Thursday, April 5, 2012

നോവല്‍ - അദ്ധ്യായം - 40.

'' അഗ്രേ പശ്യാമി തേജോ നിബിഡ തരകളായാവലീ ലോഭനീയം '' അമ്പല മതില്‍ക്കെട്ട് കടന്നു വന്ന ലീലയുടെ ശബ്ദം ഇന്ദിരയെ തട്ടി വിളിച്ചു. ഉണര്‍ന്നെഴുന്നേറ്റതേ അവള്‍ വീട്ടുപണിയിലേക്ക് കടന്നു. മുറ്റം അടിച്ചു വാരി ചാണകവെള്ളം തളിച്ചു. വീടിന്‍റെ അകം മുഴുവനും അടിച്ചു തുടച്ചു. പല്ലുതേപ്പും കുളിയും കഴിയുമ്പോള്‍ ആറര മണി ആയതേയുള്ളു.


മരത്തിന്‍റെ പീഠവും ശിവോതി പലകയും കഴുകി ഭസ്മം കൊണ്ട് കുറി തൊടുവിച്ചു. തളത്തില്‍ പീഠം വെച്ച് അതിന്നു പുറകില്‍ പലക ചുമരും ചാരി നിര്‍ത്തി. അലക്കിയ തോര്‍ത്തുമുണ്ടും കുങ്കുമചെപ്പും രാമായണം പുസ്തകവും പലകപ്പുറത്ത് വെച്ച് നിലവിളക്ക് കൊളുത്തി.


'' ശ്രീരാമചന്ദ്രപ്രഭോ '' ഇന്ദിര കൈകൂപ്പി. മുമ്പൊക്കെ കര്‍ക്കിടക മാസത്തില്‍ ഒരു ദിവസമെങ്കിലും തിരുവില്വാമല ക്ഷേത്രത്തില്‍ തൊഴാറുണ്ട്. കുറച്ചായിട്ട് അതിനൊന്നും കഴിയുന്നില്ല. ഇവിടുത്തെ കഷ്ടപ്പാട് ഭഗവാന് അറിയുന്നതല്ലേ.


നേരം ആറേ മുക്കാലായി. ഇനിയും രമ എണീറ്റിട്ടില്ല.


'' പെണ്ണേ, നേരം ഉദിച്ചു പൊങ്ങി ഉച്ചയാവാറായി. മര്യാദയ്ക്ക് എണീറ്റോ. ഇല്ലെങ്കില്‍ നിന്‍റെ തലേല് ഞാന്‍ ഒരു കുടം വെള്ളം കൊണ്ട് അഭിഷേകം ചെയ്യും '' മകള്‍ കിടക്കുന്ന മുറിയുടെ മുമ്പില്‍ ചെന്ന് അത്രയും പറഞ്ഞ് തിരിച്ചു പോന്നു.


'' കര്‍ക്കിടകം ഒന്നാം തിയ്യതിയായിട്ട് ഈ പെണ്ണിന് നേരത്തെ എഴുന്നേറ്റു കുളിച്ച് ഐശ്വര്യായിട്ട് ഇരുന്നൂടേ. അതെങ്ങിനെ. നല്ലതു വല്ലതും ഇതിന്‍റെ തലയില്‍ തോന്ന്വോ '' എന്നുറക്കെ ആത്മഗതം ചെയ്യുകയും ചെയ്തു.


