Saturday, December 24, 2011

നോവല്‍ - അദ്ധ്യായം - 30.

തോട്ടിന്‍ പള്ളയില്‍ എത്തിയ മാപ്ല വൈദ്യര്‍ ഒരു മിനുട്ട് മടിച്ചു നിന്നു. കലക്കവെള്ളം കുതിച്ച് ഒഴുകുകയാണ്. ഇറങ്ങിയാല്‍ കാല് ഉറപ്പിച്ചു നിര്‍ത്താന്‍ ആവില്ല. വെള്ളം തട്ടി നീക്കും. ഇനി എന്താണ് വേണ്ടത്? തോട് കടക്കാനായാല്‍ കുറച്ചേ നടക്കേണ്ടു. അല്ലെങ്കില്‍ വന്ന വഴി തിരിച്ചു ചെന്ന് റോഡിലൂടെ അങ്ങാടി ചുറ്റി വളഞ്ഞ വഴിക്കു വേണം പോകുവാന്‍. ഒന്നൊന്നര നാഴിക ദൂരം അധികം നടക്കണം.

'' എന്താ വൈദ്യരേ, എങ്ങോട്ട് പോകാന്‍ വേണ്ടീട്ടാ നില്‍ക്കിണത് '' ചോദ്യം കേട്ട് നോക്കിയപ്പോള്‍ ചോഴിയാണ്. പച്ചമരുന്ന് കൊണ്ടു തരാറുള്ളവനാണ് അവന്‍.

'' പൊതുവാളുടെ മകന്‍ അന്വേഷിച്ച് വന്നൂന്ന് വീട്ടിലുള്ളോര് പറഞ്ഞു. കുറച്ച് ദിവസായി ഞാന്‍ സ്ഥലത്ത് ഉണ്ടാര്‍ന്നില്ല. എന്താന്ന് അറിയാലോ എന്ന് വിചാരിച്ച് ഇറങ്ങിയതാ ''.

'' നിങ്ങളല്ലാണ്ടെ ഈ മഴയത്തും തണുപ്പത്തും ഇതിനായിട്ട് കുടീന്ന് ഇറങ്ങ്വോ. മിണ്ടാണ്ടെ അവിടെ കുത്തിയിരുന്നാ പോരെ. വേണ്ടോര് വന്ന് കാണില്ലേ ''.

'' അങ്ങിനെ ചെയ്യാന്‍ പാടില്ല. ഒരിക്കലും വൈദ്യരെ കാത്ത് രോഗി നിക്കണ്ട അവസ്ഥ ഉണ്ടാവാന്‍ പാടില്ലാന്ന് നമ്മടെ ഉസ്താദ് പറയാറുണ്ട് '' വൈദ്യര്‍ പറഞ്ഞു '' എങ്ങിനേങ്കിലും അപ്പുറത്തേക്ക് കടക്കണോലോ ''.

'' തോട്ടിന്ന് ആഴവും വീതിയും ഇല്ലച്ചാലും വെള്ളത്തിന് നല്ല തട്ടലുണ്ട്. ചെരിപ്പ് അഴിച്ച് കയ്യില്‍ പിടിക്കിന്‍. ഞാന്‍ കടത്തി വിടാം '' ചോഴി സന്നദ്ധത അറിയിച്ചു.

വെള്ളത്തിന്ന് ഐസ് പോലത്തെ തണുപ്പ്. വിചാരിച്ചതുപോലെ ഒഴുക്കിന്ന് നല്ല ശക്തിയുമുണ്ട്. ചോഴി ബലമായി കയ്യില്‍ പിടിച്ചില്ലെങ്കില്‍ ഒഴുകി പോകുമെന്ന് തോന്നി.

'' മഴയൊന്ന് വിടട്ടെ '' വൈദ്യരെ മറുകരയില്‍ എത്തിച്ച ശേഷം അവന്‍ പറഞ്ഞു '' എന്നിട്ടേ മരുന്ന് പറിക്കാന്‍ ഇറങ്ങൂ ''.

'' വരുന്നത് കര്‍ക്കിടക മാസം ആണ്. അത് ഓര്‍മ്മ വേണം '' അതും പറഞ്ഞ് വൈദ്യര്‍ നടന്നു നീങ്ങി.

