Monday, June 27, 2011

നോവല്‍ - അദ്ധ്യായം -9.

'' നേരം ഇരുട്ടാവാറായില്ലേ. നീ എങ്ങിന്യാ ഒറ്റയ്ക്ക് പോവ്വാ '' ഇന്ദിര ചോദിച്ചു '' അനു വന്നാല് അവനെ കൂടെ അയക്കായിരുന്നു ''.

'' അതൊന്നും സാരൂല്യാ തമ്പുരാട്ടി. എനിക്ക് ഇതൊക്കെ നല്ല ശീലാണ് '' പാറു പറഞ്ഞു '' പോരാത്തതിന്ന് പോണ വഴിക്ക് പാറക്കുളത്തില് ഒന്ന് മുങ്ങീട്ടേ വീട്ടിലേക്ക് ചെല്ലൂ ''.

രാമകൃഷ്ണന്‍ കിടക്കുന്ന മുറിയുടെ നിലം പണിയായിരുന്നു അന്ന്. സിമന്‍റ് പാലില്‍ കാവി കലക്കി നിലത്ത് ഒഴിക്കാനൊരുങ്ങിയപ്പോഴേ സമയം ഏറെ ആവുമെന്ന് ഇന്ദിര പറഞ്ഞതാണ്. അതൊക്കെ തീരും എന്നും പറഞ്ഞ് പാറു തുടങ്ങി. കരണ്ടികൊണ്ട് മിനുപ്പിക്കുന്ന പണി വിചാരിക്കുന്ന വേഗത്തില്‍ ചെയ്യാനാവില്ല. കൂടാതെ നിലം വെടിക്കുന്നതിന്ന് മുമ്പ് കരണ്ടി ഓടിക്കുകയും വേണം. നേരം വൈകിയെങ്കിലും പണി തീര്‍ക്കാന്‍ ആയതില്‍ രണ്ടുപേര്‍ക്കും സന്തോഷം തോന്നി.

'' കൂലി നാളെ വാങ്ങാം തമ്പുരാട്ടി '' എന്നും പറഞ്ഞ് പാറു ഇറങ്ങി നടന്നു. പടി കടന്ന് വഴിയിലിറങ്ങിയപ്പോള്‍ നാട്ടു വെളിച്ചം ഉണ്ട്. നല്ല വെളിച്ചത്തില്‍ നിന്ന് പെട്ടെന്ന് മാറുമ്പോഴേ ഇരുട്ട് തോന്നു. കുറച്ച് കഴിഞ്ഞാല്‍ ഉള്ള വെളിച്ചവുമായി കണ്ണ് പൊരുത്തപ്പെടും.

പാറക്കുഴിയിലിറങ്ങി ഉടുത്ത തുണികള്‍ നനച്ച് വേഗം കുളിച്ച് കയറി. ഈറന്‍ തുണി വാരിച്ചുറ്റി വേഗത്തില്‍ നടന്നു. ചെന്നിട്ട് വേണമെങ്കില്‍ കഞ്ഞി വെക്കണം, വേണ്ടെങ്കിലോ ഒരു ഭാഗത്ത് നടു ചായ്ക്കാം.

പാറുവിന്‍റെ മനസ്സില്‍ ഇന്ദിരയെക്കുറിച്ചുള്ള ഓര്‍മ്മകളെത്തി. ആ തമ്പുരാട്ടി എത്ര നല്ല സ്വഭാവമുള്ള ആളാണ്. ഒരു പണിക്കാരി ചെയ്യുന്ന ജോലി അവരും ചെയ്യുന്നുണ്ട്. വലിപ്പമോ വലിയ കെടയോ ഒന്നും തന്നെയില്ല. തമ്പുരാന്‍റെ ദെണ്ണം മാറിയാല്‍ ആ കുടുംബം കര പിടിക്കും. ഒരു മനുഷ്യനോട് മുഖം കറുപ്പിച്ച് ഒറ്റ വാക്ക് പറയാത്ത ആളാണ് തമ്പുരാന്‍. അങ്ങിനെയുള്ള ആളുകള്‍ക്കാണ് ഇന്നത്തെ കാലത്ത് എല്ലാ ദുരിതവും.

വയല്‍ വരമ്പ് അവസാനിക്കുന്നേടത്ത് തോടാണ്. പാറു തോടിറങ്ങി കയറി ഇടവഴിയിലൂടെ നടന്നു. ഒരാള്‍ക്ക് നടക്കാനുള്ള വീതിയേ ഉള്ളു. എതിരെ ആരെങ്കിലും വന്നാല്‍ ഒരാള്‍ വേലിയിലേക്ക്ചാഞ്ഞു നിന്നാലേ കടന്നു പോവാന്‍ കഴിയു. തെക്കു ഭാഗത്തെ കോളനിയിലേക്കുള്ള പിരിവ് മുതല്‍ വഴി വിളക്കുകളായി. കുറച്ചു കൂടി ചെന്നാല്‍ പഞ്ചായത്ത് പാതയിലെത്തും. പിന്നെ വീട്ടിലേക്ക് പത്തടി ദൂരമേയുള്ളു

'' എനിക്കെന്‍റമ്മേ ഗറുഭമാണെന്ന് പറയുന്നെല്ലാരും, അത്
നിനക്കെങ്ങിനെ മനസ്സിലായെടി കുരുത്തം കെട്ടോളേ ''

ഇടവഴിയുടെ മറ്റേ തലയ്ക്കല്‍ നിന്ന് ഉച്ചത്തിലുള്ള പാട്ട് കേട്ടു. കെട്ടുപണിക്കാരന്‍ മാധവനാണ് പാടുന്നത്. കള്ള് വയറ്റിലെത്തിയാല്‍ അവന്‍റെ ചുണ്ടില്‍ നിന്ന് പാട്ട് ഉയരും. പണിയെടുത്ത് കിട്ടുന്നത് മുഴുവന്‍ കുടിച്ച് തുലയ്ക്കുന്ന തെമ്മാടി. അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങിനെയാണ്. അവര്‍ക്ക് സ്വന്തം സന്തോഷം മാത്രമേ നോട്ടമുള്ളു. വീടും വീട്ടുകാരും എങ്ങിനെയായാലും വേണ്ടില്ല.

'' ആര് പാറു ഏടത്ത്യോ '' മുമ്പിലെത്തിയപ്പോള്‍ അവന്‍ ചോദിച്ചു '' എവിടുന്നാ ഈ രാത്രി നേരത്ത് ''.

പണി കഴിഞ്ഞ് വരുന്ന വഴിയാണെന്ന് മറുപടി നല്‍കി.

'' ഞാന്‍ ഇടയ്ക്ക് കാണാറുണ്ട് '' അവന്‍ പറഞ്ഞു '' ഒറ്റ തീന്‍ തിന്നിട്ട് ആളൊന്ന് മിനുങ്ങീട്ടുണ്ട് ''.

പാറുവിന്ന് ദേഷ്യം വന്നു.

'' ഞാന്‍ മിനുങ്ങീട്ടുണ്ടെങ്കില്‍ നിനക്കെന്താ നഷ്ടം '' അവള്‍ ചോദിച്ചു.

'' എനിക്ക് നഷ്ടോന്നും ഇല്ലാപ്പാ. സന്തോഷം കൊണ്ട് പറഞ്ഞതാ '' മാധവന്‍ ചിരിച്ചു '' അല്ലാ ഇപ്പഴും നിങ്ങള് ഒറ്റക്കെന്ന്യാ താമസം ''.

ഇവന്‍ വല്ലതും കേട്ടിട്ടേ പോവൂ.

'' അല്ല. വേറൊരാളെ കെട്ടി അയാളുടെ കൂടെയാണ് ഇപ്പഴ് ''.

'' അത് ഞാന്‍ അറിഞ്ഞില്ല ''

'' എല്ലാ കാര്യൂം നിന്നെ അറിയിക്കാന്ന് കരാറുണ്ടോ ''.

'' അതൊന്നൂല്യാ. പക്ഷെ ഇനി ഒഴിവ് വരുമ്പൊ എന്‍റെ കാര്യം ഓര്‍മ്മ വേണം '' മാധവന്‍ ഉറക്കെ ചിരിച്ചു.

''ഫ. ചെളുക്കേ '' ചിരി അടങ്ങും മുമ്പ് പാറുവിന്‍റെ ഒച്ച പൊങ്ങി '' നീ എന്നെപ്പറ്റി എന്താ വിചാരിച്ചിരിക്കുന്നത്. തോന്ന്യാസം പറഞ്ഞും കൊണ്ട് വന്നാല്‍ അടിച്ച് നിന്‍റെ പല്ല് ഞാന്‍ കൊഴിക്കും ''.

വലത്ത് കൈകൊണ്ട് പാറു ഊക്കില്‍ അവനെ പിടിച്ചു തള്ളി. മാധവന്‍ വേലിപ്പുറത്തേക്ക് വീണു. ഒന്ന് നീട്ടി ത്തുപ്പിയിട്ട് പാറു നടന്നു.

'' പെണ്ണിന്‍റെ ഒരു തെമ്പേ '' കിടന്ന കിടപ്പില്‍ മാധവന്‍ പറഞ്ഞു.

***************************************************

പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേള്‍ക്കുന്നതും കാത്ത് ഇന്ദിര ഇരുന്നു. വൈകിയാണ് അനൂപ് എത്തിയത്.

'' ഇന്നെന്താ നീ ഇത്ര വൈകിയത് '' അവര്‍ ചോദിച്ചു.

'' ക്ലിനിക്കില്‍ ഭയങ്കര തിരക്ക്. ഡോക്ടറെ കാണാന്‍ വൈകി '' മകന്‍ പറഞ്ഞു.

'' രാവിലെ പോയതല്ലേ. നേരം വൈകിയപ്പോള്‍ ഞാന്‍ പേടിച്ചു. എന്താ എന്ന് അന്വേഷിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ ''.

