Saturday, May 5, 2012

നോവല്‍ - അദ്ധ്യായം - 42.

ഞായറാഴ്ചകളില്‍ അനിരുദ്ധന്‍ വൈകിയാണ് എഴുന്നേല്‍ക്കാറ്. ഉണര്‍ന്നാലും കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് കുറെ നേരം കിടക്കും. കുട്ടിക്കും അത് സന്തോഷമുള്ള കാര്യമാണ്. എട്ട് മണി കഴിഞ്ഞാണ് അയാള്‍ എഴുന്നേറ്റത്. കുഞ്ഞിനെ നോക്കിക്കൊണ്ട് കുറെനേരം കട്ടിലില്‍ തന്നെയിരുന്നു. വെളുത്ത് സുന്ദരിയാണ് മകള്‍. ആരു കണ്ടാലും അവളെ ഒന്ന് നോക്കും. അച്ഛനെ കണ്ടാല്‍ മകളെ കാണണ്ടാ , അത്രയ്ക്ക് ഛായ ഉണ്ട് രണ്ടാള്‍ക്കും എന്ന് എല്ലാവരും പറയും. അത് കേള്‍ക്കുമ്പോള്‍ രാധികയ്ക്ക് ഉണ്ടാവുന്ന സന്തോഷം പറയാനാവില്ല.


'' എന്‍റെ അനിയേട്ടാ. നേരം എത്രയായി എന്നറിയ്യോ. എണീക്കൂന്നേ '' രാധിക അടുക്കളയില്‍ നിന്ന് വിളിച്ചു.


'' ഞാന്‍ എപ്പോഴോ എണീറ്റൂ '' എന്ന് പറഞ്ഞുവെങ്കിലും അയള്‍ ഇരിപ്പ് തുടര്‍ന്നു. '' ഇതെന്താ എണീറ്റതും മകളെ നോക്കിക്കൊണ്ട് ഇരിക്കുന്ന് '' രാധിക അനിരുദ്ധന്‍റെ തോളില്‍ കൈ വെച്ചു '' ഇന്നലെ, വന്നിട്ട് പോണതു വരെ മുത്തശ്ശനും കണ്ണിന്‍റെ ഇമ കൂട്ടാതെ അവളെതന്നെ നോക്കി ഇരിക്ക്യായിരുന്നു. നൂറ് കൂട്ടം തിരക്കുകള്‍ ഉണ്ടെങ്കിലും മുത്തശ്ശന്‍ ഇടയ്ക്കിടെ ഓടിയെത്തുന്നത് എന്തിനാണെന്ന് അറിയ്യോ ? പേരക്കുട്ടിയുടെ ചന്തം കാണാനാ ''.


'' ഈശ്വരന്‍ സഹായിച്ച് ഇവള്‍ക്ക് നമ്മുടെ കുടുംബത്തിലെ ആരുടേയും കോലം കിട്ടിയില്ല '' എന്ന് അദ്ദേഹം പറയുന്നത് അയാളും കേട്ടിട്ടുണ്ട്.


'' അച്ഛന്‍ എപ്പൊഴാ വന്നത് '' അനിരുദ്ധന്‍ ചോദിച്ചു. അന്വേഷിച്ചില്ലെന്നു വേണ്ടാ.


'' ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതും വന്നിരിക്കുന്നു. ആറു മണിക്കാണ് പോയത് ''. രാധിക അനിരുദ്ധന്‍റെ അരികിലിരുന്നു '' ഇന്നലെ വന്നപ്പോള്‍ അച്ഛന്‍ ഒരു കാര്യം പറഞ്ഞു ''.


'' ങും '' അയാള്‍ ഭാര്യയെ നോക്കി.


'' മിനിഞ്ഞാന്ന് അച്ഛന്‍ വക്കീലിനെ കണ്ടിട്ട് എറണാകുളത്തിന്ന് പോരുമ്പോള്‍ തൃശ്ശൂരിനടുത്തു വെച്ച് ഏതോ ഒരു ചെക്കന്‍റെ പിന്നാലെ ബൈക്കില്‍ മഴയും കൊണ്ട് അനിയേട്ടന്‍ പോണത് കണ്ട്വോത്രേ. എന്തിനാ ഈ പണിക്ക് നില്‍ക്കുന്ന് എന്ന് ചോദിച്ചു ''.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനി മാനേജര്‍ എന്നത് വലിയ പദവിയൊന്നുമല്ല. കാറ്റും വെയിലും മഴയും വക വെക്കാതെ അലഞ്ഞു നടക്കേണ്ടതുണ്ട്. കീഴിലുള്ള റെപ്രസന്‍റേറ്റീവുമാരെ പിണക്കാതേയും , മേലുദ്യോഗസ്ഥന്മാരെ പ്രീണിപ്പിച്ചും ഞാണിന്മേല്‍ കളിക്കാരനെപ്പോലെ കഴിയണം. എന്നാലും ജോലിസ്ഥിരത എന്നൊന്നില്ല. കച്ചവടത്തില്‍ നേരിയ കുറവ് വന്നാല്‍ മതി, ഉദ്യോഗം തെറിക്കും.


