Friday, March 30, 2012

അദ്ധ്യായം - 39.

റഷീദ് ആകപ്പാടെ അസ്വസ്ഥനായിരുന്നു. രാവിലെ വിസിറ്റ് ചെയ്യാന്‍ ഉദ്ദേശിച്ച മൂന്ന് ഡോക്ടര്‍മാരെ കാണാനൊത്തില്ല. നഗരത്തിലെ ഏതോ വി. ഐ. പി. യുടെ കല്യാണത്തിന്ന് പോയിരിക്കുകയായിരുന്നു അവര്‍. നാലാമത്തെ ഡോക്ടറെ കാണാന്‍ ചെന്നിട്ട് ഒരുത്തനോട് കലഹിക്കേണ്ടി വരികയും ചെയ്തു. ചില ദിവസം അങ്ങിനെയാണ്. വിചാരിച്ച പോലെ ഒന്നും നടക്കില്ല. പ്രതീക്ഷിക്കാതെ പല പ്രശ്നങ്ങള്‍ കയറി വരികയും ചെയ്യും. അല്ലെങ്കിലും ഒരുത്തന്‍ മേക്കട്ട് കേറാന്‍ വന്നാല്‍ എത്ര നേരം ക്ഷമിക്കാന്‍ പറ്റും.


ടോക്കണോ, അസിസ്റ്റന്‍റോ ഒന്നും ഇല്ലാത്ത ക്ലിനിക്കാണ്. രോഗികള്‍ എത്തി ചേരുന്ന മുറയ്ക്ക് അകത്ത് കയറും , അവര്‍ക്കിടയില്‍ റെപ്രസന്‍റേറ്റീവുമാരും. ഡോക്ടറുടെ ക്യാബിനില്‍ കയറാനായി വാതില്‍ക്കല്‍ കാത്തു നില്‍ക്കുമ്പോഴാണ് ഒരുത്തന്‍ തോളത്ത് തട്ടി വിളിക്കുന്നത്. ഏതെങ്കിലും പരിചയക്കാര് ആവുമെന്നു കരുതി നോക്കുമ്പോള്‍ ഏതോ ഒരു അപരിചിതന്‍.


'' എന്താ മാഷേ പരിപാടി '' അയാള്‍ ചോദിച്ചു.'' ഡോക്ടറെ കാണണം ''.


'' എങ്കില്‍ ഇപ്പോള്‍ പറ്റില്ല. ഈ ഇരിക്കുന്ന രോഗികളൊക്കെ ഡോക്ടറെ കാണാനുള്ളവരാണ്. അതിനിടയില്‍ കയറാന്‍ പറ്റില്ല ''.


'' എനിക്ക് ഇതു കഴിഞ്ഞ് ഇനിയും ഡോക്ടര്‍മാരെ കാണാനുണ്ട് '' മര്യാദയ്ക്ക് പറഞ്ഞു നോക്കി.


'' എന്നാല്‍ അവിടെയൊക്കെ ചെന്നിട്ട് തിരക്ക് ഒഴിയുമ്പോള്‍ ഇങ്ങോട്ട് വാ ''.'' എല്ലാ ദിക്കിലും തിരക്കാണെങ്കിലോ ''.


'' അത് തന്‍റെ പാട്. രോഗികളെ നോക്കി കഴിയാതെ ഇവിടെ ഒരുത്തനേം ഞങ്ങള് അകത്ത് കടത്തി വിടില്ല ''.


'' താനാരാ അത് നിശ്ചയിക്കാന്‍ '' ശബ്ദം ഉയര്‍ന്നുവെന്ന് റഷീദിനേ തോന്നി.'' ആരോ ആയിക്കോട്ടെ. നിന്നെ അകത്ത് വിടുന്ന പ്രശ്നമില്ല ''.'' ഞാന്‍ കേറും ''.


'' എനിക്ക് അതൊന്ന് കാണണം ''.


ഇവന്‍റെ മുമ്പില്‍ ഒരു കാരണ വശാലും തോറ്റു കൂടാ. വേണ്ടി വന്നാല്‍ അന്‍വറണ്ണനെ വിളിക്കും. ഒരു ഗ്യാങ്ങ് എത്തിക്കോളും. ഈ സൈസ്സ് പാര്‍ട്ടികള്‍ക്ക് പറ്റിയത് അവരാണ്.


എന്നാല്‍ അതൊന്നും വേണ്ടി വന്നില്ല. അകത്ത് ഉണ്ടായിരുന്ന രോഗിയെ നോക്കി കഴിഞ്ഞതും ഡോക്ടര്‍ വാതില്‍ക്കല്‍ എത്തി. ബഹളം കേട്ട് വന്നതാണ്. അദ്ദേഹം ദേഷ്യപ്പെടുമോയെന്ന് റഷീദ് ഭയപ്പെട്ടു.


'' എന്താ ഇവിടെ '' ഡോക്ടര്‍ ചോദിച്ചു.


'' എന്നെ അകത്ത് കടത്തി വിടില്ലാന്ന് ഇയാള്‍ പറഞ്ഞു '' റഷീദ് വിവരം അറിയിച്ചു.


'' നിങ്ങളാരാ അത് പറയാന്‍ '' ഡോക്ടര്‍ അയാളോട് ചോദിക്കുന്നത് കേട്ടു.'' ഇടയില്‍ കടക്കാന്‍ നിന്നതോണ്ടാണ് ''


'' ഇയാള്‍ക്ക് എന്നെ മാത്രം കാത്തു നിന്ന് കണ്ടാല്‍ പോരാ. ഇനിയും എത്രയോ ഡോക്ടര്‍മാരെ കാണാനുണ്ടാവും '' ഡോക്ടര്‍
തനിക്ക് അനുകൂലമാണെന്ന് കണ്ടതോടെ പേടി തീര്‍ന്നു.


'' സാറേ, ഞങ്ങള്‍ ഇത്ര ആളുകള്‍ കാത്തിരിക്കുമ്പോള്‍ ഇയാളെ കടത്തി വിടുന്നത് ശരിയല്ല '' അയാള്‍ തര്‍ക്കിച്ചു.


