Tuesday, June 21, 2011

നോവല്‍ - അദ്ധ്യായം - 8.

പാറു പണി മാറി പോയി ഏറെ വൈകാതെ അനൂപ് വീട്ടിലെത്തി. സ്കൂട്ടര്‍ നിര്‍ത്തി ബാഗുമായി അകത്ത് കയറിയതും അന്നു ചെയ്ത പണിയാണ് അവന്‍ നോക്കിയത്.

'' തേച്ചത് നന്നായിട്ടുണ്ടല്ലോ. നല്ല കെട്ടുപണിക്കാരന്‍ ചെയ്തതാണെന്നേ ആരും കണ്ടാല്‍ പറയൂ '' അവന്‍ പറഞ്ഞു.

'' അവള്‍ക്ക് പണിക്കാരുടെ കൂടെ നടന്ന് വിവരം വെച്ചിട്ടുണ്ട് '' ഇന്ദിര പറഞ്ഞു '' അല്ലെങ്കിലും വേണംന്ന് വെച്ചാല്‍ ചെയ്യാന്‍ പറ്റാത്ത വല്ല പണിയും ഈ ലോകത്ത് ഉണ്ടോ ''.

ഫ്ലാസ്കില്‍ സൂക്ഷിച്ചുവെച്ച ചായ അവര്‍ മകന്ന് നല്‍കി. രാമകൃഷ്ണന്ന് അസുഖമായി ആസ്പത്രിയില്‍
പ്രവേശിപ്പിച്ചപ്പോള്‍ വാങ്ങിച്ചതാണ് ആ ഫ്ലാസ്ക്.

'' നോക്ക്, നമുക്ക് ഒരു കാര്യം ചെയ്യണം '' ഇന്ദിര മകനോട് പറഞ്ഞു '' ആ മാപ്ല വൈദ്യരെ കൂട്ടിക്കൊണ്ട് വന്ന് അച്ഛനെ ഒന്ന് കാണിക്കണം. അയാളുടെ ചികിത്സ കേമാണെന്ന് ഇന്ന് പാറു പറയ്യേണ്ടായി ''.

'' അതിനെന്താമ്മേ, ഞാന്‍ കൂട്ടീട്ട് വരാലോ '' അനൂപ് സമ്മതിച്ചു.

രാമകൃഷ്ണന്‍ അമ്മയും മകനും തമ്മിലുള്ള സംഭാഷണം കേട്ട് കിടപ്പാണ്. ഇനി വേറൊരു ചികിത്സയുമായി ഇറങ്ങിയാല്‍ ശരിയാവില്ല. മരുന്നിനൊക്കെ വല്ലാത്ത വിലയാണ്. കഴിച്ചിട്ട് ഭേദമായില്ലെങ്കിലോ, പണം പോയത് മിച്ചം. എത്ര കഷ്ടപ്പെട്ടാണ് ഇന്ദിര വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത്. അവളെ വീണ്ടും ബുദ്ധിമുട്ടിച്ചു കൂടാ. ഉള്ള ദുരിതങ്ങള്‍ അനുഭവിച്ച് തീര്‍ക്കാം.

'' അനൂ '' അയാള്‍ വിളിച്ചു '' ഇനി പുതിയൊരു ചികിത്സയ്ക്കൊന്നും പുറപ്പെടണ്ടാ. മാറുമ്പൊ മാറട്ടെ ''.

ആ പറഞ്ഞത് ഇന്ദിരയ്ക്ക് രസിച്ചില്ല.

'' മിണ്ടാണ്ടെ കിടന്നിട്ട് സുഖം കണ്ടു '' അവരുടെ ഒച്ച ഉയര്‍ന്നു '' ഒന്നും അറിയണ്ട. ഞാനുണ്ടല്ലോ ഇവിടെ കിടന്ന് കഷ്ടപ്പെടാന്‍ ''.

രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ മക്കള്‍ ഇടപെട്ടു.

'' സാരൂല്യാ അമ്മേ '' അനൂപ് പറഞ്ഞു '' അമ്മയെ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ച് അച്ഛന്‍ പറഞ്ഞതാവും ''

'' അല്ലെങ്കിലും എപ്പൊ നോക്ക്യാലും അമ്മ അച്ഛനെ ദേഷ്യപ്പെടാറുണ്ട് '' രമ അമ്മയെ കുറ്റപ്പെടുത്തി.

