Saturday, January 26, 2013

നോവല്‍ - അദ്ധ്യായം - 63.

പകല്‍ സായഹ്നത്തിലേക്ക് ചുവടുമാറ്റം നടത്തിയതേയുള്ളു. ഓഡിറ്റോറിയത്തിന്‍റെ പരിസരം മുഴുവന്‍ വര്‍ണ്ണപ്രഭ തൂകുന്ന അലങ്കാരദീപങ്ങളുടെ മാലകള്‍ തെളിഞ്ഞ ആകാശത്തിന്നു കീഴേ മറ്റൊരു നക്ഷത്രജാലമായി. അതിഥികള്‍ എത്തുന്നതേയുള്ളു. ഹാളിന്നു മുമ്പില്‍ സജ്ജീകരിച്ച വെല്‍ക്കം ഡ്രിങ്ക്സിന്‍റെ രുചിഭേദങ്ങള്‍ പ്രദീപ് കഴിച്ചുനോക്കുകയാണ്. എന്തും അതിഥികള്‍ക്ക് കൊടുക്കുംമുമ്പ് നന്ന് എന്ന് ഉറപ്പു വരുത്തണം. 

'' നീയെന്താ മുഴുവനും കുടിച്ച് തീര്‍ക്ക്വോ '' തിരിഞ്ഞു നോക്കുമ്പോള്‍ ബ്രഹ്മദത്തന്‍. പ്രൈമറി ക്ലാസ്സ് മുതല്‍ സഹപാഠിയായിരുന്നവന്‍. ഇപ്പോള്‍ മുംബെയില്‍ എന്തോ ജോലിയിലാണ്.

 '' എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയതാ. നീ എപ്പോള്‍ വന്നു ''.

'' കഴിഞ്ഞ വ്യാഴാഴ്ചയെത്തി. കുറച്ചു ദിവസം ഇവിടെയുണ്ടാവും. അച്ഛനേയും അമ്മയേയും ഗുരുവായൂരും കാടാമ്പുഴയിലും കൊണ്ടുപോണം. തിരിച്ചുപോവുമ്പോള്‍ ബാംഗ്ലൂരിലിറങ്ങി അനിയത്തിയെ കാണണം '' ബ്രഹ്മദത്തന്‍ പറഞ്ഞു '' ഇവിടെ വന്നപ്പഴാ ഇവന്‍റെ കല്യാണക്കുറി കണ്ടത്. ഇപ്പോള്‍ വലിയ ആളായെങ്കിലും ഒന്നിച്ച് പഠിച്ചവനല്ലേ. ഒന്ന്കാണും ചെയ്യാലോ എന്ന് കരുതി ''.

'' അവന് അങ്ങിനെയൊന്നും ഇല്യാട്ടോ. എല്ലാവരോടും പഴയ മട്ടില്‍ തന്നെയാ പെരുമാറ്റം ''.

'' നിങ്ങളുടെ പഴയ ഗ്യാങ്ങൊക്കെ എന്തു പറയുന്നൂ ''.

'' ശെല്‍വന്‍റെ കല്യാണം കഴിഞ്ഞു. അവന് റെയില്‍വെയില്‍ ടി.ടി.ആര്‍. ആയി ജോലി കിട്ടി. സുമേഷ് ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പ് അവനെത്തി. ഈ ലീവില്‍ അവന്‍റെ കല്യാണം ഉണ്ടാവും. പെരുനാള്‍ കഴിഞ്ഞാല്‍ റഷീദും പെണ്ണുകെട്ടും ''.

'' അപ്പൊ നീയോ ''.

'' റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി കൂടുന്നു. കുറച്ച് കാശുണ്ടാക്കാന്‍ പറ്റി. അതോണ്ട് ടൌണില്‍
ഒരു ബേക്കറിയും കൂള്‍ബാറും തുടങ്ങി. ഭൂമി ഇടപാട് നിര്‍ത്തിയിട്ടില്ല ''.

