Wednesday, October 19, 2011

നോവല്‍ - അദ്ധ്യായം - 23.

സന്ധ്യാദീപം തെളിയിച്ച ശേഷം കെ. എസ് മേനോന്‍ നാമം ചൊല്ലി തുടങ്ങി. ചന്ദനത്തിരിയുടെ സുഗന്ധം തളത്തില്‍ നിന്ന് മുറ്റത്തേക്കിറങ്ങി. ഉരുവിടുന്ന നാമങ്ങള്‍ക്ക് കാതോര്‍ത്ത് ചുമരിലെ ഉണ്ണികൃഷ്ണന്‍റെ പടം മന്ദഹാസം ചൊരിഞ്ഞു നിന്നു.

പെട്ടെന്ന് മൊബൈല്‍ അടിക്കുന്നത് കേട്ടു. ഗോപാലകൃഷ്ണന്‍ നായരാണ് വിളിക്കാനുള്ള ഏക വ്യക്തി. അയാള്‍ക്ക് മാത്രമേ ഈ നമ്പര്‍ അറിയൂ. പക്ഷെ ഇത് അയാളാവില്ല. അഞ്ചരയ്ക്ക് പണി മാറിയ രാമന്ന് കൂലി കൊടുത്ത് അയച്ചതിന്നു ശേഷം കഷ്ടിച്ച് അര മണിക്കൂര്‍ നേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നിട്ടാണ് അയാള്‍ പോയത്. വീട്ടില്‍ എത്താനുള്ള നേരമല്ലേ ആയിട്ടുള്ളു. ഇപ്പോള്‍ അത്ര അത്യാവശ്യ കാര്യമൊന്നുമില്ലല്ലോ വിളിക്കാനായിട്ട്. ചിലപ്പോള്‍ മൊബൈല്‍ കമ്പിനിക്കാര്‍ ആയിരിക്കും, പാട്ട് വേണോ എന്ന് അന്വേഷിക്കാന്‍.

'' സുകുമാരാ , ഇത് ഞാനാണ് '' ഗോപാലകൃഷ്ണന്‍ തന്നെയാണ് വിളിച്ചത്.

'' എന്താ വിശേഷിച്ച് '' പോയ ഉടനെ തന്നെ വിളിച്ചതിനാല്‍ സ്വല്‍പ്പം പരിഭ്രമം തോന്നി.

'' പേടിക്കാനൊന്നും ഇല്ലാടോ. വരുന്ന വഴിക്കു തന്‍റെ അളിയനെ കാണ്വേണ്ടായി. അത് പറയാനാ വിളിച്ചത് ''. സമാധാനമായി, അളിയന്മാര്‍ രണ്ടുപേര് ഉണ്ടല്ലോ. മൂത്ത പെങ്ങള്‍ ലീലയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍. മിലിട്ടറിയില്‍ നിന്ന് പിരിഞ്ഞു വന്ന ശേഷം ഡ്രൈവറായി കഴിയുന്ന ആള്‍. മറ്റേത് പരമേശ്വരന്‍. ആരേയാണാവോ കണ്ടത്.

'' ഏത് അളിയനേയാ താന്‍ കണ്ടത് ''

'' ചെറിയ പെങ്ങള് ദാക്ഷായണിടെ കെട്ട്യോനെ, വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നത് അയാളല്ലേ ''.

'' അതെ. എവിടുന്നാ അയാളെ കണ്ടത് ''.

'' റേഷന്‍ കട മുക്കിന്‍റെ അടുത്ത് ഞാന്‍ എത്തിയപ്പോള്‍ വേപ്പിന്‍ ചോട്ടില് ബസ്സും കാത്ത് അയാള് നില്‍ക്കുന്നു. ടൌണിലേക്ക് ആണെങ്കില്‍ കൂട്ടിക്കൊണ്ട് പോരാന്ന് വിചാരിച്ച് നിര്‍ത്തി. ഇടുപ്പിന്ന് തകരാറാണ്, ബൈക്കില്‍ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ''.

'' അത് ശരി ''.

'' താന്‍ കുടി പാര്‍ക്കുമ്പൊ എന്തേ വരാഞ്ഞത് എന്ന് ചോദിച്ചു. മനസ്സിലിരിപ്പ് അറിയണോലോ ''.

'' എന്നിട്ട് അയാളെന്താ പറഞ്ഞത് ''.

