Friday, March 30, 2012

അദ്ധ്യായം - 39.

റഷീദ് ആകപ്പാടെ അസ്വസ്ഥനായിരുന്നു. രാവിലെ വിസിറ്റ് ചെയ്യാന്‍ ഉദ്ദേശിച്ച മൂന്ന് ഡോക്ടര്‍മാരെ കാണാനൊത്തില്ല. നഗരത്തിലെ ഏതോ വി. ഐ. പി. യുടെ കല്യാണത്തിന്ന് പോയിരിക്കുകയായിരുന്നു അവര്‍. നാലാമത്തെ ഡോക്ടറെ കാണാന്‍ ചെന്നിട്ട് ഒരുത്തനോട് കലഹിക്കേണ്ടി വരികയും ചെയ്തു. ചില ദിവസം അങ്ങിനെയാണ്. വിചാരിച്ച പോലെ ഒന്നും നടക്കില്ല. പ്രതീക്ഷിക്കാതെ പല പ്രശ്നങ്ങള്‍ കയറി വരികയും ചെയ്യും. അല്ലെങ്കിലും ഒരുത്തന്‍ മേക്കട്ട് കേറാന്‍ വന്നാല്‍ എത്ര നേരം ക്ഷമിക്കാന്‍ പറ്റും.


ടോക്കണോ, അസിസ്റ്റന്‍റോ ഒന്നും ഇല്ലാത്ത ക്ലിനിക്കാണ്. രോഗികള്‍ എത്തി ചേരുന്ന മുറയ്ക്ക് അകത്ത് കയറും , അവര്‍ക്കിടയില്‍ റെപ്രസന്‍റേറ്റീവുമാരും. ഡോക്ടറുടെ ക്യാബിനില്‍ കയറാനായി വാതില്‍ക്കല്‍ കാത്തു നില്‍ക്കുമ്പോഴാണ് ഒരുത്തന്‍ തോളത്ത് തട്ടി വിളിക്കുന്നത്. ഏതെങ്കിലും പരിചയക്കാര് ആവുമെന്നു കരുതി നോക്കുമ്പോള്‍ ഏതോ ഒരു അപരിചിതന്‍.


'' എന്താ മാഷേ പരിപാടി '' അയാള്‍ ചോദിച്ചു.



'' ഡോക്ടറെ കാണണം ''.


'' എങ്കില്‍ ഇപ്പോള്‍ പറ്റില്ല. ഈ ഇരിക്കുന്ന രോഗികളൊക്കെ ഡോക്ടറെ കാണാനുള്ളവരാണ്. അതിനിടയില്‍ കയറാന്‍ പറ്റില്ല ''.


'' എനിക്ക് ഇതു കഴിഞ്ഞ് ഇനിയും ഡോക്ടര്‍മാരെ കാണാനുണ്ട് '' മര്യാദയ്ക്ക് പറഞ്ഞു നോക്കി.


'' എന്നാല്‍ അവിടെയൊക്കെ ചെന്നിട്ട് തിരക്ക് ഒഴിയുമ്പോള്‍ ഇങ്ങോട്ട് വാ ''.



'' എല്ലാ ദിക്കിലും തിരക്കാണെങ്കിലോ ''.


'' അത് തന്‍റെ പാട്. രോഗികളെ നോക്കി കഴിയാതെ ഇവിടെ ഒരുത്തനേം ഞങ്ങള് അകത്ത് കടത്തി വിടില്ല ''.


'' താനാരാ അത് നിശ്ചയിക്കാന്‍ '' ശബ്ദം ഉയര്‍ന്നുവെന്ന് റഷീദിനേ തോന്നി.



'' ആരോ ആയിക്കോട്ടെ. നിന്നെ അകത്ത് വിടുന്ന പ്രശ്നമില്ല ''.



'' ഞാന്‍ കേറും ''.


'' എനിക്ക് അതൊന്ന് കാണണം ''.