'' ശരിയും തെറ്റും ഞാന്‍ നിശ്ചയിച്ചോളാം. വലിയ തിരക്ക് ഉള്ള ആളുകള് വേറെ എവിടെ വേണമെങ്കിലും പൊയ്ക്കോളിന്‍ '' ഡോക്ടര്‍ ചൂടായി '' താന്‍ വാടോ '' അദ്ദേഹം അകത്തേക്ക് വിളിച്ചു.


ഡീറ്റെയിലിങ്ങ് കഴിഞ്ഞു വരുമ്പോള്‍ നേരത്തെ ഉടക്കിയവന്‍ തുറിച്ചു നോക്കുന്നു.


'' നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് '' അയാള്‍ പറഞ്ഞു.


'' വിളമ്പാറാവുമ്പോള്‍ വിളിക്ക്. കഴിക്കാന്‍ ഞാന്‍ വരാം '' എന്നു പറഞ്ഞുവെങ്കിലും ജോലി ചെയ്യാനുള്ള താല്‍പ്പര്യമാകെ പോയി. ഇന്നിനി ഒന്നും ശരിയാവില്ല. കോട്ടമൈതാനത്ത് പോയി ഇരിക്കാം. കൂട്ടുകാര്‍ എത്താറായിട്ടില്ല. എന്നാലും സാരമില്ല. റഷീദ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ അവന്‍ കണക്ക് കൂട്ടിയതില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ നേരത്തെ സ്ഥലം പിടിച്ചിരിക്കുന്നു. റഷീദ് വണ്ടി നിര്‍ത്തി അങ്ങോട്ട് ചെന്നു.


'' എന്താടാ സുമേഷേ നീ ഇത്ര നേരത്തെ '' അവന്‍ ചോദിച്ചു.


'' ആകെക്കൂടി ഒരു മൂഡില്ല '' ഒരു തണുപ്പന്‍ മട്ടിലാണ് സുമേഷത് പറഞ്ഞത്.


'' എന്താ നിനക്ക് പറ്റിയത്. ഞങ്ങളെപ്പോലെയുള്ള ഗതികേടൊന്നും നിനക്കില്ലല്ലോ ''.


'' പൈസ ഉള്ളതോണ്ടു മാത്രം എല്ലാം ആയോടാ. മനുഷ്യനായാല്‍ കുറച്ചെങ്കിലും മനസ്സമാധാനം വേണ്ടേ ''.


'' നിനക്കെന്താടാ ഇത്ര പ്രയാസം. വിരോധം ഇല്ലെങ്കില്‍ എന്നോട് പറയ് ''.'' വീട്ടില് ഇരിക്കപ്പൊറുതി തരുന്നില്ല. ഞാന്‍ എവിടേക്കെങ്കിലും കടന്നു പോവും ''.

റഷീദിന് അത്ഭുതം തോന്നി. ധാരാളം സമ്പത്തുള്ള വീട്ടിലെ ഏക പുത്രന്‍. വീട്ടുകാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാറുള്ള പ്രകൃതമാണ്. ദുശ്ശീലങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരും കുറ്റം പറയാനുള്ള സാദ്ധ്യതയില്ല. പിന്നെന്തിനാ വീട്ടില്‍ സ്വൈരക്കേട്.


'' നീ കാര്യം പറയെടാ '' റഷീദ് പ്രോത്സാഹിപ്പിച്ചു.


സുമേഷ് കുറെ നേരം കോട്ടയിലേക്ക് നോക്കിയിരുന്നു , റഷീദ് അക്ഷമനായി അരികത്തും.


'' ജോലിയില്ലാത്തതാടാ എന്‍റെ പ്രശ്നം '' സുമേഷ് പറഞ്ഞു തുടങ്ങി. വയസ്സ് ഇരുപത്താറ് ആവുന്നു. കല്യാണം ആലോചിക്കേണ്ട പ്രായമാണ്. വീട്ടില്‍ സ്വത്തുണ്ട് എന്നതൊന്നും ഒരു കാര്യമല്ല. ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ജോലിയുള്ള ആളെ തന്നെ വേണം ഭര്‍ത്താവായിട്ട്. പി.എസ്. സി. എഴുതി ജോലി ലഭിക്കുമെന്ന് സങ്കല്‍പ്പിക്കാനേ കഴിയില്ല. അതുകൊണ്ട് എളുപ്പത്തിലൊരു മാര്‍ഗ്ഗമാണ് അമ്മ കണ്ടത്. ഒരു മാനേജ്മെന്‍റ് സ്കൂളില്‍ പ്യൂണിന്‍റെ തസ്തികയുണ്ട്. എട്ട് ലക്ഷമാണ് ചോദിക്കുന്നത്. ഏജന്‍റിന് കമ്മിഷന്‍ വേറെ കൊടുക്കണം. അമ്മ പണം കൊടുത്ത് ജോലി വാങ്ങാന്‍ ഒരുങ്ങുകയാണ്.


'' ഇതേള്ളു. സന്തോഷിക്കേണ്ട കാര്യം അല്ലേടാ '' റഷീദ് ചോദിച്ചു.'' സന്തോഷം വെച്ചിരിക്കുന്നു. എന്നെക്കൊണ്ടു വയ്യ മാഷന്മാര്‍ക്ക് ചായ കൊണ്ടു വരാനും ബെല്ലടിക്കാനും ഒക്കെ ''.


''എന്നിട്ട് നീ എന്ത് ചെയ്യാനാ ഉദ്ദേശം ''.


'' ഒരു മാസം കഴിഞ്ഞാല്‍ അച്ഛന്‍ വരും. അതിനു മുമ്പ് ഞാന്‍ സ്ഥലം വിടും ''.


'' എങ്ങോട്ട് ''.'' വാള്‍പ്പാറയില്‍ എന്‍റെ ഒരു ഫ്രന്‍റുണ്ട്. ഏതെങ്കിലും തോട്ടത്തില്‍
സൂപ്പര്‍വൈസറുടെ പണി വാങ്ങി തരാം എന്ന് അവന്‍ ഏറ്റിട്ടുണ്ട് ''.


സുമേഷിന്‍റെ മനസ്സിലുള്ള വിഷമം എങ്ങിനെയെങ്കിലും ലഘൂകരിക്കണമെന്ന് റഷീദിന് തോന്നി.


