Tuesday, May 17, 2011

നോവല്‍ - അദ്ധ്യായം - 3.

'' യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ട്രെയിന്‍ നമ്പര്‍ ഒന്ന് രണ്ട് ആറ് ഏഴ് എട്ട് എറണാകുളത്തു നിന്നും ബങ്കളൂരുവരെ പോകുന്ന എറണാകുളം ബങ്കളൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്സ് അല്‍പ്പ സമയത്തിനകം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ എത്തിച്ചേരുന്നതാണ് '' എന്ന അറിയിപ്പ് കേട്ടതും അനൂപ് എഴുന്നേറ്റു. വസ്ത്രങ്ങള്‍ വെച്ച ബാഗും കമ്പിനി വക വര്‍ക്കിങ്ങ് ബാഗും എടുത്ത് തയ്യാറായതും ദൂരെ എഞ്ചിന്‍ കാണാറായി. യാത്ര പോവുന്നവരും, അവരെ അയയ്ക്കാന്‍ എത്തിയവരും, ഭക്ഷണം വിതരണം ചെയ്യുന്ന വെണ്ടര്‍മാരും കൂടി പ്ലാറ്റ്ഫോമില്‍ ആകെ ബഹളം. പുറകിലെ ഏതെങ്കിലും ബോഗിയില്‍ ഞാനുണ്ടാവും എന്ന് ജോണ്‍സണ്‍ വിളിച്ച് വിവരം തന്നിരുന്നു. ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് ഉള്ളത് എന്ന് വണ്ടിയില്‍ കയറിയ ശേഷം അറിയിച്ചിരുന്നുവെങ്കില്‍ അത് മാത്രം നോക്കിയാല്‍ മതിയായിരുന്നു. ഒരിക്കലും അവന്‍ ഒന്നും മുഴുവന്‍ പറയാറില്ല.

സീറ്റ് ഒപ്പിച്ചു വെച്ച്, വണ്ടി നില്‍ക്കുന്നതിന്ന് മുമ്പേ വാതില്‍ക്കല്‍ നിന്ന് ജോണ്‍സണ്‍ വിളിച്ചു കയറ്റിയതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. മീറ്റിങ്ങിന് വരാനുള്ള മറ്റുള്ളവരെയൊന്നും ബോഗിക്കകത്ത് കാണാനില്ല.

'' ബാക്കിയുള്ളോരൊക്കെ എവിടെ '' അനൂപ് ചോദിച്ചു.

'' എവിടെയെങ്കിലും കാണും. ഞാന്‍ നോക്കാനൊന്നും പോയില്ല '' ജോണ്‍സണ്‍ പറഞ്ഞു ''പെപ്സിടെ കൂടെ വിസ്കിയോ ബ്രാന്‍ഡിയോ ചേര്‍ത്തത് ഇടക്കിടക്ക് മോന്തിക്കൊണ്ട് ഇരിക്കുന്നുണ്ടാവും ഓരോന്ന്. എനിക്ക് അവരുടെ ബഹളവും വര്‍ത്തമാനവും ഒന്നും ഇഷ്ടമല്ല ''. യാത്രയിലെ വിരസത മാറാന്‍ ചിലരൊക്കെ ചെയ്യുന്ന പണിയാണ് അത്. അല്‍പ്പം ലഹരി കയറി കഴിഞ്ഞാല്‍ പിന്നെ കളിയും ചിരിയും വര്‍ത്തമാനവും ബഹളവും ഒക്കെയാവും. ജോലിയെ സംബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ കുറെ നേരത്തേക്കെങ്കിലും അങ്ങിനെ വിസ്മരിക്കുന്നു.

'' പേപ്പറൊക്കെ ശരിയാക്കി വെച്ചിട്ടുണ്ടോ '' അനൂപ് ചോദിച്ചു. ജോണ്‍സണ്‍ തലയാട്ടി. അധികം സംസാരിക്കാത്ത പ്രകൃതമാണ് അവന്‍റേത്.

'' ടാര്‍ജ്ജറ്റ് എത്തിയോ '' അനൂപിന്‍റെ അടുത്ത ചോദ്യം.

