Monday, August 29, 2011

നോവല്‍ - അദ്ധ്യായം - 17.

'' തമ്പുരാട്ട്യേ, ഒരു കോണി കിട്ട്വോ. ഈ കുതിരേമ്പില്‍ കേറിയാല് ചുമരിന്‍റെ മോളിലിക്ക് എത്തില്ല ''.

വീടിന്‍റെ പുറം ചുവരുകളില്‍ വെള്ള സിമിന്‍റ് അടിക്കാനുള്ള ഒരുക്കത്തിലാണ് പാറു. വീടു പണി സമയത്ത് തല്ലിത്തറച്ച് ഉണ്ടാക്കിയതാണ് നാലടിയോളം പൊക്കം വരുന്ന കുതിര എന്ന അല്‍പ്പം വലുപ്പം കൂടിയ സ്റ്റൂള്‍. വീടിനകത്തെ പണികള്‍ക്ക് അത് ഉയരം മതിയാവും , പക്ഷെ പുറത്തേക്ക് അത് പോരാ.

'' വാരിയത്ത് ചെന്നാല്‍ കോണി കിട്ടും '' ഇന്ദിര പറഞ്ഞു '' ഞാന്‍ പോയി കൊണ്ടു വരാം ''.

'' തമ്പുരാട്ടി പോണ്ടാ. ഞാന്‍ പൊയ്ക്കോളാം '' പാറു പറഞ്ഞു '' ഇവിടേക്കാണെന്ന് പറഞ്ഞാല്‍ തരില്ലേ ''.

'' എന്താ തരാണ്ടേ '' എന്ന് ഇന്ദിര പറഞ്ഞതും പാറു പോയി. പുറത്തെ ചുമരില്‍ പാശാറ് പിടിച്ചിരിക്കുന്നു. അത് ചുരണ്ടി കളഞ്ഞ് കഴുകിയ ശേഷം വേണം വൈറ്റ് സിമിന്‍റ് അടിക്കാന്‍. ഇന്ദിര വെള്ളം കോരി ചുമര് കഴുകാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞിട്ടാണ് പാറു എത്തിയത്.

'' വാരസ്യാര് തമ്പുരാട്ടി ഇരിക്കക്കുത്തി വീണീരിക്കുന്നു. കണ്ണു കാണാത്ത തമ്പുരാനാണ് അടുപ്പ് കത്തിച്ച് ചോറും കൂട്ടാനും വെക്കുന്നത്. കണ്ടപ്പൊ സങ്കടം തോന്നി '' അവള്‍ പറഞ്ഞു '' ഒരു കുടം വെള്ളം മുക്കി എച്ചിപ്പാത്രങ്ങള്‍ മോറി കൊടുത്തിട്ടാ ഞാന്‍ പോന്നത്. അതാ ഇത്തിരി നേരം വൈകീത് ''.

'' അത് നീ ചെയ്തത് നന്നായി '' ഇന്ദിര പറഞ്ഞു '' വയസ്സായാല്‍ എല്ലാവരുടേയും സ്ഥിതി ഇതന്നെ. കയ്യിനും കാലിനും ഒരു നിതാനം കിട്ടില്ല. ചിലപ്പൊ തട്ടി തടഞ്ഞ് വീഴും. ആട്ടെ, അധികം വല്ലതൂണ്ടോ ''.

'' ഏയ്. അത്രയ്ക്കൊന്നൂല്യ. തമ്പുരാട്ടി ഉമ്മറത്ത് തൈലം പുരട്ടിക്കൊണ്ട് ഇരിക്കിണുണ്ട് ''.

'' വല്ലതും വേണോ ആവോ. ഞാന്‍ ഒന്ന് പോയി നോക്കീട്ട് വരട്ടെ '' ഇന്ദിര ഇറങ്ങാനൊരുങ്ങി '' എന്‍റെ ദുരിതൂം കഷ്ടപ്പാടും കണ്ടിട്ട് ദിവസൂം കുറച്ച് പൂവ് ഉണ്ടാക്കിക്കൊണ്ടു വന്നു താ, ഞാന്‍ നിനക്ക് വല്ലതും തരാം എന്നും പറഞ്ഞ് സഹായിക്കിണ ആളാണേ ''.