ഒന്നാം കള വലിച്ച് വരമ്പത്തിട്ടത് അവിടെ കിടന്ന് അളിഞ്ഞു തുടങ്ങിയിട്ടുണ്ട്. മുഴുവനും മങ്ങാണ്. അത് കന്നുകാലികള്‍ക്ക് തിന്നാന്‍ കൊടുത്താല്‍ അവയ്ക്ക് തൂറ്റല്‍ പിടിക്കും. ചെരിപ്പ് വഴുക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ വീഴും. ചന്നം പിന്നം മഴ ചാറ്റുന്നത് നിന്നിരുന്നെങ്കില്‍ കുട മടക്കി കുത്തികൊണ്ട് നടക്കാമായിരുന്നു. സര്‍ക്കസ്സ് അഭ്യാസിയെപ്പോലെ ബാലന്‍സ് ചെയ്താണ് നടക്കുന്നത്.

എന്തിനാണാവോ പൊതുവാളുടെ മകന്‍ അന്വേഷിച്ചു വന്നത്. കൊടുത്ത മരുന്നുകളെല്ലാം തന്നെ സൂക്കടിന്ന് പറ്റിയതാണ്. കുറച്ചൊക്കെ ഭേദം കാണേണ്ട സമയമായി. രോഗം മാറാന്‍ മരുന്ന് മാത്രം പോരല്ലോ. രോഗിയുടെ മനസ്സില്‍ ഒരു വിശ്വാസം വേണം, അതിലും കൂടുതലായി ദൈവത്തിന്‍റെ അനുഗ്രഹവും. ദൈവത്തെക്കുറിച്ച് ഓര്‍ത്തതും അറിയാതെ'' അള്ളാ '' എന്ന് മനസ്സില്‍ വിളിച്ചു.

എതിരെ പാറു വരുന്നത് കണ്ടു. പൊതുവാളെ ചികിത്സിക്കാന്‍ അയാളുടെ വീട്ടിലേക്ക് അവളാണ് ആദ്യമായി കൂട്ടിക്കൊണ്ട് പോയത്. അവിടുത്തെ കാര്യങ്ങള്‍ അവള്‍ക്കറിയും.

'' എന്താ പാറൂ പൊതുവാളുടെ വീട്ടിലെ വിശേഷം '' വൈദ്യര്‍ ചോദിച്ചു.

'' തമ്പുരാന് ഇപ്പൊ നല്ല കുറവുണ്ട് '' അവള്‍ പറഞ്ഞു '' മൂപ്പര് എണീറ്റ് ഒറ്റയ്ക്കൊക്കെ നടക്കാന്‍ തുടങ്ങി. എന്താ അവിടെയുള്ളോരുടെ ഒരു സന്തോഷം ''.

'' അള്ളാ '' വൈദ്യര്‍ വീണ്ടും വിളിച്ചു.

'' എന്തിനാ ഈ കുണ്ടാമണ്ടി പിടിച്ച വഴീല്‍ കൂടി വന്നത്. നോക്കീലാച്ചാല്‍ മട്ട മലച്ച് വീഴും '' പാറു പറഞ്ഞു '' ഓട്ടോറിക്ഷേല് കേറി വന്നാല്‍ അമ്പലത്തിന്‍റെ അടുത്ത് എത്തില്ലേ. പിന്നെ നാലടി ദൂരം നടന്നാ പോരേ ''.

'' അത്രയങ്ങിട്ട് ആലോചിച്ചില്ല '' വൈദ്യര്‍ പറഞ്ഞു '' ഞാന്‍ നടക്കട്ടെ ''.

'' വീട്ടില്‍ ചെന്നാല് കുറച്ച് വെള്ളം ചൂടാക്കി കാലില് വീഴ്ത്തിന്‍. ചേറ്റുപ്പുണ്ണ് പിടിക്കണ്ടാ ''.

മാപ്ല വൈദ്യരും പാറുവും രണ്ടു ദിശകളിലേക്ക് നടന്നു. ചികിത്സ ഫലിക്കുന്നു എന്നറിഞ്ഞതോടെ മനസ്സില്‍ സന്തോഷം നിറഞ്ഞു. അത് അങ്ങിനെയാണ്. ചെയ്ത പ്രവര്‍ത്തി ഫലപ്രാപ്തിയായാല്‍ ഒരു ചാരിതാര്‍ത്ഥ്യം ഉണ്ടാവും.

