Sunday, October 23, 2011

നോവല്‍ - അദ്ധ്യായം - 24.

അനൂപ് ബാഗുമെടുത്ത് ജോലിക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് പാറു എത്തിയത്.

'' അമ്മേ, ഇതാ പാറു വന്നിരിക്കിണൂ '' അവന്‍ വിളിച്ചു പറഞ്ഞു. ഇന്ദിര പുറത്തേക്ക് വന്നു.

'' എന്താ പാറു '' അവള്‍ ചോദിച്ചു.

'' ഇന്നലെ മകളും മരുമകനും കുട്ട്യേളും കൂടി വന്നിട്ടുണ്ട്. വരുമ്പഴേ മരുമകന് തൊണ്ടേല് വേദനീം ജലദോഷൂം കഫത്തിന്‍റെ ഉപദ്രവൂം ഉണ്ടായിരുന്നു. രാത്രി ആയപ്പൊ പനിക്കാനും തുടങ്ങി '' പാറു പറഞ്ഞു '' തമ്പുരാന്‍ കുട്ടിടെ അടുത്ത് വല്ല മരുന്നും ഉണ്ടോന്ന് ചോദിക്കാന്‍ വന്നതാ ''.

'' നിന്‍റേല് ഇതിനൊക്കെ പറ്റിയ മരുന്നുണ്ടോ അനൂ '' ഇന്ദിര ചോദിച്ചു.

'' പിന്നില്ലാണ്ടെ '' അവന്‍ ബാഗ് തുറന്ന് മരുന്ന് എടുത്ത് പാറുവിന്‍റെ നേരെ നീട്ടി '' ദിവസം മൂന്ന് നേരം ഭക്ഷണത്തിന്ന് ശേഷം ഓരോ ഗുളിക കൊടുക്കണം. മൂന്ന് ദിവസത്തേക്കുണ്ട് ''.

'' നോക്കീട്ട് കൊടുക്ക് '' ഇന്ദിര മകനെ ഉപദേശിച്ചു '' മരുന്ന് മാറിയാല്‍ ബുദ്ധിമുട്ടാവും ''.

'' എനിക്കെന്താ ഇത്രയ്ക്ക് അറിയില്ലേ അമ്മേ '' അവന്‍ പറഞ്ഞു '' ഇതേ അമോക്സിലിന്‍ വിത്ത് ക്ലാവലോണിക്ക് ആസിഡ് ആണ്. ആന്‍റിബയോട്ടിക്. തൊണ്ട വേദന ഇന്‍ഫെക്ഷന്‍ കൊണ്ടാവും. അതിന് ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നാണ് ഇത്. വെറും ജലദോഷൂം പനിയും ആണച്ചാല്‍ ഞാന്‍ പാരാസ്റ്റെറ്റമോളല്ലേ കൊടുക്ക്വാ ''. സ്കൂട്ടര്‍ സ്റ്റാര്‍ടാക്കി അവന്‍ ഓടിച്ചു പോയി.

'' തമ്പുരാന്‍ കുട്ടിക്ക് മരുന്നിന്‍റെ കാര്യത്തില് നല്ല വിവരം ഉണ്ട് '' പാറു പറഞ്ഞു '' ദൈവം നിറയെ ആയുസ്സിട്ട് കൊടുക്കട്ടെ ''.

'' അതന്നെ എനിക്കും മോഹൂള്ളൂ '' ഇന്ദിര പറഞ്ഞു '' ഇത് രണ്ടെണ്ണത്തിനെ നമ്പീട്ടാ ഞാന്‍ ഭൂമീല് ജീവിക്കിണത് തന്നെ ''.

'' ദൈവൂല്യേ തമ്പുരാട്ട്യേ. കഷ്ടപ്പെടുത്തില്ല '' പാറു ആശ്വസിപ്പിച്ചു. അതിന് ഇന്ദിര മറുപടിയൊന്നും പറഞ്ഞില്ല.

'' മകള് പഠിക്കാന്‍ പോയോ '' പാറു ചോദിച്ചു.

'' ഓ. എപ്പഴോ പോയി. ഇന്ന് അവിടെ ചെന്നിട്ട് എന്തൊക്കെയോ എഴുതാനുണ്ടെന്ന് പറഞ്ഞു ''.