'' വെറുതെ വേണ്ടാത്ത പണിക്ക് പോണ്ടാ '' അവന്‍ പറഞ്ഞു '' അവിടെ ഇഷ്ടംപോലെ പുലിയുണ്ട്. നിന്‍റെ തടി കണ്ടാല്‍ അവറ്റ വിടില്ല. വെറുതെ ഉള്ള ഇറച്ചി പുലിക്ക് തിന്നാന്‍ കൊടുക്കണോ ''.


അതോടെ സുമേഷിന്‍റെ ടെന്‍ഷന്‍ പകുതി ചുരുങ്ങി. അവന്‍റെ ചുണ്ടില്‍ ഒരു നേര്‍ത്ത ചിരി പടര്‍ന്നു.'' അതിന് ഞാന്‍ മേത്ത് വേപ്പെണ്ണ പുരട്ടും. പിന്നെ പുലി എന്നെ തൊടില്ല ''.


റഷീദിന് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കോട്ടയിലേക്ക് കൂട്ടുകാരുടെ ബൈക്കുകള്‍ വരുന്നുണ്ടായിരുന്നു.

=============================

'' ഏതാ അമ്മേ, ഒരു പെണ്‍കുട്ടിയുടെ ഫോട്ടൊ. കാണാന്‍ എന്ത് ഭംഗ്യാണ് '' രമ ഫോട്ടോയുമായി അമ്മയെ സമീപിച്ചു. ഇന്ദിര നോക്കുമ്പോള്‍ പാറു എത്തിച്ച ഫോട്ടൊയാണ്. രാമേട്ടന്‍ നോക്കി കഴിഞ്ഞ ശേഷം ഭാഗവതത്തിന്‍റെ ഉള്ളില്‍ വെച്ച് മരത്തിന്‍റെ പെട്ടിയില്‍ സൂക്ഷിച്ചതാണ്.


'' ഭൂമി തുരന്ന് അതിന്‍റെ ഉള്ളില്‍ കൊണ്ടുപോയി വെച്ചാലും കണ്ടെത്തിക്കോളും ഈ അശ്രീകരം '' ഇന്ദിര മകളുടെ കയ്യില്‍ നിന്ന് ഫോട്ടോ വാങ്ങി.


'' എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ഏട്ടന് നല്ല യോജിപ്പുള്ള കുട്ടിയാണ് '' രമ ഒന്നും അറിയാതെ പറഞ്ഞതാണ്.


'' പെണ്ണേ, വേണ്ടാതെ ഓരോന്ന് പറഞ്ഞുംകൊണ്ട് വന്നാല്‍ നാളികേരം ഉടച്ച് നിന്‍റെ മുഖത്ത് ഞാന്‍ ചാത്തം ഊട്ടും ''.


അങ്ങിനെ പറഞ്ഞുവെങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഇന്ദിരയ്ക്ക് വീണ്ടു വിചാരം ഉണ്ടായി. അവര്‍ മകളെ വിളിച്ചു.


'' ഏട്ടന്‍ ട്രെയിനിങ്ങ് കഴിഞ്ഞ് എത്തിയതും ഫോട്ടോവിന്‍റെ കാര്യം അവന്‍റെ അടുത്ത് വിളമ്പണ്ടാ. സമയം വരുമ്പോള്‍ ഞങ്ങള് തന്നെ പറഞ്ഞോളാം ''.


രമ അമ്മയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു ഉമ്മ കൊടുത്തു.


'' എന്താ ഈ പെണ്ണിന്. ഇപ്പഴും ഇള്ളക്കുട്ടിയാണെന്നാ ഭാവം '' ഇന്ദിര മകളെ പിടിച്ചു മാറ്റി.

Sunday, March 25, 2012

നോവല്‍ - അദ്ധ്യായം - 38.

പതിവിലും നേരത്തെ അനിരുദ്ധന്‍ വീട്ടില്‍ തിരിച്ചെത്തി. സമയം നാലു മണി ആവുന്നതേയുള്ളു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന മെഡിക്കല്‍ റെപ്പ് ഏതോ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് '' സാര്‍, നേരത്തെ പൊയ്ക്കോട്ടെ '' എന്ന് ചോദിച്ചിരുന്നു. സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. എന്തായാലും അവന്‍ പോവും, നീരസം ബാക്കി നില്‍ക്കുകയും ചെയ്യും. അതിലും ഭേദം സമ്മതം നല്‍കുന്നതാണ്. നാളെ നേരത്തെ എത്ത് എന്നും പറഞ്ഞ് അവനെ അയച്ചതാണ്. '' അച്ഛന്‍ വന്നിട്ടുണ്ടായിരുന്നു '' രാധികയുടെ മുഖത്ത് സന്തോഷം '' ഇത്ര നേരത്തെ അനിയേട്ടന്‍ വരുംന്ന് അറിഞ്ഞാല്‍ കണ്ടിട്ടേ പോവ്വായിരുന്നുള്ളു. അച്ഛന്‍ ഇപ്പങ്ങിട്ട് ഇറങ്ങിയതേയുള്ളു ''.
അനിരുദ്ധന്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. അല്ലെങ്കിലും അച്ഛന്‍ എത്തുന്നത് മകളെ കാണാന്‍ വേണ്ടി മാത്രം. മരുമകന്‍ വെറുമൊരു അപ്രധാന കഥാപാത്രം. അയാള്‍ ഡ്രസ്സ് മാറാന്‍ ചെന്നു.
'' എന്തിനാ അച്ഛന്‍ വന്നത് എന്നറിയ്യോ '' ചായയുമായി രാധിക അരികിലെത്തി. വൈകീട്ട് ചായ ഉണ്ടാക്കുമ്പോള്‍ ഫ്ലാസ്ക്കില്‍ കുറച്ച്എടുത്തു വെക്കും. എപ്പോള്‍ വീട്ടിലെത്തിയാലും രാധിക അത് കപ്പില്‍ പകര്‍ന്നു തരും, ഒരു വഴിപാട് പോലെ.
'' ങും '' ചോദ്യം ഒരു മൂളലില്‍ ഒതുങ്ങി.

'' അടുത്തത് ഏതാ മാസം എന്ന് അറിയ്യോ ''.
'' ആഗസ്റ്റ് ''.

