Monday, February 20, 2012

നോവല്‍ - അദ്ധ്യായം - 35.

മൂന്ന് മണിയോടടുത്താണ് ഇന്ദിര തിരിച്ചെത്തിയത്. പാറു വഴിയില്‍ വെച്ചേ അവളുടെ വീട്ടിലേക്ക് പോയിരുന്നു. രാമകൃഷ്ണന്‍ ഉറങ്ങാതെ കാത്തിരിപ്പാണ്.

'' കുട്ടികളെവിടെ '' ഇന്ദിര ചോദിച്ചു.

'' രമടെ കൂടെ പഠിക്കുന്ന ഒരു കുട്ടി ഫോണില് വിളിച്ചിരുന്നു. അവളും അച്ഛനും കൂടി സ്കൂളിന്‍റെ അടുത്ത് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ വന്നിട്ടുണ്ടത്രേ. അനുവിനേയും കൂട്ടി അവളെ കണ്ടിട്ട് വരാന്നും പറഞ്ഞ് രമ പോയി ''.

'' ഇനി അവരേം കൂട്ടി ഇങ്ങോട്ട് വര്വോ ''.

'' അമ്മ സ്ഥലത്തില്ലാന്ന് പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' ഒരു കണക്കില് പിള്ളര് ഇവിടെ ഇല്ലാത്തത് നന്നായി. മനസ്സ് തുറന്ന് കൂട്ടം കൂടാലോ '' ഇന്ദിര രാമകൃഷ്ണന്‍റെ അരികില്‍ ഇരുന്നു..

'' പോയ സംഗതി എന്തായി ''.

'' കുട്ട്യേ കണ്ടു. കാണാന്‍ നല്ല ചന്തം ഉണ്ട്. വെളുത്ത് അധികം തടിയില്ലാത്ത പ്രകൃതം. പനങ്കുല പോലെ ചുരുണ്ട മുടി മുട്ടിനടുത്ത് എത്തും. കണ്ണില്‍ കണ്ട വേഷംകെട്ടലൊന്നൂല്യാ. അനു പാട്ട് പാടും എന്നൊക്കെ കുട്ടി അറിഞ്ഞിട്ടുണ്ട്. ചുറ്റുപാട് നോക്കുമ്പൊ നമുക്ക് അവരുടെ ഏഴയലത്ത് ചെല്ലാനുള്ള യോഗ്യതയില്ല. പാറു പറഞ്ഞ മാതിരി അമ്മടെ കാര്യം മാത്രേ മോശംന്ന് പറയാനുള്ളു ''.

'' എന്താ അവര്‍ക്ക് അത്ര കലശലാ. ചങ്ങലയ്ക്ക് ഇട്വേ, മുറീല് അടച്ച് പൂട്ടി ഇരിക്ക്യേ മറ്റോ ആണോ ''.

'' ഏയ്. അതൊന്നൂല്യാ. ഒറ്റ നോട്ടത്തില്‍ ആ സ്ത്രീക്ക് ഒരു കുഴപ്പൂം തോന്നില്ല. കുളിച്ച് അലക്കിയ ജാക്കറ്റും മുണ്ടും വേഷ്ടീം ഒക്കെ ഇട്ട് നല്ലൊരു തറവാട്ടമ്മ ''.

'' പിന്നെന്താ തകരാറ് ''.

'' എന്നെ കണ്ടപ്പോള്‍ നീലകണ്ഠന്‍ നമ്പൂരിടെ ആത്തേമ്മാരല്ലേ. ഗുരുവായൂരില്‍ നിന്ന് വര്വാണോ എന്ന് ചോദിച്ചു. പിന്നെ ഏതോ കല്യാണത്തിന്‍റെ വിശേഷങ്ങള് വിളമ്പുണത് കേട്ടു ''.

'' നമുക്ക് വേണ്ടാ വെക്കണോ ''.

