Tuesday, November 20, 2012

നോവല്‍ - അദ്ധ്യായം - 55.


'' നാട്ടിലുള്ള സകല പിള്ളര്‍ക്കും പനിയും കുരയും തൂറ്റലും ഉണ്ടാവണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന '' ബൈക്കിനടുത്തേക്ക് നടക്കുന്നതിന്നിടയില്‍ റഷീദ് പ്രദീപിനോട് പറഞ്ഞു.

അനൂപിനെ കാണാതായിട്ട് ദിവസങ്ങള്‍ കുറെയായി. അന്വേഷിക്കുമ്പോഴൊക്കെ '' സുഖമില്ല '' എന്ന ഒറ്റ മറുപടിയാണ് എപ്പോഴും കിട്ടാറുള്ളത്. രണ്ടുപേരും കൂടി സുഹൃത്തിനെ കാണാനിറങ്ങിയതാണ്.

'' ബെസ്റ്റ് മോഹം. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ നിനക്ക് ലോട്ടറി കിട്ട്വോടാ ''.

'' ലോട്ടറി അടിച്ച ഫലം തന്നെ. ജോലി പോവാതെ ഞാന്‍ രക്ഷപ്പെടും. അതു പോരേ '' അവന്‍ പറഞ്ഞു തുടങ്ങി '' സീസണ്‍ മഹാ ഡള്ളാണ്. ഒരു ദിക്കിലും പേഷ്യന്‍റ്സ് ഇല്ല. നിനക്ക് കേള്‍ ക്കണോ ? ഇന്നു രാവിലെ ഞാനൊരു പീഡിയാട്രീഷ്യനെ കാണാന്‍ ചെന്നിരുന്നു. ആള് ടൌണിലെ നമ്പര്‍ വണ്‍ ചൈല്‍ഡ് സ്പെഷലിസ്റ്റാണ്. സാധാരണ പൂരത്തിനുള്ള ആളുകളുണ്ടാവും അയാളുടെ ക്ലിനിക്കില്‍. വൈകുന്നേരം അഞ്ചു മണിയാവാതെ ഒരിക്കലും ഡോക്ടറെ കാണാന്‍ പറ്റാറില്ല. ഞാന്‍ വെറുതെ പതിനൊന്നു മണിക്ക് ക്ലിനിക്കിലൊന്നു ചെന്നു നോക്കിയതാ. ഒരു മനുഷ്യക്കുട്ടിയില്ല അവിടെ. ക്യാബിനില്‍ കയറിയപ്പോള്‍  ഡോക്ടര്‍ ഏതോ പുസ്തകം വായിച്ചിരിപ്പാണ് ''.

'' അത് നന്നായി. അയാള്‍ക്ക് വല്ലപ്പോഴും ഒരു റെസ്റ്റ് വേണ്ടേ. നിനക്കെന്താ അതിനിത്ര ദെണ്ണം  ''.

'' നിനക്ക് അറിയാഞ്ഞിട്ടാണ്. കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മാസം എണ്ണൂറ്റി തൊണ്ണൂറ് കഫ് സിറപ്പ് വിറ്റു. കഴിഞ്ഞ മാസം ആയിരത്തി പതിനേഴ്. ആ സ്ഥാനത്ത് ഈ മാസം ഇതുവരെ വിറ്റത് വെറും പതിനെട്ട്. ഇക്കണക്കില്‍ ഒരു മാസം കൂടി പോയാല്‍ എന്‍റെ പണി പൂക്കുറ്റിയാവും ''.

'' നീ പേടിക്കണ്ടടാ. നിന്‍റെ വാരിയര്‍ സാറില്ലേ നിന്നെ സഹായിക്കാന്‍ ''.

'' അയാള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാനാവും. സെയില്‍സ് കുത്തനെ വീണാല്‍ ആരു വിചാരിച്ചാലും രക്ഷയില്ല. പരിപാടി കഴിഞ്ഞതുതന്നെ ''. കുറച്ചു നേരം ആരുമൊന്നും പറഞ്ഞില്ല.

