Monday, June 27, 2011

നോവല്‍ - അദ്ധ്യായം -9.

'' നേരം ഇരുട്ടാവാറായില്ലേ. നീ എങ്ങിന്യാ ഒറ്റയ്ക്ക് പോവ്വാ '' ഇന്ദിര ചോദിച്ചു '' അനു വന്നാല് അവനെ കൂടെ അയക്കായിരുന്നു ''.

'' അതൊന്നും സാരൂല്യാ തമ്പുരാട്ടി. എനിക്ക് ഇതൊക്കെ നല്ല ശീലാണ് '' പാറു പറഞ്ഞു '' പോരാത്തതിന്ന് പോണ വഴിക്ക് പാറക്കുളത്തില് ഒന്ന് മുങ്ങീട്ടേ വീട്ടിലേക്ക് ചെല്ലൂ ''.

രാമകൃഷ്ണന്‍ കിടക്കുന്ന മുറിയുടെ നിലം പണിയായിരുന്നു അന്ന്. സിമന്‍റ് പാലില്‍ കാവി കലക്കി നിലത്ത് ഒഴിക്കാനൊരുങ്ങിയപ്പോഴേ സമയം ഏറെ ആവുമെന്ന് ഇന്ദിര പറഞ്ഞതാണ്. അതൊക്കെ തീരും എന്നും പറഞ്ഞ് പാറു തുടങ്ങി. കരണ്ടികൊണ്ട് മിനുപ്പിക്കുന്ന പണി വിചാരിക്കുന്ന വേഗത്തില്‍ ചെയ്യാനാവില്ല. കൂടാതെ നിലം വെടിക്കുന്നതിന്ന് മുമ്പ് കരണ്ടി ഓടിക്കുകയും വേണം. നേരം വൈകിയെങ്കിലും പണി തീര്‍ക്കാന്‍ ആയതില്‍ രണ്ടുപേര്‍ക്കും സന്തോഷം തോന്നി.

'' കൂലി നാളെ വാങ്ങാം തമ്പുരാട്ടി '' എന്നും പറഞ്ഞ് പാറു ഇറങ്ങി നടന്നു. പടി കടന്ന് വഴിയിലിറങ്ങിയപ്പോള്‍ നാട്ടു വെളിച്ചം ഉണ്ട്. നല്ല വെളിച്ചത്തില്‍ നിന്ന് പെട്ടെന്ന് മാറുമ്പോഴേ ഇരുട്ട് തോന്നു. കുറച്ച് കഴിഞ്ഞാല്‍ ഉള്ള വെളിച്ചവുമായി കണ്ണ് പൊരുത്തപ്പെടും.

പാറക്കുഴിയിലിറങ്ങി ഉടുത്ത തുണികള്‍ നനച്ച് വേഗം കുളിച്ച് കയറി. ഈറന്‍ തുണി വാരിച്ചുറ്റി വേഗത്തില്‍ നടന്നു. ചെന്നിട്ട് വേണമെങ്കില്‍ കഞ്ഞി വെക്കണം, വേണ്ടെങ്കിലോ ഒരു ഭാഗത്ത് നടു ചായ്ക്കാം.

പാറുവിന്‍റെ മനസ്സില്‍ ഇന്ദിരയെക്കുറിച്ചുള്ള ഓര്‍മ്മകളെത്തി. ആ തമ്പുരാട്ടി എത്ര നല്ല സ്വഭാവമുള്ള ആളാണ്. ഒരു പണിക്കാരി ചെയ്യുന്ന ജോലി അവരും ചെയ്യുന്നുണ്ട്. വലിപ്പമോ വലിയ കെടയോ ഒന്നും തന്നെയില്ല. തമ്പുരാന്‍റെ ദെണ്ണം മാറിയാല്‍ ആ കുടുംബം കര പിടിക്കും. ഒരു മനുഷ്യനോട് മുഖം കറുപ്പിച്ച് ഒറ്റ വാക്ക് പറയാത്ത ആളാണ് തമ്പുരാന്‍. അങ്ങിനെയുള്ള ആളുകള്‍ക്കാണ് ഇന്നത്തെ കാലത്ത് എല്ലാ ദുരിതവും.

വയല്‍ വരമ്പ് അവസാനിക്കുന്നേടത്ത് തോടാണ്. പാറു തോടിറങ്ങി കയറി ഇടവഴിയിലൂടെ നടന്നു. ഒരാള്‍ക്ക് നടക്കാനുള്ള വീതിയേ ഉള്ളു. എതിരെ ആരെങ്കിലും വന്നാല്‍ ഒരാള്‍ വേലിയിലേക്ക്ചാഞ്ഞു നിന്നാലേ കടന്നു പോവാന്‍ കഴിയു. തെക്കു ഭാഗത്തെ കോളനിയിലേക്കുള്ള പിരിവ് മുതല്‍ വഴി വിളക്കുകളായി. കുറച്ചു കൂടി ചെന്നാല്‍ പഞ്ചായത്ത് പാതയിലെത്തും. പിന്നെ വീട്ടിലേക്ക് പത്തടി ദൂരമേയുള്ളു