'' പേടിക്കാനൊന്നൂല്യാ. ഉച്ചയ്ക്ക് പോയാല്‍ മതി '' എന്ന് പാറു പറഞ്ഞുവെങ്കിലും ഇന്ദിര അത് കേട്ടില്ല. ഒരു പാട്ടയില്‍ വൈറ്റ് സിമിന്‍റ് കലക്കി പാറുവിനെ ഏല്‍പ്പിച്ച ശേഷം അവര്‍ വാരിയത്തേക്ക് നടന്നു. പത്ത് മിനുട്ട് കഴിഞ്ഞതും ഇന്ദിര തിരിച്ചെത്തി.

'' ഞാന്‍ ഇത്തിരി ചൂടുവെള്ളം മുക്കി പിടിച്ചു കൊടുത്തു '' അവര്‍ പറഞ്ഞു '' ഇപ്പോള്‍ എണീക്കാറായി '' .

'' ആ തമ്പുരാട്ടിക്ക് ഒറ്റ മകളല്ലേ ഉള്ളു '' പാറു ചോദിച്ചു '' കണ്ണ് കാണാത്ത അമ്മാമന്‍റെ അടുത്ത് ആ തള്ളയെ ഏല്‍പ്പിച്ച് എന്തിനാ ആ കുട്ടി അന്യ നാട്ടില്‍ തന്നെ കഴിയിണത് ''.

'' അവളുടെ കഥ നിനക്ക് അറിയിണതല്ലേ '' ഇന്ദിര ചോദിച്ചു.

'' ഒറപ്പിച്ച കല്യാണം മുടങ്ങീതിന്‍റെ നാണക്കേട് ഇത്ര കാലം ആയിട്ടും തീരാണ്ടിരിക്ക്യാണോ, തമ്പുരാട്ട്യേ. എത്ര കൊല്ലായി അതൊക്കെ കഴിഞ്ഞിട്ട് ''.

'' കല്യാണം മുടങ്ങിയതിന്‍റെ പേരില് അവളുടെ അച്ഛന്‍ മരിച്ചതോ. അവള്‍ക്കത് മറക്കാന്‍ കഴിയ്യോ ''.

'' വാരര് തമ്പുരാന്‍ കാട്ടീത് പുത്തിമോശാണ് എന്നാ നാട്ടിലൊക്കെ ആ കാലത്തെ സംസാരം. ഒന്നാമത് അവനോന്‍റെ നിലയ്ക്ക് ഒത്ത സ്ഥലത്തിക്കേ മകളെ കെട്ടിച്ചു കൊടുക്കാന്‍ പുറപ്പെടാവൂ. മകള്‍ക്ക് വലിയ ഡോക്ടറെത്തന്നെ നോക്കി. തിടുക്കം കൂട്ടി കല്യാണൂം ഉറപ്പിച്ചു. ഒടുക്കം അയാള് ഒഴിഞ്ഞു മാറി. അതിന്ന് വണ്ടിടെ മുമ്പില് ചാടിചാവണ്ട കാര്യം ഒന്നൂല്യാ. ഇതൊക്കെ മുമ്പ് നടക്കാത്ത കാര്യം വല്ലതും ആണോ '' പാറു പറഞ്ഞു '' ആ തമ്പുരാന്‍ തീവണ്ടീല്‍ പെട്ട് ചത്തത് എനിക്ക് ഇപ്പഴും നല്ല ഓര്‍മ്മീണ്ട്. ശവം കാണാന്‍ ഞാന്‍ പോയതാണ്. തണ്ടപാളയത്തിന്‍റെ ഓരത്ത് മട്ട മലച്ച് കിടക്ക്വായിരുന്നു മൂപ്പര്. കണ്ടം തുണ്ടം ആയി മുറിഞ്ഞിട്ടൊന്നും ഇല്ല. തലേലാ അടി പറ്റീത് ''.

