Sunday, July 31, 2011

നോവല്‍ - അദ്ധ്യായം - 13.

'' നാളത്തേം മറ്റന്നാളത്തേം കൂടി പണീണ്ടാവും. അതോടെ എന്‍റെ ഇവിടത്തെ പണി കഴിഞ്ഞു '' അടുക്കളയില്‍ വീതന കെട്ടിക്കൊണ്ടിരിക്കുന്ന പാറു ഇന്ദിരയോട് പറഞ്ഞു. തേക്കുകയും നിലം നേരാക്കുകയും ചെയ്യാത്ത അടുക്കളയുടെ ഒരു മൂലയില്‍ ചെങ്കല്ലുകൊണ്ട് അടുപ്പ് കൂട്ടി അതിലായിരുന്നു ഇതേവരെ പാചകം ചെയ്തിരുന്നത്.

'' രണ്ട് പറ ചുണ്ണാമ്പ് വാങ്ങി ചുമരിലൊക്കെ അടിക്കണം എന്നുണ്ട് '' ഇന്ദിര പറഞ്ഞു '' തല്‍ക്കാലത്തേക്ക് അതും കൂടി മതി ''.

'' വാര്‍പ്പ് കെട്ടിടത്തില്‍ ചുണ്ണാമ്പ് അടിക്ക്യേ. ഒരു ചാക്ക് വെള്ള സിമിന്‍റ് വാങ്ങി അടിക്കിന്‍ ''.

'' അതിനൊക്കെ തോനെ കാശാവില്ലേ ''.

'' ഒരുപാടൊന്നും വരില്ല. എന്നെങ്കിലും കാലത്ത് മകന് വീട് പെയിന്‍റ് അടിക്കണം എന്ന് തോന്ന്യാല് ചുണ്ണാമ്പ് തേച്ചാ ശരിയാവില്ല ''.

'' എങ്ങിനേങ്കിലും അത് വാങ്ങിയാല്‍ പിന്നെ പെയിന്‍റ് അടിക്കുന്ന ആരേയെങ്കിലും വിളിക്കെണ്ടി വരും അത് ചുമരിലൊക്കെ അടിക്കാന്‍ ''.

'' അതൊന്നും വേണ്ടാ. ഇത്തിരി വീതിയുള്ള ഒരു ബ്രഷ് വാങ്ങി തന്നാല്‍ ഞാന്‍ തന്നെ അടിക്കാം ''.

'' എന്നാല്‍ അതും കൂടി തീര്‍ത്തിട്ട് നീ പൊയ്ക്കോ ''.

ചിമ്മിനിയുടെ ചുവടെ ചെറിയൊരു തിണ്ട് കെട്ടി പാറു അതില്‍ അടുപ്പുണ്ടാക്കി തുടങ്ങി.

'' അല്ലാ തമ്പുരാട്ട്യേ, കുറച്ച് ദിവസായി ചോദിക്കണം എന്ന് വിചാരിക്കുന്നതാ. നിങ്ങളുക്ക് ബന്ധുക്കളും വേണ്ടപ്പെട്ടോരൊന്നും ഇല്ലേ ''.

ഇന്ദിര ഒന്നും പറഞ്ഞില്ല. അവരുടെ കണ്ണ് നിറഞ്ഞു.

'' അച്ഛനും അമ്മയും ഒക്കെ ചത്തു പോയാലും കൂടപ്പിറപ്പുകള്‍ കാണില്ലേ. അതാ ചോദിച്ചത് ''.

'' ഉണ്ട്. കലയും പുലിയും പൊലെ രണ്ട് ആങ്ങളാരുണ്ട് ''.

'' എന്നിട്ട് അവരൊന്നും ഇങ്ങിട്ട് വരാറില്ലേ ''.

'' കാശും പണൂം ഇല്ലാത്ത ഗതികെട്ട പെങ്ങളെ ആരക്കാ വേണ്ടത്. ലോഹ്യത്തിലാണെങ്കില്‍ വല്ല സഹായൂം ചോദിച്ചാലോ. അലോഹ്യപ്പെട്ട് കഴിഞ്ഞാല്‍ അത് കൂടാണ്ട് കഴിഞ്ഞില്ലേ ''.

'' നല്ല ആള്‍ക്കാര്. നിങ്ങള് ഭാഗം ചോദിക്കണം. അപ്പൊ എത്തും നിങ്ങടെ മുമ്പില് ''.

