Monday, January 23, 2012

നോവല്‍ - അദ്ധ്യായം - 32.

'' ഉച്ചാമ്പളത്തേക്ക് എന്താ ഉണ്ടാക്കണ്ട് '' കുട്ടികളെ പറഞ്ഞയച്ച ശേഷം രാമകൃഷ്ണന്ന് ആഹാരം കൊടുക്കുമ്പോള്‍ ഇന്ദിര ചോദിച്ചു.

'' എന്താച്ചാല്‍ ഉണ്ടാക്കിക്കോളൂ '' രാമകൃഷ്ണന്‍ അങ്ങിനെയാണ്. ഒരിക്കലും ഇന്നത് വേണം എന്ന് പറയാറില്ല. എങ്കിലും ഇന്ദിര ഒരു ചടങ്ങുപോലെ എല്ലായ്പ്പോഴും ചോദിക്കും.

പടുവിത്ത് വീണു മുളച്ച മത്തന്‍റെ വള്ളിയില്‍ ഉണ്ടായ ഒരു പഴുത്ത മത്തന്‍ ഇരിപ്പുണ്ട്. അത് മുറിച്ച് നാനായിധം ആക്കി കളയാന്‍ മടിച്ചിട്ടാണ്. പത്ത് ദിവസം കഴിഞ്ഞാല്‍ കര്‍ക്കിടകത്തിലെ അനിഴം നക്ഷത്രമാവും. അന്നാണ് രമയുടെ പിറന്നാള്. സദ്യക്ക് എരിശ്ശേരി വെക്കാനായി സൂക്ഷിച്ചതാണ് ആ മത്തന്‍. കാറ്റത്ത് പൊട്ടി വീണ പൊട്ടക്കാളി വാഴേല് ഒരു ചീര്‍പ്പ് നിക്കുണുണ്ട്. അതോണ്ട് പുളിങ്കറി വെക്കാം. രണ്ടാമതിന്ന് അരിപ്പൊടി ചേര്‍ത്ത പയറിന്‍റെ ഇല ഉപ്പേരിയാക്കാം.

കഞ്ഞി കുടി കഴിഞ്ഞ് ഇന്ദിര എഴുന്നേറ്റ് പാത്രം കഴുകാനിട്ടു. ഇഡ്ഡലിയും ദോശയും അത്രക്കങ്ങിട്ട് ഇഷ്ടമല്ല. ഏതായാലും രാമേട്ടന്ന് കഞ്ഞി വെക്കണം. അതില്‍ ഒരു ഓഹരി കഴിക്കും. പയറിന്‍റെ ഇല പറിച്ചിടാനായി ചേര്‍ണമുറം എടുത്ത് ഇന്ദിര മുറ്റത്തേക്കിറങ്ങിയതും പടി കടന്ന് പാറു വരുന്നത് കണ്ടു.

'' വാരിയത്തമ്മ ഇന്നലീം കൂടി നിന്നെ അന്വേഷിച്ചു '' ഇന്ദിര പറഞ്ഞു '' സങ്ക്രാന്തിക്ക് മുമ്പ് തറവാട് തട്ടി അടിക്കണോത്രേ ''.

'' ഞാന്‍ മകളുടെ അടുത്തേക്ക് ചെന്നിരുന്നു. ഇന്നലെ സന്ധ്യക്കാ മടങ്ങി എത്ത്യേത് '' പാറു പറഞ്ഞു '' പിന്നെ മറ്റേ കൂട്ടര് മകളുടെ അടുത്ത് എന്താ വിവരം എന്ന് ചോദിച്ച്വോത്രേ ''.

'' നീ വാ. നമുക്ക് പയറിന്‍റെല വലിക്കും ചെയ്യാം കൂട്ടം കൂടും ചെയ്യാം '' എന്നും പറഞ്ഞ് ഇന്ദിര പയറിന്‍റെ ഏരിയിലേക്ക് തിരിഞ്ഞു. രണ്ടുപേരും കൂടി പയറിന്‍റെ ഇല നുള്ളാന്‍ തുടങ്ങി.

'' ജാതകം ചേര്‍ന്നതല്ലേ. വേണച്ചാലും വേണ്ടാച്ചാലും ആരെങ്കിലും ചെന്ന് കുട്ട്യേ കാണട്ടെ എന്ന് അവര് പറഞ്ഞ്വോത്രേ. കര്‍ക്കിടകം തുടങ്ങുന്നതിന്ന് മുമ്പ് നമുക്കൊന്ന് പോയാലോ ''.