'' ഞാന്‍ ഓടിച്ചെന്ന് ഈ മരുന്ന് കൊടുത്തിട്ട് വെക്കം വരാം. ചോറും കൂട്ടാനും മകള് വെച്ചോട്ടെ. ഞാന്‍ ഉണ്ടാക്കിയിട്ട് വായയ്ക്ക് പിടിച്ചില്ലാന്ന് വരണ്ടാ '' പാറു തിരക്കിട്ട് നടന്നു.

ഇന്ദിരയുടെ മനസ്സ് മുഴുവന്‍ മകനാണ്. പാവം കുട്ടി. കളിച്ചു നടക്കണ്ട പ്രായത്തില്‍ കുടുംബഭാരം ഏറ്റേണ്ടി വന്നു. നല്ല കഷ്ടപ്പാടുള്ള പണിയായിരിക്കും. ഒട്ടും സന്തോഷത്തോടെയല്ല അവന്‍ ചില ദിവസങ്ങളില്‍ ജോലിക്ക് പോവാറ്. എന്താ കുട്ട്യേന്ന് ചോദിച്ചാല്‍ '' ഒന്നൂല്യാ അമ്മേ '' എന്നല്ലാതെ ഒരക്ഷരം പറയില്ല. പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി വലിയ ആഹ്ലാദത്തിലാണ്. അതന്നെ സമാധാനം.

രാവിലെത്തന്നെ പരമാവധി ഡോക്ടര്‍മാരെ കാണണമെന്ന തീരുമാനത്തിലായിരുന്നു അനൂപ്. ഒരു പക്ഷേ വൈകുന്നേരം ഇടിയോ മഴയോ വന്നെങ്കിലോ? ഒരു മൂളിപ്പാട്ടുമായി അവന്‍ സ്കൂട്ടര്‍ ഓടിച്ചു. ഈശ്വരാധീനം കൊണ്ട് കഴിഞ്ഞ മാസം ടാര്‍ജറ്റ് തികയ്ക്കാനായി. തല്‍ക്കാലം ജോലി പോവുമെന്ന് കരുതി സങ്കടപ്പെടേണ്ട. വാരിയര്‍ സാറാണ് അതിന്‍റെ കാരണക്കാരന്‍. '' മഴക്കാലം ആവാറായില്ലേ, പനിക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ ഒന്ന് രണ്ട് ഹോസ്പിറ്റലുകളില്‍ കയറ്റാന്‍ നോക്ക് '' എന്ന അദ്ദേഹത്തിന്‍റെ ഉപദേശം ഫലിച്ചു.

അനൂപ് ആസ്പത്രിയില്‍ നില്‍ക്കുകയായിരുന്നു. നല്ല തിരക്കുണ്ട്. ഡോക്ടറെ എപ്പോള്‍ കാണാന്‍ പറ്റുമെന്ന് അറിയില്ല. പുറത്ത് ആരോ തൊട്ടപ്പോള്‍ തിരിഞ്ഞു നോക്കി. അനിരുദ്ധന്‍ സാറാണ്.

'' എന്താ സാര്‍ '' അവന്‍ ചോദിച്ചു.

'' വാ '' അയാള്‍ വിളിച്ചു. ഇരുവരും കാന്‍റീനിലേക്ക് നടന്നു. ചായയ്ക്കും വടയ്ക്കും ഉള്ള ടോക്കണ്‍ വാങ്ങി അനിരുദ്ധന്‍ തിരിച്ചു വന്നു.

'' അനൂപേ. നിന്‍റെ അറിവില്‍ റെപ്പായിട്ട് എടുക്കാന്‍ പറ്റിയ ആരെങ്കിലും ഉണ്ടോ '' അയാള്‍ ചായ കുടിക്കുന്നതിന്നിടെ ചോദിച്ചു.

'' ഏത് കമ്പിനിയിലേക്കാ സാറെ '' അനൂപ് തിരക്കി.

പണി ചെയ്യാതെ ഉഴപ്പി നടന്ന് ദുബായിയിലേക്ക് പോവുകയാണന്നു പറഞ്ഞ് ഒഴിവായ റെപ്പിന്‍റെ കാര്യം അനിരുദ്ധന്‍ വിവരിച്ചു.

