Monday, December 17, 2012

നോവല്‍ - അദ്ദ്യായം - 58.

പൊടുന്നനെ അനൂപിന്‍റെ വീട് മരണം നടന്ന വീടിന്‍റെ മട്ടിലായി. പ്രതീക്ഷയുടെ ഏക നൈത്തിരി അണയാനൊരുങ്ങുകയാണ്. മുന്നില്‍ കൂരിരുള്‍ മാത്രം. ഇന്ദിരയുടെ മനസ്സ് മകനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി.

ലാളിച്ചു വളര്‍ത്തിയ മകനാണ്. മുതിര്‍ന്ന ശേഷം അവന്‍റെ മോഹങ്ങള്‍ പലതും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്ക് കഷ്ടപ്പാടുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതെല്ലാം കണ്ടറിഞ്ഞ് ആവശ്യങ്ങളും  ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കിവെച്ച് അവന്‍ നടന്നു. അവന്‍റെ പ്രായത്തിലുള്ളവര്‍ക്ക് കാണാറുള്ള ദുശ്ശീലങ്ങളോ ആഡംബരങ്ങളോ അവനുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനെ ശാസിച്ചിട്ടുണ്ട്. വീട്ടിലെ നിവൃത്തികേടുകൊണ്ടാണ് അതെന്ന് അവനറിയാം.  അതുകൊണ്ടുതന്നെ അവന്‍ ഒരിക്കലും പരിഭവിച്ചിട്ടുമില്ല.

എന്തെല്ലാം സ്വപ്നങ്ങളാണ് മക്കളെക്കുറിച്ചു കണ്ടത്? മകന്‍റേയും മകളുടേയും കല്യാണങ്ങള്‍ നടത്തി രണ്ടാളേയും ഓരോ കരയ്ക്ക് എത്തിക്കാമെന്ന് മോഹിച്ചു. എല്ലാം വെറുതെയായി. ചിലപ്പോള്‍ നല്ലത് അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല. ഈശ്വരന്‍ പാവപ്പെട്ടവരെ വീണ്ടുംവീണ്ടും പരീക്ഷിക്കുകയാവും.

മകന്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാനാവുന്നില്ല. ആകെയുള്ള അത്താണിയാണ് അവന്‍. ഒന്നും
സമ്പാദിച്ചു തരാനായിട്ടില്ലെങ്കിലും കണ്ണു നിറയെ കണ്ടുകൊണ്ട് ഇരിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനാണ്. അവനെ എന്നെന്നേക്കുമായി വേര്‍പെട്ട് കഴിയാനാവില്ല. അവനോടൊപ്പം എല്ലാവരും ജീവിതം അവസാനിപ്പിച്ചാലോ? മനസ്സില്‍ ആ ചിന്തവന്നതും ഇന്ദിര എഴുന്നേറ്റു

'' രാമേട്ടാ '' അവര്‍ വിളിച്ചു. അയാള്‍ തലയുയര്‍ത്തി നോക്കി.

'' നമ്മുടെ അനുവിന്‍റെ കൂടെ നമുക്കും പോയാലോ '' അവര്‍ പറഞ്ഞു '' അവന്‍ പോയിട്ട് നമ്മള് എന്തിനാ ഇരിക്കുന്നത് ''.

'' അപ്പോള്‍ രമ ''.

'' അവളെ ഒറ്റയ്ക്കാക്കിയിട്ട് പോയാല്‍ പോയ ദിക്കിലും ഗതി കിട്ടില്ല. അവളും പോന്നോട്ടെ ''.

'' എനിക്ക് സന്തോഷേ ഉള്ളു. വയ്യാണ്ടെ കിടക്കുമ്പോള്‍ തോന്നിയതാണ് എന്തെങ്കിലും ചെയ്ത് ജീവിതം അവസാനിപ്പിക്കണമെന്ന്. അന്ന് ശരീരത്തിനും വയ്യ, നിങ്ങളെ ഓര്‍ത്ത് ചെയ്യാനും ആയില്ല. ഇനിയൊരു ദുഃഖം സഹിക്കാന്‍ എനിക്കും വയ്യ ''.