'' ആഗസ്റ്റെങ്കില്‍ ആഗസ്റ്റ്. മലയാള മാസം അറിയില്ലല്ലോ. ആഗസ്റ്റ്ആറാം തിയ്യതി കുട്ടിടെ ഒന്നാം പിറന്നാളാണ് ''.
'' അതെനിക്ക് ഓര്‍മ്മയുണ്ട്. കര്‍ക്കിടക മാസം ആയതോണ്ട് അമ്മയേയും കൂട്ടി അന്നേ ദിവസം തൃപ്രയാറില്‍ ചെന്ന് ശ്രീരാമനെ തൊഴാന്‍ പ്ലാനിട്ടിട്ടുണ്ട് ''.
'' അത് നടക്കില്ലട്ടോ ''.
'' എന്താ കാരണം ''.

'' കുട്ടിടെ പിറന്നാള്‍ ദിവസം വീട്ടില് വെച്ച് അയ്യപ്പന്‍ പാട്ട് നടത്താന്‍ അച്ഛന്‍ നിശ്ചയിച്ചിട്ടുണ്ട് ''.
'' അതൊന്നും പറ്റില്ല. അല്ലെങ്കിലും കര്‍ക്കിടക മാസത്തില്‍ അയ്യപ്പന്‍ പാട്ട് നടത്താറുണ്ടോ ''.
'' ഇനി പറഞ്ഞിട്ട് കാര്യൂല്യാ. അച്ഛന്‍ ഒക്കെ ഏര്‍പ്പാടാക്കി കഴിഞ്ഞു ''.
'' എന്നോട് ഒരു വാക്ക് ചോദിക്കണ്ടേ ''.

'' എന്തിന്. ദോഷം വരുന്ന ഒന്നും അല്ലല്ലോ അച്ഛന്‍ ചെയ്യുന്നത്. വെറുതെ തര്‍ക്കിക്കാന്‍ നിന്ന് അച്ഛനെ പിണക്കണ്ടാ ''.
അതോടെ അനിരുദ്ധന്‍റെ വായ അടഞ്ഞു. അറിഞ്ഞുകൊണ്ട് ഒരു കാവല്‍ നായയുടെ സ്ഥാനം സ്വീകരിച്ചതാണ്. ഇനി ഈ തുടല് പൊട്ടിച്ച് ഒരിക്കലും പുറത്ത് പോവാന്‍ കഴിയില്ല.
'' പിന്നെ അച്ഛന്‍ നമുക്ക് പുതിയൊരു കാറ് വാങ്ങി തരുന്നുണ്ട്. ഹോണ്ടാ സിറ്റിയോ, ഫോര്‍ഡ് ഫിയസ്റ്റയോ, ഹുണ്ടായ് വെര്‍ണയോ, അതല്ല ഹാച്ച് ബാക്ക് ടൈപ്പ് തന്നെ വേണം എന്നുണ്ടെങ്കില്‍ വോക്സ് വാഗന്‍റെ പോളോയോ ഏതാണ് അനിയേട്ടന് ഇഷ്ടം എന്ന് പറഞ്ഞാല്‍ മതി ''.

നെറ്റില്‍ നിന്ന് രാധികതന്നെ കണ്ടെത്തിയ പേരുകളായിരിക്കണം ഇതെല്ലാം, അതോ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളില്‍ നിന്ന് ലഭിച്ച അറിവോ ?

'' ഇപ്പോഴുള്ള കാറോ ''.
'' അത് കൊടുത്ത് കിട്ടുന്ന കാശ് വാങ്ങിക്കോളാന്‍ പറഞ്ഞു ''.

അനിരുദ്ധന്‍ ഒന്നും പറഞ്ഞില്ല. എത്രയേറെ മോഹിച്ചാണ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി 800 വാങ്ങിയത്. അമ്മയിയച്ഛന്‍റെ സ്റ്റാറ്റസ്സിന്ന് അത് പോരാ. അയാളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കാനല്ലേ പറ്റു. ചോദിക്കാതെതന്നെ ഓരോന്ന് കെട്ടിയേല്‍പ്പിച്ച് ഉള്ള കടപ്പാട് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എതിര്‍ത്ത് ഒരു വാക്ക് പറയാന്‍ കഴിയാത്ത ജന്മം. അയാള്‍ക്ക് തന്നോടു തന്നെ പുച്ഛം തോന്നി.
=================

ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് കൂട്ടുകാര്‍ കോട്ടയുടെ മുമ്പില്‍ ഒത്തു കൂടുന്നത്. മഴയുടെ ലക്ഷണം പോലും കാണാനില്ല.
'' ഞാന്‍ നിങ്ങളെയൊക്കെ വിളിച്ചു വരുത്തിയത് എന്തിനാണെന്ന് അറിയ്യോ '' പ്രദീപ് ചോദിച്ചു. ആര്‍ക്കും അത് അറിയില്ല.

'' ഞാന്‍ തന്നെ പറയാം. രണ്ട് സ്ഥലങ്ങള്‍ കച്ചവടം ആക്കി കൊടുത്ത വകയില്‍ എനിക്ക് കിട്ടി ''.
'' പത്തോ പതിനായിരോ കിട്ട്യോടാ '' റഷീദ് ചോദിച്ചു.

'' കേട്ടാല്‍ നീയൊക്കെ ഞെട്ടും. ഉറുപ്പിക ഒരു ലക്ഷത്തി ഇരുപത്തയ്യായിരമാണ് എന്‍റെ കയ്യില്‍ വന്നത് ''. '' വെറുതെ പുളുകാതെ. ഒന്നേകാല്‍ ലക്ഷം ഉറുപ്പിക കിട്ട്യേത്രേ. നീ സ്വപ്നം കണ്ടിട്ടുണ്ടാവും ''.

'' എന്‍റെ അമ്മയുടെ നിറുകാണേ സത്യം. കിട്ടിയത് ശരിയാണ് ''.

'' കൊള്ളാലോടാ '' സുമേഷ് പറഞ്ഞു '' ഞങ്ങളൊക്കെ നിന്‍റെ അസിസ്റ്റന്‍റുമാരായിട്ട് വരട്ടെ ''.

