Sunday, July 3, 2011

നോവല്‍ - അദ്ധ്യായം - 10.

'' ചിലപ്പൊ ഞാന്‍ നാളെ ഒരു മരിച്ച അടിയന്തരത്തിന്ന് പോകും. അങ്ങിനെയാണെങ്കില്‍ ഉച്ചയ്ക്കേ എത്തൂ '' പാറു തലേന്ന് ഇന്ദിരയോട് പറഞ്ഞിരുന്നു. സാധാരണ എത്താറുള്ള സമയത്ത് അവളെ കാണാഞ്ഞപ്പോള്‍ വരില്ല എന്ന് ഉറപ്പിച്ചു.

കുട്ടികള്‍ പോയി കഴിഞ്ഞതും ഇന്ദിര കിണറ്റില്‍ നിന്ന് വെള്ളം കോരി വന്ന് നിലവും ചുമരുകളും നനയ്ക്കാന്‍
തുടങ്ങി. വേണ്ട രീതിയില്‍ നനച്ചു കൊടുത്തില്ലെങ്കില്‍ ബലം കിട്ടില്ല എന്ന് പാറു പറഞ്ഞിട്ടുണ്ട്. നനയ്ക്കല്‍ തീര്‍ത്തിട്ട് രാമകൃഷ്ണന്ന് ആഹാരവും മരുന്നുകളും കൊടുക്കണം. എന്നിട്ടു വേണം കുളത്തില്‍ ചെന്ന് വിഴുപ്പ് തുണികള്‍ തിരുമ്പാനും, പശുവിനേയും കുട്ടിയേയും തോട്ടില്‍ കൊണ്ടു പോയി കഴുകാനും. വീടിന്‍റെ പണി തുടങ്ങിയ മുതല്‍ക്ക് മാടിനെ മേക്കാന്‍ സമയം കിട്ടാറില്ല. വൈക്കോല് ഇട്ടു കൊടുക്കും. ഉള്ള വൈക്കോല് മഴക്കാലം ആവുമ്പോഴേക്ക് തീരുമോ എന്നാ പേടി.

രാമകൃഷ്ണന്ന് ഭക്ഷണവും മരുന്നും കൊടുത്ത് ഇന്ദിര ആഹാരം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ മുറ്റത്ത് നിന്ന് '' ആരൂല്യേ ഇവിടെ '' എന്ന വിളി കേട്ടു. ശബ്ദത്തില്‍ നിന്ന് വിഷ്ണു നമ്പൂതിരിയാണെന്ന് മനസ്സിലായി.

ഇന്ദിര ചെന്ന് നോക്കുമ്പോള്‍ അദ്ദേഹം തന്നെ. അമ്പലത്തില്‍ നിന്ന് വരുന്ന വഴിയാണ്. കയ്യില്‍ ഒരു കറുത്ത ബാഗുണ്ടെന്ന് മാത്രം.

'' എവിട്യാ പൊതുവാള് '' നമ്പൂതിരി ചോദിച്ചു.


'' അകത്ത് കിടപ്പാണ് '' ഇന്ദിര പറഞ്ഞു.

ഇന്ദിരയുടെ പുറകെ അദ്ദേഹം അകത്തേക്ക് ചെന്നു.

'' എന്താടോ കിടന്ന കെടപ്പന്ന്യാണോ. എണീക്കാനൊന്നും വയ്യേ തനിക്ക് '' അദ്ദേഹം രാമകൃഷ്ണനോട് ചോദിച്ചു.


പിടിച്ചെഴുന്നേല്‍പ്പിച്ചാല്‍ ചാരി ഇരിക്കാന്‍ കഴിയുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. എഴുന്നേല്‍പ്പിച്ച് ഇരുത്താന്‍
അയാള്‍ ഇന്ദിരയോട് ആവശ്യപ്പെടുകയും ചെയ്തു.

'' ഒന്നും വേണ്ടാടോ. താനവിടെ കിടന്ന്വോളാ. ഞാന്‍ ഇവിടെ കൂടാം '' കട്ടിലിന്‍റെ ഓരത്ത് അദ്ദേഹം ഇരുന്നു. രോഗവിവരങ്ങളും ചികിത്സയെക്കുറിച്ചും ഇരുവരും സംസാരിച്ചു.

