Sunday, March 25, 2012

നോവല്‍ - അദ്ധ്യായം - 38.

പതിവിലും നേരത്തെ അനിരുദ്ധന്‍ വീട്ടില്‍ തിരിച്ചെത്തി. സമയം നാലു മണി ആവുന്നതേയുള്ളു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന മെഡിക്കല്‍ റെപ്പ് ഏതോ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് '' സാര്‍, നേരത്തെ പൊയ്ക്കോട്ടെ '' എന്ന് ചോദിച്ചിരുന്നു. സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. എന്തായാലും അവന്‍ പോവും, നീരസം ബാക്കി നില്‍ക്കുകയും ചെയ്യും. അതിലും ഭേദം സമ്മതം നല്‍കുന്നതാണ്. നാളെ നേരത്തെ എത്ത് എന്നും പറഞ്ഞ് അവനെ അയച്ചതാണ്. '' അച്ഛന്‍ വന്നിട്ടുണ്ടായിരുന്നു '' രാധികയുടെ മുഖത്ത് സന്തോഷം '' ഇത്ര നേരത്തെ അനിയേട്ടന്‍ വരുംന്ന് അറിഞ്ഞാല്‍ കണ്ടിട്ടേ പോവ്വായിരുന്നുള്ളു. അച്ഛന്‍ ഇപ്പങ്ങിട്ട് ഇറങ്ങിയതേയുള്ളു ''.
അനിരുദ്ധന്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. അല്ലെങ്കിലും അച്ഛന്‍ എത്തുന്നത് മകളെ കാണാന്‍ വേണ്ടി മാത്രം. മരുമകന്‍ വെറുമൊരു അപ്രധാന കഥാപാത്രം. അയാള്‍ ഡ്രസ്സ് മാറാന്‍ ചെന്നു.
'' എന്തിനാ അച്ഛന്‍ വന്നത് എന്നറിയ്യോ '' ചായയുമായി രാധിക അരികിലെത്തി. വൈകീട്ട് ചായ ഉണ്ടാക്കുമ്പോള്‍ ഫ്ലാസ്ക്കില്‍ കുറച്ച്എടുത്തു വെക്കും. എപ്പോള്‍ വീട്ടിലെത്തിയാലും രാധിക അത് കപ്പില്‍ പകര്‍ന്നു തരും, ഒരു വഴിപാട് പോലെ.
'' ങും '' ചോദ്യം ഒരു മൂളലില്‍ ഒതുങ്ങി.

'' അടുത്തത് ഏതാ മാസം എന്ന് അറിയ്യോ ''.
'' ആഗസ്റ്റ് ''.

'' ആഗസ്റ്റെങ്കില്‍ ആഗസ്റ്റ്. മലയാള മാസം അറിയില്ലല്ലോ. ആഗസ്റ്റ്ആറാം തിയ്യതി കുട്ടിടെ ഒന്നാം പിറന്നാളാണ് ''.
'' അതെനിക്ക് ഓര്‍മ്മയുണ്ട്. കര്‍ക്കിടക മാസം ആയതോണ്ട് അമ്മയേയും കൂട്ടി അന്നേ ദിവസം തൃപ്രയാറില്‍ ചെന്ന് ശ്രീരാമനെ തൊഴാന്‍ പ്ലാനിട്ടിട്ടുണ്ട് ''.
'' അത് നടക്കില്ലട്ടോ ''.
'' എന്താ കാരണം ''.

'' കുട്ടിടെ പിറന്നാള്‍ ദിവസം വീട്ടില് വെച്ച് അയ്യപ്പന്‍ പാട്ട് നടത്താന്‍ അച്ഛന്‍ നിശ്ചയിച്ചിട്ടുണ്ട് ''.
'' അതൊന്നും പറ്റില്ല. അല്ലെങ്കിലും കര്‍ക്കിടക മാസത്തില്‍ അയ്യപ്പന്‍ പാട്ട് നടത്താറുണ്ടോ ''.
'' ഇനി പറഞ്ഞിട്ട് കാര്യൂല്യാ. അച്ഛന്‍ ഒക്കെ ഏര്‍പ്പാടാക്കി കഴിഞ്ഞു ''.
'' എന്നോട് ഒരു വാക്ക് ചോദിക്കണ്ടേ ''.

