Friday, June 15, 2012

നോവല്‍ - അദ്ധ്യായം - 45.

അനൂപ് ട്രെയിനിങ്ങ് കഴിഞ്ഞ് തിരിച്ചെത്തേണ്ട ദിവസമാണ്. ഉച്ചയ്ക്ക് വീട്ടിലെത്തും എന്ന് അവന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ചേമ്പുക്കിഴങ്ങും കുമ്പളങ്ങയും കൂടി മോരു പാര്‍ന്ന കൂട്ടാനും, കായയും ചേനയും കൂടി മെഴുക്കുപുരട്ടിയും, പച്ചമത്തനും വെള്ള പ്പയറും ചേര്‍ത്ത ഓലനും ഉണ്ടാക്കി ഇന്ദിര ഉച്ചയ്ക്കു മുമ്പേ മകനെ കാത്തിരുന്നു. അനൂപിന് ഇഷ്ടപ്പെട്ട വിഭവങ്ങളാണ് അവ. പത്തുപതിനഞ്ച് ദിവസം അന്യ നാട്ടില്‍ കഴിഞ്ഞിട്ടുള്ള വരവാണ്. നേരാംവണ്ണം വല്ല ഭക്ഷണം കിട്ടിയിട്ടുണ്ടാവുമോ ആവോ. എത്രയായാലും വീടു വിട്ടാല്‍ പിന്നെ മനസ്സില്‍ പിടിച്ചിട്ട് കഴിക്കാനൊന്നും കിട്ടീന്ന് വരില്ല.


ഒന്നര മണിയായിട്ടും മകന്‍ എത്താഞ്ഞപ്പോള്‍ ഇന്ദിരയ്ക്ക് വേവലാതിയായി. തെരു തെരെ അവള്‍ വാതില്‍ക്കല്‍ ചെന്ന്പടിക്കലേക്ക് നോക്കും, തിരിച്ച് രാമകൃഷ്ണന്‍റെ അടുത്ത് ചെന്നിരിക്കും.


'' എന്തിനാ ഇങ്ങിനെ വേവലാതി പെടുന്നേ. അവന്‍ ഇങ്ങോട്ടന്ന്യല്ലേ വര്വാ '' രാമകൃഷ്ണന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.


'' ഉച്ചയ്ക്ക് ഉണ്ണാന്‍ എത്താനല്ലേ ഇന്നലെ വിളിച്ചപ്പഴും പറഞ്ഞത് ''.


'' ചിലപ്പൊ വണ്ടി വൈകിയിട്ടുണ്ടാവും ''.


'' എന്നാല്‍ അതൊന്ന് വിളിച്ചു പറഞ്ഞൂടെ ആ കഴുതയ്ക്ക്. ഇവിടെ മനുഷ്യന്‍ തീ തിന്നോണ്ടാണ് നില്‍ക്കിണത്. വീട്ടിലുള്ളോര് വിഷമിക്കും എന്ന ഒരു ധാരണയും ഇല്ല ''.


'' അത്രയ്ക്കങ്ങിട്ട് അനു ആലോചിച്ചിട്ടുണ്ടാവില്ല '' എന്ന് പറഞ്ഞുവെങ്കിലും അയാള്‍ക്കും വിഷമം തോന്നിയിരുന്നു.


'' അങ്ങിട്ട് വിളിക്കാച്ചാല്‍ ഈ കുന്ത്രാണ്ടം എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയില്ല '' ഇന്ദിര സ്വന്തം കഴിവുകേടില്‍ പരിതപിച്ചു '' അല്ലെങ്കില്‍ വിളിച്ച് ചോദിക്കായിരുന്നു ''.


'' രമ വരട്ടെ. അവള്‍ വന്നാല്‍ വിളിച്ചോളും ''.


'' രണ്ട് രണ്ടരയാവില്ലേ അവള്‍ എത്താന്‍. അതിനുമുമ്പ് എന്തായാലും അവന്‍ എത്തും '' എന്ന് ഇന്ദിര സ്വയം ആശ്വസിച്ചു.


എന്നാല്‍ രമ എത്തുന്നതു വരെ അനൂപ് എത്തിയില്ല. '' ഏട്ടന്‍ വന്നില്ലേ '' അവള്‍ വന്നു കയറിയതേ അതും ചോദിച്ചുംകൊണ്ടായിരുന്നു.