'' നോക്ക് '' ജോണ്‍സണ് ദേഷ്യം വന്നു '' മെജസ്റ്റിക്കില്‍ ഇറങ്ങുന്നത് വരെ ജോലിയെ പറ്റി എന്തെങ്കിലും എന്നോട് ചോദിച്ചാല്‍ നിന്നെ ഞാന്‍ തൂക്കി വെളിയില്‍ എറിയും ''.

പിന്നെ അനൂപ് ഒന്നും പറഞ്ഞില്ല. ജോണ്‍സണ്‍ മൊബൈലിന്‍റെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി. പുറത്തെ കാഴ്ചകള്‍ അനൂപിനെ ആകര്‍ഷിച്ചില്ല. കമ്പിനി നിശ്ചയിച്ച ടാര്‍ജ്ജറ്റ് എത്താത്തതിലുള്ള വിഷമം അനൂപിന് കുറച്ചൊന്നുമല്ല. ചിലപ്പോള്‍ എല്ലാവരുടേയും മുമ്പില്‍ വെച്ച് നിര്‍ത്തി പൊരിക്കും. കണ്‍ഫര്‍മേഷന്‍ ആവാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം. മീറ്റിങ്ങിനെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ മഥിച്ചു.

ആദ്യമായി പങ്കെടുത്ത മീറ്റിങ്ങിന്‍റെ ദൃശ്യങ്ങളാണ് മനസ്സില്‍ തെളിഞ്ഞു വരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ആ മീറ്റിങ്ങില്‍ എത്ര സന്തോഷത്തോടെയാണ് പങ്കെടുത്തത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഹാള്‍. യു ആകൃതിയിലുള്ള മേശക്ക് പുറകില്‍ നിര നിരയായി അടുക്കിയ കസേലകള്‍. രണ്ടു വശങ്ങളിലായി റീജിയണല്‍ മാനേജര്‍മാരും ഏരിയ ബിസിനസ്സ് മാനേജര്‍മാരും, മദ്ധ്യഭാഗത്ത് റെപ്രസന്‍റ്റേറ്റിവുകളും ഇരിപ്പുണ്ട്. മുമ്പില്‍ തൂവെള്ള വിരിപ്പ് വിരിച്ച മേശ. അലങ്കാരത്തിന്ന് ഫ്ലവര്‍വേസില്‍ വെച്ച പൂക്കള്‍ മാത്രം. സ്ലൈഡുകള്‍ കാണിക്കാന്‍ പ്രൊജക്ടറും സ്ക്രീനും ഒരുക്കി വെച്ചിട്ടുണ്ട്. കമ്പിനിയുടെ മാനേജിങ്ങ് ഡയറക്ടറും വൈസ് പ്രസിഡണ്ടും സെയില്‍സ് മാനേജരും മേശയ്ക്ക് പുറകിലായി ഇരിക്കുന്നുണ്ട്. കൂട്ടത്തില്‍ ചെറുപ്പമായ ആള്‍ എഴുന്നേറ്റു.

'' ഗുഡ് മോണിങ്ങ് എവരിബഡി '' അയാളുടെ മുഖത്തെ ഗൌരവം പുഞ്ചിരിയെ മറച്ചു കളഞ്ഞു. '' അയാം ജയന്ത്, മാനേജര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് സൌത്ത് സോണ്‍. വെല്‍ക്കം ആള്‍ ഓഫ് യൂ ടു ദി തേര്‍ഡ് ക്വാര്‍ട്ടര്‍ മീറ്റിങ്ങ് ''. തെക്കന്‍ മേഖലയുടെ മാനേജര്‍ സുപ്രഭാതം ആശംസിച്ച് സ്വാഗതം പറഞ്ഞതും കയ്യടി ഉയര്‍ന്നു.

'' പുതിയ ആളാണ് '' അടുത്തിരുന്ന സീനിയര്‍ റെപ്രസന്‍റ്റേറ്റീവ് പറഞ്ഞു.

