Monday, January 23, 2012

നോവല്‍ - അദ്ധ്യായം - 32.

'' ഉച്ചാമ്പളത്തേക്ക് എന്താ ഉണ്ടാക്കണ്ട് '' കുട്ടികളെ പറഞ്ഞയച്ച ശേഷം രാമകൃഷ്ണന്ന് ആഹാരം കൊടുക്കുമ്പോള്‍ ഇന്ദിര ചോദിച്ചു.

'' എന്താച്ചാല്‍ ഉണ്ടാക്കിക്കോളൂ '' രാമകൃഷ്ണന്‍ അങ്ങിനെയാണ്. ഒരിക്കലും ഇന്നത് വേണം എന്ന് പറയാറില്ല. എങ്കിലും ഇന്ദിര ഒരു ചടങ്ങുപോലെ എല്ലായ്പ്പോഴും ചോദിക്കും.

പടുവിത്ത് വീണു മുളച്ച മത്തന്‍റെ വള്ളിയില്‍ ഉണ്ടായ ഒരു പഴുത്ത മത്തന്‍ ഇരിപ്പുണ്ട്. അത് മുറിച്ച് നാനായിധം ആക്കി കളയാന്‍ മടിച്ചിട്ടാണ്. പത്ത് ദിവസം കഴിഞ്ഞാല്‍ കര്‍ക്കിടകത്തിലെ അനിഴം നക്ഷത്രമാവും. അന്നാണ് രമയുടെ പിറന്നാള്. സദ്യക്ക് എരിശ്ശേരി വെക്കാനായി സൂക്ഷിച്ചതാണ് ആ മത്തന്‍. കാറ്റത്ത് പൊട്ടി വീണ പൊട്ടക്കാളി വാഴേല് ഒരു ചീര്‍പ്പ് നിക്കുണുണ്ട്. അതോണ്ട് പുളിങ്കറി വെക്കാം. രണ്ടാമതിന്ന് അരിപ്പൊടി ചേര്‍ത്ത പയറിന്‍റെ ഇല ഉപ്പേരിയാക്കാം.

കഞ്ഞി കുടി കഴിഞ്ഞ് ഇന്ദിര എഴുന്നേറ്റ് പാത്രം കഴുകാനിട്ടു. ഇഡ്ഡലിയും ദോശയും അത്രക്കങ്ങിട്ട് ഇഷ്ടമല്ല. ഏതായാലും രാമേട്ടന്ന് കഞ്ഞി വെക്കണം. അതില്‍ ഒരു ഓഹരി കഴിക്കും. പയറിന്‍റെ ഇല പറിച്ചിടാനായി ചേര്‍ണമുറം എടുത്ത് ഇന്ദിര മുറ്റത്തേക്കിറങ്ങിയതും പടി കടന്ന് പാറു വരുന്നത് കണ്ടു.

'' വാരിയത്തമ്മ ഇന്നലീം കൂടി നിന്നെ അന്വേഷിച്ചു '' ഇന്ദിര പറഞ്ഞു '' സങ്ക്രാന്തിക്ക് മുമ്പ് തറവാട് തട്ടി അടിക്കണോത്രേ ''.

'' ഞാന്‍ മകളുടെ അടുത്തേക്ക് ചെന്നിരുന്നു. ഇന്നലെ സന്ധ്യക്കാ മടങ്ങി എത്ത്യേത് '' പാറു പറഞ്ഞു '' പിന്നെ മറ്റേ കൂട്ടര് മകളുടെ അടുത്ത് എന്താ വിവരം എന്ന് ചോദിച്ച്വോത്രേ ''.

'' നീ വാ. നമുക്ക് പയറിന്‍റെല വലിക്കും ചെയ്യാം കൂട്ടം കൂടും ചെയ്യാം '' എന്നും പറഞ്ഞ് ഇന്ദിര പയറിന്‍റെ ഏരിയിലേക്ക് തിരിഞ്ഞു. രണ്ടുപേരും കൂടി പയറിന്‍റെ ഇല നുള്ളാന്‍ തുടങ്ങി.

