Saturday, April 21, 2012

നോവല്‍ - അദ്ധ്യായം - 41.

'' രാമേട്ടാ, ആരാ വന്നിരിക്കുന്ന് എന്ന് നോക്കൂ '' ഇന്ദിര ഉറക്കെ വിളിച്ചു.


'' വേണ്ടാ, വെറുതെ ബുദ്ധിമുട്ടിക്കണ്ടാ. അദ്ദേഹം കിടന്നോട്ടെ. ഞങ്ങള് അടുത്ത് ചെന്ന് കണ്ടോളാം '' ഗോപാലകൃഷ്ണന്‍ ഇടപെട്ടു.'' ഏയ്. രാമേട്ടന്‍ ഉറങ്ങ്വോന്നും അല്ല. വെറുതെ ജനലില്‍ കൂടി വെളിയിലേക്ക് നോക്കി ഇരിക്ക്യാണ്. വഴീല്‍ കൂടി വല്ലോരും പോണുണ്ടെങ്കില്‍ കാണാലോ ''.അപ്പോഴേക്കും രാമകൃഷ്ണന്‍ രംഗത്തെത്തി. മോട്ടോര്‍ സൈക്കിളില്‍ രണ്ടാള് പടിക്കല്‍ വരെ വന്നത് കാണുകയും ഉമ്മറത്ത് നിന്നുള്ള സംഭാഷണം കേള്‍ക്കുകയും ചെയ്തതോണ്ട് എഴുന്നേറ്റതാണ്.'' ഇരിയ്ക്കൂ '' ഇന്ദിര പറഞ്ഞു. എന്തോ നല്ല കാലത്തിന് നാല് കയ്യില്ലാത്ത പ്ലാസ്റ്റിക്ക് കസേലകളും കയ്യുള്ള രണ്ടെണ്ണവും ശമ്പളം കിട്ടിയപ്പോള്‍ അനൂപിന് വാങ്ങാന്‍ തോന്നിയത് നന്നായി. അതുവരെ വീട്ടില്‍ ആരെങ്കിലും വന്നു കയറിയാല്‍ ഇരിക്കാന്‍ കൊടുക്കാന്‍
മര്യാദയ്ക്ക് ഒരു സാധനം ഇവിടെ ഉണ്ടായിരുന്നില്ല.


'' വൈദ്യരെ കാണാന്‍ ആദ്യം വന്നപ്പോഴേ ഇങ്ങോട്ട് വരണം എന്ന് കരുതിയതാണ്. അന്ന് രോഗിയെ കാണട്ടെ എന്നും പറഞ്ഞ് അദ്ദേഹം കൂടെ വന്നിരുന്നു. അതോണ്ട് അന്ന് സാധിച്ചില്ല '' സംഭാഷണം ആരംഭിച്ചത് ഗോപാലകൃഷ്ണനാണ്.'' കുട്ടി പറയ്യേണ്ടായി. ആട്ടെ ഇപ്പൊ എങ്ങിന്യേണ്ട് ''.


'' ഇടത്തെ കയ്യിനാണ് തളര്‍ച്ച വന്നത്. ഇപ്പൊ അതില് കിരുകിരെ തോന്നുന്നൂന്ന് പറയുന്നു ''.'' എനിക്കും അങ്ങിനെ തോന്നീട്ടാ ഭേദം ആവാന്‍ തുടങ്ങിയത്. മരുന്ന് ശരീരത്തില്‍ പിടിക്കാന്‍ തുടങ്ങീട്ടുണ്ടാവും ''.രോഗത്തെക്കുറിച്ചും മരുന്നിനെ പറ്റിയുമുള്ള സംഭാഷണം തുടങ്ങി. ഇന്ദിര അടുക്കളയിലേക്ക് നടന്നു. അടുപ്പത്ത് വെള്ളം തിളച്ചു കിടപ്പുണ്ട്. ചായയുണ്ടാക്കി രണ്ടു ഗ്ലാസിലും നേന്ത്രപ്പഴം
കഷണങ്ങളാക്കി ഒരു പ്ലേറ്റിലുമെടുത്ത് അവര്‍ തിരിച്ചെത്തി. സ്റ്റൂളിന്ന് മീതെ അവ വെച്ചു.


