Friday, July 13, 2012

നോവല്‍ - അദ്ധ്യായം - 47.

പഴയ സുഹൃത്തുക്കളെ ശരിക്കും അത്ഭുതപ്പെടുത്താനായി. അതുതന്നെയാണ് ഗോപാലകൃഷ്ണന്‍ നായര്‍ ആഗ്രഹിച്ചതും.


'' ഇത്ര പ്രായമായിട്ടും സാറ് എങ്ങിനേയാ ഇത് ഓടിക്കുന്നത് '' ഫോറസ്റ്റര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ ചോദിച്ചു '' എനിക്ക് റോഡിന്‍റെ ഒരു ഭാഗത്തു നിന്ന് അപ്പുറത്തേക്ക് കടക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് ''. അത് ശരിയാണെന്ന് തോന്നി. സമപ്രായക്കാരായ സഹപ്രവര്‍ത്തകരില്‍ മിക്കവരും വാര്‍ദ്ധക്യത്തിന്ന് കീഴടങ്ങിയ മട്ടുണ്ട്.


'' അതിനെന്താ, ഞാന്‍ ഇതിന്‍റെ പുറത്ത് ഇരിക്കുന്നതല്ലേയുള്ളു. അതല്ലേ എന്നെ ചുമന്നും കൊണ്ട് പോവുന്നത് '' ബുള്ളറ്റിനെ വാത്സല്യത്തോടെ തലോടിക്കൊണ്ട് നായര്‍ പറഞ്ഞു.


'' താനാടോ ഭാഗ്യവാന്‍ '' ഡി.എഫ്.ഒ. ആയിരുന്ന മജീദ് സാര്‍ പറഞ്ഞു '' ആരേയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ടല്ലോ. അതില്‍ കൂടുതല്‍ എന്താ വേണ്ടത് ''.


എല്ലാവരും ഒരു മുന്‍കാല സഹപ്രവര്‍ത്തകന്‍റെ പേരക്കുട്ടിയുടെ വിവാഹത്തിന്ന് ഒത്തു കൂടിയതാണ്. അന്യോന്യം കണ്ടുമുട്ടാനുള്ള അവസരമാണ് കല്യാണങ്ങളും മരണങ്ങളും. വല്ലപ്പോഴും നടക്കുന്ന പെന്‍ഷണേഴ്സ് യൂണിയന്‍ മീറ്റിങ്ങുകളില്‍ പലരും എത്താറില്ല. മുമ്പ് ഇത്തരം ഒത്തുകൂടലുകള്‍ ഇടയ്ക്കൊക്കെ ഉണ്ടാവുമായിരുന്നു. സഹപ്രവര്‍ത്തകരുടെ മക്കള്‍ മിക്കവാറും വിവാഹിതരായി കഴിഞ്ഞതോടെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ചിലരുടെയെങ്കിലും പേരമക്കള്‍ കല്യാണ പ്രായം എത്തിക്കാണും. അവരുടെ വിവാഹത്തിന്ന് വിളിച്ചാലായി, ഇല്ലെങ്കിലായി. അടുപ്പങ്ങളുടെ ശക്തി ചോര്‍ന്നുപോവുകയാണോ ആവോ.


പലരേയും കണ്ടിട്ട് കൊല്ലങ്ങള്‍ അനവധി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് കിട്ടിയപ്പോഴേ നിക്കാഹിന് കൂടണമെന്ന് ഉറപ്പിച്ചു. ആകെക്കൂടിയുള്ള ഒരു പ്രശ്നം അമ്മിണിയുടെ കാര്യമാണ്. കോളേജ് ഇല്ലാത്ത ദിവസമായതിനാല്‍ അനുജന്‍റെ പെണ്‍മക്കള്‍ രണ്ടാളും കാലത്തെ വന്ന് വലിയമ്മയ്ക്ക് തുണയിരിക്കാമെന്ന് സമ്മതിച്ചതോടെ അതും തീര്‍ന്നു.


രാവിലെത്തന്നെ അനുജന്‍റെ മക്കളെത്തി. കൂടെ വേറെ നാല് പെണ്‍കുട്ടികളും. കൂട്ടുകാരാണത്രേ.


'' വലിയച്ഛന്‍ നിക്കാഹിന്ന് പോയിട്ട് ബിരിയാണി തട്ടും. ഇവിടെ ഞങ്ങള്‍ക്ക് സാമ്പാറും ഉപ്പേരീം. അത് കഷ്ടാണ് ട്ടോ '' ചെറിയ മകള്‍ വായാടിയാണ്.


'' അതിനെന്താ, ഇപ്പൊത്തന്നെ മീന്‍കാരനെ വിളിച്ച് മീന്‍ എത്തിക്കാന്‍ പറയാം ''.


'' നല്ല കാര്യായി. ചേച്ചി ശവം കീറി മുറിക്കും. പക്ഷെ മീന് നന്നാക്കില്ല. എനിക്കത് ഒട്ടും പറ്റൂല്യാ ''.


'' അതെന്താ നിനക്ക് ചെയ്താല്‍ ''.


