Monday, September 26, 2011

നോവല്‍ - അദ്ധ്യായം - 20.

കാവിന്നു മുമ്പിലെ ആലിന്‍റെ നിഴലിന്ന് തെളിച്ചം കുറഞ്ഞു തുടങ്ങി. പടിഞ്ഞാറെ തൊടിയിലെ മുളങ്കാടുകള്‍ കടന്ന് ഇരുട്ട് മുറ്റത്ത് എത്തി. കെ. എസ്. മേനോന്‍ തളത്തിലെ ചാരുകസേലയില്‍ ഓരോന്ന് ആലോചിച്ച് കിടന്നു.

'' ഉമ്മറത്ത് വിളക്ക് കത്തിച്ചുവെക്കണ്ടേ '' രാമന്‍ ചോദിച്ചപ്പോഴാണ് ആ കാര്യം ഓര്‍ത്തത്.

'' നിലവിളക്കില്‍ എണ്ണയും തിരിയും ഇട്ട് വാതില്‍ക്കല്‍ കത്തിച്ചുവെയ്ക്ക് '' അവനെത്തന്നെ ആ ജോലി ഏല്‍പ്പിക്കാനാണ് തോന്നിയത്. കാലും മുഖവും കഴുകി വന്ന് ദീപം തൊഴുതു.

'' ഞാന്‍ പെരേല് ചെന്ന് ഇത്തിരി കഴിഞ്ഞ് വരാം '' രാമന്‍ പറഞ്ഞു '' രാത്രി ഒറ്റയ്ക്ക് കിടക്കണ്ടാ ''.

'' വേണ്ടാടോ. ഞാന്‍ വാതില്‍ അടച്ച് കിടന്നോളാം. രാവിലെ വന്നാല്‍ മതി '' വെറുതെ എന്തിനാണ് അന്യരെ ബുദ്ധിമുട്ടിക്കുന്നത്.

'' രാത്രീലിക്ക് കഴിക്കാന്‍ '' രാമന്‍ ചോദിച്ചു.

'' ഓര്‍മ്മപ്പെടുത്തിയത് നന്നായി. ഉച്ചയ്ക്ക് കൊണ്ടു വന്നതില്‍ കുറച്ച് എടുത്തു വെച്ചിട്ടുണ്ട്. അത് മുഴുവന്‍ ഞാന്‍ ഉണ്ണില്ലാ. ഒരു പ്ലേറ്റില് എനിക്ക് വേണ്ടത് വിളമ്പി വെച്ചിട്ട് ബാക്കി തരാം. കൊണ്ടു പൊയ്ക്കോ ''.

ആവശ്യമുള്ള ഭക്ഷണം എടുത്തു വെച്ച് ബാക്കി പാത്രങ്ങളിലാക്കി രാമന് കൊടുത്തു. പിന്‍ വശത്തെ വാതിലും ജനലുകളും അവന്‍ അടച്ചു.

'' ഞാന്‍ പോണൂ '' അവന്‍ പടി കടന്നു പോയി.

ഗെയിറ്റ് പൂട്ടി ഉമ്മറത്തെ വാതിലും അടച്ച് കട്ടിലില്‍ വന്നിരുന്നു. ചുമരിലെ ക്ലോക്കില്‍ സമയം ഏഴേ കാല്‍. ഇപ്പോള്‍ തന്നെ ഭക്ഷണം കഴിച്ചാല്‍ നേരം വെളുപ്പിക്കാന്‍ ബുദ്ധിമുട്ടാവും. സമയം പോവാന്‍ വഴിയൊന്നുമില്ല. ചെറിയൊരു ടി. വി. വാങ്ങണം.

