Friday, February 3, 2012

നോവല്‍ - അദ്ധ്യായം - 33.

തുടര്‍ച്ചയായി രണ്ട് ദിവസം ഗോപാലകൃഷ്ണന്‍ നായര്‍ വിളിക്കാഞ്ഞപ്പോള്‍ കെ.എസ്. മേനോന്‍ പരിഭ്രമിച്ചു. അങ്ങോട്ട് വിളിക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തതായ അറിയിപ്പാണ്. പല തവണ ലാന്‍ഡ് ഫോണില്‍ വിളിച്ചെങ്കിലും എടുത്തതുമില്ല. വീട്ടില്‍ ചെന്ന് നോക്കിയാലോ എന്ന് തോന്നി. ഒരു പക്ഷെ അവിടെ ഇല്ലെങ്കിലോ ?

മൂന്നാമത്തെ ദിവസമായപ്പോഴേക്കും മേനോന് ഇരിപ്പുറച്ചില്ല. കൂട്ടുകാരന്‍ വിളിക്കുന്നതും കാത്ത് ഒരു വിധത്തില്‍ വൈകുന്നേരം വരെ കഴിച്ചു കൂട്ടി. പിന്നെ മടിച്ചില്ല. വസ്ത്രം മാറ്റി കുടയുമെടുത്ത് ഇറങ്ങി. ടൌണിലുള്ള ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തുമ്പോള്‍ സന്ധ്യയാവാറായി. ഗെയിറ്റ് പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും കൂടി എങ്ങോട്ടോ പോയിട്ടുണ്ടാവും. പക്ഷെ പോവുന്ന കാര്യമൊന്നും സൂചിപ്പിച്ചിരുന്നില്ല.ചിലപ്പോള്‍ പെട്ടെന്ന് എടുത്ത തീരുമാനമാണെങ്കിലോ. എന്നാലും എന്തിനാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാവാത്തത്.

തൊട്ടടുത്ത് വീട്ടിലേക്ക് കയറി ചെന്നു. ഡോര്‍ ബെല്‍ അടിച്ചപ്പോള്‍ ഒരു സ്ത്രീ എത്തി.

'' ആ വീട്ടിലുള്ളവര്‍ എവിടെ പോയി '' ഗോപാലകൃഷ്ണന്‍റെ വീട് ചൂണ്ടിക്കാട്ടി ചോദിച്ചു.

'' ആ '' അറിയില്ലെന്ന മട്ടില്‍ ഒരു മൂളലുമായി അവര്‍ വാതിലടച്ചു. തൊട്ട് ഇപ്പുറത്ത് ഉള്ള വീട്ടുകാര്‍ കുറച്ചു കൂടി ഭേദമാണെന്ന് തോന്നി.

'' ഞായറാഴ്ച രാത്രി അവര്‍ ഉണ്ടായിരുന്നു. പിറ്റേന്ന് കാലത്ത് വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. എങ്ങോട്ടെങ്കിലും പോണൂന്ന് പറഞ്ഞിട്ടില്ല ''. ആ പറഞ്ഞതും കേട്ട് നിരാശനായി തിരിച്ചു പോന്നു.

ശനിയാഴ്ച നേരം ഇരുട്ടിയ ശേഷമാണ് ഗോപാലകൃഷ്ണന്‍റെ ഫോണ്‍ വന്നത്.

'' എന്ത് പണിയാ താന്‍ കാട്ടിയത് '' മൊബൈലിലിലെ നമ്പര്‍ കണ്ട് എടുത്തതും കെ. എസ്. മേനോന്‍ പരിഭവിച്ചു '' ഞാന്‍ എത്ര പ്രാവശ്യം വിളിച്ചൂന്ന് അറിയ്യോ ''.

'' പരിഭവിക്കണ്ടടോ. വിവരമൊന്നും തരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല '' ഗോപാലകൃഷ്ണന്‍റെ സ്വരം കാതിലെത്തി '' രാത്രി പത്തരയ്ക്കാ അമ്മിണി ബാത്ത് റൂമില്‍ വീണത്. നോക്കുമ്പോള്‍ ഒരു ഭാഗം കുഴഞ്ഞിരിക്കുന്നു. മുഖം കോടിയപോലെ തോന്നി. പിന്നെ ഒന്നും ആലോചിച്ചില്ല. പെട്ടെന്ന് ടാക്സി വിളിച്ച് കൊയമ്പത്തൂരിലേക്ക് വിട്ടു. ഇത്ര ദിവസം കെ. ജി. ഹോസ്പിറ്റലിലായിരുന്നു . ഇതാ വന്ന് കയറിയതേയുള്ളു ''.

'' മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫായിരുന്നു ''.

'' പോവുന്ന തിരക്കില്‍ അതെടുക്കാന്‍ മറന്നു. ബാറ്ററി ഇറങ്ങിയതാവും ''.

'' ഞാന്‍ അറിഞ്ഞില്ലാട്ടോ. ഇപ്പൊ തന്നെ അങ്ങോട്ട് വരുന്നുണ്ട് ''.

'' തിരക്ക് പിടിച്ച് വര്വോന്നും വേണ്ടാ. രാവിലെ പോന്നാല്‍ മതി ''.

പിറ്റേന്ന് രാവിലെ തന്നെ കെ.എസ്. മേനോന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി. മുന്‍വശത്തെ വാതില്‍ തുറന്നിരിക്കുകയാണ്. പൂമുഖത്ത് ആറേഴുപേര്‍ ഇരിപ്പുണ്ട്. ബന്ധുക്കളോ പരിചയക്കാരോ എന്ന് മനസ്സിലായില്ല.

'' ഗോപാലകൃഷ്ണന്‍ '' ആരോടോ ചോദിച്ചു. അകത്തെ മുറിയിലേക്ക് അയാള്‍ ചൂണ്ടിക്കാണിച്ചു.

കെ. എസ്. മേനോന്‍ കയറി ചെല്ലുമ്പോള്‍ അമ്മിണിയമ്മ കട്ടിലില്‍ ചാരി ഇരിപ്പാണ്. കൂട്ടുകാരന്‍ അവരുടെ ചുണ്ടുകള്‍ വെള്ളം തൊട്ട് തുടയ്ക്കുന്നു.

'' കഞ്ഞി കൊടുത്ത് ചുണ്ടും ചിറിയും കഴുകിച്ചതാ '' അയാള്‍ പറഞ്ഞു '' ഇത്ര കാലം ഇവള്‍ എന്നെ പരിപാലിച്ചതല്ലേ. ഇനി കുറച്ച് അങ്ങോട്ടും ആവട്ടെ ''. രോഗ വിവരങ്ങള്‍ വിസ്തരിക്കുന്നതും കേട്ട് നിന്നു.

'' പെട്ടെന്നൊന്നും ശരിയാവില്ല. എന്നാലും പേടിക്കാനൊന്നും ഇല്ല. ഫിസിയോ തെറാപ്പി ചെയ്യണം. കൂടെ ജോലി ചെയ്തിരുന്ന ടൈപ്പിസ്റ്റിന്‍റെ ഒരു മകന്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. ദിവസവും വന്ന് വേണ്ടത് ചെയ്തു തരാന്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു ''.

'' മക്കള് ''.

'' കൊയമ്പത്തൂരിലേക്ക് പുറപ്പെടും മുമ്പ് രണ്ടാളേയും വിളിച്ച് വിവരം അറിയിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മകളും ഭര്‍ത്താവും കുട്ടികളേയും കൂട്ടി രാത്രി തന്നെ കാറില്‍ പോന്നു. ചെന്നയില്‍ നിന്ന് മകന്‍ മാത്രമേ വന്നുള്ളു. അവന്‍ പ്ലെയിനിലാണ് പോന്നത്. നേരം വെളുക്കാറാവുമ്പോഴേക്കും അവരൊക്കെ എത്തി ''.

'' എന്നിട്ട് അവരെവിടെ ''.

'' ക്രിട്ടിക്കല്‍ അല്ല എന്ന് അറിഞ്ഞപ്പോള്‍ അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു. എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. പോരാത്തതിന്ന് മകളുടെ കുട്ടികള്‍ക്ക് സ്കൂളുണ്ട്. അത് കളയാന്‍ പറ്റില്ല. മകന്‍റെ കാര്യാണെങ്കില്‍ അവന്‍റെ ഭാര്യ പ്രസവിച്ചിട്ട് എട്ടു പത്ത് ദിവസം ആയിട്ടേയുള്ളു ''

മരുന്ന് കൊടുത്തു കഴിഞ്ഞ് കെ. എസ്. നായരോടൊപ്പം ഗോപാലകൃഷ്ണന്‍ പൂമുഖത്തേക്ക് വന്നു.

'' എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. പറഞ്ഞതുപോലെ വൈകുന്നേരം എത്താം '' എല്ലാവര്‍ക്കും വേണ്ടി ഒരാള്‍ യാത്ര പറഞ്ഞു. ഗെയിറ്റ് കടന്നു അവര്‍ പോയി.

'' താന്‍ വല്ലതും കഴിച്ച്വോ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

'' ഒന്നും വേണന്നില്യാ ''.

'' താന്‍ വാടോ. ഒരു പാത്രം നിറയെ ഇഡ്ഡലിയും കുറ്റിപ്പുട്ടും ഇരിപ്പുണ്ട്. എമ്പാന്തിരി മാഷ് കൊണ്ടു വന്നതാ ''.

കൈ കഴുകി രണ്ടുപേരും ഭക്ഷണം കഴിക്കാനിരുന്നു. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണ്. ഉച്ചയ്ക്കും രാത്രിയിലേക്കും കൂടി വേണ്ട ആഹാരമുണ്ട്.

'' പണിക്ക് ആരേയെങ്കിലും വെക്കണ്ടേ '' കെ.എസ്. നായര്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. ആര് നോക്കിയാലും എന്‍റെ അമ്മിണിയെ ഞാന്‍ നോക്കുന്നത് പോലെ വരില്ല. പിന്നെ എന്തിനാണ് ''.

'' പാത്രം മോറാനും അടിക്കാനും തുടയ്ക്കാനും ഒക്കെ എന്താ ചെയ്യാ ''.

'' അതിന് കബീര്‍ മാഷ് ഒരാളെ അയയ്ക്കാന്ന് പറഞ്ഞു ''.

'' ഇനിയാ തന്‍റെ കാര്യം പരുങ്ങലിലായത്. പഴയതു പോലെ തോന്നുമ്പോലേള്ള ചുറ്റിത്തിരിയല്‍ നടക്കില്ല ''.

'' അത് ശരിയാണ്. അമ്മിണിയെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവാന്‍ പറ്റില്ല ''.

'' കുറച്ച് ദിവസം കഴിഞ്ഞാല്‍ ബോറായി തോന്നില്ലേ ''

'' അതിനൊക്കെയുള്ള വഴി ഉണ്ടാക്കി കഴിഞ്ഞല്ലോ ''.

'' എന്താത് ''.

'' ഞാനും കൂട്ടുകാരും പകല് മുഴുവന്‍ ഇവിടെ കമ്പിനി കൂടാന്‍ തീരുമാനിച്ചു. നല്ല ഒന്നാതരം ചീട്ടുകളി കമ്പിനി ''.

'' പരമ യോഗ്യന്‍. അവര് ഇങ്ങിനെ കിടക്കുമ്പോഴോ ''.

'' അതോണ്ടെന്താ. അമ്മിണിയെ നോക്കാനും പറ്റും. എനിക്ക് നേരം പോവും ചെയ്യും ''.

'' എന്നാലും വീട്ടില്‍ വെച്ച് ചീട്ട് കളിക്ക്വേ ''.

'' എന്താ കളിച്ചാല്. അതോണ്ടൊരു തെറ്റും ഇല്യാടോ. പണ്ട് രാജ കൊട്ടാരത്തില്‍ വരെ ചൂത് കളി നടന്നിട്ടില്ലേ ''.

'' അത് ശരി. പണം വെച്ചിട്ടുള്ള ചീട്ടു കളിയാ അല്ലേ ''.

'' അല്ലാണ്ടെന്താ. കാശില്ലാതെ കളിക്കാച്ചാല്‍ പിന്നെ ചീട്ടില്ലാതെ കളിച്ചൂടെ. കളിക്ക് ഒരു ഗൌരവം വേണമെങ്കില്‍ കുറച്ചെങ്കിലും പണം വേണം '' ഗോപാലകൃഷ്ണന്‍ ഉറക്കെ ചിരിച്ചു '' കാശിന്‍റെ കാര്യം കേട്ടപ്പോള്‍ കൂട്ടുകാര്‍ ചിലര്‍ക്കൊക്കെ ഒരു മടി. ഏറെ നിര്‍ബന്ധിച്ചിട്ടാ ഒരു വിധം വണ്‍, ടൂ, ഫോര്‍ ആവാമെന്ന് സമ്മതിച്ചത് ''.