'' എന്നെ കുറ്റം പറഞ്ഞോളിന്‍. അച്ഛനെ പറയുമ്പോഴേക്കും മക്കള്‍ക്ക് പൊള്ളി. എന്നെപ്പറ്റി ആര്‍ക്കും ഒരു നിനവും ഇല്ല '' ഇന്ദിരയുടെ സ്വരം ഇടറി.

'' അമ്മ സങ്കടപ്പെടണ്ടാ. അമ്മയ്ക്ക് ഞാനില്ലേ '' അനൂപ് അമ്മയുടെ അടുത്ത് ചെന്നു.

'' കടന്ന് പൊയ്ക്കോ എന്‍റെ മുമ്പിന്ന് '' മകന്‍റെ സാന്ത്വനിപ്പിക്കല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

'' ഏട്ടന്‍ ഇങ്ങിട്ട് വരൂ. കുറച്ച് കഴിയുമ്പൊ ശരിയായിക്കോളും '' രമ ആങ്ങളയെ കൂട്ടിക്കൊണ്ട് പോയി.

ആ പറഞ്ഞത് ശരിയായിരുന്നു. കുറച്ച് കഴിയുമ്പോഴേക്കും ഇന്ദിരയുടെ മനസ്സ് മാറി. രാമേട്ടനോട് ദേഷ്യപ്പെടേണ്ടിയിരുന്നില്ല എന്ന് അവര്‍ക്ക് തോന്നി.

'' എന്നോട് ദേഷ്യം തോന്നുണുണ്ടോ '' അവര്‍ രാമകൃഷ്ണന്‍റെ അടുത്തു ചെന്ന് ചോദിച്ചു. ഇല്ലായെന്ന മട്ടില്‍ അയാള്‍ തലയാട്ടി.

'' എന്‍റെ രാമേട്ടന്ന് എന്നെ എത്ര ഇഷ്ടാണ് '' അവര്‍ അയാളുടെ കൈത്തലം കവര്‍ന്നു. ആ കണ്ണുകളില്‍ നിന്ന് രണ്ട് തുള്ളി അടര്‍ന്ന് രാമകൃഷ്ണന്‍റെ ദേഹത്ത് വീണു.

'' അയ്യേ, എന്തിനാ എന്‍റെ ഇന്ദു കരയുന്നത്. ഒട്ടും വിഷമിക്കണ്ടാട്ടോ. എല്ലാം ശരിയാവും '' അയാള്‍ ഭാര്യയേ ആശ്വസിപ്പിച്ചു.

തളര്‍ന്ന ദേഹത്ത് ചാരി ഈര്‍പ്പം വിടാത്ത ചുമരും നോക്കി ഇന്ദിര ഇരുന്നു.

'' കുട്ടികളെ വിളിയ്ക്കൂ. ഇത്തിരി നേരം എല്ലാവരുക്കും കൂടി ഇരിയ്ക്കാം '' അയാള്‍ പറഞ്ഞു.

ഇന്ദിര മക്കളെ വിളിച്ചു. കട്ടിലില്‍ അച്ഛനും അമ്മയ്ക്കും അരികിലായി കുട്ടികള്‍ ഇരുന്നു.

'' അനൂ, എന്‍റെ കുട്ടി ഒരു പാട്ട് പാടു. അച്ഛന്‍ കേള്‍ക്കട്ടെ '' അയാള്‍ ആവശ്യപ്പെട്ടു.


'' കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ''

അനൂപിന്‍റെ മനോഹരമായ ശബ്ദത്തില്‍ കീര്‍ത്തനം ഉയര്‍ന്നു.

