Tuesday, May 24, 2011

നോവല്‍ - അദ്ധ്യായം - 4.

'' അശോകേ, ഇത് ഞാനാടാ, പ്രദീപ് '' മൊബൈലില്‍ അവന്‍ കൂട്ടുകാരനെ വിളിച്ചതാണ് '' നിനക്ക് ഇപ്പോള്‍ തിരക്കുണ്ടൊടാ. ഇല്ലെങ്കില്‍ കോട്ട മൈതാനത്ത് വാ. എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ക്ക് ഒരു കാറ് വേണം ''.

നിമിഷങ്ങള്‍ക്കകം കാറ് വില്‍പ്പന കേന്ദ്രത്തിലെ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് അശോക് സ്ഥലത്തെത്തി. കമ്പിനി നിശ്ചയിച്ച പ്രതിമാസ ക്വാട്ടയിലേക്ക് ഒരെണ്ണം വീണു കിട്ടിയ സന്തോഷത്തിലാണ് അവന്‍.

'' ആളെവിടെ '' അശോക് ചോദിച്ചു.

'' ഇപ്പൊ എത്തും '' പ്രദീപ് മറുപടി നല്‍കി '' അതിന്നു മുമ്പ് എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട് ''.

'' കമ്മീഷന്‍റെ കാര്യമല്ലേ. അതൊക്കെ ഞാന്‍ ഏറ്റു ''.

'' അതൊന്നും അല്ലെടാ '' പ്രദീപ് പറഞ്ഞു തുടങ്ങി.

അമ്മയുടെ സ്കൂളില്‍ ഉണ്ടായിരുന്ന ദേവകി ടീച്ചറുടെ മകനാണ് കാറ് വേണ്ടത്. വേറൊരു കമ്പിനിയുടെ കാറ് അവര്‍ പോയി നോക്കിയിരുന്നു. ഒരു അഭിപ്രായം ചോദിക്കാന്‍ അവനെ വിളിച്ചതാണ്. അശോകിന്ന് ഒരു സഹായം ചെയ്യാമെന്ന് വിചാരിച്ച് കൂടുതല്‍ നല്ലത് വാങ്ങിക്കാമെന്നു പറഞ്ഞ് അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. അമ്മയുടെ സുഹൃത്തും ചെറിയ ക്ലാസ്സില്‍ പഠിപ്പിച്ച ടിച്ചറുമായ അവരുടെ കാര്യത്തില്‍ ഇടപെട്ടത് കമ്മിഷന്‍ കിട്ടാനല്ല. കിട്ടുന്ന സൌജന്യം മുഴുവന്‍ അവര്‍ക്കുതന്നെ കൊടുക്കണം. അതില്‍ നിന്ന് ഒരു വീതവും വേണ്ടാ.

'' നിനക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും '' അവന്‍ അശോകിനോട് ചോദിച്ചു.

'' നിന്‍റെ കേസല്ലേ. മാക്സിമം ചെയ്യാടാ ''.

'' അങ്ങിനെ പറഞ്ഞാല്‍ പോരാ. എന്ത് ചെയ്യും എന്ന് ഉറപ്പ് പറ. എനിക്ക് അവരോട് പറയേണ്ടതാ ''.

'' വീല്‍ കപ്പ് കൊടുക്കാം. ഫ്ലോര്‍ മാറ്റ് ഉണ്ടോന്ന് നോക്കട്ടെ '' അശോക് പറഞ്ഞു.

'' നോക്ക് , വേറെ ഡീലര്‍ ഇല്ലാഞ്ഞിട്ടല്ല. നിനക്ക് ഒരു ഉപകാരം ആയിക്കോട്ടേ എന്ന് വെച്ചിട്ടാണ്. അത് നീ മനസ്സിലാക്കണം '' പ്രദീപ് കാര്യം പറഞ്ഞു.

'' പറ്റുന്നതൊക്കെ ചെയ്തു കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞില്ലേ ''.

'' എന്നലേ വീല്‍ കപ്പും, മാറ്റും മാത്രം പോരാ ''.

'' പിന്നെ എന്താടാ വേണ്ടത് ''.