'' അതൊന്നും നടക്കില്ല '' ഇന്ദിര പറഞ്ഞു '' അച്ഛന്‍ മരിച്ച പുലടെ എടേല് എന്നെക്കൊണ്ട് കുറെ കടലാസില്‍ ഒപ്പിടീപ്പിച്ചു. ഭാഗാധാരം ഉണ്ടാക്കാനാണെന്ന് പറഞ്ഞിട്ട് ചെയ്യിച്ചതാ. ഞാനൊരു പൊട്ടിക്കാളി. ഏട്ടന്മാരല്ലേ എന്നും വിചാരിച്ച് ഒപ്പിട്ടു കൊടുത്തു. രണ്ട് മഹാപാപികളും കൂടി കുടുംബ സ്വത്തിലുള്ള എന്‍റെ അവകാശം പണം വാങ്ങി ഒഴിമുറി വെച്ചൂന്ന് എഴുതി ഉണ്ടാക്കി എന്നെ പറ്റിച്ചു. എന്‍റെ ഉള്ളിലെ വേദനയുണ്ടല്ലോ, അതിന് അവര് അനുഭവിക്കും ''.

'' അപ്പൊ അച്ഛന്‍ ഇരിക്കുമ്പൊ ഒന്നും തന്നില്ല ''.

'' എനിക്ക് വേറൊരു കല്യാണം അച്ഛന്‍ പറഞ്ഞ് ഉറപ്പിച്ചതായിരുന്നു. അതൊന്നും എനിക്കറിയില്ല. എന്തോ എന്‍റെ രാമേട്ടനെ കണ്ടതും എനിക്ക് ഇഷ്ടായി. എതാണ് എന്‍റെ ആള് എന്ന് മനസ്സില്‍ ഒരു തോന്നല്‍. ആദ്യം ആരും സമ്മതിച്ചില്ല. ഒടുക്കം എന്‍റെ മനസ്സ് മാറില്ല എന്നു കണ്ട് കല്യാണം നടത്തി തന്നതാണ്. അതോണ്ട് പൊന്നും പണ്ടൂം ഒക്കെ പേരിനെ തന്നുള്ളു ''.

'' നിങ്ങള്‍ക്ക് ഒന്നും തരണ്ടാന്ന് അച്ഛന്‍ വിചാരിച്ചിട്ടുണ്ടാവും ''.

'' ഏയ്. അതല്ല. അച്ഛന്ന് പിന്നെ വിഷമം തോന്നീട്ടുണ്ടാവും. അമ്പലത്തിലെ താലപ്പൊലിക്ക് കൊട്ടാന്‍ വന്നപ്പൊ ഇവിടെ വന്നിരുന്നു. എന്‍റെ കുട്ടിക്ക് ഞാന്‍ ഒന്നും തന്നില്ലാന്ന് കരുതി വിഷമിക്കണ്ടാ. ഭാഗത്തിനുള്ള ഏര്‍പ്പാട് ചെയ്യുന്നുണ്ട്. വേണ്ട മാതിരി ഒക്കെ തരും എന്ന് പറഞ്ഞു പോയതാ. പെട്ടെന്നല്ലേ അച്ഛന്‍റെ മരണം ''.

'' ഇനി പറഞ്ഞിട്ട് കാര്യൂല്യാ. വിധീന്ന് കരുതി സമാധാനിച്ചോളിന്‍ ''.

'' അതന്നെ ചെയ്യുണത് ''.

'' തമ്പുരാന്‍റെ വീട്ടുകാരോ ''.

'' അത് അതിലും വിശേഷം. ഒന്നാമത് അവര്‍ക്ക് വലിയ സ്വത്തും മുതലും ഇല്ല. സൂത്രത്തില്‍ അച്ഛന്‍റെ കൂടെ കൂടി അമ്പലത്തിലെ പണി തരപ്പെടുത്തീലേ, ഇനി വേറെ വീതം ചോദിക്കാന്‍ പാടില്ല എന്നായി അനുജനും പെങ്ങളും മദ്ധ്യസ്ഥരും. കേള്‍ക്കുന്നോര്‍ക്ക് അതല്ലേ ന്യായം തോന്നുള്ളു. ഉണ്ടായിരുന്ന പേരും പെരുമയും സമ്പാദ്യവും കളഞ്ഞ് അച്ഛന്‍റെ വാക്കാണ് വലുത് എന്നും പറഞ്ഞ് അമ്പലത്തിലെ പണി ഏറ്റെടുത്തതാണന്ന് നമുക്കല്ലേ അറിയൂ ''.

'' എന്നിട്ട് ഒന്നും കിട്ടീലേ ''.