കുളവരമ്പിലേക്ക് ഒരു എളുപ്പ വഴിയുണ്ട്. വീതി കുറഞ്ഞ വരമ്പാണ് എന്നൊരു ദൂഷ്യമേയുള്ളു. ആ വഴിയെ വൈദ്യര്‍ സൂക്ഷിച്ച് നടന്നു. പാടത്ത് നിറഞ്ഞ വെള്ളം വെട്ടി വാര്‍ക്കാനാണെന്ന് തോന്നുന്നു വരമ്പില്‍ വീതിയേറിയ ഒരു കഴായ വെട്ടിയിരിക്കുന്നു. നല്ല ആയവും നീളവും ഉള്ള ആളുകള്‍ക്ക് ഒറ്റ ചാട്ടത്തിന്ന് അപ്പുറത്തെത്താം. കഷ്ടിച്ച് അഞ്ചടി ഉയരവും അതിനൊത്ത ശരീരവും ഉള്ള തനിക്ക് അതിനാവുമോ എന്നൊരു ശങ്ക തോന്നി. എന്തായാലും പരീക്ഷിച്ച് നോക്കണമെന്ന് ഉറച്ചു. വൈദ്യര്‍ നിന്ന നില്‍പ്പില്‍ ഊക്കില്‍ കുതിച്ച് ചാടി. മറുഭാഗത്ത് എത്താന്‍ കഴിഞ്ഞെങ്കിലും ചെരിപ്പ് വഴുക്കി പാടത്തേക്ക് തെറിച്ചു വീണു.

ആകെ നനഞ്ഞു കുളിച്ചു. എഴുന്നേറ്റ് ചുറ്റും നോക്കി. ഭാഗ്യത്തിന്ന് ആരും കണ്ടിട്ടില്ല. വീഴുന്നതല്ല, ആരെങ്കിലും കാണുന്നതാണ് സങ്കടം.

ഉമ്മറത്തു നിന്ന് ശബ്ദം കേട്ട് ഇന്ദിര വന്നപ്പോള്‍ മാപ്ല വൈദ്യര്‍ നനഞ്ഞു കുളിച്ചു നില്‍ക്കുന്നു.

'' എന്താ വൈദ്യരെ പറ്റീത് '' അവള്‍ ചോദിച്ചു.

'' വരമ്പത്ത് ഒന്ന് വഴുക്കി വീണു. കാര്യായിട്ട് ഒന്നും പറ്റീലാ ''.

'' മഴക്കാലം ആയാല്‍ ആ വഴിക്ക് എത്തി പറ്റാന്‍ വല്യേ പാടാണ് '' ഇന്ദിര പറഞ്ഞു '' തൊട്ടീല് വെള്ളം നിറച്ച് വെച്ചിട്ടുണ്ട്. ചളി ആയത് കഴുകിക്കോളൂ ''.

കയ്യും കാലും കഴുകി വെടുപ്പാക്കി വൈദ്യര്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് ചെന്നു. കട്ടിലില്‍ കാലും നീട്ടി ഇരിക്കുകയാണ് അയാള്‍.

'' കുട്ടി അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല '' അയാള്‍ പറഞ്ഞു '' ഒരു കൂട്ടര് വന്ന് വിളിച്ചപ്പൊ അവരുടെ കൂടെ ഏര്‍വാടി വരെ പോയി. ചുറ്റിത്തിരിഞ്ഞ് ഇന്നലെ രാത്രിയാണ് മടങ്ങി എത്തീത് ''.

'' എങ്ങോട്ടോ പോയിരിക്ക്യാണ് എന്ന് കുട്ടി വന്നു പറഞ്ഞു '' ഇന്ദിരയാണ് മറുപടി പറഞ്ഞത്.

'' ആട്ടെ. ഇപ്പൊ എങ്ങനീണ്ട് '' വൈദ്യര്‍ ചോദിച്ചു.

'' ഭേദം തോന്നുണുണ്ട് '' രാമകൃഷ്ണന്‍ പറഞ്ഞു.

'' സമാധാനായി ഇരുന്നോളൂ. മുഴുവനും മാറും '' വൈദ്യര്‍ പറഞ്ഞു '' ഏത് സൂക്കടും വന്ന പോലെ ക്ഷണത്തില്‍ അങ്ങിട്ട് മാറില്ലല്ലോ. ചിലപ്പൊ കുറച്ച് സമയം എടുക്കും. അത്രേ ഉള്ളൂ ''.

'' ഈശ്വരന്‍റെ ഓരോ ലീലാ വിലാസങ്ങള് എന്നല്ലാണ്ടെ എന്താ പറയ്യാ. അല്ലെങ്കില്‍ പാറു ഇവിടെ പണിക്ക് വരാനും വൈദ്യരുടെ കാര്യം പറയാനും ചികിത്സ തുടങ്ങാനും സാധിക്ക്വോ '' ഇന്ദിര പറഞ്ഞു '' രാമേട്ടന്‍ ഇപ്പഴും കിടന്ന കിടപ്പന്നെ ആയിരിക്കില്ലേ ''.