'' ജാതകം ചേര്‍ന്നതല്ലേ. വേണച്ചാലും വേണ്ടാച്ചാലും ആരെങ്കിലും ചെന്ന് കുട്ട്യേ കാണട്ടെ എന്ന് അവര് പറഞ്ഞ്വോത്രേ. കര്‍ക്കിടകം തുടങ്ങുന്നതിന്ന് മുമ്പ് നമുക്കൊന്ന് പോയാലോ ''.

'' എന്നിട്ട് എടിപിടീന്ന് കല്യാണം വേണന്ന് പറഞ്ഞാലോ ''.

'' അതൊന്നും ഉണ്ടാവില്ല. എടുക്കാന്നും കൊടുക്കാന്നും വെച്ചാല് അവര് കാത്തിരുന്നോളും ''.

'' അങ്ങിനെയാണച്ചാല്‍ നമുക്ക് രണ്ടാളുക്കും കൂടി പോയി നോക്കീട്ട് വരാം. പക്ഷെ സംഗതി ഇരുചെവി അറിയരുത് ''.

'' നമ്മളിത് ചെണ്ട കൊട്ടി നടക്കാന്‍ പോവ്വാണോ തമ്പുരാട്ട്യേ ''.

'' ഞായറാഴ്ച പൊയ്ക്കോട്ടേന്ന് ഞാനൊന്ന് രാമേട്ടനോട് ചോദിക്കട്ടെ. അന്നാണെച്ചാല്‍ വീട്ടില് കുട്ട്യേളുണ്ടാവും ''.

മുറം നിറഞ്ഞതോടെ ഇരുവരും എഴുന്നേറ്റു.

'' ഇടയ്ക്കൊക്കെ ഇല നുള്ളണം. എന്നാലേ പയറ് കായ്ക്കൂ. അല്ലെങ്കില്‍ മദാളിച്ചു പോവും '' പാറു തന്‍റെ അറിവ് പകര്‍ന്നു.

'' രാവിലത്തെ നാല് ഇഡ്ഡളീണ്ട്. നീ കഴിച്ചോ '' ഇന്ദിര പാറുവിനെ സല്‍ക്കരിച്ച് മുട്ടിക്കത്തികൊണ്ട് പയറിന്‍റെ ഇല നുറുക്കാന്‍ തുടങ്ങി.

'' നിനക്ക് കുടിക്കാനൊന്നും തന്നില്ലല്ലോ. ചായ വേണോ '' എന്തോ മറന്നു പോയത് ഓര്‍മ്മ വന്നതുപോലെ ഇന്ദിര അന്വേഷിച്ചു.

'' കഞ്ഞിടെ വെള്ളം ഉണ്ടെങ്കില്‍ രണ്ടു കല്ല് ഉപ്പിട്ട് തന്നാല്‍ മതി ''.

രാമകൃഷ്ണന്‍ എതിരൊന്നും പറഞ്ഞില്ല എന്നു മാത്രമല്ല '' നമുക്ക് പറ്റുംന്ന് തോന്നിയാല്‍ വാക്ക് കൊടുത്തോളൂ '' എന്ന് സമ്മതം നല്‍കുകയും ചെയ്തു.

'' നാളേം മറ്റന്നാളും തൊട്ടുവെച്ച ഒരു പണീണ്ട്. ഞായറാഴ്ച നമുക്ക് പോണോലോ. തിങ്കളാഴ്ച തൊട്ട് വാരിയത്ത് പണിക്ക് ചെല്ലാം ''.

'' വാരിയത്തമ്മടെ അടുത്ത് ആ വിവരം പറഞ്ഞിട്ട് പോ ''

പാറു വാരിയത്തേക്ക് നടന്നു, ഇന്ദിര അടുക്കളയിലേക്കും.

