Monday, July 25, 2011

നോവല്‍ - അദ്ധ്യായം - 12.

കളി കഴിഞ്ഞപ്പോള്‍ ഇത് എന്ത് ഫൈനലാണ് എന്ന് അനൂപിന്ന് തോന്നി. ഫൌളും തമ്മില്‍ തല്ലല്ലും ഒക്കെ കൂടി മൊത്തത്തില്‍ കളി അലങ്കോലമാക്കി. മിനക്കെട്ട് ഓടിപ്പാഞ്ഞ് വീടെത്തിയതേ ചന്തപ്പുരമൈതാനിയില്‍ നടക്കുന്ന സെവെന്‍സ് ഫുട്ബാള്‍ ഫൈനല്‍ മത്സരം കാണാനായിരുന്നു.

'' മണല് തീരാറായി. നമുക്ക് രണ്ടാള്‍ക്കും കൂടി രണ്ട് നടയ്ക്ക് മണല് കടത്തിയാലോ കുട്ടാ'' എന്ന് അമ്മ ചോദിച്ചിരുന്നു.

'' നാളെ ഞായറാഴ്ചയല്ലേ. ഒഴിവോടെ കൊണ്ടു വരാലോ. അത് പോരെ അമ്മേ '' എന്നും പറഞ്ഞ് കളി കാണാന്‍ സമ്മതവും വാങ്ങി പോന്നതാണ്.

പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രസംഗം തീര്‍ന്ന് സമ്മാനദാനം തുടങ്ങുമ്പോഴേക്ക് മൈതാനത്തിന്‍റെ കിഴക്ക് ഭാഗത്തായി കാതടപ്പിക്കുന്ന ഒച്ചയോടെ ഇടിയും മിന്നലും ഉണ്ടായി. അനൂപ് ഉടനെ വീട്ടിലേക്ക് തിരിച്ചു.

മെയിന്‍ റോഡില്‍ എത്തുമ്പോള്‍ മഴ പെയ്യുമോ എന്നൊരു സംശയം തോന്നി. സ്കൂട്ടറിലാണ് വന്നതെങ്കില്‍ സ്വല്പ്പ ദൂരം വളഞ്ഞിട്ടാണെങ്കിലും വേഗത്തില്‍ എത്താമായിരുന്നു. നടത്തം എളുപ്പ വഴിക്കാണ്. പഞ്ചായത്ത് റോഡില്‍ നിന്ന് ഇടവഴിയില്‍ കയറി ഒറ്റത്തേക്കിന്നടുത്തു നിന്ന് വയല്‍ വരമ്പിലേക്ക് ഇറങ്ങണം. പിന്നെ പത്ത് മിനുട്ട് നടന്നാല്‍ വീടെത്തി.

മെയിന്‍ റോഡ് വിട്ട് പഞ്ചായത്ത് പാതയില്‍ എത്തിയപ്പോള്‍ ചന്നം പിന്നം മഴ തുടങ്ങി. അനൂപ് നടത്തം ഓട്ടമാക്കി. ഒറ്റത്തേക്കിനടുത്ത് എത്തുന്നതിന്ന് മുമ്പുതന്നെ മഴ കനത്തു. പൊളിഞ്ഞ് പാളീസായി പൂട്ടി കിടക്കുന്ന കുഞ്ഞുമോന്‍റെ പെട്ടിക്കടയുടെ ഇറമ്പിലേക്ക് അനൂപ് കേറി നിന്നു. കളി കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മഴ പെയ്യാനുള്ള ഒരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ കയ്യില്‍ ഒരു കുട കരുതുമായിരുന്നു.

അനൂപ് കയ്യിലുള്ള ടോര്‍ച്ച് പെട്ടിപ്പീടികയുടെ മേല്‍ക്കൂരയിലേക്ക് വെറുതെ അടിച്ചു നോക്കി. പേടിച്ചരണ്ട മുഖഭാവത്തോടെ ഒരു വാഴത്തവള മുളങ്കമ്പില്‍ ഒട്ടി പിടിച്ച് ഇരിപ്പുണ്ട്. ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയെങ്കിലും കടയ്ക്ക് ഒരു കാവലുണ്ട് എന്ന് അനൂപ് ഒട്ടു തമാശയോടെ ഓര്‍ത്തു.