ഇവന്‍റെ മുമ്പില്‍ ഒരു കാരണ വശാലും തോറ്റു കൂടാ. വേണ്ടി വന്നാല്‍ അന്‍വറണ്ണനെ വിളിക്കും. ഒരു ഗ്യാങ്ങ് എത്തിക്കോളും. ഈ സൈസ്സ് പാര്‍ട്ടികള്‍ക്ക് പറ്റിയത് അവരാണ്.


എന്നാല്‍ അതൊന്നും വേണ്ടി വന്നില്ല. അകത്ത് ഉണ്ടായിരുന്ന രോഗിയെ നോക്കി കഴിഞ്ഞതും ഡോക്ടര്‍ വാതില്‍ക്കല്‍ എത്തി. ബഹളം കേട്ട് വന്നതാണ്. അദ്ദേഹം ദേഷ്യപ്പെടുമോയെന്ന് റഷീദ് ഭയപ്പെട്ടു.


'' എന്താ ഇവിടെ '' ഡോക്ടര്‍ ചോദിച്ചു.


'' എന്നെ അകത്ത് കടത്തി വിടില്ലാന്ന് ഇയാള്‍ പറഞ്ഞു '' റഷീദ് വിവരം അറിയിച്ചു.


'' നിങ്ങളാരാ അത് പറയാന്‍ '' ഡോക്ടര്‍ അയാളോട് ചോദിക്കുന്നത് കേട്ടു.



'' ഇടയില്‍ കടക്കാന്‍ നിന്നതോണ്ടാണ് ''


'' ഇയാള്‍ക്ക് എന്നെ മാത്രം കാത്തു നിന്ന് കണ്ടാല്‍ പോരാ. ഇനിയും എത്രയോ ഡോക്ടര്‍മാരെ കാണാനുണ്ടാവും '' ഡോക്ടര്‍
തനിക്ക് അനുകൂലമാണെന്ന് കണ്ടതോടെ പേടി തീര്‍ന്നു.


'' സാറേ, ഞങ്ങള്‍ ഇത്ര ആളുകള്‍ കാത്തിരിക്കുമ്പോള്‍ ഇയാളെ കടത്തി വിടുന്നത് ശരിയല്ല '' അയാള്‍ തര്‍ക്കിച്ചു.


'' ശരിയും തെറ്റും ഞാന്‍ നിശ്ചയിച്ചോളാം. വലിയ തിരക്ക് ഉള്ള ആളുകള് വേറെ എവിടെ വേണമെങ്കിലും പൊയ്ക്കോളിന്‍ '' ഡോക്ടര്‍ ചൂടായി '' താന്‍ വാടോ '' അദ്ദേഹം അകത്തേക്ക് വിളിച്ചു.


ഡീറ്റെയിലിങ്ങ് കഴിഞ്ഞു വരുമ്പോള്‍ നേരത്തെ ഉടക്കിയവന്‍ തുറിച്ചു നോക്കുന്നു.


'' നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് '' അയാള്‍ പറഞ്ഞു.


'' വിളമ്പാറാവുമ്പോള്‍ വിളിക്ക്. കഴിക്കാന്‍ ഞാന്‍ വരാം '' എന്നു പറഞ്ഞുവെങ്കിലും ജോലി ചെയ്യാനുള്ള താല്‍പ്പര്യമാകെ പോയി. ഇന്നിനി ഒന്നും ശരിയാവില്ല. കോട്ടമൈതാനത്ത് പോയി ഇരിക്കാം. കൂട്ടുകാര്‍ എത്താറായിട്ടില്ല. എന്നാലും സാരമില്ല. റഷീദ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ അവന്‍ കണക്ക് കൂട്ടിയതില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ നേരത്തെ സ്ഥലം പിടിച്ചിരിക്കുന്നു. റഷീദ് വണ്ടി നിര്‍ത്തി അങ്ങോട്ട് ചെന്നു.


'' എന്താടാ സുമേഷേ നീ ഇത്ര നേരത്തെ '' അവന്‍ ചോദിച്ചു.


'' ആകെക്കൂടി ഒരു മൂഡില്ല '' ഒരു തണുപ്പന്‍ മട്ടിലാണ് സുമേഷത് പറഞ്ഞത്.


