Saturday, June 30, 2012

നോവല്‍ - അദ്ധ്യായം - 46.

വലിയ ഉത്സാഹത്തോടെയാണ് അനൂപ് പുറപ്പെട്ടത്. ട്രെയിനിങ്ങ് കഴിഞ്ഞ് പുതിയ കമ്പിനിയുടെ ജോലി ആരംഭിക്കുകയാണ്. മാനേജര്‍ കൂടെയുണ്ടാവും. തുടക്കം മോശമാവരുത്. ഉച്ചയ്ക്ക് മുമ്പേ പന്ത്രണ്ട് കാളുകള്‍ കാണണം. മാനേജര്‍ക്ക് മതിപ്പ് തോന്നണമല്ലോ. ഉച്ചയ്ക്ക് ശേഷം സ്റ്റോക്കിസ്റ്റ് വര്‍ക്ക് ആക്കാം. കൂട്ടുകാരെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല. കുറെ ദിവസമായി വിവരങ്ങള്‍ ഒന്നും അറിയാറില്ല.


പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. ടൌണില്‍ എത്തുന്നതിന്ന് മുമ്പേ മാനേജറുടെ ഫോണ്‍ വന്നു.


'' നിങ്ങള്‍ ജോലിക്ക് ഇറങ്ങിയോ '' മാനേജറുടെ അന്വേഷണമാണ്.


'' ഉവ്വ് സാര്‍. ഞാന്‍ ടൌണില്‍ എത്താറായി '' അനൂപ് അറിയിച്ചു.


'' എന്‍റെ അടുത്ത വീട്ടില്‍ ഒരാള് മരിച്ചു. എനിക്ക് വരാനാവില്ല ''.


പുത്തിരിയിലെ കല്ല് കടിച്ചതുപോലെ അവന് തോന്നി. ഇന്ന് പുതിയതായി പണിക്ക് ചേരാന്‍ നല്ല ദിവസമാണ്, അടുത്ത രണ്ട് ദിവസം തീരെ കൊള്ളില്ല. ഇന്ന് ജോലി തുടങ്ങാനായില്ലെങ്കില്‍ മൂന്ന് ദിവസത്തെ ശമ്പളം പോവും.


'' ഞാനെന്താ സാര്‍ വേണ്ടത് '' അവന്‍ ചോദിച്ചു.


'' ഏതായാലും നിങ്ങള് പണിക്ക് ഇറങ്ങിയതല്ലേ. അത് മുടക്കണ്ടാ. നിങ്ങള് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തോ. പറ്റിയാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം. ഇല്ലെങ്കില്‍ നാളെ ഉണ്ടാവും, തീര്‍ച്ച ''.


അനൂപിന് സന്തോഷം തോന്നി. ഒരു കണക്കിന് മാനേജര്‍ ഇല്ലാത്തത് നന്നായി. ജോലിക്ക് മുടക്കം വന്നില്ല എന്നു മാത്രമല്ല കൂട്ടുകാരെ കാണാനും സാധിക്കും. ഉര്‍വശിശാപം ഉപകാരം എന്ന് മനസ്സില്‍ കരുതി.


ഹോസ്പിറ്റല്‍ കാള്‍സ് ആണെങ്കില്‍ ഒറ്റയടിക്ക് നാലോ അഞ്ചോ ഡോക്ടര്‍മാരെ കാണാം. ഒരുപാട് അലയാതെ കാര്യം നടക്കും.ഡോക്ടര്‍മാരെ പരിചയം ഉള്ളതുകൊണ്ട് വലിയ പ്രയാസം ഉണ്ടാവില്ല. സ്കൂട്ടര്‍ ആസ്പത്രി വളപ്പിലെ മരച്ചുവട്ടില്‍ നിര്‍ത്തി.


