Sunday, September 11, 2011

നോവല്‍ - അദ്ധ്യായം - 18.

നേരം രാവിലെ പതിനൊന്ന് മണി. അനൂപ് ആസ്പത്രി വരാന്തയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുകയാണ്. പൊടുന്നനെ മൊബൈല്‍ ഇളകി. മെസ്സേജ് ആണ്. മൊബൈലില്‍ വന്ന സന്ദേശം അവന്‍ വായിച്ചു.

'' യു നൊ യുവര്‍ ടാര്‍ജറ്റ് ഫോര്‍ ദി മന്ത് ഈസ് എയ്റ്റിഫൈവ് തൌസന്‍ഡ്, ബട്ട് യൂ ഹാവ് സോ ഫാര്‍ അച്ചീവ്ഡ് സിക്സ്റ്റി ടു ഓണ്‍ലി. ഫോര്‍ മോര്‍ ഡെയ്സ് ആര്‍ ലെഫ്റ്റ് ബിഹൈന്‍ഡ്. ഹറി അപ്പ് അന്‍ഡ് അച്ചീവ് യുവര്‍ ടാര്‍ജറ്റ് ''.

അനൂപിന്ന് ജോലി ചെയ്യാനുള്ള ഉത്സാഹം മുഴുവന്‍ തീര്‍ന്നു. എങ്ങിനെയാണ് ഈശ്വരാ ഈ മാസത്തെ ടാര്‍ജറ്റ് ഒപ്പിച്ചെടുക്കുക. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ടാര്‍ജറ്റ് എത്താതെ പോവുന്നത്. ഇങ്ങിനെ പോയാല്‍ ഒരു മാസം കൂടിയേ കമ്പിനിയില്‍ പിടിച്ചു നില്‍ക്കാനാവൂ. അതു കഴിഞ്ഞാല്‍ കമ്പിനി പറഞ്ഞു വിടും. മറ്റൊരു ജോലി അന്വേഷിച്ച് കിട്ടുന്നതുവരെ എന്തു ചെയ്യും ? എങ്ങിനെ കഴിഞ്ഞു കൂടും ? അച്ഛന്‍ കിടപ്പിലായതിന്ന് ശേഷം കിട്ടുന്ന ശമ്പളം കൊണ്ടാണ് കുടുംബം പുലരുന്നത്. അത് നിലച്ചാല്‍ ?


'' ഇയാളെന്താ അകത്ത് കേറുന്നില്ലേ '' വാതില്‍ക്കല്‍ ടോക്കണ്‍ വാങ്ങിക്കാന്‍ നില്‍ക്കുന്ന നേഴ്സ് ചോദിച്ചപ്പോള്‍ അനൂപ് ഉള്ളിലേക്ക് ചെന്നു.

****************************************************

ഉച്ചയാവാറായിട്ടും ആരേയും കാണാനില്ല. രാവിലെത്തന്നെ പോരണമെന്ന് തറവാട്ടിലെ എല്ലാവരോടും പറഞ്ഞതാണ്. പാല് കാച്ചുന്ന നേരത്ത് ആരും എത്തിയില്ല. രാവിലത്തെ ഭക്ഷണം ഏര്‍പ്പാടാക്കാഞ്ഞത് നന്നായി. ഉണ്ണാറാവുമ്പോഴേകും എത്തിയാല്‍ മതിയെന്ന് കരുതി ഇരിക്കുകയാവും അവരൊക്കെ. കെ. എസ്. മേനോന് വല്ലാത്ത വിഷമം തോന്നി. എല്ലാവരും ഉണ്ട് എന്ന് കരുതിയത് വലിയ പാളിച്ചയായി. ആവശ്യം വരുമ്പോഴാണല്ലോ മറ്റുള്ളവരുടെ തനി സ്വരൂപം മനസ്സിലാവുക. അയാള്‍ തളത്തിലെ ചാരുകസേലയിലേക്ക് ചാഞ്ഞു.

അരികിലായി ഗണപതി ഹോമത്തിന്ന് ഇഷ്ടികകൊണ്ട് തയ്യാറാക്കിയഹോമ കുണ്ഡവും, എണ്ണ തീര്‍ന്ന് കരിന്തിരി കത്തിയ നില വിളക്കും ഇരിപ്പുണ്ട്. കത്തി തീര്‍ന്ന ചന്ദനത്തിരി നിലത്ത്ചാരം വിതറിയിരിക്കുന്നു. കുഞ്ഞിക്കിണ്ണത്തിലെ ചന്ദനവും, താലത്തില്‍ വെച്ച പൂക്കളും, സ്റ്റീല്‍ തളികയിലെ പ്രസാദവുമെല്ലാം അങ്ങിനെത്തന്നെയിരിപ്പാണ്.