****************************************************

എക്സിക്യുട്ടീവ് എക്സ്പ്രസ്സ് എറണാകുളം നോര്‍ത്തിലെത്തുമ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു. റഷീദ് ബാഗുകളെടുത്ത് ആള്‍ക്കൂട്ടത്തിനൊപ്പം നടന്നു. പിറ്റേന്ന് കാലത്ത് ഒമ്പത് മണിക്കാണ് കോണ്‍ഫറന്‍സ്. എട്ടു മണിക്കെങ്കിലും അബാദ് പ്ലാസയിലെത്തണം. പുലര്‍ച്ചെ നാല് മണിക്ക് പാലക്കാട് നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ വന്നാല്‍ മതി. പക്ഷെ അത് ബുദ്ധിമുട്ടാണ്. ഒന്നാമത് അത്ര നേരത്തെ എഴുന്നേറ്റ് പുറപ്പെടാനുള്ള മടി. കൂടാതെ എന്തെങ്കിലും കാരണ വശാല്‍ സമയത്തിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയാതെ വരികയോ, വഴിക്ക് എവിടെയെങ്കിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയോ സംഭവിച്ചാല്‍ മീറ്റിങ്ങിന്ന് എത്താന്‍ പറ്റാതാവും . മിക്കപ്പോഴും പാലക്കാട് - തൃശ്ശൂര്‍ റൂട്ടില്‍ കുതിരാന്‍ ഭാഗത്ത് ബ്ലോക്ക് ഉണ്ടാവാറുണ്ട്. തലേന്ന് എത്തി ക്യാമ്പ് ചെയ്താല്‍ പരിഭ്രമിക്കേണ്ടതില്ലല്ലോ.

മീറ്റിങ്ങ്അബാദ്പ്ലാസയിലാണെങ്കിലും മാനേജര്‍മാരുടേയും റെപ്രസന്‍റേറ്റീവുകളുടേയും താമസം ഗ്രാന്‍ഡ് ടൂറിസ്റ്റ് ഹോമിലോ, മാത ടൂറിസ്റ്റ് ഹോമിലോ ആണ്പതിവ്. ഇത്തവണ താമസം മാതയിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു. റഷീദ് മാതയില്‍ ചെന്നപ്പോള്‍ ആരേയും കാണാനില്ല. എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍ വാരിയര്‍ സാര്‍ മുറിയിലുണ്ടെന്ന് അറിഞ്ഞു. അവന്‍ ബാഗുമായി അവിടേക്ക് നടന്നു.

ഏരിയ ബിസിനസ്സ് മാനേജരാണ് വാരിയര്‍. റഷീദ് വാതില്‍ക്കല്‍ നിന്ന് നോക്കുമ്പോള്‍ മാനേജര്‍ ഭഗവത് ഗീത വായിക്കുകയാണ്. അദ്ദേഹത്തിന്‍റെ സന്തത സഹചാരിയാണ് ആ പുസ്തകം. എവിടെയാണെങ്കിലും കുറച്ച് നേരത്തെ ഒഴിവ് കിട്ടിയാല്‍ വായന തുടങ്ങും.

'' സാര്‍ . ആരും എത്തിയില്ലേ '' റഷീദ് ചോദിച്ചു.

പുസ്തകത്തില്‍ നിന്ന് മുഖമുയര്‍ത്തി റഷീദിനെ നോക്കി അദ്ദേഹം ചിരിച്ചു.

'' കേറി വാ '' അദ്ദേഹം ക്ഷണിച്ചു. വളരെ സാത്വികനായ ആളാണ് വാരിയര്‍ സാര്‍. കൂടെ ജോലി ചെയ്യുന്നവരെ വിഷമിപ്പിക്കാത്ത പ്രകൃതം. സ്നേഹത്തോടെ മാത്രമേ വല്ലതും പറയൂ. കീഴ് ജീവനക്കാര്‍ക്ക് നിര്‍ഭയം എന്തിനെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കാം. റഷീദ് വാതില്‍ക്കല്‍ ബാഗുകള്‍ വെച്ച് കസേലയില്‍ ചെന്നിരുന്നു.

'' ആരും വന്നില്ലേ സാറേ '' റഷീദ് ചോദ്യം ആവര്‍ത്തിച്ചു.

'' ഒരു വിധം എല്ലാവരും എത്തിയിട്ടുണ്ട് '' എ.ബി. എം. പറഞ്ഞു.

'' എന്നിട്ട് ഒരാളേയും കാണാനില്ലല്ലോ ''.

'' സെറ്റ് ചേര്‍ന്ന് വെള്ളം അടിക്കാന്‍ പോയിട്ടുണ്ടാവും . ഇവിടെ വന്നാല്‍ അതല്ലേ പതിവ് ''.

മിക്കവരും മീറ്റിങ്ങിന്ന് ചെല്ലുന്നതേ കൂട്ടം ചേര്‍ന്ന് രസിക്കാനാണ്. ജോലിയോടനുബന്ധിച്ച സമ്മര്‍ദ്ദങ്ങള്‍ ഇങ്ങിനെയൊക്കെയേ മറക്കാനാവു.