'' ഞാന്‍ ഒരു കാര്യം പറയട്ടെ '' അനൂപ് പറഞ്ഞു '' പ്രദീപിന്‍റെ കൂട്ടുകാരന്ന് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കച്ചവടമാണ്. അവനോട് പറഞ്ഞ് എനിക്ക് ഒരു മൊബൈല്‍ വാങ്ങിയാല്‍ എന്‍റെ കയ്യിലുള്ളത് ഞാന്‍ ഇവിടെ വെക്കാം. അത് പഴേ സെറ്റാ. ഇപ്പോള്‍ എല്ലാവരുടെ കയ്യിലും ക്യാമറ മൊബൈലാണ്. എന്‍റെ കയ്യില്‍ മാത്രമേ ഇത്ര പഴക്കം ചെന്ന മൊബൈല്‍ ഉള്ളു ''.

'' പഴയത് വാങ്ങിയാല്‍ പെട്ടെന്ന് കേടാവില്ലേ. പുതിയതിന്ന് എന്ത് വില വരും '' ഇന്ദിര ചോദിച്ചു.

അമ്മ അനുകൂല ഭാവത്തിലാണെന്ന് തോന്നിയതോടെ അനൂപിന്ന് ഉത്സാഹം കൂടി.

'' ഓരോ മോഡലിന്ന് ഓരോ വിലയാണ് അമ്മേ '' അവന്‍ പറഞ്ഞു '' ആയിരത്തി അഞ്ഞൂറ് ഉറുപ്പിക മുതല്‍ അമ്പതിനായിരം വരെ വിലയ്ക്കുള്ള മൊബൈലുകളുണ്ട് ''.

'' എനിക്ക് കേള്‍ക്കുമ്പൊ തന്നെ തല ചുറ്റുന്നു. ഇവിടെ കെട്ടിയിരുപ്പ് ഉണ്ടായിട്ടൊന്ന്വൊല്ല. എന്നാലും ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളത് ഒന്ന് വാങ്ങിക്കോ. സമ്പാദിച്ച് കൊണ്ടുവന്ന് തരുന്നതല്ലേ. അമ്മ മുഴുവന്‍ തട്ടി പറിച്ചൂ എന്ന് തോന്നണ്ടാ ''.

'' ഞാന്‍ അങ്ങിനെ വിചാരിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ '' അനൂപിന്ന് സങ്കടം വന്നു.

'' അമ്മ പൊതുവെ പറഞ്ഞൂന്നേ ഉള്ളു. കുട്ടി അച്ഛന്‍റെ അടുത്ത് പറഞ്ഞ് സമ്മതം വാങ്ങിച്ചോ ''.

അനൂപിന്ന് സന്തോഷമായി. അച്ഛന്‍ വേണ്ടാന്ന് പറയില്ല. ആര് എന്തു പറഞ്ഞാലും എതിര്‍ത്ത് ഒരു വാക്ക് പറയാത്ത ആളാണ് അച്ഛന്‍. അവന്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് നടന്നു. ആ സമയത്ത് രമ അമ്മയുടെ അടുത്തെത്തി.

'' അമ്മേ, ഏട്ടന്ന് പുതിയ മൊബൈല് വാങ്ങിയാല്‍ ഇത് ഞാനെടുത്തോട്ടെ. ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഫോണുണ്ട് ''അവള്‍ പറഞ്ഞു.

'' എന്നിട്ട് വേണം കണ്ണില്‍ക്കണ്ട ആണ്‍കുട്ട്യോളോട് അതില്‍ കൂടി ശൃംഗരിക്കാന്‍ '' ഇന്ദിര കയര്‍ത്തു '' വല്ല ചീത്തപ്പേരും കേള്‍പ്പിച്ചാലുണ്ടല്ലോ, നിന്നെയും കൊന്ന് ഞാനും ചാവും ''.

'' എന്നാല്‍ ഇപ്പൊത്തന്നെ എന്നെ അങ്ങോട്ട് കൊന്നോളിന്‍ '' രമ മുന്നോട്ട് നീങ്ങി.

അനൂപ് അവര്‍ക്കിടയിലേക്ക് ഓടിയെത്തി.

'' മോള് സങ്കടപ്പെടണ്ടാ. നമ്മള് നന്നാവാനല്ലേ അമ്മ ചീത്ത പറയുന്നത് ''.

അവന്‍ അനുജത്തിയുടെ തോളില്‍ കൈ വെച്ചു. രമ ഏട്ടനെ കെട്ടി പിടിച്ച് തേങ്ങി കരഞ്ഞു.

Tuesday, June 21, 2011

നോവല്‍ - അദ്ധ്യായം - 8.

പാറു പണി മാറി പോയി ഏറെ വൈകാതെ അനൂപ് വീട്ടിലെത്തി. സ്കൂട്ടര്‍ നിര്‍ത്തി ബാഗുമായി അകത്ത് കയറിയതും അന്നു ചെയ്ത പണിയാണ് അവന്‍ നോക്കിയത്.

'' തേച്ചത് നന്നായിട്ടുണ്ടല്ലോ. നല്ല കെട്ടുപണിക്കാരന്‍ ചെയ്തതാണെന്നേ ആരും കണ്ടാല്‍ പറയൂ '' അവന്‍ പറഞ്ഞു.

'' അവള്‍ക്ക് പണിക്കാരുടെ കൂടെ നടന്ന് വിവരം വെച്ചിട്ടുണ്ട് '' ഇന്ദിര പറഞ്ഞു '' അല്ലെങ്കിലും വേണംന്ന് വെച്ചാല്‍ ചെയ്യാന്‍ പറ്റാത്ത വല്ല പണിയും ഈ ലോകത്ത് ഉണ്ടോ ''.

ഫ്ലാസ്കില്‍ സൂക്ഷിച്ചുവെച്ച ചായ അവര്‍ മകന്ന് നല്‍കി. രാമകൃഷ്ണന്ന് അസുഖമായി ആസ്പത്രിയില്‍
പ്രവേശിപ്പിച്ചപ്പോള്‍ വാങ്ങിച്ചതാണ് ആ ഫ്ലാസ്ക്.

'' നോക്ക്, നമുക്ക് ഒരു കാര്യം ചെയ്യണം '' ഇന്ദിര മകനോട് പറഞ്ഞു '' ആ മാപ്ല വൈദ്യരെ കൂട്ടിക്കൊണ്ട് വന്ന് അച്ഛനെ ഒന്ന് കാണിക്കണം. അയാളുടെ ചികിത്സ കേമാണെന്ന് ഇന്ന് പാറു പറയ്യേണ്ടായി ''.

'' അതിനെന്താമ്മേ, ഞാന്‍ കൂട്ടീട്ട് വരാലോ '' അനൂപ് സമ്മതിച്ചു.

രാമകൃഷ്ണന്‍ അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേട്ട് കിടപ്പാണ്. ഇനി വേറൊരു ചികിത്സയുമായി ഇറങ്ങിയാല്‍ ശരിയാവില്ല. മരുന്നിനൊക്കെ വല്ലാത്ത വിലയാണ്. കഴിച്ചിട്ട് ഭേദമായില്ലെങ്കിലോ, പണം പോയത് മിച്ചം. എത്ര കഷ്ടപ്പെട്ടാണ് ഇന്ദിര വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത്. അവളെ വീണ്ടും ബുദ്ധിമുട്ടിച്ചു കൂടാ. ഉള്ള ദുരിതങ്ങള്‍ അനുഭവിച്ച് തീര്‍ക്കാം.

'' അനൂ '' അയാള്‍ വിളിച്ചു '' ഇനി പുതിയൊരു ചികിത്സയ്ക്കൊന്നും പുറപ്പെടണ്ടാ. മാറുമ്പൊ മാറട്ടെ ''.

ആ പറഞ്ഞത് ഇന്ദിരയ്ക്ക് രസിച്ചില്ല.

'' മിണ്ടാണ്ടെ കിടന്നിട്ട് സുഖം കണ്ടു '' അവരുടെ ഒച്ച ഉയര്‍ന്നു '' ഒന്നും അറിയണ്ട. ഞാനുണ്ടല്ലോ ഇവിടെ കിടന്ന് കഷ്ടപ്പെടാന്‍ ''.

രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ മക്കള്‍ ഇടപെട്ടു.

'' സാരൂല്യാ അമ്മേ '' അനൂപ് പറഞ്ഞു '' അമ്മയെ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ച് അച്ഛന്‍ പറഞ്ഞതാവും ''

'' അല്ലെങ്കിലും എപ്പൊ നോക്ക്യാലും അമ്മ അച്ഛനെ ദേഷ്യപ്പെടാറുണ്ട് '' രമ അമ്മയെ കുറ്റപ്പെടുത്തി.

'' എന്നെ കുറ്റം പറഞ്ഞോളിന്‍. അച്ഛനെ പറയുമ്പോഴേക്കും മക്കള്‍ക്ക് പൊള്ളി. എന്നെപ്പറ്റി ആര്‍ക്കും ഒരു നിനവും ഇല്ല '' ഇന്ദിരയുടെ സ്വരം ഇടറി.

'' അമ്മ സങ്കടപ്പെടണ്ടാ. അമ്മയ്ക്ക് ഞാനില്ലേ '' അനൂപ് അമ്മയുടെ അടുത്ത് ചെന്നു.

'' കടന്ന് പൊയ്ക്കോ എന്‍റെ മുമ്പിന്ന് '' മകന്‍റെ സാന്ത്വനിപ്പിക്കല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

'' ഏട്ടന്‍ ഇങ്ങിട്ട് വരൂ. കുറച്ച് കഴിയുമ്പൊ ശരിയായിക്കോളും '' രമ ആങ്ങളയെ കൂട്ടിക്കൊണ്ട് പോയി.

ആ പറഞ്ഞത് ശരിയായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ഇന്ദിരയുടെ മനസ്സ് മാറി. രാമേട്ടനോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്ന് അവര്‍ക്ക് തോന്നി.