ഈ ലോകത്ത് താന്‍ ഒറ്റയ്ക്കാണ് എന്ന തോന്നല്‍ പൊടുന്നനെ കെ. എസ്. മേനോന്‍റെ ഉള്ളില്‍ ഉടലെടുത്തു. ജീവിതത്തിന്‍റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ഇവരില്‍ നിന്നൊക്കെ അകന്നാണ് കഴിഞ്ഞത്. ബന്ധുക്കളുടെ കൂടെ വയസ്സു കാലത്ത്കഴിഞ്ഞു കൂടണം എന്ന് ആഗ്രഹിച്ചത് തെറ്റായി. ഭാര്യയേയും മക്കളേയും വിട്ടു പോന്നത് അതിലേറെ അബദ്ധം.

പടിക്കല്‍ ഒരുവാഹനത്തിന്‍റെ ശബ്ദം കേട്ടു. കാറ്ററിങ്ങ്‌ സര്‍വീസുകാര്‍ എത്താനുള്ള സമയമായിട്ടുണ്ട്. ഉമ്മറത്ത് ചെന്നു നോക്കുമ്പോള്‍ അവര്‍ തന്നെ. ഓംനി വാനിന്‍റെ വാതില്‍ തുറന്ന് പാത്രങ്ങള്‍ എടുക്കുകയാണ്.

'' എവിടെയാണ് സാര്‍ ഇറക്കേണ്ടത് '' വലിയൊരു പാത്രം ചുമന്നു വന്ന രണ്ടു പേരില്‍
ഒരുവന്‍ ചോദിച്ചു. അടുക്കളയുടെ നേരെ കൈ ചൂണ്ടി.

സാധനങ്ങള്‍ ഓരോന്നായി അവര്‍ അടുക്കി വെച്ചു.

'' മുപ്പത് ആളുകള്‍ക്കുള്ളതാണ് ഏല്‍പ്പിച്ചത്. മുപ്പത്തഞ്ച് പേര്‍ക്ക് തികയും '' ഒരാള്‍ പറഞ്ഞു '' പാത്രങ്ങള്‍ കൊണ്ടുപോവാന്‍ ഞങ്ങള്‍ എപ്പോഴാ വരേണ്ടത്. അഞ്ച് മണിക്ക് മതിയോ ''.

'' ശരി '' എന്ന് പറഞ്ഞതോടെ അവര്‍ പോയി.

പന്ത്രണ്ട് മണിയും, ഒരു മണിയും കടന്നു പോയി. കുടുംബക്കാരാരും എത്തിയില്ല. പണിക്ക് വരാറുള്ള രാമന്‍ മാത്രം ഉമ്മറത്തുണ്ട്.

'' തമ്പ്‌രാനേ, ആരേം കാണാനില്ലല്ലോ '' അവന്‍ ചോദിച്ചു '' കുടുംബത്തിലുള്ളോരെ വിളിച്ചിട്ടില്ലേ ''.

'' ഉവ്വ്. ഇന്നലെ കൂടി എല്ലാവരോടും പറഞ്ഞിട്ടുണ്ട് ''.

'' വരില്യാന്ന് ഉണ്ടോ '' അവന്‍ സംശയം പ്രകടിപ്പിച്ചു.

നേരം വൈകിയ സ്ഥിതിക്ക് അതിനുള്ള സാദ്ധ്യത തള്ളി കളയാന്‍ പറ്റില്ല. എല്ലാവരും
തന്നെ കൈവിടുകയാണ്. നാട്ടിലേക്ക് മടങ്ങി പോരണം എന്ന് ശഠിച്ചപ്പോള്‍ ഭാര്യയും
മക്കളും ഒഴിവായി. ഒറ്റയ്ക്ക് താമസിക്കുകയാണ് എന്ന് പറഞ്ഞതോടെ ബന്ധുക്കളും. എല്ലാവര്‍ക്കും പണം മാത്രമേ വേണ്ടൂ.

'' വയസ്സായില്ലേ. എന്തിനാ ഒറ്റയ്ക്ക് കഴിയിണത്. ഞങ്ങള് തരുന്നതും കഴിച്ച് ഇവിടെ കൂടിയാല്‍ പോരെ. വല്ലതും കയ്യിലുണ്ടെങ്കില്‍ അത് എനിക്കും കുട്ടികള്‍ക്കും തന്നാല്‍ തെറ്റൊന്നും വരില്ല. ഒരേ വയറ്റില്‍ കിടന്ന ആളല്ലേ ഞാന്‍ '' എന്ന് ലീല പറഞ്ഞത് ഒരു സൂചനയാണ്.