'' ആളൊരു മര്യാദക്കാരനാണെന്നാ എനിക്ക് തോന്നിയത്. ആ വിദ്വന്‍ ഒരു കുറ്റവും തന്നെ കുറിച്ച് പറഞ്ഞില്ല. എന്ന് മാത്രോല്ല ഉള്ള കാലത്ത് ഏട്ടന്‍ മനസ്സറിഞ്ഞ് തന്നിട്ടുണ്ട്, ഇത്തിരി ബുദ്ധിമുട്ടായി മൂപ്പര് നാട്ടില്‍ എത്തിയപ്പോള്‍ പെങ്ങന്മാര്‍ തിരിഞ്ഞു നോക്കാത്തത് മോശമായി എന്നും പറഞ്ഞു ''.

'' അവനെങ്കിലും ചെയ്തതൊക്കെ ഓര്‍മ്മയുണ്ടല്ലോ ''.

'' അയാള്‍ക്ക് വരണം എന്ന് നല്ല മോഹം ഉണ്ടായിരുന്നു. എനിക്ക് ഇല്ലാത്തൊരു ബന്ധം നിങ്ങള്‍ക്ക് ഉണ്ടാവ്വോ എന്ന് തന്‍റെ പെങ്ങള് പറഞ്ഞതോണ്ടാ അയാള് വരാഞ്ഞത് ''.

'' അത് ശരിയല്ലേ. കൂടപ്പിറപ്പിന്ന് ഇല്ല. പിന്നല്ലേ അവളുടെ സമ്മന്തക്കാരന് ''.

'' അതിലും രസൂള്ള കാര്യൂണ്ട്. തന്‍റെ പെങ്ങളുടെ മനസ്സിലിരുപ്പ് കേക്കണോ. തിരിഞ്ഞു നോക്കാന്‍ ആരും ഇല്ലാതെ വന്നാല്‍ താന്‍ ഹൈദരബാദിലിക്കന്നെ തിരിച്ചു പോവും. അപ്പോള്‍ എന്തെങ്കിലും ഒട്ട വെച്ച് തന്‍റെ സ്ഥലം എഴുതി വാങ്ങിക്കണം എന്ന് കാത്തിരിക്കുകയാണത്രേ അനിയത്തി ''.

'' അങ്ങിനെയാണെങ്കില്‍ ലീല എന്തേ വരാതിരുന്നത് ''.

'' അവളുടെ മനസ്സിലിരിപ്പ് എന്താണെന്ന് നമുക്ക് അറിയ്യോ. എന്‍റെ സംശയം താന്‍ ഒരു ബാദ്ധ്യത ആവുംന്ന് കരുതീട്ട് ഒഴിഞ്ഞ് മാറീതാണെന്നാ ''.

'' ഞാന്‍ ഇവിടം വിട്ട് പോണില്ല എന്ന് താന്‍ പരമേശ്വരനോട് പറഞ്ഞില്ലേ ''.

'' അതിന്‍റെ ആവശ്യൂല്യാ. പ്രവര്‍ത്തിയില്‍ കാണിച്ചു കൊടുക്കണം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' ആട്ടെ. താന്‍ മനസ്സ് മാറി പെട്ടെന്നെങ്ങാനും ഇവിടം വിട്ട് പോവ്വോ ''.

'' അത് ഉണ്ടാവില്ല ''.

'' അങ്ങിനെയാണെങ്കില്‍ ചിലതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. ആകെയുള്ള ഒരു മുറിയിലാണ് തന്‍റെ വെപ്പും തീനും. കിടപ്പ് ചെന്നു കേറുന്ന തളത്തിലും. അത് പോരാ ''.

'' പിന്നെന്താ വേണ്ടത് ''.

'' പിന്നാലത്തെ ചായ്പ്പ് തുറന്ന് കിടക്ക്വേല്ലേ. അത് അടച്ചു കെട്ടണം. ഒരു ഭാഗത്ത് അടുക്കളയാക്കാം. മറുഭാഗത്ത് കുളിമുറി. അതില്‍ ഒരു ക്ലോസറ്റും വെക്കാം. വയ്യാണ്ടെ ആവുന്ന കാലത്ത് തനിക്ക് ദൂരെ പോവാതെ കഴിക്കാലോ. വിറക് പുരയുടെ തൂണുകള്‍ പൊളിച്ചാല്‍ കെട്ടാനുള്ള ചെങ്കല്ല് ആയി ''.

'' എന്താ വേണ്ടത്ച്ചാല്‍ താന്‍ ചെയ്യിച്ചോളൂ ''.

'' ഒരു മുറി ഉള്ളതിനും തളത്തിനും ഇരുമ്പിന്‍റെ കീടം പോലത്തെ അസ്സല് കരിമ്പനടെ തുലാക്കട്ട നിരത്തിയിട്ടുണ്ടല്ലോ. അതിന്ന് തട്ടുപലക അടിച്ച് ബന്തവസ്സാക്കണം ''.