'' ടുഡേ വി ഹാവ് വിത്ത് അസ്സ് അവര്‍ മാനേജിങ്ങ് ഡയറക്ടര്‍ മിസ്റ്റര്‍ ജഗജിത്ത് സിങ്ങ് അന്‍ഡ് അവര്‍ വൈസ് പ്രസിഡണ്ട് മിസ്റ്റര്‍ വെങ്കിടേശ്വര റാവു. ഹാര്‍ട്ടി വെല്‍ക്കം ടു ബോത്ത് ഓഫ് ദെം ''. വീണ്ടും കയ്യടി ഉയര്‍ന്നു.

'' നൌ കമിങ്ങ് ടു ദി പൊയന്‍റ് '' അയാളുടെ സ്വരം ഉയര്‍ന്നു '' റിപ്പോര്‍ട്ട്സ് ഷോ ദാറ്റ് ദെയര്‍ വാസ് നോ ഇന്‍ക്രീസ് ഇന്‍ സെയില്‍സ് ഡ്യൂറിങ്ങ് ദി ലാസ്റ്റ് ഫ്യൂ മന്ത്‌സ്. ദിസ് ഈസ് നോട്ട് ഗൂഡ്. ഈഫ് വീ ആര്‍ സാറ്റിസ്ഫൈഡ് വിത്ത് വാട്ട് വീ ഹാവ് അറ്റ് പ്രസന്‍റ്, മൈന്‍ഡ് യൂ , കമ്പിനി വില്‍ ഡിക്ലൈന്‍ സൂണ്‍ ''.

എന്താണ് ഇയാള്‍ പറഞ്ഞു വരുന്നത് ? കഴിഞ്ഞ കുറെ മാസങ്ങളായി വ്യാപാരം വര്‍ദ്ധിക്കുന്നില്ല എന്നത് ശരിയാണ്. ഇപ്പോള്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടാല്‍ കമ്പിനി പൊളിയുമത്രേ. അതെങ്ങിനെയാണ്. എല്ലാ മുഖങ്ങളിലും ആകാംക്ഷ ഉയര്‍ന്നു.

'' ടു അവോയ്ഡ് സച്ച് എ സിറ്റ്വേഷന്‍ വി ഹാവ് ടു അറ്റ് ലീസ്റ്റ് ഡബിള്‍ അവര്‍ സെയില്‍സ് വിത്ത് ഇന്‍ വണ്‍ ഇയര്‍ ''.

അങ്ങിനെ സംഭവിക്കാതിരിക്കാന്‍ ഒരു കൊല്ലത്തിനകം കച്ചവടം ഇരട്ടിയാക്കണമെന്ന്. പുതിയ സെയില്‍സ് മാനേജരുടെ പദ്ധതി ആര്‍ക്കും ദഹിച്ചില്ല. നൂറു കണക്കില്‍ മരുന്നു കമ്പിനികളാണ് നാട്ടില്‍ ഉള്ളത്. കടുത്ത മത്സരം ഉള്ള മേഖലയാണ് ഇത്. നിലവിലുള്ള ടാര്‍ജ്ജറ്റ് ഒപ്പിക്കാന്‍ പെടുന്ന പാട് ദൈവത്തിനേ അറിയൂ. അതിനിടയിലാണ് ഒരു വര്‍ദ്ധന.

'' ദിസ് ഇസ് നോട്ട് എ ഡിഫിക്കല്‍റ്റ് ടാസ്ക് ആസ് യൂ മേ തിങ്ക് ഒഫ് ഇറ്റ് '' വീണ്ടും ഗൌരവം തുളുമ്പുന്ന വാക്കുകള്‍ '' യൂ ട്രൈ ടു അച്ചീവ് ട്വന്‍റി ഫൈ പെര്‍സന്‍റ് മോര്‍ ഓഫ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ് ഡ്യൂറിങ്ങ് ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍ , ഓര്‍ എയിറ്റ് അന്‍ഡ് വണ്‍ തേര്‍ഡ് പെര്‍സന്‍റ് എവരി മന്ത്. യൂ വില്‍ ബി സര്‍പ്രൈസ്ഡ് ടു സീ ദി റിസള്‍ട്ട് നെക്സ്റ്റ് ഇയര്‍ ''.