'' പഴം ഇവിടെ ഉണ്ടായതാണ്. നാടന്‍ നേന്ത്രയാ '' അവര്‍ പറഞ്ഞു.'' ഇന്ദിര ഒരു മിനുട്ട് നേരം വെറുതെയിരിക്കില്ല. എപ്പൊ നോക്ക്യാലും പണിയാണ് '' രാമകൃഷ്ണന്‍ ഭാര്യയുടെ അദ്ധ്വാന ശീലത്തെ വാഴ്ത്തി '' അതു കാരണം കുറച്ചായിട്ട് കൂട്ടാന്‍ വെക്കാനൊന്നും വില കൊടുത്ത് വാങ്ങേണ്ടി വരാറില്ല ''.'' പീടീല്‍ നിന്ന് വാങ്ങുന്ന കായ്കറിയൊക്കെ കണ്ണില്‍ കണ്ട വളം ഇട്ടിട്ട് ഉണ്ടാക്കുന്നതാണ് '' ഇന്ദിര പറഞ്ഞു '' ഒന്നിനും ഒരു രുചി ഉണ്ടാവില്ല. മണു മണുക്കനെ തോന്നും. എളുപ്പം കേടും വരും ചെയ്യും. ഇന്നാള് പീടീന്ന് അനു ഒരു കഷ്ണം കുമ്പളങ്ങ വാങ്ങി കൊണ്ടു വന്നു. മൂന്നാം പക്കം നോക്കുമ്പൊ അത് അളിഞ്ഞ് നാനായിധം ആയിട്ടുണ്ടായിരുന്നു ''.


'' സസ്യങ്ങള്‍ക്ക് തൂപ്പ് തോല് ചാണകം ഒക്കെ തന്നെയാ നല്ലത്. പക്ഷെ എവിടുന്നാ ഇന്ന് കാലത്ത് അതൊക്കെ എവിടുന്നാ കിട്ട്വാ '' ഗോപാലകൃഷ്ണന്‍ പ്രായോഗിക വിഷമം അറിയിച്ചു.


'' ഇവിടെ ഒരു പശൂം കുട്ടീം ഉള്ളതോണ്ട് ചാണകത്തിന് ബുദ്ധിമുട്ടില്ല ''രാമകൃഷ്ണന്‍ പറഞ്ഞു.


'' അത് നന്നായി. നോക്കൂ, ഇപ്പോള്‍ത്തന്നെ അമ്മിണിക്ക് പശുവിന്‍ പാലില്‍ തിളപ്പിച്ച് കൊടുക്കണം എന്നും പറഞ്ഞ് ഒരു മരുന്ന് തന്നിട്ടുണ്ട്. ടൌണില്‍ എവിടെ ചെന്നാലാ
പശുവിന്‍ പാല് കിട്ട്വാ എന്ന് ആര്‍ക്കാ അറിയ്യാ. വാങ്ങുന്ന പാക്കറ്റ് പാല് പശുവിന്‍റെയാണോ എരുമയുടെയാണോ എന്ന് നമുക്ക് അറിയില്ലല്ലോ ''.


'' പശുവിന്‍ പാല് വേണച്ചാല്‍ ഇവിടുന്ന് തരാം. പക്ഷെ എങ്ങിന്യാ കൊണ്ടുപോവ്വാ ''.'' ബസ്സുകാരെ ഏല്‍പ്പിച്ചാല്‍ പോരേ. അവര് എത്തിക്കില്ലേ '' കെ. എസ്. മേനോന്‍ അഭിപ്രായപ്പെട്ടു.


'' അതൊന്നും നടക്കില്ല '' ഗോപാലകൃഷ്ണന്ന് അത് സ്വീകാര്യമായി തോന്നിയില്ല '' ആളെ കിട്ടാന്‍ വേണ്ടി ചവിട്ടി പിടിച്ച് പായുമ്പോള്‍ അതിനൊക്കെ അവര്‍ക്ക് എവിടുന്നാ നേരം
കിട്ട്വാ ''.


'' അനു വന്നാല്‍ അവന്‍റെ കയ്യില്‍ കൊടുത്തയയ്ക്കാം '' ഇന്ദിര പറഞ്ഞു ''അതുവരെ എന്താ ചെയ്യാ ''.


'' ബുദ്ധിമുട്ടാവില്ലെങ്കില്‍ മകള് പഠിക്കാന്‍ പോരുമ്പോള്‍ കൊടുത്തയച്ചാല്‍ ഉപകാരം ആവും. കുട്ടി ഇറങ്ങുന്നോടത്ത് ചെന്ന് ഞാന്‍ വാങ്ങിച്ചോളാം ''.'' എന്താ ബുദ്ധിമുട്ട്. അവള്‍ക്ക് അങ്ങിനെ ഒന്നൂല്യാ '' ഇന്ദിര മറുപടി നല്‍കി.'' അനുവും അതുപോലെതന്നെയാണ് ട്ടോ '' രാമകൃഷ്ണന്ന് മകനെക്കുറിച്ച് പറയാതിരിക്കാനായില്ല '' നല്ല മനസ്സലിവുള്ള കുട്ടിയാണ് അവന്‍ . ആരക്കെങ്കിലും ഒരു വിഷമം വരുന്നത് കണ്ടാല്‍ ആ കുട്ടിയ്ക്ക് സഹിക്കില്ല ''.