'' എന്താ നിനക്ക് പറ്റിയത്. ഞങ്ങളെപ്പോലെയുള്ള ഗതികേടൊന്നും നിനക്കില്ലല്ലോ ''.


'' പൈസ ഉള്ളതോണ്ടു മാത്രം എല്ലാം ആയോടാ. മനുഷ്യനായാല്‍ കുറച്ചെങ്കിലും മനസ്സമാധാനം വേണ്ടേ ''.


'' നിനക്കെന്താടാ ഇത്ര പ്രയാസം. വിരോധം ഇല്ലെങ്കില്‍ എന്നോട് പറയ് ''.



'' വീട്ടില് ഇരിക്കപ്പൊറുതി തരുന്നില്ല. ഞാന്‍ എവിടേക്കെങ്കിലും കടന്നു പോവും ''.

റഷീദിന് അത്ഭുതം തോന്നി. ധാരാളം സമ്പത്തുള്ള വീട്ടിലെ ഏക പുത്രന്‍. വീട്ടുകാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാറുള്ള പ്രകൃതമാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരും കുറ്റം പറയാനുള്ള സാദ്ധ്യതയില്ല. പിന്നെന്തിനാ വീട്ടില്‍ സ്വൈരക്കേട്.


'' നീ കാര്യം പറയെടാ '' റഷീദ് പ്രോത്സാഹിപ്പിച്ചു.


സുമേഷ് കുറെ നേരം കോട്ടയിലേക്ക് നോക്കിയിരുന്നു , റഷീദ് അക്ഷമനായി അരികത്തും.


'' ജോലിയില്ലാത്തതാടാ എന്‍റെ പ്രശ്നം '' സുമേഷ് പറഞ്ഞു തുടങ്ങി. വയസ്സ് ഇരുപത്താറ് ആവുന്നു. കല്യാണം ആലോചിക്കേണ്ട പ്രായമാണ്. വീട്ടില്‍ സ്വത്തുണ്ട് എന്നതൊന്നും ഒരു കാര്യമല്ല. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ജോലിയുള്ള ആളെ തന്നെ വേണം ഭര്‍ത്താവായിട്ട്. പി.എസ്. സി. എഴുതി ജോലി ലഭിക്കുമെന്ന് സങ്കല്‍പ്പിക്കാനേ കഴിയില്ല. അതുകൊണ്ട് എളുപ്പത്തിലൊരു മാര്‍ഗ്ഗമാണ് അമ്മ കണ്ടത്. ഒരു മാനേജ്മെന്‍റ് സ്കൂളില്‍ പ്യൂണിന്‍റെ തസ്തികയുണ്ട്. എട്ട് ലക്ഷമാണ് ചോദിക്കുന്നത്. ഏജന്‍റിന് കമ്മിഷന്‍ വേറെ കൊടുക്കണം. അമ്മ പണം കൊടുത്ത് ജോലി വാങ്ങാന്‍ ഒരുങ്ങുകയാണ്.


'' ഇതേള്ളു. സന്തോഷിക്കേണ്ട കാര്യം അല്ലേടാ '' റഷീദ് ചോദിച്ചു.



'' സന്തോഷം വെച്ചിരിക്കുന്നു. എന്നെക്കൊണ്ടു വയ്യ മാഷന്മാര്‍ക്ക് ചായ കൊണ്ടു വരാനും ബെല്ലടിക്കാനും ഒക്കെ ''.


''എന്നിട്ട് നീ എന്ത് ചെയ്യാനാ ഉദ്ദേശം ''.


'' ഒരു മാസം കഴിഞ്ഞാല്‍ അച്ഛന്‍ വരും. അതിനു മുമ്പ് ഞാന്‍ സ്ഥലം വിടും ''.


'' എങ്ങോട്ട് ''.



'' വാള്‍പ്പാറയില്‍ എന്‍റെ ഒരു ഫ്രന്‍റുണ്ട്. ഏതെങ്കിലും തോട്ടത്തില്‍
സൂപ്പര്‍വൈസറുടെ പണി വാങ്ങി തരാം എന്ന് അവന്‍ ഏറ്റിട്ടുണ്ട് ''.