'' എന്നോട് ദേഷ്യം തോന്നുണുണ്ടോ '' അവര്‍ രാമകൃഷ്ണന്‍റെ അടുത്തു ചെന്ന് ചോദിച്ചു. ഇല്ലായെന്ന മട്ടില്‍ അയാള്‍ തലയാട്ടി.

'' എന്‍റെ രാമേട്ടന്ന് എന്നെ എത്ര ഇഷ്ടാണ് '' അവര്‍ അയാളുടെ കൈത്തലം കവര്‍ന്നു. ആ കണ്ണുകളില്‍ നിന്ന് രണ്ട് തുള്ളി അടര്‍ന്ന് രാമകൃഷ്ണന്‍റെ ദേഹത്ത് വീണു.

'' അയ്യേ, എന്തിനാ എന്‍റെ ഇന്ദു കരയുന്നത്. ഒട്ടും വിഷമിക്കണ്ടാട്ടോ. എല്ലാം ശരിയാവും '' അയാള്‍ ഭാര്യയേ ആശ്വസിപ്പിച്ചു.

തളര്‍ന്ന ദേഹത്ത് ചാരി ഈര്‍പ്പം വിടാത്ത ചുമരും നോക്കി ഇന്ദിര ഇരുന്നു.

'' കുട്ടികളെ വിളിയ്ക്കൂ. ഇത്തിരി നേരം എല്ലാവരുക്കും കൂടി ഇരിയ്ക്കാം '' അയാള്‍ പറഞ്ഞു.

ഇന്ദിര മക്കളെ വിളിച്ചു. കട്ടിലില്‍ അച്ഛനും അമ്മയ്ക്കും അരികിലായി കുട്ടികള്‍ ഇരുന്നു.

'' അനൂ, എന്‍റെ കുട്ടി ഒരു പാട്ട് പാടു. അച്ഛന്‍ കേള്‍ക്കട്ടെ '' അയാള്‍ ആവശ്യപ്പെട്ടു.


'' കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ''

അനൂപിന്‍റെ മനോഹരമായ ശബ്ദത്തില്‍ കീര്‍ത്തനം ഉയര്‍ന്നു.

****************************************************

എക്സിക്യുട്ടീവ് എക്സ്പ്രസ്സ് എറണാകുളം നോര്‍ത്തിലെത്തുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു. റഷീദ് ബാഗുകളെടുത്ത് ആള്‍ക്കൂട്ടത്തിനൊപ്പം നടന്നു. പിറ്റേന്ന് കാലത്ത് ഒമ്പത് മണിക്കാണ് കോണ്‍ഫറന്‍സ്. എട്ടു മണിക്കെങ്കിലും അബാദ് പ്ലാസയിലെത്തണം. പുലര്‍ച്ചെ നാല് മണിക്ക് പാലക്കാട് നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വന്നാല്‍ മതി. പക്ഷെ അത് ബുദ്ധിമുട്ടാണ്. ഒന്നാമത് അത്ര നേരത്തെ എഴുന്നേറ്റ് പുറപ്പെടാനുള്ള മടി. കൂടാതെ എന്തെങ്കിലും കാരണ വശാല്‍ സമയത്തിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയാതെ വരികയോ, വഴിക്ക് എവിടെയെങ്കിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയോ സംഭവിച്ചാല്‍ മീറ്റിങ്ങിന്ന് എത്താന്‍ പറ്റാതാവും . മിക്കപ്പോഴും പാലക്കാട് - തൃശ്ശൂര്‍ റൂട്ടില്‍ കുതിരാന്‍ ഭാഗത്ത് ബ്ലോക്ക് ഉണ്ടാവാറുണ്ട്. തലേന്ന് എത്തി ക്യാമ്പ് ചെയ്താല്‍ പരിഭ്രമിക്കേണ്ടതില്ലല്ലോ.

മീറ്റിങ്ങ്അബാദ്പ്ലാസയിലാണെങ്കിലും മാനേജര്‍മാരുടേയും റെപ്രസന്‍റേറ്റീവുകളുടേയും താമസം ഗ്രാന്‍ഡ് ടൂറിസ്റ്റ് ഹോമിലോ, മാത ടൂറിസ്റ്റ് ഹോമിലോ ആണ്പതിവ്. ഇത്തവണ താമസം മാതയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. റഷീദ് മാതയില്‍ ചെന്നപ്പോള്‍ ആരേയും കാണാനില്ല. എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍ വാരിയര്‍ സാര്‍ മുറിയിലുണ്ടെന്ന് അറിഞ്ഞു. അവന്‍ ബാഗുമായി അവിടേക്ക് നടന്നു.

ഏരിയ ബിസിനസ്സ് മാനേജരാണ് വാരിയര്‍. റഷീദ് വാതില്‍ക്കല്‍ നിന്ന് നോക്കുമ്പോള്‍ മാനേജര്‍ ഭഗവത് ഗീത വായിക്കുകയാണ്. അദ്ദേഹത്തിന്‍റെ സന്തത സഹചാരിയാണ് ആ പുസ്തകം. എവിടെയാണെങ്കിലും കുറച്ച് നേരത്തെ ഒഴിവ് കിട്ടിയാല്‍ വായന തുടങ്ങും.

'' സാര്‍ . ആരും എത്തിയില്ലേ '' റഷീദ് ചോദിച്ചു.

പുസ്തകത്തില്‍ നിന്ന് മുഖമുയര്‍ത്തി റഷീദിനെ നോക്കി അദ്ദേഹം ചിരിച്ചു.

'' കേറി വാ '' അദ്ദേഹം ക്ഷണിച്ചു. വളരെ സാത്വികനായ ആളാണ് വാരിയര്‍ സാര്‍. കൂടെ ജോലി ചെയ്യുന്നവരെ വിഷമിപ്പിക്കാത്ത പ്രകൃതം. സ്നേഹത്തോടെ മാത്രമേ വല്ലതും പറയൂ. കീഴ് ജീവനക്കാര്‍ക്ക് നിര്‍ഭയം എന്തിനെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാം. റഷീദ് വാതില്‍ക്കല്‍ ബാഗുകള്‍ വെച്ച് കസേലയില്‍ ചെന്നിരുന്നു.

'' ആരും വന്നില്ലേ സാറേ '' റഷീദ് ചോദ്യം ആവര്‍ത്തിച്ചു.

'' ഒരു വിധം എല്ലാവരും എത്തിയിട്ടുണ്ട് '' എ.ബി. എം. പറഞ്ഞു.

'' എന്നിട്ട് ഒരാളേയും കാണാനില്ലല്ലോ ''.

'' സെറ്റ് ചേര്‍ന്ന് വെള്ളം അടിക്കാന്‍ പോയിട്ടുണ്ടാവും . ഇവിടെ വന്നാല്‍ അതല്ലേ പതിവ് ''.

മിക്കവരും മീറ്റിങ്ങിന്ന് ചെല്ലുന്നതേ കൂട്ടം ചേര്‍ന്ന് രസിക്കാനാണ്. ജോലിയോടനുബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ ഇങ്ങിനെയൊക്കെയേ മറക്കാനാവു.

'' നീ ആ സെറ്റില്‍ പെടില്ല എന്നെനിക്കറിയാം. അതാ നല്ലത്. കിട്ടുന്ന കാശ് വീട്ടിലെത്തിക്കാല്ലോ ''.

റഷീദ് ചിരിച്ചു. ഓരോരുത്തരെ കുറിച്ചും വാരിയര്‍ സാറിന്ന് നന്നായി അറിയാം. സ്വാഭാവികമായും അവരുടെ സംഭാഷണം പിറ്റേന്നത്തെ മീറ്റിങ്ങിനെക്കുറിച്ചായി.

'' നാളെയ്ക്കുള്ള റിപ്പോര്‍ട്ടൊക്കെ നീ ശരിയാക്കിയിട്ടില്ലേ '' മാനേജര്‍ ചോദിച്ചു.

'' ഉവ്വ് '' അവന്‍ മറുപടി നല്‍കി '' നാളെ പ്രത്യേകിച്ച് വല്ലതും ഉണ്ടോ സാറേ ''എന്ന് ചോദിക്കുകയും ചെയ്തു.

'' പേടിക്കെണ്ടടോ. പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല. എല്ലാം പതിവുപോലെ തന്നെ. പുതിയ പ്രോഡക്റ്റൊന്നും ലോഞ്ച് ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത് ''വാരിയര്‍ പറഞ്ഞു.

'' സമാധാനമായി. ഇല്ലെങ്കില്‍ മിനക്കെട്ട് ഡീറ്റൈല്‍ ചെയ്യാന്‍ പഠിക്കണം . എന്‍റെ പരിചയത്തിലുള്ള മിക്കവാറും മെഡിക്കല്‍ റെപ്പിന്ന് മീറ്റിങ്ങ് എന്നു പറഞ്ഞാല്‍ പേടിയാണ്. മീറ്റിങ്ങിന്‍റെ ഇടയില്‍ എല്ലാവരുടേയും മുമ്പില്‍ വെച്ച് എന്താണ് കേള്‍ക്കേണ്ടി വരിക എന്ന ആവലാതിയാണ് അവര്‍ക്കൊക്കെ ''.

