Tuesday, February 28, 2012

നോവല്‍ - അദ്ധ്യായം - 36.

രണ്ട് ദിവസമായി മഴ നിലച്ച മട്ടാണ്. കെ. എസ്. മേനോന്‍ കാലത്ത് അമ്പലത്തില്‍ ചെന്ന് തൊഴുതു. അമ്മിണിയമ്മയുടെ പിറന്നാളാണ് ഇന്ന്. പാവം, അനങ്ങാന്‍ വയ്യാതെ കിടപ്പല്ലേ. അവരുടെ പേരില്‍ പുഷ്പാഞ്‌ജലിയും ധാരയും കഴിപ്പിച്ചു. ഗോപാലകൃഷ്ണന്ന് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ഭാര്യക്ക് ഈശ്വര ഭക്തി വേണ്ടുവോളമുണ്ട്.

അമ്പലത്തില്‍ നിന്ന് തിരിച്ചു പോരുമ്പോഴേക്കും നേരം വൈകി. ഇനി പ്രാതല്‍ ഗോപാലകൃഷ്ണന്‍റെ വീട്ടില്‍ ചെന്നിട്ടാവില്ല. പഴനി ചെട്ട്യാരുടെ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തുമ്പോള്‍ ക്ലോക്ക് പത്തു തവണ മണി മുഴക്കി. മേനോന്‍ വേഗം വസ്ത്രം മാറ്റി. മഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടും നരച്ച പാന്‍റും ധരിച്ചു. കണ്ണാടിയില്‍ കാണുന്ന രൂപം താന്‍ തന്നെയാണോ എന്ന് സംശയം തോന്നി. ഞാറ്റ് കണ്ടത്തില്‍ മുള പൊട്ടി നില്‍ക്കുന്നത് മാതിരിയുള്ള താടി രോമം മുഖത്ത് നിറഞ്ഞിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായി. സമൃദ്ധിയായി വളര്‍ന്ന് നില്‍ക്കുന്ന നരച്ച തലമുടി ചെമ്പിച്ചിട്ടുണ്ട്. നാളെ മുടി വെട്ടിച്ചിട്ടേ വേറൊരു കാര്യമുള്ളു.

വീടും പടിയും പൂട്ടി ഇറങ്ങി. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിന്‍റെ വലത് വശത്ത് വലിയൊരു കുളമുണ്ട്. തൊട്ടടുത്ത് കരിങ്കല്ലിന്‍റെ ആല്‍ത്തറയില്‍ അധികം വലുപ്പമില്ലാത്ത ആല്‍മരം. അതിന്‍റെ തണലത്ത് നില്‍ക്കാതെ അയാള്‍ നടന്നു. വൈകുന്നേരമായാല്‍ ഒരു കൂട്ടം വയസ്സന്മാര്‍ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുന്ന ഇടമാണ്. ചിലരെ പകലും കാണാറുണ്ട്. കഴിയുന്നതും ആള്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.

'' എവിടേക്കാ പോണത് '' എതിരെ വന്ന ആള്‍ ചോദിക്കുന്നത് കേട്ടു. കല്യാണമണ്ഡപം പണിയാന്‍ സംഭാവന ചോദിച്ചു വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളാണ്.

'' ടൌണ്‍ വരെ ഒന്ന് പോണം ''.

'' അതിന് ഇവിടെ നിന്നാല്‍ പോരെ. ബസ്സ് ഇവിടെ നിര്‍ത്തി തര്വോലോ ''.

'' പത്തടി നടന്നാല്‍ സ്കൂള്‍ പടി ആയില്ലേ. അവിടുന്ന് ബസ് ചാര്‍ജ്ജില് ഒരു ഉറുപ്പികടെ കുറവുണ്ട് . എന്‍റെ കയ്യില്‍ അത്രേ ഉള്ളൂ ''.

'' കാശില്ലെങ്കില്‍ ഞാന്‍ തരാം ''.

