Sunday, December 2, 2012

നോവല്‍ - അദ്ധ്യായം - 56.


മേനോനും ഗോപാലകൃഷ്ണന്‍ നായരും ബൈക്കില്‍ നിന്നിറങ്ങി. വണ്ടി സ്റ്റാന്‍ഡിലിടുമ്പോഴേക്ക് പ്രദീപും റഷീദും അവര്‍ക്കരികിലെത്തി. അനൂപിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ആഗതര്‍ക്ക് കൈമാറി.

'' രണ്ടാഴ്ച പനിയായിരുന്നിട്ടും ഡോക്ടറെ കാണിച്ചില്ലെന്നോ '' മേനോന്‍ അത്ഭുതപ്പെട്ടു.

'' അങ്കിള്‍, അതുതന്നെയാണ് എനിക്കും പറയാനുള്ളത് '' പ്രദീപ് പറഞ്ഞു '' ആരെങ്കിലും ഇമ്മാതിരി വിഡ്ഢിത്തം ചെയ്യോ. ആ ആന്‍റിക്ക് അറിയാഞ്ഞിട്ടാണ് എന്നു പറഞ്ഞാല്‍  നമുക്കത് മനസ്സിലാക്കാം. പക്ഷെ അനൂപിന് അവന്‍റെ അസുഖത്തെക്കുറിച്ച് ബോധം വേണ്ടേ. മരുന്നൊന്നും കഴിക്കാതെ ചരടു ജപിച്ചതും കെട്ടി മൂടി പുതച്ചു കിടന്നാല്‍ മതിയോ ''.

'' അനൂപിനെ കുറ്റപ്പെടുത്താന്‍ നമുക്കാവില്ല. അവന്‍റെ അമ്മ പറയുന്നതിനപ്പുറം മറ്റൊന്നും അവനില്ല. അങ്ങിനെയാണ് അവന്‍ വളര്‍ന്നത് '' ഗോപാലകൃഷ്ണന്‍ അനൂപിനെ ന്യായീകരിച്ചു.

'' എന്നിട്ട് എന്തു തീരുമാനിച്ചു '' മേനോന്‍ അന്വേഷിച്ചു.

'' നാളെ ഞാനും റഷീദും കൂടി അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവും ''.

'' അതു നന്നായി. പഴയ കാലമൊന്നുമല്ല ഇപ്പോഴത്തേത് '' മേനോന്‍ പറഞ്ഞു '' എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങി നൂറ്റെട്ടു കൂട്ടം പനികളുണ്ട്. ശ്രദ്ധിക്കണം ''.

'' ഞങ്ങള്‍ ഡോക്ടറോട് വിശദമായി ചോദിച്ചറിയാം ''.

'' ബ്ലഡ് ടെസ്റ്റോ വല്ലതും വേണച്ചാല്‍ ചെയ്യിക്കണം ''.

'' തീര്‍ച്ചയായും ചെയ്യാം ''.

'' തല്‍ക്കാലത്തെ ആവശ്യത്തിന്ന് കുറച്ചു പണം വെച്ചോളൂ '' മേനോന്‍ പേഴ്സേടുത്തു. ആയിരത്തിന്‍റെ അഞ്ചു നോട്ടുകള്‍ പ്രദീപിന്നു നേരെ നീട്ടി. അവന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഗോപാലകൃഷ്ണന്‍ കൂടി നിര്‍ബന്ധിച്ചതോടെ അതു വാങ്ങി.

'' വിവരം ഞങ്ങളെ വിളിച്ചറിയിക്കണം ''. രണ്ടുപേരുടേയും മൊബൈല്‍ നമ്പറുകള്‍ പ്രദീപ് സ്വന്തം മൊബൈലില്‍ സേവ് ചെയ്തു, അവന്‍റെ നമ്പര്‍ അവര്‍ക്കും നല്‍കി.

'' എന്നാല്‍ ഞങ്ങള്‍ പോട്ടെ '' പ്രദീപ് യാത്ര പറഞ്ഞു. അവരുടെ ബൈക്ക് ഇടവഴിയിലൂടെ ഓടി മറഞ്ഞു.  ഗോപാലകൃഷ്ണനും മേനോനും കയറിച്ചെല്ലുന്നതും നോക്കി ഉമ്മറത്ത് സന്തോഷം കൊണ്ട് വിടര്‍ന്ന മുഖങ്ങളുമായി അനൂപും ഇന്ദിരയും രാമകൃഷ്ണനും നില്‍പ്പുണ്ടായിരുന്നു.