'' ബുദ്ധിമുട്ടാതെ ജീവിക്കാന്‍ കഴിയ്യോ ''.


'' ഈ ജോലി വേണ്ടാന്ന് വെക്കാന്‍ എത്ര പ്രാവശ്യമായി അച്ഛന്‍ പറയുന്നൂ. ജ്വല്ലറിയും, ടെക്സ്റ്റൈല്‍ ഷോപ്പും ,എസ്റ്റേറ്റും , കൃഷിയും ഒക്കെക്കൂടി അച്ഛന് നോക്കാന്‍ വയ്യാണ്ടായിട്ടുണ്ട്. ഇതിനൊക്കെ പുറമെ എന്നും തലവേദന ഉണ്ടാക്കാനായിട്ട് ഒരു ബസ്സ് കമ്പിനീം. ഏതെങ്കിലും ഒന്ന് അനിയേട്ടന് നോക്കി നടത്തിക്കൂടേ ''.


അല്ലെങ്കിലേ ഭാര്യ വീട്ടുകാര്‍ക്ക് തീരെ മതിപ്പില്ല. അവരുടെ ശമ്പളക്കാരന്‍ ആയാലത്തെ അവസ്ഥ എന്തായിരിക്കും ?


'' എന്താ ഒന്നും പറയാത്തത് '' രാധിക തിരക്കി.


'' അതിനെന്താ. എപ്പൊ വേണമെങ്കിലും ആവാലോ '' അയാള്‍ പറഞ്ഞു. വെറുതെ എന്തിനാണ് ഭാര്യയെ വിഷമിപ്പിക്കുന്നത്.


'' ഇതന്നെ എല്ലായ്പ്പോഴും പറയാറ്. ഇന്നലെ ഞങ്ങളൊരു പുതിയ പ്ലാന്‍ ഇട്ടിട്ടുണ്ട് ''. എന്തെന്ന് ചോദിക്കാന്‍ നിന്നില്ല. കുഞ്ഞിന്‍റെ കവിളില്‍ ഒരു ഉമ്മ കൊടുത്ത് അനിരുദ്ധന്‍ എഴുന്നേറ്റു. ദിനചര്യകള്‍ കഴിഞ്ഞ് പത്രവും ചായയുമായി സെറ്റിയില്‍ ഇരുന്നു. എപ്പോഴും സപ്ലിമെന്‍റ് ഷീറ്റാണ് ആദ്യം നോക്കാറ്. ഒരു ഓടിച്ച് നോക്കല്‍. വാര്‍ത്തകള്‍ വിസ്തരിച്ച് വായിക്കണം.


ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഭിക്ഷക്കാര്‍ വല്ലവരും ആയിരിക്കും. കയ്യിലൊരു ഭാണ്ഡവുമായി നേരം വെളുക്കുമ്പോഴേക്കും അവരെത്തും. ഈയിടെയായി ഭിക്ഷ യാചിക്കാന്‍ ഗ്രാമങ്ങളില്‍ നിന്നു എത്തുന്നവുടെ എണ്ണം കൂടി വരുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കണ്ണില്‍ പെട്ടതൊക്കെ എടുത്ത് സ്ഥലം വിടുന്നവരും ഉണ്ട്.


ജനലിലൂടെ വെളിയിലേക്ക് നോക്കി. രവീന്ദ്രനാഥാണ്. ഒരു പഴയ സുഹൃത്താണ് അയാള്‍. ഏതാണ്ട് ഒരേ സമയത്താണ് രണ്ടു പേരും മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി ജോലിയില്‍ കയറുന്നത്. എ. ബി. എം ആയി പ്രമോഷന്‍ ലഭിച്ച ശേഷവും ഇടയ്ക്കൊക്കെ കണ്ടുമുട്ടം. കുറച്ചു ദിവസം മുമ്പ് രവിയുടെ ജോലി നഷ്ടപ്പെട്ടതായി പറഞ്ഞു കേട്ടു. ഇപ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. വേറെ വല്ല കമ്പിനിയിലും കയറി പറ്റിയിട്ടുണ്ടാവും .