'' എന്തിന്. ദോഷം വരുന്ന ഒന്നും അല്ലല്ലോ അച്ഛന്‍ ചെയ്യുന്നത്. വെറുതെ തര്‍ക്കിക്കാന്‍ നിന്ന് അച്ഛനെ പിണക്കണ്ടാ ''.
അതോടെ അനിരുദ്ധന്‍റെ വായ അടഞ്ഞു. അറിഞ്ഞുകൊണ്ട് ഒരു കാവല്‍ നായയുടെ സ്ഥാനം സ്വീകരിച്ചതാണ്. ഇനി ഈ തുടല് പൊട്ടിച്ച് ഒരിക്കലും പുറത്ത് പോവാന്‍ കഴിയില്ല.
'' പിന്നെ അച്ഛന്‍ നമുക്ക് പുതിയൊരു കാറ് വാങ്ങി തരുന്നുണ്ട്. ഹോണ്ടാ സിറ്റിയോ, ഫോര്‍ഡ് ഫിയസ്റ്റയോ, ഹുണ്ടായ് വെര്‍ണയോ, അതല്ല ഹാച്ച് ബാക്ക് ടൈപ്പ് തന്നെ വേണം എന്നുണ്ടെങ്കില്‍ വോക്സ് വാഗന്‍റെ പോളോയോ ഏതാണ് അനിയേട്ടന് ഇഷ്ടം എന്ന് പറഞ്ഞാല്‍ മതി ''.

നെറ്റില്‍ നിന്ന് രാധികതന്നെ കണ്ടെത്തിയ പേരുകളായിരിക്കണം ഇതെല്ലാം, അതോ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികളില്‍ നിന്ന് ലഭിച്ച അറിവോ ?

'' ഇപ്പോഴുള്ള കാറോ ''.
'' അത് കൊടുത്ത് കിട്ടുന്ന കാശ് വാങ്ങിക്കോളാന്‍ പറഞ്ഞു ''.

അനിരുദ്ധന്‍ ഒന്നും പറഞ്ഞില്ല. എത്രയേറെ മോഹിച്ചാണ് ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി 800 വാങ്ങിയത്. അമ്മയിയച്ഛന്‍റെ സ്റ്റാറ്റസ്സിന്ന് അത് പോരാ. അയാളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കാനല്ലേ പറ്റു. ചോദിക്കാതെതന്നെ ഓരോന്ന് കെട്ടിയേല്‍പ്പിച്ച് ഉള്ള കടപ്പാട് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. എതിര്‍ത്ത് ഒരു വാക്ക് പറയാന്‍ കഴിയാത്ത ജന്മം. അയാള്‍ക്ക് തന്നോടു തന്നെ പുച്ഛം തോന്നി.
=================

ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷമാണ് കൂട്ടുകാര്‍ കോട്ടയുടെ മുമ്പില്‍ ഒത്തു കൂടുന്നത്. മഴയുടെ ലക്ഷണം പോലും കാണാനില്ല.
'' ഞാന്‍ നിങ്ങളെയൊക്കെ വിളിച്ചു വരുത്തിയത് എന്തിനാണെന്ന് അറിയ്യോ '' പ്രദീപ് ചോദിച്ചു. ആര്‍ക്കും അത് അറിയില്ല.

'' ഞാന്‍ തന്നെ പറയാം. രണ്ട് സ്ഥലങ്ങള്‍ കച്ചവടം ആക്കി കൊടുത്ത വകയില്‍ എനിക്ക് കിട്ടി ''.
'' പത്തോ പതിനായിരോ കിട്ട്യോടാ '' റഷീദ് ചോദിച്ചു.

'' കേട്ടാല്‍ നീയൊക്കെ ഞെട്ടും. ഉറുപ്പിക ഒരു ലക്ഷത്തി ഇരുപത്തയ്യായിരമാണ് എന്‍റെ കയ്യില്‍ വന്നത് ''. '' വെറുതെ പുളുകാതെ. ഒന്നേകാല്‍ ലക്ഷം ഉറുപ്പിക കിട്ട്യേത്രേ. നീ സ്വപ്നം കണ്ടിട്ടുണ്ടാവും ''.