സുമേഷിന്‍റെ മനസ്സിലുള്ള വിഷമം എങ്ങിനെയെങ്കിലും ലഘൂകരിക്കണമെന്ന് റഷീദിന് തോന്നി.


'' വെറുതെ വേണ്ടാത്ത പണിക്ക് പോണ്ടാ '' അവന്‍ പറഞ്ഞു '' അവിടെ ഇഷ്ടംപോലെ പുലിയുണ്ട്. നിന്‍റെ തടി കണ്ടാല്‍ അവറ്റ വിടില്ല. വെറുതെ ഉള്ള ഇറച്ചി പുലിക്ക് തിന്നാന്‍ കൊടുക്കണോ ''.


അതോടെ സുമേഷിന്‍റെ ടെന്‍ഷന്‍ പകുതി ചുരുങ്ങി. അവന്‍റെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി പടര്‍ന്നു.



'' അതിന് ഞാന്‍ മേത്ത് വേപ്പെണ്ണ പുരട്ടും. പിന്നെ പുലി എന്നെ തൊടില്ല ''.


റഷീദിന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കോട്ടയിലേക്ക് കൂട്ടുകാരുടെ ബൈക്കുകള്‍ വരുന്നുണ്ടായിരുന്നു.

=============================

'' ഏതാ അമ്മേ, ഒരു പെണ്‍കുട്ടിയുടെ ഫോട്ടൊ. കാണാന്‍ എന്ത് ഭംഗ്യാണ് '' രമ ഫോട്ടോയുമായി അമ്മയെ സമീപിച്ചു. ഇന്ദിര നോക്കുമ്പോള്‍ പാറു എത്തിച്ച ഫോട്ടൊയാണ്. രാമേട്ടന്‍ നോക്കി കഴിഞ്ഞ ശേഷം ഭാഗവതത്തിന്‍റെ ഉള്ളില്‍ വെച്ച് മരത്തിന്‍റെ പെട്ടിയില്‍ സൂക്ഷിച്ചതാണ്.


'' ഭൂമി തുരന്ന് അതിന്‍റെ ഉള്ളില്‍ കൊണ്ടുപോയി വെച്ചാലും കണ്ടെത്തിക്കോളും ഈ അശ്രീകരം '' ഇന്ദിര മകളുടെ കയ്യില്‍ നിന്ന് ഫോട്ടോ വാങ്ങി.


'' എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഏട്ടന് നല്ല യോജിപ്പുള്ള കുട്ടിയാണ് '' രമ ഒന്നും അറിയാതെ പറഞ്ഞതാണ്.


'' പെണ്ണേ, വേണ്ടാതെ ഓരോന്ന് പറഞ്ഞുംകൊണ്ട് വന്നാല്‍ നാളികേരം ഉടച്ച് നിന്‍റെ മുഖത്ത് ഞാന്‍ ചാത്തം ഊട്ടും ''.


അങ്ങിനെ പറഞ്ഞുവെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഇന്ദിരയ്ക്ക് വീണ്ടു വിചാരം ഉണ്ടായി. അവര്‍ മകളെ വിളിച്ചു.


'' ഏട്ടന്‍ ട്രെയിനിങ്ങ് കഴിഞ്ഞ് എത്തിയതും ഫോട്ടോവിന്‍റെ കാര്യം അവന്‍റെ അടുത്ത് വിളമ്പണ്ടാ. സമയം വരുമ്പോള്‍ ഞങ്ങള് തന്നെ പറഞ്ഞോളാം ''.


രമ അമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു ഉമ്മ കൊടുത്തു.


'' എന്താ ഈ പെണ്ണിന്. ഇപ്പഴും ഇള്ളക്കുട്ടിയാണെന്നാ ഭാവം '' ഇന്ദിര മകളെ പിടിച്ചു മാറ്റി.