'' സൂക്കട് വരുന്നത് അപരാധം അല്ലല്ലോ. കുട്ടിടെ അച്ഛനൊക്കെ വളരെ സന്തോഷം ആയി. എന്നെ നിര്‍ബന്ധിച്ച് ഊണ് കഴിപ്പിച്ചിട്ടാ അയച്ചത്. എടുക്കാന്നും കൊടുക്കാന്നും ആവാതെ പതിവില്ലാന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും എനിക്ക് വേണ്ടാന്ന് പറയാന്‍ തോന്നീല്ലാ. വീട്ടിലെ അകത്തെ പണിക്ക് രണ്ട് പണിക്കാരി പെണ്ണുങ്ങള്‍ ഉണ്ട്. അതോണ്ട് വെക്കാനോ വിളമ്പാനോ ഒരു ബുദ്ധിമുട്ടും വരില്ല. എല്ലാം ഞാന്‍ സൂത്രത്തില്‍ നോക്കി കണ്ട് മനസ്സിലാക്കി. രാമേട്ടന്‍റെ അടുത്ത് ചോദിച്ചിട്ട് വിവരം അറിയിക്കാന്ന് പറഞ്ഞിട്ടാ ഞാന്‍ പോന്നത് ''.

'' പെണ്‍കുട്ടിടെ ഒരു ഫോട്ടോ ചോദിക്കായിരുന്നില്ലേ ''.

'' രാമേട്ടന്‍റെ സമ്മതം ചോദിക്കാതെ അതൊന്നും വേണ്ടാന്ന് കരുതീട്ടാ. പാറു മകളുടെ അടുത്തേക്ക് പോവുമ്പൊ വാങ്ങീട്ട് വരാന്‍ പറയാം ''.

'' പണിക്കരെ കണ്ട്വോ ''.

'' ഉവ്വ്. അവന് രാഹു പോയിട്ട് വ്യാഴം എടുക്ക്വാണത്രേ. അസുരനും ദേവനും ആണ്. കൂട്ടത്തില്‍
എന്തോ ദോഷൂം ഉണ്ട്. അതോണ്ട് സൂക്ഷിച്ചിരിക്കണം. ഒരു കൊല്ലം കഴിഞ്ഞിട്ട് കല്യാണക്കാര്യം ആലോചിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ''.

'' ആയുര്‍ഭാഗത്തിന് കേടുണ്ടോ ''.

'' എന്തോ ചെറിയ കേട് ഉണ്ടത്രേ. മാസാമാസം അവന്‍റെ നാളിന്ന് മൃത്യുഞ്ജയ ഹോമം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് ''.

'' മകളുടെ കാര്യോ ''.

'' അവള്‍ക്ക് കേടൊന്നൂല്യാ. സര്‍ക്കാര്‍ ജോലി കിട്ടും, നല്ല നിലയ്ക്ക് കല്യാണം നടക്കും, പുത്ര ഭാഗ്യം ഉണ്ട് എന്നൊക്കെ വാഴ്ത്തിണത് കേട്ടു ''.

'' നമ്മടെ കണ്ണടയുന്നതുവരെ കുട്ട്യേള്‍ക്ക് ഒന്നും വരാതെ കാക്കണേ തേവരേ എന്നാ പ്രാര്‍ത്ഥന ''.

'' കുറച്ചു കഴിഞ്ഞ് വാരിയത്തൊന്ന് പോണം. സാവിത്രിടെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പത്ത് പതിനഞ്ച് ദിവസം പാറു പണിക്ക് ചെന്നോളാം എന്ന് ഏറ്റിട്ടുണ്ട്. അത് പറയണം ''.

'' സാവിത്രിക്ക് ലീവ് കിട്ടിയോ ''.

'' ഉവ്വ്. നാളെ മുതല് ലീവാണ്. മറ്റന്നാള്‍ ചൊവ്വാഴ്ച ആസ്പത്രീല് ചെല്ലണം. പിറ്റേന്ന് ഓപ്പറേഷന്‍. മൂന്ന് നാല് ദിവസംകൊണ്ട് വീട്ടിലേക്ക് വരാറാവും ''.