'' അത് ശരിയാണ് '' വൈദ്യര്‍ ആ പറഞ്ഞത് ശരിവെച്ചു '' എന്‍റെ കാര്യം കേക്കണോ. പടച്ചോന്‍റെ കൃപ ഒന്നോണ്ട് മാത്രാണ് എനിക്ക് വൈദ്യരാവാനും ഇവിടെ ചികിത്സയ്ക്ക് വരാനും ഇട വന്നത് ''.

മാപ്ല വൈദ്യര്‍ കഴിഞ്ഞു പോയ കാലത്തിലേക്ക് കടന്നു. മീന്‍കാരന്‍ ബാപ്പുട്ടിയുടെ ഇളയ മകനായി പിറന്നതേ അസുഖക്കാരനായിട്ടായിരുന്നു. അത് കാരണം ശരിക്ക് സ്കൂളില്‍ കൂടി പോവാനായില്ല. പഠിച്ച് നേരാവാനാവില്ല എന്ന് അന്നേ വീട്ടുകാര്‍ ഉറപ്പിച്ചു. എങ്ങിനെയോ തട്ടി മുട്ടി ഹൈസ്കൂളില്‍ എത്തിയപ്പോഴേക്കും ബാപ്പ മരിച്ചു. മീന്‍കൊട്ട ഏറ്റാനുള്ള ആരോഗ്യം ഇല്ലാത്തവനെക്കൊണ്ട് എന്തു ചെയ്യും എന്ന ആധിയായി വീട്ടുകാര്‍ക്ക്. അതിന്‍റെ എടേലാണ് വലിവിന്‍റെ അസുഖം പിടിപെട്ടത്. ചികിത്സക്കായി വൈദ്യന്‍ തിരുമേനിയെ ചെന്നു കണ്ടതാണ്. ജീവിക്കാനുള്ള വഴി കാട്ടി തന്നത് ആ തമ്പുരാനാണ്. പച്ച മരുന്ന് പറിക്കലും അവ കൊത്തി നുറുക്കലുമായിരുന്നു തുടക്കത്തിലെ പണി. ഗുളികകള്‍ അരയ്ക്കാനും ഉരുട്ടാനും തുടങ്ങിയത് പിന്നീടാണ്. കഷായങ്ങളും കുഴമ്പുകളും പാകം നോക്കി ചെയ്യാറായതോടെ രോഗികളെ പരിശോദിക്കുമ്പോള്‍ അടുത്ത് വിളിച്ചു നിര്‍ത്തി ഓരോന്ന് പറഞ്ഞു തരാന്‍ തുടങ്ങി.

'' വൈദ്യന്‍ തമ്പുരാന്‍ അറിഞ്ഞു തന്ന കഞ്ഞിയാണ് എന്‍റേത്. ഇന്നും മൂപ്പരുടെ പടത്തിന്‍റെ മുമ്പില് നിന്ന് പ്രാര്‍ത്ഥിച്ചിട്ടേ ചികിത്സിക്കാന്‍ ഇറങ്ങൂ '' വൈദ്യര്‍ പറഞ്ഞവസാനിപ്പിച്ചു. ഭാര്യയും ഭര്‍ത്താവും ആ സംഭാഷണത്തില്‍ ലയിച്ചിരുന്നു

'' ഇനിയെന്താ വേണ്ടത് '' അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഇന്ദിര ചോദിച്ചു.

'' കര്‍ക്കിടക മാസം അല്ലേ വരുണത്. ഒരു കഷായ കഞ്ഞിയൊക്കെ കഴിച്ച് ദേഹം നന്നാക്കാനുണ്ട്. അതോടെ സൂക്കട് പടി കടക്കും ''.

'' വൈദ്യര് ചെയ്ത ഉപകാരം ഞങ്ങള് മറക്കില്ല '' ഇന്ദിര പറഞ്ഞു '' ഞാന്‍ ഇത്തിരി ചായ ഉണ്ടാക്കീട്ട് വരാം ''.

'' എനിക്കാണെച്ചാല്‍ വേണ്ടാ '' വൈദ്യര്‍ പറഞ്ഞു '' വളരെ കാലായിട്ട് അതൊന്നും പതിവില്ല ''.

വൈദ്യര്‍ എഴുന്നേറ്റു, രാമകൃഷ്ണനും .