അദ്ദേഹം സദസ്യരെ നോക്കി. എല്ലാവരും വലിയ ആലോചനയിലാണ്. മൂന്ന് മാസത്തില്‍ ഇരുപത്തഞ്ച് ശതമാനം അഥവാ മാസം തോറും എട്ടും മൂന്നിലൊന്നും വര്‍ദ്ധന ഉണ്ടാക്കുക. വലിയ പ്രയാസമുള്ളതല്ല അത് എന്ന്. എങ്കില്‍ അടുത്ത കൊല്ലം അത്ഭുതപ്പെടുത്തുന്ന ഫലം കാണുമത്രേ. പ്രതീക്ഷിച്ച മട്ടിലുള്ള പ്രതികരണം ആരുടെ മുഖത്തും കാണാനില്ല.

'' ലെറ്റ് മീ സീ എ ന്യൂലി അപ്പോയിന്‍റ്റഡ് പേഴ്‌സണ്‍ '' പുതിയതായി നിയമനം ലഭിച്ച ജീവനക്കാരനെ കുറിച്ചുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് അനൂപിലായിരുന്നു. അവന്‍ എഴുന്നേറ്റു.

'' യുവര്‍ നെയിം അന്‍ഡ് ഹെഡ് ക്വാര്‍ട്ടേര്‍സ് '' അദ്ദേഹം ചോദിച്ചു.

'' അനൂപ് ഫ്രം പാലക്കാട്, കേരള ''.

'' വാട്ട് ഈസ് യുവര്‍ പ്രസന്‍റ് ടാര്‍ജ്ജറ്റ് ''.

'' ഫിഫ്റ്റി തൌസന്‍ഡ് '' വിറയലോടെയാണ് അത്രയും പറഞ്ഞത്.

'' യുവര്‍ ലാസ്റ്റ് മന്ത്‌സ് സെയില്‍സ് ഫിഗര്‍ ''

'' ഫിഫ്റ്റി എയിറ്റ് തൌസന്‍ഡ് സെവെന്‍ ഹണ്ട്രഡ് അന്‍ഡ് സിക്സ് ''.

'' സീ , ഹി ഈസ് റിവൈസ്ഡ് ടാര്‍ജറ്റ് ഫോര്‍ ദി നെക്സ്റ്റ് ക്വാര്‍ട്ടര്‍ ഈസ് സിക്സ്റ്റി ടു തൌസന്‍ഡ് അന്‍ഡ് ഫൈവ് ഹണ്ട്രഡ്. സീ ഹി ഈസ് വെരി ക്ലോസ് ടു ഇറ്റ് '' സദസ്യരെ നോക്കി അദ്ദേഹം പറഞ്ഞു '' എ ലിറ്റില്‍ ബിറ്റ് എഫര്‍ട്ട് ഫ്രം ഹിസ് സൈഡ് എലോണ്‍ ഈസ് റിക്ക്വയേര്‍ഡ് ടു അച്ചീവ് റിവൈസ്ഡ് ടാര്‍ജറ്റ് ''.

ഇപ്പോള്‍ തന്നെ പുതുക്കിയ ലക്ഷ്യമായ അറുപത്തിരണ്ടായിരത്തി അഞ്ഞൂറിന്ന് അരികിലാണെന്നും ചെറിയ ഒരു പരിശ്രമം കൊണ്ട് അത് കൈവരിക്കാന്‍ ആവുമെന്നും ഉള്ള പരാമര്‍ശം സന്തോഷം നല്‍കി. അനൂപിനെ നോക്കി അയാള്‍ ചോദിച്ചു '' ആര്‍ യൂ റെഡി ടു ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച് ''. അനൂപ് തലയാട്ടി.

ഭാഗ്യത്തിന് അടുത്ത മൂന്ന് മാസങ്ങളിലും കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. കൈ വരിച്ച നേട്ടതിന്ന് അല്‍പ്പം പ്രശംസയും ഒരു ടൈയും ജനവരി മാസത്തെ മീറ്റിങ്ങില്‍ കിട്ടി, അതോടൊപ്പം അടുത്ത മൂന്ന് മാസത്തെ ടാര്‍ജ്ജറ്റ് എഴുപത്തയ്യായിരം ആക്കിയ കല്‍പ്പനയും. എത്ര പണിപ്പെട്ടിട്ടും എഴുപതിനായിരം രൂപ പോലും എത്തിക്കാന്‍ കഴിഞ്ഞില്ല. ആ വിഷമം കൊണ്ടാവാം, കോണ്‍ഫറന്‍സ് ദിവസം മദ്ധ്യാഹ്ന ഭക്ഷണമായി നല്‍കുന്ന വിശിഷ്ട ഭോജ്യങ്ങളും ഇഷ്ടപ്പെട്ട ഐസ്ക്രീമും മനസ്സില്‍ കടന്നു വന്നില്ല.

