Tuesday, May 29, 2012

നോവല്‍ - അദ്ധ്യായം - 44.

ഒമ്പതരയോടെ ശെല്‍വന്‍ അച്ഛനോടൊപ്പം ബാങ്കിലെത്തി. ജീവനക്കാര്‍ വന്നു തുടങ്ങുന്നതേയുള്ളു. തൂപ്പുകാരി വൃത്തിയാക്കുന്ന പണി ചെയ്തുകൊണ്ടിരിക്കുകയാണ്.


'' അവന്‍ എവിടെ '' പ്രദീപിനെയാണ് അച്ഛന്‍ ഉദ്ദേശിച്ചതെന്ന് ശെല്‍വന് മനസ്സിലായി.


'' കാണാനില്ല '' അവന്‍ പറഞ്ഞു.


'' വരില്ലേ ''.


'' വരാതിരിക്കില്ല. ഉറപ്പായും എത്തും ''.


'' അതുവരെ വെളീല് നിക്കാം ''.


പത്തേ കാലോടെയാണ് പ്രദീപ് എത്തിയത് '' പോലീസ് സ്റ്റേഷന്‍ വരെ ഒന്ന് ചെല്ലാനുണ്ടായിരുന്നു. അതാ വൈകിയത് '' അവന്‍ കാരണം വെളിപ്പെടുത്തി.


'' എന്താടാ പ്രശ്നം ? ''ശെല്‍വന്‍ അന്വേഷിച്ചു. അവന്‍റെ അച്ഛന്‍ മിണ്ടാതെ കേട്ടു നില്‍ക്കുകയാണ്.


'' ഒരു ആക്സിഡന്‍റ് കേസ്. എനിക്ക് വേണ്ടപ്പെട്ട ഒരു കക്ഷിടെ ബൈക്കില്‍ ബസ്സിടിച്ചു. ആ പ്രശ്നം തീര്‍ക്കാന്‍ ചെന്നതാ ''. അവന്‍ സംഭവം വിവരിച്ചു. തലേന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഒരു പയ്യനാണ് ബൈക്ക് ഓടിച്ചിരുന്നത്. മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടപ്പോള്‍ റോഡോരത്ത് വണ്ടി നിര്‍ത്തി കാള്‍ അറ്റന്‍ഡ് ചെയ്യുകയായിരുന്നു. ആ നേരത്താണ് പുറകില്‍ ബസ്സ് വന്ന് ഇടിച്ചത്.


'' എന്നിട്ട് എന്തു പറ്റി ''.


'' ഭാഗ്യത്തിന് അവന്‍ ദൂരെ പുല്ലിലേക്ക് തെറിച്ച് വീണു. ഒന്നും പറ്റിയില്ല. പക്ഷെ അവന്‍റെ ബൈക്ക് പപ്പടം പോലെ പൊടിഞ്ഞു. അഞ്ചു പൈസ കിട്ടില്ല ''.


'' ഇന്‍ഷൂറന്‍സ് കിട്ടില്ലേ ''.


'' പാടാണ്. ഒന്നാമത് അവന് ലൈസന്‍സ് ഇല്ല. ബുക്കും പേപ്പറും ശരിക്ക് ഉണ്ടോ എന്ന് അവനേ അറിയില്ല. ബസ്സുകാരാണെങ്കില്‍ ഒന്നും കൊടുക്കാതെ തടി കഴിച്ചിലാക്കാനാ നോട്ടം. ഒരു വിധം പത്തുറുപ്പിക വാങ്ങി കൊടുത്തു ''.


'' അതെങ്ങിനെ ''.


'' ആ ഡ്രൈവറുടെ അനുജന്‍ എന്‍റെ ക്ലാസ്സ്മേറ്റാണ്. സ്റ്റേഷനില്‍ അവനും ഉണ്ടായിരുന്നു. അടവിന് എടുത്ത വണ്ടിയാണ്, ചതിക്കരുത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍റെ മനസ്സ് അലിഞ്ഞു കാണും . എന്‍റെ വകേലൊരു അളിയന്‍ സ്റ്റേഷനില്‍ ഉള്ളതോണ്ട് കേസ്സാക്കാതെ ഒതുക്കാനും കഴിഞ്ഞു ''.


'' കണ്ണും മൂക്കും ഇല്ലാത്ത ഓട്ടമാണ് ബസ്സുകാരുടേത്. എത്ര അപകടം ഉണ്ടായാലും ഇവരൊന്നും പഠിക്കില്ല ''.


'' ചവിട്ടീട്ട് നിന്നില്ല എന്നാ ഡ്രൈവറ് പറഞ്ഞത് ''.


'' ലോക്കറ് നോക്ക്വല്ലേ '' ശെല്‍വന്‍റെ അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്ക് പരീക്ഷാഫലം അറിയാന്‍ വെമ്പി നില്‍ക്കുന്ന വിദ്യാര്‍ത്ഥിയുടെ മനോഭാവമായിരുന്നു.