നല്ല അടുപ്പമുള്ള രണ്ട് ഡോക്ടര്‍മാരുടേയും ക്യാബിന് മുമ്പില്‍ പൂരത്തിനുള്ള തിരക്കുണ്ട്. വലത്തെ അറ്റത്തെ ക്യാബിന് മുന്നില്‍ മാത്രം ആളില്ല. ആര്‍. എം. ഒ. ആയതിനാല്‍ അദ്ദേഹത്തിന്ന് അധികം തിരക്ക് ഉണ്ടാവാറില്ല. പഴയ കമ്പിനി നല്‍കിയിരുന്ന ഗിഫ്റ്റുകള്‍ കൊടുത്തിട്ടുള്ള പരിചയവുമുണ്ട്. റൂമില്‍ അദ്ദേഹം ഉണ്ടെങ്കില്‍ കാണാമെന്ന് കരുതി. ഹാഫ്ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ ഡോക്ടര്‍ അകത്തുണ്ട്. ഏതോ പുസ്തകം വായിക്കുകയാണ്.


'' ഗുഡ് മോണിങ്ങ് സാര്‍ '' അനൂപ് അഭിവാദ്യം ചെയ്തുകൊണ്ട് കയറി. ഡീറ്റെയില്‍ ചെയ്യുന്നത്
മുഴുവന്‍ ഡോക്ടര്‍ ശ്രദ്ധിക്കുന്നതുപോലെ അവന് തോന്നി.


" ഐ റിക്വസ്റ്റ് യുവര്‍ വാല്യുബിള്‍ സപ്പോര്‍ട്ട്, സാര്‍ '' അവന്‍ തിരിച്ചു പോരാന്‍ ഒരുങ്ങി.


'' മിസ്റ്റര്‍ എന്താ നിങ്ങളുടെ പേര് '' ഡോക്ടര്‍ ചോദിച്ചു.


'' അനൂപ് ''


'' കഴിഞ്ഞ തവണ വന്നപ്പോള്‍ നിങ്ങള്‍ വേറൊരു കമ്പിനിയുടെ പ്രോഡക്റ്റാണല്ലോ പറഞ്ഞത് ''.


'' ഞാന്‍ ആ കമ്പിനി വിട്ടു സാര്‍ ''.


'' എന്താ കാരണം ''.


" വല്ലാത്ത വര്‍ക്ക് പ്രഷറാണ് സാര്‍ '' കമ്പിനി തുടര്‍ച്ചയായി ടാര്‍ജറ്റ് വര്‍ദ്ധിപ്പിച്ചിരുന്നത് അവന്‍ വിവരിച്ചു.


'' ഭാഗ്യം. ശമ്പളം കിട്ടാഞ്ഞിട്ടാണ് കമ്പിനി വിട്ടത് എന്നു പറഞ്ഞില്ലല്ലോ ''.


'' എന്താ സാര്‍ അങ്ങിനെ പറഞ്ഞത് ''.


'' നിങ്ങളെപോലെയുള്ളവരുടെ സ്ഥിരം നമ്പറാണ് അത്. പണി ചെയ്യാതെ വട്ട തിരിഞ്ഞ് നടക്കും. സെയില്‍സ് കുറഞ്ഞാല്‍ കമ്പിനി പിരിച്ചു വിടും. ഉടനെ വേറൊന്നില്‍ കേറും. ഇനി ഇതില്‍ എത്ര കാലം നില്‍ക്കാനാ ഉദ്ദേശം ''.


'' സ്ഥിരമായി നില്‍ക്കണം എന്നാണ് എന്‍റെ മോഹം ''.


'' എന്നാല്‍ തനിക്ക് നല്ലത് ''.


കടുത്ത നിരാശയോടെയാണ് അനൂപ് പുറത്തിറങ്ങിയത്. എത്ര പ്രതീക്ഷയോടെയാണ് ചെന്നത്. എന്നിട്ടുണ്ടായ അനുഭവം ഇങ്ങിനെയായി. ചെകിടത്ത് ഒന്ന് കിട്ടിയാല്‍ ഇത്ര വിഷമം തോന്നില്ല. ഒരുവിധത്തില്‍ ഉച്ച വരെ ജോലി ചെയ്തു, പിന്നെ കൂട്ടുകാരെ കാണാനുള്ള പുറപ്പാടായി.