'' ഇനി മുതല്‍ കഷായം ഒരു നേരം കൊടുത്താല്‍ മതി. രാവിലെ ആയിക്കോട്ടെ. ബാക്കിയൊക്കെ ഇതുവരെ ഉള്ള പോലെ തന്നെ '' വൈദ്യര്‍ പറഞ്ഞു '' വൈകുന്നേരം മകനെ അയയ്ക്കൂ. ഒരു ചൂര്‍ണ്ണം കൊടുത്തയയ്ക്കാം. രാത്രി കിടക്കുന്നതിന്ന് മുമ്പ് ചുടുവെള്ളത്തില്‍ കലക്കി കൊടുക്കണം ''.

പടി കടന്നു പോകുന്ന വൈദ്യരെ നോക്കി രാമകൃഷ്ണനും ഇന്ദിരയും വാതില്‍ക്കല്‍ നിന്നു. മഴ തോര്‍ന്നിരുന്നു.

Sunday, December 18, 2011

നോവല്‍ - അദ്ധ്യായം - 29.

( അച്ചാച്ചന്‍ ആയതിന്‍റെ തിരക്കില്‍ കുറച്ച് ദിവസങ്ങളായി എഴുതാന്‍ കഴിഞ്ഞില്ല. പ്രിയപ്പെട്ട വായനക്കാര്‍ ക്ഷമിക്കുമല്ലോ )

കുഴിയടിപ്പാത്തിയിലൂടെ കുതിച്ചൊഴുകി മുറ്റത്ത് വീണ മഴവെള്ളം തടാകമായി മാറിയിരിക്കുന്നു. ഓടിനിടയിലൂടെയുള്ള ചോര്‍ച്ച തടയാന്‍ ചില ഭാഗങ്ങളില്‍ തിരുകി വെച്ച പനയോല തുണ്ടുകളെ കബളിപ്പിച്ച് നിലത്തേക്ക് വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്. സര്‍വ്വത്ര വെള്ള മയം. മകീരം ഞാറ്റുവേല മതി മറന്ന് പെയ്യുകയാണ്.

സ്വെറ്റര്‍ ധരിച്ച്, മഫ്ളര്‍ തലയില്‍ കെട്ടി കെ. എസ്. മേനോന്‍ പൂമുഖത്തിന്‍റെ വാതില്‍ക്കല്‍ മഴയും നോക്കി നിന്നു. കേടുപാടുകള്‍ തീര്‍ക്കുന്ന പണി നടക്കുമ്പോള്‍ വീടിന്ന് പൂമുഖം ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഗോപാലകൃഷ്ണന്‍ നായരായിരുന്നു.

'' എടോ സുകുമാരാ, വീട്ടില്‍ വരുന്നവര്‍ മൂന്ന് തരക്കാരാണ്. ചിലരെ മുറ്റത്തു നിന്നു തന്നെ നമുക്ക് പറഞ്ഞു വിടാം. ബാക്കിയുള്ളവരില്‍ രണ്ടു കൂട്ടരുണ്ട് ''.

ഒന്നും മനസ്സിലാവാതെ അയാള്‍ പറയുന്നതും കേട്ട് മിഴിച്ചു നിന്നതേയുള്ളു.

'' അത്രയും വേണ്ടപ്പെട്ടവരെ വീട്ടിലെ അടുക്കളയിലോ, കിടപ്പുമുറിയിലോ ഒക്കെ വിളിച്ചിരുത്താം. എല്ലാവരേയും അത് പറ്റില്ല. അതിനാണ് പണ്ടുള്ളവര്‍ പൂമുഖം പണിയാറ്. ഇന്നത് സിറ്റൌട്ടായി ''.

പറഞ്ഞതിന്‍റെ പിറ്റേന്ന് കാലത്ത് ട്രാക്ടറില്‍ കരിങ്കല്ലെത്തി, ഉച്ചയോടെ സിമന്‍റും മണലും വെട്ടുകല്ലും. കുറ്റി തറയ്ക്കലും, വാനം കീറലും, പണി തുടങ്ങലുമെല്ലാം അടുത്ത ദിവസം തന്നെ. പൂമുഖം ടെറസ്സ് ആക്കിയാലോ എന്ന മേസന്‍റെ അഭിപ്രായം പരിഗണിച്ചില്ല. പഴയ കെട്ടിടത്തിന്‍റെ മുന്‍ ഭാഗം മാത്രം പുതിയ മട്ടിലാക്കിയാല്‍ കാണാന്‍ ബോറാണ് എന്നു പറഞ്ഞ് അവസാനിപ്പിച്ചു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു വില്‍ക്കുന്നവരില്‍ നിന്ന് പനടെ കഴിക്കോലും പട്ടികയും തുലാക്കട്ടയും കൊണ്ടു വന്നു. വാതില് സഹിതം രണ്ടു പാളിയുടെ രണ്ട് ജനലുകളും ഒരു ഒറ്റ പാളിജനലും ഓടും അവരില്‍ നിന്നു തന്നെ വാങ്ങി.