'' കുഞ്ഞാലിടെ പാടത്ത് അടിക്കാന്‍ കൊണ്ടു വന്ന മരുന്ന് കുറ്റി കേടുവന്നതോണ്ട് നമ്മടെ തൊഴുത്തില്‍ വെച്ചിട്ടുണ്ട്. ഇന്നു രാത്രി നമുക്ക് അതങ്ങട്ട് കഴിക്കാം ''.

'' എന്തിനാ അമ്മേ മഹാപാപം ചെയ്യുന്നത്. ഈശ്വരകോപം ഉണ്ടാവില്ലേ '' അനൂപ് ചോദിച്ചു.

'' ഈശ്വരന്‍ വെച്ചിരിക്കുന്നു. അത്ര നല്ല ഈശ്വരനാണെങ്കില്‍ നമുക്ക് ദുഃഖങ്ങള്‍ മാത്രം തര്വോ ''.

'' എന്‍റെ രമടെ കാര്യം ആലോചിക്കുമ്പോള്‍ ''.

'' അതിന് അവളെ വിട്ടിട്ട് പോണില്ലല്ലോ '' ഇന്ദിര പറഞ്ഞു '' രാത്രിക്ക് പാല്‍പ്പായസം ഉണ്ടാക്കി അതില് മരുന്നൊഴിച്ച് നമ്മള് കഴിക്കും. കയ്പ്പ് തോന്നി ഛര്‍ദ്ദിച്ചിട്ട് ആരെങ്കിലും ബാക്കി വരണ്ടാ ''.

******************************


കടയിലെത്തി കഴിഞ്ഞിട്ടും വിവേകിന്‍റെ വിഷമം മാറിയില്ല. അനൂപിന്‍റെ അച്ഛന്‍റേയും അമ്മയുടേയും കരച്ചില്‍ മനസ്സിനെ ആകെ ഉലച്ചിരിക്കുന്നു. വെറുതെ അവരോട് കേട്ട വിവരങ്ങള്‍ പറയാന്‍ പോയി. അതുകൊണ്ട് അവരുടെ സങ്കടം കാണേണ്ടി വന്നു. ഒരു കണക്കിനു നോക്കിയാല്‍ പറഞ്ഞത് നന്നായി. എപ്പോഴായാലും അവര്‍ അതറിയും. നേരത്തെ ആയി എന്നല്ലേയുള്ളു.

ഓപ്പറേഷനുള്ള കാശൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കി എന്നുതന്നെ വെക്കുക. അതുകൊണ്ടു മാത്രം ആയില്ലല്ലോ. അവനു പറ്റിയൊരു കരള്‍ കിട്ടണ്ടേ. അതില്ലാതെ പണമുണ്ടായിട്ട് എന്താ കാര്യം.

കൂടെയുള്ള കൂട്ടുകാര്‍ക്കൊക്കെ സ്വന്തമായി വല്ലതുമൊക്കെയുണ്ട്. അനൂപിന് എന്തെങ്കിലും കൊടുക്കാന്‍ 
അവര്‍ക്കൊക്കെ കഴിയും. ഒന്നുമില്ലാത്ത ഒരേയൊരാള്‍ താന്‍ മാത്രമേയുള്ളു. അവന്‍റെ ഈ അവസ്ഥയില്‍ എന്തെങ്കിലും കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൂട്ടുകാരനെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി. അവന്‍ മൊബൈലില്‍ അനൂപിനെ വിളിച്ചു.

'' നോക്കെടാ അനൂപേ. കരള് കിട്ടില്ലാന്ന് വിചാരിച്ച് നീ ബേജാറാവണ്ടാ '' അവന്‍ പറഞ്ഞു '' എന്‍റെ കരള് ഞാന്‍ നിനക്കു തരാം. വേണച്ചാല്‍ നീ അത് മുഴുവനും എടുത്തോ ''.

മറുഭാഗത്തു നിന്ന് മറുപടി ഉണ്ടായില്ല. വിവേക് അല്‍പ്പനേരം കാത്തു.

'' എന്താടാ നീ ഒന്നും മിണ്ടാത്തത്. നിനക്കറിയില്ലേ, എന്‍റേല് ഒന്നും ഇല്ലാന്ന്. ഉള്ളത് സന്തോഷായിട്ട് തര്വാണ്. നീ എടുത്തോടാ ''.

ഇത്തവണ അനൂപിന്‍റെ തേങ്ങല്‍ കേട്ടു.

