Monday, November 14, 2011

നോവല്‍ - അദ്ധ്യായം - 27.

മുറ്റത്ത് കാര്‍ നിര്‍ത്തി അനിരുദ്ധന്‍ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ വെറ്റിലയും മുറുക്കി അമ്മ ഇരിപ്പാണ്.

'' നീ ഒറ്റയ്ക്കേ ഉള്ളൂ '' അമ്മ ചോദിച്ചു.

'' അതെ '' അയാള്‍ പറഞ്ഞു.

'' എന്തേ രാധികയേയും കുട്ടിയേയും കൊണ്ടുവരാഞ്ഞത് ''.

'' കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല ''.

പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന്നുള്ള ഉത്തരം നേരത്തെ തയ്യാറാക്കി വെച്ചതിനാല്‍ എളുപ്പം മറുപടി പറയാനായി. എങ്കിലും മനസ്സില്‍ ആത്മനിന്ദ തോന്നി. ഭാര്യയെ അനുസരിപ്പിക്കാന്‍ കഴിവില്ലാതെ നുണ പറഞ്ഞ് തടി തപ്പുന്നു.

മകന്‍ വന്നതില്‍ അമ്മയ്ക്കുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല. അടുത്തെത്തിയതും അമ്മ ചേര്‍ത്തുപിടിച്ചു ശിരസ്സിലും മുഖത്തും തലോടി. അമ്മയുടെ അടുത്തായി അയാള്‍ ഇരുന്നു.

'' നീ വല്ലാണ്ടെ ക്ഷീണിച്ചിരിക്കുന്നല്ലോ '' അമ്മ പറഞ്ഞു.

എപ്പോള്‍ വന്നാലും അമ്മ അതുതന്നെയാണ് പറയാറ്.

'' അമ്മയ്ക്ക് തോന്നുന്നതാണ് '' അയാള്‍ പറഞ്ഞു '' കഴിഞ്ഞ തവണ വന്നപ്പോഴത്തേക്കാളും നാല് കിലോ തൂക്കം കൂടിയിരിക്കുകയാണ് ''.

'' അത് നീ എന്നെ സന്തോഷിപ്പിക്കാന്‍ പറയിണതല്ലേ '' അമ്മ ചിരിച്ചു.

'' അപ്പു എവിടെ '' അയാള്‍ ചോദിച്ചു.

'' ഇത്ര നേരം കളിയായിരുന്നു. ഭാനു കുളിക്കാന്‍ പോയപ്പോള്‍ കുളത്തിലേക്ക് ഒപ്പം പോയതാണ്. നീ വന്നൂന്ന് അറിഞ്ഞാല്‍ ഓടി വരും ''.

അതു ശരിയായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് അപ്പു ഓടിയെത്തി. അനിരുദ്ധന്‍ കടലമുഠായിയുടെ പൊതി അവന്‍റെ നേര്‍ക്ക് നീട്ടി. അവന്‍ അത് വാങ്ങി അമ്മാമനോട് ചേര്‍ന്നു നിന്നു.

'' എന്തൊരു വികൃതിയാ ഇതിന്. തീരെ തോറ്റു. അടുത്ത കൊല്ലം നഴ്സറിയിലേക്ക് അയക്കണം '' കുട്ടിയുടെ പുറകെ എത്തിയ ഭാനുമതി പറഞ്ഞു. അവളുടെ നനഞ്ഞ തലമുടി തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്.

'' നീ വികൃതി കാട്ടാറുണ്ടോ '' അനിരുദ്ധന്‍ കുട്ടിയോട് ചോദിച്ചു. ഇല്ലെന്ന് അവന്‍ തലയാട്ടി.

'' ഏട്ടന്‍റെ അടുത്ത് മര്യാദക്കാരനായി നില്‍ക്കുന്നത് കണക്കാക്കണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ പുര മലര്‍ത്തി വെക്കും ''.

കൊണ്ടുവന്ന പൊതികള്‍ തുറന്നു നോക്കി, മൂത്തചേച്ചിയെ വിളിച്ച് എല്ലാവര്‍ക്കും കൊടുക്കാനും ഊണിന് ഉണക്കമീന്‍ വറുക്കാനും അമ്മ ഏല്‍പ്പിച്ചു.