'' നിങ്ങള്‍ക്കൊക്കെ അത് പറഞ്ഞാല്‍ മനസ്സിലാവില്ല. നമ്മുടെ കമ്പിനി പോലെയല്ല മിക്ക കമ്പിനികളും. ടാര്‍ജറ്റ് എത്തിയില്ലെങ്കില്‍ ജോലി പോവാന്‍ അത് മതി. കഷ്ടപ്പെട്ട് ടാര്‍ജറ്റ് എത്തിച്ചാലും കുറ്റം ഉണ്ടാവും. ഓ. എച്ച്. വി. ഷീറ്റില്‍ ഉണ്ടാക്കിയ സെയില്‍സ് റിപ്പോര്‍ട്ട് പ്രൊജക്റ്ററില്‍ കൂടി വലുതായി കാണിക്കും. പിന്നെ അതു നോക്കിഒരു വിലയിരുത്തലുണ്ട്. അസിഗ്ലോ ഫിനാക്ക് യൂ ഡിഡ് വെല്‍. ബട്ട് നോട്ട് ഈവന്‍ എ സിംഗിള്‍ ബോട്ടില്‍ ഓഫ് കഫ് സിറപ്പ് വാസ് സോള്‍ഡ്. വൈ ? ഇതാണ് വിമര്‍ശനത്തിന്‍റെ രീതി. പിന്നെ അതിനുള്ള സമാധാനം പറച്ചിലായി ''.

'' എന്തിനാ സാറേ കമ്പിനിക്കാര് റെപ്പുകളെ വെറുതെ കുറ്റം പറയുന്നത്. അവര്‍ക്ക് വെറുപ്പ് തോന്നില്ലേ ''.

'' തോന്നിയിട്ടെന്താ. കീഴ്ജീവനക്കാരെ ശാസിക്കുന്നതും കുറ്റം പറയുന്നതും ആവശ്യമാണെന്നാ പലരുടേയും വിചാരം. തമിഴ്നാട്ടിലും ആന്ധ്രയിലും ഉള്ളവര്‍ നന്നായി പണി ചെയ്യുന്നുണ്ടെന്നും കേരളത്തിലുള്ളവരാണ് മോശക്കാര്‍ എന്നും ഇവിടെ വന്ന് പറയും. അവിടെ ചെന്നാലോ, അവിടുത്തെ ആളുകളെ ചീത്ത പറയുകയും കേരളക്കാരെ പൊക്കി പറയുകയും ചെയ്യും ''.

'' വെറുതെയല്ല നമ്മുടെ കമ്പിനിയില്‍ വലിയ പ്രഷര്‍ ഇല്ലാന്ന് എല്ലാവരും പറയുന്നത് ''.

'' അത് മേനോന്‍ സാറ് സോണല്‍ ആയതോണ്ട്. സാറിന് ജോലിക്കാരെ വെറുതെ നിര്‍ത്തി പൊരിക്കുന്നത് ഇഷ്ടമല്ല '' മാനേജര്‍ പറഞ്ഞു '' പക്ഷെ ഒരു കാര്യം ഉണ്ട്. കള്ളത്തരം സാറിന്‍റെ അടുത്ത് നടക്കില്ല. ഡെയിലി റിപ്പോര്‍ട്ട് കണ്ടാല്‍ മതി ഏതൊക്കെ ഫാള്‍സ് റിപ്പോര്‍ട്ടാണ് എന്ന് സാറ് പറയും ''.

'' മറ്റു കമ്പിനികളിലെ റെപ്പുകള്‍ മേനോന്‍ സാറിനെ പറ്റി പറയാറുണ്ട് ''.

'' പണ്ട് ഞങ്ങള്‍ കുറെ കാലം ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. സാറിന്ന് എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ്സ് കൂടും. വാരരെ താന്‍ എന്‍റെ കൂടെ വാടോ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഈ കമ്പിനിയില്‍ ചേര്‍ത്തതാണ്. അതുകൊണ്ട് ഇപ്പോള്‍ സമാധാനമായിട്ട് പണി ചെയ്ത് കഴിയുന്നു ''.

'' സാറിന്ന് നല്ല പ്രോഡക്റ്റ് നോളേജ് ഉണ്ടെന്നാണ് കേട്ടത് ''.

'' എടോ. സാറ് ഇന്ത്യ മുഴുവന്‍ ജോലി ചെയ്തിട്ടുള്ള ആളാണ്. സാറിന്ന് ഓരോ കമ്പിനികളുടെ പ്രോഡക്റ്റും അവയുടെയൊക്കെ കോമ്പിനേഷനും പ്രൈസും മനപ്പാഠമാണ്. എങ്ങിനെ ബിസിനസ്സ് കൂട്ടാം എന്ന് മേനോന്‍ സാറിനറിയാം . സാറ് പറഞ്ഞതിനപ്പുറം എം. ഡി ഒരക്ഷരം മിണ്ടില്ല ''.

'' സാറിന്‍റെ വീട് എവിടെയാണ് ''.

'' കോഴിക്കോടാണ് മേനോന്‍ സാറിന്‍റെ തറവാട്. നല്ല സാമ്പത്തികശേഷിയുള്ള കുടുംബം. ഒരു അമ്മാമന്‍റെ മകളെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് അതിലേറെ സ്വത്തുണ്ട്. പത്ത് പൈസ ചിലവിന്ന് കൊടുക്കണ്ടാ. സാറ് സമ്പാദിച്ചത് മുഴുവന്‍ സ്ഥലം വാങ്ങി കൂട്ടി. പണ്ടൊക്കെ ഭൂമിക്ക് ഇന്നത്തത്ര വിലയില്ലല്ലോ. ഇപ്പോള്‍ കേരളത്തിലെ മിക്ക ടൌണിലും കണ്ണായ ഭാഗത്ത് പത്ത് സെന്‍റ് സ്ഥലമെങ്കിലും സാറിന്‍റെ പേരില്‍ കാണും. ഇന്നത്തെ വില കണക്കാക്കിയാല്‍ അതന്നെ കോടിക്കണക്കിന്ന് വരും ''.

'' അപ്പോള്‍ മേനോന്‍ സാറിന്ന് സ്വന്തമായി ഒരു കമ്പിനി തുടങ്ങിക്കൂടേ. വെറുതെ ആരാന്‍റെ കീഴില്‍ പണി ചെയ്യണോ ''.

'' എടോ, മിടുക്കന്മാര് അങ്ങിനെയാണ്. കക്ഷത്തിലുള്ളത് പോവാതെ ഉത്തരത്തിലുള്ളത് എടുക്കും. ഒരാള്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ എന്തൊക്കെ റിസ്കുകളാണ് നേരിടേണ്ടി വരിക. മറ്റൊരാളുടെ കീഴിലുള്ള ജോലിയാവുമ്പോള്‍ അതില്ലല്ലോ ''.

മേശപ്പുറത്തുള്ള പാത്രത്തില്‍ നിന്ന് വെള്ളം എടുത്തു കുടിക്കാന്‍ റഷീദ് എഴുന്നേറ്റു. തിരിച്ചു പോരുമ്പോള്‍ ജനലഴികളില്‍ ഉണങ്ങാനിട്ട അടി വസ്ത്രങ്ങളിലേക്ക് അവന്‍റെ ശ്രദ്ധ പതിഞ്ഞു. പല ഭാഗത്തും പിഞ്ഞി കീറിയ ബനിയനും പഴകി നരച്ച അണ്ടര്‍വെയറും.

'' എന്താ സാറെ ഇത് '' അവന്‍ ചോദിച്ചു.

'' കണ്ടിട്ട് മനസ്സിലായില്ലേ ''.

'' മനസ്സിലായി. എന്തിനാ ഈ വലിച്ചെറിയാനുള്ളതൊക്കെ സാറ് ഇടുന്നത് ''.

'' എടോ, നമ്മള് അലന്‍സോളിയോ, പീറ്റര്‍ ഇംഗ്ലണ്ടോ, ജോണ്‍പ്ലെയേഴ്സോ ഒക്കെ ധരിച്ച് സോഡിയാക്ക് ടൈയും കെട്ടി വുഡ് ലാന്‍ഡ്സ് ഷൂസും ഇട്ട് നടക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയ്യോ. നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന കമ്പിനിക്ക് മറ്റുള്ളവരുടെ മതിപ്പ് കിട്ടാനാണ് ഈ വേഷം കെട്ടല്‍. മെഡിക്കല്‍ സെയില്‍സ് പേര്‍സണലിന്ന് നല്ല ആകര്‍ഷണീയത വേണം. എന്നാലേ ഡോക്ടര്‍മാര്‍ അവരെ ശ്രദ്ധിയ്ക്കൂ. കമ്പിനിയുടെ മരുന്നുകള്‍ എഴുതു ''.

'' അപ്പോള്‍ ഈ കീറിയ ബനിയനും പഴകി നരച്ച ജട്ടിയും ഇടുന്നതോ ''.

''ഞാനോ നീയോ എന്ന മട്ടില്‍ മത്സരിച്ച് വളരുന്ന മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍ എന്ന ഓര്‍മ്മ മനസ്സിലുണ്ടാവാന്‍ ''.

വാരിയര്‍ സാര്‍ പറഞ്ഞതും ആലോചിച്ചുകൊണ്ട് റഷീദ് ഇരുന്നു. പുറത്ത് ഉറക്കെയുള്ള സംസാരം കേട്ടു. സഹപ്രവര്‍ത്തകര്‍ എത്തിയതാണ്.

'' സാറേ, അവര് വന്നൂന്ന് തോന്നുന്നു. ഞാന്‍ അങ്ങോട്ട് പോട്ടെ ''.

അവന്‍ ബാഗുകള്‍ എടുത്ത് പുറത്തേക്കിറങ്ങി.


Tuesday, June 14, 2011

നോവല്‍ - അദ്ധ്യായം - 7.

ഒമ്പത് മണിക്ക് മുമ്പ് പാറു എത്തി. ആ നേരത്ത് എത്തിയാല്‍ മതിയെന്ന് ഇന്ദിര പറഞ്ഞ് ഏല്‍പ്പിച്ചതായിരുന്നു. കാലത്ത് ഒരുപാട് പണികളുള്ളതാണ്. പശുവിനെ കറക്കണം, വെള്ളവും വൈക്കോലും കൊടുക്കണം, പശു കുട്ടിയെ മാറ്റി കെട്ടണം, അടുക്കളപ്പണികള്‍ തീര്‍ക്കണം, കുട്ടികള്‍ പോവാറാവുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കണം, രാമകൃഷ്ണന്ന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. നൂറ് കൂട്ടം പണികളാണ് ഉള്ളത്. അതിന്ന് മുമ്പ് മറ്റു പണികള്‍ക്കൊന്നും നേരം കിട്ടില്ല.

