Wednesday, November 2, 2011

നോവല്‍ - അദ്ധ്യായം - 25.

ക്ലോക്കില്‍ പത്തു മണി അടിച്ചതിന്ന് പുറകെ കാളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു. രാധിക വാതില്‍ തുറന്നപ്പോള്‍ അനിരുദ്ധനാണ്.

'' കോഴിക്കോട്ടേക്ക് പോണം എന്നും പറഞ്ഞ് പുലര്‍ച്ചെ പോയതല്ലേ. ഇത്ര ക്ഷണത്തില്‍ അവിടെ ചെന്ന് തിരിച്ചെത്തിയോ '' ഭാര്യ പറഞ്ഞ തമാശ അനിരുദ്ധന് ആസ്വദിക്കാനായില്ല. ഷൂസ് അഴിച്ചു വെച്ച് അയാള്‍ അകത്തേക്ക് നടന്നു.

'' എന്താ ഞാന്‍ ചോദിച്ചത് കേട്ടില്ലേ '' ഭാര്യ പുറകെ തന്നെയുണ്ട്.

'' വണ്ടി ഷൊര്‍ണ്ണൂര്‍ വിട്ടപ്പോഴാ കോഴിക്കോടുകാരന്‍ പയ്യന്‍റെ അച്ഛന്‍ വിളിക്കുന്നത്. പനി പിടിച്ച് അവനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണത്രേ. അത് കേട്ടതും ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഇങ്ങോട്ടുള്ള വണ്ടിയില്‍ കയറി ''.

'' അപ്പോള്‍ ഇന്ന് എങ്ങോട്ടും പോണില്ല ''.

'' ഇല്ല. നേരം വൈകി. ഇനി നാളയേ പോണുള്ളൂ ''.

ലാപ്പ്‌ട്ടോപ്പ് തുറന്നു. കുറെയധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാനുണ്ട്. അതെങ്കിലും നടക്കട്ടെ. ഏറെ കഴിയുന്നതിന്ന് മുമ്പ് ഭാര്യ എത്തി.

'' നമുക്കൊന്ന് വീട്ടില്‍ പോയാലോ '' അവള്‍ ചോദിച്ചു. അനിരുദ്ധനും അതില്‍ താല്‍പ്പര്യം തോന്നി. അമ്മയെ ചെന്നു കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. പാവം മകന്‍ വരുന്നതും കാത്ത് ഇരിക്കുകയാവും. ജോലിത്തിരക്കും വീട്ടിലെ പ്രാരബ്ധങ്ങളും അമ്മയ്ക്ക് അറിയില്ലല്ലോ. അച്ഛന്‍ മരിക്കുന്നതിന്ന് മുമ്പ് ഇങ്ങിനെയായിരുന്നില്ല. ആഴ്ച തോറും വീട്ടിലെത്തും. ഒരാഴ്ച തെറ്റിയാല്‍ അച്ഛന്‍റെ വിധം മാറും.

'' ശരി. വേഗം ഒരുങ്ങിക്കോളൂ '' അയാള്‍ സമ്മതം മൂളി.

ബിഗ് ഷോപ്പറില്‍ കേടുവന്ന മിക്സിയുമായിട്ടാണ് രാധിക ഒരുങ്ങിയെത്തിയത്.

'' എന്തിനാ വീട്ടിലേക്ക് പോവുമ്പൊ ഈ കേടു വന്ന സാധനം. റിപ്പയര്‍ ചെയ്യാന്‍ മിനക്കെടേണ്ടാ എന്നു പറഞ്ഞ് പുതിയ മിക്സി ഞാന്‍ വാങ്ങി തന്നതല്ലേ ''.


'' അതോണ്ടെന്താ. ഇത് എന്‍റെ അച്ഛന്‍ വാങ്ങി തന്നതാ. അവിടെ ചെല്ലുമ്പൊ കൊടുത്താല്‍ അച്ഛന്‍ നേരാക്കിച്ച് തരും ''.

