Sunday, September 18, 2011

നോവല്‍ - അദ്ധ്യായം - 19.

നാല് ദിവസം അനിരുദ്ധന്‍ ശ്രമിച്ചിട്ടും പയ്യന്‍ ഫോണെടുത്തില്ല. മൊബൈല്‍ റിങ്ങ് ചെയ്യുന്നുമുണ്ട്. നമ്പര്‍ കണ്ടപ്പോള്‍ കല്‍പ്പിച്ചു കൂട്ടി എടുക്കാത്തതാവും. ഇവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ടൌണിലെ ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി അവന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. മറു വശത്ത് ഫോണ്‍ എടുത്തു.

'' എന്താടോ താന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തത് '' അയാള്‍ ചോദിച്ചു. പയ്യന്‍ തിരിച്ചൊന്നും പറയുന്നില്ല.

'' താന്‍ പണിക്ക് പോവാറുണ്ടോ '' അനിരുദ്ധന്ന് ദേഷ്യം വന്നു.

'' ഉവ്വ് സാര്‍ '' അവന്‍ പറഞ്ഞു.

'' ഇന്നലെ എവിടേയായിരുന്നു ''.

'' ഒറ്റപ്പാലത്തേക്ക് പോയി ''.

'' ആരേയൊക്കെ കണ്ടു ''.

പയ്യന്‍ ഡോക്ടര്‍മാരുടെ പേരുകള്‍ പറയാന്‍ തുടങ്ങി.

'' ഇവരെയൊക്കെ ഉറപ്പായിട്ടും കണ്ടിട്ടുണ്ടല്ലോ. ഞാന്‍ വിളിച്ച് അന്വേഷിക്കും ''.

മറുപടിയില്ല. പയ്യന്‍ പറഞ്ഞത് ശുദ്ധനുണയാണെന്ന് ബോദ്ധ്യമായി.

'' എന്താടോ താനൊന്നും പറയാത്തത് ''.

'' സാര്‍, എന്നെക്കൊണ്ടാവില്ല '' പയ്യന്‍ പറഞ്ഞു '' ഞാന്‍ റിസൈന്‍ ചെയ്യാന്‍ പോവ്വാണ് ''.

അല്ലെങ്കിലും ഇവനെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ ആവില്ലെന്ന് കരുതിയതാണ്. എങ്കിലും ഒരു ഭംഗിവാക്ക് ചോദിച്ചേക്കാം.

'' എന്താ പ്രയാസം എന്നു വെച്ചാല്‍ പറയ്. നമുക്ക് വഴിയുണ്ടാക്കാം ''.

'' അതൊന്നും ശരിയാവില്ല സാര്‍. ഞാന്‍ ഗള്‍ഫില്‍ പോവ്വാണ് ''.

'' നല്ലവണ്ണം ആലോചിച്ച് വിവരം പറയ് '' അനിരുദ്ധന്‍ ഫോണ്‍ വെച്ചു. ഇനി പറ്റിയ വേറൊരാളെ കണ്ടെത്തണം. അത് അത്ര എളുപ്പമല്ല. നൂറുപേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ട്രെയിനിങ്ങ് കഴിഞ്ഞ് പുതിയ ആള്‍ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും മാസം ഒന്ന് കഴിയും. അതോടെ സെയില്‍ മിക്കവാറും ഇല്ലാത്ത മട്ടാകും. വരുമ്പോലെ വരട്ടെ, അല്ലാതെ എന്ത് ചെയ്യാനാണ് എന്ന് മനസ്സില്‍ കരുതി.

*************************************

പ്രദീപ് കോട്ടമൈതാനത്ത് എത്തിയപ്പോള്‍ കൂട്ടുകാര്‍ ആരും എത്തിയിട്ടില്ല. ടോള്‍ പിരിവുകാരന്‍ പരിചയക്കാരനാണ്.

'' ഇന്ന് ആരും എത്തിയില്ലല്ലോ '' അവന്‍ അയാളോട് പറഞ്ഞു.

'' പതിനൊന്ന് മണി കഴിഞ്ഞതും സ്കൂട്ടറില്‍ വരുന്ന കുട്ടിയെ ഇവിടെ കണ്ടു. കുറച്ച് മുമ്പും കൂടി ഇവിടെ ഉണ്ടായിരുന്നതാണ് ''.

അത് അനൂപായിരിക്കും. അവനെന്താണ് ഇന്ന് നേരത്തെ വരാന്‍ കാരണം. എവിടേക്കാണ്ഇപ്പോള്‍ പോയിട്ടുണ്ടാവുക. അസുഖം വല്ലതും ഉണ്ടോ ? ഏതായാലും ഒന്ന് വിളിച്ച് അന്വേഷിക്കാം.

'' നീ എവിടെയാടാ '' അനൂപ് മൊബൈല്‍ എടുത്തതും പ്രദീപ് ചോദിച്ചു.

'' സുല്‍ത്താന്‍ പേട്ടയില് ''.

'' എന്താ അവിടെ ''.

'' ഒരാളെ കൊണ്ടു വിടാന്‍ വന്നതാണ് ''.

'' എന്നാല്‍ വേഗം വാ. ഞാന്‍ കോട്ടടെ മുമ്പിലുണ്ട് ''.

അനൂപ് എത്തുമ്പോള്‍ പ്രദീപ് കോട്ടയുടെ കവാടത്തില്‍ കാത്തു നില്‍ക്കുകയാണ്.

'' നീ ആരെ കൊണ്ടുപോയി ആക്കാനാണ് സുല്‍ത്താന്‍പേട്ടയിലേക്ക് പോയത് '' അവന്‍ ചോദിച്ചു.

സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പിനിയിലെ റെപ്രസെന്‍റ്റേറ്റീവിന്‍റെ അനുഭവം അനൂപ് വിവരിച്ചു. '' കഷ്ടപ്പെട്ട് പഠിച്ച് ഒരു ഡിഗ്രി സമ്പാദിച്ചു. എന്നിട്ടും കണ്ണില്‍ കണ്ടവന്‍റെ വായില്‍ കിടക്കുന്നത് കേള്‍ക്കാനാണ് യോഗം '' എന്നും പറഞ്ഞ് അയാള്‍ സങ്കടപ്പെട്ടു എന്ന് പറയുമ്പോഴേക്കും അനൂപിന്‍റെ തൊണ്ട ഇടറി.

'' നീ അത് വിട്. ഈ ലോകത്ത് അങ്ങിനെ പലതും ഉണ്ടാവും. നമ്മള് വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റുന്നതല്ല അതൊക്കെ '' പ്രദീപ് പറഞ്ഞു ''നീ രാവിലെത്തന്നെ ഇവിടെ എത്തിയെന്ന് അറിഞ്ഞല്ലോ. എന്താ ഇന്ന് ജോലിയില്ലേ ''.

മാനേജര്‍ മെസ്സേജ് അയച്ച കാര്യം അനൂപ് പറഞ്ഞു.

'' എന്‍റെ പണി പോവും എന്ന് ഏകദേശം ഉറപ്പായി '' അവന്‍ പറഞ്ഞു '' ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് ഒരു എത്തുംപിടീം കിട്ടുന്നില്ല ''.

'' പണി പോയാല്‍ പോട്ടടാ '' പ്രദീപ് കൂട്ടുകാരന്‍റെ തോളില്‍ തട്ടി '' തലയ്ക്ക് മീതെ വെള്ളം വന്നാല്‍ അതുക്ക് മീതെ തോണി ''.

'' നിനക്ക് അങ്ങിനെയൊക്കെ തോന്നും. നിന്‍റെ അമ്മയുടെ പെന്‍ഷന്‍ ഉള്ള കാലത്തോളം നിനക്ക് പേടിക്കണ്ടാ. എന്‍റെ കാര്യം അതല്ല. അച്ഛന്‍ അനങ്ങാന്‍ വയ്യാതെ കിടപ്പിലായിട്ട് കുറച്ചായി. എന്‍റെ ശമ്പളം കൊണ്ടു വേണം കുടുംബം കഴിയാന്‍ ''.

'' എടാ അനൂപേ, ഞാന്‍ നിന്നെ കളിയാക്കിയതല്ല. നിന്‍റെ വിഷമം എനിക്ക് അറിയും. അത് ആലോചിച്ചു നടന്നിട്ട് പ്രയോജനം ഇല്ല എന്ന് മനസ്സിലാക്ക് ''.

'' പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത് ''.

'' നോക്ക്, ഒരു കണക്കില്‍ നീ ഞങ്ങള്‍ എല്ലാവരേക്കാളും ഭാഗ്യവാനാണ്. ദൈവം നിനക്ക് നന്നായി പാടാനുള്ള കഴിവ് തന്നിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തണം. എന്‍റെ പരിചയത്തില്‍ രണ്ട് മ്യൂസിക്ക് ട്രൂപ്പുകള്‍ ഉണ്ട്. ഞാന്‍ പറഞ്ഞു ശരിയാക്കിത്തരാം ''.

'' അതുവേണ്ടാ. അമ്മ സമ്മതിക്കില്ല. രാത്രി നേരത്തെ പരിപാടിക്ക് പോവാന്‍ തുടങ്ങിയാല്‍ സ്വഭാവം കേടുവരും എന്നാണ് അമ്മടെ തോന്നല്‍ ''.

'' വേണ്ടെങ്കില്‍ വേണ്ടാ. നമുക്ക് വേറെന്തെങ്കിലും കണ്ടെത്താം '' പ്രദീപ് അവനെ ആശ്വസിപ്പിച്ചു '' നീ ഊണ്ണ്- കഴിച്ചോടാ ''.

'' എനിക്ക് ഒന്നും വേണ്ടാ. മനസ്സിന്ന് നല്ല സുഖം ഇല്ല ''.

'' അത് പറഞ്ഞാല്‍ പറ്റില്ല. എന്‍റെ കൂടെ വാ. നമുക്ക് ഒന്നിച്ച് ഊണ്ണ് കഴിക്കാം ''.

പ്രദീപ് കൂട്ടുകാരന്‍റെ കയ്യും പിടിച്ച് നടന്നു.



4 comments:

  1. ഫോണ്ട് കളര്‍ മാറ്റിയത് നന്നായി. പറയാന്‍ ഇരിക്കുക ആയിരുന്നു!!
    ആശംസകള്‍!!

    ReplyDelete
  2. വായന തുടരുകയാണ്. നോവലും ഭംഗിയായി പുരോഗമിക്കുന്നു

    ReplyDelete
  3. ഞാന്‍ : ഗന്ധര്‍വ്വന്‍,
    ഇനി മുതല്‍ ഈ ഫോണ്ട് ഉപയോഗിക്കാം. ആശംസകള്‍ക്ക് നന്ദി.

    രാജഗോപാല്‍,
    വളരെ സന്തോഷം.

    ReplyDelete
  4. നല്ല കൂട്ടുകാര്‍ ദൈവത്തിന്‍റെ വരദാനം ആണ്

    ReplyDelete