കുഞ്ഞുമോന്‍ തീരെ പാവമായിരുന്നു. ആരോടും മുഖത്ത് നോക്കി കാര്യം പറയാന്‍ അറിയാത്ത ആള്‍. പറ്റു വരവുകാര്‍ പലരും കടം വാങ്ങി കൊടുക്കാതെ തോല്‍പ്പിച്ചു. മിക്കവാറും ദിവസങ്ങളില്‍ മൂപ്പര്‍ പാലക്കാട് ചെന്ന് സിനിമ കാണും. ആ സമയത്ത് ചെറിയ അനുജനാണ് പീടികയില്‍ ഇരിക്കാറ്. കടയിലുള്ള മിഠായി കുറെയൊക്കെ അവന്‍ തിന്നും. കടയിലിരിക്കുന്ന സമയത്ത് കുഞ്ഞുമോന്‍ ബീഡിയും സിഗരറ്റും മാറി മാറി വലിയ്ക്കും. സാധനങ്ങളൊക്കെ തീര്‍ന്ന് പീടിക പുട്ടേണ്ട ഘട്ടത്തിലാവുമ്പോള്‍ ബന്ധുക്കള്‍ സഹായിച്ച് കച്ചവടം തുടരും. ഒടുവില്‍ എല്ലാവരും മടുത്തു. ഒരു രാത്രി പീടിക പൂട്ടി പോവുമ്പോള്‍ കാലിക്കുപ്പികള്‍ ചാക്കിലാക്കി വീട്ടിലേക്ക് കടത്തി. പിന്നെ കട തുറന്നിട്ടില്ല. കൊയമ്പത്തൂര്‍ ലോറി ബ്രോക്കെര്‍ ഓഫീസില്‍ കയറ്റിറക്ക് തൊഴിലാളിയായി അയാള്‍ ജോലിക്ക് ചേര്‍ന്നതായി പിന്നീട് അറിഞ്ഞു.

മഴ തോരാനുള്ള ലക്ഷണമില്ല. പഞ്ചായത്ത് റോഡിലൂടെ ഇടയ്ക്കിടയ്ക്ക് ചിലരൊക്കെ കയ്യില്‍ കുടയുമായി വരുന്നുണ്ടായിരുന്നു. അനൂപ് അവരെ ഉറ്റു നോക്കിക്കൊണ്ട് നിന്നു. വീടിന്‍റെ ഭാഗത്തേക്കുള്ള ആരേയും കാണാനായില്ല. അമ്പലത്തിന്നടുത്തുവരെയുള്ള ആരെങ്കിലും കുടയുമായി വന്നാല്‍ എത്ര നന്നായിരുന്നു. തലയെങ്കിലും നനയാതെ അവിടം വരെ എത്താമല്ലോ. പിന്നെ ഒറ്റ ഓട്ടം മതി, വീടെത്തും .

അമ്മ പരിഭ്രമിച്ച് പടിക്കലേക്കും നോക്കി ഇരിക്കുകയായിരിക്കും. ഇടയ്ക്കൊക്കെ ദേഷ്യപ്പെടുമെങ്കിലും സമയത്തിന്ന് മക്കളെ കാണാതിരുന്നാല്‍ അമ്മയ്ക്ക് പേടിയാണ്. വെറുതെ അമ്മയോടൊപ്പം ചെന്ന് കുറെ മണല് കടത്തിയാല്‍ മതിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പണി മുഴുവന്‍ തീരുമെന്നാണ് പറയുന്നത്. അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അതിരില്ല. അതാലോചിച്ചപ്പോള്‍ അനൂപിന്‍റെ കണ്ണു നിറഞ്ഞു.

'' എന്താ അനൂ നീ ഇവിടെ നില്‍ക്കുന്നത്, കുടയില്ലാഞ്ഞിട്ടാണോ '' എന്ന ചോദ്യം കേട്ടപ്പോള്‍ അനൂപിന്ന് പരിസര ബോധം വന്നു. നോക്കുമ്പോള്‍ മുമ്പില്‍ മേമ നില്‍ക്കുന്നു.