'' വറക്കണച്ചാല്‍ ഇതിലെ ഉപ്പ് പോണ്ടേ അമ്മേ '' ചേച്ചി ചോദിച്ചു.

'' നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്‍റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും ''.

അനിരുദ്ധനോടൊപ്പമാണ് അമ്മ ഭക്ഷണം കഴിക്കാനിരുന്നത്. സ്രാവ് വറുത്തതും കൂട്ടി അമ്മ ഊണ് കഴിക്കുന്നത് അയാള്‍ നോക്കിയിരുന്നു. മനസ്സ് നിറയുന്നതുപോലെ തോന്നി.

'' ശാരദേ, വൈകുന്നേരത്തെ ചായയ്ക്ക് കുമ്പിളപ്പവും കൊത്തിപ്പൊടി ഉപ്പുമാവും ഉണ്ടാക്കണേ. അനിക്ക് അത് രണ്ടും വലിയ ഇഷ്ടാണ് '' അമ്മ മൂത്ത ചേച്ചിയെ ഏല്‍പ്പിക്കുന്നത് കേട്ടു ''വല്ലപ്പഴും അല്ലേ അവന്‍ വരുന്നത് ''.

മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മമാര്‍ക്ക് ഹൃദിസ്ഥമാണ്. മക്കള്‍ എത്ര കാലം അകന്നിരുന്നാലും അതൊന്നും അവര്‍ക്ക് മറക്കാനാവില്ല. ചായകുടി കഴിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് അമ്മ ഒരു ആഗ്രഹം പറഞ്ഞത്.

'' എനിക്ക് ചീറമ്പത്തെ കാവില് ഒന്ന് തൊഴുകണംന്നുണ്ട്. നീയും കൂടി വാ. അവിടെ തൊഴുതിട്ട് കുറെയായില്ലേ ''.

സ്ഥിരമായി വിളക്കു വെക്കലോ പൂജയോ ഇല്ലാത്ത കാവാണ് അത്. വല്ലപ്പോഴും ആരെങ്കിലും മുന്‍വശത്തെ കല്‍വിളക്കില്‍ തിരി വെക്കും. പണ്ടൊക്കെ മണ്ഡല കാലത്ത് ഒരു പൂജാരി വന്ന് നിത്യവും പൂജ കഴിയ്ക്കും. രാത്രിപൂജ കഴിഞ്ഞാല്‍ വെള്ളപ്പയര്‍ പുഴുങ്ങി ശര്‍ക്കര ചേര്‍ത്തത് കൂടിയവര്‍ക്ക് വിതരണം ചെയ്യും. ആ പ്രസാദത്തിന്‍റെ സ്വാദ് നാവിലെത്തി.

'' മീന്‍ കഴിച്ചതല്ലേ അമ്മേ. കുളിക്കാതെ കാവില്‍ ചെല്ലാന്‍ പാട്വോ ''.

'' അതിന് നീ തിരുമുറ്റത്ത് കേറണ്ടാ. വെളില് നിന്ന് തൊഴുതാല്‍ മതി. ഞാന്‍ കുളിച്ചിട്ടു വരാം. അപ്പൊ എനിക്ക് വിളക്കില് തിരി വെക്കാലോ ''.

അമ്മയുടെ മോഹം സാധിച്ചു കൊടുത്തില്ല എന്നുവേണ്ടാ. കുളിച്ചൊരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. കിണറിന്നരികിലെ കുളിമുറിയിലേക്ക് അമ്മ പോയപ്പോള്‍ ചേച്ചി വന്നു.

'' വിളക്കുവെച്ച് തൊഴാനൊന്നും അല്ല നിന്‍റൊപ്പം കാറില് ഇരിക്കാനാ അമ്മ കാവിലിക്ക് വരുണത് '' അവര്‍ പറഞ്ഞു.

അമ്പലപ്പറമ്പില്‍ കാര്‍ നിര്‍ത്തി.