'' വല്ല ഡയബറ്റിക്ക് കാര്‍ഡിയാക്ക് ഡിവിഷനിലായാല്‍ മതിയായിരുന്നു '' റഷീദ് മൌനം ഭഞ്ജിച്ചു.

'' അതിലെന്താ പണി ചെയ്യണ്ടേ ''.

'' പ്രമേഹവും കൊളസ്ടോളും വന്നാല്‍ ഒരിക്കലും മാറില്ല. ചാവുന്നതു വരെ രോഗി അട്രോവാസ്റ്റാറ്റിനും മെറ്റ്ഫോര്‍മിനും ഒക്കെ കഴിച്ചോണ്ടേയിരിക്കും. ജെനറല്‍ മെഡിസിന്‍സ് അങ്ങിനെയാണോ. സുഖക്കേട് മാറുന്നതുവരെ മാത്രമല്ലേ കഴിക്കൂ ''. '' എന്നുവെച്ചാല്‍ എല്ലാ മനുഷ്യരും മാറാരോഗികളാവണം എന്നു പറ ''.

'' അങ്ങിനെ ആലോചിക്കുന്നത് തെറ്റാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ നിലനില്‍പ്പിന്‍റെ കാര്യം വരുമ്പോള്‍  ആരായാലും ആ വിധത്തില്‍ ചിന്തിക്കും ''.

'' നീയൊന്ന് പോടാ. എപ്പൊ നോക്കിയാലും നിനക്ക് ഒരോ ആവലാതിയുണ്ടാവും '' പ്രദീപ് അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

എന്നാല്‍ അതിലും വലിയ ആവലാതികളുമായാണ് അനൂപ് അവരെ സ്വീകരിച്ചത്. പണിക്കു പോയിട്ട് രണ്ടാഴ്ചയോളമായി. എന്നും പനിതന്നെ. വിശപ്പ് എന്നത് എന്താണ് എന്നറിയില്ല. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. വല്ലാത്ത ക്ഷീണം. ഇതിനിടയില്‍ എ.ബി.എം. പല പ്രാവശ്യം വിളിച്ചു കഴിഞ്ഞു. കുറച്ച് ഭേദം തോന്നുന്നുണ്ട്, രണ്ടു ദിവസം കഴിഞ്ഞാല്‍ പണിക്ക് ചെല്ലാന്‍ പറ്റും എന്നൊക്കെ അവധി പറഞ്ഞു കഴിച്ചു. ഇന്നു കാലത്ത് ആര്‍.എം. വിളിച്ചു. ഇങ്ങിനെ പോയാല്‍ ശരിയാവില്ല, ഏതെങ്കിലും ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങി കഴിച്ച് അസുഖം മാറ്റാന്‍ നോക്ക്, എത്രയും പെട്ടെന്ന് ജോലിക്ക് കയറിക്കോ, ഇല്ലെങ്കില്‍ കമ്പിനീന്ന് പിരിച്ചു വിടും, പ്രൊബേഷന്‍ കഴിയാത്ത ആളാണ് നീ, അത് ഓര്‍മ്മ ഉണ്ടാവണം എന്നൊക്കെ പറഞ്ഞു.

'' പ്രൊബേഷന്‍ കഴിഞ്ഞാല്‍ കമ്പിനിക്കാര് ആനമുട്ട പുഴുങ്ങിത്തരും. എനിക്ക് കേള്‍ക്കണ്ടാ അയാളുടെ ഒരു വര്‍ത്തമാനം '' റഷീദ് ചൊടിച്ചു '' വേണച്ചാല്‍ കമ്പിനി ഏതു സമയത്തും ആരെയും പിരിച്ചുവിടും. പ്രൊബേഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തെ നോട്ടീസ് തരും, അതിന്‍റെ ശമ്പളവും തരും. അതല്ലാതെ ഒരു തേങ്ങാക്കുലയും കിട്ടില്ല ''.

'' പണി പോയാല്‍ എങ്ങിനെ കഴിയും എന്നാ അവന്‍റെ വിഷമം '' ഇന്ദിര മകന്‍റെ ആധി വെളിപ്പെടുത്തി.