പശുവിനെ കറന്നു വന്ന് അടുപ്പ് കത്തിച്ച് കഞ്ഞിക്കുള്ള അരി അരിച്ചിട്ടു , കാളവായില്‍ രാമേട്ടന്ന് കുളിക്കാനുള്ള ചൂടുവെള്ളത്തിനും. ഉണക്കവിറക് ആയതോണ്ട് അടുപ്പിന്‍റെ വക്കത്തുതന്നെ ആള് നില്‍ക്കേണ്ട ആവശ്യമില്ല. ഇനി രാമേട്ടനെ ഉണര്‍ത്തണം. വൈദ്യരുടെ മരുന്ന് തുടങ്ങിയ ശേഷം മൂപ്പര്‍ക്ക് നല്ല ഉറക്കമാണ്. ചിലപ്പോള്‍ തട്ടി വിളിച്ചാലേ ഉണരൂ. പ്രഭാതകൃത്യങ്ങള്‍ കഴിപ്പിച്ച ശേഷം എണ്ണയും കുഴമ്പും തേപ്പിക്കാനുണ്ട്. തലയില്‍ എണ്ണയും ദേഹം മുഴുവന്‍ കുഴമ്പും പുരട്ടി രണ്ടു നാഴിക നേരം ഇരുന്നിട്ടേ കുളിക്കാന്‍ പാടുള്ളു. ഒന്നാം തിയ്യതിയല്ലേ. നല്ലതോ ഒന്നും ചെയ്യുന്നില്ല. കുളിക്കാതെ ചീണ്ടറം പിടിച്ച മാതിരി ഏറെ നേരം ഇരുത്തേണ്ടല്ലോ.


ചാരി വെച്ച വാതില്‍ തള്ളി തുറന്നു. അകത്ത് കയറിയപ്പോള്‍ രാമേട്ടന്‍ വല്ലാത്തൊരു അപശബ്ദം ഉണ്ടാക്കുന്നു. എന്തോ കണ്ട് പേടിച്ച് ഞെട്ടി വിറച്ച മാതിരിയുണ്ട്. കുലുക്കി വിളിച്ചു. ദേഹമാകെ വിയര്‍ത്ത് കുളിച്ചിരിക്കുന്നു. '' എന്താ രാമേട്ടാ '' കണ്ണു മിഴിച്ച് ഭര്‍ത്താവ് നോക്കിയപ്പോള്‍ ചോദിച്ചു.


'' അനു ''.


'' എന്താ അനൂന്. അവന്‍ ട്രെയിനിങ്ങിന് പോയിരിക്ക്യല്ലേ ''.


'' ഞാനൊരു സ്വപ്നം കണ്ടു ''.


'' എന്തു സ്വപ്നം ''.


'' നമ്മുടെ അനു വെള്ളത്തില് മുങ്ങി താണോണ്ട് ഇരിക്ക്യാണ്. നമ്മള് രണ്ടാളും അത് കണ്ട് ഉറക്കെ കരയുണുണ്ട് ''. ഇന്ദിരയുടെ മനസ്സ് ഒന്ന് പകച്ചു. ആകെക്കൂടിയുള്ള ഒരു പ്രതീക്ഷ അവനേയുള്ളു. അന്യ നാട്ടിലാണ് എന്‍റെ കുട്ടി. അവനെന്തെങ്കിലും സംഭവിച്ചിരിക്കുമോ? ബാക്കി കൂടി കേള്‍ക്കാന്‍ ധൃതിയായി.


'' എന്നിട്ട് ''.


'' ഏതോ രണ്ട് വയസ്സന്മാര് അവനെ പിടിച്ചു കയറ്റി ''.


ചുട്ടു പൊള്ളുന്ന ദേഹത്തില്‍ ഐസ് കട്ട വാരിയിട്ടതുപോലെ തോന്നി. തളത്തില്‍ നിന്ന് മൊബൈല്‍ അടിച്ചു.


'' അമ്മേ ഏട്ടന്‍ '' രമ വിളിച്ചു. അവള്‍ ഏട്ടനോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി.


സ്വപ്നം ചിലര്‍ക്ക് ചില കാലമൊത്തിടും എന്ന് കേട്ടിട്ടുണ്ട്. അങ്ങിനെയൊന്നും വരുത്തല്ലേ എന്‍റെ ഈശ്വരന്മാരേ എന്ന് ഇന്ദിര മനസ്സില്‍ പ്രാര്‍ത്ഥിച്ചു.


'' രാമേട്ടന്‍ ഇന്ന് മുതല്‍ക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലത്ത്യൂര് ഹനുമാനെ ജപിച്ചു കിടന്നോളൂ. ദുസ്വപ്നം കാണില്ല '' മകളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങാനായി ഇന്ദിര നടന്നു.