'' എന്നിട്ട് എടിപിടീന്ന് കല്യാണം വേണന്ന് പറഞ്ഞാലോ ''.

'' അതൊന്നും ഉണ്ടാവില്ല. എടുക്കാന്നും കൊടുക്കാന്നും വെച്ചാല് അവര് കാത്തിരുന്നോളും ''.

'' അങ്ങിനെയാണച്ചാല്‍ നമുക്ക് രണ്ടാളുക്കും കൂടി പോയി നോക്കീട്ട് വരാം. പക്ഷെ സംഗതി ഇരുചെവി അറിയരുത് ''.

'' നമ്മളിത് ചെണ്ട കൊട്ടി നടക്കാന്‍ പോവ്വാണോ തമ്പുരാട്ട്യേ ''.

'' ഞായറാഴ്ച പൊയ്ക്കോട്ടേന്ന് ഞാനൊന്ന് രാമേട്ടനോട് ചോദിക്കട്ടെ. അന്നാണെച്ചാല്‍ വീട്ടില് കുട്ട്യേളുണ്ടാവും ''.

മുറം നിറഞ്ഞതോടെ ഇരുവരും എഴുന്നേറ്റു.

'' ഇടയ്ക്കൊക്കെ ഇല നുള്ളണം. എന്നാലേ പയറ് കായ്ക്കൂ. അല്ലെങ്കില്‍ മദാളിച്ചു പോവും '' പാറു തന്‍റെ അറിവ് പകര്‍ന്നു.

'' രാവിലത്തെ നാല് ഇഡ്ഡളീണ്ട്. നീ കഴിച്ചോ '' ഇന്ദിര പാറുവിനെ സല്‍ക്കരിച്ച് മുട്ടിക്കത്തികൊണ്ട് പയറിന്‍റെ ഇല നുറുക്കാന്‍ തുടങ്ങി.

'' നിനക്ക് കുടിക്കാനൊന്നും തന്നില്ലല്ലോ. ചായ വേണോ '' എന്തോ മറന്നു പോയത് ഓര്‍മ്മ വന്നതുപോലെ ഇന്ദിര അന്വേഷിച്ചു.

'' കഞ്ഞിടെ വെള്ളം ഉണ്ടെങ്കില്‍ രണ്ടു കല്ല് ഉപ്പിട്ട് തന്നാല്‍ മതി ''.

രാമകൃഷ്ണന്‍ എതിരൊന്നും പറഞ്ഞില്ല എന്നു മാത്രമല്ല '' നമുക്ക് പറ്റുംന്ന് തോന്നിയാല്‍ വാക്ക് കൊടുത്തോളൂ '' എന്ന് സമ്മതം നല്‍കുകയും ചെയ്തു.

'' നാളേം മറ്റന്നാളും തൊട്ടുവെച്ച ഒരു പണീണ്ട്. ഞായറാഴ്ച നമുക്ക് പോണോലോ. തിങ്കളാഴ്ച തൊട്ട് വാരിയത്ത് പണിക്ക് ചെല്ലാം ''.

'' വാരിയത്തമ്മടെ അടുത്ത് ആ വിവരം പറഞ്ഞിട്ട് പോ ''

പാറു വാരിയത്തേക്ക് നടന്നു, ഇന്ദിര അടുക്കളയിലേക്കും.

*****************************
മഴ തുടങ്ങിയതോടെ സുഹൃത്തുക്കളുടെ കോട്ടമൈതാനത്തുള്ള സംഗമം നിലച്ചു. വിവേക് ജോലിക്ക് നില്‍ക്കുന്ന കടയില്‍ എല്ലാവരും ഒത്തുകൂടും. കസ്റ്റമേഴ്സ് ആരും കടന്നു ചെല്ലാത്ത ഇടമായതിനാല്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്ന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവാറില്ല.

'' പ്രദീപേ, കുറച്ചായി നിനക്ക് ഒരു പരിപാടീം ഇല്ലല്ലോ. അല്ലെങ്കില്‍ നാട്ടിലുള്ള കൊള്ള മുഴുവന്‍ നിന്‍റെ അടുത്ത് എത്ത്വോലോ '' റഷീദ് ചോദിച്ചു.