അനൂപും രമയും പോവുമ്പോഴേക്കും പാറു കുറെ മണല്‍ ചലിച്ചു കൂട്ടി, മുറ്റത്ത് സിമന്‍റും മണലും കലര്‍ത്തി മട്ടിയുണ്ടാക്കി. കുട്ടികള്‍ ഇറങ്ങിയതും ഇന്ദിര എത്തി.

'' നമുക്ക് തമ്പുരാന്‍ കിടക്കുന്ന മുറിയുടെ പണി ആദ്യം തീര്‍ത്താലോ '' പാറു ചോദിച്ചു.

ഇന്ദിരയ്ക്കും അതുതന്നെയായിരുന്നു താല്‍പ്പര്യം. ഡ്രായിങ്ങ് റൂമിലേക്ക് രാമകൃഷ്ണനെ മാറ്റി കിടത്തി അവര്‍ പണി തുടങ്ങി.

'' തമ്പുരാട്ടി ഇടയ്ക്ക് ഓരോ കുടം വെള്ളം കൊണ്ടുവന്ന് തന്നാല്‍ മതി, മട്ടി കഴിയുമ്പോള്‍ അതും ഓരോ ചട്ടി. ബാക്കിയൊക്കെ ഞാനായി ''.

രാമകൃഷ്ണന്‍ നിലത്ത് വിരിച്ച പായയില്‍ മലര്‍ന്നു കിടന്നു. ഇന്ദിരയുടെ കഷ്ടപ്പാടോര്‍ത്ത് അയാളുടെ ഉള്ളില്‍ സങ്കടം നിറഞ്ഞു. എത്ര സുഖമായി കഴിഞ്ഞതാണ് അവള്‍. മറ്റാരെയെങ്കിലും കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കേണ്ടവളാണ്. ഇവിടുത്തെ ബുദ്ധിമുട്ട് സഹിക്കാനായിരിക്കും അവള്‍ക്ക് യോഗം.

പണിയോടൊപ്പം സംഭാഷണവും പുരോഗമിച്ചു. പാറുവിന്ന് എന്തെങ്കിലും സംസാരിച്ചുകൊണ്ടല്ലാതെ പണി ചെയ്യാനാവില്ലെന്ന് തോന്നി.

'' തമ്പുരാന് എവിടേയാ ചികിത്സ '' അവള്‍ അന്വേഷിച്ചു. ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

'' ഞാന്‍ പറയുന്ന പക്ഷം നാട്ടുവൈദ്യം നോക്കുന്നതാണ് നല്ലത് '' പാറു പറഞ്ഞു തുടങ്ങി.

കാവ്മുറ്റത്തെ അമ്മുത്തമ്പുരാട്ടി വാതം വന്നു അനങ്ങാന്‍ പാടില്ലാണ്ടെ പതിനൊന്ന് കൊല്ലം കിടപ്പായിരുന്നു. നേരത്തിനും കാലത്തിനും കഞ്ഞിവെള്ളം കൂടി കോരിക്കൊടുക്കണം. ഒന്നിനും വയ്യാതെ ഒരേ കിടപ്പ്. വലിയ വലിയ ഡോക്ടര്‍മാരൊക്കെ നോക്കിയിട്ട് മാറിയില്ല. ഒടുവില്‍ മാപ്ല വൈദ്യരെ കാണിച്ചു. മൂപ്പര് ഒരു എണ്ണയും കുഴമ്പും കൊടുത്തു. അകത്തേക്ക് ഒരു കഷായവും പൊടിയും. ഒരു മാസംകൊണ്ട് എണീറ്റ് നടക്കാറായി.

'' എന്നാല്‍ രാമേട്ടനെ ഒന്ന് കാണിക്കണം '' ഇന്ദിര പറഞ്ഞു '' എങ്ങിനെയെങ്കിലും ഭേദായി കിട്ട്യാല്‍ മതി. ഇനി മുതല്‍ക്ക് രാമേട്ടന്‍ അമ്പലത്തില്‍ കൊട്ടാനൊന്നും പോണ്ടാ. വെറുതെ ഉമ്മറത്ത് ഒരാളായിട്ട് ഇരുന്നാല്‍ മതി. മകന്‍ കുറച്ചൊക്കെ സമ്പാദിച്ച് കൊണ്ടുവന്ന് തരുന്നുണ്ട്. പോന്നു പോരാത്തത് ഞാന്‍ എങ്ങിനേയെങ്കിലും ഉരുട്ടിക്കൊണ്ട് പോവും ''.

'' ഇന്നത്തെ കാലത്ത് ആണ്‍കുട്ടികള് സമ്പാദിച്ച് കൊണ്ടുവന്ന് തരണച്ചാല്‍ വീട്ടിലിരിക്കുന്നോരക്ക് നല്ല ഭാഗ്യം വേണം. ഇശ്ശി മിക്കവാറും ചെക്കന്മാര് മീശ മുളയ്ക്കുന്നതിന്ന് മുന്നേ കള്ളും വെള്ളൂം കുടിക്കാനും സിഗററ്റും ബീഡീം വലിക്കാനും തുടങ്ങും. അതിന്നപ്പുറത്തുള്ള തെമ്മാടിത്തരം കാട്ടുന്നോരും ഉണ്ട്. കയ്യില്‍ കിട്ടുന്നത് മുഴുവന്‍ അങ്ങിനെ പൊലിച്ച് പാടും, പണിയും തൊരൂം ഇല്ലാത്തോര് കക്കാനും തട്ടിപ്പറിക്കാനും പോവും ''.

'' എന്തോ ഈശ്വരാനുഗ്രഹം കൊണ്ട് എന്‍റെ അനൂന്ന് അങ്ങിനത്തെ ദുശ്ശീലം ഒന്നും ഇല്ല. അവനെപ്പോലത്തെ കുട്ടികള് ഉച്ചയ്ക്ക് ഹോട്ടലിന്നാ ഉണ്ണാറ്. എന്‍റെ കുട്ടി പുറത്തിന്ന് കാശു കൊടുത്ത് ഒന്നും വാങ്ങി കഴിക്കില്ല. നമ്മളുടെ ഇല്ലായവല്ലായ അവന് നന്നായിട്ടറിയാം. രാവിലത്തെ നാല് ഇഡ്ഡലി പൊതിഞ്ഞു കൊടുക്കും. ഒപ്പം ഒരു കുപ്പീ സംഭാരൂം ഒരു കുപ്പി വെള്ളൂം. ഉച്ചയ്ക്ക് എവിടേങ്കിലും ഇരുന്ന് അത് തിന്നും. മാനേജര് വരുന്ന ദിവസം വീട്ടിന്ന് ഒന്നും കൊണ്ടു പോവില്ല. അന്ന് അയാള് വാങ്ങി കൊടുത്തോളും ''.

'' അത് വളര്‍ത്തിയതിന്‍റെ ഗുണം. അല്ലെങ്കിലും തന്തയും തള്ളയും ജീവിക്കണത് ആരക്ക് വേണ്ടീട്ടാ? മക്കള്‍ക്ക് വേണ്ടീട്ടല്ലേ. അത് മനസ്സിലാക്കി കുട്ട്യേള് നടന്നാല്‍ അതിന്‍റെ ഗുണം അവര്‍ക്കന്നെ ''.

''സത്യം പറയാലോ എന്‍റെ പാറു. ഈ ഇരിക്കിണ ഇരിപ്പില്‍ മരിച്ചാല്‍ അതിലേറെ വേറൊരു സന്തോഷം എനിക്ക് ഇല്ല. അത്രയ്ക്ക് ദുരിതം ഞാന്‍ അനുഭവിക്കിണുണ്ട്. എന്നാലും കുറച്ച് കാലം കൂടി ഒക്കെ സഹിച്ച് കഴിയണം. ഒരു പെണ്‍കുട്ടി ഉള്ളതിനെ പഠിപ്പിച്ച് നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് കൊടുക്കണം. എന്നിട്ട് എന്‍റെ അനൂന് ഒരു പെണ്‍കുട്ടിയെ കൊണ്ടു വരണം. പിറ്റെ ദിവസം ചത്താലും വിരോധൂല്യാ ''.

'' അതൊക്കെ ഇപ്പൊ തോന്ന്വല്ലേ തമ്പുരാട്ട്യേ. താലി കെട്ട്യേ ആണിനെ ഭൂമീല് ഒറ്റയ്ക്കാക്കീട്ട്ചത്തു പോവാന്‍ ഏതെങ്കിലും പെണ്ണിന്ന് തോന്ന്വോ ''.

'' ഞാന്‍ നല്ലോണം മോഹിച്ചിട്ട് കിട്ട്യേ ആളാണ് എന്‍റെ രാമേട്ടന്‍. മൂപ്പരെ പറഞ്ഞയച്ചിട്ട് ജീവിക്കാന്‍ എന്നെക്കൊണ്ട് ആവില്ല. രണ്ട് ദിവസംകൊണ്ട് ഞാന്‍ ഉരുകി ചാവും ''.

