Sunday, November 6, 2011

നോവല്‍ - അദ്ധ്യായം - 26..

ഏട്ടു മണിയായിട്ടും പ്രദീപ് എഴുന്നേറ്റില്ല. എപ്പോഴേ ഉറക്കം തെളിഞ്ഞു. വല്ലാത്ത ക്ഷീണം. രാത്രി മിനക്കെട്ടിരുന്ന് സിനിമ കണ്ടതാണ്. അല്ലെങ്കിലും തിരക്കിട്ട് ജോലിക്കൊന്നും പോവാനില്ലല്ലോ. മാനേജരുടെ അടുത്ത് തരികിട പറഞ്ഞ് മടുത്തു. അയാള്‍ക്ക് മതിയായിട്ടുണ്ടാവും. അതാണ് പുള്ളി വിളിക്കാത്തത്. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ശെല്‍വനാണ്. ഇനി എന്താണാവോ അവന്‍റെ പ്രശ്നം.


'' എന്താടാ '' പ്രദീപ് ചോദിച്ചു.

'' ഇന്നലെ രാത്രി മനസ്സില് ഒരു കാര്യം തോന്നി '' മറുവശത്തു നിന്നും കേട്ടു.

'' തോന്നും. അതല്ലേ പ്രായം ''.

'' അതല്ലെടാ. നിന്‍റെ അച്ഛന്‍റെ സ്വത്ത് ഇളയച്ഛന്മാര്‍ തട്ടിയെടുത്തു എന്ന് നീ പറയാറില്ലേ. ആ കേസ്സ് അന്‍വറണ്ണനെ ഏല്‍പ്പിച്ചൂടേ ''.

'' ഇത് പറയാനാണോ നീ എന്നെ വിളിച്ചുണര്‍ത്തിയത്. വേറെ പണിയൊന്നും ഇല്ലേടാ നിനക്ക് ''.


'' നിന്നെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയതാണ്. അവര്‍ ചെയ്ത ദ്രോഹത്തിന്ന് പകരം ചെയ്യണം എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ ''.

'' നോക്ക്. എല്ലാ കാര്യവും ഒരേ മാതിരി ചെയ്യാന്‍ പറ്റില്ല. അത് മനസ്സിലാക്കിക്കോ ''.

'' അതെന്താ ''.

'' ഒന്നാമത് നിന്‍റെ ഇളയച്ഛന്മാരെപ്പോലെ കാശിന് വകയില്ലാത്തോരല്ല അവര് . നമ്മള് അന്‍വറണ്ണന് ക്വൊട്ടേഷന്‍ കൊടുത്തൂന്ന് അവര് അറിഞ്ഞാല്‍ മതി, അതിലും വലിയ ഗ്യംഗിനെ എന്നെ തട്ടാന്‍ ഏല്‍പ്പിക്കും. കൂടാതെ പോയ മുതലൊന്നും തിരിച്ചു കിട്ടാന്‍ പോണില്ല. രേഖകളൊക്കെ അവര് പെര്‍ഫക്റ്റ് ആക്കിയിട്ടുണ്ടാവും. കോടതീല്‍ ചെന്നാലും കൂടി രക്ഷയുണ്ടാവില്ല. പിന്നൊരു കാര്യം കൂടിയുണ്ട് ''.


'' എന്താടാ അത് ''.

'' എന്‍റെ ഉള്ളിലെ പക പോണച്ചാല്‍ ഞാന്‍ തന്നെ അവരോട് പകരം വീട്ടണം. സമയം വരുമ്പോള്‍ ഞാന്‍ അത് ചെയ്യും ''.

**********************

'' അതേയ്, നല്ല ബേക്കറിടെ മുമ്പില്‍ നിര്‍ത്തണം കേട്ടോ. വീട്ടിലേക്ക് എങ്ങിനേയാ വെറും കയ്യും വീശി ചെല്ലുണത് '' കാര്‍ നീങ്ങി തുടങ്ങിയതും രാധിക പറഞ്ഞു.

ഇതു കേട്ടാല്‍ ഇത്രയും കാലം ഒന്നും വാങ്ങാതെയാണ് വീട്ടില്‍ പോയിരുന്നത് എന്ന് തോന്നും. ഉള്ളില്‍ ഇരച്ചു വന്ന ദേഷ്യം കടിച്ചമര്‍ത്തി . '' ശരി '' എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

എക്ലയേഴ്സ് മുതല്‍ ഐസ് ക്രീമിന്‍റെ ഫാമിലി പാക്കും ചിക്കന്‍ റോളും വരെ പാക്കറ്റുകള്‍ പലത് സെയില്‍സ്മാന്‍ തയ്യാറാക്കി വെച്ചു.

'' മാഡം , ഇനി വല്ലതും '' അയാള്‍ ചോദിച്ചു.

'' ങാ. ഒരു കാര്യം മറന്നു. ഓട്ട്സ് വേണം ഒരു കിലോ '' രാധിക അനിരുദ്ധനെ നോക്കി '' അച്ഛന്ന് അതേ വേണ്ടൂ ''.


വീട്ടിലെത്തിയതും രാധിക അവരിലൊരാളായി. അനിരുദ്ധന്‍ ഒറ്റയ്ക്ക് ഡ്രായിങ്ങ് റൂമിലിരുന്ന് മടുത്തു. അകത്ത് സംഭാഷണം പൊടിപൊടിക്കുകയാണ്. വെറുതെയിരുന്ന് സമയം കളഞ്ഞാല്‍ വീട്ടിലെത്താന്‍ വൈകും. അനിരുദ്ധന്‍ വാതില്‍ക്കല്‍ ചെന്ന് ഭാര്യയെ വിളിച്ചു.