'' ഇറങ്ങാറായോ അമ്മാമേ '' അപ്പു ചോദിച്ചു. കാറില്‍ ഇരിക്കാനുള്ള മോഹംകൊണ്ട് പുറപ്പെട്ടതാണ് അവന്‍. എണ്ണയും തിരിയും തീപ്പെട്ടിയുമായി അമ്മ കാവിന്‍റെ മുറ്റത്തേക്കിറങ്ങി. ഭാനുവും അപ്പുവും വെളിയില്‍ ഒപ്പം നിന്നു. അമ്മ തിരി തെളിയിക്കുമ്പോള്‍ അവര്‍ പുറത്ത് തൊഴുതു നിന്നു.

'' ദേവകിടെ വീടിന്‍റെ മുമ്പില് ഒരു മിനുട്ട് നിര്‍ത്തണേ '' തിരിച്ചു പോരുമ്പോള്‍ അമ്മ പറഞ്ഞു. രണ്ടു പേരും സമപ്രായക്കാരാണ്.

'' വെറുതെ എന്തിനാ ഏട്ടനെ നേരം വൈകിക്കിണത് '' ഭാനു ചോദിച്ചു.

'' അവന് അതോണ്ട് വിരോധം ഒന്നൂണ്ടവില്ല ''.

'' മകന്‍റെ കാറ് കാണിച്ചു കൊടുക്കാനാണ് അല്ലേ '' ഭാനു അമ്മയെ ദേഷ്യം പിടിപ്പിക്കുകയാണ്.

ഭാര്യ വീട്ടിലെത്തുമ്പോള്‍ മണി ഏഴ്. രാധികയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ല.

'' എന്തേ ഇത്ര വൈകിയത് '' അവള്‍ ചോദിച്ചു '' അച്ഛന്‍ എത്ര നേരം കാത്തിരുന്നു എന്ന് അറിയ്യോ ''.

'' ലേശം വൈകി. പുറപ്പെട്ടോളൂ '' അയാള്‍ പറഞ്ഞു.

'' ഈ നേരത്തോ. അച്ഛന്‍ വന്നു കണ്ടിട്ട് നാളെ പോയാല്‍ മതി ''.

'' അതുപോരാ. നാളെ ഒമ്പത് മണിക്ക് എറണാകുളത്ത് എത്താനുള്ളതാ. അഞ്ച് മണിയ്ക്ക് മുമ്പ് പാലക്കാടെത്തണം. എന്നാലേ ആലപ്പുഴ വണ്ടി കിട്ടൂ ''.

'' എന്നാല്‍ നിങ്ങള് പൊയ്ക്കോളിന്‍. ഞാന്‍ പിന്നെ വന്നോളാം ''.

അനിരുദ്ധന്‍ കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. കുട്ടിയുടെ അടുത്തേക്ക് ചെന്നു. കവിളിലൊന്ന് തലോടി അയാള്‍ കാറിനടുത്തേക്ക് നടന്നു.

***********************************

രാമകൃഷ്ണനെ കുളിപ്പിച്ച് കഞ്ഞിയും കൊടുത്ത് കോസറി കുടഞ്ഞു വിരിച്ച് കിടത്തി. രാവിലത്തെ ആഹാരം കഴിച്ചിട്ടില്ല. ദൂരെ പത്തര മണിക്കുള്ള ബസ്സ് ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം. കൂട്ടുപാത വഴിക്ക് പോവുന്ന ഒരു ബസ്സ് ഈ വഴിക്കായിട്ട് രണ്ടാഴ്ചയേ ആയുള്ളു. ഇന്ദിര കിണ്ണത്തില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

'' ഇന്ദിര ചേച്ച്യേ '' പുറത്തു നിന്ന് ആരോ വിളിക്കുന്നു. ശബ്ദം കേള്‍ക്കുമ്പോള്‍ സാവിത്രിയുടേതു മാതിരിയുണ്ട്. അവളാവില്ല. ഇന്ന് ബുധനാഴ്ച. ബാങ്കുള്ള ദിവസമാണ്. സാധാരണ ശനിയാഴ്ച വൈകുന്നേരമേ അവള്‍ വാരിയത്ത് എത്തൂ. തിങ്കളാഴ്ച പുലര്‍ച്ചെ പോവുകയും ചെയ്യും. ഇന്ദിര പുറത്തേക്ക് വന്നു. സാവിത്രിതന്നെയാണ് ഉമ്മറത്ത്.