'' ഓ. നല്ലോണം കിട്ടി. ഒരു ചെല്ലപ്പെട്ടീം കോളാമ്പീം രാമേട്ടന്‍ കിടക്കിണ കട്ടിലും കിട്ടി. ധാരാളം ആയില്യേ. ആകെ ഉണ്ടായ ഉപകാരം കിടപ്പിലായ പിന്നെ മൂത്രം ഒഴിക്കാന്‍ സൌകര്യായി. നിറയുമ്പൊ കൊണ്ടുപോയി തൂത്തു കളയ്യല്ലേ വേണ്ടൂ ''.

'' ബന്ധുക്കള് ഇല്ലാത്തോരക്ക് ഇല്ല എന്നൊരു സങ്കടേ ഉള്ളു. ഉണ്ടായിട്ട് ഇത് മാതിരി ആയാല്‍ അതിലേറെ സങ്കടം ഉണ്ടാവും ''.

'' എന്തിനാ പാറു സങ്കടം തോന്നുണത്. നമ്മടെ തലേലെ വര നന്നായില്ല. അതിന് ആരേയെങ്കിലും കുറ്റം
പറഞ്ഞിട്ട് കാര്യൂണ്ടോ ''.

'' തമ്പുരാട്ടി ഒരു കാര്യം ചെയ്യിന്‍. എങ്ങിനേങ്കിലും വാതിലും ജനലും കൂടി വെപ്പിക്കിന്‍. പിന്നെ വീടിന്‍റെ കാര്യത്തില്‍ ബേജാറാവണ്ടല്ലോ ''.

'' മോഹൂല്യാഞ്ഞിട്ടല്ല. കൂട്ട്യാല്‍ കൂടണ്ടേ ''.

'' മരം പണി തീര്‍ത്ത് പരിയമ്പുറത്ത് അടുക്കീട്ടുണ്ടല്ലോ. കൂലിക്കുള്ളതല്ലേ കാണണ്ടൂ ''.

'' വേശടെ മകളെ പെറ്റ് പറഞ്ഞയയ്ക്കാന്‍ കാശില്ലാണ്ടെ ബുദ്ധിമുട്ടാണ്, തൊടീലെ മരങ്ങള് വില്‍ക്കുന്നൂ എന്ന് കേട്ടപ്പോള്‍ ഞാന്‍ അന്നത് മൊത്തതില്‍ വാങ്ങി. വീടുപണി അപ്പൊ തുടങ്ങീട്ടുണ്ടായിരുന്നില്ല. മനസ്സില്‍ ഒരു ഉദ്ദേശം ഉണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ. വേലനാശാരിയെക്കൊണ്ട് കുത്തുപുള്ളി ഉണ്ടാക്കി. മില്ലില് കൊണ്ടു പോയി മരം പിടിപ്പിച്ചു. മിഷ്യനില്‍ തന്നെ മിനുസം ഉഴിയിച്ച് കൊണ്ടുവന്ന് അടുക്കി വെച്ചു. എന്നെങ്കിലും കാലത്ത് ഉപകാരം ആവ്വോലോ ''.

'' ഞാന്‍ ഒരു കാര്യം പറയട്ടെ. ആഴ്ച ഫണ്ടില് ഇട്ട കുറെ പണം എനിക്ക് കിട്ടാനുണ്ട്. ഞാന്‍ അത് എടുത്ത് തരാം. തമ്പുരാട്ടി മരപ്പണി തീര്‍ക്കിന്‍. എപ്പഴെങ്കിലും എനിക്ക് മടക്കി തന്നാല്‍ മതി ''.

'' എന്‍റെ പാറൂ. ആദ്യായിട്ടാണ് ഒരാള് സഹായിക്കാന്ന് ഇങ്ങോട്ട് പറയിണത് '' ഇന്ദിര തേങ്ങി കരഞ്ഞു.

'' ഇന്ന് ഫണ്ടിന്‍റെ ദിവസാണ്. പൈസ എടുത്തോട്ടെ '' വൈകുന്നേരം പണി മാറി പോവാനൊരുങ്ങുമ്പോള്‍ പാറു ചോദിച്ചു.

'' അമ്പലത്തിന്ന് രാമേട്ടന് ഏഴെട്ടായിരം ഉറുപ്പിക കിട്ടീട്ടുണ്ട്. അത് തീരുമ്പൊ പറയാട്ടോ '' ഇന്ദിര പറഞ്ഞു .

പാറു പോവുന്നതും നോക്കി ഇന്ദിര നിന്നു. ഇല്ലാത്തോരാണ് ഭേദം അവര്‍ക്ക് മറ്റുള്ളോരടെ ദുഖം അറിയാം എന്ന് അവള്‍ മനസ്സില്‍ ഓര്‍ത്തു.