'' വല്യേച്ഛാ, കമ്പ്യൂട്ടറില്‍ എന്ത് വേണച്ചാലും എന്നോട് ചെയ്യാന്‍ പറഞ്ഞോളൂ. പക്ഷെ അടുക്കളേല് കയറാന്‍ എന്നോട് പറയണ്ടാ ''.


ഇങ്ങിനെ പോയാല്‍ ഇവള്‍ കുറെ കഷ്ടപ്പെടും എന്ന് ഉള്ളില്‍ ചിന്തിച്ചു.


'' ഞാന്‍ ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണനോട് ബിരിയാണി വാങ്ങി എത്തിക്കാന്‍ ഏര്‍പ്പാടാക്കാം ''.


'' അതൊന്നും വേണ്ടാ. ഞാന്‍ പോയി നൂര്‍ജഹാനില്‍ നിന്ന് പാകം പോലെ വാങ്ങിക്കോളാം ''കുട്ടി അഭിപ്രായം വെളിപ്പെടുത്തി.


'' ഇഷ്ടംപോലെ ആയിക്കോ ''. ആയിരത്തിന്‍റെ രണ്ട് ഓട്ടുകള്‍ കൊടുത്തതോടെ കുട്ടി പ്രസാദിച്ചു. കവിളിലൊന്ന് തലോടി അവള്‍ അകത്തേക്ക് ഓടി. പുറപ്പെടാറായപ്പോഴാണ് ബൈക്കില്‍ പോവുന്ന കാര്യം അമ്മിണി അറിഞ്ഞത്.


'' പട്ടാമ്പി വരെ മോട്ടോര്‍സൈക്കിളില്‍ പോവ്വേ '' അവള്‍ വിലക്കി '' എത്ര ദൂരം ഉണ്ട് എന്നാ നിശ്ചയം. അയ്യഞ്ച് മിനുട്ട് കൂടുമ്പോള്‍ ബസ്സില്ലേ ''.


'' ബസ്സില്ലാഞ്ഞിട്ടല്ലടോ. ഒക്കെ ഒരു മോഹോല്ലേ. അത്രയ്ക്ക് ദൂരോന്നൂല്യാ. എത്ര പ്രാവശ്യം ഞാന്‍ ഇതില് ശബരിമലയ്ക്ക് പോയിട്ടുള്ളതാണ് ''.


'' അതൊക്കെ അന്തക്കാലം. ഇപ്പൊ വയസ്സായില്ലേ ''.


'' വയസ്സോ. ആര്‍ക്ക് ? എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്യാ. ഞാന്‍ സുഖായിട്ട് പോയിട്ട് വരും ''.


'' ചിക്കണം മട്ടനും ഒക്ക്യാണെന്ന് പറഞ്ഞിട്ട് ബാറില്‍ കേറി മിനുങ്ങണ്ടാട്ടോ. വണ്ടി ഓടിക്കാനുള്ളതാ ''.


'' വിശ്വാസം ഇല്ലാച്ചാല്‍ താന്‍ കൂടി വന്നോ. പിന്നാലെ ഇരുന്നാല്‍ മതി. ഒരു തകരാറും കൂടാതെ ഞാന്‍ കൊണ്ടുപോയി കൊണ്ടു വരാം ''.


'' കേമായി. കയ്യും കാലും കുഴഞ്ഞ് കിടക്കുമ്പൊത്തന്നെ വേണോനും ''.


'' അതൊന്നും കാര്യാക്കണ്ടാ. വേണച്ചാല്‍ പോന്നോളൂ. പിന്നെ സ്പീഡ് കൂടുമ്പൊ എന്‍റെ ചന്തീല് നുള്ളരുത്. അങ്ങിനെ വല്ലതും ചെയ്താല്‍ വണ്ടി നിര്‍ത്തി ഞാന്‍ ആ കവിളില്... ''.


'' അയ്യേ, എന്തൊക്ക്യാ പറയിണ്. അപ്പുറത്ത് പെണ്‍കുട്ടികളുള്ളതാണ് ''. ഭാര്യയുടെ കവിളില്‍ നാണം ചായം പുരട്ടുന്നത് കണ്ടു.


ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഭക്ഷണം കഴിഞ്ഞ ശേഷം എല്ലാവരും പിരിഞ്ഞു. വാടാനാംകുറുശ്ശിയില്‍ എത്തിയപ്പോള്‍ ഗെയിറ്റ് അടച്ചിരിക്കുന്നു. ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തി ഹെല്‍മറ്റ് ഊരി സീറ്റില്‍ തന്നെയിരുന്നു.


അടുത്തു നിന്ന വെള്ള ഫോര്‍ച്ച്യൂണറില്‍ നിന്ന് '' സാറേ '' എന്നും വിളിച്ച് ഒരാള്‍ ഇറങ്ങി. ശിവശങ്കര മേനോനാണ്.


'' സാറെവിടുന്നാ ബൈക്കില് '' അയാള്‍ ചോദിച്ചു.