ചുമരില്‍ തൂക്കിയ കലണ്ടറിലെ കൃഷ്ണന്‍ പുല്ലാങ്കുഴലും പിടിച്ച് മന്ദഹസിച്ചു നില്‍ക്കുകയാണ്. ഏകാന്തതയില്‍ ഒരു കൂട്ടിന്ന് എത്തിയതാണോ ? '' അച്ചുതാ ബാലനാം പച്ച നിറം പൂണ്ട കൊച്ചു കുമാരനെ കൈ തൊഴുന്നേന്‍ '' കുട്ടിക്കാലത്ത് ചൊല്ലിയിരുന്ന സന്ധ്യാനാമം മനസ്സില്‍ ഉരുവിട്ടു കൊണ്ട് കസേലയില്‍ ചാരി കിടന്നു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ എഴുന്നേറ്റു. ഗോപാലകൃഷ്ണനാണ്.

'' എന്താടോ ചെയ്യുന്നത് '' മറുവശത്തു നിന്ന് ചോദ്യമെത്തി.

'' വെറുതെ ഇരിക്കുന്നു ''.

'' കൂട്ടിന് ആരുണ്ട് ''.

'' ചുമരിലെ കലണ്ടറില്‍ ശ്രീകൃഷ്ണന്‍റെ ഫോട്ടോ ഉണ്ട്. അയാളേയുള്ളു തുണയ്ക്ക് ''.

'' അത് നന്നായി '' ഗോപാലകൃഷ്ണന്‍ ചിരിക്കുകയാണ് '' മൂപ്പരായതോണ്ട് പരാതി പറച്ചില്‍ ഉണ്ടാവില്ല ''.

'' എന്തോ. കുറച്ചു ദിവസം കഴിഞ്ഞാല്‍ അയാളും പരിഭവം പറയാന്‍ തുടങ്ങ്വോന്നാ എന്‍റെ പേടി. കുടുംബക്കാര് അതല്ലേ ചെയ്തത് ''.

'' സുകുമാരാ '' ഗോപാലകൃഷ്ണന്‍റെ സ്വരത്തിന്ന് ഒരു കടുപ്പം '' വരുംവരായ്കകള്‍ എല്ലാം ഞാന്‍ നേരത്തെ പറഞ്ഞു തന്നതാണ്. അപ്പോള്‍ താനത് കേട്ടില്ല. രണ്ടു പെങ്ങന്മാരുടേയം മക്കളുടേയും അടുത്ത് മാറി മാറി കഴിയും, അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് ചെല്ലില്ല എന്നൊക്കെയല്ലേ താന്‍ വാശി പിടിച്ചത്. അതോണ്ട് എന്താ ഉണ്ടായത്. ഭാര്യ മകളുടെ കൂടെ സുഖമായി കഴിയുന്നു. ഹൈദരാബാദില് മകന്‍റെ കൂടെ കഴിയാന്‍ തന്നോട് പറഞ്ഞു. അതും താന്‍ കേട്ടില്ല. ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു വിളി തോന്നി എന്ന് പറഞ്ഞ മട്ടില് ഒരു ദിവസം മൂടും തുടച്ച് നാട്ടിലേക്ക് പോന്നു. ഇനി സങ്കടപ്പെട്ടിട്ട് എന്താ കാര്യം ? തന്‍റെ തലേല് എഴുതിയത് ഇതൊക്കെയാണെന്ന് വിചാരിച്ച് സമാധാനിക്ക്യാ. അതല്ലേ പറ്റു ''.

'' താനും എന്നെ കുറ്റപ്പെടുത്ത്വാണോ ''.

'' കുറ്റപ്പെടുത്തുന്നതല്ല. ആളും ആള്‍ത്തരവും അറിഞ്ഞ് പെരുമാറണം. തനിക്ക് അത് അറിയില്ല. രണ്ട് അനിയത്തിമാര്‍ക്കും താന്‍ കൊടുത്തതിന്ന് വല്ല കണക്കും ഉണ്ടോ ? തിരിച്ച് അവര് എന്താ ചെയ്തിട്ടുള്ളത്. തന്‍റെ ഭാര്യയെ അവര് രണ്ടാളും നാത്തൂനായി കണക്കാക്കിയിട്ടുണ്ടോ. ഏതോ ഒരു തെലുങ്കത്തി എന്ന നിലയ്ക്കല്ലേ കണ്ടിട്ടുള്ളു. ഇത്ര കാലത്തിനിടയ്ക്ക് അവിടെ വരികയോ തന്‍റെ മക്കളെ കാണുകയോ ഉണ്ടായിട്ടുണ്ടോ? അങ്ങിനെയുള്ളവരുടെ ഇടയിലേക്ക് താന്‍ ഭാര്യയെ വിളിച്ചാല്‍ അവര്‍ക്ക് വരാന്‍ തോന്ന്വോ ''.