'' ആസ്പത്രീല് നിങ്ങളുടെ കൂടെ പാറൂം ഉണ്ടാവ്വോ ''

'' അവിടെ ഞാന്‍ മതി. ഓപ്പറേഷന്‍ സമയത്ത് അനു ഉണ്ടാവും. രണ്ടു ദിവസം രമ കഞ്ഞീണ്ടാക്കീ കൊണ്ടു വരട്ടെ. പത്തരടെ ബസ്സില്‍ ഇവിടുന്ന് കേറിയാ മതി. പന്ത്രണ്ടേ കാലിന്ന് മടങ്ങിയെത്തും ചെയ്യാം ''.

'' ക്ലാസ്സില്ലേ അവള്‍ക്ക് ''.

'' പാഠം ഒന്നും എടുക്കുന്നില്ലാത്രേ. നാളെ ലീവ് പറഞ്ഞിട്ട് വരാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' അനു ലീവാണോ ''.

'' അല്ല. വെറുതെ ശമ്പളം കളയണ്ടല്ലോ. ഈ ആഴ്ച ദൂരത്തൊന്നും പോണ്ടാ. പെണ്ണ് കഞ്ഞികൊണ്ട് വരുമ്പൊ അവളെ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് സ്കൂട്ടറില്‍ കേറ്റി ആസ്പത്രീല് എത്തിക്കണം, അവിടെ നിന്ന് സ്റ്റാന്‍ഡിലും. ദൂരെ പോയാല്‍ അത് പറ്റില്ലല്ലോ ''. രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. കുറച്ചു കാലമായി ഒന്നും അന്വേഷിക്കാറും അറിയാറും ഇല്ല. പ്രാരബ്ധങ്ങള്‍ക്കിടയില്‍ വിശേഷം പറയാന്‍ ഇന്ദിരയ്ക്ക് നേരം എവിടെ. ഒഴിവോടെ ഇരുന്നു സംസാരിച്ചതോണ്ട് ഇതൊക്കെ അറിഞ്ഞു. അല്‍പ്പ നേരം ഇരുന്ന ശേഷം ഇന്ദിര എഴുന്നേറ്റു.

'' ഞാന്‍ ഇതൊക്കെ അഴിച്ചു വെക്കട്ടെ. ഉടുത്തത് മാറ്റീട്ട് വാരിയത്ത് പോയി വരാം ''.

'' ഇതേ വേഷത്തില്‍ ഒന്ന് പോയിട്ട് വരൂ. അവരൊക്കെ കാണട്ടെ ''.

'' എന്നിട്ട് വേണം എവിടെ പോയിട്ടാ വരുന്നത് എന്ന് അവര് ചോദിക്കാന്‍. എന്തെങ്കിലും അവസരം ഉണ്ടാവുമ്പൊ അണിഞ്ഞൊരുങ്ങി ചന്തത്തില് നടക്കാലോ ''. അവള്‍ തുണി മാറാനായി തൊട്ടടുത്ത മുറിയിലേക്ക് നടന്നു. രാമകൃഷ്ണന്‍ മനോരാജ്യത്തിലേക്കും.

അനൂപിന്‍റെ വിവാഹമാണ്. കല്യാണക്കാരന്‍റെ വേഷത്തില്‍ അവന്‍ തിളങ്ങുന്നുണ്ട്. വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കാന്‍ ഇന്ദിര ഓടി നടക്കുകയാണ്. ചുവന്ന പട്ടുസാരിയില്‍ അവള്‍ അതീവ സുന്ദരിയായിരിക്കുന്നു. പിന്നിയിട്ട അവളുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ മണം അവിടമാകെ പരന്നിരിക്കുന്നു. ആ സൌന്ദര്യത്തില്‍ രാമകൃഷ്ണന്‍ മതി മറന്ന് ഇരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു.