'' അത് പറഞ്ഞറിയിക്കണോ. നടന്ന നാട്ടില് കാണില്ല അവനേയും അവന്‍റെ കൂട്ടുകാരേയും പോലുള്ള കുട്ടികളെ ''ഗോപാലകൃഷ്ണന്‍ സാക്ഷ്യപത്രം നല്‍കി.


'' ഇയാളുടെ വീട്ടിന്ന് വന്ന ശേഷം എനിക്ക് ഒരു പനി പിടിച്ചു. നാല് ദിവസം കിടന്ന കിടപ്പില്‍ നിന്ന് എണീക്കാനായില്ല. അനൂപാണ് മരുന്നും, കഞ്ഞിയും, ബ്രഡ്ഡും കാപ്പിയും ഒക്കെ എത്തിച്ചിരുന്നത്. രണ്ടു നേരൂം വന്ന് വിവരം അന്വേഷിക്കും ചെയ്തിരുന്നു ''.


'' ഇന്ന് രാവിലെ മുതല്‍ക്ക് അവന്‍റെ കാര്യം ആലോചിച്ച് രാമേട്ടന്ന് ഒരേ സങ്കടം തന്നെ ''.'' അതെന്താ ''.പുലര്‍ച്ചെ താന്‍ കണ്ട സ്വപ്നത്തിന്‍റെ കാര്യം രാമകൃഷ്ണന്‍ വിവരിച്ചു. '' അപ്പൊ മുതല്‍ക്ക് എന്തോ മനസ്സില് ഒരു വേവലാതി ''.


'' എന്തിനാ പേടിക്കണേ. അപ്പോഴേക്കും ഞങ്ങള്‍ രണ്ട് വയസ്സന്മാരെത്തിയില്ലേ '' ഗോപാലകൃഷ്ണന്‍ ആശ്വസിപ്പിച്ചു.


'' ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രേ ഉണ്ടായിട്ടുള്ളു. കഷ്ടപ്പാടും പ്രയാസങ്ങളും ഒഴിഞ്ഞ നേരൂല്യാ. അവന്‍ സമ്പാദിക്കാന്‍ തുടങ്ങിയപ്പോഴാ ഒരു നില്‍ക്കക്കള്ളി കിട്ട്യേത്. സത്യം പറഞ്ഞാല്‍ അവന്‍റെ തണലിലാ ഇപ്പൊ ഞങ്ങള്‍ കഴിഞ്ഞു കൂടുന്നത് ''.'' പൊതുവാളേ '' ഗോപാലകൃഷ്ണന്‍ വിളിച്ചു '' ഒരു രാത്രിക്ക് ഒരു പകലുണ്ട്, ഒരു വേനലിന്ന് ഒരു മഴയുണ്ട്, ഒരു കുണ്ടിന്ന് ഒരു കുന്നുണ്ട്. അതുപോലെ ഏത് കഷ്ടകാലത്തിന്നും ഒരു നല്ല കാലം ഉണ്ടാവാതെ വരില്ല. പിന്നെ ഒരു കാര്യം നിങ്ങള് രണ്ടാളും ഉറപ്പിച്ചോളിന്‍. ആ കുട്ടിക്ക് എപ്പൊ എന്ത് ആവശ്യം വന്നാലും ഞങ്ങള് രണ്ടാളും അവന്‍റെ ഒപ്പം ഉണ്ടാവും ''.'' നിങ്ങളാല്‍ ചിലരുടെ അനുഗ്രഹം അവന് ഉണ്ട് എന്നറിഞ്ഞാല്‍ മതി ഞങ്ങള്‍ക്ക് ''.


'' അനൂപിന്ന് നന്നായി പാടാന്‍ കഴിയും . എന്‍റെ മകന്‍ മദ്രാസിലാണ്. സിനിമക്കാരുമായി അവന് കുറച്ചൊക്കെ പിടിപാടുണ്ട്. ആ വഴിക്കൊന്ന് ശ്രമിച്ചു നോക്കട്ടെ. ഭാഗ്യം ഉണ്ടെങ്കില്‍ സമ്പത്തും പേരും പെരുമയും തേടി വന്നോളും ''.