'' എന്നിട്ടു വേണം എനിക്ക് കിട്ടുന്നതും കൂടി മുടങ്ങാന്‍ ''.
'' ഇഷ്ടംപോലെ കാശ് കയ്യില്‍ ആയില്ലേ. നീ പുതിയ ബൈക്ക് എടുക്കുന്നുണ്ടോടാ '' ശെല്‍വന്‍ പണം ചിലവാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തി.
'' അത് വേണ്ടാന്ന് വെച്ചു ''.

'' എന്നിട്ട് നീ ആ പണം എന്തു ചെയ്തു ''.

'' ഒരു പൈസ എടുക്കാതെ അങ്ങിനെ തന്നെ അമ്മടെ കയ്യില്‍ കൊടുത്തു. ഇത്ര കാലം എന്നെ തീറ്റി പോറ്റി വളര്‍ത്തിയതല്ലേ ''.

'' അത് എന്തായാലും നന്നായി '' അനൂപ് പറഞ്ഞു '' സത്യം പറഞ്ഞാല്‍ ഇപ്പൊ എനിക്ക് നിന്നോട് മുമ്പത്തേക്കാളും ഇഷ്ടം തോന്നുന്നു ''.

'' ഒരു ലക്ഷം ഉറുപ്പിക അമ്മടെ പേരില്‍ ഒരു കൊല്ലത്തേക്ക് എഫ്. ഡി ഇട്ടു. ഇരുപതിനായിരം എസ്. ബി. യിലും. അഞ്ചുറുപ്പിക കയ്യില്‍ കൊടുത്തതില്‍ നിന്ന് എന്തെങ്കിലും ചിലവിന് വെച്ചോ എന്നും പറഞ്ഞ് എന്‍റേല് ആയിരം മടക്കി തന്നു ''.

'' അപ്പൊ ഞങ്ങള്‍ക്ക് ചിലവൊന്നും ഇല്ലേടാ '' റഷീദ് ചോദിച്ചു.
'' പിന്നെന്താ. ഇന്ന് ലഞ്ച് എന്‍റെ വക ''.

'' എന്നാല്‍ ഇനി വൈകിക്കണ്ടാ ''. സംഘം ഹോട്ടലിലേക്ക് നീങ്ങി.

Friday, March 16, 2012

നോവല്‍ - അദ്ധ്യായം - 37.

സാവിത്രിയും ഇന്ദിരയും കയറിയ ടാക്സി ആസ്പത്രി ഗെയിറ്റ് കടന്നു പോകുന്നതും നോക്കി അനൂപ് നിന്നു. പത്തര മണിക്ക് ഡോക്ടര്‍ വന്ന് നോക്കിയതു മുതല്‍ ഓരോരുത്തരുടെ പുറകെ നടന്നിട്ടാണ് ഇപ്പോഴെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്ത് പോവാന്‍ പറ്റിയത്. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. അവരുടെ കാറിനോടൊപ്പം പോവാമായിരുന്നു. '' നീ പണി കളഞ്ഞ് ഇപ്പൊ വര്വോന്നും വേണ്ടാ '' എന്ന് അമ്മ പറഞ്ഞതുകൊണ്ട് പോവാതിരുന്നതാണ്.

സ്കൂട്ടറിനടുത്തേക്ക് ചെല്ലുമ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയായി. ഒരാഴ്ചയായി ടൌണില്‍ തന്നെ പണി ചെയ്യാന്‍ തുടങ്ങിയിട്ട്. അമ്മ പറഞ്ഞതിനാല്‍ എക്സ് സ്റ്റേഷന്‍ വര്‍ക്കിന്ന് പോയിരുന്നില്ല. ടൌണിലെ മിക്ക ഡോക്ടര്‍മാരേയും ഒന്നും രണ്ടും തവണ കണ്ടു കഴിഞ്ഞു. ഇനി കാണാന്‍ ചെല്ലുന്നത് മോശമാണ്. അല്ലെങ്കില്‍ തന്നെ കമ്പിനി മാറാനിരിക്കുകയാണ്. ഓടി നടന്ന് പണിയെടുത്തിട്ടൊന്നും കാര്യമില്ല.

'' ഉണ്ണുന്ന ചോറിന്ന് നന്ദി വേണം. പിരിയുന്നതു വരെ മര്യാദയ്ക്ക് പണിയെടുത്തോ '' എന്ന് അമ്മ പറയുന്നതുകൊണ്ട് ചെയ്യുകയാണ്. ഇല്ലെങ്കില്‍ റിസൈന്‍ ചെയ്യുന്നതു വരെ ഉഴപ്പി നടന്നേനെ.

കര്‍ക്കിടക മാസം തുടങ്ങും മുമ്പ് ഒരു സ്ഥലത്തിന്‍റെ കച്ചവടം ശരിപ്പെടുത്താനുണ്ട് എന്നും പറഞ്ഞ് രണ്ടു ദിവസമായി പ്രദീപ് വരാറില്ല. അവനില്ലാത്തതിനാല്‍ മറ്റു കൂട്ടുകാരും എത്താതായി. അതിനാല്‍ വര്‍ത്തമാനം പറഞ്ഞിരുന്ന് സമയം കളയാനും കഴിയില്ല. എന്തെങ്കിലും ആഹാരം കഴിച്ചതിന്നുശേഷം എന്തു വേണമെന്ന് തീരുമാനിക്കാം. സ്കൂട്ടര്‍ ഹോട്ടലിലേക്ക് വിട്ടു.

ആസ്പത്രിയില്‍ നിന്ന് അകലെയല്ലാതെ പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ ഹോട്ടലുണ്ട്. സസ്യ ഭക്ഷണം മാത്രമേ അവിടെയുള്ളു. അതിനാല്‍ മിക്കപ്പോഴും അവിടേക്കാണ് ചെല്ലാറ്. കൈ കഴുകി ഉണ്ണാനിരുന്നു. എതിര്‍ വശത്തെ ബെഞ്ചില്‍ ഇരിക്കുന്ന ആള്‍ക്ക് ഒരു സ്ത്രി ഭക്ഷണം വാരി കൊടുക്കുക്കുകയാണ്. ആ കാഴ്ച അനൂപിന്‍റെ ഉള്ളില്‍ വല്ലാത്തൊരു വിഷമം സൃഷ്ടിച്ചു.

