Monday, October 29, 2012

നോവല്‍ - അദ്ധ്യായം - 53.


'' എന്‍റെ മകളുടെ താലി ഭാഗ്യോ, നിങ്ങളുടെ വയറിന്‍റെ പുണ്യമോ അതോ ഈശ്വരന്‍റെ അനുഗ്രഹോ, എന്താ പറയണ്ടത് എന്നറിയില്ല, കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടൂന്ന് പറഞ്ഞാല്‍ മതി '' ശിവശങ്കര മേനോന്‍ പറഞ്ഞു '' എന്തായാലും ശരി, ഇനി ഈ പണിക്ക് പോവാന്‍ ഞാന്‍ സമ്മതിക്കില്ല ''. അനിരുദ്ധന്‍ ആസ്പത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയാണ്.


'' ആ ഓട്ടോറിക്ഷ ഡ്രൈവറുടെ തെറ്റാണെന്നാ ഞങ്ങള് സ്ഥലത്തു ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് '' രാധികയുടെ മൂത്ത ഏട്ടന്‍ പറഞ്ഞു '' അവന്‍ ഇടംവലം നോക്കാതെ തിരിച്ചതോണ്ട് സംഭവിച്ചതാ ''.


'' ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറുടെ മിടുക്ക് കാരണം അവരുടെ ദേഹത്ത് കയറും മുമ്പ് ബസ്സ് നിര്‍ത്താനായി '' ഇളയ ഏട്ടന്‍ ഇടപെട്ടു '' ഇല്ലെങ്കില്‍ രണ്ടാളും സ്പോട്ടില്‍ തീര്‍ന്നേനെ ''.


അനിരുദ്ധന്‍റെ മനസ്സിലേക്ക് ആ സംഭവം ഓടിയെത്തി. ഓട്ടോവില്‍ ബൈക്ക് ഇടിച്ചതും പാഞ്ഞു വരുന്ന ബസ്സിന്‍റെ മുന്നിലേക്ക് തെറിച്ചു വീണു. റോഡിലൂടെ പാതച്ചാലിലേക്ക് ഉരുണ്ടു പോവുന്നതിന്നിടയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ ബസ്സില്‍ ഇടിക്കുന്ന ശബ്ദം ഉയര്‍ന്നു, ഓടി കൂടിയ ആളുകളുടെ ബഹളവും ഒപ്പം കേള്‍ക്കാനായി. ആരെല്ലാമോ ചേര്‍ന്ന് പൊക്കിയെടുത്ത് ഏതോ ഒരു വാഹനത്തില്‍ കയറ്റുകയാണ്. ക്രമേണ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതുപോലെ. കേള്‍ക്കുന്നതെല്ലാം അസ്പഷ്ടമായ ശബ്ദങ്ങളായി.


'' നാലു ദിവസം ആസ്പത്രിയില്‍ കിടക്കാനുള്ള യോഗം അവനുണ്ടാവും. അത് ഇങ്ങിനെ തീര്‍ന്നൂന്ന് വിചാരിക്കാം '' കട്ടിലില്‍ അനിരുദ്ധന്‍റെ അടുത്ത് ഇരുന്ന അമ്മ മകന്‍റെ നെറ്റിയില്‍ തടവി '' എന്‍റെ കുട്ടി അറിഞ്ഞുംകൊണ്ട് ഒരാളുക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല. ഭഗവാന്‍ അവനെ കൈ വിടില്ല ''.


'' സമ്മതിച്ചു. എല്ലാം ശരിയായിരിക്കും. എന്നാലും ഈ പണി അപകടം പിടിച്ച ഏര്‍പ്പാട് തന്നെയാണ്. ഓരോ ദിവസം ഓരോ ചെക്കന്മാരുടെ മോട്ടോര്‍ സൈക്കിളിന്‍റെ പിന്നില്‍ കയറി യാത്ര. ഇനി വേറൊരു ദിക്കില്‍വെച്ച് ഇതുപോലെ സംഭവിക്കില്ലാന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയ്യോ. അതാണ് ഈ പണിക്ക് പോണ്ടാന്ന് ഞാന്‍ പറയുന്നത് '' മേനോന്‍ പഴയ പല്ലവി തുടരുകയാണ്.