'' ശരി ''.

'' തൊടീലെ കുറെ മരം കൊടുക്കാനുണ്ട്. വേങ്ങയും പുല്ലമരുതും ഞാവിളും വേപ്പും ഒക്കെയാണ്. അതൊക്കെ വില്‍ക്കാം. ഒന്നുരണ്ട് മാവും പ്ലാവും പുളിയും നിന്നോട്ടെ. കായ്ഫലം ഉള്ളതല്ലേ ''.

'' ശരി ''.

'' ഞാന്‍ രാവിലെ വരാം. രാത്രി മുഴുവന്‍ പെങ്ങന്മാരുടെ കാര്യം ആലോചിച്ച് ഖേദിച്ചിരിക്കണ്ടാട്ടോ. രണ്ട് അച്ഛന്മാര്‍ക്ക് പിറന്നവരല്ലേ താനും അവരും. അതിന്‍റെ കുറവാണെന്ന് കൂട്ടി സമാധാനിക്ക്യാ ''.

ശരിയെന്ന് സമ്മതിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. നാമജപം അവസാനിപ്പിച്ച് എഴുന്നേറ്റു. പുല്ലു പായ മടക്കി വെച്ച് ചാരുകസേലയില്‍ ഇരുന്നു. കെ. എസ്. മേനോന്‍, സുകുമാരന്‍ എന്ന കുട്ടിയായി മാറുകയാണ്. പരിഭ്രമം മുഖത്തെ സ്ഥായിയായ ഒരു ആവരണമായിരുന്ന ബാല്യകാലം. വല്ലപ്പോഴും വിരുന്നുകാരനെ പോലെ വീട്ടിലെത്താറുള്ള അച്ഛനെ കുറിച്ച് അധികമൊന്നും ഓര്‍മ്മ തോന്നുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരം. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം.ദൂരത്ത് എവിടേയോ കണക്കെഴുത്തായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വരുമ്പോഴെല്ലാം മകന് തരാനായി കയ്യില്‍ ഒരു പൊതി കല്‍ക്കണ്ടം ഉണ്ടാവും. ഇത്രയും അറിവില്‍ അച്ഛന്‍ ഒതുങ്ങുന്നു.

പക്ഷെ എട്ട് വയസ്സുകാരനോട് '' ഇനി മുതല്‍ ഇതാണ് നിന്‍റെ അച്ഛന്‍ '' എന്ന് ഒരു അപരിചിതനെ കാണിച്ച് പറഞ്ഞപ്പോഴത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അടയ്ക്ക, മാങ്ങ, പുളി എന്നിവ വീടുകളില്‍ നിന്ന് വാങ്ങി അങ്ങാടിയില്‍ വില്‍ക്കുന്നതും കൃഷിക്കാരില്‍ നിന്ന് മില്ലുകാര്‍ക്ക് നെല്ലളക്കുന്നതും അയാളുടെ ജോലികളായിരുന്നു. കറുത്ത് തടിച്ച് പൊക്കം കുറഞ്ഞ ആ മനുഷ്യന്‍ ബീഡി വലിച്ച് മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കും.

ഒരിക്കലും അയാള്‍ സ്നേഹത്തോടെ ഒരു വാക്ക് സംസാരിച്ചിട്ടില്ല. അനുജത്തിമാര്‍ ജനിച്ചതോടെ കുറച്ചു കൂടി മോശമായ അവസ്ഥയിലായി. കുറ്റപ്പെടുത്തലും ശകാരവും ഒഴിഞ്ഞ നേരമില്ല. വീടു വിട്ട് എങ്ങോട്ടെങ്കിലും പോവണമെന്ന് മോഹിച്ചിരുന്ന നാളുകളിലൊന്ന്. പതിനാറാമത്തെ വയസ്സ് തികയുന്നതേയുള്ളു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ സമയം. ഇനിയെന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണം അപ്പോഴാണ് ഉണ്ടായത്.

അമ്പലത്തില്‍ തൊഴുത് വരുന്ന വഴിക്ക് ബ്രഹ്മദത്തനെ കണ്ടു. ഇല്ലത്തിന്‍റെ പടിപ്പുരയ്ക്ക് മുന്നില്‍ കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കുകയാണ്. വലിയ ആളാണ് എന്ന ഭാവം അയാള്‍ക്കുണ്ട്. ഒരേ ക്ലാസ്സില്‍ പഠിച്ചതാണെങ്കിലും അതു കാരണം അയാളോട് സംസാരിക്കാറില്ല.

'' എവിടെ പോയിട്ടാടോ താന്‍ വരുന്ന് '' മുന്നിലെത്തിയപ്പോള്‍ ചോദ്യം ഉയര്‍ന്നു.