അവനവന്‍റെ കാര്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ജീവിതം അസഹ്യം തന്നെ. ലോകത്തില്‍ ആര്‍ക്കും അങ്ങിനത്തെ വിഷമം വന്നുകൂടാ. അച്ഛനും കുറെ കാലം ഈ വിധം കഷ്ടപ്പാട് സഹിച്ചതാണ്. ഒരു കൊല്ലത്തോളം അമ്മയാണ് അച്ഛന്ന് ആഹാരം വാരി കൊടുത്തിരുന്നത്. ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോള്‍ സ്വന്തം കാര്യം കുറച്ചൊക്കെ ചെയ്യാറായി. മാപ്ല വൈദ്യരുടെ മരുന്നിന്‍റെ ഗുണമാണ് അത്.

പെട്ടെന്ന് അനൂപിന്‍റെ മനസ്സില്‍ അമ്മിണിയമ്മയുടെ രൂപം എത്തി. ഒരു പ്രാവശ്യം മാത്രമേ അവരെ കണ്ടിട്ടുള്ളു. പക്ഷെ എന്തുകൊണ്ടോ അവരോട് ഒരു മമത തോന്നുന്നു. ആ ആന്‍റിയും അങ്കിളും എത്ര നല്ല ആള്‍ക്കാരാണ്. ഓട്ടോറിക്ഷ തട്ടി വീണ സുഹൃത്തിന്‍റെ വിവരം അറിയിക്കാന്‍ ചെന്നതാണ്. ഒപ്പം രമ ഉണ്ടായിരുന്നു. കൂട്ടുകാരന്‍റെ അപകട വാര്‍ത്ത കേട്ട് അദ്ദേഹം പരിഭ്രമിച്ചു.

'' അധികം വല്ലതും ഉണ്ടോ '' പതറിയ സ്വരമാണ് കേട്ടത്.

'' നെറ്റിയില്‍ ഒരു മുറിവുണ്ട്. കയ്യിലെ തൊലി പോയി ചോര വന്നിട്ടുണ്ട് ''.

'' എനിക്ക് കാണണംന്നുണ്ട് ''.

'' വന്നോളു. ഞങ്ങളും ആസ്പത്രിയിലേക്കാണ് ''.

'' വരായിരുന്നു. എന്‍റെ ഭാര്യ അനങ്ങാന്‍ വയ്യാതെ കിടപ്പിലാണ് '' അദ്ദേഹം പറഞ്ഞു '' ഇവിടെ എപ്പഴും എന്‍റെ കൂട്ടുകാര്‍ ആരെങ്കിലും ഉണ്ടാവും. ഇന്ന് അവളുടെ പിറന്നാളാണ്. കിടപ്പിലായതിനാല്‍ ഒന്നും വേണ്ടാന്ന് പറഞ്ഞതോണ്ട് അവരോടൊക്കെ വൈകുന്നേരം വന്നാല്‍ മതീന്ന് പറഞ്ഞു. അതാ ആരും ഇല്ലാത്തത് ''.

'' എന്നാല്‍ ഞങ്ങള് പൊയ്ക്കോട്ടെ ''.

'' കുറച്ചു നേരം ഈ കുട്ടിയെ ഇവിടെ നിര്‍ത്ത്വോ. ഞാന്‍ ആസ്പത്രീല്‍ ചെന്ന് ഒന്നു നോക്കി ഉടനെ മടങ്ങി വരാം ''.

അങ്ങിനെ രമയെ അവര്‍ക്ക് തുണയ്ക്ക് നിര്‍ത്തി. അതിന് അമ്മ ദേഷ്യപ്പെട്ടതിന്ന് കണക്കില്ല. '' എടാ വങ്കാ ശിരോമണി. ഒന്നിനോളം പോന്ന പെണ്‍കുട്ടിയെ കണ്ട വീട്ടില്‍ നിര്‍ത്തി പോരാന്‍ നിനക്കെന്താ പ്രാന്തുണ്ടോ '' എന്ന് ചോദിച്ചത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. മേമ ഇടപെട്ടതോണ്ട് മാത്രമാണ് അമ്മ ശകാരം നിര്‍ത്തിയത്.

രമയെ തിരിച്ചു കൂട്ടീട്ട് വരാന്‍ പോയപ്പോള്‍ അങ്കിള്‍ അകത്തേക്ക് ക്ഷണിച്ചു. കട്ടിലിന്‍റെ തല ഭാഗത്ത് തലയണ നിവര്‍ത്തി വെച്ച് അമ്മൂമ അതില്‍ ചാരിയിരിക്കുകയാണ്. രമയുടെ കയ്യില്‍ അവര്‍ മുറുകെ പിടിച്ചിട്ടുണ്ട്.

'' പാട്ടുകാരനാണല്ലേ. പെങ്ങള് പറഞ്ഞു. ഒരു ദിവസം വന്ന് ഈ അമ്മമ്മയ്ക്ക് കുറെ പാട്ട് കേള്‍പ്പിച്ചു തരണം '' സ്നേഹം തുളുമ്പുന്ന വാക്കുകളായിരുന്നു അവ. അന്ന് വരാമെന്ന് പറഞ്ഞ് പോന്നതാണ്.പക്ഷെ കഴിഞ്ഞില്ല. അവരുടെ അസുഖം മാറിയാല്‍ എത്ര നന്നായിരുന്നു. അവരെ മാപ്ല വൈദ്യര്‍ക്ക് കാണിച്ചാലോ ? ചിലപ്പോള്‍ സുഖക്കേട് മാറി കൂടായ്കയില്ല. ഏതായാലും ഊണ് കഴിഞ്ഞ ശേഷം അവരെ ചെന്നു കണ്ട് വിവരം പറയണം.

സ്കൂട്ടര്‍ മുറ്റത്തു നിര്‍ത്തി ചെല്ലുമ്പോള്‍ ഉമ്മറത്ത് നിറയെ ചെരുപ്പുകളാണ്. എന്താണ് ഇത്ര തോനെ ആളുകള്‍ വരാന്‍ കാരണം. ഈശ്വരാ, അവര്‍ക്ക് എന്തെങ്കിലും പറ്റിയോ ? ശബ്ദം കേട്ട് വാതില്‍ക്കല്‍ വന്നത് അങ്കിള്‍ തന്നെയാണ്.