'' അതിന് നമ്മള്‍ എന്‍റെ വീട്ടിലേക്കല്ലേ പോണത് '' അനിരുദ്ധന്‍ ചോദിച്ചു.

'' ഇതാപ്പൊ പറ്റിയത്. വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ശരീന്ന് സമ്മതിച്ച് ഇപ്പൊ വാക്ക് മാറ്റുന്നോ '' ഭാര്യ പരിഭവിച്ചു '' വീട്ടില്‍ ചെന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. നിങ്ങളുടെ ജോലിത്തിരക്ക് കാരണം കുട്ടിമാമടെ പിറന്നാളിനും കൂടി പോവാനായില്ല ''.

'' അപ്പൊ എന്‍റെ അമ്മയെ കാണണ്ടേ ''.

'' എന്നെ എന്‍റെ വീട്ടില്‍ ഇറക്കി വിട്ടിട്ട് നിങ്ങള് വേണച്ചാല്‍ പൊയ്ക്കോളിന്‍. മടങ്ങി വരുമ്പൊ കൂട്ടീട്ട് വന്നാല്‍ മതി ''.

'' അമ്മയ്ക്ക് കുട്ടിയെ കാണണം എന്ന് മോഹം ഉണ്ടാവും ''.

'' അതന്യാ ഞാന്‍ വരാത്തത്. അവിടെ കൊണ്ടു ചെന്നാല്‍ മുത്ത്യേമ്മ തൊട്ട് നാല് വയസ്സുള്ള അപ്പു വരെ കുട്ടിയെ എടുക്കും. ഒടുക്കം അതിന് വയ്യാണ്ടായാല്‍ ഞാനേ ഉള്ളു ബുദ്ധിമുട്ടാന്‍ ''.

ഇനി സംസാരിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും മനസ്സില്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറുന്ന സ്വഭാവക്കാരിയല്ല രാധിക. കൂടുതല്‍ പറഞ്ഞ് ലഹള കൂടിയിട്ട് എന്താ കാര്യം. കുട്ടിയേയും എടുത്ത് ഭാര്യ വാതില്‍ പൂട്ടി ഇറങ്ങുമ്പോഴേക്കും അനിരുദ്ധന്‍ മാരുതി 800 ന്‍റെ പിന്‍സീറ്റില്‍ ബിഗ്ഷോപ്പര്‍ എടുത്തു വെച്ചു.

********************************

'' ഒരുപാട് നന്ദിയുണ്ടെടാ നീ ചെയ്ത സഹായത്തിന് '' പ്രദീപിനെ കെട്ടിപ്പിടിച്ച് അതു പറയുമ്പോള്‍ ശെല്‍വന്‍റെ തൊണ്ട ഇടറിയിരുന്നു. ഹോട്ടലിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ നില്‍ക്കുകയാണ് അവര്‍.

'' വല്ലാതെ സെന്‍റി ആവാതെടാ ചെക്കാ '' പ്രദീപ് അവന്‍റെ മുതുകത്ത് തടവിക്കൊണ്ട് പറഞ്ഞു '' ആരും ചെയ്യുന്നതല്ലേ ഞാനും ചെയ്തുള്ളൂ ''.

അവന്‍ അങ്ങിനെ പറഞ്ഞിരുന്നുവെങ്കിലും വാസ്തവം അങ്ങിനെയല്ലെന്ന് രണ്ട് കൂട്ടര്‍ക്കും അറിയാം. വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ച് കൊടുത്തതോ, ഫര്‍ണിച്ചറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ സഹായിച്ചതോ വലിയ കാര്യമല്ല. എന്നാല്‍ വീട് വില്‍പ്പനയ്ക്കിടയില്‍ പൊന്തി വന്ന പ്രതിബന്ധങ്ങള്‍ തീര്‍ത്തത് അങ്ങിനെയാണോ.