'' വണ്ടിക്ക് അണ്ടര്‍ കോട്ടിങ്ങ് അടിച്ചു കൊടുക്കണം, പിന്നെ ടഫ്‌ലോണും ''.

'' ഒക്കെ ഞാന്‍ മാനേജരോട് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം. നീ അവരെ ടെസ്റ്റ് ഡ്രൈവിങ്ങിന് കൂട്ടീട്ട് വാ ''.

'' അയാള്‍ക്ക് കാറോടിക്കാനൊന്നും അറിയില്ല. പഠിച്ചിട്ടു വേണം ''.

'' പുതിയ വണ്ടിയില്‍ ഡ്രൈവിങ്ങ് പഠിച്ചാല്‍ അസ്സലാവും. പഠിപ്പ് കഴിയുമ്പോഴേക്കും ഗിയര്‍ ബോക്സ് മാറ്റാറാവും ''.

'' അതെന്തോ ചെയ്യട്ടെ. എനിക്കതറിയണ്ടാ. എന്‍റെ അടുത്ത് ഒരു കാര്യം പറഞ്ഞു. ഞാന്‍ അത് ചെയ്തു. അത്ര തന്നെ ''.

'' ലോണാണോടാ '' അശോക് അന്വേഷിച്ചു.

'' അതേന്ന് പറഞ്ഞു ''.

'' ഏര്‍പ്പാടാക്കണോ ''.

'' വേണ്ടാ. എന്‍റെ ഫ്രണ്ട് ജെയിംസ് കാര്‍ ലോണ്‍ സെക്ഷനിലാണ്. അവനെ ഏല്‍പ്പിക്കാം '' പ്രദീപ് പറഞ്ഞു '' അവനും ക്വോട്ട ഒപ്പിക്കണ്ടതല്ലേ. ഒരു സഹായം ആയിക്കോട്ടെ ''.

'' നിന്‍റെ ഇഷ്ടം പോലെ. അത് പോട്ടെ, നീ എന്താ ഇപ്പൊ ചെയ്യുന്നത് ''.

'' ഈ ഒന്നാം തിയ്യതി മുതല്‍ ചെറിയൊരു പണി കിട്ടി. ഇന്‍ഷൂറന്‍സില്‍ ആളെ ചേര്‍ക്കല്. എത്ര കാലത്തേക്ക് എന്നേ നോക്കാനുള്ളു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഒറ്റ പോളിസി എന്നെക്കൊണ്ട് എടുപ്പിക്കാന്‍ പറ്റിയിട്ടില്ല. ആരെ കണ്ട് ചോദിച്ചാലും നോക്കട്ടെ പിന്നെ പറയാം ആലോചിക്കട്ടെ എന്നൊക്കെ ഒഴിവ് കഴിവ് പറഞ്ഞൊഴിയും. പ്രൈവറ്റ് കമ്പനിയുടെ ഇന്‍ഷൂറന്‍സല്ലേ. അധികം ആര്‍ക്കും താല്‍പ്പര്യം കാണുന്നില്ല ''.

'' ആര്‍ക്കെങ്കിലും വല്ല പോളിസിയും വേണോന്ന് അന്വേഷിച്ച് നോക്കട്ടെ. വല്ലതും ഒത്തു കിട്ടിയാല്‍ നിന്നെ വിളിക്കാം ''.

'' ഒരു പാലം പണിതാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാം അല്ലേടാ '' പ്രദീപ് ചോദിച്ചു.

അശോക് ചിരിച്ചു. വൈകുന്നേരത്തിന്ന് മുമ്പ് ആവശ്യക്കാരുമായി എത്താമെന്ന് പ്രദീപ് ഏറ്റു.

'' വരുമ്പോള്‍ എന്നെ വിളിക്കണം ''. അശോക് തിരിച്ചു പോയി.

****************************************************

രാവിലത്തെ തിരക്കുകള്‍ ഒഴിഞ്ഞപ്പോഴേക്കും വെയില്‍ മൂത്തു കഴിഞ്ഞു. ഇന്ദിര ചെന്നു നോക്കുമ്പോള്‍ രാമകൃഷ്ണന്‍ ജനാലയിലൂടെ ദൂരെ ആകാശത്തേക്ക് നോക്കി കിടക്കുകയാണ്.