'' എപ്പൊഴും ഒരുപോലെ ഇരിക്ക്യോ. സ്ഥലം കച്ചോടം ചെയ്യുന്ന പണിക്ക് ഇറങ്ങ്യാലോന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. നാലഞ്ച് കൂട്ടര് പറഞ്ഞിട്ടും ഉണ്ട് ''.

'' അതിന് നിന്‍റേല് എവിടുന്നാ കാശ് ''.

'' കയ്യില്‍ പൈസ വെച്ചിട്ടാണോടാ എല്ലാവരും ഇറങ്ങുന്നത്. ആദ്യമൊക്കെ ബ്രോക്കറായി തുടങ്ങണം. പത്ത് ഉറുപ്പിക കയ്യിലായാല്‍ അതുവെച്ച് തുടങ്ങാം. പറ്റിയ സ്ഥലം നോക്കി അഡ്വാന്‍സ് കൊടുത്ത് വെക്കണം. സ്ഥലം മുറിച്ചു വില്‍ക്കുന്നൂന്ന് കേട്ടാല്‍ ആവശ്യക്കാര് ചോദിച്ചോണ്ട് വരും. അവരുടെ കാശോണ്ട് കച്ചവടം നടത്താം ''.

'' കൈ നനയാതെ മീന്‍ പിടിക്കുന്ന പണി അല്ലേടാ ''.

പ്രദീപ് ചിരിച്ചതേയുള്ളു.

'' ശെല്‍വനെ കാണാറേ ഇല്ലല്ലോ. എന്താ അവന്‍റെ വിവരം '' വിവേക് അന്വേഷിച്ചു.

'' പെങ്ങളുടെ കല്യാണത്തിന്നുള്ള ഓട്ടമാണ്. അതാ കാണാത്തത് '' പ്രദീപ് പറഞ്ഞു '' കല്യാണത്തിന്ന് നമുക്കെന്തെങ്കിലും കൊടുക്കണ്ടേടാ ''.

'' പിന്നെ വേണ്ടേ ''.

'' ഞാന്‍ ഒരു കാര്യം പറയാം '' പ്രദീപ് പറഞ്ഞു '' ആരും ഒറ്റയ്ക്കൊന്നും കൊടുക്കണ്ടാ. എല്ലാവരും കൂടി നല്ലൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കണം ''.

'' എന്താ വേണ്ടത് '' അനൂപ് ചോദിച്ചു.

'' അറക്കുന്നതിന്ന് മുമ്പ് കിടന്ന് പിടയ്ക്കാതെ. സമയം വരുമ്പോള്‍ നമുക്ക് ആലോചിക്കാം ''.

വാച്ചില്‍ മണി രണ്ടര.

'' ഞങ്ങള്‍ പണിക്ക് ഇറങ്ങട്ടെ '' റഷീദും അനൂപും പുറപ്പെട്ടു.

'' ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എന്നെ ഇറക്കി വിട് '' എന്നും പറഞ്ഞ് പ്രദീപ് റഷീദിന്‍റെ ബൈക്കിന്ന് പുറകില്‍ കയറി.

Tuesday, January 3, 2012

നോവല്‍ - അദ്ധ്യായം - 31.

വൈകുന്നേരം അനൂപ് മാപ്ല വൈദ്യരെ കണ്ട് മരുന്ന് വാങ്ങാന്‍ ചെന്നതായിരുന്നു. വൈദ്യരുടെ വീടിന്ന് മുമ്പില്‍ നിന്ന ടൊയോട്ട കൊറോള കാര്‍ അവന്‍ ശ്രദ്ധിച്ചു. ടൌണിലെ പ്രസിദ്ധയായ ലേഡി ഡോക്ടറുടെ കാറായിരുന്നു അത്. ഡോക്ടര്‍ വന്നിട്ടുണ്ടാവുമോ ? അതിനുള്ള സാദ്ധ്യത കുറവാണ്. അത്രയധികം പേഷ്യന്‍സുള്ള ഡോക്ടറാണ് അവര്‍.