കോട്ടയ്ക്ക് മുമ്പിലുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടിലെ മരച്ചുവട്ടില്‍ കൂട്ടുകാര്‍ ഹാജരുണ്ട്. പ്രദീപിന്‍റേയും റഷീദിന്‍റേയും നടുവിലായി ശെല്‍വന്‍. തല കുനിച്ചാണ് അവന്‍റെ ഇരിപ്പ്.


'' ഹല്ലോ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ '' അനൂപ് ചോദിച്ചു.


'' ആദ്യം നീ നിന്‍റെ വിശേഷങ്ങള്‍ പറയ് '' റഷീദ് ആവശ്യപ്പെട്ടു '' ട്രെയിനിങ്ങ്, യാത്ര എല്ലാം ഓരോ അനുഭവങ്ങളാണല്ലോ ''.


'' അതിനു മുമ്പ് ഞാന്‍ ഇവനോട് ഒരു കാര്യം ചോദിക്കട്ടെ '' അനൂപ് ശെല്‍വന്‍റെ നേരെ തിരിഞ്ഞു '' പെങ്ങളുടെ കല്യാണമൊക്കെ എത്രത്തോളം ആയടാ. നീ ഒരുങ്ങും മുമ്പ് ഞാന്‍ റെഡിയായി കിട്ടോ. കല്യാണത്തിന് വരാന്‍ എന്‍റെ അമ്മയ്ക്ക് സാരി വാങ്ങീട്ടാ ഞാന്‍ അവിടുന്ന് പോന്നത് ''.


കൂട്ടുകാരുടെ മുഖങ്ങള്‍ കരിവാളിച്ചു. നിറഞ്ഞൊഴുകിയ കണ്ണീര്‍ ശെല്‍വന്‍ തുടച്ചു. അനൂപിന് ഒന്നും മനസ്സിലായില്ല.


'' എന്താ പ്രശ്നം. നിങ്ങളാരും ഒന്നും പറയാത്തതെന്താ '' അവന്‍ പരിഭ്രമിച്ചു.


'' നീ എന്‍റെ കൂടെ വാ '' പ്രദീപ് അവനേയും കൂട്ടി നടന്നു. കിടങ്ങിനരികെ അവര്‍ നിന്നു. പാലത്തിന്ന് ചുവട്ടില്‍ നിന്ന് ആമകള്‍ തല പൊക്കി നോക്കുന്നുണ്ട്. പ്രദീപ് സംഭവം വിവരിച്ചു.


'' അവന്‍റെ മനസ്സ് പതറാതെ നോക്കണം. വല്ല അബദ്ധവും കാണിച്ചാലോ. പകല് മുഴുവന്‍ ഞങ്ങള്‍ ആരെങ്കിലും അവന്‍റെ കൂടെ ഉണ്ടാവും ''.


'' ഇനിയെന്താ ഉണ്ടാവ്വാ ''.


'' എന്ത് ഉണ്ടാവാന്‍. പോയത് പോട്ടെ. ബാക്കി ആളുകളുടെ കാര്യം നോക്കണോലോ ''.


'' അതിന് ''


'' ചെറിയ വിലയ്ക്ക് ഒരു വീട് നോക്കണം. നമ്മളെപോലെയല്ല, ഇവന്‍ വിവരം ഉള്ള കൂട്ടത്തിലാണ്. പി.എസ്.സി എഴുതി എന്തെങ്കിലും ജോലി നേടട്ടെ. അതുവരെ ഒരു ഹോട്ടലില്‍ കാഷ്യറായി പണി തരപ്പെടുത്തിയിട്ടുണ്ട് ''.


'' ഞാന്‍ ചെന്ന് അവനോട് സോറി പറയട്ടെ ''.


'' ഒന്നും വേണ്ടാ. മേലില്‍ ആ വര്‍ത്തമാനം പറയാണ്ടിരുന്നാല്‍ മതി ''.


ഇരുവരും കൂട്ടുകാരുടെ അടുത്തെത്തി. ആര്‍ക്കും ഒന്നും പറയാനാവുന്നില്ല. പൊടുന്നനെ മഴ ചാറി തുടങ്ങി. കോട്ടവാതില്‍ക്കലേക്ക് അവര്‍ ഓടി.