==============================


'' സുകുമാരാ, പോണ വഴിക്ക് നമുക്ക് ആ പൊതുവാള് കുട്ടിടെ വീട്ടിലൊന്ന് കേറണം. അവന്‍റെ അച്ഛനെ ഒന്ന് കാണും ചെയ്യാലോ '' മാപ്പിള വൈദ്യരെ കണ്ട് അമ്മിണിയമ്മയുടെ രോഗ വിവരം പറഞ്ഞ് മരുന്നു വങ്ങി കഴിഞ്ഞപ്പോള്‍ ഗോപാലകൃഷ്ണന്‍ നായര്‍ കൂട്ടുകാരനോട് പറഞ്ഞു.


ഭാര്യയുടെ അനുജത്തിയുടെ മകള്‍ വിരുന്ന് വന്നതിനാല്‍ വീട്ടില്‍ ആളുണ്ട്. ആ ധൈര്യത്തിലാണ് വീടു വിട്ട് പുറത്തിറങ്ങിയത്. പോരാത്തതിന്ന് മരുന്ന് കഴിയാറായി. കഴിഞ്ഞ തവണ അനൂപാണ് വൈദ്യരെ കണ്ട് മരുന്ന് വാങ്ങി തന്നത്. അവന്‍ വന്നിട്ട് മരുന്ന് വാങ്ങാമെന്നു വെച്ചാല്‍ ദിവസങ്ങള്‍ കുറെ കഴിയണം. അതുവരെ കാത്ത് നില്‍ക്കാന്‍ പറ്റില്ല.

പോരുന്ന വഴി കെ. എസ്. മേനോന്‍റെ വീട്ടില്‍ കയറി അയാളെ കൂടെ കൂട്ടിയതോണ്ട് തുണയ്ക്ക് ഒരാളായി.


'' അതിന് തനിക്ക് ആ കുട്ടിടെ വീട് അറിയ്യോ '' മേനോന്‍ ചോദിച്ചു.


'' വൈദ്യരെ ആദ്യം കാണാന്‍ വരുമ്പോള്‍ മെയിന്‍ റോഡില്‍ നിന്ന് വീട്ടിലേക്ക് തിരിയുന്ന ഭാഗം അനൂപ് കാട്ടി തന്നിട്ടുണ്ട്. ആ വഴിക്ക് ചെന്നാല്‍ ഏതോ ഒരു അമ്പലത്തിന്‍റെ അടുത്താണ് വീട്. നമുക്ക് ചെന്ന് നോക്ക്വാ. അല്ലെങ്കില്‍ തന്നെ വായിലെ നാവിലല്ലേടോ വഴി ''.


വീട് കണ്ടെത്താന്‍ പറയത്തക്ക ബുദ്ധിമുട്ട് ഉണ്ടായില്ല . അമ്പലം എത്തും മുമ്പ് വഴിയോരത്ത് കന്നു മേച്ച് നില്‍ക്കുന്ന സ്ത്രീ വ്യക്തമായി വഴി പറഞ്ഞു കൊടുത്തിരുന്നു. പടിക്കല്‍ ബൈക്കിന്‍റെ ശബ്ദം കേട്ടതും ഇന്ദിര ഉമ്മറത്തെത്തി. അപരിചിതരായ രണ്ട് വയസ്സന്മാര്‍ വരുന്നു.


'' ഞങ്ങളെ മനസ്സിലായോ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.


ഇല്ലെന്ന് ഇന്ദിര തലയാട്ടി.


'' ഇദ്ദേഹം കെ. എസ്. മേനോന്‍. ഓട്ടോറിക്ഷ തട്ടി ഇദ്ദേഹത്തിന്ന് പരിക്ക് പറ്റിയപ്പോള്‍ അനൂപാണ് സഹായിച്ചത്. ഞാന്‍ ആരാണെന്ന് മനസ്സിലായി കാണുമല്ലോ ''.


'' ഓ '' ഇന്ദിര ചിരിച്ചു '' ഇപ്പൊ വീട്ടുകാരിക്ക് എങ്ങിനെയുണ്ട് ''.