'' ഇല്ലാടി. നീയൊന്ന് വിളിച്ചു നോക്ക് '' അമ്മ മകളെ മൊബൈല്‍ ഏല്‍പ്പിച്ചു. രമ അത് വാങ്ങി ഏട്ടനെ വിളിച്ചു.


'' ഏട്ടന്‍റെ മൊബൈല്‍ സ്വിച്ചോഫാണ് അമ്മേ. ഇനിയിപ്പൊ എന്താ ചെയ്യാ ''.


'' ആരടെ അടുത്ത് ചോദിച്ചാലാ എന്‍റെ കുട്ടിടെ വിവരം അറിയ്യാ '' ഇന്ദിരയുടെ സങ്കടം കണ്ണില്‍ നിന്ന് ഒഴുകി തുടങ്ങി.


'' എന്താ ഈ അമ്മയ്ക്ക്. മഴക്കാലം അല്ലേ, ഏട്ടന്‍ വരുന്ന ട്രെയിന്‍ ചിലപ്പൊ ലേറ്റ് ആയിട്ടുണ്ടാവും. അതാ വൈകുന്നത് ''.


'' അവന്‍ വന്നാല് അന്നന്നെ അവന്‍റെ കയ്യോണ്ട് തേവരുടെ നടയ്ക്കല് പത്ത് ഉറുപ്പിക വെപ്പിച്ചോളാം '' ഇന്ദിര വഴിപാട് നേര്‍ന്നു.


ആറര മണിയോടെ ചാറ്റല്‍ മഴ കൊണ്ടുംകൊണ്ട് അനൂപ് എത്തി. '' വണ്ടി വൈകി '' എന്ന് പറഞ്ഞും കൊണ്ടാണ് അവന്‍ ഉമ്മറപടി കയറിയത്.


'' എന്നാല്‍ നിനക്കതൊന്ന് അറിയിക്കായിരുന്നില്ലേ. എത്തുംന്ന് പറഞ്ഞ സമയത്തിന് കാണഞ്ഞിട്ട് വിഷമിച്ചോണ്ട് ഇരിക്ക്യായിരുന്നു ബക്കീളോര് ''.


'' ഫോണിന്‍റെ ബാറ്ററി ചാര്‍ജ്ജ് പോയി. അതാ വിളിക്കാന്‍ പറ്റാഞ്ഞത് ''.


ഇന്ദിര തോര്‍ത്തെടുത്ത് മകന്‍റെ തല തുവര്‍ത്തി. '' മഴ നനഞ്ഞിട്ട് ചീരാപ്പ് വരണ്ടാ. ഒരു നുള്ള് ഭസ്മം നിറുകില്‍ ഇട്ടോ. വിഴുപ്പ് മാറ്റുമ്പഴയ്ക്കും അമ്മ ചുടുക്കനെ ചായ ഉണ്ടാക്കി തരാം ''.


'' എനിക്കൊന്ന് കുളിക്കണം അമ്മേ. എന്നിട്ട് അമ്പലത്തില്‍ ചെന്ന് തൊഴുകണം. പ്രയാസം ഇല്ലാതെ ട്രെയിനിങ്ങ് കഴിഞ്ഞു വന്നതല്ലേ ''.


'' അത് നന്നായി. നിന്‍റെ കയ്യോണ്ട് പത്തുറുപ്പിക വെപ്പിച്ചോളാംന്ന് ഞാന്‍ നേര്‍ന്നിട്ടുണ്ട് ''. ഇന്ദിര അടുക്കളയിലേക്ക് നടന്നു, അനൂപ് സോപ്പുമായി കിണറ്റിനരികില്‍ തെങ്ങോലകൊണ്ട് കുത്തിമറച്ച കുളിമുറിയിലേക്കും. അവന്‍ വരുന്നതും കാത്ത് രമ നിന്നു.


'' ഏട്ടന്‍ എനിക്ക് എന്താ കൊണ്ടുവന്നത് '' അവള്‍ ചോദിച്ചു.


'' നിനക്ക് സമ്മാനം വാങ്ങാനാ അവന്‍ പോയത്. പെണ്ണിന്‍റെ ഓരോ കിന്നാരം '' അമ്മ ചൊടിച്ചു.