'' എനിക്കെന്‍റമ്മേ ഗറുഭമാണെന്ന് പറയുന്നെല്ലാരും, അത്
നിനക്കെങ്ങിനെ മനസ്സിലായെടി കുരുത്തം കെട്ടോളേ ''

ഇടവഴിയുടെ മറ്റേ തലയ്ക്കല്‍ നിന്ന് ഉച്ചത്തിലുള്ള പാട്ട് കേട്ടു. കെട്ടുപണിക്കാരന്‍ മാധവനാണ് പാടുന്നത്. കള്ള് വയറ്റിലെത്തിയാല്‍ അവന്‍റെ ചുണ്ടില്‍ നിന്ന് പാട്ട് ഉയരും. പണിയെടുത്ത് കിട്ടുന്നത് മുഴുവന്‍ കുടിച്ച് തുലയ്ക്കുന്ന തെമ്മാടി. അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങിനെയാണ്. അവര്‍ക്ക് സ്വന്തം സന്തോഷം മാത്രമേ നോട്ടമുള്ളു. വീടും വീട്ടുകാരും എങ്ങിനെയായാലും വേണ്ടില്ല.

'' ആര് പാറു ഏടത്ത്യോ '' മുമ്പിലെത്തിയപ്പോള്‍ അവന്‍ ചോദിച്ചു '' എവിടുന്നാ ഈ രാത്രി നേരത്ത് ''.

പണി കഴിഞ്ഞ് വരുന്ന വഴിയാണെന്ന് മറുപടി നല്‍കി.

'' ഞാന്‍ ഇടയ്ക്ക് കാണാറുണ്ട് '' അവന്‍ പറഞ്ഞു '' ഒറ്റ തീന്‍ തിന്നിട്ട് ആളൊന്ന് മിനുങ്ങീട്ടുണ്ട് ''.

പാറുവിന്ന് ദേഷ്യം വന്നു.

'' ഞാന്‍ മിനുങ്ങീട്ടുണ്ടെങ്കില്‍ നിനക്കെന്താ നഷ്ടം '' അവള്‍ ചോദിച്ചു.

'' എനിക്ക് നഷ്ടോന്നും ഇല്ലാപ്പാ. സന്തോഷം കൊണ്ട് പറഞ്ഞതാ '' മാധവന്‍ ചിരിച്ചു '' അല്ലാ ഇപ്പഴും നിങ്ങള് ഒറ്റക്കെന്ന്യാ താമസം ''.

ഇവന്‍ വല്ലതും കേട്ടിട്ടേ പോവൂ.

'' അല്ല. വേറൊരാളെ കെട്ടി അയാളുടെ കൂടെയാണ് ഇപ്പഴ് ''.

'' അത് ഞാന്‍ അറിഞ്ഞില്ല ''

'' എല്ലാ കാര്യൂം നിന്നെ അറിയിക്കാന്ന് കരാറുണ്ടോ ''.

'' അതൊന്നൂല്യാ. പക്ഷെ ഇനി ഒഴിവ് വരുമ്പൊ എന്‍റെ കാര്യം ഓര്‍മ്മ വേണം '' മാധവന്‍ ഉറക്കെ ചിരിച്ചു.

''ഫ. ചെളുക്കേ '' ചിരി അടങ്ങും മുമ്പ് പാറുവിന്‍റെ ഒച്ച പൊങ്ങി '' നീ എന്നെപ്പറ്റി എന്താ വിചാരിച്ചിരിക്കുന്നത്. തോന്ന്യാസം പറഞ്ഞും കൊണ്ട് വന്നാല്‍ അടിച്ച് നിന്‍റെ പല്ല് ഞാന്‍ കൊഴിക്കും ''.

വലത്ത് കൈകൊണ്ട് പാറു ഊക്കില്‍ അവനെ പിടിച്ചു തള്ളി. മാധവന്‍ വേലിപ്പുറത്തേക്ക് വീണു. ഒന്ന് നീട്ടി ത്തുപ്പിയിട്ട് പാറു നടന്നു.

'' പെണ്ണിന്‍റെ ഒരു തെമ്പേ '' കിടന്ന കിടപ്പില്‍ മാധവന്‍ പറഞ്ഞു.

***************************************************

പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേള്‍ക്കുന്നതും കാത്ത് ഇന്ദിര ഇരുന്നു. വൈകിയാണ് അനൂപ് എത്തിയത്.

'' ഇന്നെന്താ നീ ഇത്ര വൈകിയത് '' അവര്‍ ചോദിച്ചു.

'' ക്ലിനിക്കില്‍ ഭയങ്കര തിരക്ക്. ഡോക്ടറെ കാണാന്‍ വൈകി '' മകന്‍ പറഞ്ഞു.

'' രാവിലെ പോയതല്ലേ. നേരം വൈകിയപ്പോള്‍ ഞാന്‍ പേടിച്ചു. എന്താ എന്ന് അന്വേഷിക്കാന്‍ ഒരു വഴിയും ഇല്ലല്ലോ ''.