'' ജോലി വേണ്ടാന്ന് വെച്ചാല്‍ കുടുംബം പോറ്റണ്ടേ. അതിന് എന്ത് ചെയ്യും '' അമ്മ മനസ്സ് തുറന്നു.


'' അതിനാണോ പ്രയാസം. സ്വന്തമായിട്ട് എന്തെല്ലാം സ്ഥാപനങ്ങള്‍ നമുക്കുണ്ട്. പോരാത്തതിന് ഇപ്പോള്‍ ഇയാളുടെ പേരില്‍ ഒരു ബിസിനസ്സും തുടങ്ങാന്‍ പോണൂ. അതൊക്കെ മര്യാദയ്ക്ക് നോക്കി നടത്തിയാല്‍ ഇന്ന് സമ്പാദിക്കുന്നതിന്‍റെ എത്രയോ ഇരട്ടി ഉണ്ടാക്കാം. ഇതൊന്നും ഇല്ലെങ്കില്‍ തന്നെ നാല് തലമുറയ്ക്ക് തിന്നാനുള്ള വക ഞാന്‍ എന്‍റെ മകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് കളയാതെ നോക്ക്വേ വേണ്ടൂ ''.


'' കേട്ടിലേ അദ്ദേഹം പറയിണത് '' അമ്മ മകനോട് പറഞ്ഞു '' അവര് പറയുന്നത് കേട്ട് നടക്ക്. നിനക്ക് ഒരു ദോഷൂം വരില്ല ''.


'' അല്ലെങ്കിലും ഈ ജോലി വേണ്ടാന്ന് വെക്കാന്‍ ഞാന്‍ നിശ്ചയിച്ചതാണ് '' അനിരുദ്ധന്‍ 
തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.


'' അസ്സല് തീരുമാനം. വെടികൊണ്ട് ചാവാന്‍ വേണ്ടീട്ടാണോ ആ നാട്ടിലേക്ക് പോണത് ''മേനോന്‍റെ ശബ്ദം ഉയര്‍ന്നു '' ഒരു കാര്യം ഞാന്‍ പറയ്യാണ്. എന്‍റെ മകള്‍ക്ക് ചെറുപ്പാണ്. ഭര്‍ത്താവ് വേണ്ടാന്ന് കരുതേണ്ട പ്രായം ഒന്നും അവള്‍ക്കായിട്ടില്യാ ''. അനിരുദ്ധന്‍  മിണ്ടാതെ കിടന്നു.

'' ഞാന്‍ പറഞ്ഞതിനെപ്പറ്റി എന്താ തന്‍റെ അഭിപ്രായം '' മേനോന്‍ ചോദിച്ചു.


'' എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഈ ഫീല്‍ഡിനെ കുറിച്ച് അറിയുന്നതോണ്ടാ മടി തോന്നുന്നത് '' അനിരുദ്ധന്‍ പറഞ്ഞു '' മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് മരുന്നുകള്‍ ക്രെഡിറ്റിലാണ് കൊടുക്കുക. ഒന്നോ രണ്ടോ മാസം കഴിഞ്ഞിട്ടാണ് അത് കിട്ടുക. കടം കൊടുത്തത് പിരിച്ചെടുക്കാനാ പാട്. ചിലര് പൈസ തരാതെ പറ്റിക്കാന്‍ നോക്കും ''. ശിവശങ്കര മേനോന്‍ ഉറക്കെ ചിരിച്ചു.


'' ഇതാണോ പ്രശ്നം. നമ്മളുടെ കയ്യില്‍ നിന്ന് കടത്തില്‍ ആരെങ്കിലും സാധനം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അത്പിരിച്ചെടുക്കാനും നമുക്ക് ആവും. ആരെങ്കിലും പണം തരാന്‍ മടിയ്ക്കുന്നൂണ്ടെങ്കില്‍ ആ കാര്യം എന്നെ അറിയിച്ചാല്‍ മതി, പൈസ മുമ്പില്‍ കൊണ്ടുവന്നു വെച്ച് നൂറ്റൊന്ന് ഏത്തം ഇടും. അതിനുള്ള വഴി എനിക്കറിയാം ''.