'' വാസ്തവം പറഞ്ഞാല്‍ അവന്‍ പോയതില്‍ എനിക്ക് സന്തോഷമേയുള്ളു. അരയ്ക്കാല്‍ പൈസടെ പണി എടുക്കില്ല. '' അയാള്‍ പറഞ്ഞു '' പക്ഷെ അവന്‍ പോയ ഒഴിവിലേക്ക് ഇവിടെ നിന്ന് സെലക്റ്റ് ചെയ്ത് ട്രെയിനിങ്ങിന്ന് അയച്ച പയ്യനെ എടുക്കാഞ്ഞതിലേ വിഷമമുള്ളു ''.

'' അതെന്താ സാറെ ''.

'' പയ്യന്‍ മിടുക്കനായിരുന്നു. ഡിഗ്രി കഴിഞ്ഞതേയുള്ളു. ബി. എസ്. സി. കെമിസ്ട്രി, ഫസ്റ്റ് ക്ലാസ്സ്. സന്തോഷത്തോടെയാണ് അവനെ ട്രെയിനിങ്ങിന്ന് അയച്ചത്. അവിടേയും അവന്‍ തന്നെ ഒന്നാമന്‍. പക്ഷെ കമ്പിനി അവനെ ജോലിക്ക് എടുത്തില്ല. അവന്‍റെ കുടുംബത്തില്‍പ്പെട്ട ആരോ കമ്പിനിയില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ആ കാരണം പറഞ്ഞ് കമ്പിനി അവനെ ഒഴിവാക്കി. കമ്പിനിടെ പോളിസി അനുസരിച്ച് രക്ത ബന്ധത്തില്‍ പെട്ടവരെ ജോലിക്ക് എടുക്കാന്‍ പാടില്ലാത്രേ ''.

'' അത് വല്ലാത്ത ഏര്‍പ്പാടന്നെ ''.

'' ഒന്നും പറയണ്ടാ. പല കമ്പിനിക്കാര്‍ക്കും കാലം മാറിയത് അറിയില്ല. ഇഷ്ടം പോലെ ആള്‍ക്കാരെ ജോലിക്ക് കിട്ടാനുണ്ട് എന്നാ അവരുടെ വിശ്വാസം. വാസ്തവം നമുക്കല്ലേ അറിയൂ. നൂറ് പേരോട് പറഞ്ഞാലാണ് ഒരാളെ കിട്ടുക. ഒരുവിധം അയാളെ ട്രെയിനിങ്ങിന്ന് അയച്ചാലോ, പെര്‍ഫോമന്‍സ് പോരാ എന്നും പറഞ്ഞ് റിജക്റ്റ് ചെയ്യും. ഫീല്‍ഡിലെ ബുദ്ധിമുട്ട് അവര്‍ക്കറിയില്ലല്ലോ ''.

അത് ശരിയാണ്. യാതൊരു വിധ ദാക്ഷിണ്യവും കൂടാതെയാണ് ഉദ്യോഗാര്‍ത്ഥികളെ ട്രെയിനിങ്ങ് കാലത്ത് തിരസ്ക്കരിക്കുക. അതും കഠിനമായ പരിശീലനത്തിനിടയില്‍ ഏതു സമയത്തും.

ട്രെയിനിങ്ങ് കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവന്‍ ഓര്‍ത്തു. നേരം വെളുക്കുമ്പോഴേക്കും എഴുന്നേല്‍ക്കണം, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞതും പഠിക്കാനോ, എഴുതാനോ ഉള്ളത് തീര്‍ക്കണം, തിടുക്കത്തില്‍ കുളിച്ചൊരുങ്ങണം, ധൃതിയില്‍ ഭക്ഷണം കഴിച്ച് ട്രെയിനിങ്ങിന് എത്തണം, രാത്രി എട്ടോ ഒമ്പതോ മണിവരെ നീളുന്ന പഠിപ്പും, പരിശീലനവും കഴിഞ്ഞ് മുറിയിലെത്തിയതും അടുത്ത ദിവസം ചോദിക്കാനിടയുള്ളത് പഠിക്കണം, പന്ത്രണ്ട് മണി വരെ പഠിക്കാനുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ജോലി കിട്ടുമോ എന്ന ആശങ്ക .