മൊബൈല്‍ ശബ്ദിച്ചു. തമിഴ് നാട് ബി. എസ്. എന്‍. എല്‍. വക മെസ്സേജാണ്. റോമിങ്ങിനെ കുറിച്ചുള്ള അറിയിപ്പ്. അനൂപ് വെളിയിലേക്ക് നോക്കി. വണ്ടി വാളയാര്‍ ചുരം കടന്നു കഴിഞ്ഞിരുന്നു.

**********************************************************

മേടച്ചൂടില്‍ ഞെളിപിരി കൊള്ളുന്ന കോട്ടമൈതാനത്തില്‍ ക്രിക്കറ്റ് കളി നടക്കുകയാണ്. തണലത്ത് ബൈക്ക് നിര്‍ത്തി കുറച്ചകലെ കളിയും നോക്കി നില്‍ക്കുന്ന റഷീദിന്‍റെ അരികിലേക്ക് പ്രദീപ് ചെന്നു.

'' എനിക്ക് ഈ കളി തീരെ പറ്റില്ല '' അവന്‍ പറഞ്ഞു '' വൈകുന്നേരം വരെ ഇങ്ങിനെ മുട്ടി മുട്ടി നില്‍ക്കുന്നത് നോക്കിയിരിക്കാന്‍ എന്നെക്കൊണ്ടാവില്ല ''.

'' നിനക്ക് ട്വന്‍റി ട്വന്‍റി ക്രിക്കറ്റേ പറ്റു. കൊച്ചിയില്‍ ഐ.പി.എല്‍. വരുമ്പോള്‍ പോയി കണ്ടോ ''റഷീദ് ഉപദേശിച്ചു.

'' അല്ലെങ്കിലും ഒരു പ്രാവശ്യം പോയി കാണണം എന്ന് ഉറപ്പിച്ചിട്ടുണ്ട്. നമ്മുടെ മുതലാളിക്കുട്ടിയോട് കാറ് എടുക്കാന്‍ പറയണം. പെട്രോളിന്‍റെ കാശ് എല്ലാവരും കൂടി. എന്നിട്ട് അന്തസ്സായി ചെന്ന് കളി കാണണം ''.

'' ഒരു കാര്യം ഞാന്‍ പറയാം. നിന്‍റെ മുതലാളിക്കുട്ടി എന്ന വിളി സുമേഷിന്ന് തീരെ പിടിക്കുന്നില്ല. ഇന്നാള് അവന്‍ അത് എന്നോട് പറഞ്ഞിരുന്നു ''.

'' അതൊരു സോപ്പല്ലേടാ. ഇടയ്ക്ക് പൊറോട്ടയും ചായയും വാങ്ങി തരുന്നതല്ലേ അവന്‍ '' പ്രദീപ് കാരണം കണ്ടെത്തി '' നമ്മള്‍ ദരിദ്രവാസികളുടെ ഇടയില്‍ അങ്ങിനെ ഒരാള്‍ ഉള്ളത് ഭാഗ്യം. ഇല്ലെങ്കില്‍ നമ്മളൊക്കെ തെണ്ടി തിരിഞ്ഞ് കുത്തുപാള എടുക്കുന്നുണ്ടാവും ''.

'' അല്ലെങ്കില്‍ ഇപ്പൊ എന്താ ചെയ്യുന്നത് '' റഷീദ് ചോദിച്ചു '' രാവിലെ പണിക്കാണെന്നും പറഞ്ഞ് ഇറങ്ങും. ഇവിടെ വന്ന് ചുറ്റി തിരിയും. മക്കള് പണിയെടുത്ത് കഷ്ടപ്പെടുന്നു എന്ന് വീട്ടില്‍ ഉള്ളവര് കരുതും. സത്യം അറിയാത്തത് പടച്ചോന്‍റെ കൃപ ''.