'' കഴിഞ്ഞ മുപ്പത് കൊല്ലം എന്‍റെ കയ്യിലുണ്ടായിരുന്ന സ്ഥലം കണക്ക് പറഞ്ഞ് വാങ്ങി '' എന്ന് അവളുടെ താഴെയുള്ള ദാക്ഷായണി ആരോടൊക്കെയോ ആവലാതി പറഞ്ഞതായി കേട്ടിരുന്നു.

ആരെങ്കിലും വന്നാല്‍ കുറച്ചു നേരം സംസാരിച്ച് ഇരിക്കാമായിരുന്നു. മനസ്സിലുള്ള വിഷമം പറഞ്ഞു തീര്‍ക്കുകയെങ്കിലും ചെയ്യാം.

ഗോപാലകൃഷ്ണന്‍ വരാതിരിക്കില്ല. കുട്ടിക്കാലം തൊട്ടുള്ള കുട്ടുകാരനാണ്. ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കാണും, വല്ലപ്പോഴും കത്തയയ്ക്കും, കുറെ കാലമായി ഫോണില്‍ ബന്ധപ്പെടാറുള്ളതാണ്. നാട്ടില്‍ താമസമാക്കാനുള്ള ഉദ്ദേശം അറിയിച്ചപ്പോള്‍ ഒരിക്കലും ഭാര്യയേയും മക്കളേയും വിട്ട് നാട്ടിലേക്ക് പോരരുതെന്ന് അയാള്‍ ഉപദേശിച്ചതാണ്.

സങ്കടംകൊണ്ട് വീര്‍പ്പ് മുട്ടിത്തുടങ്ങി. ഗോപാലകൃഷ്ണനും വരാതിരിക്കുമോ ? ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടു. വാതില്‍ക്കല്‍ എത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായര്‍ പടി കടന്നു വരുന്നു. മുറ്റത്തേക്ക് ഇറങ്ങി ചെന്ന് ആ കൈകളില്‍ പിടിച്ചു. ഇരുവരും അകത്തേക്ക് കയറി.

''തനിക്ക് വേണ്ടപ്പെട്ടോരൊക്കെ എവിടെയാടോ സുകുമാരാ '' ഗോപാലകൃഷ്ണന്‍ നായര്‍ ചോദിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല.

'' എനിയ്ക്ക് ആരൂല്യാ '' കെ. എസ്. മേനോന്‍ തേങ്ങി കരഞ്ഞു.

************************************

അനൂപിന്ന് ഒന്നും കഴിക്കണമെന്ന് തോന്നിയില്ല. എന്താണ് സംഭവിക്കുക എന്ന ചിന്ത വിശപ്പ് കെടുത്തി. ഒരുവിധം ഡോക്ടറുടെ മുമ്പില്‍ നിന്ന് ഡീറ്റേയില്‍ ചെയ്ത് ഇറങ്ങി പോന്നതാണ്. വേറെ ആരേയും കാണാന്‍ തോന്നിയില്ല. ജോലി നഷ്ടമായാല്‍ എന്താണ് അമ്മയോട് പറയുക. കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങിയത് കര്‍ച്ചീഫ് എടുത്ത് തുടച്ചു.

കോട്ടയ്ക്ക് മുമ്പില്‍ സ്കൂട്ടര്‍ നിര്‍ത്തി നേരെ ഉള്ളിലേക്ക് നടന്നു. വ്യാഴാഴ്ച ആയതു കൊണ്ടാവാം ഹനുമാന്‍ കോവിലില്‍ തിരക്കാണ്. ഷൂസ് അഴിച്ചു വെച്ച് തൊഴാനുള്ള ക്യൂവില്‍ നിന്നു.

ദര്‍ശനം കഴിഞ്ഞതും പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്‍റെ മുന്നിലുള്ള മരത്തിന്‍റെ തറയില്‍ കയറി ഇരുന്നതാണ്. എന്തെങ്കിലും ഒരു നല്ല ജോലി കിട്ടിയിരുന്നെങ്കില്‍. എന്തു ചെയ്താലും തൃപ്തിപ്പെടാത്ത യജമാനനെ സേവിക്കുന്നതുപോലെ ഒരു നരകമില്ല.

നല്ല ദാഹം തോന്നുന്നുണ്ട്. എവിടെയെങ്കിലും ചെന്ന് ഒരു ഫ്രഷ് ജ്യൂസ് കുടിക്കണം. വാരിയത്തമ്മയുടെ എഴുപതാമത്തെ പിറന്നാളാണ് ഇന്ന്. അമ്മയും രമയും അവിടെ സദ്യയ്ക്ക് ചെന്നിട്ടുണ്ടാവും. അച്ഛന്നുള്ളത് കൊണ്ടു പോരുകയും ചെയ്യും.

