Sunday, August 21, 2011

നോവല്‍ - അദ്ധ്യായം 16.

വളരെ നാളുകള്‍ക്ക് ശേഷമാണ് പ്രദീപ് രവികുമാറിനെ കാണുന്നത്. മണപ്പുള്ളിക്കാവും കഴിഞ്ഞ് നാഷണല്‍ ഹൈവേയിലേക്ക് പോവുന്ന വഴിയില്‍ വെച്ച് ആകസ്മികമായി അവര്‍ കാണുകയായിരുന്നു. റോഡോരത്തെ മരത്തണലില്‍ ബൈക്കുകള്‍ നിര്‍ത്തി ഇരുവരും ഇറങ്ങി.

''നിന്നെ കണ്ടിട്ട് കുറച്ച് കാലം ആയല്ലോടാ '' പ്രദീപ് പറഞ്ഞു '' നീ ഈ നാട്ടിലൊക്കെ ഇല്ലേ ''.

'' എവിടേക്കാടാ ഞാന്‍ പോണത് '' രവി പറഞ്ഞു '' അച്ഛനും അമ്മയും താഴെ രണ്ട് അനുജന്മാരും അല്ലാതെ ആരാ എനിക്ക് ഉള്ളത് ''.

'' ഉണ്ടായിട്ട് ഉപകാരം ഇല്ലാത്തോരേക്കാള്‍ ഇല്ലാത്തതാടാ ഭേദം '' പ്രദീപ് അവനെ ആശ്വസിപ്പിച്ചു '' വയസ്സായ അമ്മ മാത്രമേ എനിക്കുള്ളു. ഞാന്‍ അതാലോചിച്ച് സങ്കടപ്പെടാറില്ല. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ നൂറുനൂറ് ആള്‍ക്കാരുണ്ട് എനിക്ക് ''.

'' അതെങ്കിലും ഉണ്ടല്ലോ നിനക്ക് '' അവന്‍റെ വാക്കുകളില്‍ വിഷമം നിറഞ്ഞു നിന്നു.

രവിയുടെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ജാതി എന്ന വേര്‍തിരിവ് ലംഘിച്ച അവരെ ഇരു സമുദായങ്ങളും പുറന്തള്ളി. ബന്ധുക്കളും ഉപേക്ഷിച്ചതോടെ ആ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു.

'' നിന്‍റെ അച്ഛനും അമ്മയ്ക്കും വിശേഷിച്ച് ഒന്നും ഇല്ലല്ലോ '' പ്രദീപ് ചോദിച്ചു.

'' അമ്മ ഈ മാര്‍ച്ച് മുപ്പത്തൊന്നിന്ന് സ്കൂളില്‍ നിന്ന് പിരിഞ്ഞു. അച്ഛന്‍ ജോലിക്ക് പോണുണ്ട് ''.

'' അതെന്താ അങ്ങിനെ ''.

'' അച്ഛന്‍ റെയില്‍വേയിലല്ലേ. പോരാത്തതിന്ന് അമ്മടെ സര്‍ട്ടിഫിക്കറ്റില്‍ രണ്ടു വയസ്സ് കൂടുതലും ആണ് '' രവി പറഞ്ഞു. പൊടി പറത്തിക്കൊണ്ട് രണ്ട് ബസ്സുകള്‍ കടന്നു പോയി.

'' നീ എന്താ ഇപ്പൊ ചെയ്യുന്നത് '' അവന്‍ ചോദിച്ചു.

'' നിനക്ക് ഇന്‍ഷൂറന്‍സ് എടുക്കണോ, ഡെപ്പോസിറ്റ് ചെയ്യണോ എന്നോട് പറയ് '' പ്രദീപ് പറഞ്ഞു '' ഞാന്‍ ഇപ്പോള്‍ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് ആണ് ''. പ്രദീപ് അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര് പറഞ്ഞു.

'' തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു പണിയായി അല്ലേടാ ''.

പ്രദീപ് ഒന്ന് മൂളി.

'' അനുജന്മാര് '' അവന്‍ ചോദിച്ചു.