'' എന്താ കണ്ണില് വെള്ളം വന്നത്. വേഷം മാറ്റണ്ടാ എന്നു പറഞ്ഞത് ഞാന്‍ കേള്‍ക്കാഞ്ഞതിലെ സങ്കടം കൊണ്ടാണോ '' അയാളുടെ ചുമലില്‍ അവളുടെ കൈ വിശ്രമിച്ചു.

'' ഏയ്. അല്ല. എല്ലാംകൂടീള്ള സന്തോഷം കൊണ്ടാണ് ''.

'' എന്നാലേ ഇനി മുതല് രാമേട്ടന്ന് സന്തോഷം മാത്രേ ഉണ്ടാവൂ ''.

അവളുടെ ശരീരത്തിലേക്ക് രാമകൃഷ്ണന്‍ ചാഞ്ഞു.

7 comments:

  1. നോവലിന്റെ പേരു അന്വർഥമാക്കുന്ന കാൽ വയ്പ്പുകളാണ് ഓരോ കഥാപാത്രത്തിന്റെയും. മാപ്ലവൈദ്യരുടെ ദീനാനുകമ്പയും , അനുവിന്റെ സുഹൃത്തുക്കളുടെയും പാറുവിന്റെയും ഇന്ദിരയുടെയും സഹായ മനസ്ഥിതിയും ഗോപാലകൃഷ്ണന്റെ ത്യാഗസന്നദ്ധതയും എല്ലാം

    ReplyDelete
  2. ഗ്രാമീണജീവിതത്തിന്റെ നേർക്കാഴ്ചകൾ....
    കുറെക്കാലം പിന്നോട്ട് പോകാൻ കഴിഞ്ഞു...
    ശരിക്കും കൊതി തൊന്നുന്നു.. ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കുമ്പോൾ..
    ആശംസകൾ.

    ReplyDelete
  3. രാമകൃഷ്ണന്റെ മനോരാജ്യം വായനക്കാരനും കാണുന്നുണ്ടാവണം.അത്ര നല്ല സംഭാഷണങ്ങളും വര്‍ണ്ണനകളും.അഭിനന്ദനങ്ങള്‍

    ReplyDelete
  4. വായിച്ചോണ്ടേയിരിക്കുന്നു!
    ആശംസകള്‍!!

    ReplyDelete
  5. സന്തോഷം വരുമോ ആ വീട്ടിൽ. വരുമെന്നു പ്രതീക്ഷിക്കാം. കാത്തിരുന്നു കാണാം.

    ReplyDelete
  6. രാജഗോപാല്‍,
    ഏതു മനുഷ്യനിലും നന്മയുടെ അംശം ഉണ്ട്. അളവില്‍ ഏറ്റക്കുറച്ചില്‍ കണ്ടേക്കാം. നമ്മുടെ ദൃഷ്ടിയില്‍ നല്ലത് മാത്രം പതിയാന്‍ ഇട വരട്ടെ.

    ponmalakkaran / പൊന്മളക്കാരന്‍,
    ഈ അഭിപ്രായം വളരെ സന്തോഷം ഉണ്ടാക്കുന്നു. ഇന്നും നന്മയുടെ കണിക മിക്ക ഗ്രാമീണരിലും ഉണ്ട്.

    ആറങ്ങോട്ടുകര മുഹമ്മദ്,
    അഭിനന്ദങ്ങള്‍ക്ക് വളരെ നന്ദി.

    ഞാന്‍ : ഗന്ധര്‍വ്വന്‍,
    വളരെ സന്തോഷം.

    Typist / എഴുത്തുകാരി,
    തീര്‍ച്ചയായും. കുറച്ചു വൈകിയാലും നല്ല്ലവരെ ദൈവം കൈവിടില്ല.

    ReplyDelete
  7. രാമകൃഷ്ണ പൊതുവാള്‍ കണ്ട സ്വപ്നം ഞാനും കണ്ടു.. ഒക്കെ നല്ലതാവട്ടെ .

    ReplyDelete