'' എന്‍റെ കാര്യം നോക്കിന്‍. ജീവിച്ചിരിക്കുമ്പൊ കെട്ട്യോന്‍ എനിക്ക് ഒട്ടും തൊയിരം തന്നിട്ടില്ല. പണിയെടുത്ത് കിട്ടുന്നതിന്ന് ഒരു പൈസ എനിക്ക് തരില്ല. മൂക്കെറ്റം കള്ളും കുടിച്ച് വന്നിട്ട് തല്ലും. ഒടുവില്‍ കുടിച്ചു കുടിച്ച് തീരെ വയ്യാണ്ടെ കിടപ്പിലായി. ഇനി കുടിച്ചാല്‍ ചാവുംന്ന് ഡോക്ടറ്. കടം വാങ്ങി കുടി നിര്‍ത്താന്‍ ചികിത്സിച്ചു. കുറച്ച് ദിവസം അടങ്ങി ഒതുങ്ങി കൂടി. എന്നോടും മകളോടും നല്ല സ്നേഹം ഒക്കെയായി. ഒരു ദിവസം പഴയ കൂട്ടുകാര് കുടിപ്പിച്ച് വിട്ടു. പിന്നെ എപ്പൊ നോക്ക്യാലും കുടിയന്നെ. നിര്‍ത്തിയതും കൂടി കുടിച്ച് തീര്‍ത്തു. പണിക്ക് പോയോടത്തിന്ന് ചോര ഛര്‍ദ്ദിച്ച് ആസ്പത്രിയിലാക്കി. ചത്തിട്ട് ശവമാണ് വീട്ടില് കൊണ്ടു വന്നത്. അവസരം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം മുതല് ഞാന്‍ പണിക്ക് പോവാന്‍ തുടങ്ങി. കഷ്ടപ്പെട്ട് മകളെ വളര്‍ത്തി കെട്ടിച്ചു വിട്ടു. ഇപ്പഴും പണിയെടുത്ത് കഴിയുന്നുണ്ട് ''.

'' ഒക്കെ ഓരോരുത്തരുടെ തലയിലെഴുത്താണ് ''ഇന്ദിര ആശ്വസിപ്പിച്ചു.

'' പണ്ടാരക്കാലനെ മേപ്പട്ട് കെട്ടിയെടുക്കണേ തമ്പുരാനേ എന്ന് പലപ്പൊഴും പ്രാകീട്ടുണ്ട്. ഒറ്റയ്ക്കായപ്പൊഴാ ആള് പോയതിന്‍റെ കുറവ് മനസ്സിലായത് ''.

'' ഞാനും ചിലപ്പോഴൊക്കെ രാമേട്ടനോട് ശണ്ഠ കൂടാറുണ്ട്. അതൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ഓരോ പ്രയാസങ്ങള് ഉണ്ടാവുമ്പോള്‍ അറിയാണ്ടെ പറഞ്ഞു പോണതാണ്. എന്നാലും ഇന്നേവരെ മുഖം കറുപ്പിച്ച് മൂപ്പര് എന്നോടൊന്നും പറഞ്ഞിട്ടില്ല ''.

കുറച്ചു നേരത്തേക്ക് സംഭാഷണം നിലച്ചു.

'' നമ്മള്‍ കൂട്ടം കൂടുണതൊക്കെ തമ്പുരാന്‍ കേള്‍ക്ക്വോ '' വീണ്ടും പാറുവിന്‍റെ സ്വരം ഉയര്‍ന്നു '' ഇല്ലെങ്കില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട് ''.

'' സാധാരണ ഈ നേരത്ത് രാമേട്ടന് ഒരു മയക്കം ഉണ്ട്. ഞാന്‍ ചെന്ന് നോക്കീട്ട് വരാം '' ഇന്ദിര പറയുന്നത് രാമകൃഷ്ണന്‍ കേട്ടു. പെണ്ണുങ്ങളുടെ സംഭാഷണം മുടക്കുന്നില്ല. അയാള്‍ കണ്ണടച്ചു കിടന്നു.

'' ഞാന്‍ പറഞ്ഞില്ലേ, മൂപ്പര് നല്ല ഉറക്കത്തിലാണ് '' ഇന്ദിര പറഞ്ഞു.

'' വെക്കക്കേട് വെളില് പറയാന്‍ മടീണ്ട്. എന്നാലും മനസ്സില്‍ കെടന്ന് തിക്കുമുട്ടുന്നതോണ്ട് തമ്പുരാട്ടിയുടെ അടുത്ത് പറയിണതാണ് '' പാറു തുടങ്ങി.

'' വീട്ടില്‍ ആകപ്പാടെ ഒറ്റ മുറിയേ ഉള്ളു. മകളുടെ കല്യാണം കഴിഞ്ഞതിന്നു ശേഷം അത് അടച്ചിടാറാണ് പതിവ്. വല്ലപ്പോഴും അവളും കെട്ടിയോനും കൂടി വരുമ്പോള്‍ അതില്‍ കിടക്കും. കെട്ട്യോന്‍ ചത്ത ഞാന്‍ അവിടെ കിടന്ന് അവര്‍ക്ക് വര്‍ക്കത്തുകേട് വരണ്ടാ എന്ന് വിചാരിച്ചിട്ടാണ്. പിന്നാലത്തെ ചായ്പ്പില്‍ ഒരു തിണ്ട് ഉണ്ട്. അതിന്‍റെ മേലെ പായ വിരിച്ചു കിടക്കും. അടച്ചുറപ്പുള്ള സ്ഥലം അല്ല. അഞ്ചാറ് പൊട്ടപ്പാത്രം അല്ലാണ്ടെ വീട്ടില് ഒന്നും ഇല്ലാത്തതിനാല്‍ പേടിക്കാനില്ല '' പാറു നിര്‍ത്തി.

'' എന്താ നിര്‍ത്തിയത് '' ഇന്ദിര ചോദിച്ചു.

'' ഞാന്‍ പറയിണ കാര്യം വെളീല് പോവരുത് '' പാറു പറഞ്ഞു '' അഞ്ചാറ് മാസം മുമ്പൊരു രാത്രി. ഉറക്കം പിടിച്ച് വന്നതേയുള്ളു. പെട്ടെന്ന് അടുത്താരോ കിടക്കുന്നതുപോലെ ഒരു തോന്നല്‍. ആരോ കെട്ടിപ്പിടിച്ച് വേണ്ടാത്തതിനുള്ള പുറപ്പാടാണ്. ഞാന്‍ ആരെടാ എന്ന് ഉറക്കെ വിളിച്ച് ഊക്കില്‍ ഒറ്റ തള്ളു കൊടുത്തു. ആള് മട്ട മലച്ച് താഴെ വീണു. എന്നിട്ട് എണീറ്റ് ഒറ്റ ഓട്ടം. അപ്പഴയ്ക്കും അയലോക്കത്തുള്ളോരൊക്കെ എത്തി ''.

'' എന്നിട്ട് ആളെ പിടിച്ച്വോ ''.

'' ചതുക്കി ചതുക്കിയുള്ള നടത്തം കണ്ടപ്പോ എനിക്ക് ആളെ മനസ്സിലായി. പത്തു വട്ടം അവനെ പെറ്റ് വളര്‍ത്താനുള്ള പ്രായം എനിക്കുണ്ട്. എന്നിട്ടാ കുരുത്തംകെട്ടോന്‍ ''.

'' അയലോക്കക്കാരുടെ അടുത്ത് പറഞ്ഞില്ലേ ''.

'' അങ്ങിനെ പറയാന്‍ പാട്വോ. കെട്ട്യോന്‍ ചത്തിട്ട് ഇരിക്കിണ പെണ്ണാ ഞാന്. വിളിച്ചിട്ടാ ചെന്നത് എന്ന് ആ ചെക്കാന്‍ പറഞ്ഞാല്‍ മാനം പോവില്ലേ. മുഖം മറച്ച ഒരു തടിയന്‍ കഴുത്തില്‍ തപ്പി നോക്കി എന്നാ ഞാന്‍ ആളുകളോട് പറഞ്ഞത്. വല്ല കള്ളന്മാരും ആവും എന്ന് അവരും കരുതി ''.

'' അത് വേണ്ടിയിരുന്നില്ല '' ഇന്ദിര പറഞ്ഞു '' ഇനി ആ ചെക്കന് കുറച്ചും കൂടി ഏളുതം തോന്നും ''.

'' കൊക്കില് ജീവനുള്ള കാലം അവന്‍ ഇനി എന്‍റടുത്ത് വരില്ല '' പാറു പറഞ്ഞു '' ഒരു ദിവസം ഒറ്റയ്ക്ക് അവനെ കണ്ടപ്പോള്‍ ഇനി മേലാല്‍ വേണ്ടാത്തതിന്ന് വന്നാല്‍ വെട്ടി കണ്ടം തുണ്ടമാക്കും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് ''.

'' കാലം പോയ പോക്കേ '' ഇന്ദിര പറഞ്ഞു '' ആര്‍ക്കും എന്തും കാട്ടാന്നായി ''.

'' എന്നെപ്പോലെ ഒറ്റക്കാരികള്‍ക്ക് കറുത്ത മുടി വെളുത്തു കിട്ടുന്നത് വരെ എന്നും അങ്കലാപ്പാണ് '' പാറു തേങ്ങി.

'' നീ വെറുതെ കരയണ്ടാ. സമാധാനത്തോടെ ഇരിയ്ക്ക് '' ഇന്ദിരയ്ക്ക് അങ്ങിനെ പറയാനേ കഴിഞ്ഞുള്ളു.

Tuesday, June 7, 2011

നോവല്‍  - അദ്ധ്യായം - 6.

വെയിലിന്ന് പതിവിലും കൂടുതല്‍ ചൂട് തോന്നി. തലേന്ന് വൈകുന്നേരം മഴ പെയ്തതാണ്. വഴിയോരത്ത് അവിടവിടെ തളം കെട്ടി നിന്ന വെള്ളം വറ്റി ചെളിയുടെ പാട മാത്രം അവശേഷിപ്പിച്ചിട്ടുണ്ട്. അതിന്ന് ചുറ്റും ഉണങ്ങിയ പുല്ലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. വഴി നീളെ കടുത്ത ദുര്‍ഗ്ഗന്ധം ഉയരുന്നുണ്ട്. ടൌണിന്നുള്ളില്‍ ഇങ്ങിനെയുള്ള വഴികള്‍ ഇപ്പോഴും ഉള്ളത് ഒരു അത്ഭുതം തന്നെ. വിവേക് കര്‍ച്ചീഫ് കൊണ്ട് മൂക്ക് പൊത്തി വേഗത്തില്‍ നടന്നു.