'' നീ ആ സെറ്റില്‍ പെടില്ല എന്നെനിക്കറിയാം. അതാ നല്ലത്. കിട്ടുന്ന കാശ് വീട്ടിലെത്തിക്കാല്ലോ ''.

റഷീദ് ചിരിച്ചു. ഓരോരുത്തരെ കുറിച്ചും വാരിയര്‍ സാറിന്ന് നന്നായി അറിയാം. സ്വാഭാവികമായും അവരുടെ സംഭാഷണം പിറ്റേന്നത്തെ മീറ്റിങ്ങിനെക്കുറിച്ചായി.

'' നാളെയ്ക്കുള്ള റിപ്പോര്‍ട്ടൊക്കെ നീ ശരിയാക്കിയിട്ടില്ലേ '' മാനേജര്‍ ചോദിച്ചു.

'' ഉവ്വ് '' അവന്‍ മറുപടി നല്‍കി '' നാളെ പ്രത്യേകിച്ച് വല്ലതും ഉണ്ടോ സാറേ ''എന്ന് ചോദിക്കുകയും ചെയ്തു.

'' പേടിക്കെണ്ടടോ. പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല. എല്ലാം പതിവുപോലെ തന്നെ. പുതിയ പ്രോഡക്റ്റൊന്നും ലോഞ്ച് ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത് ''വാരിയര്‍ പറഞ്ഞു.

'' സമാധാനമായി. ഇല്ലെങ്കില്‍ മിനക്കെട്ട് ഡീറ്റൈല്‍ ചെയ്യാന്‍ പഠിക്കണം . എന്‍റെ പരിചയത്തിലുള്ള മിക്കവാറും മെഡിക്കല്‍ റെപ്പിന്ന് മീറ്റിങ്ങ് എന്നു പറഞ്ഞാല്‍ പേടിയാണ്. മീറ്റിങ്ങിന്‍റെ ഇടയില്‍ എല്ലാവരുടേയും മുമ്പില്‍ വെച്ച് എന്താണ് കേള്‍ക്കേണ്ടി വരിക എന്ന ആവലാതിയാണ് അവര്‍ക്കൊക്കെ ''.

'' നിങ്ങള്‍ക്കൊക്കെ അത് പറഞ്ഞാല്‍ മനസ്സിലാവില്ല. നമ്മുടെ കമ്പിനി പോലെയല്ല മിക്ക കമ്പിനികളും. ടാര്‍ജറ്റ് എത്തിയില്ലെങ്കില്‍ ജോലി പോവാന്‍ അത് മതി. കഷ്ടപ്പെട്ട് ടാര്‍ജറ്റ് എത്തിച്ചാലും കുറ്റം ഉണ്ടാവും. ഓ. എച്ച്. വി. ഷീറ്റില്‍ ഉണ്ടാക്കിയ സെയില്‍സ് റിപ്പോര്‍ട്ട് പ്രൊജക്റ്ററില്‍ കൂടി വലുതായി കാണിക്കും. പിന്നെ അതു നോക്കിഒരു വിലയിരുത്തലുണ്ട്. അസിഗ്ലോ ഫിനാക്ക് യൂ ഡിഡ് വെല്‍. ബട്ട് നോട്ട് ഈവന്‍ എ സിംഗിള്‍ ബോട്ടില്‍ ഓഫ് കഫ് സിറപ്പ് വാസ് സോള്‍ഡ്. വൈ ? ഇതാണ് വിമര്‍ശനത്തിന്‍റെ രീതി. പിന്നെ അതിനുള്ള സമാധാനം പറച്ചിലായി ''.

'' എന്തിനാ സാറേ കമ്പിനിക്കാര് റെപ്പുകളെ വെറുതെ കുറ്റം പറയുന്നത്. അവര്‍ക്ക് വെറുപ്പ് തോന്നില്ലേ ''.

'' തോന്നിയിട്ടെന്താ. കീഴ്ജീവനക്കാരെ ശാസിക്കുന്നതും കുറ്റം പറയുന്നതും ആവശ്യമാണെന്നാ പലരുടേയും വിചാരം. തമിഴ്നാട്ടിലും ആന്ധ്രയിലും ഉള്ളവര്‍ നന്നായി പണി ചെയ്യുന്നുണ്ടെന്നും കേരളത്തിലുള്ളവരാണ് മോശക്കാര്‍ എന്നും ഇവിടെ വന്ന് പറയും. അവിടെ ചെന്നാലോ, അവിടുത്തെ ആളുകളെ ചീത്ത പറയുകയും കേരളക്കാരെ പൊക്കി പറയുകയും ചെയ്യും ''.