'' താന്‍ പനിക്കാന്‍ കിടക്ക്വാണ് എന്നാണല്ലോ പറഞ്ഞുകേട്ടത്. പിന്നെന്താ ഉമ്മറത്ത് വന്ന് നില്‍ക്കുന്നത് '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

'' ഇത്ര നേരം അവന്‍ കിടക്ക്വേന്നെ ആയിരുന്നു '' ഇന്ദിര പറഞ്ഞു '' നിങ്ങള് രണ്ടാളും വന്നൂന്ന് ഞാന്‍ ചെന്നു പറഞ്ഞപ്പോള്‍ എണീറ്റ് വര്വേ ഉണ്ടായത് ''.

രോഗ വിവരങ്ങള്‍ ഇന്ദിര വിസ്തരിച്ചു. '' ഇത്ര പേടിക്കാനൊന്നൂല്യാ. നാലു ദിവസം കഴിഞ്ഞാല്‍ മാറണ്ട സൂക്കടേ ഉള്ളു. എന്നാലും ഡോക്ടറെ കാണിക്കണം എന്ന് ഇപ്പൊ വന്ന കുട്ടികള് പറയുണൂ. അവര്‍ക്ക് അങ്ങിനെ വേണംന്ന് ഉണ്ടച്ചാല്‍ കൊണ്ടുപോയി കാട്ടിക്കോട്ടേ എന്ന് ഞാനും വിചാരിച്ചു ''.

ഗോപാലകൃഷ്ണന്‍ അനൂപിന്‍റെ അടുത്തു ചെന്ന് ദേഹത്ത് കൈ വെച്ചു. വലിയ ചൂട് തോന്നുന്നില്ല. ദേഹത്ത് മഞ്ഞ നിറം ഉണ്ടോ എന്നൊരു സംശയം. അയാള്‍ അത് പറയുകയും ചെയ്തു.

'' അങ്ങിനെ വരാന്‍ വഴീല്യ. കഴിഞ്ഞതിന്‍റെ മുമ്പത്തെ കൊല്ലം അവന് കാമാല വന്നതെ ഉള്ളൂ. ഇന്നലെ കൊടുങ്ങല്ലൂര് പോണ തമ്പാട്ടിയെ വിളിച്ച് മഞ്ഞപ്പൊടി ഇടീച്ചതിന്‍റേയാ. പനിച്ചു പനിച്ചിരുന്ന് അമ്മ തലോട്വോ മറ്റോ ഉണ്ടാവാതെ കഴിക്കണ്ടേ ''.

'' അങ്കിള്‍, അമ്മമ്മയ്ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട് '' അനൂപ് ചോദിച്ചു.

'' നല്ല ഭേദം തോന്നുന്നുണ്ട്. പാട്ടുകാരനെ കാണാനേ ഇല്ലല്ലോ എന്ന് നിത്യവും പറയും ''.

'' ഇതൊന്ന് മാറട്ടെ. ഞാന്‍ അമ്മമ്മയെ കാണാന്‍ വരുന്നുണ്ട് ''.

'' കൂട്ടത്തില്‍ ഒരു കാര്യം. ഇന്നു പുലര്‍ച്ചെ മകനെത്തി. കൂടെ രണ്ട് കൂട്ടുകാരും ഉണ്ട്. മ്യൂസിക്ക് ആല്‍ബം ഉണ്ടാക്കുന്നവരാണത്രേ. ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. ഒന്നു രണ്ട് പാട്ട് പാടിച്ചു നോക്കട്ടെ എന്ന് അവര് പറയും ചെയ്തു. മൂന്നാളും കൂടി രാവിലെ അങ്ങാടിപ്പുറത്തേക്ക് പോയതാ. ഉച്ചയാവുമ്പോഴേക്ക് മടങ്ങി എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. കണ്ടു കിട്ടിയാല്‍ നിന്നെ കൂട്ടീട്ടു പോയി ഇന്നന്നെ രണ്ടുമൂന്ന് പാട്ട് റിക്കാര്‍ഡ് ചെയ്യിക്കാമെന്നു വിചാരിച്ചു. ഇനിയിപ്പൊ എന്താ ചെയ്യാ. നീ വയ്യാതെ കിടപ്പായില്ലേ ''.

'' അതു സാരൂല്യാ അങ്കിള്‍, ഞാന്‍ വന്നോളാം '' പാട്ട് എന്നു കേട്ടതോടെ അനൂപിന്‍റെ അസുഖം  പറപറന്നു.

'' അതു വേണ്ടാ. ദേഹം അനങ്ങി പനി കൂടുതലാക്കണ്ടാ ''. 