'' ഇന്നലെ ദേവസ്വം ബോര്‍ഡിന്ന് രണ്ട് കൊല്ലത്തെ അരിയേഴ്സ് പാസ്സാക്കി കിട്ടി. ഇന്നലെ തന്നെ ചെക്ക് മാറ്റി എടുക്കും ചെയ്തു. തനിക്ക് എട്ടായിരത്തി ചില്വാനം ഉറുപ്പിക ഉണ്ട്. ക്ലാര്‍ക്ക് അതുംകൊണ്ട് വരാന്‍ നിന്നതാ. ഞാന്‍ കൊണ്ടു പോയി കൊടുത്തോളാന്ന് പറഞ്ഞു. തന്നെ കാണും ചെയ്യാലോ ''.


വിഷ്ണു നമ്പൂതിരി ബാഗ് തുറന്നു. പണവും അക്വിറ്റന്‍സും എടുത്തു.


'' ഒപ്പിടാനാവ്വോ ''.

'' വിരലില് മഷി മുക്കി വെച്ചാല്‍ പോരേ ''.


'' കയ്യ് അനങ്ങാന്‍ വയ്യെങ്കില് പിന്നെന്താ ചെയ്യാ. ക്ലാര്‍ക്കിന് വിവരംണ്ട്. അയാള്‍ മഷി തേക്കാനുള്ളത് തന്നു വിട്ടിട്ടുണ്ട് ''.

രാമകൃഷ്ണന്‍റെ വിരലില്‍ മഷി തേച്ച് ഇന്ദിര അക്വിറ്റന്‍സില്‍ പതിപ്പിച്ചു. നമ്പൂതിരി നീട്ടിയ പണം അവര്‍ ഏറ്റു വാങ്ങി.


'' തന്നോടൊരു കാര്യം പറയാനുണ്ട് ''പുസ്തകം ബാഗില്‍ വെച്ച ശേഷം നമ്പൂതിരി പറഞ്ഞു '' കൊട്ട് ഇല്ലാതെ പൂജയ്ക്ക് ഒരു ഉഷാറ് പോരാ. അമ്പലത്തില്‍ വെച്ച് മകനോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ആ വിദ്വാന്‍ അത് ഇവിടെ പറഞ്ഞില്ലേ ''.


ഉവ്വെന്ന മട്ടില്‍ രാമകൃഷ്ണന്‍ തലയാട്ടി.

'' എന്താ അതിന്ന് വിരോധം വല്ലതും ഉണ്ടോ. ആയിരത്തി അഞ്ഞൂറ് ഉറുപ്പിക ശമ്പളം. വൈകിയാണെങ്കിലും
ബാക്കി ദാ ഇപ്പൊ കിട്ടിയ മാതിരി ഒന്നിച്ച് കയ്യിലെത്തും. പോരാത്തതിന്ന് നേദ്യച്ചോറും ഉണ്ട്. ഒരാള്‍ക്ക് കഴിഞ്ഞു കൂടാന്‍ അതൊക്കെ ധാരാളാണേ ''.

'' അതിന്ന് അവന്‍ ഒറ്റത്തടിയല്ലല്ലോ '' ഇന്ദിര പറഞ്ഞു '' കല്യാണം കഴിച്ചില്ലെങ്കിലും അവനൊരു കുടുംബം
ഇല്ലേ. അമ്മയേയും പെങ്ങളേയും വയ്യാണ്ടെ കിടക്കുന്ന അച്ഛനേയും അവനല്ലാതെ ആരാ നോക്കാനുള്ളത്. അമ്പലത്തിന്ന് കിട്ടുന്നതോണ്ട് കഴിഞ്ഞു കൂടാന്‍ ഒക്ക്വോ ''.

'' ഞങ്ങളൊക്കെ അതോണ്ടല്ലേ കഴിയിണത് ''.


'' തിരുമേനിക്ക് നട വരായ ഉണ്ട്. മാല കെട്ടുന്നതിന്ന് വാരസ്യാര്‍ക്കും എന്തെങ്കിലും കിട്ടും. കൊട്ടുകാരന് എന്താ ഉള്ളത് ''.


'' അതനുസരിച്ചുള്ള പണിയല്ലേ ഉള്ളൂ ''.