*****************************
മഴ തുടങ്ങിയതോടെ സുഹൃത്തുക്കളുടെ കോട്ടമൈതാനത്തുള്ള സംഗമം നിലച്ചു. വിവേക് ജോലിക്ക് നില്‍ക്കുന്ന കടയില്‍ എല്ലാവരും ഒത്തുകൂടും. കസ്റ്റമേഴ്സ് ആരും കടന്നു ചെല്ലാത്ത ഇടമായതിനാല്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്ന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവാറില്ല.

'' പ്രദീപേ, കുറച്ചായി നിനക്ക് ഒരു പരിപാടീം ഇല്ലല്ലോ. അല്ലെങ്കില്‍ നാട്ടിലുള്ള കൊള്ള മുഴുവന്‍ നിന്‍റെ അടുത്ത് എത്ത്വോലോ '' റഷീദ് ചോദിച്ചു.

'' എപ്പൊഴും ഒരുപോലെ ഇരിക്ക്യോ. സ്ഥലം കച്ചോടം ചെയ്യുന്ന പണിക്ക് ഇറങ്ങ്യാലോന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. നാലഞ്ച് കൂട്ടര് പറഞ്ഞിട്ടും ഉണ്ട് ''.

'' അതിന് നിന്‍റേല് എവിടുന്നാ കാശ് ''.

'' കയ്യില്‍ പൈസ വെച്ചിട്ടാണോടാ എല്ലാവരും ഇറങ്ങുന്നത്. ആദ്യമൊക്കെ ബ്രോക്കറായി തുടങ്ങണം. പത്ത് ഉറുപ്പിക കയ്യിലായാല്‍ അതുവെച്ച് തുടങ്ങാം. പറ്റിയ സ്ഥലം നോക്കി അഡ്വാന്‍സ് കൊടുത്ത് വെക്കണം. സ്ഥലം മുറിച്ചു വില്‍ക്കുന്നൂന്ന് കേട്ടാല്‍ ആവശ്യക്കാര് ചോദിച്ചോണ്ട് വരും. അവരുടെ കാശോണ്ട് കച്ചവടം നടത്താം ''.

'' കൈ നനയാതെ മീന്‍ പിടിക്കുന്ന പണി അല്ലേടാ ''.

പ്രദീപ് ചിരിച്ചതേയുള്ളു.

'' ശെല്‍വനെ കാണാറേ ഇല്ലല്ലോ. എന്താ അവന്‍റെ വിവരം '' വിവേക് അന്വേഷിച്ചു.

'' പെങ്ങളുടെ കല്യാണത്തിന്നുള്ള ഓട്ടമാണ്. അതാ കാണാത്തത് '' പ്രദീപ് പറഞ്ഞു '' കല്യാണത്തിന്ന് നമുക്കെന്തെങ്കിലും കൊടുക്കണ്ടേടാ ''.

'' പിന്നെ വേണ്ടേ ''.

'' ഞാന്‍ ഒരു കാര്യം പറയാം '' പ്രദീപ് പറഞ്ഞു '' ആരും ഒറ്റയ്ക്കൊന്നും കൊടുക്കണ്ടാ. എല്ലാവരും കൂടി നല്ലൊരു ഗിഫ്റ്റ് വാങ്ങി കൊടുക്കണം ''.

'' എന്താ വേണ്ടത് '' അനൂപ് ചോദിച്ചു.

'' അറക്കുന്നതിന്ന് മുമ്പ് കിടന്ന് പിടയ്ക്കാതെ. സമയം വരുമ്പോള്‍ നമുക്ക് ആലോചിക്കാം ''.

വാച്ചില്‍ മണി രണ്ടര.

'' ഞങ്ങള്‍ പണിക്ക് ഇറങ്ങട്ടെ '' റഷീദും അനൂപും പുറപ്പെട്ടു.

'' ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ എന്നെ ഇറക്കി വിട് '' എന്നും പറഞ്ഞ് പ്രദീപ് റഷീദിന്‍റെ ബൈക്കിന്ന് പുറകില്‍ കയറി.