'' ഞാന്‍ ഈ മാസം മുപ്പത്തി ഒന്നാം തിയ്യതി വെച്ച് റിസൈന്‍ ചെയ്യാം '' അനിരുദ്ധന്‍ സമ്മതിച്ചു.

'' ഇത്രേ ഞങ്ങള്‍ക്കും വേണ്ടൂ '' മേനോന്‍ സന്തോഷം പ്രകടിപ്പിച്ചു '' ഒന്നിനും ഒരു ബുദ്ധിമുട്ട് വരില്ല. ആ കാര്യം ഞാനേറ്റു. ജ്വല്ലറിയിലും, ടെക്സ്റ്റൈല്‍ കടയിലും, മെഡിക്കല്‍ സ്റ്റോക്കിസ്റ്റിലും അനിരുദ്ധന്‍റെ ഒരു നോട്ടം ഉണ്ടായാല്‍ മാത്രം മതി. സര്‍വ്വ സമയത്തും അവിടെ ഇരിക്ക്വോന്നും വേണ്ടാ ''.


'' കൂടെ ഉണ്ടായ കുട്ടിക്ക് എങ്ങനീണ്ട് '' അമ്മ അന്വേഷിച്ചു.


'' തുടടെ എല്ല് പൊട്ടീട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്ത് കമ്പീട്ടു. പിന്നെ ഇയാളുടെ മാതിരി കയ്യില് ഒടിവുണ്ട്. അതും പ്ലാസ്റ്ററിട്ടു ''.


'' അപ്പൊ ആ കുട്ടിടെ ആള്‍കാര്‍ക്ക് പൈസ കുറെ ആവ്വോലോ ''.


'' പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് അവന്‍. ശമ്പളം കിട്ടുന്നതോണ്ട് വേണം കുടുംബം കഴിയാന്‍.  എന്‍റെ മകളുടെ ഭര്‍ത്താവിന്‍റെ ആയുസ്സ് കിട്ട്യേതല്ലേ. ആ സന്തോഷത്തില്‍ അവന്‍റെ ആസ്പത്രി ബില്ല് ഞാന്‍ അടച്ചു ''.


നേരം നാലു മണിയായി. രാധിക എല്ലാവര്‍ക്കും ചായയുമായി എത്തി.


'' സാറേ '' പുറത്തു നിന്ന് ഒരു വിളി കേട്ടു. രാധിക ചെന്നു നോക്കി.


'' അനിരുദ്ധന്‍ സാറില്ലേ ''.


'' ആരാ. എന്താ വേണ്ടത് ''.


'' ഞാന്‍ അനൂപ്. സാറിനെ കാണാന്‍ വന്നതാണ് ''. കിടക്കുന്ന ദിക്കില്‍ അനിരുദ്ധന്‍ ആ സംഭാഷണം കേട്ടു.


'' ഇങ്ങോട്ട് വരാന്‍ പറയൂ '' അയാള്‍  ഭാര്യയോട് പറഞ്ഞു. രാധികയുടെ പിന്നിലായി അനൂപ് അകത്തെത്തി.


'' ഞാന്‍ സുഖമില്ലാതെ കിടപ്പായിരുന്നു '' അവന്‍ പറഞ്ഞു '' സാറ് ആക്സിഡന്‍റായ വിവരം ഇന്നാണ് അറിഞ്ഞത്. ആസ്പത്രിയില്‍ ചെന്ന് നോക്കിയപ്പോള്‍ ഡിസ്ച്ചാര്‍ജ്ജ് ആയി പോന്നൂന്ന് പറഞ്ഞു '
'.


അനിരുദ്ധന്‍ അപകടത്തെക്കുറിച്ചും പരിക്കിനെപ്പറ്റിയും അനൂപിനോട് സംസാരിക്കുമ്പോള്‍ മേനോന്‍  അവനെ ശ്രദ്ധിക്കുകയായിരുന്നു. എവിടേയോ കണ്ട മുഖം. പെട്ടെന്ന് അയാള്‍ക്ക് ആളെ മനസ്സിലായി.