'' എന്‍റെ അമ്മയുടെ നിറുകാണേ സത്യം. കിട്ടിയത് ശരിയാണ് ''.

'' കൊള്ളാലോടാ '' സുമേഷ് പറഞ്ഞു '' ഞങ്ങളൊക്കെ നിന്‍റെ അസിസ്റ്റന്‍റുമാരായിട്ട് വരട്ടെ ''.

'' എന്നിട്ടു വേണം എനിക്ക് കിട്ടുന്നതും കൂടി മുടങ്ങാന്‍ ''.
'' ഇഷ്ടംപോലെ കാശ് കയ്യില്‍ ആയില്ലേ. നീ പുതിയ ബൈക്ക് എടുക്കുന്നുണ്ടോടാ '' ശെല്‍വന്‍ പണം ചിലവാക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തി.
'' അത് വേണ്ടാന്ന് വെച്ചു ''.

'' എന്നിട്ട് നീ ആ പണം എന്തു ചെയ്തു ''.

'' ഒരു പൈസ എടുക്കാതെ അങ്ങിനെ തന്നെ അമ്മടെ കയ്യില്‍ കൊടുത്തു. ഇത്ര കാലം എന്നെ തീറ്റി പോറ്റി വളര്‍ത്തിയതല്ലേ ''.

'' അത് എന്തായാലും നന്നായി '' അനൂപ് പറഞ്ഞു '' സത്യം പറഞ്ഞാല്‍ ഇപ്പൊ എനിക്ക് നിന്നോട് മുമ്പത്തേക്കാളും ഇഷ്ടം തോന്നുന്നു ''.

'' ഒരു ലക്ഷം ഉറുപ്പിക അമ്മടെ പേരില്‍ ഒരു കൊല്ലത്തേക്ക് എഫ്. ഡി ഇട്ടു. ഇരുപതിനായിരം എസ്. ബി. യിലും. അഞ്ചുറുപ്പിക കയ്യില്‍ കൊടുത്തതില്‍ നിന്ന് എന്തെങ്കിലും ചിലവിന് വെച്ചോ എന്നും പറഞ്ഞ് എന്‍റേല് ആയിരം മടക്കി തന്നു ''.

'' അപ്പൊ ഞങ്ങള്‍ക്ക് ചിലവൊന്നും ഇല്ലേടാ '' റഷീദ് ചോദിച്ചു.
'' പിന്നെന്താ. ഇന്ന് ലഞ്ച് എന്‍റെ വക ''.

'' എന്നാല്‍ ഇനി വൈകിക്കണ്ടാ ''. സംഘം ഹോട്ടലിലേക്ക് നീങ്ങി.

5 comments:

  1. വായിക്കുന്നുണ്ട്ട്ടോ.

    ReplyDelete
  2. വായന തുടരുന്നു. ഇടവേളകൾ ദീർഘമാകുന്നത് എഴുത്തിൽ താല്പര്യം കുറഞ്ഞതു കൊണ്ടോ, അതോ തിരക്കു കൊണ്ടാണോ.

    ReplyDelete
  3. എന്തൊരു നല്ല അമ്മായിയച്ഛൻ...!!
    ഇങ്ങനെ വേണം അമ്മായിയഛന്മാർ...!!
    ആശംസകൾ...

    ReplyDelete
  4. Typist / എഴുത്തുകാരി,
    നോവല്‍ ഇഷ്ടമായെന്ന് കരുതുന്നു.

    രാജഗോപാല്‍,
    വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ എഴുത്തിനെ ബാധിച്ചിരുന്നു. ഇനി മുടങ്ങാതെ എഴുതാന്‍ ശ്രമിക്കാം.

    വി. കെ ,
    മകളോടുള്ള വാത്സല്യം കാരണമാണ് അയാള്‍ ഇതെല്ലാം ചെയ്യുന്നത്. ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  5. മകളോടുള്ള സ്നേഹം കാരണം ആണെങ്കിലും മരുമകന്‍റെ സമ്മതം കൂടി വാങ്ങിയെ നല്ല അമ്മായി അച്ചന്മാര്‍ എന്തും ചെയ്യാവു. ഇത് പണത്തിന്‍റെ ഹുങ്ക് കാട്ടല്‍ ആണ്.

    ReplyDelete