'' അത് നമ്മുടെ തെറ്റാണോടാ ''പ്രദീപ് ചോദിച്ചു '' നല്ല പണി എന്തെങ്കിലും കിട്ടിയാല്‍ നമ്മളത് ശരിക്ക് ചെയ്യില്ലേ ''.

'' ഉവ്വ്. എടുത്ത് വെച്ചിട്ടുണ്ട് നല്ല ജോലി '' റഷീദ് ചൊടിച്ചു '' കൂടെ പഠിച്ച മിടുക്കന്മാരൊക്കെ എന്‍ട്രന്‍സ് എഴുതി മെഡിസിനും എന്‍ജിനീയറിങ്ങിനും ചേര്‍ന്നു. പഠിപ്പും കഴിഞ്ഞ് അവരൊക്കെ ജോലിക്കാരായി. പിന്നെ കുറെ മിടുക്കന്മാര് ബാങ്ക് ടെസ്റ്റും ആര്‍. ആര്‍ ബിയും പി.എസ്. സി യും ഒക്കെ മിനക്കെട്ടെഴുതി നല്ല ഓരോരോ ജോലികളില്‍ കയറി. തേര്‍ഡ് ക്ലാസ്സ് ഡിഗ്രിയും വെച്ച് നമ്മള് കുറച്ചെണ്ണം ചില്ലറ പണികളുമായി തെക്കും വടക്കും നടക്കുന്നു ''.

'' പഠിക്കുന്ന കാലത്ത് ഒഴപ്പി നടന്നിട്ടല്ലേ. ഇനി കുറ്റം പറഞ്ഞിട്ട് എന്താ കാര്യം ''.

ബൌണ്ടറി കടന്ന് അരികിലെത്തിയ പന്ത് റഷീദ് എടുത്ത് എറിഞ്ഞു കൊടുത്തു.

'' ഇന്നെന്താ ആരേയും കാണാത്തത് ''പ്രദീപ് ചോദിച്ചു.

'' അനൂപ് ബാംഗ്ലൂരില്‍ മീറ്റിങ്ങിന്ന് പോയി. സുമേഷിനേയം ​ശെല്‍വനേയും കാണാനില്ല. വിവേക് വന്നിട്ടുണ്ട്. അവന് ഒരു കോള് കിട്ടി എന്ന് തോന്നുന്നു. പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ ഒരാളോട് സംസാരിച്ച് നില്‍ക്കുന്നുണ്ട് ''.

പാരലല്‍ കോളേജില്‍ ഒന്നിച്ച് പഠിച്ച കൂട്ടുരാണ് . സുമേഷ് ഒഴികെ മറ്റെല്ലാവരും മാര്‍ക്കെറ്റിങ്ങ് സംബന്ധിച്ച വിവിധ ജോലികളുമായി കഴിയുകയാണ്. ധാരാളം കൃഷിയും റബ്ബര്‍ തോട്ടങ്ങളും മില്ലുമൊക്കെ സ്വന്തമായി ഉള്ള ആളാണ് അവന്‍. കാറുകളില്‍ എല്‍. പി. ജി. കിറ്റ് ഫിറ്റ് ചെയ്തു കൊടുക്കുന്ന കമ്പിനിയുടെ കമ്മിഷന്‍ ഏജന്‍റാണ് വിവേക്.

'' നമ്മളേക്കാള്‍ മോശമാണ് അവന്‍റെ കാര്യം '' പ്രദീപ് പറഞ്ഞു '' ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞു. ഒരു കുട്ടിയും ആയി. അതിന് ഒരു പാക്കറ്റ് പാല് വാങ്ങിക്കൊടുക്കാനുള്ള കാശിനും കൂടി അവന് വീട്ടുകാരെ ആശ്രയിക്കണം. എപ്പോഴെങ്കിലും ഒരു ഗ്യാസ് കണക്ഷന്‍ ഒപ്പിച്ചു കൊടുക്കുന്നതിന്ന് എന്ത് കിട്ടും ''.