'' വരൂ സാറേ '' അനിരുദ്ധന്‍ ഉപചാരപൂര്‍വ്വം അതിഥിയെ എതിരേറ്റു '' വീട് കണ്ടെത്താന്‍ പ്രയാസം ആയോ ''.


'' ഏയ്, ഒട്ടും ബുദ്ധിമുട്ടിയില്ല '' അയാള്‍ പറഞ്ഞു '' നമ്മുടെ മോഹനന്‍ സാറാണ് സാറിന്‍റെ വീട് പറഞ്ഞു തന്നത് ''. വളരെ പരിക്ഷീണിതനായിട്ടാണ് രവി കാണപ്പെട്ടത്.


മോഹനന്‍ സാര്‍ എ. ബി. എം ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. റീജിയണല്‍ മാനേജരും, സെയില്‍സ് മാനേജരും, കമ്പിനി വൈസ് പ്രസിഡണ്ടും ഒക്കെയായി ശോഭിച്ച ആദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.


'' ടൌണിന്‍റെ നടുവിലായതോണ്ട് വീടിന്ന് നല്ല വാടക ഉണ്ടാവും അല്ലേ '' രവി ചോദിച്ചു.


ഭാര്യാപിതാവ് മകളുടെ പേരില്‍ വാങ്ങിയ വീടാണ്. അതെങ്ങിനെയാണ് പറയുക.


'' സ്വന്തം വീടാണ് '' എന്നു മാത്രം പറഞ്ഞു.


'' ഭാഗ്യവാന്‍. പറഞ്ഞു കേട്ടതൊക്കെ ശരിയാണെന്ന് മനസ്സിലായി. ഈശ്വരന്‍ എന്നും തനിക്ക് നല്ലത് വരുത്തട്ടെ ''.


സംഭാഷണം മാര്‍ക്കറ്റിനെ കുറിച്ചായി. നിത്യേന പുതിയ കമ്പിനികള്‍ രംഗത്ത് എത്തുന്നുണ്ട്. കയറി പറ്റാന്‍ അവര്‍ പാടുപേടുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് നിലവിലുള്ളവര്‍.


'' ഈ കണക്കിന്ന് പോയാല്‍ എവിടെ ചെന്നെത്തും '' രവിയ്ക്ക് അതാണ് വിഷമം.


'' അതൊന്നും സാരൂല്യാ സാറേ '' അനിരുദ്ധന്‍ പറഞ്ഞു '' മനുഷ്യര്‍ ഉള്ള കാലത്തോളം രോഗങ്ങള്‍ ഉണ്ടാവും. അത് മാറാന്‍ മരുന്നുകള്‍ വേണം. പിന്നെന്തിനാ പേടിക്കുന്നത് ''.


'' നിങ്ങള്‍ക്ക് പേടിക്കാനില്ല. ജോലി വേണ്ടെന്ന് വെച്ചാലും കഴിഞ്ഞു കൂടാന്‍ ബുദ്ധിമുട്ട് വരില്ലല്ലോ. എല്ലാവര്‍ക്കും അതു പോലാണോ ''.


അടുക്കളയില്‍ നിന്ന് രാധിക വിളിച്ചു. ഭക്ഷണം ആയിട്ടുണ്ട്. ഇപ്പോള്‍ തന്നെ നേരം വൈകി.


'' വരൂ സാറേ. ആഹാരം കഴിക്കാം '' അനിരുദ്ധന്‍ ക്ഷണിച്ചു.


'' വേണ്ടാ, നിങ്ങള്‍ കഴിച്ചിട്ട് വരൂ '' എന്ന് രവി പറഞ്ഞുവെങ്കിലും അനിരുദ്ധന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ ഒപ്പം ചെന്നു. പുട്ടും കടലക്കറിയും , വെള്ളേപ്പവും സ്റ്റൂവും , നേന്ത്രപ്പഴം പുഴുങ്ങിയതും മേശപ്പുറത്ത് നിരന്നിട്ടുണ്ട്. രാധികയ്ക്ക് എന്തെങ്കിലും രണ്ട് വിഭവങ്ങളെങ്കിലും വേണം. അതാണ് ശീലം. ഭാഗ്യത്തിന് നല്ല കൈപ്പുണ്യമുള്ള വേലക്കാരിയാണ് ഇപ്പോഴുള്ളത്.


'' സാറിനോട് ഒരു സഹായം ചോദിക്കാനാണ് ഞാന്‍ വന്നത് '' ഭക്ഷണം കഴിക്കുന്നതിന്നിടെ രവി പറഞ്ഞു.


