Thursday, May 12, 2011

നോവല്‍ - അദ്ധ്യായം 2.

കുളത്തിന്‍ പള്ളയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇന്ദിര മഠത്തില്‍ക്കാരുടെ പറമ്പിലേക്ക് നോക്കി. എത്ര മാവുകളാണ് കായ്ച്ചു നില്‍ക്കുന്നത്. ചിലപ്പോള്‍ മാവിന്‍ചുവട്ടില്‍ ധാരാളം മാങ്ങ വീണു കിടപ്പുണ്ടാവും. വെള്ളരിഗോമാങ്ങ രാമേട്ടന് വലിയ ഇഷ്ടമാണ്. അഞ്ചാറെണ്ണം കിട്ടിയാല്‍ കൊണ്ടു പോകാമായിരുന്നു.

പറമ്പില്‍ മുമ്പൊരു നാലുകെട്ട് ഉണ്ടായിരുന്നു. കുറെ കാലം മുമ്പ് ഉടമസ്ഥര്‍ അത് ഉപേക്ഷിച്ച് ടൌണിലേക്ക് താമസം മാറ്റി. പിന്നീടെപ്പോഴോ അവരത് പൊളിച്ചു വിറ്റു. അതിന്ന് ശേഷം വല്ലപ്പോഴും വന്ന് നോക്കി പോവും . തൊടിയില്‍ ഉണ്ടാകുന്നത് മുഴുവന്‍ കണ്ണില്‍ കണ്ടവര്‍ കൊണ്ടു പോവും. അകത്ത് കടന്ന് മാങ്ങ എടുക്കുന്നത് വല്ലവരും കണ്ടാല്‍ കുറച്ചിലല്ലേ എന്നൊരു സന്ദേഹം തോന്നി. ഇതുവരെ ചെയ്യാത്ത പണിയാണ്. ഇല്യായ്മ കൊണ്ട് ചെയ്തു പോവുന്നതാണ്. ഇന്ദിരചുറ്റും നോക്കി. അടുത്തൊന്നും ആരേയും കാണാനില്ല. പൊളിഞ്ഞു കിടക്കുന്ന വേലി നീക്കിയിട്ട് അവര്‍ അകത്ത് കടന്നു.

തൊടി മുഴുവന്‍ പരതിയിട്ടും ഒരു മാങ്ങ പോലും കിട്ടിയില്ല. മിനക്കെട്ടത് വെറുതെയായി. ആരോ പെറുക്കി പോയിട്ട് അധിക നേരം ആവില്ല. കര്‍ക്കിടക പ്ലാവ് കായ്ച്ചു നില്‍പ്പുണ്ട്. എല്ലാം ഇടിച്ചക്കകളാണ്. മഴക്കാലത്ത് വെള്ളം ഇറങ്ങി ചക്ക പഴുക്കുമ്പോള്‍ തിന്നാന്‍ കൊള്ളാതാവും. ഒരു ഇടിച്ചക്ക കിട്ടിയാല്‍ അതോണ്ട് പൊടി ത്തൂവല് ഉണ്ടാക്കാം. ഇന്ദിര കയ്യെത്തും ദൂരത്തുള്ള ഒരു ഇടിച്ചക്ക പൊട്ടിച്ചു. മുളഞ്ഞ് ഒഴുകുന്നത് നിര്‍ത്താന്‍ പാണയുടെ ഇല പൊട്ടിച്ച് ഞെട്ടിയില്‍ ഒട്ടിച്ചു.

പറമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പള്ളിയാലിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ നിന്ന് ഒരു മടക്കട താഴെ വീണു കിടക്കുന്നത് കണ്ടു. അത് വലിച്ചും കൊണ്ട് ഇന്ദിര നടന്നു. ഒഴിവോടെ ഈര്‍ക്കില ചീന്തി ചൂലുണ്ടാക്കണം. പട്ടയും മടക്കടയും കത്തിക്കാനെടുക്കാം. അമ്പല കുളത്തിന്നരികിലുള്ള തെങ്ങുകളില്‍ നിന്ന് വീഴുന്ന മടക്കട എടുക്കാറുണ്ട്. ആലിന്‍റെ ചുള്ളലും മടക്കട ഉണക്കിയതും ചാണകം വരട്ടി തല്ലിയതും ഒക്കെ കത്തിക്കും. വേനല്‍ക്കാലത്ത് എങ്ങിനേയും കഴിച്ചു കൂട്ടാം. മഴപെയ്താലാണ് ബുദ്ധിമുട്ട്. അനൂപിന്ന് ജോലി കിട്ടിയ ശേഷം അവന്‍ ഗ്യാസ് വാങ്ങി തന്നു. അതിന്‍റെ വില ആലോചിക്കുമ്പോള്‍ കത്തിക്കാന്‍ തോന്നില്ല.

വീടിന്‍റെ പിന്‍ഭാഗത്ത് പട്ട കൊണ്ടു പോയി ഇട്ടിട്ട് ഇന്ദിര കിണറ്റിനടുത്തേക്ക് നടന്നു. ആള്‍മറ കെട്ടാത്ത കിണറില്‍ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരി കൈകാലുകളും മുഖവും കഴുകി. ദേഹമാസകലം വിയര്‍ത്ത് കുളിച്ചിരിക്കുന്നു. നേരം പുലരുമ്പോഴേ സൂര്യന് പൊള്ളുന്നചൂടാണ്. വീടിനകത്താണെങ്കില്‍ പറയുകയും വേണ്ടാ.

മണ്ണുകൊണ്ട് കെട്ടിയ ഓടിട്ട ഒരു ചെറിയ പുര. അത്രയേ മോഹം ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് വാര്‍പ്പ് കെട്ടിടം വേണം എന്ന തോന്നല്‍ രാമേട്ടന്ന് വന്നത്. കെട്ടിപ്പൊക്കി കഴിയുമ്പോഴേക്കും കയ്യിരിപ്പ് കഴിയാറായി. മഴക്കാലം വരുമ്പോഴേക്കും പുറത്തെ പണികള്‍ തീര്‍ക്കണം എന്ന പലരുടേയും ഉപദേശം കേട്ടത് നന്നായി. അതുകൊണ്ട് അത്രയെങ്കിലും പണികള്‍ തീര്‍ന്നു. അകത്തെ ചെത്തിത്തേപ്പും നിലം പണിയും ആരംഭിക്കും മുമ്പ് രാമേട്ടന്‍ കിടപ്പിലായി. അതോടെ എല്ലാം നിന്നു.

ഇന്ദിര ചെന്നു നോക്കുമ്പോള്‍ രാമകൃഷ്ണന്‍ മയക്കത്തിലാണ്. വിയര്‍പ്പില്‍ മുങ്ങിയിരിക്കുന്നു. എങ്ങിനെ ഉണ്ടായിരുന്ന ആളാണ്. ആലോചിച്ചപ്പോള്‍ സങ്കടം തോന്നി. നനഞ്ഞ തോര്‍ത്തു കൊണ്ട് ദേഹത്തെ വിയര്‍പ്പ് തുടച്ചു മാറ്റാന്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ ഉണര്‍ന്നു.

'' അനു ഇറങ്ങിയോ '' അയാള്‍ ചോദിച്ചു.

'' എത്ര നേരായി അവന്‍ പോയിട്ട്. രാമേട്ടന്‍റെ കാല് പിടിച്ചിട്ടല്ലേ ഇറങ്ങിയത് ''.

'' ഞാന്‍ അത് മറന്നു ''.

'' എന്തെങ്കിലും വേണോ ''.

'' ഒന്നും വേണ്ടാ. ഇത്തിരി നേരം എന്‍റെ അടുത്ത് ഇരുന്നാല്‍ മതി. എന്നാതന്നെ ഒരു ആശ്വാസം കിട്ടും ''.

ഇന്ദിരയുടെ മനസ്സില്‍ ഒരു തേങ്ങല്‍ ഉയര്‍ന്നു. ഈ സ്നേഹത്തിലും വെച്ച് വലുത് എന്താണുള്ളത്. കഷ്ടപ്പാട് സഹിക്കാന്‍ വയ്യാതാവുമ്പോള്‍ ഇടയ്ക്ക് രാമേട്ടനോട് ദേഷ്യപ്പെടാറുണ്ട്. എന്നാലും തിരിച്ച് ഒരക്ഷരം പോലും ഇന്നുവരെ പറഞ്ഞിട്ടില്ല.