'' പണി കൂടിയാലും വേണ്ടില്ല, വരുമാനം വേണം. മണ്ഡല കാലത്ത് വിളക്കെഴുന്നെള്ളിപ്പിന്ന് നാദസ്വരക്കാര് വരാറുണ്ട്. മൂന്നേ മൂന്ന് പ്രദക്ഷീണത്തിന്ന് ഒപ്പം നടക്ക്വേ വേണ്ടു. നദസ്വരക്കാരനും തകിലുകാരനും മുന്നൂറ് ഉറുപ്പിക വെച്ച് കൊടുക്കും. കൊട്ടുകാരനോ. മറ്റുള്ളോരടെ ഒപ്പം പുലര്‍ച്ചെ അമ്പലത്തിലെത്തണ്ടേ. ഉച്ച വരെ അവിടെ നിക്കണോ. വൈകുന്നേരം ചെന്നാല്‍ രാത്രി വരെ ഉണ്ടാവണ്ടേ. അങ്ങിനെ മുപ്പത് ദിവസം പണിതാല്‍
കിട്ടിണത് എന്താ ''.

'' വരുമ്പടി മാത്രം നോക്കരുത്. ഈശ്വരസേവയില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും ഉണ്ടോ. ആ പുണ്യം വേറെന്ത് ചെയ്താലാ കിട്ട്വാ ''.


'' കിട്ട്യേ പുണ്യം കണ്ടില്ലേ. പരാശ്രയം കൂടാതെ കഴിയാന്‍ പറ്റാണ്ടായി. എന്ത് വന്നാലും അനൂനെ ഞാന്‍ ആ പണിക്ക് അയയ്ക്കില്ല. ഒരാള് ദൈവത്തിനെ പ്രസാദിപ്പിച്ചത് തന്നെ ധാരാളായി ''.


'' എന്നാല്‍ ഇനി ഞാനൊന്നും പറയിണില്യാ ''. നമ്പൂതിരി യാത്ര പറഞ്ഞ് ഇറങ്ങി.

**********************************************

കോട്ടമൈതാനത്തെ പതിവ് താവളത്തില്‍ സുഹൃത്തുക്കള്‍ കൂടിയിരിക്കുകയായിരുന്നു. വര്‍ത്തമാനം
പറയുന്നതിന്നിടെ പ്രദീപിന്‍റെ മൊബൈലില്‍ കാള്‍ വന്നു. അവന്‍ എടുത്തു നോക്കി.

'' മാനേജരാണ്. ശബ്ദം ഉണ്ടാക്കരുത്. പറയുന്നത് നിങ്ങളൊക്കെ കേട്ടോളിന്‍ '' അവന്‍ ലൌഡ് സ്പീക്കര്‍ ഓണാക്കി.

'' ഗുഡ് മോണിങ്ങ് സാര്‍ '' അവന്‍ പറഞ്ഞു.

'' ഗുഡ് മോണിങ്ങ്. നീ ഇപ്പോള്‍ എവിടെയാണ് '' മാനേജറുടെ ശബ്ദം എല്ലാവര്‍ക്കും കേള്‍ക്കാം .

'' ഞാന്‍ മണ്ണാര്‍ക്കാട് ആര്യമ്പാവ് എന്ന സ്ഥലത്താണ് '' പ്രദീപ് തട്ടി വിട്ടു.

'' എന്താ അവിടെ ''.

'' ഒരാള് ഡെപ്പോസിറ്റ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. അയാള് വരുന്നതും നോക്കി നില്‍ക്കുകയാണ് ''


'' ആരാ ആള് ''.


'' ഒരു ഗള്‍ഫ് പാര്‍ട്ടിയാണ്. രണ്ട് ലക്ഷം ചെയ്യാന്ന് പറഞ്ഞിട്ടുണ്ട് ''.

'' വെരി ഗുഡ്. എങ്ങിനേയാ നീ ആളെ പരിചയപ്പെട്ടത് ''.


'' എന്‍റെ ഒരു കൂട്ടുകാരന്‍റെ ബന്ധുവാണ്. പാര്‍ട്ടി ഇന്നലെ എത്തിയിട്ടേയുള്ളു. വല്ലവരും ക്യാന്‍വാസ്സ് ചെയ്യുന്നതിന്ന് മുമ്പ് പിടിക്കണം എന്ന് വിചാരിച്ച് കാലത്തേ പോന്നതാണ്. ഊണും കൂടി കഴിച്ചിട്ടില്ല ''.

'' നിന്‍റെ കൂട്ടുകാരന്‍ അടുത്തുണ്ടോ ''.