'' ഒരുത്തന്‍ പ്ലംബിങ്ങിന്ന് പോണുണ്ട്. ചെറിയവന്‍ ഡിഗ്രിക്ക് ചേര്‍ന്നു ''.

'' നിനക്ക് മുപ്പത് വയസ്സ് ആവാറായില്ലേ. കല്യാണം നോക്കുന്നുണ്ടോ ''.

'' അച്ഛന്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങിയാല്‍ എനിക്ക് ജോലി കിട്ടും എന്ന് പറയുന്നുണ്ട്. ഇപ്പോള്‍ അതിനുള്ള ശ്രമത്തിലാണ്. അതിന്ന് പുറമെ പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ പേരുണ്ട്. എപ്പഴാ അപ്പോയിന്‍റ്മെന്‍റ് ഉണ്ടാവുക എന്നറിയില്ല. ഏതെങ്കിലും ഒരു ജോലി കിട്ടിയിട്ടേ കല്യാണക്കാര്യം ആലോചിക്കൂ. ഇനി അതിന്ന് എന്തൊക്കെ ഏടാകൂടം ഉണ്ടാവും എന്നൊന്നും അറിയില്ല ''.

'' അതിനെന്താ ഏടാകൂടം ''.

'' സമുദായ പ്രശ്നം തന്നെ ''.

'' നിന്‍റെ അച്ഛനും അമ്മയും അതൊന്നും നോക്കിയില്ലല്ലോ. അവര് ഒന്നിച്ച് ജീവിക്കുന്നില്ലേ. അതുപോലെ നിനക്കും ഒരു പെണ്‍കുട്ടിയെ കിട്ടും ''.

'' അമ്മയ്ക്ക് മാത്രമേ അത് വിചാരിച്ച് വിഷമം ഉള്ളു. ബാക്കി ആരും ആ ഭാഗം ആലോചിക്കാറേ ഇല്ല '' ഒന്ന് നിര്‍ത്തി അവന്‍ ചോദിച്ചു '' എങ്ങിനെ പോണൂ നിന്‍റെ ജോലി ''.

'' അതൊന്നും പറയാതിരിക്കുകയാണ് ഭേദം. നൂറാളുകളെ കണ്ട് സംസാരിച്ചാല്‍ ആറാളുകള്‍ കേള്‍ക്കാന്‍ സന്മനസ്സ് കാട്ടും. അതില്‍ ഒരാള് നോക്കട്ടെ എന്ന് പറയും. പണം മുടക്കണ്ട സമയമാവുമ്പോള്‍ അയാളും വലിയും ''.

'' എല്ലാ ഫീല്‍ഡിലും ഇതൊക്കെ തന്നെയാണ്. എന്‍റെ കാര്യം നോക്ക്. ആളുകളെ ക്യാന്‍വസ്സ് ചെയ്ത് പേഴ്സണല്‍ ലോണ്‍ എടുപ്പിക്കലാ എന്‍റെ ഇപ്പോഴത്തെ പണി. അതും ശരിയാവുന്നില്ല ''.

ശെല്‍വന്‍ കടം വാങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടത് പ്രദീപിന്ന് ഓര്‍മ്മ വന്നു. സംഗതി ക്ലിക്ക് ചെയ്താല്‍ രണ്ടുപേര്‍ക്കും ഉപകാരമാവും.

'' നോക്കെടാ എന്‍റെ ഒരു കക്ഷിക്ക് അത്യാവശ്യായിട്ട് കുറച്ച് പണം വേണം. അവന് ഒരു ലോണ്‍ ശരിയാക്കി കൊടുക്ക് '' പ്രദീപ് പറഞ്ഞു '' അവനത് ഒരു ഉപകാരം ആവും , നിനക്ക് ഒരു ലീഡ് കിട്ടും ചെയ്യും ''.

'' ആര്‍ക്കാ ലോണ്‍ വേണ്ടത്, എത്ര വേണം '' രവി ഉഷാറായി.

പ്രദീപ് കാര്യങ്ങള്‍ വിവരിച്ചു.

'' ഞാനൊന്ന് നോക്കട്ടെ . എവിടെയാ സ്ഥലം '' രവി ചോദിച്ചു.