'' പാട്ട് എന്നു പറഞ്ഞാല്‍ ഇവന് പ്രാന്താണ്. ഞാന്‍ എപ്പഴും ചീത്ത പറയും '' മകന്‍റെ പാട്ടിനോടുള്ള അഭിനിവേശത്തിനെ കുറിച്ചു കിട്ടിയ അവസരം മുതലെടുത്ത് ഇന്ദിര  പറഞ്ഞു .

'' എന്തിനാ ചീത്ത പറയുന്നത്. പ്രോത്സാപ്പിക്കുകയല്ലേ വേണ്ടത്  '' മേനോന്‍ ചോദിച്ചു '' പാടാനുള്ള ഈ കഴിവ് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യമല്ലേ ''.

'' എന്തു ഭാഗ്യം. പാടാന്‍ കഴിവുണ്ടായതോണ്ട് വിശപ്പ് മാറില്ലല്ലോ. ഇവന്‍ പണിക്ക് പോവാന്‍ തുടങ്ങിയ ശേഷമാണ് കുടുംബത്തിലെ ദാരിദ്ര്യത്തിന്ന് ഒരു കുറവ് വന്നത് ''.

'' പണിക്ക് പോയാല്‍ കിട്ടുന്നതിന്ന് ഒരു കണക്കുണ്ട് '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' കലാകാരന്‍റെ കാര്യം അതല്ല. ഒന്ന് പേരുണ്ടായി കിട്ടിയാല്‍ മതി. പിന്നെ എത്രയാ സമ്പാദിക്കുക എന്ന് പറയാനാവില്ല ''.

'' ഇവന്‍റെ അച്ഛന്‍ വല്യേ കലാകാരനായിരുന്നു. പേരെടുത്ത തായമ്പകക്കാരന്‍. എന്നിട്ടെന്തുണ്ടായി. ഓട്ടു കമ്പിനിയില്‍ മണ്ണു ചുമക്കുന്ന പണിക്ക് പോയിരുന്നെങ്കില്‍ ഇതിലേറെ സമ്പാദിച്ചേനേ ''.

'' അങ്ങിനെ പറയരുത്. അനൂപിന് കഴിവുണ്ട്. ഭാവിയില്‍ അവന്‍ വലിയൊരു പാട്ടുകാരനായി കൂടാ എന്നുണ്ടോ ''.

'' ചെറു വിരല് വീങ്ങിയാല്‍ എത്രകണ്ട് വീങ്ങും. പാടീട്ട് നന്നാവണച്ചാല്‍ അത്രയ്ക്ക് ആള്‍ സ്വാധീനവും കുടുംബത്തില്‍ കെട്ടിയിരുപ്പും വേണം. അതില്ലാത്തോര് ചാടി പുറപ്പെട്ടാല്‍ ഇരിക്കക്കുത്തി വീഴും ''.

'' അങ്ങിനെ പറയരുത്. സമ്പത്തും സ്വാധീനവും ഉണ്ടായിട്ടല്ലല്ലോ യേശുദാസ് ഈ നിലയിലായത് ''.

'' എന്തോ എനിക്കങ്ങിട്ട് വിശ്വാസം വരുണില്യാ ''.

'' ശരി. എങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ. ഞങ്ങളെ വിശ്വാസം ഉണ്ടോ ''.

'' ഇതെന്തൊരു ചോദ്യാണ്. നിങ്ങള് രണ്ടാളും ഞങ്ങള്‍ക്ക് ഈശ്വരന്മാരെപ്പോലെയാണ് ''.

'' ഞങ്ങള്‍ അനൂപിനെ കൊണ്ടുപോയി കുഴീല്‍ ചാടിക്കില്ല എന്ന് തോന്നുന്നുണ്ടോ ''.

'' അതിലെനിക്ക് യാതൊരു സംശയൂല്യാ ''.

'' എന്നാലേ ഇത് അവനെ ഒരു നിലയ്ക്കെത്തിക്കാനുള്ള പരിശ്രമമാണെന്ന് കൂട്ടിക്കോളൂ ''.

'' ഞാന്‍ എന്‍റെ മനസ്സില്‍ കിടന്നത് പറഞ്ഞുന്നേ ഉള്ളു. അവന്‍ നല്ല നിലയ്ക്ക് എത്തുന്നതിന്ന് ആരെന്തു ചെയ്യുന്നതും സന്തോഷം തന്നെ ''.

'' അനൂപിന്നുവേണ്ടി എന്തെങ്കിലും ചെയ്യണംന്ന് അമ്മിണിയ്ക്ക് ഒരേ നിര്‍ബന്ധം. സത്യം പറഞ്ഞാല്‍ എനിക്കവള്‍ സ്വൈരം തരാറില്ല ''.