'' എന്താ നീ മടിച്ചു നില്‍ക്കുന്നത്. കേറി വന്നൂടെ '' ഇന്ദിര ക്ഷണിച്ചു.

'' ചേച്ചി എന്താ ചെയ്യുന്നത് '' സാവിത്രി അന്വേഷിച്ചു.

'' രാവിലത്തെ ആഹാരം കഴിക്കാന്‍ ഇരുന്നതാണ്. മക്കള് രണ്ടാള്‍ക്കും ആഹാരം കൊടുത്ത് അയച്ചു. രാമേട്ടനെ കുഴുമ്പ് പുരട്ടി കുറച്ചു നേരം ഇരുത്തിയിട്ട് കുളിപ്പിച്ചു കഞ്ഞി കൊടുത്ത് കിടത്തി. ഒക്കെ കഴിഞ്ഞപ്പൊ ഈ നേരായി ''.

'' ഞാന്‍ വന്നതോണ്ട് ആഹാരം കഴിക്കല് മുടങ്ങി അല്ലേ ? ''.

'' എനിക്ക് അങ്ങിനെയൊന്നൂല്യാ. എപ്പഴങ്കിലും എന്തെങ്കിലും വാരി തിന്നും. ജീവന്‍ കിടക്കണ്ടേ. സമയവും വായസ്വാദും നോക്കി ആഹാരം കഴിച്ച കാലം മറന്നു.''.

'' നമുക്ക് അടുക്കളേല് ഇരിക്കാം. ചേച്ചിക്ക് ആഹാരം കഴിക്കാം, വര്‍ത്തമാനം പറയും ചെയ്യാം ''.

രണ്ടുപേരും അടുക്കളയിലേക്ക് നടന്നു.

'' വീടു പണിയൊക്കെ ഏതാണ്ട് തീര്‍ന്നല്ലോ. കുറച്ചായി ഞാന്‍ ഇങ്ങട്ട് വന്നിട്ട് ''.

'' നീയ് ആഴ്ച്ചേല് ഒരു ദിവസം വീട്ടില് മുഖം കാണിച്ച് ഓടി പോവും. ഒഴിവോടെ വന്നാലല്ലേ ചുറ്റു വട്ടത്ത് കേറാന്‍ സമയം കിട്ടൂ ''.

'' വരുമ്പോ ഒരാഴ്ചത്തെ തുണിയുണ്ടാവും തിരുമ്പാന്‍. അത് കഴിയുമ്പൊത്തന്നെ ഉച്ചയാവും. അത് കഴിഞ്ഞാല്‍ തലേ ആഴ്ച തിരുമ്പിയിട്ടത് തേച്ചിട്ട് കൊണ്ടുപോവാന്‍ അടുക്കി വെക്കണം. അതോടെ ഒരു ദിവസം തീര്‍ന്നു '' സാവിത്രി പറഞ്ഞു '' നീ ഞങ്ങളെ കാണാനല്ല, തുണി അലക്കാനാണ് ഇങ്ങോട്ട് വരുന്നത് എന്ന് അമ്മ പറയും ''.

'' എന്താ പതിവില്ലാണ്ടെ ഇന്ന് ഇവിടെ കാണുണത്. സാധാരണ ശനിയാഴ്ചയല്ലേ നീ വരാറ് ''.

'' എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പതിവ് തെറ്റിക്കണ്ടി വരില്ലേ ''.

'' എന്തേ വിശേഷിച്ച് വല്ലതും ഉണ്ടോ ''.

'' എന്ത് വിശേഷം ചേച്ചി. ഒരു ഓപ്പറേഷന്‍ വേണ്ടി വരുംന്ന് തോന്നുന്നു. അത് പറയാനാ ''.

'' ആര്‍ക്കാ ഓപ്പറേഷന്‍ ''.

'' എനിക്കന്നെ. അല്ലാണ്ടാര്‍ക്കാ ''.

'' എന്താ സംഗതീന്ന് പറയ് ''.