പഴയ മട്ടിലുള്ള ചെറിയ ഇരു നില കെട്ടിടമാണ് വൈദ്യരുടെ വീട്. അതിനോട് ചേര്‍ന്ന് ചെറിയൊരു ഒറ്റമുറി കെട്ടിടമുണ്ട്. അതിലാണ് വൈദ്യശാല. തുറന്നിട്ട കെട്ടിടത്തിലെ ചില്ലലമാറകളില്‍ മരുന്നു കുപ്പികള്‍ നിരത്തി വെച്ചിട്ടുണ്ട്. അകത്ത് ആരുമില്ല. വൈദ്യര്‍ വീട്ടിലേക്ക് പോയതായിരിക്കും.

അനൂപ് ആ കെട്ടിടത്തിന്‍റെ ഇറയത്ത് കാത്ത് നിന്നു. മഴ പെയ്യുന്നില്ലെങ്കിലും ആകാശം നല്ലൊരു മഴയ്ക്കുള്ള ഒരുക്കത്തിലാണ്. ചിന്നി ചിതറിയ കാര്‍ മേഘങ്ങള്‍ കിഴക്കോട്ട് വേഗത്തില്‍ താഴ്ന്ന് പറക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ആഞ്ഞു വീശുന്ന കാറ്റ് ഇലകളില്‍ പറ്റി പിടിച്ച വെള്ളത്തിനെ കുടഞ്ഞ് വീഴ്ത്തുന്നു. വീട്ടില്‍ ചെന്ന് വൈദ്യരെ വിളിച്ചാലോ എന്ന് ആലോചിച്ചു. വേണ്ടാ. ചിലപ്പോള്‍ അകത്ത് എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കിലോ ?

പത്ത് പതിനഞ്ച് മിനുട്ട് നിന്നു കാണും. മുന്‍ വശത്തെ വാതില്‍ തുറന്ന് വീട്ടില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത് വൈദ്യരാണ്. തൊട്ടു പുറകിലായി ഡോക്ടറും എട്ടു പത്ത് വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ കയ്യും പിടിച്ച് വൈദ്യരുടെ ഭാര്യയും വെളിയിലെത്തി. വൈദ്യശാലയ്ക്ക് മുമ്പില്‍ നില്‍ക്കുന്ന അനൂപിനെ വൈദ്യര്‍ കണ്ടു.

'' വന്നിട്ട് കുറെ സമയം ആയോ '' അയാള്‍ ചോദിച്ചു '' എന്തേ വിളിക്കാതിരുന്നത് ''.

അനൂപ് ചിരിച്ചതേയുള്ളു.

'' കുട്ടി ഇങ്ങോട്ട് വരൂ '' വൈദ്യര്‍ വിളിച്ചു. അവരുടെ അടുത്തേക്ക് ചെന്ന് ഡോക്ടറെ അവന്‍ വിഷ് ചെയ്തു.

'' ഈ കുട്ടിയെ കണ്ടിട്ടുണ്ടോ '' വൈദ്യര്‍ ഡോക്ടറോട് ചോദിച്ചു '' മരുന്ന് കമ്പനീലാ ജോലി ''.

'' ഞാന്‍ ഡോക്ടറെ വിസിറ്റ് ചെയ്യാറുണ്ട് '' അനൂപ് പറഞ്ഞു.

'' ഏതാ കമ്പനി '' ഡോക്ടര്‍ അവനോട് ചോദിച്ചു. അനൂപ് മറുപടി പറഞ്ഞു.

'' ഈ കുട്ടിയുടെ അച്ഛനെ ഞാന്‍ ചികിത്സിക്കുന്നുണ്ട് '' വൈദ്യര്‍ ഡോക്ടറോട് പറഞ്ഞു '' വാതം പിടിച്ച് കിടപ്പിലായിരുന്നു. ഇപ്പോള്‍ എണീറ്റ് നടക്കാറായി ''.

'' അയുര്‍വ്വേദം കുറച്ചെങ്കിലും പഠിക്കണം എന്ന് എനിക്കും തോന്നാറുണ്ട് '' ഡോക്ടര്‍ പറഞ്ഞു'' ഒഴിവ് കിട്ടുമ്പൊ പഠിക്കാനായിട്ട് ഞാന്‍ ഇങ്ങോട്ട് പോരുന്നുണ്ട് ''.