'' പാര്‍ട്ടിയെ കൂട്ടീട്ട് വരാന്‍ അവന്‍ എന്‍റെ ബൈക്കുംകൊണ്ട് പോയി ''.

'' അവനെ നല്ലോണം സോപ്പിട്ടോ. പാര്‍ട്ടിക്ക് എല്ലാ സ്കീമുകളും പറഞ്ഞ് മനസ്സിലാക്കണം. വേണച്ചാല്‍ ഞാന്‍ വരാം ''.

'' സാറ് ബുദ്ധിമുട്ടണ്ടാ. ഞാന്‍ കൈകാര്യം ചെയ്തോളാം ''.

'' പാര്‍ട്ടി വന്നാല്‍ എന്നെ വിളിക്ക്. ഞാന്‍ കൂടി സംസാരിക്കാം ''.

'' ഓക്കെ ''.

'' എന്നാല്‍ ശരി ''. ഫോണ്‍ കട്ടായി.

'' നോക്കെടാ ആ പഹയന്‍റെ ബുദ്ധി. അവന് പാര്‍ട്ടിടെ അടുത്ത് സംസാരിക്കണംന്ന്. അതിന് വഴീണ്ട് ''.

'' അസാദ്ധ്യ സാധനം തന്നെ നീ '' സുമേഷ് പറഞ്ഞു '' നുണ അടിച്ചു വിടാന്‍ നിന്നെപ്പോലെ ആര്‍ക്കും പറ്റില്ല. അത് പോട്ടെ. നീ എന്താ വഴി കണ്ടിരിക്കുന്നത് ''.

'' അതോ, ഒരു പാര്‍ട്ടി ഉണ്ട്. അയാളുടെ പേര് ഇബ്രാഹിം. ദുബായിയില്‍ സ്വന്തം ബിസിനസ്സ്ചെയ്യുന്ന ആള്‍. ഇന്നലെ വന്നതേയുള്ളു. കുറച്ച് കാശ് അയാള്‍ ഡെപോസിറ്റ് ചെയ്യും. പക്ഷെ ഒരു കണ്ടീഷന്‍. അടുത്ത മാസം
ഇരുപത്തേഴാം തിയ്യതി അയാളുടെ പെങ്ങളുടെ കല്യാണമാണ്. അത് കഴിഞ്ഞിട്ടേ ഡെപ്പോസിറ്റ് ചെയ്യുള്ളു ''.

'' ആരാടാ നീ പറയുന്ന ഇബ്രാഹിം '' ശെല്‍വന്‍ ചോദിച്ചു '' അയാള് വിചാരിച്ചാല്‍ വിസ വല്ലതും കിട്ട്വോ ''.

'' പോടാ പോത്തേ. അങ്ങിനെ ഒരാളൊന്നും ഇല്ല ''.

'' പിന്നെ എങ്ങിനേയാ നിന്‍റെ മാനേജര് ആ പാര്‍ട്ടിയോട് സംസാരിക്കുക ''

''പത്ത് മിനുട്ട് കഴിഞ്ഞാല്‍ ഞാന്‍ ആ കൊരണ്ടി മാനേജരെ വിളിക്കും. നിങ്ങള് ആരെങ്കിലും ഒരാള്‍ ഞാനാ ഇബ്രാഹിം എന്നും പറഞ്ഞ് അയാളോട് സംസാരിച്ചാല്‍ മതി ''.

'' ബെസ്റ്റ് ഐഡിയ. പക്ഷെ എന്നെക്കൊണ്ട് ആവില്ല '' സുമേഷ് പറഞ്ഞു. ചുരുക്കത്തില്‍ സംഘത്തിലാര്‍ക്കും മാനേജറോട് സംസാരിക്കാന്‍ വയ്യ.

'' ഒരൊറ്റൊന്നിന്ന് ധൈര്യം ഇല്ല. നോക്കിക്കോ. ഞാന്‍ അലിയെ വിളിക്കും. അവന്‍ പുല്ലു ചവറുപോലെ സംസാരിക്കുന്നത് കണ്ടോളിന്‍ ''.

'' ആരാടാ ഈ അലി '' ശെല്‍വന്‍ അടുത്ത ചോദ്യം ചോദിച്ചു. '' മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക് ഷോപ്പിലെ പയ്യന്‍. അവന്‍ ഇമ്മാതിരി പരിപാടിക്ക് മിടുക്കനാ ''.