'' അങ്ങിനെ ഒരു കളിയുണ്ടോ ''.

'' അത് കളിയല്ലടോ. പൈസയുടെ കണക്കാ. സ്കൂട്ട് ഒരു ഉറുപ്പിക, മിഡില്‍ രണ്ട് ഉറുപ്പിക, ഫുള്ള് നാല് ഉറുപ്പിക. ഇപ്പൊ മനസ്സിലായോ ''.

'' എനിക്ക് കളി അറിയില്ല. എന്നാലും ചോദിക്ക്യാണ്. ഇങ്ങിനെയൊക്കെ പൈസ വെക്കണോ ചീട്ട് കളിക്കാന്‍ ''.

'' തനിക്ക് അറിയാഞ്ഞിട്ടാണ്. ജെന്‍റില്‍ മെന്‍സ് ക്ലബ്ബിലൊന്ന് ചെന്ന് നോക്കണം. സ്കൂട്ട് നൂറ്, മിഡില്‍ ഇരുന്നൂറ്റമ്പത്, ഫുള്‍ അഞ്ഞൂറ്. അതാ കണക്ക്. ഞാന്‍ രണ്ടുമൂന്ന് പ്രാവശ്യം ഗസ്റ്റായിട്ട് അവിടെ പോയിട്ടുണ്ട്. വലിയ വലിയ ആള്‍ക്കാരാ അവിടത്തെ മെമ്പര്‍മാര്. നമ്മളെപോലത്തെ ആള്‍ക്കാര്‍ക്ക് അങ്ങോട്ട് അടുക്കാന്‍ പറ്റില്ല ''.

'' എന്തായാലും പൈസ വെച്ചു കളിച്ച് പണം കളയുന്ന പരിപാടി അത്ര നന്നല്ല ''.

'' തന്നെപ്പോലെ ഉള്ളോര് മരിച്ചുപോവുമ്പോള്‍ സമ്പാദിച്ചു കൂട്ടിയതൊക്കെ പാര്‍സല്‍ ലോറീല് ബുക്ക് ചെയ്ത് പോണ ദിക്കിലേക്ക് കൊണ്ടു പോവ്വോ. അതില്ലല്ലോ. പിന്നെ ചീട്ടുകളിടെ കാര്യം. ഒരു വിധം മര്യാദയ്ക്ക് കളിക്ക്യാണെങ്കില്‍ ആര്‍ക്കും വലുതായിട്ടൊന്നും കിട്ടൂല്യാ,പോവൂല്യാ.ദിവസൂം കളിച്ചിട്ട് കിട്ടുന്നതും പോണതും എഴുതി വെച്ച് മാസം തികയുമ്പോള്‍ കണക്ക് നോക്കിയാല്‍ അറിയാം, ചീട്ടു കളീല് ലാഭവും കാണില്ല, നഷ്ടവും കാണില്ല. മനുഷ്യ ജീവിതംപോലത്തന്നെ അതും ''.

'' അമ്മിണിയമ്മയ്ക്ക് വല്ലതും തോന്നില്ലേ ''.

'' തനിക്ക് അറിയാഞ്ഞിട്ടാണ്. അവള് സന്തോഷിക്ക്വേ ഉള്ളു. പാവം. എന്നും എന്‍റെ സന്തോഷാ അവള്‍ക്ക് വലുത് '' എന്തോ ആലോചിക്കുന്ന മട്ടില്‍ ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു '' പണ്ടൊക്കെ ശിവരാത്രിക്ക് ഞാനും കൂട്ടുകാരും പൂമുഖത്ത് കളിയുമായി കൂടും. അന്ന് അമ്മിണിക്ക് ഉപവാസൂം ഉറക്കൊഴിപ്പും ഉണ്ട്. ശിവപുരാണം വായിച്ചോണ്ട് അവള്‍ അകത്ത് ഇരിക്ക്യും. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് ചായ കുട്ടി കൊണ്ടു വന്ന് തരും ചെയ്യും ''.

'' ഭാഗ്യവാന്‍ '' മേനോന്‍ അറിയാതെ പറഞ്ഞു പോയി.

'' ഭാഗ്യം അല്ലാടോ. അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ട് കിട്ടുന്നു. അത് മനസ്സിലാക്കിക്കോളിന്‍ ''.