7 comments:

  1. നമ്മൾ മണിക്ക്യൂറുകൾ ക്യൂ നിന്ന് ക്ഷമയുടെ നെല്ലിപ്പലകയിലെത്തി നിൽക്കുമ്പോഴാകും ഇക്കൂട്ടരുടെ വരവും കൂളായി അകത്തു കയറലും..! ദ്വേഷ്യം വരോ.. വരോ...?
    ദ്വേഷ്യം വന്നില്ലെങ്കിലേ അത്ഭുതമുള്ളു...
    ആശംസകൾ...

    ReplyDelete
  2. ദാസേട്ടൻ ഫോം വീണ്ടെടുത്തു എന്നാണ് ഈ അദ്ധ്യായം വായിച്ചപ്പോൾ ആദ്യം തോന്നിയത്. നല്ല ഫീൽഡ് പ്ലേസ്മെന്റ്. ആക്യുറേറ്റ് ബൌളിങ്, . തകർപ്പൻ ബാറ്റിങ്ങ്. പോരട്ടെ ഒരു ഇടിവെട്ട് ഇന്നിംഗ്സ്. ആശംസകൾ.

    ReplyDelete
  3. ശരിയാണ്. പലതരം രോഗവും വേദനയുമായി മണിക്കൂറുകളോളം കാത്ത് നിൽക്കുന്ന പാവം രോഗിയുടെ മുന്നിലൂടെ ഡോക്റ്ററുടെ മുറിയിലേയ്ക്ക് ഇടിച്ച് കയറുന്ന റെപ്സിനോട് ചിലപ്പോൾ ഇങ്ങിനെ പൊട്ടിത്തെറിക്കുന്നത് സ്വാഭാവികമല്ലേ?. ഇതിനൊരു മറുവശം ഉണ്ടെന്നു മറക്കുന്നില്ല.

    ReplyDelete
  4. ഓരോ അധ്യായവും ഹൃദ്യമാക്കുന്നുണ്ട്.ആശംസകള്‍

    ReplyDelete
  5. അടുത്തൊരു കല്യാണം നടക്കുമോ?

    ReplyDelete
  6. വി. കെ,
    രോഗികളുടെ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ ശരിയാണ്. പക്ഷെ ദിവസവും 
    പന്ത്രണ്ടോ അതിലധികമോ ഡോക്ടര്‍മാരെ കാണേണ്ട ചുമതലയുള്ള റെപ്പിന്‍റെ കാര്യമോ? വില്‍പ്പനയില്‍ നേരിയൊരു കുറവ് വന്നാല്‍ ജോലി തെറിക്കും എന്ന അവസ്ഥയില്‍ അവര്‍ക്ക് മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാനാവില്ലല്ലോ. ആശംസകള്‍ക്ക് നന്ദി.

    രാജഗോപാല്‍,
    കുറെ പ്രയാസങ്ങള്‍ കാരണം ശരിക്കങ്ങോട്ട് എഴുതാന്‍ കഴിഞ്ഞില്ല. വീണ്ടും എഴുതി തുടങ്ങുകയാണ്. ഈ കമന്‍റ് വളരെയേറെ സന്തോഷം തരുന്നു.

    മുകളിലെ അഭിപ്രായത്തില്‍ പറഞ്ഞതാണ് ഇവരുടെ അവസ്ഥ. ഭംഗിയായി വേഷം 
    ധരിച്ചു നടക്കുന്ന ഇവരുടെ പ്രയാസങ്ങള്‍ ആര്‍ക്കും അറിയില്ല.

    ആറങ്ങോട്ടുകര മുഹമ്മദ്,
    വളരെ നന്ദി.

    Typist / എഴുത്തുകാരി,
    അതിന്നു മുമ്പ് വേറെന്തെല്ലാം കിടക്കുന്നു. എന്തായാലും നല്ലതേ വരുള്ളു.

    ReplyDelete
  7. ഡോക്ടറെ കാത്തു നില്‍ക്കുമ്പോള്‍ ഇടിച്ചു കയറുന്ന അവരോട് എനിക്കും ദേഷ്യം തോന്നിയിട്ടുണ്ട്.. പാവം.

    ReplyDelete