രണ്ടാഴ്ച മുമ്പാണ് ആദ്യത്തെ സംഭവം. ശെല്‍വന്‍റെ വീട് വില്‍ക്കുന്ന വിവരം അറിഞ്ഞ് മൂന്ന് നാല് ആവശ്യക്കാര്‍ അന്നു വീട് നോക്കാന്‍ വന്നിരുന്നു. വൈകുന്നേരം അച്ഛന്‍ പണി കഴിഞ്ഞ് എത്തിയ സമയം. അച്ഛന്‍റെ രണ്ട് അനുജന്മാര്‍ വീട്ടിലെത്തി.

'' നിങ്ങള് വീട് വില്‍ക്കാന്‍ പോണൂന്ന് കേട്ടു. അറിയാന്‍ വന്നതാ '' അച്ഛന്‍റെ തൊട്ട് താഴെയുള്ള ആള്‍ ചോദിക്കുന്നത് കേട്ടു.

'' ഉവ്വ് '' അച്ഛന്‍ പറഞ്ഞു '' പെണ്ണിന് ഒരു ആലോചന വന്നിട്ടുണ്ട്. ഇത് വിറ്റിട്ട് വേണം അവളുടെ കല്യാണം നടത്താന്‍ ''.

'' അതെങ്ങിനേയാ നിങ്ങള്‍ ഒറ്റയ്ക്ക് വില്‍ക്ക്വാ. നമ്മടെ അച്ഛന്‍റെ പേരിലുള്ള സ്ഥലമാണ്. അതില് എല്ലാവര്‍ക്കും അവകാശം ഉണ്ട് ''.

'' എന്‍റെ കയ്യിലെ പണം കൊടുത്താണ് ഇത് വാങ്ങിയത്. തല ഇരിക്കുമ്പോ വാല് ആടണ്ടാ എന്നു വെച്ച് അച്ഛന്‍റെ പേരില്‍ സ്ഥലം റയിഷാക്കി. നിങ്ങള്‍ക്ക് അറിയുന്നതല്ലേ ആ കാര്യങ്ങള്. ഒരാളും ഒരു പൈസ ഇതിലിക്ക് മുടക്കീട്ടില്ല ''.

'' ഇതൊക്കെ പറഞ്ഞോണ്ടിരിക്കാനേ പറ്റു. കോടതീല് കയറിയാല്‍ അടുത്തകാലത്തൊന്നും കേസ്സ് തീരില്ല ''.

'' ഞാനെന്താ വേണ്ടത് '' അച്ഛന്‍ കരയുകയാണോ എന്ന് ശെല്‍വന് തോന്നി.

'' അങ്ങിനെ വഴിക്ക് വരിന്‍. പെങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് അവളെ കെട്ടിച്ചയച്ചു. ഇനി അവള്‍ക്കൊന്നും കൊടുക്കണ്ടാ. പിന്നെ നമ്മള് നാല് ആണുങ്ങള്. കിട്ടുന്ന പണം ഒപ്പൊപ്പം ''.

'' അത് എങ്ങിന്യാ ശരിയാവ്വാ. അര പൈസ ഇറക്കാത്ത നിങ്ങള്‍ക്കും വില കൊടുത്ത് വാങ്ങിയ എനിക്കും ഒരു പോലെ. ഞാന്‍ തരില്ലാച്ചാലോ ''.

'' എങ്കില്‍ ഇത് വില്‍ക്കുന്നത് കാണട്ടെ ''.

രണ്ടുപേരും പോയതും അച്ഛന്‍ കരയാന്‍ തുടങ്ങി. കല്യാണത്തിന്ന് പുറപ്പെട്ടതേ വീട് വിറ്റ് പണം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. അത് തടസ്സപ്പെടാന്‍ പോവുകയാണ്. കല്യാണം മുടങ്ങാനാണ് ഇട വരിക. സമുദായക്കാരോട് വിവരം പറയാന്‍ അമ്മ അച്ഛനെ ഉപദേശിക്കുന്നത് കണ്ടു. മദ്ധ്യസ്ഥം പറഞ്ഞ് കേസ്സും കൂട്ടവും ഒഴിവാക്കാന്‍ പറ്റിയാലോ. അപ്പോള്‍ തന്നെ അച്ഛന്‍ പോയി.