'' വാടോ '' അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു '' മോന്‍ പിന്നെ വന്നതേ ഇല്ലാ എന്ന് അമ്മിണിയ്ക്ക് ഒരേ ആവലാതി. ഇനി അത് പറയില്ലല്ലോ ''.

'' തിരക്കായിരുന്നു. അതാ വരാഞ്ഞത് ''.

'' അത് അവള്‍ക്ക് അറിയണ്ടേ ''.

'' ആരാ ഈ കുട്ടി '' പൂമുഖത്തെ സദസ്സിലുള്ള ഒരാള്‍ ചോദിക്കുന്നത് കേട്ടു .

'' സുകുമാരനെ ഓട്ടോ ഇടിച്ച വിവരം പറയാന്‍ വന്ന കുട്ടിയാണ്. ഇയാളും കൂട്ടുകാരും കൂടിയാണ് അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്തത് ''.

'' ഈ കാലത്തും ഇമ്മാതിരി കുട്ടികളുണ്ടോ ''.

'' എല്ലാ കാലത്തും നല്ലതും ചീത്തയും ഉണ്ടാവും. ഏറ്റക്കുറച്ചില്‍ ഉണ്ടാവും. അത്രേ ഉള്ളു ''.

'' ആ അങ്കിളിന്ന് എങ്ങിനെയുണ്ട് '' അനൂപ് അന്വേഷിച്ചു.

'' കുഴപ്പോന്നൂല്യാ. അകത്ത് കിടന്ന് ഉറങ്ങുന്നുണ്ട് ''.

'' എനിക്ക് അമ്മമ്മയെ ഒന്ന് കാണണം '' അനൂപ് പറഞ്ഞു.

'' അതിനെന്താ വരൂ '' ഗോപാലകൃഷ്ണന്‍ നായര്‍ അവനേയും കൂട്ടി മുറിയിലേക്ക് ചെന്നു.

'' അമ്മിണി, താന്‍ അന്വേഷിച്ച ആള് വന്നിട്ടുണ്ട് '' അയാള്‍ പറഞ്ഞു. അമ്മിണിയമ്മ കണ്ണു തുറന്ന് നോക്കി. അനൂപ് കൈ കുപ്പി. ഗോപാലകൃഷ്ണന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് മടങ്ങി.

'' മോന്‍ അമ്മമ്മടെ അടുത്ത് ഇരിയ്ക്ക് '' അവര്‍ ക്ഷണിച്ചു '' രണ്ട് ദിവസം കാണാഞ്ഞപ്പോള്‍ ഇനി വരില്ലാന്ന് കരുതി ''.

'' അമ്മ ആസ്പത്രീലായിരുന്നു. അച്ഛന് സുഖമില്ലാത്തതോണ്ട് ഞാന്‍ ഉച്ചയ്ക്ക് പെങ്ങളുടെ കൂടെ വീട്ടിലേക്ക് പോവും. അതാ വരാന്‍ പറ്റാഞ്ഞത് ''. അവന്‍ കട്ടിലില്‍ ഒരു ഓരത്ത് ഇരുന്നു.

'' എന്താ അച്ഛന്. പെങ്ങള് ഒന്നും പറഞ്ഞില്ലല്ലോ ''.

രാമകൃഷ്ണന്‍റെ അസുഖത്തെക്കുറിച്ചും മാപ്ല വൈദ്യരുടെ ചികിത്സയില്‍ ഭേദം കണ്ടതിനെക്കുറിച്ചും അവന്‍ വിസ്തരിച്ച് പറഞ്ഞു.

'' അമ്മമ്മയ്ക്ക് ആ വൈദ്യരെക്കൊണ്ട് ചികിത്സിപ്പിച്ചാലോ '' അവന്‍ അന്വേഷിച്ചു.

'' ഭേദം കിട്ടുംച്ചാല്‍ പരീക്ഷിക്കാലോ ''.

'' എന്നാല്‍ ഞാന്‍ സൌകര്യംപോലെ ഒരു ദിവസം കൂട്ടീട്ട് വരാം ''.

'' എന്‍റെ മോന്‍ നന്നായി വരും '' അവര്‍ അവന്‍റെ കരം കവര്‍ന്നു '' ഇനി കുട്ടന്‍ ഒരു പാട്ട് പാട്. അമ്മമ്മ കേള്‍ക്കട്ടെ ''.

'' ഏത് പാട്ടാ വേണ്ടത് ''.

'' ആദ്യം ഒരു കീര്‍ത്തനം. കൃഷ്ണന്‍റെ ആയിക്കോട്ടേ ''.

'' മരതക മണിമയ ചേലാ '' അനൂപ് സ്വയം മറന്ന് പാടി. പാട്ട് കഴിയുമ്പോള്‍ മുറി ആളുകളെക്കൊണ്ട് നിറഞ്ഞു.

'' സന്തോഷം ആയീട്ടോ '' അമ്മിണിയമ്മ ചിരിച്ചു '' ഇനി ഒരു പഴയ ഹിന്ദി പാട്ട് ആവട്ടെ. അങ്കിളിന്ന് അതാ ഇഷ്ടം ''.

'' ചൌദ് വിന്‍ കാ ചാന്ദ് ഹോ '' അനൂപ് പാടി തുടങ്ങി. മുഹമ്മദ് റാഫിയുടെ സ്വര മാധുര്യം അവിടെ നിറഞ്ഞൊഴുകി. മറ്റുള്ളവര്‍ അതില്‍ ലയിച്ചു നിന്നു. പാട്ട് കഴിഞ്ഞിട്ടും ശ്രോതാക്കള്‍ അതിന്‍റെ നിര്‍വൃതിയാലായിരുന്നു.

'' ഇത്രയൊക്കെ കഴിവുണ്ടായിട്ട് അതെന്താ ഉപയോഗിക്കാത്തത് '' ഗോപാലകൃഷ്ണന്‍ അത്ഭുതം പ്രകടിപ്പിച്ചു '' മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ആയി അലയേണ്ട ആളല്ല താന്‍ ''.