'' പണി ബാക്കി കിടക്കുന്നാണ്ടാവും അല്ലേ. എന്നാല്‍ പൊയ്ക്കോളൂ '' രാമകൃഷ്ണന്‍ പറഞ്ഞു.

ആ പറഞ്ഞത് ശരിയാണ്. ഒരുപാട് പണികള്‍ ബാക്കിയുണ്ട്. തൊഴുത്തില്‍ നിന്ന് ചാണകം വാരി വരട്ടി ഉണ്ടാക്കണം. പശുവിനെ മേക്കാന്‍ കൊണ്ടുപോണം. പശുക്കുട്ടിയെ കുളിപ്പിക്കണം . പണികള്‍ അവിടെ കിടക്കട്ടെ. രാമേട്ടന്‍റെ മോഹമാണ് വലുത്. ഇന്ദിര കട്ടിലില്‍ ഇരുന്നു. തളര്‍ന്നു പോയ ശരീരത്തില്‍ അവര്‍ മെല്ലെ തടവി.

'' ഈയിടെയായി രാമേട്ടനെ ഞാന്‍ വല്ലാണ്ടെ കുറ്റം പറയുണുണ്ട് അല്ലേ '' അവര്‍ ചോദിച്ചു.

'' സാരൂല്യാ. ഇന്ദിരടെ മനസ്സ് എനിക്കറിയില്ലേ ''.

പെട്ടെന്ന് അവള്‍ ഒരു പതിനേഴ് വയസ്സുകാരിയായി. അമ്പലത്തിലെ ഉത്സവത്തിന്‍റെ തായമ്പകയാണ്. മുമ്പില്‍ നിന്ന ചെറുപ്പക്കാരന്‍റെ കയ്യിലിരുന്ന കോല് ചെണ്ടപ്പുറത്ത് നൃത്തം ചെയ്യുന്നത് കണ്ട് അവള്‍ അത്ഭുതപ്പെടുകയാണ്.

'' ഗോവിന്ദന്‍കുട്ടി പൊതുവാളിന്‍റെ ശിഷ്യന്മാരില്‍ ഒന്നാമനാണ് '' ആരോ പറയുന്നത് കേട്ടു.

അച്ഛന്‍റെ അരുമ ശിഷ്യന്‍. ആ നിമിഷം മനസ്സില്‍ ഒരു മോഹം മുളപൊട്ടി. ആ കഴുത്തില്‍ സ്വര്‍ണ്ണമാലയും വിരലുകളില്‍ മോതിരങ്ങളും മനസ്സുകൊണ്ട് അവള്‍ അണിയിച്ചു.

ഒന്നും ഇല്ലാതെ ദാരിദ്ര്യം പിടിച്ചു കിടക്കുന്ന വീട്ടിലേക്ക് മകളെ പറഞ്ഞയക്കില്ല എന്ന നിലപാട് മകളുടെ വാശിക്ക് മുമ്പില്‍ പൊതുവാളിന് ഉപേക്ഷിക്കേണ്ടി വന്നു. അതോടെ അവളോടുള്ള വാത്സല്യം കുറഞ്ഞു. പിന്നീട് ആരേയും അയാള്‍ പഠിപ്പിച്ചതുമില്ല. ഇന്ദിരയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി രാമകൃഷ്ണന്‍റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

'' വെറുതെ കരയണ്ടാ '' അയാള്‍ അവളെ ആശ്വസിപ്പിച്ചു '' എന്നെങ്കിലും നമ്മുടെ കഷ്ടപ്പാടൊക്കെ മാറും. ഈശ്വരന്‍ കണ്ണ് മിഴിക്കാതിരിക്കില്ല ''.

'' ഈശ്വരന്‍ '' ഇന്ദിരയുടെ സ്വരം മാറി '' അത് മാത്രം പറയണ്ടാ. ആ ദുഷ്ടന്‍ നന്നെങ്കില്‍ നമുക്ക് ഈ കണ്ട ദുരിതം ഒന്നും വരില്ല ''.