ഇന്ദിരയുടേയും രാമകൃഷ്ണന്‍റേയും ഹൃദയങ്ങള്‍ നിറഞ്ഞു. ഇരുവരും അറിയാതെ കൈകള്‍ കൂപ്പി.


'' എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ '' കൂട്ടുകാര്‍ എഴുന്നേറ്റു.


'' കുറച്ച് ചീരയും പയറും തന്നോട്ടെ '' ഇന്ദിര മടിച്ചു മടിച്ചാണ് ചോദിച്ചത്.'' ആയ്ക്കോട്ടെ. ഞങ്ങളും നല്ലത് കഴിച്ചു നോക്കട്ടെ ''.


'' ഒരു ചേനപ്പൂവുണ്ട്. വേണോ '' അടുത്ത ചോദ്യം.


'' ചേനപ്പൂവോ '' കെ. എസ്. മേനോന്‍ അത്ഭുതം പ്രകടിപ്പിച്ചു.


'' എന്താടോ ചേനയ്ക്ക് പൂക്കാന്‍ പാടില്ലാന്ന് ഉണ്ടോ. നല്ല സാധനം ആണ് അത്. മസാല കൂട്ടി കറി വെക്കണം. ഇറച്ചി തോറ്റ് മാറി നില്‍ക്കും ''.


'' ഇവിടെ വെക്കാറില്ല. ആര്‍ക്കെങ്കിലും കൊടുക്കാറാ പതിവ് '' ഇന്ദിര പറഞ്ഞു '' കൂനും ഇതും ഒക്കെ മാംസം ആണ് എന്നാ രാമേട്ടന്‍ പറയാറ് ''.


'' നല്ലത് തിന്നാന്‍ യോഗം ഇല്ലാത്തതോണ്ട് തോന്നുന്നതാ അത് ''.''പറയുമ്പോലെ ഇന്നലെ രാത്രി കൂനിടി വെട്ടീട്ടുണ്ട്.കൂന് പൊടിഞ്ഞിട്ടുണ്ടോ എന്ന് നോക്കീട്ടു വരാം '' ഇന്ദിര പറമ്പിലേക്ക് നടന്നു, കൂട്ടുകാര്‍ തൊടിയിലെ കൃഷി കാണാനും. എല്ലാം നോക്കി ഉമ്മറ പടവില്‍ രാമകൃഷ്ണന്‍ ഇരുന്നു.


ഉടുത്ത മുണ്ടിന്‍റെ മടിക്കുത്ത് നിറയെ കൂനുമായിട്ടാണ് ഇന്ദിര തിരിച്ചെത്തിയത്,'' ധാരാളം കിട്ടി അല്ലേ '' ഗോപാലകൃഷ്ണന്ന് സന്തോഷമായി '' വാങ്ങുന്ന കൂണിന്ന് ഈ രുചി കിട്ടില്ല. തൊലി കളഞ്ഞ് കഴുകി ഉള്ളിയും മുളകും അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ചാല്‍ മതി. ചോറ് കൊണ്ടുവാ എന്ന് അറിയാണ്ടെ പറയും ''.പ്ലാസ്റ്റിക്ക് കവറുകളില്‍ സാധനങ്ങളാക്കി ഇന്ദിര അവരെ ഏല്‍പ്പിച്ചു.'' അടുത്ത പ്രാവശ്യം വരുമ്പൊ കുറച്ച് താളിന്‍റെ തണ്ട് സംഘടിപ്പിച്ചു തരണം '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' കൂട്ടീട്ട് കുറെ കാലം ആയി ''.'' അതിനെന്താ പ്രയാസം. ഇപ്പൊത്തന്നെ കൊണ്ടുവന്ന് തരാലോ '' ഇന്ദിര സന്നദ്ധത അറിയിച്ചു.'' ഇന്ന് വേണ്ടാ. എല്ലാം കൂടി ആയാല്‍ ബുദ്ധിമുട്ടാണ്. ഇനി വരുമ്പോള്‍ മതി ''.വിരുന്നുകാര്‍ പടിയിറങ്ങി. ബുള്ളറ്റിന് ജീവന്‍ വെച്ചു. അത് മെല്ലെ മുന്നോട്ട് നീങ്ങി.


'' വലിയ ആള്‍ക്കാരാണ് എന്ന ഭാവം രണ്ടാള്‍ക്കും ഇല്ലാട്ടോ '' ഇന്ദിര ഭര്‍ത്താവിനോട് പറഞ്ഞു. അത് ശരിവെച്ച് അയാള്‍ മൂളി.