'' എങ്ങിനേയാ രണ്ടും കൂടി ''.

'' വിവേകില്ലേ. നീയൊക്കെ വട്ടന്‍ എന്ന് വിളിക്കാറുള്ളവന്‍. ഇപ്പോള്‍ എന്‍റെ അസിസ്റ്റന്‍റാണ്.  ഇനി നിന്‍റെ കാര്യം പറ ''.

'' മുംബെയില്‍ കടിച്ചു പിടിച്ചു നില്‍ക്കുന്നു. അനിയത്തിയുടെ കല്യാണം നടത്തണം. പിന്നെ എന്‍റെ കാര്യം ''.

'' നിനക്ക് വല്ലതും നോക്കിയിട്ടുണ്ടോ ''.

'' ഒരു ലൈനുണ്ട്. അതാ പ്രശ്നം. കക്ഷി കോട്ടയംകാരി ചേട്ടത്തിയാണ്. എന്തെങ്കിലും ചെയ്യുന്നതിന്നു മുമ്പ് അനിയത്തിയുടെ കാര്യം നടത്തണം. അല്ലെങ്കില്‍ അവളുടെ കാര്യം കട്ടപ്പൊകയാവും ''.

'' ബെസ്റ്റ് കഥ. നമ്പൂരിച്ചെക്കന് നസ്രാണിപ്പെണ്ണ്. ഉം നടക്കട്ടെ നടക്കട്ടെ '' പ്രദീപ് കൂട്ടുകാരനെ ഹാളിലേക്ക് കൂട്ടിക്കൊണ്ടു നടന്നു.




'' നോക്കെടി മകളേ, ആ വരുന്ന ആളെ '' കാറില്‍ നിന്ന് ഇറങ്ങി വരുന്ന ആളെ ചൂണ്ടിക്കാട്ടി പാറു മകളോട് പറഞ്ഞു.

'' ആരാമ്മാ അത് ''.

'' തമ്പുരാട്ടിടെ മൂത്ത ആങ്ങളയാ. തമ്പുരാട്ടിയുടേയും തമ്പുരാന്‍റേയും വേണ്ടപ്പെട്ടോരൊക്കെ കാശും പണവും ഉണ്ടായപ്പോ വരാനും പോവാനും തുടങ്ങി. എന്നാലും അവരുടെ അടുത്ത് ഒരു കാര്യത്തിനും തമ്പുരാട്ടി അഭിപ്രായം ചോദിക്കിണ പതിവില്ല ''.


'' ഗോപീകൃഷ്ണാ, ഇവിടെ വാടാ '' റഷീദ് വിളിച്ചു '' നീ പോയ കാര്യം എന്തായി ''.

ജോലി നഷ്ടപ്പെട്ട് ഇരിക്കുന്ന മെഡിക്കല്‍ റെപ്രസന്‍റ്റേറ്റീവ് ആണ് ഗോപീകൃഷ്ണന്‍. ഒന്നുരണ്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യൂകള്‍ക്ക് പോയെങ്കിലും ഒന്നും ശരിപ്പെട്ടില്ല. അപ്പോഴാണ് റഷീദ് ഒരു കമ്പിനിയിലെ വേക്കന്‍സി അറിയിച്ചത്. അതിനെക്കുറിച്ച് അറിയാന്‍ വിളിച്ചതാണ്.

'' എന്‍റെ അല്ലേടാ തല. അതും നടന്നില്ല ''.

'' എന്തു പറ്റി ''.

'' എല്ലാം ഓക്കെയായി. അപ്പോഴാണ് ആര്‍.എം. നമ്മുടെ അസ്സോസിയേഷന്‍റെ ട്രഷററെ വിളിച്ച് അന്വേഷിക്കുന്നത്. ആ പഹയന്‍ എല്ലാം തകര്‍ത്തു ''.