'' അനൂപേ, നീ എന്‍റെ കമ്പിനിയിലേക്ക് വരുന്നോ '' അനിരുദ്ധന്‍റെ ചോദ്യം അവന്‍ പ്രതീക്ഷിച്ചതല്ല. ഒരാഴ്ച മുമ്പാണെങ്കില്‍ ആലോചിക്കാതെ തന്നെ സമ്മതിച്ചേനെ.

'' ധൃതി പിടിച്ച് വേറൊരു കമ്പിനിയില്‍ ചേരരുത് '' എന്ന് വാരിയര്‍ സാര്‍ പറഞ്ഞത് ഓര്‍ത്തു, നിന്‍റെ ജോലി പോവും എന്നു വിചാരിച്ച് വിഷമിക്കണ്ടാ, നല്ലൊരു കമ്പിനിയില്‍ ഞാന്‍ പണി വാങ്ങിത്തരാം എന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനവും.

'' പെട്ടെന്ന് പറയാന്‍ പറ്റില്ല സാര്‍. ആലോചിച്ച് നോക്കട്ടെ '' എന്നു പറഞ്ഞ് തടി തപ്പി.

പറഞ്ഞതുപോലെ പാറു വൈകാതെ തിരിച്ചെത്തി. ഇന്ദിര അവളെ കാത്തിരിക്കുകയായിരുന്നു.

'' തമ്പുരാട്ടിയെ കണ്ട് ഞാന്‍ പറഞ്ഞ കാര്യം എന്തായി എന്ന് ചോദിക്കണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസായി '' അവള്‍ പറഞ്ഞു '' വേണെങ്കിലും ഇല്ലെങ്കിലും മകള് പോവുമ്പോ വിവരം പറഞ്ഞയക്കാലോ ''.

'' ഞാനും അത് ആലോചിച്ച് ഇരിക്ക്യായിരുന്നു '' ഇന്ദിര മറുപടി നല്‍കി '' ഒറ്റ അടിക്ക് വേണ്ടാന്ന് പറഞ്ഞാലോ എന്ന് വിചാരിച്ചതാ. രാമേട്ടന്‍റെ അടുത്ത് വിവരം പറഞ്ഞു. മൂപ്പരുടെ മനസ്സില് ഒരു മോഹം ഉണ്ടെന്ന് തോന്നി. അതിന്‍റെ അപ്പറം എനിക്ക് ഒന്നൂല്യാ ''.

'' അത് നന്നായി. നല്ല സ്വഭാവക്കാരാണ് അവര്. എന്തോണ്ടും നമുക്ക് ഗുണം തന്നേ ഉണ്ടാവുള്ളു . മകള് പോവുമ്പൊ വിവരം പറഞ്ഞയയ്ക്കാം '' പാറു ഒരു വീര്‍പ്പില്‍ പറഞ്ഞു നിര്‍ത്തി.

'' ചിലപ്പൊ തെറ്റാണ് ചെയ്യിണത് എന്ന് തോന്നാറുണ്ട് ''.

'' അതെന്താ തമ്പുരാട്ടി ''.

'' ഗുണദോഷം പറഞ്ഞു തരാന്‍ എനിക്ക് ആരൂല്യാ. അതോണ്ട് നിന്‍റടുത്ത് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ഞങ്ങള്‍ക്ക് സ്വത്തും മുതലും ഒന്നൂല്യാ. കടം വാങ്ങിയത് ചോദിച്ച് ആരും വരാനും ഇല്ല. നാളെ മേലാല് പണം മാത്രം നോക്കി മകനെക്കൊണ്ട് പ്രാന്തിയുടെ മകളെ കെട്ടിച്ചൂന്ന് ആള്‍ക്കാര് പറയാന്‍ പാടില്ല. അത്രേള്ളൂ എനിക്ക് ''.