'' ഞാന്‍ ഇറങ്ങുന്നു. ആറ് മണിക്ക് എത്താം '' അയാള്‍ പറഞ്ഞു.

'' നിക്കൂന്നേ. അച്ഛന്‍ മീറ്റിങ്ങ് കഴിഞ്ഞ് ഇപ്പൊ എത്തും. ഊണ് കഴിച്ചിട്ട് പോയാല്‍ മതി. അതല്ലേ ചായ ഉണ്ടാക്കാഞ്ഞത് ''.

അനിരുദ്ധന്ന് എത്രയും പെട്ടെന്ന് അമ്മയുടെ അരികിലെത്തണമെന്ന് കലശലായി മോഹം തോന്നി. അമ്മയോടൊപ്പം ആഹാരം കഴിക്കണം. നാല്‍പ്പത് കിലോമീറ്റര്‍ ദൂരം ഓടാനുള്ളതാണ്.

'' അച്ഛനെ വൈകുന്നേരം കാണാം ''. രാധികയുടെ മുഖഭാവം ശ്രദ്ധിക്കാതെ അയാള്‍ കാറില്‍ കയറി.

അടുത്ത ടൌണിലെത്തിയപ്പോഴാണ് വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണമെന്ന് അനിരുദ്ധന്ന് തോന്നിയത്. അയാള്‍ കാറ് ഒരു ഭാഗത്ത് ഒതുക്കി നിര്‍ത്തി.

എന്താണ് വാങ്ങേണ്ടത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഷോപ്പിങ്ങിന്ന് ചെന്നിട്ടുള്ള പരിചയം കമ്മി. അപ്പുവിന്ന് കടല മിഠായി ഇഷ്ടമാണ്. കാണുമ്പോഴൊക്കെ '' ഇനി അമ്മാമ വരുമ്പോള്‍ കടല മിഠായി കൊണ്ടു വര്വോ '' എന്ന് അവന്‍ ചോദിക്കാറുള്ളതാണ്. ചുവന്ന ഹല്‍വയും വാഴ്യ്ക്ക വറുത്തതും കടല മിഠായിയും വാങ്ങി പുറത്തിറങ്ങി.


അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങണം. കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സ് കഴിഞ്ഞു വരുമ്പോള്‍ അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങിയിരുന്നത് ഓര്‍മ്മ വന്നു. വെറ്റിലയും നീറ്റടയ്ക്കയും പുകയിലയും വാങ്ങി കാറിലേക്ക് നടക്കുമ്പോള്‍ ഉണക്ക മീന്‍ വില്‍ക്കുന്ന പീടിക കണ്ടു.


ഉണക്കസ്രാവ് അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ഒരു കഷ്ണം സ്രാവ് വറുത്തത് ഉണ്ടെങ്കില്‍ ചോറ് തന്നെ പോവും എന്ന് അമ്മ പറയും. വില കൂടുതലായതിനാല്‍ സ്രാവ് വല്ലപ്പോഴുമേ വാങ്ങൂ. അധികവും മാന്തളാണ് വാങ്ങാറ്.ഉണക്ക മാന്തളും സ്രാവും പൊതിഞ്ഞു വാങ്ങി കാറില്‍ കയറി. അമ്മ ഉണ്ണാറാവുമ്പോഴേക്കും വീടെത്തണം . മീന്‍ വറുത്തതും കൂട്ടി ഉണ്ടോട്ടെ. സ്പീഡോ മീറ്ററിന്‍റെ സൂചി എണ്‍പതിനെ തലോടി.

7 comments:

  1. തുലാസിലെ തട്ടിൽ അമ്മയ്ക്കാണു തൂക്കം. അങ്ങനെയേ ആകാവൂ. അമ്മയാണ് നമ്മളെ നമ്മളാക്കുന്നത്. പറഞ്ഞു തേഞ്ഞ തത്വം. എന്നാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ.

    ReplyDelete
  2. ഞാനും ഹാജർ വക്കുന്നൂട്ടോ.

    ReplyDelete
  3. വായിച്ചു കൊണ്ടെ ഇരിക്കുന്നു!! ആശംസകള്‍!!

    ReplyDelete
  4. രാജഗോപാല്‍ ,

    വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു പേര്‍ തമ്മിലുള്ള പൊരുത്തക്കേട്. യോജിച്ചു പോവാന്‍ ചെയ്യുന്ന വിട്ടുവീഴ്ചകള്‍. അമ്മയോടുള്ള സ്നേഹം അതോടൊപ്പം. മനുഷ്യന്‍ അനുഭവിക്കുന്ന ധര്‍മ്മസങ്കടങ്ങള്‍.

    Typist I എഴുത്തുകാരി,
    വളരെ സന്തോഷം ഉണ്ട്.

    ഞാന്‍ : ഗന്ധര്‍വ്വന്‍,
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  5. ചില ഒര്‍മ്മപ്പെടുത്തലുകള്‍ ആശംസകള്‍ നന്ദി

    ReplyDelete
  6. ഞാന്‍ പുണ്യവാളന്‍,
    വളരെ നന്ദി

    ReplyDelete
  7. സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പം ഭര്‍ത്താവിന്‍റെ അമ്മയെയും സ്നേഹിച്ചു കൂടെ ഈ പെണ്പില്ലെര്‍ക്ക്?

    ReplyDelete