'' ഞാന്‍ ഒരു കാര്യം പറയട്ടെ '' അനൂപ് പറഞ്ഞു '' പ്രദീപിന്‍റെ കൂട്ടുകാരന്ന് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ കച്ചവടമാണ്. അവനോട് പറഞ്ഞ് എനിക്ക് ഒരു മൊബൈല്‍ വാങ്ങിയാല്‍ എന്‍റെ കയ്യിലുള്ളത് ഞാന്‍ ഇവിടെ വെക്കാം. അത് പഴേ സെറ്റാ. ഇപ്പോള്‍ എല്ലാവരുടെ കയ്യിലും ക്യാമറ മൊബൈലാണ്. എന്‍റെ കയ്യില്‍ മാത്രമേ ഇത്ര പഴക്കം ചെന്ന മൊബൈല്‍ ഉള്ളു ''.

'' പഴയത് വാങ്ങിയാല്‍ പെട്ടെന്ന് കേടാവില്ലേ. പുതിയതിന്ന് എന്ത് വില വരും '' ഇന്ദിര ചോദിച്ചു.

അമ്മ അനുകൂല ഭാവത്തിലാണെന്ന് തോന്നിയതോടെ അനൂപിന്ന് ഉത്സാഹം കൂടി.

'' ഓരോ മോഡലിന്ന് ഓരോ വിലയാണ് അമ്മേ '' അവന്‍ പറഞ്ഞു '' ആയിരത്തി അഞ്ഞൂറ് ഉറുപ്പിക മുതല്‍ അമ്പതിനായിരം വരെ വിലയ്ക്കുള്ള മൊബൈലുകളുണ്ട് ''.

'' എനിക്ക് കേള്‍ക്കുമ്പൊ തന്നെ തല ചുറ്റുന്നു. ഇവിടെ കെട്ടിയിരുപ്പ് ഉണ്ടായിട്ടൊന്ന്വൊല്ല. എന്നാലും ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ളത് ഒന്ന് വാങ്ങിക്കോ. സമ്പാദിച്ച് കൊണ്ടുവന്ന് തരുന്നതല്ലേ. അമ്മ മുഴുവന്‍ തട്ടി പറിച്ചൂ എന്ന് തോന്നണ്ടാ ''.

'' ഞാന്‍ അങ്ങിനെ വിചാരിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ '' അനൂപിന്ന് സങ്കടം വന്നു.

'' അമ്മ പൊതുവെ പറഞ്ഞൂന്നേ ഉള്ളു. കുട്ടി അച്ഛന്‍റെ അടുത്ത് പറഞ്ഞ് സമ്മതം വാങ്ങിച്ചോ ''.

അനൂപിന്ന് സന്തോഷമായി. അച്ഛന്‍ വേണ്ടാന്ന് പറയില്ല. ആര് എന്തു പറഞ്ഞാലും എതിര്‍ത്ത് ഒരു വാക്ക് പറയാത്ത ആളാണ് അച്ഛന്‍. അവന്‍ രാമകൃഷ്ണന്‍റെ അടുത്തേക്ക് നടന്നു. ആ സമയത്ത് രമ അമ്മയുടെ അടുത്തെത്തി.

'' അമ്മേ, ഏട്ടന്ന് പുതിയ മൊബൈല് വാങ്ങിയാല്‍ ഇത് ഞാനെടുത്തോട്ടെ. ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഫോണുണ്ട് ''അവള്‍ പറഞ്ഞു.

'' എന്നിട്ട് വേണം കണ്ണില്‍ക്കണ്ട ആണ്‍കുട്ട്യോളോട് അതില്‍ കൂടി ശൃംഗരിക്കാന്‍ '' ഇന്ദിര കയര്‍ത്തു '' വല്ല ചീത്തപ്പേരും കേള്‍പ്പിച്ചാലുണ്ടല്ലോ, നിന്നെയും കൊന്ന് ഞാനും ചാവും ''.

'' എന്നാല്‍ ഇപ്പൊത്തന്നെ എന്നെ അങ്ങോട്ട് കൊന്നോളിന്‍ '' രമ മുന്നോട്ട് നീങ്ങി.

അനൂപ് അവര്‍ക്കിടയിലേക്ക് ഓടിയെത്തി.

'' മോള് സങ്കടപ്പെടണ്ടാ. നമ്മള് നന്നാവാനല്ലേ അമ്മ ചീത്ത പറയുന്നത് ''.

അവന്‍ അനുജത്തിയുടെ തോളില്‍ കൈ വെച്ചു. രമ ഏട്ടനെ കെട്ടി പിടിച്ച് തേങ്ങി കരഞ്ഞു.

6 comments:

  1. നന്നായിട്ടുണ്ട്.ഇപ്പോഴാണു ഞാന്‍ കാണുന്നത്. എല്ലാ ആശംസകളും..

    ReplyDelete
  2. വായന തുടരുകയാണ്.

    ReplyDelete