'' ബാത്ത് റൂമില്‍ പോണം '' അകത്തു നിന്ന് അമ്മിണിയമ്മയുടെ ഒച്ച കേട്ടു. ഗോപാലകൃഷ്ണന്‍ നായര്‍ കയ്യിലുള്ള ഇഡ്ഡലി കഷ്ണം പ്ലേറ്റില്‍ തന്നെ വെച്ച് അകത്തേക്ക് നടന്നു.

'' അമ്മിണി, രാവിലത്തെപോലെ ബാത്ത് റൂമില്‍ ചെന്ന് തനിക്ക് വയ്യാതെ വരണ്ടാ. ഞാന്‍ പാത്രം വെച്ചു തരാം ''.

'' അയ്യേ. എന്‍റെ ഗോപ്യേട്ടനെക്കൊണ്ട് മൂത്രം എടുപ്പിക്ക്വേ. ഞാന്‍ ഇത്തിരി കഷ്ടപ്പെട്ടാലും അത് വേണ്ടാ ''.

'' അതൊന്നും സാരൂല്യാ. എന്‍റെ അമ്മിണിടെ അല്ലേ ''.

ആ വാക്കുകള്‍ കെ. എസ്. മേനോനെ ആശ്ചര്യപ്പെടുത്തി. എല്ലാവിധ ഏടാകൂടത്തിലും തലയിടുന്ന പ്രകൃതക്കാരനാണെങ്കിലും ഗോപാലകൃഷ്ണന്‍ ഭാര്യയെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. സല്‍സ്വഭാവി എന്ന് എല്ലാവരും പുകഴ്ത്തുന്ന താന്‍ ഒരിക്കലും ഭാര്യയെ ഇത്ര ഗാഡമായി സ്നേഹിച്ചിരുന്നില്ലെന്ന തിരിച്ചറിവ് അയാളില്‍ നേരിയ കുറ്റബോധം ഉണ്ടാക്കി. ആഹാരം മതിയാക്കി അയാള്‍ എഴുന്നേറ്റു കൈ കഴുകി.


5 comments:

 1. ചീട്ടുകളിയുടെ സാമ്പത്തികശാസ്ത്രം നന്നായി. ഗോപാലകൃഷ്ണന്റെ ഭാര്യയോടുള്ള തീവ്രസ്നേഹം ഹൃദയസ്പർശിയായി. ഈയടുത്തു കണ്ട ബ്ലെസ്സിയുടെ “പ്രണയ“ ത്തിൽ ശരീരത്തിന്റെ ഒരുവശം തളർന്ന ഭർത്താവി നെ തീവ്രപ്രണയത്തോടെ പരിചരിക്കുന്ന ഭാര്യയുടെ കഥാപാത്രം ഓർമ വന്നു.

  ReplyDelete
 2. ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍

  ReplyDelete
 3. പരസ്പ്പരം സ്നേഹം തിരിച്ചറിയുന്ന ചില മുഹൂർത്തങ്ങൾ...!
  ആശംസകൾ...

  ReplyDelete
 4. രാജഗോപാല്‍,
  ഭാര്യയെ പരിചരിക്കുന്നതിനൊപ്പം സ്വന്തം കൊച്ചു കൊച്ചു സുഖങ്ങളുമായി കഴിയുക. ഗോപാലകൃഷ്ണന്ന് രണ്ടും സമന്വയിപ്പിക്കാനായി.

  ആറങ്ങോട് മുഹമ്മദ്,
  അഭിപ്രായത്തിന്ന് വളരെ നന്ദി.

  വി.കെ,
  ആശംസകള്‍ക്ക് നന്ദി.

  ReplyDelete
 5. ഒരു വിധം മര്യാദയ്ക്ക് കളിക്ക്യാണെങ്കില്‍ ആര്‍ക്കും വലുതായിട്ടൊന്നും കിട്ടൂല്യാ,പോവൂല്യാ.ദിവസൂം കളിച്ചിട്ട് കിട്ടുന്നതും പോണതും എഴുതി വെച്ച് മാസം തികയുമ്പോള്‍ കണക്ക് നോക്കിയാല്‍ അറിയാം, ചീട്ടു കളീല് ലാഭവും കാണില്ല, നഷ്ടവും കാണില്ല. മനുഷ്യ ജീവിതംപോലത്തന്നെ അതും

  ReplyDelete