==========================

'' പ്രദീപേ, ഒന്ന് വേഗം വീട്ടിലേക്ക് വാടാ '' അപ്രതീക്ഷിതമായി ശെല്‍വന്‍റെ ഫോണ്‍ വിളി കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞിട്ട് മണിക്കൂര്‍ ഒന്നായിട്ടില്ല.


'' എന്താടാ വിശേഷിച്ച് '' അവന്‍ തിരക്കി.


'' എനിക്കൊന്നും മനസ്സിലാവിണില്യാ. അച്ഛന്‍ പരിഭ്രമിച്ച മാതിരിയുണ്ട്. നിന്നെ അര്‍ജന്‍റായിട്ട് കാണണം എന്ന് പറഞ്ഞു ''.'' നേരം ഏഴാവാറായി. നാളെ വന്നാല്‍ പോരേടാ ''.'' നീ എങ്ങിനെയെങ്കിലും ഒന്ന് വാടാ, പ്ലീസ് ''.പിന്നെ പ്രദീപ് ഒന്നും ആലോചിച്ചില്ല. ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ അമ്മ വന്നു.


'' എവിടേക്കാ ഈ രാത്രീല് '' അവര്‍ ചോദിച്ചു.'' ശേല്‍വന്‍റെ വീട്ടിലേക്കാ അമ്മേ. അവന്‍റെ അച്ഛന്ന് എന്തോ പറയാനുണ്ടത്രേ. ഞാന്‍
വേഗം തിരിച്ചു വരാം ''.


'' ശരി, സൂക്ഷിച്ച് പോയി വാ ''.


പ്രദീപ് എത്തുമ്പോള്‍ ശെല്‍വന്‍റെ അച്ഛന്‍ നിലത്ത് പായ വിരിച്ച് കിടപ്പാണ്.


'' എന്തിനാ വിളിച്ചത് '' അവന്‍ ചോദിച്ചു. അയാള്‍ ഒന്നും പറഞ്ഞില്ല. എഴുന്നേറ്റു ചെന്ന് ബാഗില്‍ നിന്ന് ഒരു കവറെടുത്തു വന്ന് പ്രദീപിന്ന് നേരെ നീട്ടി. അവന്‍ അത് തുറന്നു.


'' ഇത് ഒരു താക്കോലല്ലേ '' അവന്‍ ചോദിച്ചു.'' അതെ. ബാങ്കിലെ ലോക്കറിന്‍റെയാണ് ''.'' ഇതെങ്ങിനെ കിട്ടി ''.'' അവള് കൊറിയര്‍ അയച്ചു തന്നതാണ് ''.'' എന്തിനാണ് മകള്‍ ഇത് അയച്ചു തന്നത് ''
.


'' ആ, എനിക്കറിയില്ല ''.


'' ഫോണില്‍ വിളിച്ച് ചോദിക്കായിരുന്നില്ലേ ''.''സ്വിച്ചോഫാണ്. കോളേജില്‍ വിളിച്ചപ്പോള്‍ രണ്ടു ദിവസമായി വന്നിട്ട് എന്നു പറഞ്ഞു ''.'' ബാങ്കില്‍ അന്വേഷിച്ചോ ''.'' ഇല്ല ''.'' ഇന്നിനി ഒന്നും പറ്റില്ല. നാളെ ഞായറാഴ്ച. മറ്റന്നാള്‍ ബാങ്കില്‍ ചെന്ന് നോക്കാം '' അവന്‍ പറഞ്ഞു '' കൂട്ടുകാര് ആരുടേയെങ്കിലും ഫോണ്‍ നമ്പര്‍ അറിയ്യോ ''.'' അറിയില്ല ''.'' ശരി. എന്താ ചെയാന്‍ പറ്റുക എന്ന് ആലോചിക്കട്ടെ ''.ഇറങ്ങാന്‍ നേരം പ്രദീപ് ശെല്‍വനെ വിളിച്ചു.'' നിന്നോട് ഒരു കാര്യം പറയാനുണ്ട് '' ബൈക്കിനടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു '' എന്തോ ഒരു ഫൌള്‍ സ്മെല്‍ അടിക്കുന്നുണ്ട്. ധൈര്യം വിടരുത്. വരുമ്പോലെ കാണാം എന്ന് ഉറപ്പിച്ചോ ''.