'' അതിനു മുമ്പ് മാനേജരെ ഒന്ന് കണ്ടിട്ട് വരട്ടെ '' പ്രദീപ് അകത്തേക്ക് ചെന്നു. അല്‍പ്പ നേരം കഴിഞ്ഞതും അവന്‍ തിരിച്ചെത്തി.


'' അച്ഛന്‍ ഇവിടെ നിന്നോളൂ. ഞങ്ങള് പോയി നോക്കിയിട്ട് വരാം '' ശെല്‍വനേയും കൂട്ടി അകത്തേക്ക് ചെല്ലുമ്പോള്‍ അവന്‍ പറഞ്ഞു '' കൂട് പൊട്ടിച്ച് കിളി പറന്നു എന്നാ എനിക്ക് തോന്നുന്നത്. ഒരുപക്ഷെ അങ്ങിനെയാണെങ്കില്‍ ഒരു കുഴപ്പവും ഇല്ല എന്നും പറഞ്ഞ് നീ അച്ഛനെ കൂട്ടി വീട്ടിലേക്ക് വിട്ടോ. ഇവിടെ ഒരു സീന്‍ ഉണ്ടാക്കാതെ നോക്കണം ''.


തിരിച്ചു പോരുമ്പോള്‍ ശെല്‍വന്‍ അങ്ങിനെത്തന്നെ ചെയ്തുവെങ്കിലും അവന്‍റെ മനസ്സ് അപ്പോള്‍ തേങ്ങുകയായിരുന്നു.

*************************************

'' ഇന്ന് അമ്മ വിളിച്ചിട്ടുണ്ടായിരുന്നു '' രാധിക പറഞ്ഞപ്പോള്‍ അനിരുദ്ധന്ന് പുതുമ തോന്നിയില്ല. ദിവസം ഒന്നിലേറെ തവണ അമ്മ മകളെ വിളിക്കുന്നതാണ്.


'' എന്താ സംഗതി എന്ന് കേള്‍ക്കണ്ടേ '' അവള്‍ വീണ്ടും പറഞ്ഞു. '' പറഞ്ഞോളൂ '' ടൈ അഴിക്കുന്നതിന്നിടെ അയാള്‍ പറഞ്ഞു.


'' വീട്ടിന്ന് അവരൊക്കെ കൂടി നാലമ്പലം തൊഴുകാന്‍ പോണൂ. എന്നോട് വരാന്‍ പറഞ്ഞിട്ടുണ്ട് ''.


'' എന്നക്കാ യാത്ര ''.


'' ഞാന്‍ ഇല്ലാന്ന് പറഞ്ഞു ''.


അത് ഒരു അത്ഭുതമാണല്ലോ. വീട്ടുകാരോടൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന ഒരു സന്ദര്‍ഭവും രാധിക ഒഴിവാക്കാറില്ല. ചോദ്യ ഭാവത്തില്‍ അയാള്‍ ഭാര്യയെ നോക്കി.


'' അനിയേട്ടന്‍റെ അമ്മയെ തൃപ്രയാറ് തൊഴീക്കണം എന്ന് പറഞ്ഞതല്ലേ. എല്ലാവരേയും കൂട്ടി നമുക്ക് നാലമ്പലം തൊഴാന്‍ പോയാലോ ''.


അമ്പരപ്പാണ് തോന്നിയത്. രാധികയ്ക്ക് എന്തു പറ്റി.


'' നമുക്ക് ശനിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോവാം. ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ടാലേ എല്ലാടത്തും തൊഴുത് പോരാന്‍ പറ്റു ''.


'' വേറെ വണ്ടി ഏര്‍പ്പാടാക്കണ്ടേ. നമ്മുടെ കാറില്‍ എല്ലാവരേയും കൊള്ളില്ല ''.


'' അത് ആലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അച്ഛന്‍റെ അടുത്ത് പറഞ്ഞ് ഒരു ക്രൂയിസര്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് വണ്ടിയെത്തും ''.


അനിരുദ്ധന് തോന്നിയ സന്തോഷത്തിന് അളവില്ല. അയാള്‍ ഭാര്യയെ മാറോടടുപ്പിച്ചു.

3 comments:

  1. രാധികയും നന്മയിലേയ്ക്ക് ചുവട് വെച്ചു തുടങ്ങി. പ്രതീക്ഷിച്ച പോലെ സ്വർണ"ക്കിളി പറന്നുപോയ“ ഒഴിഞ്ഞ ലോക്കറും. വായന തുടരുന്നു.

    ReplyDelete
  2. രാജഗോപാല്‍,
    ചെറിയ ചെറിയ സംഭവങ്ങളിലൂടെ കഥ നീങ്ങുകയാണ്. ഇനിയും മാറ്റങ്ങള്‍ വരുന്നുണ്ട്.

    ReplyDelete
  3. അനിരുദ്ധന് തോന്നിയ സന്തോഷത്തിന് അളവില്ല. അയാള്‍ ഭാര്യയെ മാറോടടുപ്പിച്ചു.
    ഇപ്പോള്‍ മാത്രമാണ് അവള്‍ ഭാര്യ ആയതു..

    ReplyDelete