'' എല്ലില്ലാത്ത നാവോണ്ട് ആര്‍ക്കും എന്തും പറയാലോ. എന്താ സംഗതി എന്ന് അന്വേഷിക്കും കൂടി വേണ്ടാ '' ഇന്ദിര നെടുവീര്‍പ്പിട്ടു '' ആദ്യം തൊട്ട് ഒടുക്കം വരെ സകല കാര്യത്തിനും ഞാന്‍ സാക്ഷിയാണ്. അതോണ്ട് എല്ലാ കാര്യൂം എനിക്കറിയാം. വാരര് മാമന്‍ ഒരു സാധു ആയിരുന്നു. നാട്ടുകാരുടെ മുഖത്ത് ഇനി മേലാല് എങ്ങിനെ നോക്കുംന്ന് വിചാരിച്ച് ചെയ്ത കടുംകയ്യാണ് ''.

'' എന്താ തമ്പുരാട്ട്യേ ആ കുട്ടിടെ കല്യാണം മുടങ്ങാന്‍ കാരണം ''.

'' എന്‍റെ അനൂപിന്ന് ഒന്നര വയസ്സ് പ്രായം ഉള്ളപ്പഴാ വാരര് മാമന്‍ മരിച്ചത് '' ഇന്ദിര പറഞ്ഞു തുടങ്ങി. ഇരുപത് കൊല്ലത്തിലേറെ പുറകിലേക്ക് അവളുടെ മനസ്സ് നീന്തി ചെന്നു. അവിടെ സാവിത്രി വിവാഹദിനവും കാത്ത് സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്. അച്ഛന്‍റെ വകയിലെ ഒരു മരുമകന്‍ രാജനാണ് വരന്‍. പ്രായം ചെന്ന അമ്മയല്ലാതെ മറ്റു ബന്ധുക്കളാരും രാജന് ഉണ്ടായിരുന്നില്ല. സാവിത്രിയുടെ അച്ഛനാണ് രണ്ടാളേയും സംരക്ഷിച്ചിരുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന രാജനെ തന്‍റെ കഴിവിനും അപ്പുറത്ത് എത്തിക്കാന്‍ വാരിയര്‍ കൊതിച്ചിരുന്നു. അതാണ് രാജനെ ഡോക്ടറാക്കാന്‍ പുറപ്പെട്ടത്. ഉണ്ടായിരുന്ന സ്വത്ത് മുഴുവന്‍ വിറ്റു തീര്‍ന്നിട്ടും പഠനം മുഴുമിക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം പഠിപ്പിനായി അന്യന്‍റെ സഹായം തേടേണ്ടി വന്നു. രാജന്‍ ഡോക്ടറായി കഴിഞ്ഞാല്‍ കടം വീട്ടാമെന്ന പ്രതീക്ഷയായിരുന്നു മനസ്സില്‍. വക്കീല്‍ ശങ്കര വാരിയര്‍ ഒരു മടിയും
കൂടാതെ വാരിക്കോരി സഹായം നല്‍കി. അദ്ദേഹത്തിന്‍റെ ഉദാര മനസ്കതയോര്‍ത്ത് വാരര് മാമന്ന് അത്ഭുതം തോന്നിയിരുന്നു. പക്ഷെ അയാളുടെ യഥാര്‍ത്ഥ മുഖം പിന്നീടാണ് കാണുന്നത്. പഠിപ്പ് കഴിഞ്ഞതും രാജനും സാവിത്രിയുമായുള്ള വിവാഹം നിശ്ചയിച്ചു. കല്യാണത്തിന്ന് വക്കീലിനെ ക്ഷണിക്കാന്‍ ചെന്നതായിരുന്നു വാരര് മാമന്‍.

'' ആരോട് ചോദിച്ചിട്ടാടോ താന്‍ ഈ കല്യാണം നിശ്ചയിച്ചത് '' എന്ന ചോദ്യം വാരര് മാമന്ന് മനസ്സിലായില്ല. രാജന്‍റെ പഠിപ്പിന്ന് ഒരുപാട് സഹായം ചെയ്ത ആളാണ്. കല്യാണക്കാര്യം മുന്‍കൂട്ടി പറയേണ്ടതായിരുന്നു. അത് ഓര്‍ത്തില്ല. വലിയ ആള്‍ക്കാരല്ലേ. അവര്‍ക്ക് പെട്ടെന്ന് നീരസം തോന്നും. എന്താണ് പറയേണ്ടത് എന്ന് അറിയാതെ നിന്നു.