'' അത് ആലോചിച്ച് വിഷമിക്കണ്ടാ. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. നാട്ടിലെ മരുന്നു കമ്പിനികളുടെ എണ്ണവും  ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണവും ഒപ്പത്തിനൊപ്പമാണ് ''.

'' എന്താ നിന്‍റെ അസുഖം. ആരാ ചികിത്സിക്കുന്നത് '' പ്രദീപ് രോഗവിവരം അന്വേഷിച്ചു.

'' വായിനൊന്നും പിടിക്കിണില്ല, ചെറുക്കനെ ഒരു പനിയും. വല്ല കണ്ണോ കൊതിയോ പറ്റിയതാണോന്ന് കരുതി വെളിച്ചപ്പാടിനെക്കൊണ്ട് ചരട് ഊതിച്ച് കെട്ടി. എന്നിട്ടും ഭേദം കാണാഞ്ഞപ്പോള്‍ ഇന്നലെ മാപ്ല വൈദ്യരെ കാണിച്ചു '' ഇന്ദിര വിശദീകരിച്ചു.

'' അയാളെന്താ പറഞ്ഞത് ''.

'' നാഡി പിടിച്ചു നോക്കി. വയറിന്‍റെ പല ഭാഗത്തും തട്ടും കൊട്ടും അമര്‍ത്തും ചെയ്യേണ്ടായി. ഒടുക്കം  എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാണിക്കണം എന്നു പറഞ്ഞു. മരുന്നൊന്നും തന്നില്ല '' ഇന്ദിര തുടര്‍ന്നു '' ഒരു കുടുംബത്തിലെ എല്ലാരുടെ ചികിത്സയും ഏറ്റെടുത്തു എന്ന് വരണ്ടാന്ന് വെച്ചിട്ടാവും  മൂപ്പര് കയ്യൊഴിഞ്ഞത് ''.

'' അതൊന്നും ആവില്ല. ചിലപ്പോള്‍ എന്തെങ്കിലും തകരാറ് ഉണ്ടെങ്കിലോ '' പ്രദീപ് പറഞ്ഞു '' അനൂപേ, നിനക്ക് ഇത്ര വിവരം ഇല്ലാതെ പോയല്ലോ. ഈ കാലത്ത് സുഖക്കേട് വന്നാല്‍ ഡോക്ടറെ കാണിക്കാതെ ആരെങ്കിലും ചരട് ജപിക്കാന്‍ പോവ്വോ. എത്ര ഡോക്ടര്‍മാരെ നിനക്ക് പരിചയമുണ്ട്.  ആരേയെങ്കിലും കാണിക്കായിരുന്നില്ലേ. ഇനി അതൊന്നും പറഞ്ഞിട്ട്  കാര്യമില്ല. നാളെത്തന്നെ നല്ലൊരു ഫിസീഷ്യനെ കാണണം. ഞങ്ങള്  രണ്ടാളും കൂടി വന്ന് നിന്നെ കൂട്ടീട്ട് പോവാം ''.

ഇന്ദിര കാപ്പിയും പാളയങ്കോടന്‍ പഴവുമായി എത്തി. അതിഥികളോടൊപ്പം അനൂപും രാമകൃഷ്ണനും കാപ്പിഗ്ലാസ്സ് ഏറ്റുവാങ്ങി

'' നമ്മുടെ കൂട്ടുകാര്‍ക്ക് വിശേഷിച്ചൊന്നുമില്ലല്ലോ '' അനൂപ് ചോദിച്ചു '' അനിരുദ്ധന്‍ സാറിന് ഭേദായോ ''.