'' രാമേട്ടന് വല്ലതും വേണോ '' അവള്‍ ചോദിച്ചു.

'' ഇപ്പൊ ഒന്നും വേണ്ടാ. എന്താ. പശൂനെ മേക്കാന്‍ പോവാറായോ '' അയാള്‍ തിരക്കി.

'' അതിനല്ല. പുഴ വരെ ഒന്ന് പോവാനുണ്ട്. വല്ലതും വേണച്ചാല്‍ തന്നിട്ട് വാതിലും പൂട്ടി പോവാലോ എന്ന് വിചാരിച്ചിട്ടാ ''.

'' എന്തിനാ ഈ പൊരി വെയിലത്ത് പുഴയിലേക്ക് പോണത്. വൈകുന്നേരം കുളത്തില്‍ തിരുമ്പി കുളിച്ചാല്‍ പോരേ ''.

'' ഞാന്‍ പോണത് കുറച്ച് മണല് കൊണ്ടു വരാനാണ്. ചെല്ലന്‍റെ കെട്ട്യോള് പാറൂണ്ട് തുണയ്ക്ക് ''.

'' എല്ലാം കഴിഞ്ഞ് മണല് കോരലും ആയോ ''.

'' സാരൂല്യാ. നമുക്ക് വേണ്ടീട്ടല്ലേ ''.

'' എന്നാലും ഇന്ദിര ഇങ്ങിനെ കഷ്ടപ്പെടുന്നത് കാണുമ്പൊ '' അയാളുടെ വാക്കുകള്‍ ഗദ്ഗദത്തില്‍ മുങ്ങി.

'' കാശ് കൊടുത്ത് മണല്‍ വാങ്ങാന്‍ ഇപ്പൊ പറ്റില്ല. ഞാനും കൂട്വാണെങ്കില്‍ കുറേശ്ശയായി ചുമര് തേക്കലും നിലം നന്നാക്കലും ചെയ്യാന്ന് പാറു പറഞ്ഞു. അവള് കുറെ കാലം കെട്ടുപണിക്കാരുടെ കൂടെ നടന്നതല്ലേ ''.

'' ആവാത്ത പണി ചെയ്ത് വയ്യായ ഒന്നും വരുത്തണ്ടാ ''.

''ഇതൊക്കെ വയറ്റില്‍ നിന്ന് പഠിച്ചിട്ട് വന്നിട്ടാണോ ആളുകള് ചെയ്യുന്നത്. പണി ചെയ്തിട്ട് അസുഖം ഒന്നും വരില്ലാന്ന് എനിക്ക് നല്ല ധൈര്യം ഉണ്ട് ''.

പിന്നെ രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. ഇന്ദിര വാതില്‍ പൂട്ടി ചാക്കുമായി പോയതോടെ അയാള്‍ സ്വന്തം ദുരിതങ്ങളുടെ ലോകത്തായി. പണി തീരാത്ത വീട്. ഒന്നുമാവാത്ത മക്കള്‍, കുടുംബം പുലര്‍ത്താനുള്ള ആള്‍ കിടപ്പില്‍. സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ഈ പ്രയാസങ്ങളെല്ലാം പതറാതെ നേരിടുന്ന ഭാര്യ ഒരു അത്ഭുതം തന്നെ.

ബന്ധുക്കളാണെന്നും പറഞ്ഞ് വരാനും പോവാനും ആരുമില്ലാത്തതില്‍ ഒരുവിഷമവും നല്ല സമയത്തൊന്നും തോന്നിയിരുന്നില്ല. പക്ഷെ കിടപ്പിലായതിന്ന് ശേഷം ആരെങ്കിലും വേണമെന്ന തോന്നല്‍ ഉണ്ടായി തുടങ്ങി.

'' മരത്തിന്ന് വേര് ബലം. മനുഷ്യന്ന് ബന്ധു ബലം. നമുക്ക് ആരും ഇല്ലാതെ പോയില്ലേ '' പലപ്പോഴും ആ തോന്നല്‍ വാക്കുകളായി പുറത്തെത്തി.