 '' ഗോപാലകൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍വെച്ച് കണ്ട കുട്ടിയല്ലേ '' അയാള്‍ ചോദിച്ചു. അതെ എന്ന മട്ടില്‍ അനൂപ് തലയാട്ടി.


'' കേട്ടോ, ഈ കുട്ടി നന്നായി പാട്ട് പാടും എന്ന് അയാള് പറഞ്ഞിരുന്നു ''.


'' ഉവ്വോ, അതെനിക്ക് അറിയില്ല '' അനിരുദ്ധന്‍ അത്ഭുതം പ്രകടിപ്പിച്ചു.

'' എന്നാല്‍ ഇപ്പോള്‍ ഒരു പാട്ട് പാടട്ടെ. നമുക്ക് കേള്‍ക്കാലോ '' രാധികയുടെ മൂത്ത ഏട്ടന്‍ കേട്ടതില്‍  ചാടിപ്പിടിച്ചു.


'' ഇപ്പൊ വേണ്ടാ. സാറ് വയ്യാതെ കിടക്കുകയല്ലേ. ഇനി ഒരിക്കലാവാം '' അനൂപ് ഒഴിഞ്ഞു മാറി.


'' അത് സാരൂല്യാ. അനൂപ് പാടിക്കോളൂ. പാട്ട് കേട്ടാല്‍ ഉള്ള ടെന്‍ഷന്‍ മാറും '' അനിരുദ്ധന്‍ പറഞ്ഞു.

'' ഏതു പാട്ടാ വേണ്ടത് ''.


'' നല്ല അടിപൊളി സിനിമാപ്പാട്ട് '' മൂത്ത ഏട്ടന്‍ താല്‍പ്പര്യം വെളിപ്പെടുത്തി.


'' ഛേ, അതൊന്നും വേണ്ടാ. കുട്ടി ഒരു ഭക്തിഗാനം പാടിക്കോളൂ '' അച്ഛന്‍ ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. അനൂപ് അല്‍പ്പനേരം ആലോചിച്ചു നിന്നു. ഒരാള്‍ക്ക് വേണ്ടത് സിനിമാപ്പാട്ട്, മറ്റൊരാള്‍ക്ക് ഭക്തിഗാനം.  രണ്ടാളുടേയും മോഹം നടക്കട്ടെ. അവന്‍ പാടിത്തുടങ്ങി.


'' ശരണമയ്യപ്പാ സ്വാമി, ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പ ..... ''

ആ ഗാനത്തിന്‍റെ മനോഹാരിതയില്‍ എല്ലാവരും ലയിച്ചിരുന്നു. ഗാനഗന്ധര്‍വ്വന്‍റെ അദൃശ്യ സാന്നിദ്ധ്യം അവിടെ ഉള്ളതായി അവര്‍ക്ക് തോന്നി. പാട്ട് അവസാനിച്ചു. അതിന്‍റെ മാസ്മരികതയില്‍ ആര്‍ക്കും ഒന്നും പറയാനാവുന്നില്ല.


'' ഞാന്‍ പോട്ടേ സാര്‍ '' അനൂപ് ചോദിച്ചു.  ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ അനിരുദ്ധന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു.

'' ഇത്ര കഴിവുണ്ടായിട്ട് അനൂപ് എന്തിനാ ഈ പണിക്ക് ഇറങ്ങിയത്. തനിക്ക് ഈ ഫീല്‍ഡാണ് നല്ലത്. ശരിക്ക് തിളങ്ങും ''.

'' ജീവിക്കണ്ടേ സാര്‍. ഈ രംഗത്ത് കയറിപ്പറ്റാന്‍ ആരെങ്കിലും സഹായിക്കാന്‍ വേണം. എനിക്ക് അതിന് ആരൂല്യാ ''.