'' എന്താ സാറേ '' അനിരുദ്ധന്‍ ചോദിച്ചു. രവീന്ദ്രന്‍റെ വരവിന്‍റെ പിന്നില്‍ എന്തോ കാര്യമുണ്ടെന്ന് നേരത്തെതന്നെ തോന്നിയിരുന്നു.


'' എന്‍റെ ജോലി പോയി '' രവീന്ദ്രന്‍ പറഞ്ഞു.


'' എന്താ സെയില് കുറഞ്ഞ്വോ? ''.


'' ഏ, അതൊന്ന്വൊല്ല '' രവി പറഞ്ഞു '' പുതിയ ആര്‍. എം. ചാര്‍ജ്ജെടുക്കുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആ മനുഷ്യനൊരു പ്രത്യേക സൈസ്സാണ്. കീഴുദ്യോഗസ്ഥന്മാരെ കുറിച്ച് ഇല്ലാത്ത കുറ്റവും കുറവുകളും മേലധികാരികളോട് പറഞ്ഞ് സ്വയം കേമനാവുന്ന സ്വഭാവക്കാരന്‍. എനിക്ക് പ്രോഡക്റ്റ് നോളേജ് പോരാ, ഫ്ലുവന്‍റായി ഇംഗ്ലീഷ് സംസാരിക്കാന്‍ ആവില്ല, പേഴ്സനാലിറ്റി കമ്മി എന്നൊക്കെ പറഞ്ഞു കൊടുത്ത് എന്നെ ഒഴിവാക്കിച്ചതാണ് ''.


'' എപ്പൊഴാ സംഭവം ''.


'' കുറച്ചായി '' അയാള്‍ പറഞ്ഞു തുടങ്ങി.


കമ്പിനിയില്‍ നിന്ന് പിരിഞ്ഞു പോകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മാസത്തെ മുന്‍കൂര്‍ നോട്ടീസ് ഫെബ്രുവരിയിലാണ് കിട്ടിയത്. അന്ന് വലിയ മനപ്രയാസമൊന്നും തോന്നിയില്ല. ഈ തൊഴിലില്‍ പിരിച്ചുവിടല്‍ അസാധാരണമായ സംഭവമൊന്നും അല്ലല്ലോ. അധികം വൈകാതെ മറ്റൊരു കമ്പിനിയില്‍ കയറി കൂടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. മരിച്ചു പോയ പെങ്ങളുടെ ഏക മകന്‍ കൂടെയുണ്ട്. എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവനെ പഠിപ്പിക്കാന്‍ വേണ്ടി ലീവെടുത്തതാണെന്നു പറഞ്ഞ് കുറച്ചു ദിവസം കഴിച്ചു കൂട്ടി. ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ച് വീട്ടിലുള്ളവരെ വിഷമിപ്പിക്കരുതല്ലോ. മരുമകാന്‍റെ പരീക്ഷ കഴിയുമ്പോഴേക്ക് വേറെ എന്തെങ്കിലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അഞ്ചു മാസം കഴിഞ്ഞു. ഒന്നും ആയില്ല .


'' വേറെ കമ്പിനികളിലൊന്നും ശ്രമിച്ചു നോക്കിയില്ലേ ''.


'' ശ്രമിക്കാഞ്ഞിട്ടല്ല. ഏഴെട്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യു കഴിഞ്ഞു. ചിലര് എടുത്തില്ല. വേറെ ചിലര്‍ സെലക്ട് ചെയ്തു. പക്ഷെ ഹോം ഡിസ്ട്രിക്ടില്‍ അല്ല. എനിക്കാണെങ്കില്‍ സുഖമില്ലാത്ത ഭാര്യയെ വിട്ട് ദൂരെ പോവാനും പറ്റില്ല. പിന്നെ പഴയ കാലം മാതിരിയാണോ ? ബി. ഫാം. കാരും എം. ബി. എ. ക്കാരും ഇഷ്ടംപോലെ ഈ തൊഴിലിന്ന് വരാന്‍ തുടങ്ങിയില്ലേ. അപ്പോള്‍ എവിടേയാ നമ്മളെ പ്പോലെ ഉള്ളവര്‍ക്ക് ചാന്‍സ് ''.


രവീന്ദ്രന്‍റെ വിഷമം അനിരുദ്ധന് മനസ്സിലായി. എന്താണ് വേണ്ടത് എന്നയാള്‍ പറയുന്നില്ല.


'' എന്താ ഞാന്‍ ചെയ്യേണ്ടത് '' അയാള്‍ ചോദിച്ചു.