'' ഭേദം ആവുംന്ന് തോന്നുന്നു. തളര്‍ന്ന കയ്യില് കിരുകിരെ അരിക്കുന്നതുപോലെ തോന്നുന്നൂ എന്ന് പറഞ്ഞു. ഞങ്ങള് മരുന്ന് വാങ്ങാന്‍ വന്നതാണ് ''.


'' ഉള്ളിലിക്ക് വരൂ '' ഇന്ദിരയ്ക്ക് പുറകെ അവര്‍ അകത്തേക്ക് നടന്നു.

8 comments:

 1. ഒരു നാട്ടിൻപുറത്തെ വീട്ടമ്മയുടെ രാവിലത്തെ തിരക്കുകളും ചിന്തകളും സ്വാഭാവികമായി തോന്നി. രാമേട്ടന്റെ അനൂപിനെ പറ്റിയുള്ള സ്വപ്നവും തുടർന്ന് ഗോപാലകൃഷ്ണന്റെയും കെ.എസ്.മേനോന്റെയും വരവും കഥയുടെ ഒരു വഴിത്തിരിവാകുമെന്ന് കരുതുന്നു.

  ഞാൻ ഇതിനു മുൻപത്തെ കമെന്റിൽ പറഞ്ഞ പോലെ ഭാവനയ്ക്കും ചിന്തകൾക്കും കൂടുതൽ മിഴിവും ഭംഗിയും.

  ReplyDelete
 2. പതിവ് പോലെത്തന്നെ നാട്ടുമണം..ഹൃദ്യം..ആശംസകളോടെ..

  ReplyDelete
 3. കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു ഗ്രാമത്തിലെ വീടിന്റെ പ്രഭാതത്തിലെ ചിത്രം. കുറേക്കാലത്തിനുശേഷമാണ് കാളവായ് എന്ന ഈ വാക്ക് പോലും കേൾക്കുന്നതു്.

  ReplyDelete
 4. <>
  വളരെ ശരിയാണ്.

  ReplyDelete
  Replies
  1. _കുറേക്കാലത്തിനുശേഷമാണ് കാളവായ് എന്ന ഈ വാക്ക് പോലും കേൾക്കുന്നതു്_

   Delete
 5. എന്റെ പഴയ ഗ്രാമത്തിന്റെ ഒരു പരിഛേദം ഓർമ്മയിൽ തെളിഞ്ഞു.
  നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
  Replies
  1. രാജഗോപാല്‍,
   നിരാശ്രയരായ രാമകൃഷ്ണനും കുടുംബത്തിനും പുതിയ ബന്ധങ്ങള്‍ ഉണ്ടാവുകയാണ്.

   ആറങ്ങോട്ടുകര മുഹമ്മദ്,
   വളരെ നന്ദി.

   Typist / എഴുത്തുകാരി,
   ഗ്യാസ് സിലിണ്ടറും സ്റ്റൌവും പ്രചാരം നേടിയതോടെ അടുപ്പും കാളവായും
   അപ്രത്യക്ഷമാവുകയാണ്.

   ഞാന്‍:ഗന്ധര്‍വ്വന്‍,
   നാട്ടിന്‍പുറങ്ങളില്‍ പോലും ദുര്‍ല്ലഭമായതിനാലാവാം കേള്‍ക്കാത്തത്.

   വി.കെ,
   മിക്ക ഗ്രാമങ്ങള്‍ക്കും ഒരേ മുഖഛായയാണ്. ആശംസകള്‍ക്ക് നന്ദി.

   Delete
 6. കാളവായ് എന്നാല്‍ ഇടയടുപ്പ് എന്ന് ഞങ്ങള്‍ പറയുന്നത് ആണെന്ന് തോന്നുന്നു. ഇപ്പോള്‍ ആദ്യമായാണ്‌ അറിഞ്ഞൂടാത്ത ഒരു വാക്ക് വന്നത്.
  സ്വപ്നം കേട്ട് ഞാന്‍ പകച്ചുപോയി..

  ReplyDelete