'' അവള് പറ്റിച്ച്വോ എന്ന് എനിക്കും ഒരു സംശയം ഉണ്ട്. അങ്ങിനെയാണെങ്കില്‍ ഒരു വെട്ടിന് ഞാന്‍ അവളുടെ പണി തീര്‍ക്കും ''.'' വിവരക്കേട് പറയാതെടാ. ഇപ്പൊ ഉള്ളത് ഒരു സംശയം മാത്രാണ് . അത് തെറ്റാവാം, ശരിയാവാം. എന്തിനും നീ പറഞ്ഞ വഴി ഒട്ടും ശരിയല്ല. നീ ജയിലില്‍ പോയാല്‍ അച്ഛനേയും അമ്മയേയും ആര് നോക്കും എന്നാ വിചാരം ''.


'' ഞാന്‍ പിന്നെ എന്താ ചെയ്യാ ''.


'' തല്‍ക്കാലം മിണ്ടാതിരി. അച്ഛനും അമ്മയ്ക്കും ധൈര്യം കൊടുക്ക്. ഞാന്‍ പറഞ്ഞില്ലേ, പിന്നെ എല്ലാം വരുമ്പോലെ കാണാം ''.ബൈക്ക് വളവ് കഴിഞ്ഞ് മറയുന്നതും നോക്കി ശെല്‍വന്‍ നിന്നു. പെട്ടെന്ന് അവന്‍റെ കണ്ണ് നിറഞ്ഞു. അവന്‍ വിമ്മി കരയാന്‍ തുടങ്ങി.

Thursday, April 5, 2012

നോവല്‍ - അദ്ധ്യായം - 40.

'' അഗ്രേ പശ്യാമി തേജോ നിബിഡ തരകളായാവലീ ലോഭനീയം '' അമ്പല മതില്‍ക്കെട്ട് കടന്നു വന്ന ലീലയുടെ ശബ്ദം ഇന്ദിരയെ തട്ടി വിളിച്ചു. ഉണര്‍ന്നെഴുന്നേറ്റതേ അവള്‍ വീട്ടുപണിയിലേക്ക് കടന്നു. മുറ്റം അടിച്ചു വാരി ചാണകവെള്ളം തളിച്ചു. വീടിന്‍റെ അകം മുഴുവനും അടിച്ചു തുടച്ചു. പല്ലുതേപ്പും കുളിയും കഴിയുമ്പോള്‍ ആറര മണി ആയതേയുള്ളു.


മരത്തിന്‍റെ പീഠവും ശിവോതി പലകയും കഴുകി ഭസ്മം കൊണ്ട് കുറി തൊടുവിച്ചു. തളത്തില്‍ പീഠം വെച്ച് അതിന്നു പുറകില്‍ പലക ചുമരും ചാരി നിര്‍ത്തി. അലക്കിയ തോര്‍ത്തുമുണ്ടും കുങ്കുമചെപ്പും രാമായണം പുസ്തകവും പലകപ്പുറത്ത് വെച്ച് നിലവിളക്ക് കൊളുത്തി.


'' ശ്രീരാമചന്ദ്രപ്രഭോ '' ഇന്ദിര കൈകൂപ്പി. മുമ്പൊക്കെ കര്‍ക്കിടക മാസത്തില്‍ ഒരു ദിവസമെങ്കിലും തിരുവില്വാമല ക്ഷേത്രത്തില്‍ തൊഴാറുണ്ട്. കുറച്ചായിട്ട് അതിനൊന്നും കഴിയുന്നില്ല. ഇവിടുത്തെ കഷ്ടപ്പാട് ഭഗവാന് അറിയുന്നതല്ലേ.


നേരം ആറേ മുക്കാലായി. ഇനിയും രമ എണീറ്റിട്ടില്ല.


'' പെണ്ണേ, നേരം ഉദിച്ചു പൊങ്ങി ഉച്ചയാവാറായി. മര്യാദയ്ക്ക് എണീറ്റോ. ഇല്ലെങ്കില്‍ നിന്‍റെ തലേല് ഞാന്‍ ഒരു കുടം വെള്ളം കൊണ്ട് അഭിഷേകം ചെയ്യും '' മകള്‍ കിടക്കുന്ന മുറിയുടെ മുമ്പില്‍ ചെന്ന് അത്രയും പറഞ്ഞ് തിരിച്ചു പോന്നു.


'' കര്‍ക്കിടകം ഒന്നാം തിയ്യതിയായിട്ട് ഈ പെണ്ണിന് നേരത്തെ എഴുന്നേറ്റു കുളിച്ച് ഐശ്വര്യായിട്ട് ഇരുന്നൂടേ. അതെങ്ങിനെ. നല്ലതു വല്ലതും ഇതിന്‍റെ തലയില്‍ തോന്ന്വോ '' എന്നുറക്കെ ആത്മഗതം ചെയ്യുകയും ചെയ്തു.