+++++++++++++++++

രണ്ടു ദിവസം അനിരുദ്ധന്‍ വിളിച്ചിട്ടും റെപ്രസെന്‍റ്റേറ്റീവ് ഫോണ്‍ എടുത്തില്ല. ഒരു ദിവസം ആ ഏരിയയില്‍ വര്‍ക്ക് ചെയ്യാനുണ്ട്. ഈ ആഴ്ച തന്നെ അത് തീര്‍ക്കണം. അടുത്ത ആഴ്ച മകളുടെ പിറന്നാളാണ്. രണ്ടു ദിവസമെങ്കിലും ലീവ് എടുക്കേണ്ടി വരും.


ഉച്ച തിരിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു നോക്കി. കിട്ടിയാല്‍ നാളെ എത്തുമെന്ന് പറയാനാണ്.


'' ആരാ '' മറുഭാഗത്ത് പരിചിതമല്ലാത്ത സ്വരം.


'' ഞാന്‍ പ്രിന്‍സിന്‍റെ മാനേജരാണ്. അയാള്‍ എവിടെ ''.


'' അവന്‍ സുഖമില്ലാതെ ആസ്പത്രിയിലാണ് ''.


'' ഏത് ആസ്പത്രിയില്‍. എന്താ അസുഖം ''.


മറുപടിക്ക് അല്‍പ്പം സമയമെടുത്തു. '' പണിക്ക് പോയപ്പോള്‍ മഴ കൊണ്ട് പനിയായതാണ്, സാര്‍ '' ആസ്പതിയുടെ പേരും പറഞ്ഞു.


'' ശരി. ഞാന്‍ ഹോസ്പിറ്റലില്‍ പോയി കണ്ടോളാം '' അനിരുദ്ധന്‍ കാള്‍ കട്ട് ചെയ്തു. ഒരു മിനുട്ട് കഴിഞ്ഞതേയുള്ളു, തിരിച്ച് ഫോണ്‍ വന്നു.


'' അതെ സാറേ, അവന്‍റെ പനി വിട്ടൂ, ആസ്പത്രീന്ന് ഡിസ്ച്ചാര്‍ജ്ജ് ചെയ്തു എന്ന വിവരം കിട്ടി. അര മണിക്കൂറിനുള്ളില്‍ ആള് വീട്ടിലെത്തും ''. ആ പറഞ്ഞതില്‍ എന്തോ ഒരു കള്ളത്തരം ഉള്ളതുപോലെ അനിരുദ്ധന്ന് തോന്നി.


'' നിങ്ങളാരാ '' അയാള്‍ ചോദിച്ചു.


'' ബ്രദറാണ് ''.


'' പ്രിന്‍സിന് ഒരു സിസ്റ്റര്‍ അല്ലേയുള്ളു ''.


'' അത് സാര്‍ ഞാന്‍ കസിന്‍ ബ്രദറാ ''.


രാധികയോട് അനിരുദ്ധന്‍ വിവരം പറഞ്ഞു. '' അവന്‍റെ വീട്ടിലൊന്നു ചെന്ന് നോക്കണംന്നുണ്ട്. കള്ളത്തരം അറിയാലോ ''.


'' ചിലപ്പോള്‍ സത്യം ആയിരിക്കും, അനിയേട്ടാ. നമ്മളായിട്ട് വെറുതെ കുറ്റം പറയണ്ടാ '' അവള്‍ പറഞ്ഞു '' പോവുമ്പൊ ഫ്രൂട്ട്‌സ് എന്തെങ്കിലും വാങ്ങിക്കോളൂ. വെറും കയ്യും വീശി പോണ്ടാ ''.


അയാള്‍ക്ക് ചിരി വന്നു. വടി കൊടുത്ത് അടി വാങ്ങിച്ച മട്ടിലായി. '' പത്തിരുപത് കിലോ മീറ്റര്‍
അങ്ങോട്ടും ഇങ്ങോട്ടും പോയി വരണം. എന്തിനാ വെറുതെ ''.