'' ഒക്കെ ഉണ്ടാവും കുട്ടി '' മേനോന്‍ എഴുന്നേറ്റു ചെന്ന്അനൂപിന്‍റെ ശിരസ്സില്‍ കൈവെച്ചു '' നിനക്ക് ഒരു നല്ലകാലം ദൈവം വെച്ചിട്ടുണ്ടാവും ''. 
അദ്ദേഹം പേഴ്സില്‍ നിന്ന് ആയിരത്തിന്‍റെ ഒരു നോട്ടെടുത്ത് അവനുനേരെ നീട്ടി.


'' ഇതു വാങ്ങിക്ക്. സമ്മാനമായിട്ട് തരാന്‍ ഇപ്പോള്‍ വേറൊന്നൂല്യാ ''. അനൂപ് പണം വാങ്ങി മേനോനെ നമസ്ക്കരിച്ചു. എല്ലാവരോടും യാത്ര ചോദിച്ച് അവന്‍ ഇറങ്ങിപ്പോയി.


'' ഈ കുട്ടി എവിടുത്തെയാണ് '' മേനോന്‍ അനിരുദ്ധനോട് ചോദിച്ചു.


'' എനിക്ക് അത്രയ്ക്കൊന്നും അറിയില്ല. അമ്പലവാസിയാണെന്ന് കേട്ടിട്ടുണ്ട്. ഒരു ദുശ്ശീലവും ഇല്ലാത്ത പയ്യനാണ്. അടുത്ത കാലത്താണ് ഇപ്പോഴത്തെ കമ്പിനിയില്‍ കയറിയത് ''.


'' ഓണം ഉതാടത്തിന്ന് അച്ഛന്‍റേയും അമ്മയുടേയും വിവാഹ വാര്‍ഷികമല്ലേ. അന്ന് നമുക്ക് ഇയാളുടെ  ഒരു ഗാനമേള വീട്ടില്‍ വെച്ച് നടത്തണം  '' രാധികയുടെ ഏട്ടന്‍ മോഹം അറിയിച്ചു.

'' അതൊക്കെ അപ്പോള്‍ ആലോചിച്ച് വേണ്ടത്പോലെ ചെയ്യാം '' മേനോന്‍ എതിര്‍ത്തോ അനുകൂലിച്ചോ  ഒന്നും പറഞ്ഞില്ല.


ഉണര്‍ന്നെഴുന്നേറ്റ മകളുമായി രാധിക എത്തി. മേനോന്‍ കുട്ടിയെ കൈ നീട്ടി വാങ്ങി അവളുമായി മുറ്റത്തേക്കിറങ്ങി. ഓരോരുത്തരായി രംഗത്തു നിന്ന് മാറി. രാധിക ഭര്‍ത്താവിന്‍റെ അടുത്തിരുന്നു. അവളുടെ കണ്ണുകളിലെ സന്തോഷത്തിന്‍റെ തിളക്കം അയാള്‍ക്ക് കാണാനായി.

4 comments:

 1. മനസ്സ് ഒരു കൊക്കൂൺ ആണെന്നും അതിൽനിന്ന് വരുന്ന പട്ടുനൂൽ ഇഴചേർത്തും ഇഴയടുപ്പിച്ചും കമനീയമായൊരു പട്ടുസാരി നെയ്യുന്ന പോലെയാണ് നോവൽ രചനയും എന്ന് എനിക്കിപ്പോൾ തോന്നുന്നു.

  ReplyDelete
 2. കണ്ണിൽ കൊള്ളേണ്ടത് പുരികത്താ കൊണ്ടത്...!
  ഭാഗ്യംണ്ട്...
  ആശംസകൾ...

  ReplyDelete
 3. അതെ അത് തന്നെയാണ് എനിക്കും തോന്നിയത് ഏട്ടന്റെ പട്ടുപോലത്തെ മനസ്സില്‍ നിന്നും ഓരോ ഇഴ ഉതിര്‍ത്തി എടുത്തു നെയ്തു കൂട്ടുകയാണ് ഈ മനോഹര രചന...

  ReplyDelete
 4. രാജഗോപാല്‍,
  അനുമാനം വളരെ ശരിയാണ്.
  വി.കെ.
  നന്ദി.
  Nalina,
  യോജിക്കുന്നു.

  ReplyDelete