'' വരുമാനം നിന്നതോടെ അല്‍പ്പസ്വല്‍പ്പം കയ്യിരിപ്പ് ഉള്ളതോണ്ട് ഇതുവരെ കഴിഞ്ഞു. ഇനി പിടിച്ചു നില്‍ക്കാന്‍ ആവില്ല. സാറ് എന്തെങ്കിലും ഒരു പണി സംഘടിപ്പിച്ച് തരണം ''.


'' ഞാനോ ? '' അത്ഭുതമാണ് തോന്നിയത്.


'' ഇപ്പോഴത്തെ ചുറ്റുപാടില്‍ സാറിന് അതൊരു ബുദ്ധിമുട്ടാവില്ല. എനിക്ക് ഒരു സഹായം ആവും ചെയ്യും. നിങ്ങളുടെ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ തല്‍ക്കാലം ഒരു ജോലി തന്ന് സഹായിക്കണം ''.


എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ അനിരുദ്ധന്‍ കുഴങ്ങി. അപ്പോഴാണ് രാധിക ഇടപെട്ടത്.


'' അനിയേട്ടന്‍റെ പേരില്‍ തുടങ്ങാന്‍ പോണ ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്ട്രിബ്യൂഷനിലേക്ക് നല്ല ഒരു മാനേജരെ നോക്കണമെന്ന് ഇന്നലെ അച്ഛന്‍ പറഞ്ഞിരുന്നു. സാറിന് അത് മതീച്ചാല്‍ കൊടുക്കാം അല്ലേ ''.


ഇന്നലെ അച്ഛന്‍ പുതിയ പ്ലാന്‍ ഉണ്ടാക്കി എന്ന് രാധിക നേരത്തെ പറഞ്ഞത് ഇതാണല്ലേ. അയാള്‍ എന്തെങ്കിലും പറയും മുമ്പ് ഭാര്യ തന്നെ ബാക്കി പറഞ്ഞു.


'' അനിയേട്ടന് പരിചയമുള്ള ഫീല്‍ഡ് ആയതോണ്ട് തുടങ്ങുന്നതാണ്. പണി മുഴുവനാവാത്ത ഒരു കെട്ടിടം വാങ്ങീട്ടുണ്ട്. അത് ശരിപ്പെടുത്തി കര്‍ക്കിടകം കഴിഞ്ഞ ഉടനെ ആരംഭിക്കണം എന്നാണ് ഉദ്ദേശം. സാറിന് ഇഷ്ടമാണെങ്കില്‍ അനിയേട്ടന്‍റെ അടുത്ത് മൊബൈല്‍ നമ്പര്‍ കൊടുത്തോളൂ. നല്ല ദിവസം നോക്കി ജോലിക്ക് ചേരാം ''.


അനിരുദ്ധന്‍ നിര്‍വ്വികാരനായി ഇരുന്നു. രവീന്ദ്രന്‍റെ കണ്ണുകള്‍ നിറഞ്ഞത് അയാള്‍ കണ്ടില്ല.




4 comments:

  1. എത്ര വേഗമാണ് ജോലി ശരിയായത്...!
    തുടരട്ടെ... ബാക്കിക്കായി കാത്തിരിക്കുന്നു.

    ReplyDelete
  2. വായിച്ചു. ജോലിയിലെ അരക്ഷിതാവസ്ഥയും അതിന്റെ ആകുലതകളും അധികം ചായക്കൂട്ടില്ലാതെ തന്നെ വരച്ചു ചേർത്തിട്ടുണ്ട്. സ്വാഭാവികമായ ആഖ്യാനം. തുടർന്നുള്ള അദ്ധ്യായങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  3. ഹ ഹ ഹ നല്ല ബെസ്റ്റ്‌ ഭാര്യാ ...... അടുത്ത ഭാഗം വരട്ടെ

    ReplyDelete
  4. വി.കെ,
    സ്വകാര്യ സ്ഥാപനങ്ങളുടെ രീതിയാണത്. തൊഴില്‍ ലഭിക്കാന്‍ അപേക്ഷയും, പരീക്ഷയും, റാങ്ക് ലിസ്റ്റും ഒന്നും ആവശ്യമില്ല.

    രാജഗോപാല്‍,
    മാര്‍ക്കെറ്റിങ്ങ് മേഖലയില്‍ പൊതുവായും മരുന്ന് കച്ചവടത്തില്‍ പ്രത്യേകിച്ചും എന്നും
    ജോലി നഷ്ടപ്പെടാവുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്.

    ഞാന്‍ : പുണ്യവാളന്‍,
    രാധിക നല്ല ഭാര്യയാണ്, സ്നേഹസമ്പന്നയാണ്. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അത് വ്യക്തമാവും.

    ReplyDelete