'' തമ്പുരാട്ട്യേ, ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം. അര മനുഷ്യന്‍റെ വായ മൂടാന്‍ പറ്റില്ല '' പാറു പറഞ്ഞു '' നൂറ് കൂട്ടം കുറ്റം പറയാന്‍ ആളുണ്ടാവും. അതിനൊന്നും ചെവി കൊടുക്കണ്ടാ. നമ്മടെ മനസ്സില് ഒരു സത്യം ഉണ്ടാവണം. പെണ്‍കുട്ടിടെ വീട്ടിലെ സ്ഥിതീല് നമ്മള് കണ്ണ് വെക്കാന്‍ പാടില്ല. കൊണ്ടു വരുന്ന കുട്ടീനെ മകളായി കാണ്വാ. അപ്പൊ കുറ്റം പറയുന്നത് കേട്ടാലും ഒന്നും തോന്നില്ല ''.

'' അങ്ങിനെയാണെങ്കില് അവന്‍റെ ജാതകക്കുറിപ്പ് ഞാന്‍ തരാം. അവര് നോക്കിച്ചിട്ട് ചേരുംച്ചാലല്ലേ ബാക്കി ആലോചിക്കേണ്ടൂ ''.

'' അതന്യാ ശരി ''.

പഴയ പെട്ടിയില്‍ സൂക്ഷിച്ച അനൂപിന്‍റെ ജാതകം ഇന്ദിര എടുത്തു. രമയുടെ നോട്ടുപുസ്തകത്തില്‍ നിന്ന് ഒരേട് കീറി അവള്‍ ജനന തീയതിയും, സമയവും, ഗ്രഹനിലയും, അംശകവും, ഗര്‍ഭശിഷ്ടവും പകര്‍ത്തി.

'' നോക്കൂ '' പുറത്തേക്ക് പോവാന്‍ ഒരുങ്ങിയ ഇന്ദിരയെ രാമകൃഷ്ണന്‍ വിളിച്ചു.

'' എന്താ രാമേട്ടാ '' അവള്‍ അടുത്തേക്ക് ചെന്നു.

'' പാറൂനെ അകത്തേക്ക് വരാന്‍ പറയൂ. എന്നിട്ട് ഭഗവാനെ നല്ലോണം പ്രാര്‍ത്ഥിച്ച് ഇത് അവളുടെ കയ്യില്‍ കൊടുക്കൂ '' അയാള്‍ പറഞ്ഞു.

'' രാമേട്ടന്‍റെ കയ്യോണ്ടന്നെ കൊടുത്തോളൂ. അതാ നല്ലത് ''.

തളര്‍ന്ന കയ്യില്‍ കുറിപ്പ് പിടിപ്പിച്ച് ഇന്ദിര പാറുവിനെ വിളിക്കാന്‍ പുറത്തേക്ക് നടന്നു.

7 comments:

  1. വായന തുടരുന്നു. ആശംസകൾ.

    ReplyDelete
  2. ponmalakkaran / പൊന്മളക്കാരന്‍ ,
    രാജഗോപാല്‍ ,

    രണ്ടുപേര്‍ക്കും നന്ദി

    ReplyDelete
  3. കഴിഞ്ഞ അദ്ധ്യായവും ഇതും കൂടി ഒന്നിച്ചു വായിച്ചു. ഒന്നും മുടക്കാറില്ല. എന്റെയൊക്കെ നാട്ടിലുള്ളവരൊക്കെത്തന്നെ ഇതിലെ കഥാപാത്രങ്ങൾ. ശരിക്കും ഒരു ഗ്രാമത്തിലെ കഥയും കഥാപാത്രങ്ങളും.

    ReplyDelete
  4. Typist / എഴുത്തുകാരി,

    ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായതിനാലാണ് പരിചയം
    ഉള്ളവരായി തോന്നുന്നത്. പ്രോത്സാഹനത്തിന്ന് നന്ദി.

    ReplyDelete
  5. നല്ല ഒരു നാളെ എന്ന പ്രതീക്ഷയല്ലേ മനുഷ്യനെ ജീവിപ്പിക്കുന്നത്‌?

    ReplyDelete
  6. ഞാനിപ്പൊളാണു വായിക്കാൻ തുടങ്ങിയത്‌.കൊള്ളാം നന്നായിട്ടുണ്ട്‌.കുറേ അനാവശ്യ കഥപാത്രങ്ങൾ കടന്നു വരുന്നെന്ന് തോന്നുന്നു.

    ReplyDelete