************************************************

പൌച്ചില്‍ കിടന്ന് മൊബൈല്‍ ഇളകി. വൈബ്രേഷന്‍ മോഡിലാണ്. ഡോക്ടര്‍മാരെ കാണാന്‍ നില്‍ക്കുമ്പോള്‍ അതാണ് പതിവ്. എത്ര നേരത്തെ കാത്തു നില്‍പ്പിന്ന് ശേഷമാണ് ഡോക്ടറെ കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ കയറിയ പേഷ്യന്‍റ് ഇറങ്ങിയാല്‍ കയറിക്കോളൂ എന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന ആള്‍ സമതം തന്നിട്ടുണ്ട്.

ഡോക്ടറെ കാണാനെത്തുന്ന റെപ്പുകള്‍ ശത്രുക്കളാണെന്ന മട്ടിലാണ് പല രോഗികളുടേയും അവര്‍ക്ക് തുണ വരുന്നവരുടേയും ഭാവം. ബാഗും തൂക്കിക്കൊണ്ട് എത്തിക്കോളും സമയം മിനക്കെടുത്താത്താന്‍. വല്ലപ്പോഴും ഡോക്ടര്‍മാരെ കാണാനെത്തുന്ന അവര്‍ക്ക് നിത്യവും കാത്തു നിന്ന് ഡോക്ടര്‍മാരെ കാണുന്ന റെപ്പുകളുടെ വിഷമം മനസ്സിലാവില്ല.

പേഷ്യന്‍റ് ഇറങ്ങിയതും അനൂപ് അകത്ത് കയറി. സാമ്പിളുകള്‍ ഏല്‍പ്പിച്ച് ഡീറ്റെയ്‌ല്‍ ചെയ്ത് വെളിയില്‍
ഇറങ്ങുന്നതിനിടെ പലവട്ടം കോള്‍ വന്നിരുന്നു. സ്കൂട്ടര്‍ നിര്‍ത്തിയ സ്ഥലത്തു ചെന്ന് അവന്‍ മൊബൈല്‍
എടുത്തു നോക്കി. ഏരിയ മാനേജരാണ്. എന്താണാവോ ഇത്ര തിടുക്കപ്പെട്ടു വിളിക്കാന്‍. അനൂപ് തിരിച്ചു വിളിച്ചു.

'' എത്ര പ്രാവശ്യമായി ഞാന്‍ വിളിക്കുന്നു. എന്താ നീ ഫോണ്‍ എടുക്കാഞ്ഞത് '' എ. ബി. എം. ചോദിച്ചു.

'' ഞാന്‍ ഡോക്ടറുടെ ക്യാബിനില്‍ ആയിരുന്നു. എന്താ സാര്‍ കാര്യം ''.

'' നിന്‍റെ രണ്ട് സ്റ്റോക്കിസ്റ്റുമാരും തന്ന ചെക്കുകള്‍ ബൌണ്‍സായി. ഇപ്പോള്‍ തന്നെ നീ ചെന്ന് അന്വേഷിച്ച് വിവരം അറിയിക്ക് ''.

'' സാര്‍, ഞാനിപ്പോള്‍ .. '' അനൂപ് താന്‍ എവിടെയാണെന്നുള്ള വിവരം പറഞ്ഞു.

'' ഇനി കാളൊന്നും കാണാന്‍ നില്‍ക്കണ്ടാ. വേഗം ചെന്ന് പറഞ്ഞപോലെ ചെയ്യ് '' ഫോണ്‍ കട്ടായി.

അനൂപ് വാച്ചിലേക്ക് നോക്കി. സമയം അഞ്ചാവാറായി. ഇവിടെ നിന്ന് ടൌണിലേക്ക് നാല്‍പ്പത് കിലോമീറ്റര്‍ ദൂരമുണ്ട്. കഷ്ടപ്പെട്ട് ചെല്ലുമ്പോഴേക്കും സ്റ്റോക്കിസ്റ്റ് കട അടച്ചു പൂട്ടി പോയാലോ. എന്തായാലും ചെന്ന് നോക്കാം. അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡില്‍ നിന്നെടുത്തു. സാധാരണ ദൂരദിക്കുകളിലേക്ക് ബസ്സിലാണ് പോവാറ്. അല്ലെങ്കില്‍ ഇപ്പോഴത്തെ പെട്രോള്‍ വിലയ്ക്ക് മുതലാവില്ല. ചിലപ്പോള്‍ ഏതെങ്കിലും കൂട്ടുകാരുടെ കൂടെ പോകാറുണ്ട്. പെട്രോള്‍ ചിലവ് ഷെയര്‍ ചെയ്താല്‍ മതി. പരിചയത്തിലുള്ള ആരും ഇവിടേക്ക് വരാറില്ല. അവരുടെ ടെറിട്ടറിയില്‍ ഇവിടം പെടാത്തതിനാലാണ്. ബസ്സില്‍ വരാമെന്നു വെച്ചാല്‍ അതും പറ്റില്ല. ഓരോ ഡോക്ടര്‍ ഓരോ ദിക്കിലാണ്. ഉള്ള കാശ് മുഴുവന്‍ ഓട്ടോറിക്ഷക്കാര്‍ക്ക് കൊടുക്കേണ്ടി വരും.