7 comments:

  1. ഇതു വായിച്ചു കഴിഞ്ഞപ്പോൾ തേങ്ങ വറുത്തിട്ട നല്ല പഴുത്ത മത്തങ്ങ എരിശ്ശേരിയുടെയും അരിപ്പൊടിയിട്ടുണ്ടാക്കിയ പയറില ഉപ്പേരിയുടെയും രുചിയാണ് നാവിൽ വന്നത്. പറമ്പിൽ ഇറങ്ങി ഒന്നു നാലുപാടും ഒന്നു നോക്കിയാൽ അന്നത്തെ കൂട്ടാനുള്ള വക കിട്ടും. ചേമ്പിൻ താളായാലും, മുരിങ്ങ ഇലയായാലും, “പൊട്ടക്കാളി” വാഴയിലെ ഒരു ചീർപ്പ് കായയായാലും. അതു വായ്ക്ക് രുചിയാക്കുന്നതാണ് പണ്ടത്തെ വീട്ടമ്മയുടെ കൈപ്പുണ്യം. തമിഴ്നാട്ടിൽ നിന്നു വരുന്ന ‘വിഷ‘ക്കറിയാണ് ഇന്നത്തെ വീട്ടമ്മയ്ക്ക് പഥ്യം.

    ReplyDelete
  2. വായിച്ചു.തികച്ചും സ്വാഭാവികമായ ഗ്രാമ ദൃശ്യങ്ങളും സംഭാഷണങ്ങളും ആസ്വദിച്ചു.
    "കസ്റ്റമേഴ്സ് ആരും കടന്നു ചെല്ലാത്ത ഇടമായതിനാല്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിന്ന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവാറില്ല.."
    പഴയൊരു സുഹൃത്തിന്റെ കടയിലെ സന്ദര്‍ശനങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
    തുടരുക അഭിനന്ദനങ്ങള്‍

    ReplyDelete
  3. വായിച്ചു, നന്നാവുന്നുണ്ട്.

    ReplyDelete
  4. രാജഗോപാല്‍,

    രണ്ട് സെന്‍റിലും മൂന്ന് സെന്‍റിലും വീട് വെക്കുന്ന കാലത്ത് പറമ്പും തൊടിയും 
    സ്വപ്നം മാത്രമാകുന്നു. അദ്ധ്വാനിക്കാനുള്ള മടി കൂടി ആവുമ്പോള്‍ തമിഴ് മക്കളെ ആശ്രയിക്കാതെ കഴിയാന്‍ ആവില്ല.

    ആറങ്ങോട്ടുകര മുഹമ്മദ്,

    കഥയുടെ പശ്ചാത്തലം ഗ്രാമം ആവുമ്പോള്‍ ദൃശ്യങ്ങളും സംഭാഷണവും ആ മട്ടിലാവുന്നു. അത്തരം പശ്ചാത്തലം പരിചിതമായതിനാല്‍ താങ്കള്‍ക്ക് അത് എളുപ്പം ആസ്വദിക്കാന്‍ പറ്റി.

    ഞാന്‍: ഗന്ദര്‍വ്വന്‍,

    വളരെ സന്തോഷം.

    Typist / എഴുത്തുകാരി,

    വളരെ നന്ദി.

    ReplyDelete
  5. ദാസേട്ടാ... വന്നിട്ട് ഒരുപാടായി ഇന്നു എല്ലാം വായിച്ചു തീർത്തു. നന്നായിട്ടുണ്ട്..
    ജീവിതത്തിലെ നേർക്കാഴ്ച്ചകൾ...
    ആശംസകൾ..

    ReplyDelete
  6. പയറ്റില ഉപ്പേരിയും വാഴക്ക പുളിങ്കറിയും ഒക്കെ ഞാന്‍ എന്‍റെ അമ്മയെ ഓര്‍ത്തു പോയി...

    ReplyDelete