'' ശെല്‍വന്‍റെ ചേച്ചി പെട്ടു. അവളെ കെട്ടിയാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും എന്ന് അയാളുടെ വീട്ടുകാര്‍  പറഞ്ഞ്വോത്രേ. ചെക്കന്‍ കയ്യൊഴിയും എന്നാ കേട്ടത് ''

 '' അനിരുദ്ധന്‍ സാറിന്‍റെ കയ്യിലെ പ്ലാസ്റ്റര്‍ എടുത്തിട്ടില്ല. ഇന്നലെ ഞാന്‍ സാറിനെ കണ്ടിരുന്നു '' റഷീദ് പറഞ്ഞു '' സാറ് കമ്പിനീലെ ജോലി രാജി വെച്ചു. കോടീശ്വരന്‍റെ മകളെയല്ലേ അങ്ങേര് കെട്ടിയിട്ടുള്ളത്. പിന്നെന്തിനാ ഈ തുക്കടാ ജോലി ''.

'' കൂടെയുണ്ടായിരുന്ന റെപ്പോ ''.

'' അവന് ഒരു ആറുമാസം കൂടി കിടക്കേണ്ടി വരും എന്നാണ് അറിഞ്ഞത് ''.

'' പാവം. അപ്പോഴേക്ക് അവന്‍റെ പോസ്റ്റില് വേറെ ആള് കേറീട്ടുണ്ടാവും '' അനൂപ് ഖേദം പ്രകടിപ്പിച്ചു.

'' എല്ലാവരുടെ കാര്യവും ഇങ്ങിനെത്തന്നെയാണ്. ജോലിസ്ഥിരത ഇല്ലാത്ത പണിയല്ലേ നമ്മുടേത് ''.

''ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടാല്‍ ഞാന്‍ അന്വേഷിച്ചു എന്ന് പറയണം ''.

'' നോക്കൂ, എന്നും ഇതന്ന്യാ ഇവന്‍റെ വര്‍ത്തമാനം. അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങിനെയുണ്ട് എന്നറിയില്ല എന്ന വിഷമമാ അവന് '' ഇന്ദിര പറഞ്ഞു '' വെറുതെ അവരെ വിളിച്ച് ശല്യം ചെയ്യരുത് എന്ന് ഞാന്‍  പറയ്യേ. അവര് നൂറുകൂട്ടം കാര്യങ്ങള്‍ ഉള്ളോരാവും ''.

'' ഞങ്ങള്‍ പോവുന്ന വഴിക്ക് സാറിന്‍റെ വീട്ടില്‍ ചെന്ന് പറയാം '' പ്രദീപ് ഏറ്റു. പോവാനായി അവനും  റഷീദും എഴുന്നേറ്റു.

അവര്‍ പടിക്കലെത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായരും കെ.എസ്. മേനോനും വന്ന ബുള്ളറ്റ് എത്തിക്കഴിഞ്ഞിരുന്നു.

5 comments:

 1. വായിയ്കുന്നുണ്ട് :-)

  ReplyDelete
 2. മരുന്നു വിൽ‌പ്പനക്കാർക്ക് എന്നുമിഷ്ടം ആജീവനാന്ത സഹചാരികളായ പി. എസ്.സി ക്കാരെത്തന്നെ. വല്ലപ്പോഴും വിരുന്നു വരുന്ന ചുമ പനിക്കാരോട് അവഗണന. മെഡിക്കൽ റെപ്രസന്റേറ്റീവ്സിന്റെ അരക്ഷിതാവസ്ഥ നന്നായി അവതരിപ്പിച്ചു.

  ReplyDelete
 3. Uncle,I am eagerly waiting for next chapter???????wat will happen to anoop>>>>>

  ReplyDelete
 4. Njan Gandharavan,
  നോവല്‍ അവസാന ഘട്ടത്തിലാണ്.
  രാജഗോപാല്‍,
  ജോലിയുടെ സമ്മര്‍ദ്ദം വലിയ തോതിലുള്ള വിഭാഗത്തില്‍പ്പെട്ടവരാണ്- അവര്‍.
  Anoymous,
  Next chapter is ready now.

  ReplyDelete
 5. അനൂപിന് വമ്പന്‍ രോഗം ഒന്നും വരല്ലേ എന്നാണു ഇപ്പോളത്തെ പ്രാര്‍ത്ഥന. ആ കുടുംബത്തിന്റെ നെടുംതൂണ്‍ ആണ് അവന്‍

  ReplyDelete