ഗോപാലകൃഷ്ണന്‍ പറയുന്നത് മുഴുവന്‍ സത്യമാണ്. തിരിച്ചൊന്നും പറയാനില്ല.

'' എന്താടോ താന്‍ ഒന്നും മിണ്ടാത്തത്. ഞാന്‍ പറയുന്നത് തെറ്റാണെന്ന് തോന്നുന്നുണ്ടോ ''.

'' ഏയ്. ഒരു തെറ്റൂല്യാ ''.

'' എന്നാല്‍ ഞാന്‍ പറഞ്ഞു തന്നത് പോലെ നടക്ക്വാ. കയ്യില്‍ ഒന്നൂല്യാ എന്ന മട്ടില്‍ കഴിഞ്ഞാല്‍ മതി. അല്ലെങ്കില്‍ ഉള്ളത് പിടുങ്ങാന്‍ ആളുകളെത്തും. അതില് കുടുംബക്കാര് മാത്രോല്ല, നാട്ടുകാരും ഉണ്ടാവും ''.

'' അത് ശരിയാണ്. അമ്പലത്തിനോട് ചേര്‍ന്ന് കല്യാണമണ്ഡപം ഉണ്ടാക്കണം, അതിന്ന് കയ്യയച്ച് സംഭാവന ചെയ്യണം എന്നും പറഞ്ഞ് കുറച്ച് ആളുകള്‍ വന്നിരുന്നു ''.

'' അതാ ഞാന്‍ പറഞ്ഞത്. ആര് ചോദിച്ചാലും എന്‍റേല് ഒന്നൂല്യാ, കഴിഞ്ഞു കൂടാന്‍ തന്നെ വകയില്ല എന്നൊക്കെ പറഞ്ഞാല്‍ മതി '',

'' ശരി. അങ്ങിനെ ചെതോളാം ''.

'' അവിടെ നിന്ന് കൊണ്ടു വന്ന ഭക്ഷണം അനാഥശാലയിലെ കുട്ടികള്‍ക്ക് കൊടുത്തു. തന്‍റെ പേരും പറഞ്ഞ് അവര് തിന്നട്ടെ ''.

'' അത് നന്നായി ''.

'' ഞാന്‍ നാളെ വരാം '' ഫോണ്‍ കട്ടായി.

മോന്തായത്തിലൂടെ ഒരു എലി പോവുന്നത് കണ്ടു, പുറകിലായി രണ്ട് കുട്ടികളും. ജീവനുള്ളതായി അവയെങ്കിലും ഇതിനകത്തുണ്ടല്ലോ. കുറച്ചു കഴിഞ്ഞതും അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടു. എലി പാത്രങ്ങള്‍ തട്ടി മറിച്ചതാണ്. ഇരുന്ന ദിക്കില്‍ നിന്ന് എഴുന്നേറ്റില്ല. പാവം, ജീവികള്‍. അവ വേണ്ടത് തിന്നോട്ടെ എന്നും കരുതി കെ. എസ്. മേനോന്‍ അവിടെത്തന്നെയിരുന്നു.

**************************************************************

അനൂപും പ്രദീപും ഭക്ഷണം കഴിച്ച് എത്തുമ്പോഴേക്ക് മറ്റു കൂട്ടുകാരൊക്കെ എത്തിക്കഴിഞ്ഞിരുന്നു.

'' വണ്ടി ഇവിടെ വെച്ച് രണ്ടാളും കൂടി എങ്ങോട്ട് പോയി എന്ന് ഞങ്ങള്‍ ആലോചിക്കുകയായിരുന്നു '' റഷീദ് പറഞ്ഞു.