'' എങ്ങിനെയാണ് അയാള്‍ ഡോക്ടറായത് എന്ന് തനിക്ക് ഓര്‍മ്മയില്ലേ. കയ്യയച്ച് ഞാന്‍ വാരിക്കോരി തന്നിട്ടാ. പണം മുടക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ എന്തെങ്കിലും കാരണം കാണും. അല്ലാതെ ആര്‍ക്കും ഞാന്‍ ഔദാര്യം കാണിക്കാറില്ല '' എന്ന് വക്കീല്‍ പറഞ്ഞപ്പോള്‍ എന്തോ പന്തികേട് തോന്നി.

'' എന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ ചെയ്യാം '' വാരിയര്‍ കൈകൂപ്പി.

'' വേണ്ടത് അവനെയാണ്. എന്‍റെ മകള്‍ക്ക് ഭര്‍ത്താവായിട്ട് . അത് മനസ്സില്‍ കണ്ടിട്ടാണ് പഠിക്കാനുള്ള ചിലവ് ഞാന്‍ ചെയ്തത് ''.

'' അങ്ങിനെ പറയരുത്. ഒക്കെ നിശ്ചയിച്ചു. നാട് മുഴുവന്‍ അറിയിക്കും ചെയ്തു '' വാരര് മാമന്‍ തേങ്ങി.

'' അതൊന്നും എനിക്കറിയണ്ടാ. ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ ഞാന്‍ അത് നടത്തും. ഈ പറയുന്നത് വില വെക്കാതെ എന്തെങ്കിലും ചെയ്താല്‍ കല്യാണത്തിന്ന് താലി കെട്ടാന്‍ അവന്‍ ജീവനോടെ വരില്ല ''.

കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങി വന്ന വാരര് മാമന്‍ പകല്‍ മുഴുവന്‍ ഒരേ കിടപ്പായിരുന്നു. ഒരാളോടും ഒന്നും പറഞ്ഞില്ല. വൈകുന്നേരമാണ് രാമേട്ടനെ കാണാനെത്തിയത്.

'' അയാള് എന്തോ പറയട്ടെ. അതൊന്നും കണക്കാക്കണ്ടാ. രാജന്‍ നമ്മളുടെ കൂടെ നില്‍ക്ക്വോലോ. അത് മതി. ഞാന്‍ ഇപ്പോള്‍ത്തന്നെ പോയി രാജനോട് സംസാരിക്കാം '' വിവരങ്ങള്‍ അറിഞ്ഞതും രാമേട്ടന്‍ വാരര് മാമനെ സമാധാനിപ്പിച്ചു. രാമേട്ടന്‍ അപ്പോള്‍ത്തന്നെ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ പായയിട്ട് രാമേട്ടന്‍ തിരിച്ചു വരുന്നതും കാത്ത് വാരര് മാമന്‍ കിടന്നു.

രാമേട്ടന്‍ തിരിച്ചു വന്നത് സന്തോഷത്തോടെയായിരുന്നില്ല. മൂപ്പര് ഒന്നും പറയുന്നില്ല. അപ്പോഴേ മനസ്സില്‍ സംശയം തോന്നി.

'' എന്താ അവനെ കണ്ടില്ലേ '' വാരര് മാമന്‍ ചോദിച്ചു.

'' അമ്മാമേ ഇനി നമ്മള് ആ കാര്യം ആലോചിക്കണ്ടാ '' രാമേട്ടന്‍ പറഞ്ഞു '' വലിയ ആളുകളെ പിണക്കിയിട്ട് സമാധാനമായി കഴിയാന്‍ പറ്റില്ല എന്നാണ് രാജന്‍ പറയുന്നത് ''.

വാരര് മാമന്‍ പിന്നെ ഒന്നും പറഞ്ഞില്ല.