സാവിത്രി വാരസ്യാരെ അനൂപ് മേമ എന്നാണ് വിളിക്കാറ്. ഇന്ദിരയുടെ സമപ്രായക്കാരിയാണ് അവര്‍. രാമകൃഷ്ണനെ സ്വന്തം ആങ്ങളയായിട്ടാണ് സാവിത്രി കണക്കാക്കുന്നതും.

'' വീട്ടില്‍ നിന്ന് വരുമ്പോള്‍ മഴയുടെ ലക്ഷണം ഉണ്ടായിരുന്നില്ല '' അനൂപ് പറഞ്ഞു '' പെട്ടെന്നാണ് മഴ തുടങ്ങിയത് ''.

'' സന്ധ്യക്ക് ശേഷമേ വീടെത്തു എന്ന് തോന്നുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണം. മഴക്കാലത്ത് കുടയും '' അവര്‍ പറഞ്ഞു.

'' എന്‍റേല് ടോര്‍ച്ചുണ്ട് ''.

'' നീ ഈ കുടേലിക്ക് കേറിക്കോ. രണ്ടാളും നനയും. എന്നാലും കുട ഉണ്ടായിരുന്നു എന്ന് പറയാലോ ''.

അനൂപ് സാവിത്രിയുടെ കുടയില്‍ അഭയം തേടി. ഒരു നിമിഷത്തിനകം കുടക്കമ്പികളില്‍ നിന്ന് പ്രവഹിക്കുന്ന മഴവെള്ളത്തില്‍ ഇരുവരുടേയും വസ്ത്രങ്ങള്‍ നനഞ്ഞു.

'' മേമ എന്താ ഇത്ര വൈകിയത് '' അനൂപ് ചോദിച്ചു.

'' ശനിയാഴ്ച ഉച്ചവരയ്ക്കേ ബാങ്കുള്ളൂ. പറഞ്ഞിട്ടെന്താ കാര്യം. അവിടെ നിന്ന് ഇറങ്ങാന്‍ പിന്നേയും സമയം പിടിക്കും. പോരാത്തതിന്ന് ഇന്ന് ബസ്സുകാരുടെ വക മിന്നല്‍ പണിമുടക്കും. ആരോ ചിലര് ഒരു ഡ്രൈവറെ തല്ലീന്നാ പറഞ്ഞത്. ഒരു വിധത്തില്‍ ട്രാന്‍സ്പോര്‍ട്ട് കിട്ടി ഇവിടെ എത്തുമ്പോള്‍ ഇതാ നേരം. ആഴ്ചയില്‍ ഒരു ദിവസേ അമ്മയുടെ അടുത്ത് ഉണ്ടാവൂ. അത് മുടങ്ങിയാല്‍ അമ്മയ്ക്ക് വിഷമം ആയാലോ എന്ന് കരുതീട്ടാ. അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് വരില്യായിരുന്നു ''.

രാത്രിയാവാന്‍ ഇനിയും സമയമുണ്ട്. കാറും മഴയും കാരണം നന്നേ ഇരുട്ടയി കഴിഞ്ഞു. ഇടയ്ക്ക് ഉണ്ടാവുന്ന മിന്നല്‍ വെളിച്ചത്തില്‍ വഴി വക്കത്തുള്ള പറമ്പിലെ നനഞ്ഞ വാഴയിലകള്‍ വെട്ടി തിളങ്ങി.

'' കുടയിലേക്ക് ചേര്‍ന്ന് നില്‍ക്കെടാ അനൂ '' ഒറ്റത്തേക്കും കഴിഞ്ഞ് വരമ്പത്തേക്ക് ഇറങ്ങുമ്പോള്‍ സാവിത്രി പറഞ്ഞു '' വലിയ ആണായീന്ന് തോന്നുന്നുണ്ടോ നിനക്ക് ''. അനൂപിന്‍റെ തോളിലൂടെ കയ്യിട്ട് അവര്‍ അവനെ അടുത്തേക്ക് ചേര്‍ത്തി.