'' നീ കരയണ്ടെടാ. ഒക്കെ ശരിയാവും '' വിവേക് ആശ്വാസം പകര്‍ന്നു.

'' ഒന്നും വേണ്ടാ വിവേകേ '' അനൂപിന്‍റെ സ്വരം അവന്‍ കേട്ടു '' എനിക്ക് ഇത്രയേ ആയസ്സുള്ളൂന്ന് വിചാരിച്ചാല്‍ മതി. മരണം എത്തുന്നത് കാത്തിരിക്കണ്ടാ എന്നാ അമ്മ പറയുന്നത്. അതിനു മുമ്പ്   ഞങ്ങള് സ്ഥലം വിടും ''.

ആ പറഞ്ഞതിന്‍റെ പൊരുള്‍ വിവേകിന്ന് മനസ്സിലായില്ല. അപ്പുറത്ത് ഫോണ്‍ കട്ടായി.

************************

തണല്‍ മരത്തിന്‍റെ ചുവട്ടില്‍ ബൈക്ക് നിര്‍ത്തി റഷീദ് ആസ്പത്രിയിലേക്ക് നടന്നു. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മൂന്ന് ഡോക്ടര്‍മാരെ കാണാനുണ്ട്. അതു കഴിഞ്ഞതും വീട്ടിലേക്ക് ചെല്ലണം. തൊട്ടടുത്ത വീട്ടില്‍ നാളെ ഒരു നിക്കാഹുണ്ട്. വൈകീട്ട് അവിടെ ഉണ്ടായേ പറ്റു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ വിനോദ് ആരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു.  വേറൊരു കമ്പിനിയുടെ റെപ്രസന്‍റേറ്റീവ് ആണ് വിനോദ്. റഷീദ് മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു. മുഖവും തലയുമാകെ പൊതിഞ്ഞു കെട്ടി ഒരാള്‍ ബെഞ്ചില്‍ ചാരി കിടക്കുന്നുണ്ട്. കണ്ണുകളും മൂക്കും വായയും മാത്രമേ കാണാനുള്ളു. അയാളോടൊപ്പമുള്ള സ്ത്രീയോടാണ് വിനോദ് സംസാരിക്കുന്നത്.

'' ആക്സിഡന്‍റ് പറ്റിയതാണോ '' റഷീദ് സംശയം ചോദിച്ചു. വിനോദ് ഉറക്കെ ചിരിച്ചു.

'' നമ്മുടെ ---- ഡോക്ടര്‍ പല്ലു വലിച്ച വിശേഷമാണ് ഈ കാണുന്നത് '' അയാള്‍ പറഞ്ഞു '' കണ്ടില്ലേ മുഖം മുഴുവന്‍ നീരു വന്നിട്ടുണ്ട് ''.

റഷീദിനും ചിരിക്കാതിരിക്കാനായില്ല. ആ ഡോക്ടര്‍ പരിചയക്കാരനാണ്. പഠിപ്പു കഴിഞ്ഞു വന്ന
ശേഷം സ്വന്തമായി ക്ലിനിക്ക് തുടങ്ങിയതാണ്. നിങ്ങളുടെ സഹായമൊക്കെ എപ്പോഴും ഉണ്ടാവണമെന്ന്ക്ലിനിക്ക് തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ക്ലിനിക്കിന്‍റെ ബോര്‍ഡ് വെക്കാനും നോട്ടീസ് വിതരണം ചെയ്യാനും ഉത്ഘാടനത്തിനുമൊക്കെ സഹകരിച്ചിരുന്നു. തുടക്കത്തില്‍ ഡോക്ടര്‍ ഡൈക്ലോഫിനാക് വിത്ത് പാരസെറ്റാമോള്‍ പ്രമോട്ട് ചെയ്ത് സഹായിച്ചിരുന്നതാണ്. സ്റ്റോക്കിങ്ങ് ഡോക്ടര്‍ ആയതിനാല്‍ കമ്പിനി ഇരുപത് ശതമാനം ഓഫറും നല്‍കിയിരുന്നു. രണ്ടുമാസം തികയും മുമ്പ് അമ്പതു ശതമാനം ഓഫര്‍ ആവശ്യപ്പെട്ടു. അതു കൊടുക്കാനാവാത്തതോടെ സഹായം നിന്നു. മുമ്പ് ക്രെഡിറ്റില്‍ കൊടുത്ത മരുന്നിന്‍റെ പണം കിട്ടാന്‍ ഒരുപാട് നടക്കേണ്ടി വന്നു. ഒടുവില്‍ മുഖം നോക്കാതെ കാര്യം പറഞ്ഞിട്ടാണ് തുക ലഭിച്ചത്.