'' അമ്പലത്തിലേക്ക് ''.

'' ഇന്നലെ തന്‍റെ അനുജത്തിമാര് രണ്ടെണ്ണൂം ഗോവിന്ദന്‍റെ കൂടെ വരുന്നത് കണ്ടല്ലോ ''. പെങ്ങന്മാര്‍ അവരുടെ അച്ഛനോടൊപ്പം പോയിരുന്നത് ശരിയാണ്.

'' ങും '' എന്നൊരു മൂളലില്‍ മറുപടിയൊതുക്കി.

'' എന്താ അവിറ്റകളുടെ പേര് ''.

'' മൂത്തത് ലീല, ഇളയത് ദാക്ഷായിണി '' ദേഷ്യം കടിച്ചമര്‍ത്തി മറുപടി നല്‍കി.

'' യോജിച്ച പേര് അതൊന്ന്വൊല്ല. ഒന്ന് താടക, മറ്റത് പൂതന. പലക പല്ലും കരി വീട്ടിടെ നിറൂം ഒക്കെ ഉള്ളപ്പോള്‍ അതാ ചേര്വാ ''. കൂട്ടുകാരോടൊപ്പം ആര്‍ത്ത് ചിരിച്ചത് കണ്ടപ്പോള്‍ സഹിച്ചില്ല. സ്വന്തം അനിയത്തിമാരെക്കുറിച്ചാണ് പറഞ്ഞത്. പിന്നെ ആലോചിച്ചില്ല. കഴുത്തില്‍ പിടിച്ച് തള്ളിയതും നിലത്ത് വീണു. മാറത്ത് കയറിയിരുന്ന് കഴുത്ത് ഞെരിക്കാന്‍ തുടങ്ങിയതാണ്. ആരോ പിടിച്ചു മാറ്റി.

രണ്ടാനച്ഛന്‍റെ വക അതിനുള്ള ശിക്ഷ കിട്ടി. ഇല്ലത്തേക്ക് പോയ ആള്‍ പെട്ടെന്ന് മടങ്ങിയെത്തി. പുര മേയാനുള്ള പനമ്പട്ട മുറ്റത്തില്‍ കിടപ്പുണ്ട്. വഴുക പൊളിര് എത്ര തവണ ദേഹത്ത് മുറിവേല്‍പ്പിച്ചു എന്നറിയില്ല.

'' ഇനി എന്നെ തല്ലിയാല്‍ ഞാന്‍ വെട്ടിക്കൊല്ലും '' തീരെ സഹിക്ക വയ്യാതായപ്പോള്‍ പറഞ്ഞു. അന്ന് ആരും ഒന്നും കഴിച്ചില്ല. രാത്രി അമ്മ അടുത്ത് വന്നു.

'' എന്‍റെ കുട്ടി ഈ നരകത്തിന്ന് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ '' കുറെ ചില്ലറയും മൂന്ന് നാല് നോട്ടും കയ്യില്‍ തന്നു, ഇടത്തെ കയ്യില്‍ കിടന്നിരുന്ന ഒരു കോണുവളയും. എവിടെയെല്ലാമോ ചുറ്റി തിരിഞ്ഞ് ജീവിതത്തിന്ന് ഒരു അര്‍ത്ഥം കണ്ടെത്തി. നേടിയതില്‍ നല്ലൊരു പങ്ക് ഒരേ വയറ്റില്‍ നിന്ന് പിറന്നവര്‍ക്ക് നല്‍കി. എന്നിട്ടും ? കണ്ണുകള്‍ നിറഞ്ഞുവോ.

ക്ലോക്ക് എട്ടു തവണ ശബ്ദിച്ചു. ഗെയിറ്റ് അടക്കാനായി കെ. എസ്. മെനോന്‍ എഴുന്നേറ്റു.








2 comments:

  1. കൊള്ളാം നന്നായിട്ടുണ്ട്.
    എന്റെ ബ്ലോഗ് കൂടെ ഒന്ന് സന്ദര്ശിച്ച് അഭിപ്രായം രേഖപ്പെടുത്താന് സന്മനസ്സ് കാണിക്കണം.
    http://sahithyasadhas.blogspot.com

    ReplyDelete
  2. പക്ഷെ എട്ട് വയസ്സുകാരനോട് '' ഇനി മുതല്‍ ഇതാണ് നിന്‍റെ അച്ഛന്‍ '' എന്ന് ഒരു അപരിചിതനെ കാണിച്ച് പറഞ്ഞപ്പോഴത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
    പണ്ടത്തെ ചില വീടുകളിലെ മര്യാദകള്‍...

    ReplyDelete