'' ഇന്ദിര ഓപ്പോള് പ്രസവിച്ച് കിടക്കുമ്പോ രാമകൃഷ്ണേട്ടന്‍റെ കൂടെ ഞാന്‍ കാണാന്‍ വന്നതും, എടുത്ത് മടിയില്‍ വെച്ചതും നീ മൂത്രം ഒഴിച്ചതും, '' അവന് നിന്നോട് ഇഷ്ടം ഉള്ളതോണ്ടാണ് എടുത്തതും മേത്ത് മൂത്രം ഒഴിച്ചത് എന്ന് നിന്‍റെ മുത്തശ്ശി പറഞ്ഞതും, ഇപ്പൊ കൂടി ചെവിയില്‍ കേള്‍ക്കുന്നുണ്ട്. എന്നെ മേമ എന്ന് വിളിക്കാന്‍ അവരാ നിന്നെ പറഞ്ഞു പഠിപ്പിച്ചത് ''.

ഇടുത്തത് മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു. തലയില്‍ വീണ വെള്ളം മുഖത്തിലൂടെ ഒലിച്ചിറങ്ങി. വാരിയത്തിന്ന് മുമ്പിലെത്തിയപ്പോള്‍ അവര്‍ നിന്നു. വാതില്‍ പൂട്ടിയിട്ടുണ്ട്.

'' അമ്മയും അമ്മാമനും അമ്പലത്തിലുണ്ടാവും. നീ ഓടിപ്പോയി താക്കോല് വാങ്ങീട്ട് വാ '' സാവിത്രി പറഞ്ഞതും അനൂപ് വേഗം ചെന്നു താക്കോലുമായി എത്തി. സാവിത്രി വാതില്‍ തുറന്നു.

'' മേമേ, ഞാന്‍ പോട്ടേ '' അനൂപ് സമ്മതം ചോദിച്ചു.

'' അവിടെ നില്‍ക്ക് '' എന്നും പറഞ്ഞ് അവര്‍ അകത്തേക്ക് ചെന്നു. ഒരു തോര്‍ത്തുമായി അവര്‍ തിരിച്ചെത്തി.

'' ഇങ്ങിട്ട് നില്‍ക്ക്. തല തോര്‍ത്തട്ടെ. പനി പിടിക്കണ്ടാ '' അവര്‍ പറഞ്ഞു.

അനൂപിന്‍റെ തല തോര്‍ത്തി കൊടുത്ത ശേഷം, അകത്തു പോയി വസ്ത്രം മാറ്റി വന്ന സാവിത്രിയുടെ കയ്യില്‍ ഒരു ചെറിയ ഡപ്പി ഉണ്ടായിരുന്നു.

'' ഇങ്ങിട്ട് നീങ്ങി നിക്ക് '' അവര്‍ അനൂപിനെ അടുത്തേക്ക് നിര്‍ത്തി. ഡപ്പിയില്‍ നിന്നെടുത്ത പൊടി അവന്‍റെ നിറുകയില്‍ ഇട്ട് കൈപ്പടം കൊണ്ട് നന്നായി തിരുമ്മി.

'' രാസ്നാദി പൊടിയാണ്. കുളി കഴിഞ്ഞാല്‍ അമ്മാമ അപ്പൊ തലയില്‍ തിരുമ്പും. ജലദോഷം വരില്ല '' അവര്‍ പറഞ്ഞു '' കുട കൊണ്ടു പൊയ്ക്കോ. നാളെ എത്തിച്ചാല്‍ മതി ''.

ടോര്‍ച്ചും തെളിച്ച് കുടയുമായി അനൂപ് ഇറങ്ങി. ഇന്ദിര മകനെ കാത്ത് ഉമ്മറത്ത് ഇരിപ്പാണ്.

'' കുട ഉണ്ടായിട്ട് ഈറന്‍ പിണ്ടി ആയിട്ടുണ്ടല്ലോ നിന്‍റെ മുണ്ടും ഷര്‍ട്ടും '' നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി എത്തിയ മകനെ നോക്കി അവര്‍ ചോദിച്ചു.

'' ഇത് മേമടെ കുടയാണ് '' അവന്‍ വിവരങ്ങള്‍ വര്‍ണ്ണിച്ചു.

'' പറയുമ്പോലെ ഇന്ന് ശനിയാഴ്ചയാണ്. എന്തേ അവള് ഇത്ര നേരം വൈകിയത് ''.

ബസ്സുകാരുടെ മിന്നല്‍ സമരം കാരണം വൈകിയതാണെന്ന് അനൂപ് പറഞ്ഞു.