'' നടന്നതുപോലെ തന്നെ. അതിന് മോള്‍ക്ക് എപ്പഴാ ഒഴിവുണ്ടാവ്വാ '' വൈദ്യരുടെ ഭാര്യയാണ് അതു പറഞ്ഞത് '' പിന്നെ പറ്റുംച്ചാല്‍ ഈ കുട്ടിയെ സഹായിക്ക്. പാവപ്പെട്ട കുടുംബത്തില്‍ നിന്നാ ആ കുട്ടി. ഒരു സ്വഭാവ ദൂഷ്യൂം ഇല്ല. നന്നായി പാട്ട് പാടാനും അറിയും ''.

'' അങ്ങിനെയാണോ. ഇനി എന്നെ കാണാന്‍ വരുമ്പോള്‍ ഞാനൊരു പാട്ട് പാടിക്കുന്നുണ്ട് '' ഡോക്ടര്‍ ചിരിച്ചു, പിന്നെ '' പറ്റുന്ന പ്രോഡക്റ്റൊക്കെ ഞാന്‍ എഴുതാം കേട്ടോ '' എന്ന വാഗ്ദാനം നല്‍കുകയും ചെയ്തു..

അനൂപ് കൈ കൂപ്പി. നല്ല കാര്യമാണ് ഡോക്ടര്‍ പറഞ്ഞതെങ്കിലും ഇപ്പോള്‍ അത് ഉപയോഗപ്പെടുത്തി കൂടാ. അടുത്ത മാസം വാരിയര്‍ സാര്‍ നല്ലൊരു കമ്പനിയില്‍ കയറ്റി വിടും. വലിയ സമ്മര്‍ദ്ദമൊന്നും ഇല്ലാത്ത കമ്പിനിയാണ്. പതിനയ്യായിരം രൂപ ശമ്പളവും ഏഴെട്ടായിരം രൂപ എക്സ്പെന്‍സസും കിട്ടും. ഗൈനക്ക് പ്രോഡക്റ്റുകളാണ് പ്രൊമോട്ട് ചെയ്യാനുള്ളത്. ഇവരുടെ സഹായം അപ്പോള്‍ ഉപയോഗിച്ചാല്‍ മതി.

കാര്‍ ഗെയിറ്റ് കടന്നു പോയി.

'' കുട്ടി വരൂ '' മാപ്ല വൈദ്യര്‍ അനൂപിനെ വൈദ്യശാലയിലേക്ക് നയിച്ചു. ഏതോ ഒരു ഡപ്പി തുറന്ന് പഴയ ന്യൂസ് പേപ്പര്‍ കീറിയതില്‍ ചൂര്‍ണ്ണം പൊതിയാന്‍ തുടങ്ങി.

'' ഇത് കൊടുക്കേണ്ട വിധം ഞാന്‍ അമ്മയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് '' അയാള്‍ പൊതി അനൂപിനെ ഏല്‍പ്പിച്ചു .

'' എത്രയാ തരേണ്ടത് '' അനൂപ് ചോദിച്ചു.

'' അതൊക്കെ പിന്നെ പറഞ്ഞോളാം '' വൈദ്യര്‍ പറഞ്ഞു '' ആദ്യം അച്ഛന്‍റെ സൂക്കട് മാറട്ടെ ''. ഡോക്ടര്‍ എന്തിനാണ് വന്നത് എന്ന് അറിയാനുള്ള ആകാംക്ഷ അനൂപിലുണ്ടായി

'' ഡോക്ടര്‍ എന്താ ഇവിടെ '' അവന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

'' എന്‍റെ മരുമകളാണ്. മകന്‍റെ ഭാര്യ ''.

'' അപ്പോള്‍ മകന്‍ ''

'' അവനും ഡോക്ടറാണ്. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ''.

'' ഒരു മകനെയുള്ളു ''.

'' അല്ല. രണ്ട് മക്കള്‍ കൂടിയുണ്ട്. മൂത്തവന്‍ റെയില്‍വെയില്‍ എഞ്ചിനീയറാണ്. അടുത്ത ആളുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ഒടുവിലുത്തേത് മകളാണ്. കോളേജില്‍ പഠിപ്പിക്കാന്‍ പോണൂ ''.