പശുവിനെ കറന്നു വന്ന് അടുപ്പ് കത്തിച്ച് കഞ്ഞിക്കുള്ള അരി അരിച്ചിട്ടു , കാളവായില്‍ രാമേട്ടന്ന് കുളിക്കാനുള്ള ചൂടുവെള്ളത്തിനും. ഉണക്കവിറക് ആയതോണ്ട് അടുപ്പിന്‍റെ വക്കത്തുതന്നെ ആള് നില്‍ക്കേണ്ട ആവശ്യമില്ല. ഇനി രാമേട്ടനെ ഉണര്‍ത്തണം. വൈദ്യരുടെ മരുന്ന് തുടങ്ങിയ ശേഷം മൂപ്പര്‍ക്ക് നല്ല ഉറക്കമാണ്. ചിലപ്പോള്‍ തട്ടി വിളിച്ചാലേ ഉണരൂ. പ്രഭാതകൃത്യങ്ങള്‍ കഴിപ്പിച്ച ശേഷം എണ്ണയും കുഴമ്പും തേപ്പിക്കാനുണ്ട്. തലയില്‍ എണ്ണയും ദേഹം മുഴുവന്‍ കുഴമ്പും പുരട്ടി രണ്ടു നാഴിക നേരം ഇരുന്നിട്ടേ കുളിക്കാന്‍ പാടുള്ളു. ഒന്നാം തിയ്യതിയല്ലേ. നല്ലതോ ഒന്നും ചെയ്യുന്നില്ല. കുളിക്കാതെ ചീണ്ടറം പിടിച്ച മാതിരി ഏറെ നേരം ഇരുത്തേണ്ടല്ലോ.


ചാരി വെച്ച വാതില്‍ തള്ളി തുറന്നു. അകത്ത് കയറിയപ്പോള്‍ രാമേട്ടന്‍ വല്ലാത്തൊരു അപശബ്ദം ഉണ്ടാക്കുന്നു. എന്തോ കണ്ട് പേടിച്ച് ഞെട്ടി വിറച്ച മാതിരിയുണ്ട്. കുലുക്കി വിളിച്ചു. ദേഹമാകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു. '' എന്താ രാമേട്ടാ '' കണ്ണു മിഴിച്ച് ഭര്‍ത്താവ് നോക്കിയപ്പോള്‍ ചോദിച്ചു.


'' അനു ''.


'' എന്താ അനൂന്. അവന്‍ ട്രെയിനിങ്ങിന് പോയിരിക്ക്യല്ലേ ''.


'' ഞാനൊരു സ്വപ്നം കണ്ടു ''.


'' എന്തു സ്വപ്നം ''.


'' നമ്മുടെ അനു വെള്ളത്തില് മുങ്ങി താണോണ്ട് ഇരിക്ക്യാണ്. നമ്മള് രണ്ടാളും അത് കണ്ട് ഉറക്കെ കരയുണുണ്ട് ''. ഇന്ദിരയുടെ മനസ്സ് ഒന്ന് പകച്ചു. ആകെക്കൂടിയുള്ള ഒരു പ്രതീക്ഷ അവനേയുള്ളു. അന്യ നാട്ടിലാണ് എന്‍റെ കുട്ടി. അവനെന്തെങ്കിലും സംഭവിച്ചിരിക്കുമോ? ബാക്കി കൂടി കേള്‍ക്കാന്‍ ധൃതിയായി.


'' എന്നിട്ട് ''.


'' ഏതോ രണ്ട് വയസ്സന്മാര് അവനെ പിടിച്ചു കയറ്റി ''.


ചുട്ടു പൊള്ളുന്ന ദേഹത്തില്‍ ഐസ് കട്ട വാരിയിട്ടതുപോലെ തോന്നി. തളത്തില്‍ നിന്ന് മൊബൈല്‍ അടിച്ചു.


'' അമ്മേ ഏട്ടന്‍ '' രമ വിളിച്ചു. അവള്‍ ഏട്ടനോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി.


സ്വപ്നം ചിലര്‍ക്ക് ചില കാലമൊത്തിടും എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെയൊന്നും വരുത്തല്ലേ എന്‍റെ ഈശ്വരന്മാരേ എന്ന് ഇന്ദിര മനസ്സില്‍ പ്രാര്‍ത്ഥിച്ചു.


'' രാമേട്ടന്‍ ഇന്ന് മുതല്‍ക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലത്ത്യൂര് ഹനുമാനെ ജപിച്ചു കിടന്നോളൂ. ദുസ്വപ്നം കാണില്ല '' മകളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങാനായി ഇന്ദിര നടന്നു.