അനൂപ് എത്തുമ്പോള്‍ ഒരു സ്റ്റോക്കിസ്റ്റ് ഉണ്ട്. അവന്‍ വിവരം പറഞ്ഞു.

'' ഇവിടെ നിന്ന് മടക്കി അയച്ച സാധനങ്ങള്‍ക്കുള്ള ക്രെഡിറ്റ് നോട്ട് അയച്ചു തരാന്‍ പറ. എന്നിട്ട് നോക്കാം '' അയാള്‍ പറഞ്ഞു.

വേണ്ടത് ചെയ്യാമെന്നും പറഞ്ഞ് അനൂപ് അടുത്ത ദിക്കിലേക്ക് തിരിച്ചു. ഷട്ടര്‍ ഇട്ട ശേഷം കടയുടമ പൂട്ടി പുറപ്പെടാന്‍ നില്‍ക്കുന്നു.

'' എന്താ എല്ലാവരും പോണ നേരത്ത് വന്നത് '' സ്റ്റോക്കിസ്റ്റിന്ന് ആ നേരത്ത് ചെന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി. അനൂപ് കാര്യം പറഞ്ഞു.

''ഞാന്‍ സ്റ്റോപ്പ് പെയ്‌മെന്‍റ് ഓര്‍ഡര്‍ കൊടുത്തതാണ്. എല്ലാ സാധനവും ഓര്‍ഡര്‍ കൊടുത്തതിലും വെച്ച് ഇരുപത്തഞ്ച് മുപ്പത് ശതമാനം അധികം അയച്ചിട്ടുള്ളത് എന്തിനാണെന്ന് എനിക്കറിയണം ''.

'' ഞാന്‍ മാനേജറോട് ചോദിച്ചിട്ട് പറയാം ''.

'' അയാളോട് ഇങ്ങോട്ട് വരാന്‍ പറ. നേരിട്ട് നാല് പറയാനുണ്ട്. ഇനി ഇത് മാതിരി കാണിക്കരുത് ''.

'' ശരി '' അനൂപ് പറഞ്ഞു.

'' ഇല്ലെങ്കില്‍ വന്നതൊക്കെ ഞാന്‍ അതേപടി മടക്കി അയയ്ക്കും '' അയാള്‍ കാറില്‍ കയറി.

പത്ത് ലക്ഷം രൂപ ടാര്‍ജറ്റ് നിശ്ചയിച്ച സ്ഥാനത്ത് കഴിഞ്ഞ മാസം ഏഴു ലക്ഷത്തിന്‍റെ ഓര്‍ഡറേ കിട്ടിയുള്ളു എന്ന് എ. ബി. എം പറഞ്ഞിരുന്നത് അനൂപ് ഓര്‍ത്തു. അത് പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരിക്കും ഇതെന്ന് അവന്ന് തോന്നി.

'' കുട്ടി, പടി അടച്ചോട്ടെ '' വാച്ച്‌മാന്‍ പറഞ്ഞപ്പോള്‍ അനൂപ് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.

4 comments:

  1. ഇപ്പോൾ എല്ലായിടത്തും ഇതു തന്നെ സ്ഥിതി. എങ്ങിനെയെങ്കിലും ടാർജറ്റ് ഒപ്പിക്കുക.....

    ReplyDelete
  2. ponmalakkaran / പൊന്മളക്കാരന്‍ ,

    അത് കാരണം അനുഭവിക്കുന്ന വിഷമം ചില്ലറയല്ല.

    ReplyDelete
  3. ടെന്‍ഷന്‍ മേല്‍ ടെന്‍ഷന്‍

    ReplyDelete
  4. ' അതൊന്നും വേണ്ടാ. ഇത്തിരി വീതിയുള്ള ഒരു ബ്രഷ് വാങ്ങി തന്നാല്‍ ഞാന്‍ തന്നെ അടിക്കാം ''.
    മിടുക്കി യായ പണിക്കാരി

    ReplyDelete