'' എന്‍റെ പൊന്നൂന് ഒന്നും കൊണ്ടുവരാതെ ഏട്ടന്‍ കയ്യും വീശി വര്വോ '' അനൂപ് ബാഗ് തുറന്നു '' ഇതാ നിനക്ക് ചൂരീദാര്‍, അമ്മയ്ക്ക് ഒരു സാരിയും വാങ്ങീട്ടുണ്ട് ''.


'' നിനക്കിത് എന്തിന്‍റെ കുറവാ. ഞാന്‍ സാരി ചുറ്റുന്നത് നീ കണ്ടിട്ടുണ്ടോ. വെറുതെ കയ്യിലുള്ള പൈസ കളയണം. അതന്നെ '' പണം ചിലവാക്കിയത് ഇന്ദിരക്ക് ഇഷ്ടപ്പെട്ടില്ല.


'' ശെല്‍വന്‍റെ പെങ്ങളുടെ കല്യാണം വരുണുണ്ട്. എല്ലാ കൂട്ടുകാരും അച്ഛനേയും അമ്മയേയും കൂട്ടി വരും. നമ്മുടെ അച്ഛന്‍ വയ്യാതെ ഇരിക്കുന്നതോണ്ട് അമ്മയെങ്കിലും വരണ്ടേ. നാല് ആള്‍ക്കാരുടെ ഇടയില്‍ ചെല്ലുമ്പോള്‍ അതിനനുസരിച്ച് പോണ്ടേ അമ്മേ. അതാ ഞാന്‍ വാങ്ങിയത് ''.


അതോടെ ഇന്ദിരയ്ക്ക് ഒന്നും പറയാനില്ലാതായി. '' നീയും നിന്‍റെ ഓരോ കൂട്ടുകാരും '' എന്നു മാത്രം പറഞ്ഞ് അവര്‍ നിര്‍ത്തി.


'' അതു പറഞ്ഞപ്പഴാ ഏട്ടാ, ഇന്ന് ഗോപാലകൃഷ്ണനങ്കിള്‍ വന്നിരുന്നു ''.


'' എപ്പൊ ''.


'' നാലു മണി കഴിഞ്ഞിട്ടുണ്ടാവും. മരുന്നു വാങ്ങി വരുന്ന വഴിയാണ്. ഏട്ടന്‍ എത്തീട്ടുണ്ടാവും എന്ന് കരുതീട്ടാണത്രേ ഇങ്ങോട്ട് കേറീത് ''.


'' ഇപ്പൊ അമ്മമ്മയ്ക്ക് എങ്ങിനീണ്ട് ''.


'' നല്ല ഭേദം ഉണ്ടെന്നാ പറഞ്ഞത് '' ഇന്ദിര പറഞ്ഞു '' കുറെ താളിന്‍തണ്ട് മുറിച്ചു വാങ്ങി. പാലിന്‍റെ വകേലാണെന്നാ തോന്നുണത്, കുറച്ച് പണൂം തന്നു. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിണ്ണാക്ക് വാങ്ങാന്‍ ഇരിക്കട്ടെ എന്നും പറഞ്ഞ് ഇവിടെ വെച്ചിട്ട് പോയി ''.


'' എങ്ങിന്യാ അമ്മേ കൊടുക്കാന്‍ പാല് ഉണ്ടാവുന്നത്. പശു പെറ്റപ്പോഴേ പാലിന് ഓരോ ദിക്കില്‍ ഏറ്റതല്ലേ '' അനൂപ് ചോദിച്ചു.


'' കുട്ടിക്ക് കുടിക്കാന്‍ ഒരു മുല കറക്കാതെ വെക്കാറുണ്ട്. അദ്ദേഹം പാല് ചോദിച്ചതില്‍ പിന്നെ അത് ചെറുക്കനെ പിഴിയാന്‍ തുടങ്ങി ''.


'' എല്ലാം പിഴിഞ്ഞെടുത്താല്‍ കുട്ടി കേടുവരും കിട്ടോ '' അനൂപ് മുന്നറിയിപ്പ് നല്‍കി.


'' ഏട്ടാ, അല്ലെങ്കില്‍ അമ്മ പാലില്‍ വെള്ളം ഒഴിക്കും '' രമ പറഞ്ഞു.


'' പെണ്ണേ, മൂടിക്കൊണ്ട് മിണ്ടാണ്ടിരുന്നോ. ഞാന്‍ പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കിലേ അത് നിന്നെയൊക്കെ പോറ്റാന്‍ വേണ്ടീട്ടാണ് ''.