'' പാവാണ് അവള്. അതിന്‍റെ ഒരു തലേലെഴുത്ത് '' ഇന്ദിര ആരോടെന്ന പോലെ പറഞ്ഞു.

'' ഹരേ കൃഷ്ണാ '' അതിന്‍റെ തുടര്‍ച്ചയെന്നോണം രാമകൃഷ്ണന്‍റെ ശബ്ദം കേട്ടു.

***********************************************

'' നോക്കെടാ പ്രദീപേ, എനിക്ക് എങ്ങിനെയെങ്കിലും പതിനായിരം ഉറുപ്പിക അഡ്ജസ്റ്റ് ചെയ്തു താടാ. മാസാമാസം ആയിരം ഉറുപ്പിക വെച്ച് ഞാന്‍ മടക്കി തരാം '' ശെല്‍വന്‍ പ്രദീപിനോട് പറഞ്ഞു. ഉച്ചയ്ക്ക് പതിവ് രീതിയില്‍ കോട്ടമൈതാനത്ത് എത്തിയതാണ് അവര്‍. പീടികയില്‍ ജോലിയായ ശേഷം വിവേക് വരാറില്ല. മറ്റുള്ളവരൊക്കെ എത്തുന്നതേയുള്ളു. അത് ഒരു സൌകര്യമായി ശെല്‍വന്‍ കരുതി.

'' എന്‍റെ അടുത്ത് എവിടുന്നാടാ പൈസ '' പ്രദീപ് ചോദിച്ചു.

'' നീ വിചാരിച്ചാല്‍ നടക്കും '' ശെല്‍വന്‍ പറഞ്ഞു '' അച്ഛനും അമ്മയും നിന്നോട് പറയാന്‍ പറഞ്ഞു ''.

'' എന്തിനാടാ നിങ്ങള്‍ക്കിപ്പൊ ഇത്രയധികം പണത്തിന്‍റെ ആവശ്യം ''.

'' നീ എന്‍റെ വീട് കണ്ടിട്ടില്ലേ '' ശെല്‍വന്‍ ചോദിച്ചു.

'' എന്താ നീ അങ്ങിനെ ചോദിച്ചത്. എത്ര പ്രാവശ്യം ഞാന്‍ അവീടെ വന്നിട്ടുള്ളതാണ് ''. ടൌണിലെ കണ്ണായ ഭാഗത്ത് മൂന്ന് സെന്‍റ് സ്ഥലത്തുള്ള ഓടിട്ട ചെറിയൊരു പുരയാണ് അവന്‍റേത്. ചുറ്റുമുള്ള മനോഹങ്ങളായ കെട്ടിടങ്ങള്‍ക്ക് കണ്ണ് പറ്റാതിരിക്കാന്‍ ഉണ്ടാക്കി വെച്ച നോക്കുകുത്തിയാണെന്നേ കാണുന്നവര്‍ക്ക് തോന്നൂ.

'' എടാ, അതിന്‍റെ പട്ടികയും കഴുക്കോലുമൊക്കെ ദ്രവിച്ച് മേല്‍പ്പുര വീഴാറായി കഴിഞ്ഞു. ഉടനെ പൊളിച്ചു കേടുപാടുകള്‍ തീര്‍ത്തില്ലെങ്കില്‍ ഈ മഴക്കാലത്ത് അത് വീഴും. അതിന്നു വേണ്ടിയാണ് നിന്‍റടുത്ത് കടം ചോദിക്കുന്നത്.

'' നീയും അച്ഛനും സമ്പാദിക്കുന്നില്ലേടാ. പിന്നെന്താ ഇത്ര കഷ്ടപ്പാട് ''.

'' ഇതുതന്നെയാണ് എല്ലാരും ചോദിക്കാറ്. നമ്മളുടെ ചുറ്റുപാട് നമുക്കല്ലേ അറിയൂ ''.

