബോക്സ് അയച്ചു. സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് ഇപ്പോഴേ പത്ത് പതിനഞ്ച് ബോക്സുണ്ട്. അയാള്‍ റെപ്പിനെ വിളിച്ച് പൂരത്തെറി. സാധനം തിരിച്ചയക്കുമെന്ന് തറപ്പിച്ച് പറഞ്ഞു. '' അനിരുദ്ധാ, താന്‍ പോയി എങ്ങിനെയെങ്കിലും സംസാരിച്ച് ശരിയാക്ക് '' എന്നും പറഞ്ഞ് എന്‍റെ തലയില്‍ കെട്ടി വെച്ച് ആര്‍. എം. കൈ കഴുകി. ഇന്നലെ അമ്മയുടെ ശ്രാര്‍ദ്ധമായിരുന്നു. അതു കാരണം പോവാനായില്ല. ആര്‍. എം. ചോദിച്ചപ്പോള്‍ അത് പറഞ്ഞു. അയാള്‍ എന്താ പറഞ്ഞത് എന്ന് കേള്‍ക്കണോ '' നോണ്‍സെന്‍സ്. തന്‍റെയൊരു ശ്രാര്‍ദ്ധവും തേങ്ങാക്കുലയും. ഓരോന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ നോക്കണ്ടാ. സാധനം മടങ്ങി വന്നാല്‍ തന്‍റെ പണി കാണില്ല ''. ഇന്ന് കാലത്തു തന്നെ സ്റ്റോക്കിസ്റ്റിനെ കണ്ടു സംസാരിച്ച് ശരിയാക്കാമെന്ന് കാലു പിടിച്ച് പറയുന്നത് പൊലെ പറഞ്ഞിട്ടാണ് അയാള്‍ ഒന്നടങ്ങിയത്. ഇപ്പോള്‍ ഇങ്ങിനേയും ആയി. എട്ടൊമ്പത് കൊല്ലം കാത്തിരുന്നിട്ട് ഉണ്ടായ കുട്ടിയാണ്. അതിന് സുഖമില്ലാതായാല്‍ പണിയാണ് വലുത് എന്നും പറഞ്ഞ് പോവാന്‍ കഴിയില്ല. അതു കാരണം ജോലി പോയാല്‍ പോട്ടെ. അല്ലാതെ എന്താ ചെയ്യാ.

'' ഞാന്‍ വിചാരിച്ചത് മാനേജര്‍ ആയാല്‍ രക്ഷപ്പെട്ടു എന്നാണ് ''.

'' അനൂപിന്ന് അറിയാഞ്ഞിട്ടാണ്. റെപ്പിനെ സഹായിക്കാന്‍ യൂണിയന്‍ എങ്കിലും ഉണ്ട്. മാനേജര്‍മാര്‍ക്ക് അതും ഇല്ല ''.

'' ഞാന്‍ പോട്ടെ സാറെ. ഒന്നു രണ്ട് ഹോസ്പിറ്റല്‍ കാള്‍ കണ്ടിട്ട് പിന്നെ വരാം '' അനൂപ് യാത്ര പറഞ്ഞു.

'' കുട്ടിയെ കാറ്റ് കൊള്ളിച്ച് നിര്‍ത്തണ്ടാ '' എന്നും പറഞ്ഞ് ഭാര്യ വന്ന് കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി. സ്വന്തം ഉദ്യോഗ പ്രശ്നങ്ങള്‍ ഓര്‍ത്തുകൊണ്ട് അനിരുദ്ധന്‍ അവിടെ തന്നെ നിന്നു.


6 comments:

  1. എല്ലാ പ്രൈവറ്റ് കമ്പനികളിലേയും സ്ഥിതി ഇത് തന്നെയാണ്.
    മുൻപാണെങ്കിൽ ഒരു ജോലികിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നു പറയാമായിരുന്നു.

    ReplyDelete
  2. ഔഷധ വിപണനരംഗത്തു ജോലി ചെയ്യുന്നവരുടെ സ്വകാര്യദു:ഖങ്ങൾ പകർത്തിയ ഈ അദ്ധ്യായവും നന്നായി.

    ReplyDelete
  3. വായിക്കുന്നുണ്ട് :)

    ReplyDelete
  4. ponmalakkaran I പൊന്മളക്കാരന്‍ ,
    ആ കാലം കഴിഞ്ഞു. ഇത് സമ്മര്‍ദ്ദങ്ങളുടെ കാലമാണ്.
    രാജഗോപാല്‍ ,
    വളരെ നന്ദി.
    ഞാന്‍ : ഗന്ധര്‍വ്വന്‍ ,
    സന്തോഷമുണ്ട്.

    ReplyDelete
  5. ഉറുമ്പിന് അരി ഭാരം, ആനയ്ക്ക് തടി ഭാരം

    ReplyDelete
  6. ഇരുപത്തഞ്ച് ബോക്സ് പാന്‍റാപ്രസോളിന്ന് അയാള്‍ ഓര്‍ഡര്‍ തന്നതായിരുന്നു. സി അന്‍ഡ് എഫില്‍ സാധനം സ്റ്റോക്കില്ല. അവിടെ ഉണ്ടായിരുന്നത് റാബി പ്രസോള്‍ വിത്ത് ഡോംപെരിഡോണ്‍ ആണ്. റീജിയണല്‍ മാനേജര്‍ അതൊരു മുപ്പത്തഞ്ച് ബോക്സ് അയച്ചു. സ്റ്റോക്കിസ്റ്റിന്‍റെ അടുത്ത് ഇപ്പോഴേ പത്ത് പതിനഞ്ച് ബോക്സുണ്ട്. അയാള്‍ റെപ്പിനെ വിളിച്ച് പൂരത്തെറി. സാധനം തിരിച്ചയക്കുമെന്ന്
    ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ pharma siuticals ഉമായി നല്ല ബന്ധം വേണം... ചെറുപ്പക്കാരുടെ ജോലി പ്രശ്നം.....
    ഹാവു. ഞാന്‍ പണ്ട് സര്‍ക്കാര്‍ ജോലിക്ക് കയറിയത് എത്ര നന്നായി?

    ReplyDelete