'' അതൊന്നും സാരൂല്യാ. ഇന്ന് മഴ ഇല്ലല്ലോ. പുതിയ കാറ് വാങ്ങീട്ട് ഓടിച്ച മാതിരി ആവും ചെയ്യും ''.


സ്കോഡാ ലോറ റോഡിലിറങ്ങി. പ്രിന്‍സിന്‍റെ വീട്ടിലേക്കുള്ള വഴി അവന്‍ പറഞ്ഞു തന്ന നേരിയ ഓര്‍മ്മയുണ്ട്. ഹൈസ്കൂളിന്ന് മുന്നിലെ പഞ്ചായത്ത് റോഡിലൂടെ ഒരു കിലോമീറ്റര്‍ ചെന്നാല്‍ ഒരു അമ്പലമുണ്ട്. അതിനടുത്താണ് വീട്.


മഴ ഇല്ലാത്തതിനാലാവാം അമ്പലപ്പറമ്പില്‍ ചെറുപ്പക്കാര്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. അവരോട് ചോദിച്ചാല്‍ പ്രിന്‍സിന്‍റെ വീട് അറിയാനാവും. അനിരുദ്ധന്‍ കുറച്ചു ദൂരെ കാര്‍ നിര്‍ത്തി പതുക്കെ മൈതാനത്തേക്ക് നടന്നു. പന്തിന്നു പുറകെ ഓടുന്ന പ്രിന്‍സിനെയാണ് അയാള്‍ കണ്ടത്.

Friday, June 15, 2012

നോവല്‍ - അദ്ധ്യായം - 45.

അനൂപ് ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചെത്തേണ്ട ദിവസമാണ്. ഉച്ചയ്ക്ക് വീട്ടിലെത്തും എന്ന് അവന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ചേമ്പുക്കിഴങ്ങും കുമ്പളങ്ങയും കൂടി മോരു പാര്‍ന്ന കൂട്ടാനും, കായയും ചേനയും കൂടി മെഴുക്കുപുരട്ടിയും, പച്ചമത്തനും വെള്ള പ്പയറും ചേര്‍ത്ത ഓലനും ഉണ്ടാക്കി ഇന്ദിര ഉച്ചയ്ക്കു മുമ്പേ മകനെ കാത്തിരുന്നു. അനൂപിന് ഇഷ്ടപ്പെട്ട വിഭവങ്ങളാണ് അവ. പത്തുപതിനഞ്ച് ദിവസം അന്യ നാട്ടില്‍ കഴിഞ്ഞിട്ടുള്ള വരവാണ്. നേരാംവണ്ണം വല്ല ഭക്ഷണം കിട്ടിയിട്ടുണ്ടാവുമോ ആവോ. എത്രയായാലും വീടു വിട്ടാല്‍ പിന്നെ മനസ്സില്‍ പിടിച്ചിട്ട് കഴിക്കാനൊന്നും കിട്ടീന്ന് വരില്ല.


ഒന്നര മണിയായിട്ടും മകന്‍ എത്താഞ്ഞപ്പോള്‍ ഇന്ദിരയ്ക്ക് വേവലാതിയായി. തെരു തെരെ അവള്‍ വാതില്‍ക്കല്‍ ചെന്ന്പടിക്കലേക്ക് നോക്കും, തിരിച്ച് രാമകൃഷ്ണന്‍റെ അടുത്ത് ചെന്നിരിക്കും.


'' എന്തിനാ ഇങ്ങിനെ വേവലാതി പെടുന്നേ. അവന്‍ ഇങ്ങോട്ടന്ന്യല്ലേ വര്വാ '' രാമകൃഷ്ണന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.


'' ഉച്ചയ്ക്ക് ഉണ്ണാന്‍ എത്താനല്ലേ ഇന്നലെ വിളിച്ചപ്പഴും പറഞ്ഞത് ''.


'' ചിലപ്പൊ വണ്ടി വൈകിയിട്ടുണ്ടാവും ''.


'' എന്നാല്‍ അതൊന്ന് വിളിച്ചു പറഞ്ഞൂടെ ആ കഴുതയ്ക്ക്. ഇവിടെ മനുഷ്യന്‍ തീ തിന്നോണ്ടാണ് നില്‍ക്കിണത്. വീട്ടിലുള്ളോര് വിഷമിക്കും എന്ന ഒരു ധാരണയും ഇല്ല ''.