'' അതൊന്നും നടക്കില്ല '' അച്ഛന്‍ തിരിച്ചു വന്നത് കുറെക്കൂടി സങ്കടത്തിലാണ് '' വലിയ നിലയില്‍ മകളെ അയക്കാന്‍ നോക്കരുത്. സ്ഥലം വിറ്റ് കിട്ടുന്ന പണം വീതം വെച്ച് ഉള്ളതോണ്ട് കല്യാണം നടത്താനാണ് അവര് പറഞ്ഞത് ''.

'' മകള് പഠിച്ച് ഡോക്ടറാവുന്നതിലേ കണ്ണുകടി ഉള്ളോരാണ്. അതാ സഹായിക്കാത്തത് '' അമ്മ പറഞ്ഞു.

'' ഇത് മുടങ്ങിയാല്‍ ഞാന്‍ തൂങ്ങിച്ചാവും '' അച്ഛന്‍ പായ വിരിച്ച് കിടന്നു. ഉണ്ടാക്കിയ ആഹാരം ആരും രാത്രി കഴിച്ചില്ല. അച്ഛനേയും അമ്മയേയും എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പ്രദീപിനെ ഓര്‍മ്മ വന്നത്. അപ്പോള്‍ തന്നെ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പേടിക്കണ്ടടാ. വഴിയുണ്ടാക്കാം '' എന്ന് അവന്‍ പറഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. പിറ്റേ ദിവസം അവന്‍ വീട്ടിലെത്തി. ആധാരം വാങ്ങി വായിച്ചു നോക്കി.

'' മര്യാദയ്ക്ക് പോയാല്‍ അവര്‍ക്ക് പണം കൊടുക്കണം, അല്ലെങ്കില്‍ കേസ്സിന്ന് പോണം '' അവന്‍ പറഞ്ഞു '' നമുക്ക് വേറെ വഴി നോക്കാം ''.

അന്ന് വൈകുന്നേരം ഏറ്റവും താഴെയുള്ള ഇളയച്ചനെത്തി. സ്വതവേ ആര്‍ക്കും ഗുണത്തിന്നും ദോഷത്തിന്നും പോകാത്ത ആള്‍.

'' അണ്ണന്‍റെ കൂടെ ഞാനുണ്ട്. ഏത് കോടതീല് വേണച്ചാലും ഞാന്‍ സത്യം പറയാം '' അയാള്‍ പറഞ്ഞു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. രണ്ട് ദിവസം കഴിഞ്ഞതും ദേഷ്യപ്പെട്ടുപോയ ഇളയച്ഛന്മാര്‍ എത്തി.

'' വീട് വിറ്റോളിന്‍. ഞങ്ങള്‍ കേസ്സിനും കൂട്ടത്തിനും ഒന്നും വരുന്നില്ല '' മൂത്ത ആള്‍ പറഞ്ഞു '' എന്നാ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി, ഞങ്ങള്‍ റജിസ്ട്രാപ്പീസില്‍ വന്ന് ഒപ്പിട്ടു തരാം ''.

'' നിന്‍റെ ഏറ്റവും താഴത്തെ ചെറിയച്ഛന്‍ അര്‍ജുനന്‍ അളൊരു പാവമാണ്. കാര്യം പറഞ്ഞ ഉടനെ അങ്ങേര് സഹായിക്കാമെന്ന് ഏറ്റു. മറ്റേ രണ്ടാളോടും കുറച്ച് ഭീഷണി വേണ്ടി വന്നു '' പിറ്റേന്ന് കോട്ടമൈതാനത്ത് കണ്ടു മുട്ടിയപ്പോള്‍ പ്രദീപ് പറയുകയുണ്ടായി.