സാവിത്രി പറയാന്‍ തുടങ്ങി. ബ്ലീഡിങ്ങ് തുടങ്ങിയിട്ട് കുറച്ചായി. ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. കുറച്ചു കാലം മരുന്നും കഴിച്ചു. മരുന്ന് കഴിക്കുമ്പോള്‍ അസുഖത്തിന്ന് കുറവുണ്ടാവും. മരുന്ന് നിര്‍ത്തിയാല്‍ വീണ്ടും തുടങ്ങും. ഗര്‍ഭപാത്രം എടുത്ത് കളയണം എന്നാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്.

'' നീ വേണ്ടാത്ത പണിക്ക് നില്‍ക്കാതെ '' ഇന്ദിര പറഞ്ഞു '' നമുക്ക് മാപ്ല വൈദ്യരുടെ അടുത്ത് ഒന്ന് ചെല്ലാം. അയാളുടെ കഷായവും മരുന്നും കഴിച്ചാല്‍ ഭേദാവാനുള്ളതേയുള്ളു ഇതൊക്കെ. രാമേട്ടന് അയാളുടെ ചികിത്സ തുടങ്ങിയതിന്ന് ശേഷം നല്ല ഭേദംണ്ട്. കയ്യില്‍ പിടിച്ചാല്‍ കുറേശ്ശെ നടക്കും ''.

'' എന്തിനാ ചേച്ചി ഒരു പരീക്ഷണം '' സാവിത്രി പറഞ്ഞു '' ഏതായാലും എനിക്ക് ഈ ജന്മം അതോണ്ട് ഒരാവശ്യം വരില്ല. പിന്നെന്തിനാ കൂലിയില്ലാത്ത ഭാരം വെറുതെ ചുമക്കുന്നത് ''.

ആ വാക്കുകള്‍ ഇന്ദിരയുടെ മനസ്സില്‍ തട്ടി. പാവം സാവിത്രി. കല്യാണം നടന്നിരുന്നുവെങ്കില്‍ രമയേക്കാള്‍ മുതിര്‍ന്ന ഒരു കുട്ടി ഉണ്ടായിരുന്നേനേ.

'' എന്താ കുട്ട്യേ നീ പറയിണത് '' അവളുടെ സ്വരം ഇടറിയിരുന്നു '' ഞാന്‍ നിന്നെ കുറ്റം പറയ്വേല്ല. വേണച്ചാല്‍ ആ വിധി മാറ്റാന്‍ പറ്റിയേനേ. ഇനി അത് പറഞ്ഞിട്ട് കാര്യൂല്ലല്ലോ. പക്ഷെ നിന്നെ ഈ നിലയ്ക്കാക്കിയ ആ ദുഷ്ടനെ ''.

'' വേണ്ടാ ചേച്ചി '' ഇന്ദിരയെ തുടരാന്‍ സാവിത്രി അനുവദിച്ചില്ല '' രാജേട്ടനെ ശപിക്കണ്ടാ. എനിക്ക് യോഗൂല്യാന്ന് കൂട്ട്യാല്‍ മതി ''.

'' നീ എന്തൊക്കെ പറഞ്ഞാലും അയാള്‍ ചെയ്തതിന്... ''.

'' ചേച്ചി, ചിലര്‍ക്ക് മോഹിച്ചത് കിട്ടാനുള്ള യോഗം ഉണ്ടാവും. എനിക്ക് മോഹിക്കാനുള്ള യോഗം മാത്രേ ഉള്ളു ''.

'' പണം മോഹിച്ച് കാണാന്‍ കൊള്ളാത്ത ഒന്നിന്‍റെ കഴുത്തില്‍ കെട്ടി. അതിന് വേണ്ടത് ഈശ്വരന്‍ കൊടുത്തില്ലേ. തലസ്ഥാനത്തെ വലിയ ഡോക്ടറായി. പണം കുന്നുപോലെ ഉണ്ടാക്കി. പക്ഷെ ഒരു കുട്ടിയെ കൊടുത്തില്ല. അതും പോരാത്തതിന് സന്തോഷത്തോടെ കഴിയുന്നുണ്ടോ. നാട്ടിലെ ജന സംസാരം ചിലതൊക്കെ ഞാനും കേള്‍ക്കുണുണ്ട്. അയാളുടെ ഭാര്യ ഡ്രൈവറുടൊപ്പം ഒളിച്ചോടി പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാ വീട്ടില് മടങ്ങി വന്നതത്രേ. അതിന് ശേഷം സന്ധ്യയായാല്‍ മരുന്ന് കുത്തി വെച്ചിട്ട് അയാള് ബോധം കെട്ട് കിടപ്പാണെന്നാ പറച്ചില് ''.