'' ടൌണിന്ന് നടുവില്‍ തന്നെയാണെടാ '' പ്രദീപ് സ്ഥലം പറഞ്ഞു കൊടുത്തു.

'' വെരി സോറി. അത് നടക്കില്ല '' രവി പറഞ്ഞു.

'' എന്താടാ കാര്യം ''.

'' കമ്പിനിടെ നോട്ടത്തില്‍ ആ സ്ഥലം നെഗറ്റീവ് ഏരിയ ആണ് ''.

'' എന്നു പറഞ്ഞാല്‍ ''.

'' ആ സ്ഥലത്തുള്ളവര്‍ക്ക് കടം കൊടുത്താല്‍ തിരിച്ച് കിട്ടില്ല , അവര് പണം വാങ്ങിച്ച് ഒറ്റ മുങ്ങ് മുങ്ങും എന്നൊക്കെയാണ് കമ്പിനിടെ കാഴ്ചപ്പാട് ''.

'' ഏയ്. ഇവന്‍ അങ്ങിനത്തെ ആളല്ല. ഞാന്‍ ഗ്യാരണ്ടി ''.

'' നീ പറയുന്നത് ശരിയായിരിക്കും. പക്ഷെ കമ്പിനി സമ്മതിക്കണ്ടേ '' രവി പറഞ്ഞു '' രാഷ്ട്രീയക്കാര്‍ക്കും വക്കീലന്മാര്‍ക്കും പോലീസുക്കാര്‍ക്കും കമ്പിനി കടം കൊടുക്കില്ല. കമ്പിനിടെ നോട്ടത്തില്‍ അവരൊക്കെ നെഗറ്റീവ് പേഴ്സണ്‍സ് ആണ്. അവര്‍ക്ക് കടം കൊടുത്താല്‍ മര്യാദയ്ക്ക് തിരിച്ചടയ്ക്കില്ല, ഒടുക്കം പണം പിരിഞ്ഞു കിട്ടാന്‍ കേസ്സിന്നും കൂട്ടത്തിനും പോവേണ്ടി വരും എന്നാണ് നിലപാട് ''.

'' ഇതാണ് പരിപാടിയെങ്കില്‍ നീ ഇങ്ങിനെ ഓടി നടക്കലേ ഉണ്ടാവൂ. ലോണ്‍ കൊടുക്കല് ഉണ്ടാവില്ല '' പ്രദീപ് പറഞ്ഞു.

'' എങ്ങിനെയെങ്കിലും ടാര്‍ജറ്റ് ഒപ്പിക്കണ്ടേ. ഓടാതെ പറ്റില്ലല്ലോ ''.

'' ഒരു ഒഴിവ് ദിവസം ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരുന്നുണ്ട് '' പ്രദീപ് പറഞ്ഞു ''കുറെ കാലമായി എല്ലാവരേയും കണ്ടിട്ട് ''.

'' അച്ഛനും അമ്മയും ഇടയ്ക്ക് നിന്‍റെ കാര്യം അന്വേഷിക്കും '' രവി പറഞ്ഞു '' മിടുക്കനാണ് നീ എന്നാ അവര് പറയാറ്. നിന്‍റെ തനി സ്വഭാവം ഞങ്ങള്‍ക്കല്ലേ അറിയൂ ''.

പ്രദീപ് ചിരിച്ചു. രണ്ടുപേരും ബൈക്ക് സ്റ്റാര്‍ട്ടാക്കി.

*************************************************

അര മണിക്കൂറിലേറെയായി അനിരുദ്ധന്‍ കാത്തുനില്‍പ്പ് തുടങ്ങിയിട്ട്. റെപ്രസന്‍റേറ്റിവ് എത്തിയിട്ടില്ല. '' സാറെ ഒരു അഞ്ച് മിനുട്ട് '' എന്ന് പറഞ്ഞ ആളാണ്. തീരെ ഉത്തരവാദിത്വം ഇല്ലാത്തൊരു പയ്യന്‍. ആറ് മാസം കഴിഞ്ഞു ജോലിയില്‍ ചേര്‍ന്നിട്ട്. ഇനിയും ശരിക്ക് ഒരു റിപ്പോര്‍ട്ട് അയയ്ക്കാനറിയില്ല. നല്ല പൊട്ടെന്‍ഷ്യല്‍ ഉള്ള ഏരിയ ആയിരുന്നു. പക്ഷെ സെയില്‍ പടിപ്പടി കുറഞ്ഞു വരുന്നു. എന്താണ് ഇവന്‍ ചെയ്യുന്നത്.