'' എടാ പ്രദീപേ, എത്ര കാലം നിനക്ക് ഇങ്ങിനെ നുണ പറഞ്ഞ് പിടച്ച് നില്‍ക്കാന്‍ പറ്റും '' റഷീദ് ചോദിച്ചു '' കമ്പിനിക്കാര് ഇത് അറിഞ്ഞാല്‍ അന്ന് നിന്‍റെ പണി പോവില്ലേ ''.

'' അതിന് ഞാന്‍ പണിക്ക് നിന്നിട്ട് വേണ്ടേ. കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാറായി. ഈ മാസത്തേതും കൂടി കിട്ടിയാല്‍ എനിക്കൊരു നല്ല മൊബൈല്‍ വാങ്ങാന്‍ പറ്റും. പിന്നെ ഞാന്‍ പണിക്ക് പോവില്ല ''.

'' അതെന്താടാ ''.

''ആരെക്കൊണ്ടാവുന്ന് കണ്ണില്‍ കണ്ടവനോട് ഇരന്ന് കമ്പിനിക്ക് മുതലുണ്ടാക്കാന്‍ '' പ്രദീപ് പറഞ്ഞു '' അത് കൂടാതെ ആനക്കൊട്ട ഇന്‍ററസ്റ്റ് കൊടുക്കാന്ന് ആള്‍ക്കാരോട് പറയുന്നുണ്ട്. കമ്പിനി കൊടുക്ക്വോ ഇല്ലയോ എന്ന് നമുക്കറിയ്യോ. എന്തിനാ വേണ്ടാത്ത പരിപാടിക്ക് നില്‍ക്കുന്നത് ''.

'' എന്നിട്ട് എന്താ നിന്‍റെ പിന്നത്തെ പരിപാടി '' സുമേഷ് ചോദിച്ചു.

'' ഇതുപോലെയൊക്കെ തന്നെ. രാവിലെ എണീറ്റ് കാപ്പി കുടി കഴിഞ്ഞ് ഇറങ്ങും. വട്ടത്തിരിഞ്ഞ് നടന്ന് ഉച്ചയാവുമ്പൊ വീട്ടില്‍ ചെന്ന് ഉണ്ണും. ഇങ്ങോട്ട് പോരും. നിങ്ങളുടെ കൂടെ സൊള്ളിക്കൊണ്ടിരിക്കും.
പിന്നെ വീട്ടില്‍ ചെല്ലും. സുഖമായി കിടന്നുറങ്ങും ''.

'' മതി മതി . ഇനി നീ പറയണ്ടാ '' റഷീദ് വിലക്കി.

6 comments:

 1. നന്നായിട്ടുണ്ട്. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ആശംസകള്‍!

  ReplyDelete
 2. ആനക്കൊട്ട ഇന്‍ററസ്റ്റ് കൊടുക്കാന്ന് ആള്‍ക്കാരോട് പറയുന്നുണ്ട്. കമ്പിനി കൊടുക്ക്വോ ഇല്ലയോ എന്ന് നമുക്കറിയ്യോ. എന്തിനാ വേണ്ടാത്ത പരിപാടിക്ക് നില്‍ക്കുന്നത് ''.
  ദാസേട്ടാ പോലീസു പിടിക്വോ........

  ReplyDelete
 3. നന്നായിട്ടുണ്ട്.ഇപ്പോഴാണു ഞാന്‍ കാണുന്നത്. എല്ലാ ആശംസകളും..

  ReplyDelete
 4. ഞാന്‍ : ഗന്ധര്‍വ്വന്‍ ,
  വളരെ നന്ദി.
  പൊന്മളക്കാരന്‍ ,
  ഏയ്. പൊലിസൊന്നും പിടിക്കില്ല. വെറും ഒരു സംശയം അത്രയല്ലേയുള്ളു.
  Manickethar,
  കുറച്ചായി തുടങ്ങിയിട്ട്. ആഴ്ച തോറും ഓരോ അദ്ധ്യായം എഴുതണമെന്നുണ്ട്.

  ReplyDelete
 5. പിള്ളേര് കൊള്ളാല്ലോ..

  ReplyDelete
 6. ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ക്ക് പറയാല്ലോ.പാവം പിള്ളേര്‍ എവിടെ പോയി ആളെ പിടിക്കാനാ?

  ReplyDelete