ശെല്‍വന്‍ തന്‍റെ വേദനകള്‍ പറഞ്ഞു തുടങ്ങി. ചേച്ചിയുടെ പഠിപ്പിന്ന് വേണ്ടിയാണ് വരുമാനത്തിലെ വലിയ പങ്കും ചിലവാകുന്നത്. എങ്ങിനെയെങ്കിലും അവളെ ഡോക്ടറാക്കണം. അതാണ് എല്ലാവരുടേയും മോഹം. അതിന്നു വേണ്ടി മുണ്ട് മുറുക്കി ഉടുത്ത് കഴിയുകയാണ്. ഒട്ടും നിവൃത്തിയില്ലാത്തതോണ്ടാണ് ഇപ്പോള്‍ കടം ചോദിക്കുന്നത്.

'' കഷ്ടം '' പ്രദീപ് പറഞ്ഞു '' ഏത് ബാങ്കില്‍ നിന്നും പഠിക്കാന്‍ വേണ്ട പണം വായ്പയായി കിട്ടും . നിങ്ങള് ഒരു ആവശ്യവും ഇല്ലാതെ വെറുതെ കഷ്ടപ്പെട്വാണ് ''.

'' ലോണിന്‍റെ കാര്യം അറിയാഞ്ഞിട്ടല്ല പ്രദീപേ. കെട്ടിച്ചു വിടേണ്ട പെണ്ണല്ലേ അവള്‍. ഇട്ടു മൂടാനുള്ള കടവുമായിട്ടാണ് പെണ്ണ് കേറി വന്നത് എന്ന് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പറഞ്ഞാലോ. അതാണ് എല്ലാ കഷ്ടവും സഹിച്ച് അവളുടെ പേരില്‍ കടം വാങ്ങാതെ പഠിപ്പിക്കുന്നത് ''.

'' നിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തിന്ന് ഇപ്പോഴത്തെ വില എന്താന്ന് അറിയ്യോ. അത് വിറ്റാല്‍ കാശായില്ലേ ''.

ആ വീടിനോടുള്ള വൈകാരികമായ ബന്ധം ശെല്‍വന്‍ ഓര്‍ത്തു. അച്ഛന്‍ മെക്കാനിക്ക് ആയി പണി ചെയ്യാന്‍ തുടങ്ങി അധികം വൈകാതെ കല്യാണം കഴിച്ചു. നാട്ടില്‍ നിന്ന് പണിക്ക് പോയി വരാനുള്ള ബുദ്ധിമുട്ട് കണ്ട് അമ്മയുടെ അച്ഛന്‍ വാങ്ങിക്കൊടുത്ത സ്ഥലമാണ്. നറുക്കും കുറിയും ചേര്‍ന്ന് എങ്ങിനേയോ വീടുണ്ടാക്കി. ചേച്ചിയും താനും അതിലാണ് ജനിച്ചു വളര്‍ന്നത്. അത് നഷ്ടപ്പെടുന്ന കാര്യം ആലോചിക്കാന്‍ വിഷമമാണ്. എങ്കിലും ഇന്നല്ലെങ്കില്‍, നാളെ അത് കയ്യില്‍ നിന്ന് പോവും.

'' എന്താടാ നീയൊന്നും പറയാത്തത് '' പ്രദീപ് ശെല്‍വനെ ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ത്തി.

'' വില്‍ക്കും. പക്ഷെ ഇപ്പോഴല്ല. ചേച്ചിക്ക് കല്യാണം ആകുമ്പോള്‍ പണത്തിന്ന് ആവശ്യം വരും. അന്ന് ഈ സ്ഥലം വില്‍ക്കാതെ പറ്റില്ല '' ശെല്‍വന്‍ പറഞ്ഞു '' അവള്‍ക്ക് വേണ്ടി ഞങ്ങള്‍ എല്ലാം ഉപേക്ഷിക്കും ''.

പഠിക്കാന്‍ മിടുക്കനായിട്ടും ചേച്ചിക്കു വേണ്ടി സ്വന്തം ഭാവി നോക്കാതെ ശെല്‍വന്‍ പഠനം ഉപേക്ഷിച്ച കാര്യം പ്രദീപ് ഓര്‍ത്തു. ഇന്ന് ഒരു മൊബൈല്‍ കമ്പിനിയില്‍ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് ആയി തുച്ഛമായ തുക സമ്പാദിച്ച് അച്ഛനെ സഹായിക്കുകയാണ് അവന്‍.