'' വേണ്ടാ, ഇന്ന് വരെ ആരടെ മുമ്പിലും കയ്യ് നീട്ടീട്ടില്ല. അത് കൂടാതെ കഴിക്കണം എന്നാ മോഹം ''.

'' പോയിട്ട് പ്രത്യേകിച്ച് ''.

'' ഗോപാലകൃഷ്ണന്‍ നായരെ കാണണം. ഇത്തിരി കാശ് വാങ്ങണം ''.

'' അതെന്താ കടം അല്ലേ ''.

'' അല്ല. നല്ല കാലത്ത് അന്യ നാട്ടില്‍ ചെന്ന് കഷ്ടപ്പെട്ട് ഒരു പാട് സമ്പാദിച്ചു. വയസ്സായപ്പോള്‍ നാട്ടില്‍ കൂടാമെന്ന് കരുതി. അതോടെ കുടുംബം കൈവിട്ടു. ഇവിടെ വന്നപ്പോഴോ ? നല്ല കാലത്ത് ഓരോന്നു പറഞ്ഞ് ഉള്ളതെല്ലാം കൊത്തിപ്പറിച്ച ബന്ധുക്കള്‍ക്ക് എന്നെ വേണ്ടാ. നുള്ളി പറിച്ച് ഉള്ള കാശൊക്കെ കൂടി ഗോപാലകൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചു. പണത്തിന് ആവശ്യം വരുമ്പൊ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലും. അങ്ങോട്ടും ഇങ്ങോട്ടും കണക്കൊന്നും പറയാറില്ല. പലിശ വകയ്ക്ക് കൂട്ടിക്കോളിന്‍ എന്നും പറഞ്ഞ് ചോദിച്ച പണം തരും ''.

'' അങ്ങിനെ ഒരാള് ഉള്ളത് നിങ്ങടെ ഭാഗ്യം. വാസ്തവം പറയാലോ, നിങ്ങള് കോടീശ്വരാണെന്നാ ജനസംസാരം ഉണ്ടായിരുന്നത് ''.

'' ആര്‍ക്കും എന്തും പറയാലോ. സത്യം നമുക്കല്ലേ അറിയൂ ''.

'' എന്നാല്‍ ചെല്ലിന്‍ '' അയാള്‍ക്ക് മതിയായി എന്ന് തോന്നുന്നു. രണ്ടുപേരും രണ്ട് വശത്തേക്ക് നീങ്ങി. ഗോപാലകൃഷ്ണന്‍ പറഞ്ഞത് എത്ര ശരി. ആളുകള്‍ക്ക് പണം നോട്ടേ ഉള്ളു, മുഖം നോട്ടം ഇല്ല എന്ന് മനസ്സിലോര്‍ത്തു. കയ്യില്‍ കാശുണ്ട് എന്ന് അറിഞ്ഞാല്‍ പിന്നാലെ കൂടാന്‍ നൂറാളുണ്ടാവും. ഒന്നൂല്യാ എന്ന് വരുത്തി തീര്‍ത്തത് നന്നായി. ആരും ബുദ്ധിമുട്ടിക്കാന്‍ വരില്ലല്ലോ.

സ്റ്റോപ്പിലെത്തിയതും ബസ്സെത്തി. ഭാഗ്യത്തിന് വലിയ തിരക്കില്ല. കെ. എസ്. മേനോന്‍ അതില്‍ കയറി.

**********************************

ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ രമ ഇറങ്ങിയതും അനൂപ് അടുത്തെത്തി. കഞ്ഞിപ്പാത്രം വെച്ച ബിഗ് ഷോപ്പര്‍ അവന്‍ ഏറ്റു വാങ്ങി.