'' വാതില് കിട്ട്വോന്ന് നോക്കി. നല്ലതൊന്നൂല്യാ. മാവിന്‍റെ പലകകൊണ്ട് തല്ലിത്തറച്ചപോലെ ഒന്ന് കണ്ടു. അതിന്‍റെ കട്ടിളയും ദ്രവിച്ചിട്ടുണ്ട്. അതാ വാങ്ങാഞ്ഞത് '' സാധനങ്ങള്‍ വാങ്ങി വന്നതും ഗോപാലകൃഷ്ണന്‍ പറഞ്ഞതാണ്.

'' ഇനി അതിനെന്താ ചെയ്യാ '' ഒന്നും ചെയ്യാനാവില്ലെങ്കിലും വെറുതെ ചോദിച്ചു.

'' പുതിയത് ഉണ്ടാക്കും. അത്രേന്നെ ''.

'' മുന്‍വശത്തെ വാതിലല്ലേ, ആറുക്ക് നാല് കനത്തിലുള്ള വലിയ കട്ടിള ഉണ്ടാക്കിയാലോ '' എന്ന ആശാരിയുടെ ചോദ്യത്തിന് അതൊന്നും വേണ്ടാ സാധാരണ മട്ടില്‍ '' നാലുക്ക് മൂന്ന് കട്ടിള മതി '' എന്ന് പറഞ്ഞു. തേക്കിന്‍റെ ഉരുപ്പടികള്‍ വാങ്ങാനും സമ്മതിച്ചില്ല.

'' അത്ര ആലോചിച്ചില്ല. മരം വിറ്റപ്പൊ രണ്ട് കഷ്ണം എടുത്ത് വെക്ക്യേ വേണ്ടു. പോയ ബുദ്ധി ഇനി ആന പിടിച്ചാല്‍ പോരില്ലല്ലോ '' ഗോപാലകൃഷ്ണന്‍ ആശാരിയോട് പറഞ്ഞു '' കട്ടിള പല ജാതി മരം കൊണ്ട് ഉണ്ടാക്കിക്കോ. ഇരൂളോ, കരിവാകയോ, കഴനിയോ, മരുതോ, വേപ്പോ എന്തായാലും മതി. ഞാവിളാണച്ചാലും കൂടി വിരോധൂല്യാ. പക്ഷെ വേങ്ങ ഒഴിവാക്കിക്കോ. അത് ദേവ വൃക്ഷം ആണ്. അത് . അതോണ്ട് കട്ടിളടെ കുറുമ്പടി ഉണ്ടാക്കി അതില്‍ ചവിട്ടി ഒരു പാപം നേടണ്ടാ. പോരെങ്കില്‍ അതിന് കറയും ഉണ്ട്. വെള്ളത്തിന്‍റെ നനവ് തട്ടിയാല്‍ മതി, ചുമരില്‍ മഷിടെ മാതിരി കറ പടരും. വാതിലിന്ന് തേക്കിന്‍റെ ചട്ടവും, പ്ലാവിന്‍റെ പലകയും വാങ്ങാം '' എല്ലാ കാര്യങ്ങളിലും മൂപ്പര്‍ക്ക് നല്ല അറിവാണ്.

ഏതായാലും അയാളുടെ മോഹം പോലെ ഒരു പൂമുഖം ഉണ്ടായി. അടമഴ തുടങ്ങുന്നതിന്നു മുമ്പ് എല്ലാ പണികളും തീര്‍ക്കാന്‍ കഴിഞ്ഞതും അയാളുടെ കഴിവുകൊണ്ടാണ്.