'' കയ്യില്‍ മൊബൈല്‍ ഇല്ലേ, വിളിക്കായിരുന്നില്ലേ '' പ്രദീപ് അവനോട് ചോദിച്ചു.

'' വെറുതെ ഒരു കാളിന്‍റെ പൈസ കളയണ്ടാന്ന് വിചാരിച്ച് വിളിക്കാഞ്ഞതാ ''.

'' എങ്കില്‍ മിണ്ടാണ്ടിരുന്നോ '' പ്രദീപിന്ന് ആ മറുപടി ഇഷ്ടപ്പെട്ടില്ല.

'' നീ പറയെടാ. എവിടേക്കാ നിങ്ങള് പോയത് '' റഷീദ് അനൂപിന്‍റെ നേരെ തിരിഞ്ഞു.

'' ഭക്ഷണം കഴിക്കാന്‍ '' അനൂപ് പറഞ്ഞു.

'' അതെന്താ ഇന്ന് നീ കൊണ്ടു വന്നില്ലേ ''.

'' ഇല്ല. ഹോട്ടലിന്ന് കഴിച്ചോളാന്‍ അമ്മ പറഞ്ഞു ''.

'' എന്നാല്‍ ഇന്ന് ഇടിവെട്ടി മഴ പെയ്യും '' റഷീദ് പ്രദീപിനെ നോക്കി '' നിനക്ക് എന്തുപറ്റി. നീ വീട്ടില് ഉണ്ണാന്‍ പോണതല്ലേ ''.

അനൂപിന്ന് മാനേജരുടെ മെസ്സേജ് വന്നതും അവന്‍ വിഷമിച്ച് ആഹാരം കഴിക്കാതിരുന്നതുമെല്ലാം പ്രദീപ് വിവരിച്ചു.

'' നിന്‍റെ വിഷമം തീര്‍ന്ന്വോടാ '' ശെല്‍വന്‍ ചോദിച്ചു.

അനൂപ് ഒന്നും പറഞ്ഞില്ല.

'' പണി പോയാല്‍ ഗാനമേള ട്രൂപ്പില്‍ പാടാന്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്ന് പറഞ്ഞതാ '' പ്രദീപ് പറഞ്ഞു '' അവനത് പറ്റില്ല. ഈ തൊഴിലന്നെ പറ്റൂ ''.

'' നീ എന്‍റെ കൂടെ വാടാ '' റഷീദ് അനൂപിനെ വിളിച്ചു '' വാരിയര്‍ സാറ് വന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് റെസ്റ്റിലാ. നമുക്ക് പോയി കാണാം. സാറ് വിചാരിച്ചാല്‍ നിനക്ക് നല്ലൊരു കമ്പിനീല് പണി വാങ്ങി തരാന്‍ പറ്റും ''.

'' അവന്‍റെ ചുറ്റുപാടൊക്കെ പറഞ്ഞു കൊടുക്ക് '' പ്രദീപ് റഷീദിന്ന് നിര്‍ദ്ദേശം നല്‍കി.

ബൈക്കിന്ന് പുറകിലായി സ്കൂട്ടര്‍ റോഡിലേക്കിറങ്ങി.

3 comments:

  1. മേനൊന്റെ ദു:ഖവും ഏകാന്തതയും സ്വയം കൃതമാണെന്നു പറയാൻ വയ്യ. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു നിയോഗമാണത്. അനുഭവിച്ചു തീർക്കാതെ മുക്തിയില്ല

    ReplyDelete
  2. ജീവിതം തന്നെ മുന്‍ക്കൂട്ടി നിശ്ചയിച്ചിട്ടുള്ള നിയോഗമല്ലേ ?

    ReplyDelete
  3. ജനിക്കുമ്പോള്‍ തന്നെ നമ്മുടെ വിധിയും കുറിക്കപ്പെട്ടിരിക്കും... അനുഭവിക്കുക മാത്രമാണ് നമ്മുടെ ജോലി...

    ReplyDelete