'' നിന്നെ ഞാന്‍ ഒരു മകനെപ്പോലെയാണ് കണ്ടിട്ടുള്ളത് '' പോവാന്‍ നേരം അദ്ദേഹം പറഞ്ഞു '' എനിക്ക് എന്തെങ്കിലും പറ്റിയാല്‍ നീ സാവിത്രിയെ സ്വന്തം പെങ്ങളെപ്പോലെ നോക്കണം ''.

അപ്പോഴും ഇങ്ങിനെയൊരു അബദ്ധം കാണിക്കും എന്ന് കരുതിയില്ല. ഇന്ദിര പറഞ്ഞു നിര്‍ത്തി.

'' എന്നിട്ട് അയാള് വക്കീലിന്‍റെ മകളെ കെട്ട്യോ '' പാറു ചോദിച്ചു.

'' ഉവ്വ്. പക്ഷെ ഡോക്ടറുടെ അമ്മ അതിന്ന് ഉണ്ടായിരുന്നില്ല. മാമന്‍ മരിച്ച പുല കഴിയും മുമ്പ് അവര് വിഷം കഴിച്ചു മരിച്ചു ''.

'' തള്ള ചത്താലെന്താ. പണക്കാരന്‍റെ മകളെ കെട്ടി സുഖമായി കഴിയാറായല്ലോ ''.

'' എന്ത് സുഖം. രണ്ടാളും തമ്മില്‍ എന്നും ചേരില്ല. അയമ്മ വീട്ടിലെ ഡ്രൈവറുടെ കൂടെ പോയി കുറെ നാള് കഴിഞ്ഞിട്ടാണ് മടങ്ങി വന്നത് ''.

'' എന്നിട്ട് അയാള് അവളെ തീര്‍ത്തില്ലേ ''.

'' ഇല്ല. കണ്ടില്ലാന്ന് നടിച്ച് ജീവിക്കുന്നു ''.

'' ഇന്ദിരേ, കുറച്ച് വെള്ളം കുടിക്കാന്‍ തര്വോ '' അകത്തു നിന്നും രാമകൃഷ്ണന്‍റെ ശബ്ദം കേട്ടു. സംഭാഷണം നിര്‍ത്തി അവള്‍ അടുക്കളയിലേക്ക് നടന്നു.

***************************************

'' ഇന്നാടാ നീ ചോദിച്ച പതിനായിരം രൂപ '' പ്രദീപ് ശെല്‍വന് പണം കൈ മാറി '' ഇതുകൊണ്ട് നിന്‍റെ ആവശ്യം തീര്വോടാ ''.

'' തല്‍ക്കാലം വീണ ഭാഗം ഒന്നു മേഞ്ഞു നിര്‍ത്തണം. എന്തായാലും അധികം വൈകാതെ വീട് വില്‍ക്കേണ്ടി വരും ''.

'' അതെന്താ ''.

'' ചേച്ചിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. നടക്കും എന്ന് തോന്നുന്നു ''.

'' അത് നന്നായി. എവിടുന്നാ വരന്‍ ''.

'' ഒട്ടന്‍ഛത്രത്തില്‍ നിന്ന് കുറച്ചും കൂടി ദൂരം പോണം. വരന്‍റെ വീട്ടുകാര്‍ വലിയ പൈസക്കാരാണ്. ഞങ്ങളുടെ നിലയ്ക്ക് കിട്ടാത്ത ഒരു ബന്ധം. പെണ്ണ് ഡോക്ടറാണ് എന്ന് കേട്ടതും അവര്‍ക്ക് മറ്റൊന്നും വേണ്ടാ. അല്ലെങ്കില്‍ ഇതിനെക്കുറിച്ച് ആലോചിക്കാനും കൂടി പറ്റില്ല. ഞങ്ങളുടെ സമുദായത്തിന്ന് ഇതുപോലെ നല്ലൊരു ബന്ധം കിട്ടാന്‍ കൊടുക്കേണ്ട സ്വത്തും മുതലും ഞങ്ങള്‍ക്കുണ്ടോ. പക്ഷെ ഒറ്റ കുറവേ ഉള്ളു ''.

'' എന്താടാ അത് ''.

'' പയ്യന് അവളുടെ അത്ര പഠിപ്പില്ല. ഡിപ്ലോമയേ ഉള്ളു ''.