'' എന്തേ ഉണ്ടായത് ''.

'' എന്‍റെ സ്വഭാവത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആളൊക്കെ നന്ന്. യൂണിയന്‍റെ സ്ട്രോങ്ങ് മെമ്പറാണ്. ടാര്‍ജ്ജറ്റ് പറഞ്ഞ് നിങ്ങള് അവനെ ചൊറിയാന്‍ നോക്കണ്ടാ. ചിലപ്പോള്‍ പണി കിട്ടും എന്ന ഒറ്റ കാച്ചല്. അതോടെ എന്‍റെ പണി പാളി ''.

'' കുറ്റിക്കൊന്ന് കൊടുക്കണം ആ കഴുതടെ ''.

'' ഞാന്‍ അയാളെ വിളിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതും കൂടി കേള്‍ക്ക്. കമ്പിനിയില്‍ ചേര്‍ന്നാല്‍ മാനേജര്‍ എന്നെ ചൊറിഞ്ഞുംകൊണ്ട് വരാതിരിക്കാന്‍ മുന്‍കൂട്ടി പറഞ്ഞതാണത്രേ ''.

ശിവശങ്കര മേനോന്‍റെ കാര്‍ ഗെയിറ്റ് കടന്നെത്തി. അനിരുദ്ധനെ കണ്ടതും റഷീദ് അയാളുടെ അടുത്തേക്ക് നീങ്ങി.




'' ഏടത്ത്യേമ്മേ, എന്തിനാ ഇങ്ങിനെ ചെയ്തത് '' ഇന്ദിരയോട് നാത്തൂന്‍ ചോദിച്ചു.

'' എന്താ കുട്ടീ പറയൂ ''.

'' രമടെ കല്യാണത്തിന്‍റെ അന്നന്നെ ഏടത്ത്യേമ്മടെ അടുത്ത് ചോദിക്കണം എന്ന് വിചാരിച്ചതാ എന്തിനാ അവളെ ഒരു നൊണ്ടിച്ചെക്കനെക്കോണ്ട് കെട്ടിച്ചത് എന്ന്. അതോ പോട്ടെ, ഇപ്പഴാണ് ഞങ്ങള് അറിയിണത് ഇവന്‍റെ അമ്മായിയമ്മയ്ക്ക് ബുദ്ധിക്ക് സ്ഥിരത ഇല്ല എന്ന്. നിങ്ങളുടെ ഇപ്പഴത്തെ അവസ്ഥയ്ക്ക് വേറെ എത്ര നല്ല കേസ്സ് കിട്ടും ''.

'' ഇപ്പഴത്തെ നില നോക്കി കഴിഞ്ഞതൊക്കെ മറക്കാന്‍ പാട്വോ. പെണ്ണ് കണ്ടിട്ടില്ല, എടുക്കാന്നും കൊടുക്കാന്നും വെച്ചിട്ടില്ല, എന്നിട്ടും അനൂന്‍റെ ഓപ്പറേഷന്‍ സമയത്ത് മരുമകന്‍ ലീവെടുത്ത് ഞങ്ങളുടെ ഒപ്പം ആസ്പത്രിയിലിരുന്നു. അതു കഴിഞ്ഞ് അനു വീട്ടില്‍ വന്ന് കിടപ്പായപ്പോള്‍ അവന്‍റെ ഭാര്യടെ അച്ഛനാ ഞങ്ങളുടെ ചിലവ് നടത്തിയിരുന്നത്. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും കേട്ടില്ല. ആപത്തില്‍ ഒപ്പം നിന്നോരല്ലേ നല്ല ബന്ധുക്കള് ''.

നാത്തൂന് അടി കൊണ്ടതുപോലായി. അവര്‍ മെല്ലെ അവിടെ നിന്ന് മാറി.