'' വെറുതെയല്ല നമ്മുടെ കമ്പിനിയില്‍ വലിയ പ്രഷര്‍ ഇല്ലാന്ന് എല്ലാവരും പറയുന്നത് ''.

'' അത് മേനോന്‍ സാറ് സോണല്‍ ആയതോണ്ട്. സാറിന് ജോലിക്കാരെ വെറുതെ നിര്‍ത്തി പൊരിക്കുന്നത് ഇഷ്ടമല്ല '' മാനേജര്‍ പറഞ്ഞു '' പക്ഷെ ഒരു കാര്യം ഉണ്ട്. കള്ളത്തരം സാറിന്‍റെ അടുത്ത് നടക്കില്ല. ഡെയിലി റിപ്പോര്‍ട്ട് കണ്ടാല്‍ മതി ഏതൊക്കെ ഫാള്‍സ് റിപ്പോര്‍ട്ടാണ് എന്ന് സാറ് പറയും ''.

'' മറ്റു കമ്പിനികളിലെ റെപ്പുകള്‍ മേനോന്‍ സാറിനെ പറ്റി പറയാറുണ്ട് ''.

'' പണ്ട് ഞങ്ങള്‍ കുറെ കാലം ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. സാറിന്ന് എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ്സ് കൂടും. വാരരെ താന്‍ എന്‍റെ കൂടെ വാടോ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഈ കമ്പിനിയില്‍ ചേര്‍ത്തതാണ്. അതുകൊണ്ട് ഇപ്പോള്‍ സമാധാനമായിട്ട് പണി ചെയ്ത് കഴിയുന്നു ''.

'' സാറിന്ന് നല്ല പ്രോഡക്റ്റ് നോളേജ് ഉണ്ടെന്നാണ് കേട്ടത് ''.

'' എടോ. സാറ് ഇന്ത്യ മുഴുവന്‍ ജോലി ചെയ്തിട്ടുള്ള ആളാണ്. സാറിന്ന് ഓരോ കമ്പിനികളുടെ പ്രോഡക്റ്റും അവയുടെയൊക്കെ കോമ്പിനേഷനും പ്രൈസും മനപ്പാഠമാണ്. എങ്ങിനെ ബിസിനസ്സ് കൂട്ടാം എന്ന് മേനോന്‍ സാറിനറിയാം . സാറ് പറഞ്ഞതിനപ്പുറം എം. ഡി ഒരക്ഷരം മിണ്ടില്ല ''.

'' സാറിന്‍റെ വീട് എവിടെയാണ് ''.

'' കോഴിക്കോടാണ് മേനോന്‍ സാറിന്‍റെ തറവാട്. നല്ല സാമ്പത്തികശേഷിയുള്ള കുടുംബം. ഒരു അമ്മാമന്‍റെ മകളെയാണ് കല്യാണം കഴിച്ചത്. അവര്‍ക്ക് അതിലേറെ സ്വത്തുണ്ട്. പത്ത് പൈസ ചിലവിന്ന് കൊടുക്കണ്ടാ. സാറ് സമ്പാദിച്ചത് മുഴുവന്‍ സ്ഥലം വാങ്ങി കൂട്ടി. പണ്ടൊക്കെ ഭൂമിക്ക് ഇന്നത്തത്ര വിലയില്ലല്ലോ. ഇപ്പോള്‍ കേരളത്തിലെ മിക്ക ടൌണിലും കണ്ണായ ഭാഗത്ത് പത്ത് സെന്‍റ് സ്ഥലമെങ്കിലും സാറിന്‍റെ പേരില്‍ കാണും. ഇന്നത്തെ വില കണക്കാക്കിയാല്‍ അതന്നെ കോടിക്കണക്കിന്ന് വരും ''.

'' അപ്പോള്‍ മേനോന്‍ സാറിന്ന് സ്വന്തമായി ഒരു കമ്പിനി തുടങ്ങിക്കൂടേ. വെറുതെ ആരാന്‍റെ കീഴില്‍ പണി ചെയ്യണോ ''.