കാറ്റിന്‍റെ കയ്യും പിടിച്ച് മഴവെള്ളം വാതില്‍പടിയിലെത്തി. രാമന്‍ പണിക്ക് വരാറില്ല. അല്ലെങ്കിലും ഈ മഴയത്ത് ഒന്നും ചെയ്യാന്‍ ആവില്ലല്ലോ. വാഴക്കുഴികള്‍ കുത്താന്‍ ഗോപാലകൃഷ്ണന്‍ അവനെ ഏല്‍പ്പിച്ചതാണ്. അയാളുടെ ഏതോ പരിചയക്കാരന്‍ കുറച്ച് നല്ലയിനം വാഴകള്‍ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടത്രേ. പിന്നെ കുറെ പച്ചക്കറി ചെടികളാണ്. നാടന്‍ വഴുതിനയുടേയും മുളകിന്‍റേയും നട്ട തൈകള്‍ മുഴുവനും പിടിച്ചു. കാനലിന്നായി കുത്തി കൊടുത്തിരുന്ന തേക്കിന്‍റെ ഇലകളെല്ലാം കരിഞ്ഞ് മണ്ണോട് ചേര്‍ന്നു കഴിഞ്ഞു. കോഴിക്കാട്ടം ഇട്ട് മണ്ണ് കയറ്റി കൊടുത്ത സമയം നന്നായി. മഴ തുടങ്ങിയതിനാല്‍ നനയ്ക്കാതെ കഴിഞ്ഞു. ഇല്ലെങ്കില്‍ കോഴിക്കാട്ടത്തിന്‍റെ ചൂടില്‍ ചെടികള്‍ വെന്തു പോയേനെ.

മഴ നോക്കിക്കൊണ്ട് നിന്നു . കുട്ടിക്കാലത്ത് ചാരുപടിയില്‍ മഴയെ നോക്കി മണിക്കൂറുകളോളം കിടക്കും. ചെരിഞ്ഞു വീഴുന്ന മഴത്തുള്ളികളെ കാറ്റ് തട്ടി മാറ്റുന്നത് കാണാന്‍ നല്ല രസമാണ്.

ഗെയിറ്റ് തുറന്ന് രാമന്‍ വന്നു. ആകെ നനഞ്ഞ് കുളിച്ചിട്ടുണ്ട്.

'' ഗോപാലകൃഷ്ണന്‍ മൂത്താര് വര്വോ '' അവന്‍ ചോദിച്ചു.

'' ഈ മഴയത്ത് വരുംന്ന് തോന്നിണില്യാ. എന്തേ വിശേഷിച്ച് ''.

'' പുറവെള്ളം ഏന്തീട്ടുണ്ട്. നല്ല അസ്സല് പുഴ മീന്‍ കിട്ടും ''.

'' വെറുതെ അയാളെ വരുത്തി മഴ നനയിക്കണോ ''.

'' കുറെ ഞാന്‍ പിടിച്ച് കുടത്തിലെ വെള്ളത്തില്‍ ഇട്ടു വെച്ചിട്ടുണ്ട് '' രാമന്‍ പറഞ്ഞു '' എന്നാലും മൂപ്പര് വന്ന് ചൂണ്ട ഇട്ടോട്ടെ. നല്ലോണം മീന് ഉള്ള ദിവസം രണ്ടാള്‍ക്കും കൂടി ചൂണ്ടലിട്ട് കുറെ പിടിക്കണം എന്ന് മോഹം പറഞ്ഞിട്ടുണ്ട് ''.

മൊബൈല്‍ എടുത്ത് ഗോപാലകൃഷ്ണനെ വിളിച്ചു.

'' രാമന്‍റെ അടുത്ത് അവിടെ നില്‍ക്കാന്‍ പറയിന്‍. ഞാനിതാ പുറപ്പെട്ടു ''.

'' ഈ മഴയത്തോ ''.

'' അതിനല്ലടോ റെയിന്‍കോട്ട് ''. കാള്‍ കട്ട് ചെയ്ത് വെളിയില്‍ വന്ന് രാമനോട് വിവരം പറഞ്ഞു.

'' ചുടുക്കനെ ഇത്തിരി കാപ്പി കിട്ട്യാല്‍ '' രാമന്‍ പറഞ്ഞു. രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന് ഓര്‍മ്മ വന്നു.

'' നീ പോയി ചെട്ട്യാരുടെ കടേന്ന് ചായയും കഴിക്കാനും വാങ്ങീട്ട് വാ '' അവനോട് പറഞ്ഞു.

'' ഇഡ്ഡ്‌ളി മതിയോ, അതോ ദോശ വേണോ ''.

'' എന്താച്ചാ വാങ്ങിച്ചോ ''.

ഫ്ലാസ്കുമായി രാമന്‍ പടി കടന്നു. ഗോപാലകൃഷ്ണന്‍ നായര്‍ വരുന്നതും കാത്ത് കെ. എസ്. മേനോന്‍ വാതില്‍ക്കല്‍ തന്നെ നിന്നു.

=================================

അനിരുദ്ധന്‍ വൈകുന്നേരം എത്തുമ്പോള്‍ രാധികയും കുട്ടിയും വീട്ടിലുണ്ട്. അവര്‍ വരുന്ന കാര്യം അറിയിച്ചിരുന്നില്ല.