കോട്ടയിലേക്കുള്ള വഴിയോരത്തെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ സമ്മേളിച്ചിരുന്നു.

'' എവിടുന്നാടാ വിവേകേ നീ വരുന്നത് '' പ്രദീപ് ചോദിച്ചു.

'' സ്റ്റേഡിയത്തിന്‍റെ അടുത്ത് ഒരാളെ കാണാന്‍ ചെന്നതായിരുന്നു. ആള്‍ സ്ഥലത്തില്ല. അതുകൊണ്ട് ഇങ്ങോട്ട് പോന്നു ''.

'' എന്താടാ നീ നടന്നത്. ബസ്സില്‍ വരായിരുന്നില്ലേ '' അടുത്ത ചോദ്യം .

വിവേക് ചിരിച്ചു '' ബസ്സിലല്ല, ഓട്ടോയില്‍ വരണമെന്ന് വിചാരിച്ചതാ. പക്ഷെ ചെറിയൊരു തടസ്സം ''.

'' എന്താടാത് ''.

'' എന്‍റെ കയ്യില്‍ ഒറ്റ പൈസയില്ല. കാശില്ലാതെ എത്താന്‍ ഒറ്റ വഴിയേ ഉള്ളു. നടത്തം ''.

അവന്‍ സ്വന്തം കഷ്ടപ്പാടുകള്‍ വിവരിച്ചു. രാവിലെ ജോലിക്ക് വരാന്‍ കയ്യിലൊന്നും ഉണ്ടായിരുന്നില്ല. ആ വിഷമം മനസ്സിലാക്കി ഭാര്യ അമ്പത് ഉറുപ്പിക തന്നു. മകന് വിഷു കൈനീട്ടം കിട്ടിയ പണമാണ്. അവര്‍ക്ക് അങ്ങോട്ടൊന്നും കൊടുക്കാനോ പറ്റുന്നില്ല, കയ്യില്‍ ഉള്ളത് വാങ്ങേണ്ട ഗതികേടാണ് ഉള്ളത്.

'' പിന്നെന്താ നീ കാശില്ല എന്ന് പറഞ്ഞത് ''.

'' വീട്ടില്‍ നിന്ന് പോരുമ്പോഴത്തെ ബസ്സ് ചാര്‍ജ്ജ് കൊടുത്തു, ഇവിടെ വന്നപ്പോള്‍ ഒരു കസ്റ്റമറെ അന്വേഷിച്ച് പോവേണ്ടി വന്നു. അതിനുള്ള ബസ്സ് ചാര്‍ജ്ജും കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് ഇരുപത് ഉറുപ്പിക. എനിക്ക് വിശന്നിട്ടാണെങ്കില്‍ തീരെ വയ്യ. എത്ര നേരം പിടിച്ചു നില്‍ക്കാന്‍ പറ്റും. കയ്യിലുള്ള പണം കൊടുത്ത് ഊണ് കഴിച്ചു. നിങ്ങള്‍ ആരെങ്കിലും വല്ലതും തന്ന് സഹായിച്ചാല്‍ വീട്ടിലേക്ക് തിരിച്ചു പോവാം ''.

വിവേകിന്‍റെ വിഷമം എല്ലാവരേയും ദുഖിപ്പിച്ചു. എത്ര കാലം അവന്‍ ഇങ്ങിനെ കഷ്ടപ്പെടും.

'' സുമേഷേ, നീ ഇവന് ഒരു അഞ്ഞൂറ് രൂപ കൊടുക്കെടാ '' പ്രദീപ് പറഞ്ഞു '' അവന്‍ കിട്ടുമ്പോള്‍ തിരിച്ചു തരും ''.

'' നീ പറഞ്ഞിട്ടു വേണ്ടേ എനിക്ക് കൊടുക്കാന്‍. ഒരു റെക്കമെന്‍റേഷനും കൊണ്ട് വന്നിരിക്കുന്നു '' എന്ന് സുമേഷും പറഞ്ഞു.

'' നിനക്ക് പഴയ പണിക്കു തന്നെ പൊയ്ക്കൂടേ '' റഷീദ് വിവേകിനോട് ചോദിച്ചു '' ദിവസം പത്തു മുന്നൂറ് ഉറുപ്പിക കൂലി കിട്ടും ''.

വിവേക് കുറച്ചു കാലം പെയിന്‍ററായി പണിചെയ്തിട്ടുണ്ട്.

'' ബക്കറ്റില്‍ പെയിന്‍റും തൂക്കി കോണിയിലോ മറ്റോ കയറിയാല്‍ എനിക്ക് തല ചുറ്റും. അതല്ലേ ഞാന്‍ ആ പണി നിര്‍ത്തിയത് ''.

'' നിനക്ക് ആക്ചൊലി ഇപ്പോള്‍ എന്ത് കിട്ടുന്നുണ്ട് '' സുമേഷ് ചോദിച്ചു.

'' മുമ്പ് രണ്ടായിരത്തി അഞ്ഞൂറ് മുവ്വായിരം ഉറുപ്പിക വരെ കിട്ടിയിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് മാസമായി ഒറ്റ പൈസ കിട്ടാറില്ല ''.

'' നീ ബിസിനസ്സ് ഒന്നും ചെയ്തിട്ടുണ്ടാവില്ല. അതു തന്നെ ശമ്പളം തരാത്തത് ''.

'' നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. പുതിയ കാറുകാര്‍ ഗ്യാസ് വെക്കില്ല. ഗ്യാരണ്ടി പിരീഡില്‍ ചെയ്യാന്‍ പാടില്ല. പഴയ കാറുകാരോട് ചോദിച്ചാല്‍ , കൊടുക്കാന്‍ പോയാല്‍ നാല്‍പ്പതോ അമ്പതോ കിട്ടുന്ന കാറിന്ന് ഇത്ര പണം മുടക്കി എന്തിനാ ചെയ്യുന്നത് എന്ന് ഇങ്ങോട്ട് ചോദിക്കും ''.

'' നിനക്ക് തല്‍ക്കാലത്തേക്ക് ഞാന്‍ ഒരു പണി ശരിയാക്കി തരാം '' പ്രദീപ് പറഞ്ഞു '' ഒരു സ്പെയര്‍പാര്‍ട്ട് കടയില്. രാവിലെ ഒമ്പതരയ്ക്ക് തുറന്നിരിക്കണം. വൈകുന്നേരം ആറരയ്ക്ക് പൂട്ടി വീട്ടിലേക്ക് പോവാം. എന്താ നോക്കണോ ''.

'' ശമ്പളം എന്ത് കിട്ടും ''

'' മൂന്ന് തരാന്ന് പറഞ്ഞിട്ടുണ്ട്. പത്തോ അഞ്ഞൂറോ കൂട്ടി തരാന്‍ പറയാം ''.

'' അതിന് ഇവന് സ്പെയര്‍പാര്‍ട്ട്‌സിനെ പറ്റി വല്ലതും അറിയ്യോ '' സുമേഷ് ചോദിച്ചു.

'' അത് ആലോചിച്ച് ആരും വിഷമിക്കേണ്ടാ '' പ്രദീപ് പറഞ്ഞു '' കട എന്ന പേര് തന്നെ ഉള്ളു. അവിടെ പഴയ സാധനങ്ങള്‍ എന്തൊക്കേയോ ഉണ്ട്. ആരും വാങ്ങാനും വരില്ല, ഒന്നും വില്‍ക്കും വേണ്ടാ ''.

'' പിന്നെ ചന്തം കാണാനാണോ കട വെച്ചിരിക്കുന്നത് ''.

'' അതിന്‍റെ ഓണര്‍ക്ക് എട്ടു പത്ത് ടാക്സികളും നാലഞ്ച് ബസ്സുകളും ഉണ്ട്. വല്ലവരും വണ്ടി ബുക്ക് ചെയ്യാന്‍ വന്നാല്‍ എഴുതി വെക്കണം. ഡ്രൈവര്‍മാര്‍ കൊണ്ടുവന്നു തരുന്ന കാശ് വാങ്ങിബാങ്കില്‍ അടയ്ക്കണം. ബാക്കി നേരം പേപ്പറും വായിച്ച് ഇരിക്കാം ''.

'' എന്നാല്‍ അതൊന്ന് ശരിപ്പെടുത്തി താ '' വിവേക് പറഞ്ഞു '' തീരെ നില്‍ക്കക്കള്ളി ഇല്ലാതായി ''.

'' അതോടെ അവന്‍ നമ്മുടെ സെറ്റില്‍ നിന്ന് ഇല്ലാതാവും അല്ലേടാ പ്രദീപേ '' ശെല്‍വന്‍ ചോദിച്ചു.

'' അല്ലല്ലോ. നമ്മള്‍ അവന്‍റെ കടയിലേക്ക് താവളം മാറ്റില്ലേ '' പ്രദീപ് പറഞ്ഞു '' അല്ലെങ്കിലും മഴക്കാലം തുടങ്ങിയാല്‍ പിന്നെ നമുക്ക് ഇവിടെ ഇരിക്കാന്‍ പറ്റില്ലല്ലോ ''.

'' നിനക്ക് മൊബൈല്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്ന് പേരിടേണ്ടതാണ് '' സുമേഷ് പറഞ്ഞു '' എത്ര ആള്‍ക്കാര്‍ക്കാണ് നീ ജോലി വാങ്ങി കൊടുത്തിട്ടുള്ളത് ''.

'' എന്നെക്കൊണ്ട് കഴിയുന്ന ഉപകാരം ചെയ്യുന്നു. അത്ര തന്നെ '' പ്രദീപ് മറുപടി നല്‍കി '' തെണ്ടി തിരിഞ്ഞ് നടക്കുന്നതിന്നിടയില്‍ ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് പേരെ എനിക്ക് പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. അത് കാരണം പലതും ചെയ്യാനും കഴിയുന്നുണ്ട് ''.