'' എടോ, മിടുക്കന്മാര് അങ്ങിനെയാണ്. കക്ഷത്തിലുള്ളത് പോവാതെ ഉത്തരത്തിലുള്ളത് എടുക്കും. ഒരാള്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ എന്തൊക്കെ റിസ്കുകളാണ് നേരിടേണ്ടി വരിക. മറ്റൊരാളുടെ കീഴിലുള്ള ജോലിയാവുമ്പോള്‍ അതില്ലല്ലോ ''.

മേശപ്പുറത്തുള്ള പാത്രത്തില്‍ നിന്ന് വെള്ളം എടുത്തു കുടിക്കാന്‍ റഷീദ് എഴുന്നേറ്റു. തിരിച്ചു പോരുമ്പോള്‍ ജനലഴികളില്‍ ഉണങ്ങാനിട്ട അടി വസ്ത്രങ്ങളിലേക്ക് അവന്‍റെ ശ്രദ്ധ പതിഞ്ഞു. പല ഭാഗത്തും പിഞ്ഞി കീറിയ ബനിയനും പഴകി നരച്ച അണ്ടര്‍വെയറും.

'' എന്താ സാറെ ഇത് '' അവന്‍ ചോദിച്ചു.

'' കണ്ടിട്ട് മനസ്സിലായില്ലേ ''.

'' മനസ്സിലായി. എന്തിനാ ഈ വലിച്ചെറിയാനുള്ളതൊക്കെ സാറ് ഇടുന്നത് ''.

'' എടോ, നമ്മള് അലന്‍സോളിയോ, പീറ്റര്‍ ഇംഗ്ലണ്ടോ, ജോണ്‍പ്ലെയേഴ്സോ ഒക്കെ ധരിച്ച് സോഡിയാക്ക് ടൈയും കെട്ടി വുഡ് ലാന്‍ഡ്സ് ഷൂസും ഇട്ട് നടക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയ്യോ. നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന കമ്പിനിക്ക് മറ്റുള്ളവരുടെ മതിപ്പ് കിട്ടാനാണ് ഈ വേഷം കെട്ടല്‍. മെഡിക്കല്‍ സെയില്‍സ് പേര്‍സണലിന്ന് നല്ല ആകര്‍ഷണീയത വേണം. എന്നാലേ ഡോക്ടര്‍മാര്‍ അവരെ ശ്രദ്ധിയ്ക്കൂ. കമ്പിനിയുടെ മരുന്നുകള്‍ എഴുതു ''.

'' അപ്പോള്‍ ഈ കീറിയ ബനിയനും പഴകി നരച്ച ജട്ടിയും ഇടുന്നതോ ''.

''ഞാനോ നീയോ എന്ന മട്ടില്‍ മത്സരിച്ച് വളരുന്ന മൂന്ന് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍ എന്ന ഓര്‍മ്മ മനസ്സിലുണ്ടാവാന്‍ ''.

വാരിയര്‍ സാര്‍ പറഞ്ഞതും ആലോചിച്ചുകൊണ്ട് റഷീദ് ഇരുന്നു. പുറത്ത് ഉറക്കെയുള്ള സംസാരം കേട്ടു. സഹപ്രവര്‍ത്തകര്‍ എത്തിയതാണ്.

'' സാറേ, അവര് വന്നൂന്ന് തോന്നുന്നു. ഞാന്‍ അങ്ങോട്ട് പോട്ടെ ''.

അവന്‍ ബാഗുകള്‍ എടുത്ത് പുറത്തേക്കിറങ്ങി.


7 comments:

  1. '' കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ''

    ReplyDelete
  2. അദ്ധ്യായം ഏഴും എട്ടും ഒരുമിച്ച് വായിച്ചു. നന്നായി വരുന്നു. തുടരുക.

    ReplyDelete
  3. വായന തുടരുന്നു. വില കൂടിയ പുറം വസ്ത്രങ്ങൾക്കുള്ളിൽ കീറിയതും നിറം മങ്ങിയതുമായ സ്വകാര്യദു:ഖങ്ങൾ.

    ReplyDelete
  4. Ponmalakkaran / പൊന്മളക്കാരന്‍ ,
    ഞാന്‍ : ഗന്ധര്‍വ്വന്‍ ,
    Typist / എഴുത്തുകാരി,
    രാജഗോപാല്‍ ,

    വളരെ നന്ദി.

    ReplyDelete
  5. വാരിയര്‍ സാറിനെ ഇഷ്ടമായി

    ReplyDelete
  6. കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ ''

    enthe kripaavaaridhe nee ithonnum kaanunnille...?

    ReplyDelete