'' അത്രയ്ക്കങ്ങിട്ട് അനു ആലോചിച്ചിട്ടുണ്ടാവില്ല '' എന്ന് പറഞ്ഞുവെങ്കിലും അയാള്‍ക്കും വിഷമം തോന്നിയിരുന്നു.


'' അങ്ങിട്ട് വിളിക്കാച്ചാല്‍ ഈ കുന്ത്രാണ്ടം എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയില്ല '' ഇന്ദിര സ്വന്തം കഴിവുകേടില്‍ പരിതപിച്ചു '' അല്ലെങ്കില്‍ വിളിച്ച് ചോദിക്കായിരുന്നു ''.


'' രമ വരട്ടെ. അവള്‍ വന്നാല്‍ വിളിച്ചോളും ''.


'' രണ്ട് രണ്ടരയാവില്ലേ അവള്‍ എത്താന്‍. അതിനുമുമ്പ് എന്തായാലും അവന്‍ എത്തും '' എന്ന് ഇന്ദിര സ്വയം ആശ്വസിച്ചു.


എന്നാല്‍ രമ എത്തുന്നതു വരെ അനൂപ് എത്തിയില്ല. '' ഏട്ടന്‍ വന്നില്ലേ '' അവള്‍ വന്നു കയറിയതേ അതും ചോദിച്ചുംകൊണ്ടായിരുന്നു.


'' ഇല്ലാടി. നീയൊന്ന് വിളിച്ചു നോക്ക് '' അമ്മ മകളെ മൊബൈല്‍ ഏല്‍പ്പിച്ചു. രമ അത് വാങ്ങി ഏട്ടനെ വിളിച്ചു.


'' ഏട്ടന്‍റെ മൊബൈല്‍ സ്വിച്ചോഫാണ് അമ്മേ. ഇനിയിപ്പൊ എന്താ ചെയ്യാ ''.


'' ആരടെ അടുത്ത് ചോദിച്ചാലാ എന്‍റെ കുട്ടിടെ വിവരം അറിയ്യാ '' ഇന്ദിരയുടെ സങ്കടം കണ്ണില്‍ നിന്ന് ഒഴുകി തുടങ്ങി.


'' എന്താ ഈ അമ്മയ്ക്ക്. മഴക്കാലം അല്ലേ, ഏട്ടന്‍ വരുന്ന ട്രെയിന്‍ ചിലപ്പൊ ലേറ്റ് ആയിട്ടുണ്ടാവും. അതാ വൈകുന്നത് ''.


'' അവന്‍ വന്നാല് അന്നന്നെ അവന്‍റെ കയ്യോണ്ട് തേവരുടെ നടയ്ക്കല് പത്ത് ഉറുപ്പിക വെപ്പിച്ചോളാം '' ഇന്ദിര വഴിപാട് നേര്‍ന്നു.


ആറര മണിയോടെ ചാറ്റല്‍ മഴ കൊണ്ടുംകൊണ്ട് അനൂപ് എത്തി. '' വണ്ടി വൈകി '' എന്ന് പറഞ്ഞും കൊണ്ടാണ് അവന്‍ ഉമ്മറപടി കയറിയത്.


'' എന്നാല്‍ നിനക്കതൊന്ന് അറിയിക്കായിരുന്നില്ലേ. എത്തുംന്ന് പറഞ്ഞ സമയത്തിന് കാണഞ്ഞിട്ട് വിഷമിച്ചോണ്ട് ഇരിക്ക്യായിരുന്നു ബക്കീളോര് ''.


'' ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് പോയി. അതാ വിളിക്കാന്‍ പറ്റാഞ്ഞത് ''.


ഇന്ദിര തോര്‍ത്തെടുത്ത് മകന്‍റെ തല തുവര്‍ത്തി. '' മഴ നനഞ്ഞിട്ട് ചീരാപ്പ് വരണ്ടാ. ഒരു നുള്ള് ഭസ്മം നിറുകില്‍ ഇട്ടോ. വിഴുപ്പ് മാറ്റുമ്പഴയ്ക്കും അമ്മ ചുടുക്കനെ ചായ ഉണ്ടാക്കി തരാം ''.