'' വന്ദിച്ചില്ലെങ്കിലും വിരോധൂല്യാ. നിന്ദിക്കരുത്. വെറുതെ ദൈവകോപം വരുത്തണോ ''.

'' അല്ലെങ്കില്‍ മൂപ്പര് ഇപ്പൊ നമുക്ക് അനുഗ്രഹം വരിക്കോരി തന്നോണ്ടിരിക്ക്യല്ലേ . എത്ര പ്രാവശ്യം ഞാന്‍ പറഞ്ഞതാ അമ്പലത്തിലെ പണി ഏറ്റെടുക്കണ്ടാന്ന്. അന്നത് കേക്കാണ്ടെ അച്ഛന്‍ പറഞ്ഞതും കേട്ടു നടന്നു. ഈശ്വരനെ സേവിക്കുന്നതില്‍ കവിഞ്ഞ് പുണ്യം ഇല്ലാത്രേ. ഇപ്പൊ ഇരിക്കിണ വീട് നിറയെ പുണ്യം മാത്രം . അത് മതിയല്ലോ വയറ് നിറയാന്‍. ഇന്നത്തെ കാലത്ത് കൊട്ടുകാര് പലരും സ്വന്തം കാറിലാ പരിപാടിക്ക് പോണത്. നമുക്ക് മാത്രം കഞ്ഞിക്ക് വക ഇല്ല. ആലോചിച്ച് നോക്കൂ , ദൈവം എന്താ തന്നതേന്ന് ''.

ഇന്ദിര പറയുന്നത് ശരിയാണെന്ന് രാമകൃഷ്ണന്‍ ഓര്‍ത്തു. മേളക്കാര്‍ക്കിടയില്‍ പ്രമുഖനായിരുന്ന കാലം. എന്നും പരിപാടി. കൈ നിറയെ പണം. കുട്ടികള്‍ രണ്ടുപേരും തീരെ ചെറുതാണ്. ഭാവി ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. ആ സമയത്താണ് അച്ഛന്‍ വരുന്നത്.

അച്ഛന്ന് വയസ്സായി. അമ്പലത്തിലെ പണി ഏറ്റെടുക്കണം. അതാണ് ആവശ്യം. വിവരം അറിഞ്ഞപ്പോള്‍ ഇന്ദിരയുടെ അച്ഛന്‍ വിളിപ്പിച്ചു. കല്യാണത്തിന്ന് ശേഷം ആദ്യമായിട്ടാണ് കാണണമെന്ന് പറയുന്നത്.

'' അപ്പുകുട്ടി പൊതുവാള് അമ്പലത്തിലെ പണി രാമനെ ഏല്‍പ്പിക്കാന്‍ പോണൂന്ന് കേട്ടു. അയാള് ഈക്കണ്ട കാലത്തിന്നിടയില്‍ രണ്ട് കോലുംകൊണ്ട് ചെണ്ടയില്‍ കൊട്ടിയിട്ടില്ല. ഈ തൊഴില് എന്താന്ന് അറിയില്ല '' അദ്ദേഹം പറഞ്ഞു '' നീ അങ്ങിനെയല്ല. ഇപ്പൊ നല്ല പേരുണ്ട്. പറ്റുന്ന കാലത്തേ വല്ലതും ഉണ്ടാക്കാനാവൂ. കുടുംബൂം കുട്ട്യേളും ഉള്ളതാണ്. അത് മറക്കണ്ടാ ''.

നിത്യ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നത് ഗുരുനാഥന്‍റെ ഉപദേശം കേള്‍ക്കാത്തതിന്നുള്ള ശിക്ഷയാവണം. ഉള്ളിലുള്ള ആ തോന്നല്‍ വാക്കുകളായി പുറത്ത് വന്നു.