'' വാ. നമുക്ക് പോവാം '' അവന്‍ പറഞ്ഞു. ടെലഫോണ്‍ എക്സ്ചെയിഞ്ചിന്‍റെ സൈഡിലുള്ള വഴിയിലൂടെ സ്കൂട്ടര്‍ നീങ്ങി. ഏതാനും വാര അകലത്തിലാണ് റോബിന്‍സണ്‍ റോഡ്. അത് ചെന്നെത്തുന്നത് ആസ്പത്രിയിലാണ്. ഒരു ഓട്ടോറിക്ഷ ഹോണടിച്ച് മുന്നില്‍ കേറി. എന്തൊരു ഓട്ടമാണ് ഇവരുടേത്. കാലൊന്ന് അകത്തി വെച്ചാല്‍ മതി, അതിനിടയിലൂടെ വണ്ടി കടത്തും.

വളവ് തിരിഞ്ഞതും ഓരത്തുകൂടി നടന്നു പോകുന്ന വയസ്സനെ ഓട്ടോ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോവുന്നത് കണ്ടു. അനൂപ് സ്കൂട്ടര്‍ നിര്‍ത്തി അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

'' എന്തെങ്കിലും പറ്റിയോ '' അവന്‍ ചോദിച്ചു.

'' വയ്യാ തോന്നുന്നു '' വൃദ്ധന്‍ പറഞ്ഞു.

അവന്‍ അയാളെ ശ്രദ്ധിച്ചു. വലതു കൈ മുട്ടിന്നു താഴെ തൊലി പോയി ചോര പൊടിഞ്ഞിട്ടുണ്ട്. താടിയിലെ മുറിവിലൂടെ രക്തം ഒഴുകുന്നു. വലുതായി ഒന്നും പറ്റിയില്ലെങ്കിലും ആള്‍ വല്ലാതെ വിറയ്ക്കുന്നുണ്ട്. ഭയന്നിട്ടായിരിക്കും. അനൂപിന് എന്താ വേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. സഹായിക്കാന്‍ ആരെയെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. ഇതിലൂടെ വാഹനങ്ങള്‍ വരുന്നതേ അപൂര്‍വ്വം. നാലഞ്ച് കാല്‍നടയാത്രക്കാര്‍ പിറകെ വന്നുവെങ്കിലും രംഗം ഒന്ന് നോക്കി മിണ്ടാതെ അവര്‍ അവരുടെ വഴിക്ക് പോയി. അനൂപ് പ്രദീപിനെ വിളിച്ചു വിവരം പറഞ്ഞു.

'' നമുക്ക് ആസ്പത്രീലിക്ക് പോവാം '' അവന്‍ പറഞ്ഞു.

'' അതിനു മുമ്പ് എന്‍റെ കൂട്ടുകാരനെ വിളിച്ച് വിവരം അറിയിക്കണം ''. വൃദ്ധന്‍ പോക്കറ്റില്‍ കയ്യിട്ടു. ഒന്നും കാണാത്തതിനാല്‍ പരിസരത്തൊക്കെ പരതി.

'' എന്താ നോക്കുന്നത് ''.

'' എന്‍റെ മൊബൈലും കണ്ണടയും കാണാനില്ല. രണ്ടും പോക്കറ്റില്‍ സൂക്ഷിച്ചു വെച്ചതാണ് ''.

അനൂപും രമയും അവിടെ പരതി. കണ്ണട അടുത്തു തന്നെ മണ്ണില്‍ കിടപ്പുണ്ട്. അതിന്ന് കേടൊന്നും പറ്റിയിട്ടില്ല. മൊബൈല്‍ തെറിച്ച് റോഡില്‍ വീണു കിടപ്പാണ്. എടുത്തു നോക്കുമ്പോള്‍ അത് പൊട്ടി തകര്‍ന്നിരിക്കുന്നു. ഓട്ടോ അതിന്‍റെ മുകളില്‍ കയറിയിട്ടുണ്ടാവും.

'' ഇത് കേടു വന്നല്ലോ '' അനൂപ് പറഞ്ഞു '' നമ്പറ് പറഞ്ഞോളൂ. എന്‍റെ മൊബൈലില്‍ നിന്ന് വിളിച്ചു തരാം ''.