'' അമ്മയ്ക്ക് ഞാന്‍ പാട്ടുകാരനാവുണത് ഇഷ്ടൂല്യാ '' അനൂപ് പറഞ്ഞു '' പാട്ടും കൊണ്ട് നടന്നാല്‍ കഞ്ഞികുടി ഉണ്ടാവില്ല എന്നാ അമ്മ പറയാറ് ''.

'' അങ്ങിനെ കരുതണ്ടാ. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ഞങ്ങളൊന്ന് നോക്കാട്ടെ ''.

'' ഈ കുട്ടി ഒരു വൈദ്യരുടെ കാര്യം പറഞ്ഞു '' അമ്മിണിയമ്മ ഭര്‍ത്താവിനോട് പറഞ്ഞു '' അവന്‍റെ അച്ഛന്ന് എന്‍റെ അതേ സൂക്കട് ആയിരുന്നുത്രേ. ആ വൈദ്യര് ചികിത്സിച്ചിട്ട് മാറീന്ന് പറഞ്ഞു ''.

'' അങ്ങിനെയാണെങ്കില്‍ നമുക്കും നോക്കാലോ ''.

അനൂപ് അച്ഛന്‍റെ അസുഖത്തെക്കുറിച്ചും മാപ്ല വൈദ്യരുടെ ചികിത്സയെക്കുറിച്ചും വിവരിച്ചു.

'' വൈദ്യരോട് അമ്മിണിടെ വിവരം പറയൂ. അദ്ദേഹത്തിന് വരാന്‍ വയ്യെങ്കില്‍ നമുക്ക് അങ്ങോട്ട് പോവാം '' ഗോപാലകൃഷ്ണന്‍ അവനെ ചുമതലപ്പെടുത്തി.

'' ഞാന്‍ അന്വേഷിച്ച് വിവരം പറയാം '' അവന്‍ പോവാനൊരുങ്ങി.

'' ചായ കുടിച്ചിട്ട് പോയാല്‍ മതി '' അമ്മിണിയമ്മയ്ക്ക് അവനെ സല്‍ക്കരിക്കാതെ വയ്യ.

'' വേണ്ടാ അമ്മമ്മേ. ഇപ്പൊ ഊണ്ണ് കഴിച്ചതേയുള്ളു. ഇനി ഒരു ദിവസം ആവാം ''.

'' ഏത് കമ്പിനീലാ ജോലി ചെയ്യുന്നത് '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

അനൂപ് നിലവില്‍ ജോലി ചെയ്യുന്ന കമ്പിനിയുടെ പേര് പറഞ്ഞു.

'' ഞാന്‍ കമ്പിനി മാറാന്‍ പോവ്വാണ്. വേറൊന്ന് ശരിയായിട്ടുണ്ട്. കുറച്ചു കൂടി ശമ്പളം കിട്ടും. പത്ത് ദിവസം കഴിഞ്ഞാല്‍ രണ്ടാഴ്ചത്തെ ട്രെയിനിങ്ങിന്ന് പോണം ''.

'' എവിടെ വെച്ചാ ട്രെയിനിങ്ങ് ''.

'' ലോണാവാലയില്‍. പൂനടെ അടുത്താണ് ''.

പൂമുഖത്ത് കെ. എസ്. മേനോന്‍ അവനെ കാത്ത് ഇരിപ്പാണ്. നെറ്റിയില്‍ മരുന്നു വെച്ച് കെട്ടിയിട്ടുണ്ട്. അനൂപ് അയാളുടെ അടുത്തേക്ക് ചെന്നു.

'' അങ്കിള്‍ ഇപ്പോള്‍ എങ്ങിനെയുണ്ട് '' അവന്‍ ചോദിച്ചു.

'' സാരൂല്യാ. ഇത്തിരീശ്ശെ പനി തോന്നുന്നുണ്ട് '' ഒന്ന് നിര്‍ത്തിയ ശേഷം അയാള് തുടര്‍ന്നു '' പാട്ട് കേട്ടു. നന്നായിട്ടുണ്ട് ''.

സ്കൂട്ടര്‍ സ്റ്റാര്‍ട്ടാവുന്ന ശബ്ദം കേട്ടു.

'' നല്ല പയ്യന്‍ അല്ലേ അമ്മിണി. ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടിയാണെന്ന് തോന്നുന്നു ''.

'' അതിനെന്താ സംശയം. ആ പെണ്‍കുട്ടിയെ കണ്ടപ്പോഴേ എനിക്ക് തോന്നി '' അമ്മിണിയമ്മ ശരി വെച്ചു '' കാതിലെ ചെറിയ കമ്മലല്ലാതെ ഒരു പൊട്ട് പൊന്ന് ആ കുട്ടിടെ മേത്ത് കണ്ടില്ല ''.

'' എപ്പോഴും ഒരുപോലെ ഇരിക്കില്ലല്ലോ. വലിയവന്‍ ചെറുതാവാനും ചെറിയവന്‍ വലുതാവാനും അധിക സമയോന്നും വേണ്ടല്ലോ '' ഗോപാലകൃഷ്ണന്‍ തത്വം പറഞ്ഞു '' ഏതെങ്കിലും കാലത്ത് അവനും നന്നാവും ''.

'' നമ്മുടെ മൂത്ത മകള് ഉണ്ടെങ്കില്‍ ഇതുപോലെ ഒരു പേരക്കുട്ടി ഉണ്ടാവേണ്ടതാണ് '' അമ്മിണിയമ്മ മുഖം തുടച്ചു.

'' കഴിഞ്ഞത് ആലോചിച്ചിട്ട് എന്താ കാര്യം. യോഗൂല്യാ. അല്ലെങ്കില്‍ രണ്ടാമത്തെ കുട്ടി ജനിക്കാന്‍ എട്ടു കൊല്ലം കാത്തിരിക്കേണ്ടി വര്വോ ''.

'' എനിക്ക് അവനെ കാണുമ്പൊ എന്തോ ഒരു സ്നേഹം ''.

അമ്മിണിയമ്മ ദീര്‍ഘ നിശ്വാസം ചെയ്തു. അവരുടെ മനസ്സില്‍ വാത്സല്യത്തിന്‍റെ പെരുവെള്ളം ഉയരാന്‍ തുടങ്ങി.