'' അറിഞ്ഞും കൊണ്ട് ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവം ചെയ്തിട്ടില്ല. എന്‍റെ അച്ഛനും ഇന്ദിരടെ അച്ഛനും രണ്ട് വിധത്തില്‍ പറഞ്ഞപ്പോള്‍ എന്താ വേണ്ടത് എന്നായി. മാതാ, പിതാ, ഗുരു, ദൈവം എന്നല്ലേ പറയാറ്. അങ്ങിനെ നോക്കുമ്പോള്‍ അച്ഛന്‍ ഗുരുവിനെക്കാള്‍ മീതെയാണ്. അതു കൊണ്ടാണ് അദ്ദേഹം പറഞ്ഞത് എടുക്കാതെ അച്ഛന്‍റെ വാക്ക് കേള്‍ക്കാന്‍ കാരണം. എന്നിട്ടിപ്പൊ ''വാക്കുകള്‍ പകുതിയില്‍ നിന്നു.

'' ഇനി അതൊന്നും ആലോചിച്ച് വിഷമിക്കണ്ടാ. വരുമ്പോലെ വരട്ടെ ''.

'' കിടന്ന് മടുത്തു. കുറച്ച് നേരം പുറത്ത് വന്നിരിക്കാന്‍ കഴിഞ്ഞാല്‍ എന്തെങ്കിലും ഒക്കെ കണ്ട് സമയം കളയായിരുന്നു. അകവും പുറവും ഒരുപോലെ ചുട്ട് കിടക്കാനാണ് യോഗം ''.

'' രാമേട്ടന്‍ വിഷമിക്കണ്ടാ. ഞാന്‍ അതിനൊരു വഴി കണ്ടിട്ടുണ്ട്. പോസ്റ്റാപ്പീസില് ഒരു ആര്‍.ഡി ചേര്‍ന്നത് തീര്‍ന്നു. വരുന്ന മാസം പണം കിട്ടും ''.

'' എന്നിട്ട് '' രാമകൃഷ്ണന്‍ ആകാംക്ഷയോടെ ചോദിച്ചു.

'' പെണ്ണിന് ഒരു ജോഡി കമ്മല്‍ വാങ്ങണം എന്ന് വിചാരിച്ചതാ. അത് പിന്നീടാവാം. ആദ്യം രാമേട്ടന് ഒരു ഫാനും ചെറിയൊരു ടി. വി.യും വാങ്ങണം. കാറ്റുംകൊണ്ട് അതും നോക്കി കിടക്കാലോ ''.

'' അതൊന്നും വേണ്ടാ. കഷ്ടപ്പെട്ടിട്ടാണ് ഇന്ദിര ഓരോന്ന് ഉണ്ടാക്കുന്നത്. വക മാറി ചിലവാക്കരുത് ''.

'' യോഗം ഉണ്ടെങ്കില്‍ ഇനിയും നമുക്ക് ഉണ്ടാക്കാന്‍ പറ്റും. ഫാന്‍ വാങ്ങി ഇടുന്നതിന്ന് മുമ്പ് ഈ മുറിയുടെ നിലം നന്നാക്കണം. ഇല്ലെങ്കില്‍ പൊടി പറക്കും. കൂലി കൊടുത്ത് ചെയ്യിക്കാനൊന്നും ആവില്ല. ഒരു ചാക്ക് സിമിന്‍റും കുറച്ച് മണലും വാങ്ങി ഞാന്‍ അറിയുമ്പോലെ വെടുപ്പാക്കും ''.

രാമകൃഷ്ണന്‍ പിന്നെയൊന്നും പറഞ്ഞില്ല.

*************************************************************

പാതയോരത്തെ കൂറ്റന്‍ പൂമരം താഴെ ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. അനൂപും രമയും അവിടെ ബസ്സ് കാത്ത് നിന്നു.

'' ഏട്ടന് സങ്കടൂണ്ടോ അമ്മ ദേഷ്യപ്പെട്ടതിന്ന് '' രമ ചോദിച്ചു.

'' ഇല്ല. കഷ്ടപ്പാടോണ്ടല്ലേ അമ്മ ഓരോന്നൊക്കെ പറയുന്നത് ''.