'' എപ്പൊ എത്തി '' അയാള്‍ ചോദിച്ചു.

'' ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും പോന്നു ''.

'' പറഞ്ഞാല്‍ കൂട്ടീട്ട് വരാന്‍ ഞാന്‍ എത്തില്ലേ ''.

'' ജോലി തിരക്കുള്ള ആളല്ലേ. ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു '' രാധിക പറഞ്ഞു '' അച്ഛന്‍ ഇവിടെ ആക്കീട്ട് പോയി ''.

അതിലടങ്ങിയ കുത്തല്‍ അനിരുദ്ധന്ന് മനസ്സിലായി. അയാള്‍ ഒന്നും പറയാതെ അകത്തു ചെന്ന് വേഷം മാറാന്‍ തുടങ്ങി.

'' ദേഷ്യം വന്ന്വോ '' പുറകില്‍ രാധികയാണ്.

'' ങൂങ്ങും '' ഒന്ന് മൂളി.

'' അടുപ്പിച്ച് നാല് ദിവസം എനിക്ക് അനിയേട്ടനെ കാണാണ്ടെ ഇരിക്കാന്‍ പറ്റില്ല. എന്‍റെ സ്നേഹം അറിയിണില്യാന്ന് ചിലപ്പൊ തോന്നും ''.

ആ മനസ്സ് അറിയാഞ്ഞിട്ടല്ല. അവളുടെ ആഗ്രഹങ്ങള്‍ക്കൊപ്പിച്ച് കഴിയാനാവുന്നില്ല എന്നേയുള്ളു.

'' ഞാന്‍ കാണാന്‍ ഭംഗീല്ലാത്തതോണ്ടാണോ എന്നോട് ഇഷ്ടൂല്യാത്തത് '' രാധിക ചോദിച്ചു '' എന്‍റെ അനിയേട്ടന്‍റെ ഭംഗിക്ക് ഞാന്‍ തീരെ പോരാന്ന് അറിയാം. ഏഴ് അയലത്ത് നില്‍ക്കാനുള്ള യോഗ്യത എനിക്കില്ല ''.

വെളുത്ത് സുമുഖനായ അനിരുദ്ധനും കറുത്ത് വീതിയേറിയ നെറ്റിയുള്ള വീപ്പക്കുറ്റി പോലെ തടിച്ച രാധികയും തമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ലെന്ന് എല്ലാവരും പറയാറുണ്ട്. പറയുന്നവര്‍ പറഞ്ഞു കൊള്ളട്ടെ. ഭാനുവിന്‍റെ കല്യാണവും, വീട് പണയപ്പെടുത്തി വാങ്ങിയ കടം വീട്ടലും രാധികയുടെ അച്ഛനില്ലെങ്കില്‍ നടക്കുമായിരുന്നില്ല. ആ ഓര്‍മ്മ എന്നും മനസ്സിലുണ്ട്. മുഖം കറുപ്പിച്ച് ഒരു വാക്ക് അവളോട് പറഞ്ഞിട്ടില്ല.

'' നോക്കൂ, എന്തിനാ താന്‍ വേണ്ടാത്തതൊക്കെ ആലോചിക്കുന്നത്. എപ്പഴങ്കിലും ഞാന്‍ രാധികടെ അടുത്ത് ഇഷ്ടക്കേട് കാണിച്ചിട്ടുണ്ടോ ''.

'' അതൊന്നൂല്യാ '' അവള്‍ പറഞ്ഞു '' എന്നാലും ദാമോദര മേനോന്‍ പണം കൊടുത്ത് മകള്‍ക്ക് നല്ല ചന്തമുള്ള ഭര്‍ത്താവിനെ വിലയ്ക്ക് വാങ്ങി എന്ന് ആളുകള്‍ പറയുമ്പൊ എന്തിനാ ഇങ്ങിനത്തെ ഒരു ജീവിതം എന്ന് തോന്നും ''.

സ്വര്‍ണ്ണ ഫ്രെയിമുള്ള അവളുടെ കണ്ണടയുടെ ചുവട്ടിലൂടെ കണ്ണുനീര്‍ കവിളിലേക്ക് ഒഴുകിയിറങ്ങി. അനിരുദ്ധന്‍ അത് തുടച്ചു മാറ്റി.

'' കുട്ടികളെപ്പോലെ കരയണ്ടാ എന്‍റെ രാധൂ '' അയാള്‍ പറഞ്ഞു. അവള്‍ ആ മാറത്ത് കുഴഞ്ഞു വീണു.