'' രാമേട്ടന്‍ ഒന്നോണ്ടും പേടിക്കണ്ടാ. ഞാനില്ലേ കൂടെ '' അപ്പോഴെല്ലാം ഇന്ദിര സാന്ത്വനിപ്പിക്കും '' പിന്നെ ഈ ഭൂമീല്‍ ആരും ഇല്ലാത്തോര്‍ക്കും കഴിയണ്ടേ ''.

ഒരു കൊച്ചു തോണിയില്‍ ഒഴുക്കിനെതിരെ തുഴഞ്ഞ് കുടുംബത്തെ അക്കര എത്തിക്കാന്‍ പാടുപെടുന്ന സ്ത്രീ രൂപമാണ് ഇന്ദിരയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ എത്തുക.

'' ശംഭോ, മഹാദേവാ, എന്‍റെ കുട്ട്യേളക്കെങ്കിലും ഒരു കൈ സഹായം നല്‍കാന്‍ ആരെങ്കിലും ഉണ്ടാവണേ '' രാമകൃഷ്ണന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

7 comments:

  1. "മരത്തിന്ന് വേര് ബലം. മനുഷ്യന്ന് ബന്ധു ബലം."

    "ഈ ഭൂമീല്‍ ആരും ഇല്ലാത്തോര്‍ക്കും കഴിയണ്ടേ"

    എല്ലാവരുടെ പ്രാർത്ഥനകളും ഫലിക്കട്ടെ,!

    ആശംസകൾ...........

    ReplyDelete
  2. പുതിയ അദ്ധ്യായം വായിച്ചു. കാർ കച്ചവടക്കാരുടെയും ഇൻഷൂറൻസ് കമ്പനിക്കാരുടെയും സൗജന്യ വാഗ്ദാനങ്ങളുടെ മധുര(?) ഫലം അനുഭവിച്ച ആളെന്ന നിലയിൽ അതിനെക്കുറിച്ചുള്ള പരാമർശം കൗതുകമായി.

    ''രാമേട്ടന്‍ ഒന്നോണ്ടും പേടിക്കണ്ടാ. ഞാനില്ലേ കൂടെ” എന്ന സാന്ത്വനമാവും രാമകൃഷ്ണനെ ദുരിതക്കടലിലും മുന്നോട്ട് നയിക്കുന്ന വിളക്കുമാടം. സാധാരണ മനുഷ്യന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുടെയും ജീവിതഗാഥ തുടരട്ടെ

    ReplyDelete
  3. വായിച്ചു കേട്ടോ!!
    നന്നായിട്ടുണ്ട്.
    കമന്റ്‌ ഇടുമ്പോള്‍ വരുന്ന വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയാമോ?

    ആശംസകള്‍!!

    ReplyDelete
  4. ഞാൻ വന്നു .
    ഇവിടെ ചേർന്നു.
    വായിച്ചു……
    ഇനി സ്ഥിരം ഒരു വിരുന്ന് കാരൻ ഞാൻ.

    ReplyDelete
  5. പൊന്മളക്കാരന്‍ ,

    അതെ എല്ലാവരുടെ പ്രാര്‍ത്ഥനകളും ഫലിക്കട്ടെ.

    രാജഗോപാല്‍ ,

    കൊച്ചുകൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും ചുരുള്‍ നിവരുകയാണ്.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,

    നന്ദി. വേഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞു.

    s.m.sadique.

    കഥയുമായി ഞാന്‍ മുന്നോട്ട് പോവുമ്പോള്‍ കൂട്ടുള്ളത് എനിക്ക് വളരെ സന്തോഷം നല്‍കും

    ReplyDelete
  6. പളപളാ മിന്നുന്ന ഉടുപ്പിനുള്ളില്‍ ഗദ്ഗദങ്ങള്‍

    ReplyDelete
  7. മരത്തിന്ന് വേര് ബലം. മനുഷ്യന്ന് ബന്ധു ബലം.
    ethra shariyaaya vaakkukal

    ReplyDelete