'' വണ്ടി ചെറിയൊരു തകരാറ് കാണിച്ചു. അതാണ് '' എത്തിയതും അവന്‍ വൈകിയതിന്‍റെ കാരണം അറിയിച്ചു.

'' എന്തു പറ്റി '' അനിരുദ്ധന്‍ ചോദിച്ചു.

'' ഗിയര്‍ ബോക്സിന്ന് എന്തോ തകരാറ്. ശരിക്കങ്ങിട്ട് വീഴിണില്ല ''.

ആ പറഞ്ഞത് തികച്ചും അസത്യമാണെന്ന് അനിരുദ്ധന്ന് തോന്നി. പുതിയ വണ്ടിയാണ്. കേട് വരാറൊന്നും ആയിട്ടില്ല.

'' എന്നിട്ട് വര്‍ക്ക് ഷോപ്പില്‍ കാണിച്ചോ ''.

'' വേണ്ടി വന്നില്ല. തന്നെ ശരിയായി ''.

വിഡ്ഡി. നുണ പറയുന്ന പക്ഷം ബോധിക്കുന്ന മട്ടില്‍ പറയണം. കൂടുതല്‍ സംസാരിക്കാന്‍ മിനക്കെട്ടില്ല.

'' എങ്ങോട്ടാ പോണ്ടത് ''പയ്യന്‍ ചോദിച്ചു.

അനിരുദ്ധന്‍ ഒരു ഡോക്ടറുടെ പേര് പറഞ്ഞു. തിരക്കുള്ള ഡോക്ടറാണ്. സപ്പോര്‍ട്ടീവ് ആയിരുന്നു. മുമ്പ് പോയി കാണാറുള്ള ആളാണ്. ഈ പയ്യന്‍ വന്ന ശേഷം ആദ്യമായാണ് ചെല്ലുന്നത്.

ക്ലിനിക്കിലേക്കുള്ള തിരിവ് കഴിഞ്ഞിട്ടും പയ്യന്‍ നിര്‍ത്താതെ ഓടിക്കുകയാണ്.

'' എങ്ങോട്ടാ പോണത് '' അനിരുദ്ധന്‍ ചോദിച്ചു.

'' സാറ് പറഞ്ഞ ഡോക്ടറെ കാണണ്ടേ ''.

'' അതിന് ഈ വഴിക്കാണോ പോണത് ''.

പയ്യന്‍ വണ്ടി നിര്‍ത്തി.

'' തനിക്ക് വഴി അറിയ്യോ '' അയാള്‍ അന്വേഷിച്ചു. പയ്യന്‍ ഒന്നു പരുങ്ങി.

'' താന്‍ ആ ഡോക്ടറെ ഇതുവരെ കണ്ടിട്ടില്ല അല്ലേ ''.

'' സോറി സാര്‍ ''. എത്ര എളുപ്പം. വെറുതെയല്ല സെയില്‍ കുറയുന്നത്.

അഞ്ച് കാളുകള്‍ കാണുമ്പോഴേക്കും ഉച്ചയായി. ഇനി ഭക്ഷണം കഴിച്ചിട്ടാവാം. ടൌണിലേക്ക് തിരിച്ചു പോവാന്‍ തുടങ്ങി.

'' ലെഫ്റ്റിലേക്ക് വിട്. എളുപ്പ വഴിയാണ് '' കോളേജിനടുത്ത് എത്തിയപ്പോള്‍ അനിരുദ്ധന്‍ പറഞ്ഞു.

തിരിവിനടുത്തുള്ള ക്ലിനിക്ക് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു. പഴയ ഒരു ഡോക്ടറാണ്. ഇപ്പോഴും അത്യാവശ്യം പേഷ്യന്‍സൊക്കെ ഉണ്ട്. മുന്‍വശത്തെ മെഡിക്കല്‍ സ്റ്റോര്‍ അടച്ചിരിക്കുന്നു.