==============================


'' സുകുമാരാ, പോണ വഴിക്ക് നമുക്ക് ആ പൊതുവാള് കുട്ടിടെ വീട്ടിലൊന്ന് കേറണം. അവന്‍റെ അച്ഛനെ ഒന്ന് കാണും ചെയ്യാലോ '' മാപ്പിള വൈദ്യരെ കണ്ട് അമ്മിണിയമ്മയുടെ രോഗ വിവരം പറഞ്ഞ് മരുന്നു വങ്ങി കഴിഞ്ഞപ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ കൂട്ടുകാരനോട് പറഞ്ഞു.


ഭാര്യയുടെ അനുജത്തിയുടെ മകള്‍ വിരുന്ന് വന്നതിനാല്‍ വീട്ടില്‍ ആളുണ്ട്. ആ ധൈര്യത്തിലാണ് വീടു വിട്ട് പുറത്തിറങ്ങിയത്. പോരാത്തതിന്ന് മരുന്ന് കഴിയാറായി. കഴിഞ്ഞ തവണ അനൂപാണ് വൈദ്യരെ കണ്ട് മരുന്ന് വാങ്ങി തന്നത്. അവന്‍ വന്നിട്ട് മരുന്ന് വാങ്ങാമെന്നു വെച്ചാല്‍ ദിവസങ്ങള്‍ കുറെ കഴിയണം. അതുവരെ കാത്ത് നില്‍ക്കാന്‍ പറ്റില്ല.

പോരുന്ന വഴി കെ. എസ്. മേനോന്‍റെ വീട്ടില്‍ കയറി അയാളെ കൂടെ കൂട്ടിയതോണ്ട് തുണയ്ക്ക് ഒരാളായി.


'' അതിന് തനിക്ക് ആ കുട്ടിടെ വീട് അറിയ്യോ '' മേനോന്‍ ചോദിച്ചു.


'' വൈദ്യരെ ആദ്യം കാണാന്‍ വരുമ്പോള്‍ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് തിരിയുന്ന ഭാഗം അനൂപ് കാട്ടി തന്നിട്ടുണ്ട്. ആ വഴിക്ക് ചെന്നാല്‍ ഏതോ ഒരു അമ്പലത്തിന്‍റെ അടുത്താണ് വീട്. നമുക്ക് ചെന്ന് നോക്ക്വാ. അല്ലെങ്കില്‍ തന്നെ വായിലെ നാവിലല്ലേടോ വഴി ''.


വീട് കണ്ടെത്താന്‍ പറയത്തക്ക ബുദ്ധിമുട്ട് ഉണ്ടായില്ല . അമ്പലം എത്തും മുമ്പ് വഴിയോരത്ത് കന്നു മേച്ച് നില്‍ക്കുന്ന സ്ത്രീ വ്യക്തമായി വഴി പറഞ്ഞു കൊടുത്തിരുന്നു. പടിക്കല്‍ ബൈക്കിന്‍റെ ശബ്ദം കേട്ടതും ഇന്ദിര ഉമ്മറത്തെത്തി. അപരിചിതരായ രണ്ട് വയസ്സന്മാര്‍ വരുന്നു.


'' ഞങ്ങളെ മനസ്സിലായോ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.


ഇല്ലെന്ന് ഇന്ദിര തലയാട്ടി.


'' ഇദ്ദേഹം കെ. എസ്. മേനോന്‍. ഓട്ടോറിക്ഷ തട്ടി ഇദ്ദേഹത്തിന്ന് പരിക്ക് പറ്റിയപ്പോള്‍ അനൂപാണ് സഹായിച്ചത്. ഞാന്‍ ആരാണെന്ന് മനസ്സിലായി കാണുമല്ലോ ''.


'' ഓ '' ഇന്ദിര ചിരിച്ചു '' ഇപ്പൊ വീട്ടുകാരിക്ക് എങ്ങിനെയുണ്ട് ''.


'' ഭേദം ആവുംന്ന് തോന്നുന്നു. തളര്‍ന്ന കയ്യില് കിരുകിരെ അരിക്കുന്നതുപോലെ തോന്നുന്നൂ എന്ന് പറഞ്ഞു. ഞങ്ങള് മരുന്ന് വാങ്ങാന്‍ വന്നതാണ് ''.


'' ഉള്ളിലിക്ക് വരൂ '' ഇന്ദിരയ്ക്ക് പുറകെ അവര്‍ അകത്തേക്ക് നടന്നു.