'' അത് കണക്കാക്കണ്ടാ. ചെക്കന് പണി വല്ലതും ഉണ്ടോ ''.

'' സ്വന്തം കമ്പിനി ഉണ്ട്. അതില്‍ സൂപ്പര്‍വൈസറാണ് ''.

'' പിന്നെന്താടാ ആലോചിക്കാന്‍. വേഗം നടത്തി വിട് ''.

'' അതിന്ന് മുമ്പ് ഒരു വീട് വാടകയ്ക്ക് എടുക്കണം. കുറച്ചു ഫര്‍ണ്ണിച്ചര്‍ വാങ്ങണം. അവള്‍ക്ക് നല്ല ഡ്രസ്സ് വാങ്ങണം. പെണ്ണു കാണാന്‍ ആള്‍ക്കാര് വരുമ്പൊ കണ്ണില്‍ പിടിക്കണ്ടേ ''.

'' വാടകക്ക് ഒരു വീട് ഞാന്‍ ഏര്‍പ്പാടാക്കി തരാം. എന്‍റെ ഒരു പരിചയക്കാരന്‍ ബ്രോക്കറുണ്ട്. രണ്ടു മാസത്തെ വാടക കമ്മീഷന്‍ കൊടുക്കണം. ഫര്‍ണ്ണിച്ചര്‍ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങിത്തരാം. തുണി വാങ്ങുമ്പൊ പറഞ്ഞോ. മൂന്ന് നാല് ടെക്സ്റ്റൈല്‍ ഷോറൂമുകളിലെ ഫ്ലോര്‍ മാനേജര്‍മാര്‍ എന്‍റെ കൂട്ടുകാരാണ്. ഡിസ്ക്കൌണ്ട് വാങ്ങി തരാം ''.

'' തുണി വാങ്ങുമ്പോള്‍ ഡിസ്ക്കൌണ്ടോ '' ശെല്‍വന്‍ അത്ഭുതപ്പെട്ടു.

'' നിങ്ങളൊക്കെ ഏത് ലോകത്തിലാ ജീവിക്കുന്നത്. കമ്മീഷനും ഡിസ്ക്കൌണ്ടും ഇല്ലാത്ത ഏടവാടുണ്ടോ നാട്ടില്. കല്യാണത്തിനൊക്കെ തുണി വാങ്ങാന്‍ നമ്മളുടെ കേറോഫില്‍ ആരേയെങ്കിലും അയച്ചാല്‍ നമുക്ക് ഒരു പെര്‍സന്‍റ് കമ്മിഷന്‍ തരുന്ന ഷോപ്പുകാരുണ്ട്, അറിയോടാ നിനക്ക് ''.

'' നീ എന്‍റേന്ന് കമ്മിഷന്‍ വാങ്ങരുത് കേട്ടോ '' ശെല്‍വന്‍ പറഞ്ഞു '' അതിനൊക്കെ മുമ്പ് ഒരു ദിവസം നീ വീട്ടില്‍ വരണം. അമ്മ നിന്നെ അന്വേഷിച്ചു ''.

'' എന്നാ വേണ്ടത്ച്ചാല്‍ പറഞ്ഞോ. ഞാന്‍ റെഡി ''.

കോട്ടമൈതാനത്തേക്ക് കൂട്ടുകാര്‍ ഓരോരുത്തരായി വന്നു തുടങ്ങിയതോടെ ആ സംഭാഷണം നിന്നു.






4 comments:

  1. ഗ്രാമത്തിന്റെ നേർക്കാഴ്ചകൾ.. ഭംഗിയായി വരച്ചു ചേർത്തിരിക്കുന്നു....
    അഭിനന്ദനങ്ങൾ.

    ReplyDelete
  2. വായിച്ചുകൊണ്ടെ ഇരിക്കുന്നു!!
    ആശംസകള്‍!

    ReplyDelete
  3. ponmalakkaran / പൊന്മളക്കാരന്‍ ,

    വളരെ നന്ദി.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,

    സന്തോഷം. യാത്ര വിവരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. പറഞ്ഞപോലെ. തുണി വാങ്ങിയാലും കമ്മീഷന്‍?

    ReplyDelete