'' അവനും അമ്മമ്മ എന്നുവെച്ചാല്‍ ജീവനാണ് ''.

'' പറ്റിയാല്‍ ഞാന്‍ അവരേയും കൂട്ടി ഇങ്ങോട്ടു വരാം. രാവിലെ കാറ് വിളിച്ചിട്ടാണ് അവര് പോയത്. അതില് പോരാലോ '' ഗോപാലകൃഷ്ണന്‍ എഴുന്നേറ്റു, ഒപ്പം മേനോനും.

പറഞ്ഞതുപോലെ ഗോപാലകൃഷ്ണന്‍ പരിവാരങ്ങളുമായി അഞ്ചു മണിയോടെ എത്തി.

'' രാത്രീലെ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് ഇവര്‍ക്ക് പോണം. അതിനു മുമ്പ് കൂട്ടീട്ടു വന്നതാണ് '' അയാള്‍ പറഞ്ഞു. ഇന്ദിരയുടെ ആതിഥ്യമര്യാദ അവര്‍ക്കു മുമ്പില്‍ നിരന്നു.

'' അങ്കിള്‍ നിര്‍ബന്ധിച്ചതോണ്ട് വന്നതാണ്. ഓര്‍ക്കസ്ട്രയൊന്നും ഇല്ല. വെറുതെ പാടിയാല്‍ മതി. പാട്ട് റിക്കോര്‍ഡ് ചെയ്യുന്നുണ്ട്. നന്നെങ്കില്‍ മിക്സ് ചെയ്ത് ശരിയാക്കാം '' താടി വെച്ച ആള്‍ അനൂപിനോട് പറഞ്ഞു. അവന്‍ തലയാട്ടി.

'' ലിറിക്സ് വായിച്ചോളൂ '' മറ്റൊരാള്‍ ഒരു പുസ്തകം അവനെ ഏല്‍പ്പിച്ചു. ആദ്യത്തെ ആളാണ് ട്യൂണ്‍ പറഞ്ഞു കൊടുത്തത്. ഒടുവില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

'' പകലിന്‍റെ പട്ടട കെട്ടടങ്ങി
ഇരുളിന്‍റെ പുക പടര്‍ന്നെങ്ങും
മറ്റൊരു പുലരിയെ കാത്തു ഭൂമി
നീലപ്പുതപ്പെടുത്താകെ മൂടി ''

അനൂപിന്‍റെ സ്വരം ഉയര്‍ന്നു. പടിഞ്ഞാറു നിന്നുള്ള കാറ്റേറ്റ വാഴയിലകള്‍ തല കുലുക്കി.

5 comments:

  1. പുതിയൊരു ഉദയത്തെ ഏറ്റു വാങ്ങാനല്ലേ ഭൂമി മാനം നോക്കി പ്രതീക്ഷയോടെ കിടന്നത്? അനൂപിന്റെ സ്വരം “നാട്ടിലെങ്ങും പാട്ടാ”വട്ടെ. വായന തുടരുന്നു...

    ReplyDelete
  2. പകലില്‍ പട്ടട കെട്ടടങ്ങി
    അനൂപിന്റെ വീട്ടിലെ ദാരിദ്ര്യം ആവട്ടെ ഈ പട്ടട..


    അതോ അനൂപിന്റെ ജീവിതമാകും പകല്‍ ആണോ കെട്ടടങ്ങാന്‍ പോകുന്നത്?
    അങ്ങനെ ആകാതെ ഇരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.

    ഏട്ടന്‍ നന്നായി കവിതയെഴുതുന്നുണ്ട്.. അര്‍ത്ഥ പൂര്‍ണ്ണമായ വാക്കുകള്‍ നിറഞ്ഞ വരികള്‍...

    congrats

    ReplyDelete
  3. ഭാവനാപൂർണമായ വരികൾ. തണുത്ത രാതിയിൽ ഭൂമി നിലാവിന്റെ നീലപ്പുതപ്പ് പുതച്ചു തന്നെയാവും ഉറങ്ങുക.

    ReplyDelete
  4. " കലാകാരന്‍റെ കാര്യം അതല്ല. ഒന്ന് പേരുണ്ടായി കിട്ടിയാല്‍ മതി. പിന്നെ എത്രയാ സമ്പാദിക്കുക എന്ന് പറയാനാവില്ല"
    ശൈലി ഇഷ്ടപ്പെട്ടു .. പേരും പ്രശസ്തിയും കൂടെ സമ്പത്തും വേണ്ടുവോളം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു ...

    ReplyDelete
  5. അനൂപ് നല്ലൊരു പാട്ടുകാരനായിത്തീരുമോ...?

    ReplyDelete