 '' അതിവെളവന് ഇങ്ങിനെത്തന്നെ പറ്റണം '' റഷീദ് മനസ്സില്‍ കരുതി '' നാട്ടിന്‍പുറത്തെ ക്ലിനിക്കാണ്. ഈ വിവരം കേട്ടാല്‍ ഒരു മനുഷ്യന്‍ അവിടെ കയറില്ല ''. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ പ്രദീപ്.

'' എന്താടാ എപ്പൊ നോക്കിയാലും നിന്‍റെ മൊബൈല്‍ സ്വിച്ചോഫാണല്ലോ '' അവന്‍ പരിഭവിച്ചു.

'' എന്‍റെ മൊബൈല് മഴകൊണ്ടു നനഞ്ഞു. രാവിലെ ക്ലീന്‍ ചെയ്യാന്‍ കൊടുത്തതാ ''.

'' നമ്മുടെ അനൂപിന്‍റെ കാര്യം പറയാന്‍ വിളിച്ചതാണ്. അവന്‍റെ കാര്യം കുറച്ച് പരുങ്ങലിലാണ് '' പ്രദീപ് അറിഞ്ഞതെല്ലാം റഷീദിനോട് പറഞ്ഞു.

'' എന്താടാ നമ്മള് ചെയ്യാ '' റഷീദിന്‍റെ സ്വരം ഇടറി.

'' നീ വിവേകിന്‍റെ കടയിലേക്ക് വാ. അവിടെ വെച്ച് സംസാരിക്കാം ''.

ഇവിടുത്തെ ഗൈനക്കോളൊജിസ്റ്റിന്ന് നല്‍കാനുള്ള ഒരു ഗിഫ്റ്റ് കയ്യിലിരിപ്പുണ്ട്. അത് കൊടുത്തതും പ്രദീപിന്‍റെ അടുത്തെത്തണം. എന്നിട്ടു മതി കല്യാണ വീട്ടില്‍ ചെല്ലുന്നത്.

'' ഒരേ ഒരു ഡോക്ടറെ കണ്ടതും ഞാനെത്താം '' റഷീദ് സമ്മതിച്ചു.
*******************

പ്രദീപ് ബൈക്ക് നിര്‍ത്തി വിവേകിന്‍റെ കടയിലേക്ക് കയറി.

'' നാളെ ഞങ്ങള്‍ അനൂപിന്‍റെ വീട്ടിലേക്ക് പോണുണ്ട്. നീയും വന്നോ '' അവന്‍ പറഞ്ഞു '' അപ്പോള്‍ കടം വാങ്ങിയ പൈസ നിനക്ക് കൊടുക്കും ചെയ്യാം ''.

'' ഞാന്‍ ഉച്ചയ്ക്കന്നെ അവന്‍റെ വീട്ടില്‍ പോയി പൈസ കൊടുത്തല്ലോ ''.

'' എന്നിട്ട് നീ വല്ലതും പറഞ്ഞ്വോ ''.

'' നീ എന്‍റടുത്ത് പറഞ്ഞതൊക്കെ ഞാന്‍ അവനോട് പറഞ്ഞു '' വിവേക് തുടര്‍ന്നു '' വേണ്ടിയിരുന്നില്ല എന്നായി എനിക്ക്. അച്ഛനും അമ്മയും അവനും കൂടി എന്താ ഒരു കരച്ചില് ''.
പ്രദീപിന്ന് സഹിക്കാനായില്ല.

'' മുഖമടച്ച് ഞാന്‍ ഒന്ന് തന്നാല്‍ നിന്‍റെ പൊങ്ങി നില്‍ക്കുന്ന നാല് പല്ലും നിലത്ത് കിടക്കും '' അവന് അലറി '' നിന്നോടാരാ ഇതൊക്കെ അവിടെ ചെന്നു പറയാന്‍ ഏല്‍പ്പിച്ചത് ''.