'' കല്യാണം കഴിക്കാതെ നടന്നാല്‍ ആ വിഷമം ഒഴിവാക്കാം '' റഷീദ് പറഞ്ഞു ''എന്നോട് നിനക്കൊരു പെണ്ണ് നോക്കട്ടെ എന്ന് വീട്ടുകാര് ചോദിച്ചതാ. അങ്ങിനെ വല്ലതും ചെയ്താല്‍ തൂങ്ങിച്ചാവും എന്ന് ഞാന്‍ പറഞ്ഞു. എന്തിനാടാ ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് സങ്കടപ്പെടുത്തുന്നത് ''.

പാര്‍ക്കിങ്ങ് ഗ്രൌണ്ടില്‍ നിന്ന് വെളിയില്‍ വന്ന വിവേക് രണ്ട് വശത്തേക്കും നോക്കി നിന്നു. വാഹനങ്ങള്‍ ഒഴിഞ്ഞതും വേഗത്തില്‍ റോഡ് കടന്ന് കൂട്ടുകാരുടെ അടുത്തെത്തി.

'' ഇര ചൂണ്ടേല് കൊത്ത്യോടാ '' പ്രദീപ് ചോദിച്ചു.

'' നല്ല കാര്യമായി. എന്നാല്‍ ഇപ്പോള്‍ ഇടിവെട്ടി മഴപെയ്തിട്ടുണ്ടാവും ''.

'' പിന്നെ ഇത്ര നേരം നിങ്ങള് വര്‍ത്തമാനം പറഞ്ഞതോ ''.

'' സമയം പോവാന്‍ അയാളെന്നെ പിടിച്ചു നിര്‍ത്തിയതാ . കക്ഷി ലൈന്‍ വരുന്നതും കാത്ത് നിന്നതാ. പെണ്ണ് എത്തിയതും ടാറ്റാ പറഞ്ഞ് രണ്ടും കൂടി കോട്ടയുടെ അകത്തേക്ക് പോയി ''.

'' നേരം പോയത് മാത്രം നിനക്ക് ലാഭം അല്ലേ ''

'' ഏയ്. അങ്ങിനെ പറയാന്‍ പറ്റില്ല. ഓട്ടോമോബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ പഠിച്ച ആളേക്കാള്‍ എനിക്ക് ഇപ്പോള്‍ അറിവ് ആയി കഴിഞ്ഞു. ഗ്യാസ് ഫിറ്റ് ചെയ്താല്‍ വണ്ടിക്ക് വരാവുന്ന ദോഷങ്ങള്‍ അയാള്‍ ഇത്ര നേരം എന്നെ പഠിപ്പിക്കുകയായിരുന്നു ''.

'' നീ എന്താ ചെയ്യാന്‍ പോണത് '' പ്രദീപ് റഷീദിനോട് ചോദിച്ചു.

'' ബൈക്കിന്‍റെ സ്പോക്കറ്റ് കേടായത് നന്നാക്കാന്‍ കൊടുത്തിട്ടുണ്ട്. അത് വാങ്ങണം. നാളെ എന്‍റെ കൂടെ മാനേജര്‍ പണിക്ക് വരുന്നുണ്ട് ''.

'' നീയോ '' വിവേകിനോടായിരുന്നു ആ ചോദ്യം.

'' ഞാന്‍ റഷീദിന്‍റെ കൂടെ പോണൂ. ബസ്സ് ചര്‍ജ്ജെങ്കിലും ലാഭം കിട്ട്വോലോ ''.

'' എന്നാല്‍ ഞാന്‍ വീട്ടില്‍ ചെന്ന് കുറച്ച് നേരം ഉറങ്ങട്ടെ '' പ്രദീപ് തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.

'' ആ ടിച്ചറുടെ ഒരു കഷ്ടകാലം നോക്ക് '' വിവേക് പറഞ്ഞു '' ഇവന്‍ സമ്പാദിച്ചു കൊണ്ടു പോയി അവരെ നോക്കേണ്ടതാണ്. അതിന്ന് പകരം അവരുടെ പെന്‍ഷന്‍ കാശോണ്ട് മകനെ പുലര്‍ത്തേണ്ടി വരുന്നു. നീ തന്നെ ശരിക്കുള്ള ഭാഗ്യവാന്‍. പോയി കിടന്നുറങ്ങിക്കോ ''.