'' ഇങ്ങിനെയൊക്കെ ആയിട്ട് നിനക്ക് നല്ലൊരു ജോലി സമ്പാദിക്കാന്‍ സാധിച്ചില്ലല്ലോ '' റഷീദ് ചോദിച്ചു.

'' എനിക്കൊരു മോഹം ഉണ്ട്. എങ്ങിനെയെങ്കിലും ഒരു എസ്. ഐ. ആവണം. എന്നിട്ടു വേണം എന്‍റെ അച്ഛന്‍റെ സ്വത്ത് തട്ടിയെടുത്ത ഇളയച്ഛന്മാരെ എന്തെങ്കിലും കേസ്സില്‍ പെടുത്തി സ്റ്റേഷനില്‍ കേറ്റി കൂമ്പ് നോക്കി നാല് ഇടിക്കാന്‍ '' അവന്‍റെ സ്വരം കടുത്തു '' അത് ചെയ്താലേ മരിച്ചു പോയ എന്‍റെ അച്ഛന്‍റെ ആത്മാവിന്ന് ശാന്തി കിട്ടൂ ''.

'' പോട്ടെ സാരൂല്യാടാ '' സുമേഷ് ആശ്വസിപ്പിച്ചു '' നമുക്ക് ചായ കുടിക്കണ്ടേ ''.

'' പിന്നല്ലാതെ. നീ വരുന്നതും കാത്ത് വെള്ളം ഇറക്കി ഇരിക്കുകയല്ലേ ഞങ്ങളൊക്കെ '' പ്രദീപ് പറഞ്ഞു.

'' ആടിക്കും അമാവാസിക്കും നിങ്ങളാരെങ്കിലും വാങ്ങി തരാറുണ്ടല്ലോ. അത് മതി '' സുമേഷ് പറഞ്ഞു.

'' ശമ്പളം കിട്ടിയാല്‍ ഞാന്‍ ചിലവ് ചെയ്യുന്നുണ്ട് '' റഷീദ് ഏറ്റു.

'' വിവേകേ നിനക്ക് എത്ര പണം വേണം ''സുമേഷ് ചോദിച്ചു.

'' എന്തെങ്കിലും താ '' അവന്‍ പറഞ്ഞു.

'' അമ്പത് പൈസ മതിയോ ''

വിവേക് ഒന്നും പറഞ്ഞില്ല. അവന്‍ കിടങ്ങിലേക്ക് നോക്കി നിന്നു. പച്ച നിറത്തിലുള്ള വെള്ളത്തില്‍ ഇളം കാറ്റ് കുഞ്ഞോളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

'' ഇന്നാ. ഇവന്‍ പറഞ്ഞ അഞ്ഞൂറ് ഉറുപ്പിക '' സുമേഷ് അഞ്ഞൂറിന്‍റെ ഒരു നോട്ട് നീട്ടി. വിവേക് അത് വാങ്ങി പോക്കറ്റിലിട്ടു.

'' ശമ്പളം വല്ലതും കിട്ടിയാല്‍ ഞാന്‍ തരാട്ടോ '' അവന്‍ പറഞ്ഞു.

'' നീ അത് ആലോചിച്ച് വിഷമിക്കണ്ടാ '' സുമേഷ് എഴുന്നേറ്റു നടന്നു, പുറകെ മറ്റുള്ളവരും.

******************************************************

മൂന്ന് മണിക്ക് മാനേജര്‍ പണി മതിയാക്കി പുറപ്പെട്ടു.

'' അനൂപേ, ഇന്നത്തെ ഇവിടുത്തെ പരിപാടി ഇത്ര മതി. എനിക്ക് അത്യാവശ്യമായി കോഴിക്കോടെത്തണം '' അയാള്‍ പറഞ്ഞു '' നീ പാലക്കാട് ചെന്ന് നേരത്തെ ഏല്‍പ്പിച്ച ഡോക്ടറെ കാണണം ''.

അന്നത്തെ ജോലി പട്ടാമ്പിയിലായിരുന്നു. ഇനി അറുപത് കിലോമീറ്ററോളം ചെന്ന് ഡോക്ടറെ കാണുന്ന കാര്യം ആലോചിച്ചപ്പോള്‍ മടി തോന്നി. മാനേജര്‍ക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു.

'' ശരി എന്നും പറഞ്ഞ് ഇവിടെ നിന്നും പോയിട്ട് വഴിക്കു വെച്ച് മുങ്ങി കളയരുത്. ഞാന്‍ അന്വേഷിക്കും '' അയാള്‍ പറഞ്ഞു.

'' ഇല്ല സാര്‍, ഞാന്‍ ഉറപ്പായിട്ടും കണ്ടോളാം '' അനൂപ് ഏറ്റു.

'' എളുപ്പം നോക്കി നീ വീട്ടിലേക്കൊന്നും പോവരുത് '' ഒരിക്കല്‍ കൂടി പറഞ്ഞേല്‍പ്പിച്ച് മാനേജര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു,

അനൂപ് സ്കൂട്ടറില്‍ പാലക്കാട്ടേക്ക് തിരിച്ചു. ആകാശം മൂടി കെട്ടി നില്‍ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം. റെയിന്‍ കോട്ട് ഇല്ല. നല്ല മഴ തുടങ്ങുമ്പോഴേക്ക് ഒന്ന് വാങ്ങണം.

ഒറ്റപ്പാലത്ത് എത്തുന്നതിന്ന് മുമ്പു തന്നെ ഒന്നു രണ്ടിടത്ത് ചാറ്റല്‍ മഴ ഉണ്ടായി. പാതയോരത്തെ പീടികകള്‍ക്ക് മുന്നില്‍ വണ്ടി നിര്‍ത്തി അവന്‍ കയറി നിന്നു. ജോലി കഴിഞ്ഞ് എത്തിയ ശേഷം രണ്ട് ചാക്ക് സിമിന്‍റ് വാങ്ങി സ്കൂട്ടറില്‍ കയറ്റി വീട്ടില്‍ എത്തിക്കണമെന്ന് അമ്മ ഏല്‍പ്പിച്ചതാണ്. ഡോക്ടറെ കാണാന്‍ ചെന്നാല്‍ ആ കാര്യം നടക്കുമെന്ന് തോന്നുന്നില്ല.

സ്വതവേ നല്ല തിരക്കുള്ള ഡോക്ടറാണ്. ഏത് സമയത്തും ധാരാളം രോഗികള്‍ കാണും. ക്ലിനിക്കില്‍ ടോക്കണ്‍ കൊടുക്കാന്‍ നില്‍ക്കുന്ന ചേച്ചിക്ക് ഡോക്ടറേക്കാള്‍ പത്രാസാണ്. ഇഷ്ടമില്ലാത്ത റെപ്രസന്‍റ്റേറ്റീവ് ചെന്നാല്‍ ഏറെ നേരം കഴിഞ്ഞേ കടത്തി വിടുകയുള്ളു. ഭാഗ്യത്തിന്ന് അവര്‍ക്ക് തന്നെ ഇഷ്ടമാണ്. ഡോക്ടര്‍മാര്‍ക്ക് ഗിഫ്റ്റ് കൊടുക്കാന്‍ കമ്പിനി തന്ന വില കൂടിയ ഒരു പേന ഒരിക്കല്‍ കൊടുക്കുകയുണ്ടായി. അന്നു മുതല്‍ തുടങ്ങിയ ലോഹ്യമാണ്. ശബരി മലയില്‍ പോയി വന്ന ശേഷം അപ്പവും അരവണയും സി.ഡിയും കൊടുത്ത് നല്ലവണ്ണം സന്തോഷിപ്പിക്കുകയും ചെയ്തു.

'' അനൂപേ, നീ എപ്പൊ വേണമെങ്കിലും വന്നോ. ഞാന്‍ കടത്തി വിടാം '' എന്ന ചേച്ചിയുടെ വാഗ്ദാനമാണ് ഏക ആശ്വാസം. ഇല്ലെങ്കില്‍ നിന്ന് മടുത്തത് തന്നെ.

ആകാശത്ത് അമിട്ടുകള്‍ പൊട്ടി തുടങ്ങി. ചരല്‍ വാരി എറിയുന്നത് മാതിരിയുള്ള മഴ പെട്ടെന്നാണ് വന്നത്. എവിടെയെങ്കിലും കയറി നില്‍ക്കാന്‍ ആവുന്നതിന്ന് മുമ്പ് നല്ലവണ്ണം നനഞ്ഞു. ഇനി കയറി നിന്നിട്ട് എന്തു കാര്യം. സ്കൂട്ടര്‍ ഓടി കൊണ്ടിരുന്നു

കൂട്ടുപാതയില്‍ എത്തുമ്പോഴേക്കും നനഞ്ഞു കുതിര്‍ന്നിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര്‍ ദൂരമേ വീട്ടിലേക്കുള്ളു. എന്താണ് വേണ്ടത് എന്ന് ഒരു നിമിഷം ആലോചിച്ചു. വീട്ടില്‍ ചെന്നാല്‍ തലയും മേലും തുടച്ച് വസ്ത്രം മാറ്റി ചൂടോടെ ഒരു ചായയും കുടിച്ച് ഇരിക്കാം. പക്ഷെ ഡോക്ടറെ കാണാന്‍ ചെല്ലാഞ്ഞത് മാനേജര്‍ അറിഞ്ഞാലോ.

ഏതായാലും നനഞ്ഞു കഴിഞ്ഞു. ഏല്‍പ്പിച്ച പണി തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സമാധാനമായി വീട്ടിലേക്ക് പോവാമല്ലോ. അനൂപ് സ്കൂട്ടര്‍ പാലക്കാട്ടേക്ക് വിട്ടു.