'' നമ്പര്‍ ഓര്‍മ്മ തോന്നുന്നില്ല. ഒരു ഉപകാരം ചെയ്യോ. എന്‍റെ കൂട്ടുകാരന്‍റെ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. അയാളുടെ വീട്ടില്‍ ചെന്ന് കെ. എസ്. മേനോന്‍ ഓട്ടോ തട്ടി വീണൂന്ന് പറഞ്ഞാല്‍ മതി '' മേനോന്‍ സുഹൃത്തിന്‍റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

'' എന്‍റെ കൂട്ടുകാര് ഇപ്പൊ എത്തും. അങ്കിളിനെ ആസ്പത്രീല് എത്തിച്ചിട്ട് പോയി പറയാം ''.

നിമിഷങ്ങള്‍ക്കകം പ്രദീപും ശെല്‍വനും റഷീദും എത്തി. ഒരു ഓട്ടോ വിളിച്ച് മേനോനെ കയറ്റി അവര്‍ ആസ്പത്രിയിലേക്ക് വിട്ടു. അനൂപും രമയും ഗോപാലകൃഷ്ണന്‍റെ വീട്ടിലേക്കും.

8 comments:

 1. നന്മയി‘ലൂടെ‘യുള്ള ചുവടുവെയ്പ്പുകളൊടൊപ്പം എന്റെ അനുധാവനം തുടരുന്നു.

  ReplyDelete
 2. vayichu kazinjaanu ithu novelinte 36th bagam anenu arinjathu...vayikkaam...nalla ezuth..:)

  ReplyDelete
 3. നന്മയുള്ളവരെല്ലാം ഒത്തുചേരട്ടെ.

  ReplyDelete
 4. അനൂബിനെ പോലെ പെരുമാറുന്നവരെ ഇന്ന് കണ്ടു കിട്ടാൻ പ്രയാസമാണ്. ആവശ്യമില്ലാത്ത പൊല്ലാപ്പെന്നു കരുതി മാറിക്കളയും.
  ആശംസകൾ

  ReplyDelete
 5. കൊള്ളാം ......... മുഴുവന്‍ ഒന്ന് വായിച്ചാലേ എല്ലാം മനസിലാക്കു എന്നുള്ളത് മനസിലാക്കിയതിനാല്‍ സമയം പോലെ പുണ്യവാന്‍ എവിടെ പറന്നിരങ്ങാം

  ReplyDelete
 6. ക്ഷമിക്കുമല്ലോ..
  തുടരൻ വായനകൾക്ക് ഇപ്പോഴുള്ള
  സമയക്കുറവുകൾ കാരണം സാധിക്കില്ല ഭായ്..
  പിന്നീട് ഇത് ഒരു പുസ്തകമായി ഇറക്കണം കേട്ടൊ

  ReplyDelete
 7. രാജഗോപാല്‍,
  അതാണല്ലോ എഴുതാനുള്ള ഊര്‍ജ്ജം.

  chillujalakangngal,
  സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

  Typist / എഴുത്തുകാരി,
  അതെ. നല്ലവര്‍ ഒത്തു കൂടട്ടെ.

  വി.കെ,
  നിലവിലുള്ള നിയമ സംവിധാനമാണ് ആപത്തില്‍പെട്ടവരെ സഹായിക്കാതെ കടന്നു കളയാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

  ഞാന്‍, പുണ്യവാളന്‍,
  തുടക്കം മുതല്‍ വായിച്ചു നോക്കു. എങ്കിലെ വ്യക്തമായ ചിത്രം കിട്ടൂ.

  മുരളി മുകുന്ദന്‍, ബിലാത്തിപട്ടണം,
  പുസ്തകം ആക്കണമെന്നുണ്ട്. ഏതായാലും എഴുതി തീരട്ടെ.

  ReplyDelete
 8. അനൂപ്‌ സഹായിച്ചത് മറ്റാരെയോ ആണെന്നാണ്‌ കരുതിയത്‌.. നമ്മുടെ മേനോന്‍ ആയിരുന്നോ....

  ReplyDelete