ബാക്കി കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. കിട്ടിയ സംഖ്യ ബാങ്കില്‍ ഇടുന്നതിന്ന് മുമ്പ് ഇളയച്ഛന്മാര്‍ക്ക് അച്ഛന്‍ അറിഞ്ഞു കൊടുത്ത പണം കൂടി അവര്‍ സ്വീകരിച്ചില്ല.

'' ആ പ്രദീപിന്ന് എന്തെങ്കിലും കൊടുക്കണം '' എന്ന് അന്ന് അച്ഛന്‍ പറഞ്ഞു. മടിയോടു കൂടിയാണ് ആ വിവരം അവനോട് പറഞ്ഞത്.

'' എനിക്കൊന്നും വേണ്ടാടാ. നിര്‍ബന്ധം ആണച്ചാല്‍ നമ്മടെ അന്‍വറണ്ണനും സെറ്റിനും ഒരു പാര്‍ട്ടി കൊടുക്ക്. പത്ത് പൈസ വാങ്ങാതെയാണ് അവര് ക്വൊട്ടേഷന്‍ എടുത്ത് നിന്‍റെ ഇളയച്ചന്മാരെ ഒതുക്കിയത് ''. ശെല്‍വന് അത് ഒരു പുതിയ അറിയായിരുന്നു.

'' എന്നിട്ട് ഇളയച്ഛന്മാരെന്താ പോലീസില്‍ കംപ്ലൈന്‍റ് ചെയ്തില്ല '' അവന്‍ ചോദിച്ചു.

'' ജീവനില്‍ കൊതി ഉള്ളതോണ്ടന്നെ '' പ്രദീപ് ചിരിച്ചു.

അന്‍വറും കൂട്ടാളികളും പ്രദീപും സംഘവും ഒന്നിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിയതാണ്. യാത്ര പറഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞു.

'' സാധനങ്ങള്‍ കടത്താന്‍ സഹായിക്കണോ '' പ്രദീപ് ചോദിച്ചു.

'' ഒന്നും വേണ്ടാടാ. അകെക്കൂടി പെങ്ങളുടെ ഒരു കട്ടിലേ ഉള്ളു. പിന്നെ അവളുടെ മേശയും ഒരു ടി.വിയും കുറച്ച് പാത്രങ്ങളും . ഒരു പെട്ടി ഓട്ടോയില്‍ അതൊക്കെ കടത്താം. കുറച്ച് ചട്ടികള്‍ ഉള്ളതും ഞങ്ങള്‍ യൂസ് ചെയ്യുന്ന പായകളും അവിടെ തന്നെ കളയും എന്നാണ് അമ്മ പറഞ്ഞത് ''.

'' ഇനി എന്താ വേണ്ടത്. വല്ലതും ചെയ്യാനുണ്ടോ ''.

'' കുറച്ച് ആഭരണങ്ങള്‍ വാങ്ങാനുണ്ട്. പെങ്ങള് വന്നിട്ടേ ഉണ്ടാവൂ. അന്ന് നീ കൂടെ വരണം ''

'' ഉറപ്പായിട്ടും വരാം. നിനക്ക് എന്ത് വേണമെങ്കിലും ധൈര്യമായിട്ട് എന്നോട് പറഞ്ഞോ. നിന്‍റെ കൂടെ ഞാന്‍ ഉണ്ടാവും '' പ്രദീപ് പറഞ്ഞു.

'' അതല്ലേടാ എന്‍റെ ഒരു സമാധാനം '' ശെല്‍വന്‍ കണ്ണ് തുടച്ചു.