ഇത്ര അടുത്ത് താമസിച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ എന്ന് അവനോര്‍ത്തു. അതിലേറെ മാപ്ല വൈദ്യരെ കുറിച്ച് തോന്നിയ അത്ഭുതമാണ് മനസ്സ് മുഴുവന്‍. വലിയ നിലയില്‍ കഴിയുന്ന മക്കള്‍ ഉണ്ടായിട്ട് ഈ നാട്ടിന്‍പുറത്തെ പഴയ വീട്ടില്‍ മരുന്ന് വിറ്റു കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് ജീവിക്കുന്നത് എന്തിനാണ്. സഞ്ചരിക്കാനായി വിധത്തിലും തരത്തിലും കാറ് വാങ്ങി കൊടുക്കാന്‍ മക്കള്‍ കഴിയും. എന്നിട്ടും കാല്‍ നടയും അത്യാവശ്യം ബസ്സ് യാത്രയുമായി കഷ്ടപ്പെടുന്നതാണ് മനസ്സിലാവാത്തത്.

അനൂപ് മിണ്ടാതിരിക്കുന്നത് വൈദ്യര്‍ ശ്രദ്ധിച്ചു.

'' എന്താ കുട്ടി ആലോചിക്കുന്നത് '' അയാള്‍ ചോദിച്ചു. അനൂപ് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.

'' ഇവരൊക്കെ ഉണ്ടായിട്ട് എന്തിനാ ഇവിടെ കഷ്ടപ്പെട്ട് കഴിയുന്നത് '' ഒട്ടും ആലോചിക്കാതെയാണ് അവന്‍ അത് പറഞ്ഞത്.

'' കഷ്ടപ്പെടുകയാണെന്ന് ആരാ പറഞ്ഞത് '' വൈദ്യര്‍ പറഞ്ഞു '' ആവുന്നത്ര കാലം ആരേയും ആസ്പദിക്കാതെ കഴിഞ്ഞു കൂടണം എന്നാ മോഹം. ഞങ്ങള് രണ്ട് അത്മാക്കള്‍ക്ക് എന്തെന്നെ വേണം. അതിനുള്ളതൊക്കെ എനിക്ക് കിട്ടുന്നുണ്ട്. മക്കളാണെങ്കിലും അവര്‍ക്ക് അവരുടേതായ ജീവിതം ഉണ്ട്. അത് കണ്ടറിഞ്ഞ് പെരുമാറിയാലല്ലേ ഉള്ള സ്നേഹവും ബഹുമാനവും എന്നും നില നില്‍ക്കൂ ''.

'' അപ്പൊ മക്കള്‍ക്ക് അച്ഛനോടും അമ്മയോടും കടമ ഇല്ലേ ''

'' ഉണ്ട്. തന്നത്താന്‍ കഴിയാന്‍ പറ്റാത്ത കാലം വരുമ്പോള്‍ മക്കളുടെ സഹായം ആവാം. അതുവരെ നമ്മള് കാരണം അവര്‍ക്കൊരു ബുദ്ധിമുട്ട് ഉണ്ടാവാന്‍ പാടില്ല. വേണച്ചാല്‍ കാറോ ബംഗ്ലാവോ ഒക്കെ അവരോട് ചോദിച്ചാല്‍ കിട്ടും. മുമ്പും അതിലൊന്നും താല്‍പ്പര്യം തോന്നിയിട്ടില്ല. എഴുപതാമത്തെ വയസ്സില്‍ ഇനി അത് വേണോ. ദൈവം നമുക്ക് രണ്ട് കയ്യ് തന്നത് കൊടുക്കാനാണ്, അല്ലാണ്ടെ വല്ലവരുടേയും മുമ്പില്‍ നീട്ടി വാങ്ങാനല്ല എന്ന് വൈദ്യന്‍ തമ്പുരാന്‍ പറഞ്ഞു തന്നിട്ടുണ്ട് ''.

ആ പറഞ്ഞതൊന്നും അനൂപിന് മനസ്സിലായില്ല. പക്ഷെ സാധാരണ ആളുകളുടെ മാതിരിയല്ല മാപ്ല വൈദ്യര്‍ എന്ന് അവന് ബോദ്ധ്യമായി.

പുറത്ത് ഇരുട്ട് പരന്നു കഴിഞ്ഞു. മഴ പെയ്യും മുമ്പ് വീടെത്തണം. വൈദ്യരോട് യാത്ര പറഞ്ഞ് അവന്‍ പുറത്തിറങ്ങി.