'' എടാ, നീ വിഷമിക്കേണ്ട '' പ്രദീപ് പറഞ്ഞു '' സുമേഷിന്‍റെ അമ്മയോട് ചോദിച്ച് ഞാന്‍ പണം വാങ്ങിത്തരാം. പക്ഷെ ഒരു കാര്യം. പറഞ്ഞ സമയത്തിന്ന് മടക്കി കൊടുക്കണം കേട്ടോ ''.

'' അങ്ങിനെയാണച്ചാല്‍ സുമേഷിനോട് ചോദിച്ചാല്‍ പോരേ ''.

'' അത് പോരാ. അവന്ന് വീട്ടില്‍ ചോദിക്കാതെ തരാന്‍ പറ്റില്ല. അമ്മയോട് ചോദിക്കുന്നതാ എളുപ്പം ''

'' നിനക്ക് അവന്‍റെ അമ്മയെ പരിചയം ഉണ്ടോ ''.

'' നോക്ക് നീ നമ്മളുടെ സെറ്റില് എത്ര ആളുടെ വീട്ടില്‍ പോയിട്ടുണ്ട് ''.

''ഒന്ന് നിന്‍റെ വീട്ടില്. വിവേകിന്‍റെ കല്യാണത്തിന്ന് അവന്‍റെ വീട്ടിലും ''.

'' എന്നാലേ ഞാന്‍ എല്ലാവരുടെ വീട്ടിലും എത്തിയിട്ടുണ്ട്. നിങ്ങളെക്കാള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് എന്നെ അറിയും. മിക്കപ്പോഴും പല കാര്യങ്ങള്‍ അവരൊക്കെ എന്നെയാണ് ഏല്‍പ്പിക്കാറ്. ഇപ്പോള്‍ തന്നെ നോക്ക്, നിന്‍റെ അച്ഛനും അമ്മയും പണത്തിന്‍റെ കാര്യം ആരോട് പറയാനാ ഏല്‍പ്പിച്ചത്. പ്രദീപിനോട് ഒരു കാര്യം പറഞ്ഞാല്‍ അത് നടക്കും എന്ന് അവര്‍ക്ക് അറിയും ''.

'' റഷീദ് പറയുന്ന മാതിരി നീ ആളൊരു സംഭവം ആണ് '' ശെല്‍വന്‍ പറഞ്ഞു '' അതല്ലേടാ എന്തിനും ഞങ്ങള്‍ നിന്‍റെ വാലില്‍ തൂങ്ങി നടക്കുന്നത് ''.

'' നമ്മളുടെ കക്ഷികളൊക്കെ ദാ വരുന്നുണ്ട് '' പ്രദീപ് പറഞ്ഞു '' ബാക്കി പിന്നെ പറയാം ''.

പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ കവാടം കടന്ന് ബൈക്കുകള്‍ വരുന്നുണ്ടായിരുന്നു.

5 comments:

  1. പത്തും പതിനൊന്നും പന്ത്രണ്ടും കൂടി ഇപ്പോ വായിച്ചു. നല്ല രസകരമായി വരുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് കമ്പ്യൂട്ടറിന്റെ അടുത്തേക്കു വരാന്‍ പോലും കഴിയാറില്ല. എന്നാലും ഒരുമിച്ച് എല്ലാം വായിക്കുന്നുണ്ട്.

    ReplyDelete
  2. എല്ലാ ഭാഗവും ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു. നല്ല ഒഴുക്കുള്ള ആഖ്യാനരീതി.

    ReplyDelete
  3. എഴുത്തുകാരി,

    തിരക്കുകള്‍ക്കിടയിലും വായിക്കുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ട്.

    ദിവാകരേട്ടന്‍,

    വായിച്ച് അഭിപ്രായം അറിയിച്ചതിന്ന് വളരെ നന്ദി.

    ReplyDelete
  4. ചങ്ങാതിക്കൂട്ടം കൊള്ളാം

    ReplyDelete
  5. ൨പെന്കുട്ടികല്ക്കു വേണ്ടി ജീവിക്കുന്ന ചില കുടുംബങ്ങള്‍........ പക്ഷെ പലതും നേരെ തിരിച്ചാണ്.. ആണ്‍ മക്കള്‍ക്ക്‌ വേണ്ടി പെണ്‍കുട്ടികളെ വീട്ടില്‍ അടച്ചിടും..

    ReplyDelete