'' നോക്ക്, സമയം മൂന്നായി '' പ്രദീപ് പറഞ്ഞു '' ഞാന്‍ പോയി കുറച്ച് നേരം റെസ്റ്റ് ചെയ്യട്ടെ ''. അവര്‍ പുറപ്പെട്ടു.

6 comments:

  1. കേരളത്തിലെ സാമൂഹ്യ-കുടുംബ ജീവിതത്തിൽ ഗുണ്ടാസംഘങ്ങളുടെ ഇടപെടൽ. സമകാലിക പ്രസക്തിയുള്ള വിഷയം. പണ്ടൊക്കെ അധികാരിയോ നാട്ടുമദ്ധ്യസ്തന്മാരോ ഇരുകൂട്ടർക്കും സ്വീകാര്യമായ തീർപ്പു കൽപ്പിച്ചിരുന്നു.

    ReplyDelete
  2. ഞാനും വിചാരിച്ചു അവരെങ്ങനെ ഇത്ര പെട്ടെന്ന് സമ്മതിച്ചു എന്നു്. കൊട്ടേഷൻകാരെ ആർക്കാ പേടിയില്ലാത്തതു്.

    ReplyDelete
  3. qutation ilaatha jeevitham uppillatha kanji pole... Aayitheernnu nammude idayil

    ReplyDelete
  4. പണത്തിനു മേലെ പരുന്തും പറക്കില്ല്ലെന്നല്ലെ...
    സ്വന്തക്കാർ രക്തബന്ധം പോലും മറക്കുമ്പോൾ നീതി നടപ്പാക്കി കിട്ടാൻ, മുൻപു അനീതി നടപ്പിലാക്കാൻ സാമൂഹ്യദ്രോഹികൾ ഉപയോഗിച്ചിരുന്ന കൊട്ടേഷൻ സംഘത്തെ നിയോഗിക്കേണ്ട ഒരു ദുരവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ ഇനിയുള്ള കാലം ഭീതി നിറഞ്ഞതായിരിക്കും...!! നീതി നിർമ്മാണ പരിപാലന സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുന്നുവെന്ന് സാരം..!!!
    നമ്മുടെ ചുറ്റുവട്ടത്തും ഇതൊക്കെ നടക്കുന്നുണ്ട്...

    ആശംസകൾ...

    ReplyDelete
  5. രാജഗോപാല്‍ ,
    ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഉന്നതര്‍ പിന്തുണ നല്‍കി, പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ എന്തിലും ഏതിലും
    തീര്‍പ്പുണ്ടാക്കാന്‍ അവര്‍ വേണം.. വാഹന വായ്പ്പ തിരിച്ചടപ്പിക്കുന്നത് മുതല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്ത
    പ്രേമ ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന്ന് കൂടി. നാട്ടുപ്രമാണിമാരും മദ്ധ്യസ്ഥന്മാരും പോയ്മറഞ്ഞു.

    Typist / എഴുത്തുകാരി,
    ജീവനില്‍ ഭയമില്ലാത്തവര്‍ ഇല്ലല്ലോ.

    ponmalakkaran / പൊന്മളക്കാരന്‍,
    ശരിയാണ്. അവരുടെ സാന്നിദ്ധ്യം എവിടേയുമുണ്ട്.

    വി. കെ,
    അതോടൊപ്പം എങ്ങിനേയും കാര്യം സാധിക്കുക എന്ന ചിന്തയും 
    ഉണ്ട്. കാര്യങ്ങള്‍ നല്ല ദിശയിലല്ല നീങ്ങുന്നത് എന്നത് ഉറപ്പ്.

    ReplyDelete
  6. കൊട്ടേഷന്‍ സംഘങ്ങള്‍ എന്ന് വച്ചാല്‍ ഉപദ്രവം മാത്രം ചെയ്യുന്നവര്‍ എന്നായിരുന്നു ഞാന്‍ കരുതിയത്‌. ഉപകാരവും അവര്‍ ചെയ്യും അല്ലെ. നല്ലത്..

    ReplyDelete