'' എന്‍റെ കുട്ടി ഇന്ന് ഹോട്ടലില്‍ നിന്ന് കഴിച്ചോ '' എന്ന് അമ്മ പറഞ്ഞതാണ്. കഴിച്ചാല്‍ ഇറങ്ങണ്ടേ ?

ഒരു കടയുടെ മുമ്പില്‍ സ്കൂട്ടര്‍ നിര്‍ത്തി. പീടികക്കാരന്‍ ആരോടോ ചൂടായി ഉച്ചത്തില്‍ സംസാരിക്കുന്നു. നോക്കിയപ്പോള്‍ യൂണിയന്‍ മീറ്റിങ്ങില്‍ വെച്ച് കാണാറുള്ള ആളാണ്.
ഏതോ സോഫ്റ്റ് ഡ്രിങ്ക്‌സിന്‍റെ റെപ്രസന്‍റ്റേറ്റീവ്.

'' നിന്‍റെ കമ്പിനിയുടെ ഫ്രിഡ്ജും സാധനങ്ങളും എടുത്തിട്ട് പൊയ്ക്കോ '' കടക്കാരന്‍ പറയുകയാണ് ''ഗിഫ്റ്റായിട്ട് ഓരോന്ന് തരാന്ന്പറയും. കാര്യം കഴിഞ്ഞാല്‍ വഴിയ്ക്ക് പിന്നെ തിരിഞ്ഞു നോക്കില്ല. ആ പറ്റിക്കല്‍ പരിപാടി എന്‍റടുത്ത് വേണ്ടാ. ഇതിലും നല്ല ഓഫര്‍ തരുന്ന വേറെ കമ്പിനികള്‍ നാട്ടില്‍ ഇഷ്ടം പോലെയുണ്ട് ''.

ആ ചെറുപ്പക്കാരന്‍ അവിടെ കൂടിയവരുടെ മുമ്പില്‍ ചെറുതാവുകയാണ്. എന്തെങ്കിലും
തിരിച്ചു പറഞ്ഞാല്‍ ഉള്ള ജോലി പോവും. അതുകൊണ്ട് ക്ഷമിക്കുകയാണ് ആ പാവം.

'' ഞാന്‍ മാനേജരോട് പറഞ്ഞ് ശരിയാക്കാം '' അയാള്‍ താഴ്മയോടെ പറയുന്നത് കേട്ടു.

'' ഇല്ലെങ്കില്‍ ഞാന്‍ ഇതൊക്കെ എടുത്ത് പാതച്ചാലില്‍ ഇടും '' പീടികക്കാരന്‍ മുന്നറിയിപ്പ് നല്‍കി.

ദാഹം തനിയെ തീര്‍ന്നതായി അനൂപിന്ന് തോന്നി. അവന്‍ ആ ചേറുപ്പക്കാരന്‍റെ അടുത്തു ചെന്നു. ആ രംഗത്തില്‍ നിന്നും രക്ഷപ്പെടണമെന്ന് അയള്‍ക്കുള്ളതുപോലെ തോന്നി.

'' ടൌണിലേക്കാണോ പോണ്ടത് '' അവന്‍ അയാളോട് ചോദിച്ചു '' എങ്കില്‍ എന്‍റെ കൂടെ പോന്നോളൂ ''.

'' അതെ ''യെന്നും പറഞ്ഞ് അയാള്‍ സ്കൂട്ടറിന്ന് പുറകില്‍ കയറി.









4 comments:

  1. കുടുംബത്തിൽ ഒറ്റപ്പെടുത്തപ്പെട്ടവന്റെയും നിലനിൽപ്പിനായി പെടാപ്പാടു പെടുന്നവന്റെയും ദൈന്യത. ഈ ഫോണ്ട് വായന ഏളുപ്പമുള്ളതാക്കുന്നു

    ReplyDelete
  2. വായിക്കുന്നു, വായിച്ചു കൊണ്ടെ ഇരിക്കുന്നു. കൂടുതല്‍ കഥാപാത്രങ്ങള്‍ വരികയാണല്ലോ!!
    ആശംസകള്‍!

    ReplyDelete
  3. രാജഗോപാല്‍ ,
    ഓരോരുത്തര്‍ക്കും ഓരോ ദുഖങ്ങള്‍.

    ഞാന്‍ : ഗന്ധര്‍വ്വന്‍ ,
    ഇനി കുറച്ചു കഥാപാത്രങ്ങള്‍ കൂടിയേ ഉള്ളു.

    ReplyDelete
  4. എടുത്താല്‍ പൊങ്ങാത്ത ദുഖഭാരങ്ങള്‍...

    ReplyDelete