പ്രദീപ് ഒന്ന് ചിരിച്ചു. പിന്നെ മെല്ലെ ബൈക്കിനടുത്തേക്ക് നടന്നു, മറ്റുള്ളവര്‍ ഐ.എം. എ. ജങ്ക്‌ഷന്‍റെ ഭാഗത്തേക്കും .


9 comments:

 1. വർത്തമാനകാലത്തിലെ ജീവിതം... അടുത്ത ഭാഗം പ്രതീക്ഷിച്ചുകൊണ്ട്.......

  ReplyDelete
 2. പുതിയ മേഖല, അതിനു ചേരുന്ന ഒരല്പം വ്യത്യസ്ഥമായ അവതരണരീതി, ഇന്നത്തെ തലമുറയുടെ വ്യാകുലതകൾ, കളിചിരികളും.

  ഫാർമ കമ്പനികൾ റെപ്സിനു സമ്മാനമായി കൊടുക്കുന്ന ടൈ പിന്നീട് റ്റാർഗറ്റിന്റെ പേരിൽ അവരുടെ കഴുത്തിൽ മുറുകുന്ന കുരുക്കായി മാറുന്നു എന്ന് തോന്നുന്നു. അതുപോലെ തന്നെയാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പോളിസികളുടെയും ന്യു ജെനറേഷൻ ബാങ്കുകളുടേയും, ബിസിനസ് എക്സിക്യുട്ടീവുകളുടെ കഴുത്തിൽ കിടക്കുന്ന നെയിം കാർഡുകൾ കോർത്ത വർണ റിബണുകളും. ജോലിയുടെ അനിശ്ചിതത്വം കാരണം രാത്രിയിൽ കിടന്നാൽ ഉറക്കം വരാത്ത അവസ്ഥ.

  ആശംസകൾ.

  ReplyDelete
 3. ponmalakkaran I പൊന്മളക്കാരന്‍ ,

  ഇന്നത്തെ യുവ തലമുറയുടെ പ്രശ്നങ്ങളാണ് ഈ നോവലിലുള്ളത്. അടുത്ത ഭാഗങ്ങളില്‍ അത് വ്യക്തമാവും.

  രാജഗോപാല്‍ ,

  ന്യൂ ജനറേഷന്‍ ബാങ്കുകളിലേയും ഇന്‍ഷൂറന്‍സ് മേഖലയിലുള്ളവരുടേയും മനോവ്യഥകള്‍ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വരുന്നുണ്ട്.

  ReplyDelete
 4. പഴയ നോവലിന്റെ അവസാനത്തെ അദ്ധ്യായം ഇന്നാണ് വായിച്ച് കമെന്റിട്ടതു്. പുതിയതു് തുടങ്ങിയിട്ടുണ്ടോ എന്നു നോക്കാമെന്നു കരുതി വന്നു നോക്കിയപ്പോഴിതാ മൂന്നു അദ്ധ്യായങ്ങൾ കഴിഞ്ഞിരിക്കുന്നു. എല്ലാം ഒരുമിച്ചു് വായിച്ചു. ഇഷ്ടപ്പെട്ടു.

  ReplyDelete
 5. Typist / എഴുത്തുകാരി,

  പുതിയ നോവലും ഇഷ്ടപ്പെട്ടതായി അറിഞ്ഞതില്‍ സന്തോഷമുണ്ട്.

  ReplyDelete
 6. ഞാനാദ്യമായാണിവിടെ. ഇഷ്ടപ്പെട്ടു. അടുത്തഭാഗം ഇടുമ്പോള്‍ അറിയിക്കണം

  ReplyDelete
 7. തീര്‍ച്ചയായും അറിയിക്കാം . ആഴ്ചതോറും ഒരു അദ്ധ്യായം വീതം പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശം.

  ReplyDelete
 8. ടെന്‍ഷന്‍ ജീവിതം..

  ReplyDelete
 9. ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തിന്‍റെ നേര്‍ കാഴ്ച...

  ReplyDelete