'' ഞാനും വരുണുണ്ട് '' അനൂപ് അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ രമയും കൂടി. അവളുടെ മനസ്സിലിരുന്ന് ഒരു രഹസ്യം വീര്‍പ്പ് മുട്ടുകയാണ്.


'' ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ വീട്ടില്‍ ചോദിക്ക്വോ ''.


'' ഇല്ല. എന്താ കാര്യം ''.


'' സത്യം ? ''.


'' തേവരാണെ സത്യം ''.


'' അമ്മ ഏട്ടന് പെണ്ണ് കണ്ടു വെച്ചിരിക്കുന്നു ''.


'' പോ പെണ്ണേ, നുണ പറയാണ്ടെ ''.


'' ഭഗവാനാണെ ഞാന്‍ പറയുന്നത് സത്യാണ്. പെണ്‍കുട്ടിടെ ഫോട്ടോ ഞാന്‍ കാണും ചെയ്തു. എന്തൊരു ഭംഗ്യാണ് അറിയ്യോ ''.


'' എന്തിന്‍റെ കേടാ ഈ അമ്മയ്ക്ക്. കല്യാണം കഴിപ്പിക്കാന്‍ പറ്റിയ നേരം ''.


'' നമ്മുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കാന്‍ ഒരു നായ്ച്ചാത്തന്‍ കൂടിയില്ല, മക്കളുടെ പേരും പറഞ്ഞ് ഇനി ഓരോരൊ ബന്ധം ഉണ്ടാവണം എന്നൊക്കെയാ അമ്മടെ മനസ്സിലിരുപ്പ് ''.


'' അതിനേ ആദ്യം നിന്നെ നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം. എന്നിട്ടു മതി എനിക്ക് കല്യാണം ''.


ഏട്ടന്‍റെ വാക്കുകള്‍ രമയുടെ മനസ്സിനെ കുളിരണിയിപ്പിച്ചു, ചാറ്റല്‍ മഴയില്‍ കുളിച്ചു വരുന്ന കാറ്റ് അവളുടെ ശരീരത്തേയും.

























6 comments:

  1. നന്നായിരിക്കുന്നു.
    ഒരു കുടുംബത്തിലെ ആവലാതികളും വിഹ്വലതകളും അതേപടി പകർത്തിയിരിക്കുന്നു.
    ആശംസകൾ....

    (ഇടക്കു വച്ച് പോസ്റ്റ് ഒന്നു കൂടി ആവർത്തിച്ചിരിക്കുന്നത് എന്തിന്..?)

    ReplyDelete
  2. ഉം ഉം ഉം .... ഇടയ്ക്ക് അല്പകാലം പോസ്റ്റ്‌ ഉണ്ടായില്ലാ അല്ലെ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. "ചേമ്പുക്കിഴങ്ങും കുമ്പളങ്ങയും കൂടി മോരു പാര്‍ന്ന കൂട്ടാനും, കായയും ചേനയും കൂടി മെഴുക്കുപുരട്ടിയും, പച്ചമത്തനും വെള്ള പ്പയറും ചേര്‍ത്ത ഓലനും" ഗൃഹാതുരമായ ഒരു രുചിയോർമയാണ്.

    ReplyDelete
  5. വി. കെ,
    ആശംസകള്‍ക്ക് നന്ദി, തെറ്റ് ചൂണ്ടി കാട്ടിയതിന്ന് പ്രത്യേകിച്ചും. തിരുത്ത് വരുത്തിയിട്ടുണ്ട്.

    ഞാന്‍ പുണ്യവാളന്‍,
    ചില തിരക്കുകള്‍ കാരണം അല്‍പ്പം വൈകി.

    രാജഗോപാല്‍,
    നാറ്റിന്‍പുറക്കാരന്‍റെ മെനു ഇതൊക്കെയല്ലേ.

    ReplyDelete
  6. ചേമ്പുക്കിഴങ്ങും കുമ്പളങ്ങയും കൂടി മോരു പാര്‍ന്ന കൂട്ടാനും, കായയുംചേനയും കൂടി മെഴുക്കുപുരട്ടിയും, പച്ചമത്തനും വെള്ള പ്പയറും ചേര്‍ത്ത ഓലനും ഉണ്ടാക്കി
    ഏട്ടനും ഇതാണ് ഇഷ്ടം എന്ന് തോന്നുന്നു...

    ReplyDelete