'' എനിക്കൊന്ന് കുളിക്കണം അമ്മേ. എന്നിട്ട് അമ്പലത്തില്‍ ചെന്ന് തൊഴുകണം. പ്രയാസം ഇല്ലാതെ ട്രെയിനിങ്ങ് കഴിഞ്ഞു വന്നതല്ലേ ''.


'' അത് നന്നായി. നിന്‍റെ കയ്യോണ്ട് പത്തുറുപ്പിക വെപ്പിച്ചോളാംന്ന് ഞാന്‍ നേര്‍ന്നിട്ടുണ്ട് ''. ഇന്ദിര അടുക്കളയിലേക്ക് നടന്നു, അനൂപ് സോപ്പുമായി കിണറ്റിനരികില്‍ തെങ്ങോലകൊണ്ട് കുത്തിമറച്ച കുളിമുറിയിലേക്കും. അവന്‍ വരുന്നതും കാത്ത് രമ നിന്നു.


'' ഏട്ടന്‍ എനിക്ക് എന്താ കൊണ്ടുവന്നത് '' അവള്‍ ചോദിച്ചു.


'' നിനക്ക് സമ്മാനം വാങ്ങാനാ അവന്‍ പോയത്. പെണ്ണിന്‍റെ ഓരോ കിന്നാരം '' അമ്മ ചൊടിച്ചു.


'' എന്‍റെ പൊന്നൂന് ഒന്നും കൊണ്ടുവരാതെ ഏട്ടന്‍ കയ്യും വീശി വര്വോ '' അനൂപ് ബാഗ് തുറന്നു '' ഇതാ നിനക്ക് ചൂരീദാര്‍, അമ്മയ്ക്ക് ഒരു സാരിയും വാങ്ങീട്ടുണ്ട് ''.


'' നിനക്കിത് എന്തിന്‍റെ കുറവാ. ഞാന്‍ സാരി ചുറ്റുന്നത് നീ കണ്ടിട്ടുണ്ടോ. വെറുതെ കയ്യിലുള്ള പൈസ കളയണം. അതന്നെ '' പണം ചിലവാക്കിയത് ഇന്ദിരക്ക് ഇഷ്ടപ്പെട്ടില്ല.


'' ശെല്‍വന്‍റെ പെങ്ങളുടെ കല്യാണം വരുണുണ്ട്. എല്ലാ കൂട്ടുകാരും അച്ഛനേയും അമ്മയേയും കൂട്ടി വരും. നമ്മുടെ അച്ഛന്‍ വയ്യാതെ ഇരിക്കുന്നതോണ്ട് അമ്മയെങ്കിലും വരണ്ടേ. നാല് ആള്‍ക്കാരുടെ ഇടയില്‍ ചെല്ലുമ്പോള്‍ അതിനനുസരിച്ച് പോണ്ടേ അമ്മേ. അതാ ഞാന്‍ വാങ്ങിയത് ''.


അതോടെ ഇന്ദിരയ്ക്ക് ഒന്നും പറയാനില്ലാതായി. '' നീയും നിന്‍റെ ഓരോ കൂട്ടുകാരും '' എന്നു മാത്രം പറഞ്ഞ് അവര്‍ നിര്‍ത്തി.


'' അതു പറഞ്ഞപ്പഴാ ഏട്ടാ, ഇന്ന് ഗോപാലകൃഷ്ണനങ്കിള്‍ വന്നിരുന്നു ''.


'' എപ്പൊ ''.


'' നാലു മണി കഴിഞ്ഞിട്ടുണ്ടാവും. മരുന്നു വാങ്ങി വരുന്ന വഴിയാണ്. ഏട്ടന്‍ എത്തീട്ടുണ്ടാവും എന്ന് കരുതീട്ടാണത്രേ ഇങ്ങോട്ട് കേറീത് ''.