'' താന്‍ ഇവിടെ വരാറുണ്ടോ '' അനിരുദ്ധന്‍ ചോദിച്ചു.

'' ഉവ്വ് ''പയ്യന്‍ പറഞ്ഞു.

'' ഫാര്‍മസി അടച്ചിട്ടുണ്ടല്ലോ ''.

'' സാറെ. മണി ഒന്ന് കഴിഞ്ഞില്ലേ. അയാള്‍ ഉണ്ണാന്‍ പോയതായിരിക്കും ''.

ക്ലിനിക്കില്‍ തിരക്കില്ലാത്തതിനാല്‍ വേഗം കയറാനായി. പയ്യന്‍ ഡീറ്റൈല്‍ ചെയ്യുന്നതും ശ്രദ്ധിച്ച് അനിരുദ്ധന്‍ നിന്നു.

'' പ്രോഡക്റ്റ് അവൈലബിളാണോ '' ഡോക്ടര്‍ ചോദിച്ചു.

'' ആണ് '' പയ്യന്‍ പറഞ്ഞു '' കഴിഞ്ഞ ആഴ്ച ഞാന്‍ വന്നപ്പോള്‍ പറഞ്ഞ് എടുപ്പിച്ചിട്ടുണ്ട് ''.

'' താനെന്താ മനുഷ്യനെ കളിയാക്കാന്‍ വന്നതാണോ '' ഡോക്ടര്‍ ചൂടായി. അനിരുദ്ധന്ന് കാര്യം മനസ്സിലായില്ല.

'' എന്താ സാര്‍ '' അയാള്‍ ചോദിച്ചു.

'' ആ മെഡിക്കല്‍ ഷോപ്പുകാരന്‍ ബൈക്ക് ആക്സിഡന്‍റ് ആയി കൊയമ്പത്തൂരില്‍ അഡ്മിറ്റായിട്ട് ഇരുപത് ദിവസം ആയി. എന്നിട്ടാ ഇയാള് കഴിഞ്ഞ ആഴ്ച കണ്ടു എന്ന് പറയുന്നത് ''.

'' സോറി സാര്‍ '' അനിരുദ്ധന്‍ കൈകൂപ്പി.

'' ദിവസവും രാവിലെ മുതല്‍ രാത്രി വരെ രോഗികളെ കാണുന്നവരാണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍. വിഷമവും വേദനയും ഉള്ളവര്‍ മാത്രമേ ഞങ്ങളുടെ മുമ്പില്‍ എത്താറുള്ളു. അതിന്‍റെ ഇടയില്‍ സ്മാര്‍ട്ടായി നല്ല വേഷം ധരിച്ച് വരുന്ന നിങ്ങളൊക്കെയാണ് ഒരു ചെയ്ഞ്ച്. നിങ്ങള്‍ക്ക് തരുന്ന റെസ്പെക്റ്റ് എന്തിനാണെന്ന് ഓര്‍മ്മ വേണം ''.

മാപ്പ് പറഞ്ഞ് പുറത്തിറങ്ങി.

'' നമ്മളുടെ തൊഴിലിന്ന് ഒരു അന്തസ്സുണ്ട്. നീയായിട്ട് അത് കളയരുത് '' അനിരുദ്ധന്‍ പയ്യനോട് പറഞ്ഞു. ബൈക്ക് നീങ്ങി തുടങ്ങി.

4 comments:

  1. വായന തുടരുന്നു….

    ReplyDelete
  2. ajith,

    വളരെ നന്ദി.

    രാജഗോപാല്‍ ,

    വായിച്ചിട്ട് എന്ത് തോന്നുന്നു.

    ReplyDelete
  3. അച്ഛന്‍ റെയില്‍വേയിലല്ലേ. പോരാത്തതിന്ന് അമ്മടെ സര്‍ട്ടിഫിക്കറ്റില്‍ രണ്ടു വയസ്സ് കൂടുതലും ആണ് ''
    enneppole itha mattoraal...

    ReplyDelete