'' ആരും പറഞ്ഞിട്ടല്ലാടാ. കേട്ടത് പറഞ്ഞൂന്നേ ഉള്ളു. പിന്നെ ഇവിടെ വന്ന ശേഷം ഞാന്‍ അവനെ ഫോണില്‍ വിളിച്ചു ''.

'' എന്തിന് ''.

'' കരള് കിട്ടാതെ അവന്‍റെ കാര്യത്തിന് ബുദ്ധിമുട്ട് വരില്ല. എന്‍റെ കരള് കൊടുക്കാന്ന്  ഞാന്‍ അവനോട് പറഞ്ഞു ''.

പ്രദീപിന്ന് ദേഷ്യത്തോടൊപ്പം ചിരിയും വന്നു.

'' എന്നിട്ട് അവനെന്താ പറഞ്ഞത് ''.

'' മരിക്കുന്നതുവരെ കാത്തിരിക്കണ്ടാ എന്ന് അവന്‍റെ അമ്മ പറഞ്ഞൂന്നാ അവന്‍ എന്നോട് പറഞ്ഞത്. അതിനു മുമ്പ് അവരെല്ലാവരും കൂടി സ്ഥലം വിട്വോത്രേ '' ഒന്നു നിര്‍ത്തി വിവേക് ഗൌരവത്തില്‍ ഇത്രയും കൂടി ചേര്‍ത്തി '' എവിടെ പോയിട്ടെന്താ കാര്യം. മരണം വരുന്നത് വര്വേന്നെ ചെയ്യും. അത് തടയാന്‍ പറ്റില്ല. ശരി അല്ലേടാ ഞാന്‍ പറഞ്ഞത് ''. അവസാന ഭാഗം പ്രദീപ് കേട്ടതേയില്ല. അനൂപ് പറഞ്ഞതിന്‍റെ പൊരുള്‍ അവന് മനസ്സിലായി.

'' അങ്കിള്‍ ''മൊബൈല്‍ എടുത്ത് അവന്‍ ഗോപാലകൃഷ്ണന്‍ നായരെ വിളിച്ചു.

4 comments:

 1. സങ്കടം വന്നു, ഈ അദ്ധ്യായം വായിച്ചപ്പോൾ. പിന്നത്തെ ചിന്ത ഒരു “കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തു” എന്ന പതിവ് പത്രവാർത്തയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചായി. രോഗം, ദാരിദ്ര്യം, കടം, മാനഹാനി. മരിക്കാൻ എന്തൊക്കെ കാരണങ്ങൾ. ഒരു പക്ഷെ കുറച്ച് ആലോചിച്ചാൽ ഒഴിവാക്കാവുന്ന ദുരന്തങ്ങൾ. സ്വന്തം കരളു വരെ പകുത്തു നൽകാൻ തയ്യാറാവുന്ന സുഹൃത്തുക്കൾ. അനൂപിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലേയ്ക്കും സന്തോഷത്തിലേയ്ക്കുമുള്ള തിരിച്ചുവരവ് വേഗത്തിലാവട്ടെ.

  ReplyDelete
 2. എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിക്കാതിരിക്കുമോ..?!!

  ReplyDelete
 3. രാജഗോപാല്‍,
  പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി കണ്ടെത്താനാവാതെ വരുമ്പോള്‍ അവസാന അവലംബമായി ആത്മഹത്യയെ തിരഞ്ഞെടുക്കുകയാണ്. തക്ക സമയത്ത് ഇടപെടാന്‍
  ആരെങ്കിലുമുണ്ടെങ്കില്‍ ദുരന്തം ഒഴിവാകും.
  വി.കെ,
  തീര്‍ച്ചയായും സംഭവിക്കും 

  ReplyDelete
 4. കുടുംബം ഒരുമിച്ചു ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കാണുമ്പോള്‍ എന്തൊരു വിഡ്ഢി ത്തം എന്ന് തോന്നും
  പാവം ഇങ്ങനെ ഓരോ കാരണം ഉണ്ടായിരിക്കും
  അനൂപ്‌ ഇപ്പോള്‍ സ്വന്തം എന്നപോലെ ആയിരിക്കുന്നു./ അവനു ഒന്നും വരാതിരിക്കട്ടെ

  ReplyDelete