'' ഇപ്പൊ അമ്മമ്മയ്ക്ക് എങ്ങിനീണ്ട് ''.


'' നല്ല ഭേദം ഉണ്ടെന്നാ പറഞ്ഞത് '' ഇന്ദിര പറഞ്ഞു '' കുറെ താളിന്‍തണ്ട് മുറിച്ചു വാങ്ങി. പാലിന്‍റെ വകേലാണെന്നാ തോന്നുണത്, കുറച്ച് പണൂം തന്നു. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിണ്ണാക്ക് വാങ്ങാന്‍ ഇരിക്കട്ടെ എന്നും പറഞ്ഞ് ഇവിടെ വെച്ചിട്ട് പോയി ''.


'' എങ്ങിന്യാ അമ്മേ കൊടുക്കാന്‍ പാല് ഉണ്ടാവുന്നത്. പശു പെറ്റപ്പോഴേ പാലിന് ഓരോ ദിക്കില്‍ ഏറ്റതല്ലേ '' അനൂപ് ചോദിച്ചു.


'' കുട്ടിക്ക് കുടിക്കാന്‍ ഒരു മുല കറക്കാതെ വെക്കാറുണ്ട്. അദ്ദേഹം പാല് ചോദിച്ചതില്‍ പിന്നെ അത് ചെറുക്കനെ പിഴിയാന്‍ തുടങ്ങി ''.


'' എല്ലാം പിഴിഞ്ഞെടുത്താല്‍ കുട്ടി കേടുവരും കിട്ടോ '' അനൂപ് മുന്നറിയിപ്പ് നല്‍കി.


'' ഏട്ടാ, അല്ലെങ്കില്‍ അമ്മ പാലില്‍ വെള്ളം ഒഴിക്കും '' രമ പറഞ്ഞു.


'' പെണ്ണേ, മൂടിക്കൊണ്ട് മിണ്ടാണ്ടിരുന്നോ. ഞാന്‍ പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കിലേ അത് നിന്നെയൊക്കെ പോറ്റാന്‍ വേണ്ടീട്ടാണ് ''.


'' ഞാനും വരുണുണ്ട് '' അനൂപ് അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ രമയും കൂടി. അവളുടെ മനസ്സിലിരുന്ന് ഒരു രഹസ്യം വീര്‍പ്പ് മുട്ടുകയാണ്.


'' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ വീട്ടില്‍ ചോദിക്ക്വോ ''.


'' ഇല്ല. എന്താ കാര്യം ''.


'' സത്യം ? ''.


'' തേവരാണെ സത്യം ''.


'' അമ്മ ഏട്ടന് പെണ്ണ് കണ്ടു വെച്ചിരിക്കുന്നു ''.


'' പോ പെണ്ണേ, നുണ പറയാണ്ടെ ''.


'' ഭഗവാനാണെ ഞാന്‍ പറയുന്നത് സത്യാണ്. പെണ്‍കുട്ടിടെ ഫോട്ടോ ഞാന്‍ കാണും ചെയ്തു. എന്തൊരു ഭംഗ്യാണ് അറിയ്യോ ''.


'' എന്തിന്‍റെ കേടാ ഈ അമ്മയ്ക്ക്. കല്യാണം കഴിപ്പിക്കാന്‍ പറ്റിയ നേരം ''.


'' നമ്മുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കാന്‍ ഒരു നായ്ച്ചാത്തന്‍ കൂടിയില്ല, മക്കളുടെ പേരും പറഞ്ഞ് ഇനി ഓരോരൊ ബന്ധം ഉണ്ടാവണം എന്നൊക്കെയാ അമ്മടെ മനസ്സിലിരുപ്പ് ''.


'' അതിനേ ആദ്യം നിന്നെ നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം. എന്നിട്ടു മതി എനിക്ക് കല്യാണം ''.


ഏട്ടന്‍റെ വാക്കുകള്‍ രമയുടെ മനസ്സിനെ കുളിരണിയിപ്പിച്ചു, ചാറ്റല്‍ മഴയില്‍ കുളിച്ചു വരുന്ന കാറ്റ് അവളുടെ ശരീരത്തേയും.