'' എനിക്ക് ഒന്നും കേള്‍ക്കണ്ടാ ചേച്ചി '' സാവിത്രി തടഞ്ഞു '' ഏത് നാട്ടിലെങ്കിലും സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയുണൂന്ന് കേട്ടാല്‍ മതി. എനിക്കത്രയേ വേണ്ടൂ ''.

'' ഇന്ദിരേ, സാവിത്രിക്കുട്ട്യേ ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്തണ്ടാ '' അടുക്കള വാതിലും ചാരി നിന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

'' എന്‍റെ രാമേട്ടന്‍ തന്നെ നടന്നൂ '' ഇന്ദിരയുടെ വാക്കുകളില്‍ അത്ഭുതം നിറഞ്ഞു. എച്ചില്‍ കയ്യോടെ അവള്‍ അയാളുടെ അടുത്തേക്ക് ഓടി.


7 comments:

 1. ഈ ലക്കവും നന്നായി.
  പഴയ ഗ്രാമക്കാഴ്ചകൾ എന്റെ മനസ്സിലും ഓടിയെത്തി.
  തുടരുക.
  ആശംസകൾ...

  ReplyDelete
 2. കഥാപാത്രങ്ങളോടൊപ്പം അനുയാത്ര ചെയ്യുന്ന അനുഭവമാണ് ഈ അദ്ധ്യായം വായിച്ചപ്പോൾ ഉണ്ടായത്. ഗ്രാമത്തിലെ തറവാട്ടു വീട്ടിലേയ്ക്ക് അനിരുദ്ധന്റെ കൂടെ യാത്ര ചെയ്ത പോലെ ഒരു തോന്നൽ.

  കഷ്ടപ്പാടുകൾക്കിടയിൽ ദൈവത്തിന്റെ തലോടൽ പോലെയായി രാമേട്ടനും ഇന്ദിരയ്ക്കും.

  ReplyDelete
 3. ഞാനിത്തിരി വൈകീട്ടൊ. രാമേട്ടനു തന്നെ നടക്കാൻ പറ്റിയല്ലോ,ന്നന്നായി.

  ReplyDelete
 4. വായിച്ചു കേട്ടോ!! അടുത്ത ഭാഗം വൈകുന്നല്ലോ! :)
  ആശംസകള്‍!

  ReplyDelete
 5. വീ.കെ,
  സന്ദര്‍ശിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി.

  രാജഗോപാല്‍,
  പൊതുവാളുടെ കുടുംബത്തിന്ന് ചെറിയൊരു ആശ്വാസം. അനിരുദ്ധന്‍റെ ഏറ്റവും വലിയ ദുഖം തന്‍റേതിനേക്കാള്‍
  കൂടിയ സ്ഥലത്തു നിന്ന് വിവാഹം കഴിച്ചതാണ്.

  ponmalakkaran,പൊന്മളക്കാരന്‍,
  നന്ദി.

  Typist,എഴുത്തുകാരി,
  വൈകിയാലും എത്തിയല്ലോ. രാമകൃഷ്ണന്ന് ഭേദമാവുന്നതും കാത്ത് ഇരിപ്പാണ് ആ കുടുംബം.

  ഞാന്‍: ഗന്ധര്‍വ്വന്‍,
  അല്‍പ്പം വൈകി. അടുത്ത അദ്ധ്യായം ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്.

  ReplyDelete
 6. കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല ''.
  അവരെ കാണാത്തതില്‍ അമ്മക്ക് ദിഖം ഉണ്ടാവില്ലേ...

  '' നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്‍റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും ''. നല്ല പൊടിക്കൈ


  അടുക്കള വാതിലും ചാരി നിന്ന് രാമകൃഷ്ണന്‍ പറഞ്ഞു.ഹാവൂ.പകുതി ആശ്വാസമായി. നടന്നൂലോ.

  ReplyDelete