'' പട്ടാമ്പീല് ഒരു കല്യാണത്തിന്ന് ചെന്നതാ ''.


'' ഇപ്പഴും ഇത് ഓടിക്ക്യോ ''.


'' പിന്നല്ലാണ്ടെ. ഇവനെന്‍റെ സന്തത സഹചാരിയല്ലേ ''.


'' മക്കള് കുട്ട്യേളായിരിക്കുമ്പൊ അവരെ ഇതില്‍ കേറ്റി വരുന്നത് കണ്ട ഓര്‍മ്മ ഇപ്പഴും ഉണ്ട്. കാലം മാറീട്ടും ഇതിന് ഒരു മാറ്റൂം വന്നിട്ടില്ല ''.


'' ആ കാലത്ത് തന്‍റേല് ഫിയറ്റ് ലെവന്‍ ഹണ്‍ട്രഡ് ആയിരുന്നു. കറുത്ത നിറത്തില് ''.


ഇരുവരുടേയും ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞു. എന്തൊക്കെ കണ്ടു, എന്തൊക്കെ അനുഭവിച്ചു. ആലോചിക്കാന്‍ തന്നെ ഒരു സുഖമുണ്ട്.


'' പിന്നെ പേരക്കുട്ടിയുടെ ആദ്യത്തെ പിറന്നാളാണ്. വഴിക്കു വെച്ച് പറഞ്ഞൂന് കരുതണ്ടാ. ഞാന്‍ വീട്ടില് വന്ന് വിളിക്കുന്നുണ്ട് ''.


'' അതൊന്നും വേണ്ടാ. ഈ പറഞ്ഞതന്നെ ധാരാളായി ''.


'' അത് പറ്റില്ല. ചെയ്തു തന്ന ഉപകാരങ്ങളൊക്കെ എന്‍റെ മനസ്സിലുണ്ട് ''.


ഒരു ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്താതെ കടന്നു പോയി.


'' ഗെയിറ്റ് തുറക്കാറായി. ഇന്നോ നാളെയോ ഞാന്‍ വീട്ടില് വരുന്നുണ്ട്ട്ടോ '' മേനോന്‍ കാറില്‍ കയറി. ഗോപാലകൃഷ്ണന്‍ കിക്കറില്‍ കാലമര്‍ത്തി. ബുള്ളറ്റ് ശബ്ദിച്ചു തുടങ്ങി.

8 comments:

  1. നല്ല എഴുത്ത്. പക്ഷേ പകുതിക്ക് വച്ച് നിർത്തിയത് പോലെ

    ReplyDelete
  2. sumesh vasu,
    വേറൊരു നോവല്‍ എഴുതുന്നതിനാല്‍ കുറച്ച് മെല്ലെയാക്കി. അത്രയേ ഉള്ളു. വായിച്ച് അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  3. ഇത് ഇപ്പോഴാണ് കാണാൻ ഇടയായത്. രാമായണകഥയുടെ വായനക്കിടയിൽ വിട്ടു പോയതാണ്. ആഴ്ചയിലൊരു അദ്ധ്യായമെങ്കിലും എഴുതാൻ പറ്റുമെങ്കിൽ നന്നായിരിക്കും. ഇതും വേഗം തന്നെ നന്നായി എഴുതി മുഴുമിപ്പിക്കാൻ ശ്രമിക്കൂ.

    ReplyDelete
  4. മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്നവരാണ് വാർദ്ധക്യം ആഘോഷമാക്കുന്നത്.

    ReplyDelete
  5. രാജഗോപാല്‍,

    മൂന്നാമത്തെ നോവല്‍ സമയബന്ധിതമായി തീര്‍ക്കാനുള്ളതാണ്. അതിനാല്‍ ശ്രദ്ധ മുഴുവന്‍ അതിലാണ്. എങ്കിലും മാസം തോറും 2 അദ്ധ്യായങ്ങള്‍ വീതമെങ്കിലും പോസ്റ്റ്
    ചെയ്യണമെന്ന് കരുതുന്നു.

    അതെ , മനസ്സില്‍ ചെറുപ്പം ഉള്ളവര്‍ക്കേ ഇത്തരത്തില്‍ പറയാനും പ്രവര്‍ത്തിക്കാനും
    കഴിയൂ.

    ReplyDelete
  6. മൂന്നു് അദ്ധ്യായങ്ങളും ഇതോടൊന്നിച്ച് വായിച്ചു. രസകരമായി വരുന്നുണ്ട്. ഇനി രാമായണ കഥ എവിടെയാണെന്നു നോക്കട്ടെ.

    ReplyDelete
  7. Typist / എഴുത്തുകാരി,

    നോവല്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. രാമായണ കഥയുടെ ( നിഴലായ് എന്നുമൊപ്പം ) ലിങ്ക് ഈ നോവലില്‍ തന്നെയുണ്ട്.

    ReplyDelete
  8. അടുപ്പങ്ങളുടെ ശക്തി ചോര്‍ന്നുപോവുകയാണോ ആവോ.

    ReplyDelete