'' രാവിലെ എണീറ്റാല്‍ കിടക്കുന്ന വരെ അമ്മയ്ക്ക് പണിയാണ്. മുമ്പ് ഉച്ച നേരത്ത് കിടക്കാറുണ്ട്. ഇപ്പൊ ആ സമയത്ത് പൂ വലിക്കാന്‍ വട്ടീംകൊണ്ട് ഇറങ്ങും. വാരസ്യാരെ സഹായിക്കാനാണ് എന്നാണ് അമ്മ അച്ഛനോട് പറഞ്ഞിട്ടുള്ളത്. കാശിനാണ് എന്ന് നമുക്കല്ലേ അറിയൂ ''.

'' എന്തെങ്കിലും നല്ലൊരു ജോലി കിട്ടീട്ട് വേണം അമ്മയെ കഷ്ടപ്പെടാതെ നോക്കാന്‍ ''. എന്തൊക്കെയോ ആലോചനകളില്‍ ഇരുവരും മുഴുകി.

'' ഏട്ടന്‍ പാട്ടുകാരനാവണം എന്നായിരുന്നു എന്‍റെ മോഹം '' രമ പറഞ്ഞു '' കൂട്ടുകാരികളോടൊക്കെ എന്‍റെ ഏട്ടന്‍ വലിയ പാട്ടുകാരനാണ് എന്ന് പറഞ്ഞിട്ടുണ്ട് ''.

'' മോഹിച്ചതോണ്ട് എന്താ മോളേ കാര്യം. ഭാഗ്യം കൂടി വേണ്ടേ ''.

'' ഏട്ടന്‍ സ്റ്റാര്‍ സിങ്ങറില്‍ പാടാന്‍ ചെന്നിട്ട് നമുക്കൊരു ഫ്ലാറ്റ് കിട്ടീന്ന് ഞാന്‍ ഇന്നാള് സ്വപ്നം കണ്ടു ''.

അനൂപ് ചിരിച്ചു.

'' ഏട്ടന്‍ വരുമ്പോള്‍ മോള്‍ക്ക് എന്താ കൊണ്ടു വരണ്ടത് '' അവന്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. വല്ലതും വാങ്ങീട്ടു വന്നാല്‍ അമ്മ ദേഷ്യപ്പെടും ''.

തോട്ടുപാലം കടന്ന് ബസ്സെത്തി. അനൂപ് കൈ നീട്ടി.

5 comments:

 1. കുടുംബനാഥൻ കിടപ്പിലായ ഒരു വീട്ടമ്മയുടെ ദൈന്യതയും ജീവിതം മുന്നോട്ട് നീക്കാനുള്ള തത്രപ്പാടും. ആൾമറയില്ലാത്ത കിണറും പൊടിപാറുന്ന നിലവും. അന്യന്റെ പറമ്പിലെ ഇടിച്ചക്കയും വിറകും
  എടുക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥ. പരിമിതമായ മോഹങ്ങൾ. ദാരിദ്ര്യത്തിന്റെ ചിത്രത്തിന് നിറക്കൂട്ടുകളില്ല.

  ReplyDelete
 2. രാജഗോപാല്‍ ,

  എല്ലാ പ്രതിസന്ധികളിലും തകരാതെ പിടിച്ചു നില്‍ക്കുന്ന കുടുംബനാഥയാണ് ഇന്ദിര. അവര്‍ ജീവിതത്തിനെ നേരിടുന്നത് വരാനിരിക്കുന്നതേയുള്ളു.

  ഞാന്‍ : ഗന്ധര്‍വ്വന്‍ ,

  വളരെ നന്ദി.

  ReplyDelete
 3. സാധാരണ മനുഷ്യരുടെ സാധാരണ ജീവിതം പറയുന്ന ഒരു സാധാരണ നോവല്‍. കടുത്ത ചായങ്ങളും ചമയങ്ങളുമില്ലാതെ, മനസ്സിനെ തൊട്ടൊഴുകുന്ന ഒരു നദി പോലെ...

  ReplyDelete
 4. അല്ലെങ്കില്‍ മൂപ്പര് ഇപ്പൊ നമുക്ക് അനുഗ്രഹം വരിക്കോരി തന്നോണ്ടിരിക്ക്യല്ലേ

  jeevitha niraashayil ninnutaletutha vaakkukal

  ReplyDelete