മുന്‍ നിരയിലിരിക്കുന്ന അമ്മിണിയമ്മയെയാണ് ഹാളിലേക്ക് കയറുമ്പോള്‍ അനൂപ് കണ്ടത്. അവന്‍ ഭാര്യയേയും കൂട്ടി അവരുടെ അടുത്തു ചെന്ന് പാദങ്ങള്‍ തൊട്ടു വണങ്ങി. അനൂപിന്‍റെ ഭാര്യയുടെ കയ്യില്‍ അമ്മിണിയമ്മ പിടിച്ചു.

'' മോളേ, ഇവന്‍ പച്ച പാവാണ്. നല്ലോണം നോക്കണം കേട്ടോ ''. പെണ്‍കുട്ടി തലയാട്ടി.

'' അമ്മമേ, അങ്കിള്‍ എവിടെ '' അനൂപ് ചോദിച്ചു.

'' അങ്കിളും മേനോനങ്കിളും നിന്‍റെ കൂട്ടുകാരും എല്ലാം താഴെ ഡൈനിങ്ങ് ഹാളിലുണ്ട്. തിരക്ക് കഴിഞ്ഞ ശേഷമേ അവരെ കാണാന്‍ കിട്ടു ''.

'' ഞങ്ങള് സ്റ്റേജിലേക്ക് കയറിക്കോട്ടേ '' അവന്‍ ചോദിച്ചു.

'' ഇത് ആരാന്ന് നിനക്ക് മനസ്സിലായോ '' തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അവര്‍ ചോദിച്ചു. അവന്‍ അവരെ നോക്കി. കറുത്തു തടിച്ച ഒരു സ്ത്രീ. തലമുടി കുറേശ്ശ നരച്ചിട്ടുണ്ട്. അവര്‍ ധരിച്ച പട്ടുവസ്ത്രങ്ങളും കഴുത്തിലും കയ്യിലും അണിഞ്ഞ ആഭരണങ്ങളും വൈരക്കല്ല് പതിച്ച കമ്മലും ആളൊരു ധനികയാണെന്ന് അറിയിക്കുന്നുണ്ട്.

'' അമ്മമ്മേ, എനിക്ക് ഓര്‍മ്മ വരുന്നില്ല '' അവന്‍ പറഞ്ഞു.

'' അതിന് നീ മുമ്പ് കണ്ടിട്ടു വേണ്ടേ '' അവര്‍ ചിരിച്ചു '' മേനോനങ്കിളിന്‍റെ ഭാര്യയാണ് ഇത് ''.

അനൂപും ഭാര്യയും അവരേയും വന്ദിച്ചു. സ്റ്റേജില്‍ നിന്ന് ആരോ വിളിച്ചതോടെ അവര്‍ നടന്നു.
അണമുറിയാതെ അതിഥികള്‍ ഹാളിലേക്ക് ഒഴുകി. തിളങ്ങുന്ന വെട്ടത്തില്‍ അനൂപും ഭാര്യയും
ജ്വലിച്ചു നിന്നു.




അതിഥികള്‍ സ്ഥലം വിട്ടു കഴിഞ്ഞു. ചില അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ അവശേഷിച്ചിട്ടുള്ളു. അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ വധൂവരന്മാരോട് ഡൈനിങ്ങ് ഹാളിലേക്ക് ചെല്ലാന്‍ അമ്മാമന്‍ വന്നു പറഞ്ഞപ്പോഴാണ് ഒരു ലോക്കല്‍ ടി.വി. ചാനല്‍കാരന്‍റെ വരവ്. അവര്‍ക്ക് പത്തു മിനുട്ട് അനൂപിനോട് സംസാരിക്കണം.

'' കല്യാണത്തിന്‍റെ എടേലാടോ നിങ്ങളുടെ ഇന്‍റര്‍വ്യൂ '' മൂത്ത അമ്മാമന്‍ ചൂടായി.

'' ഗോപാലകൃഷ്ണന്‍ സാറിനോട് നേരത്തെ പറഞ്ഞിട്ടുണ്ട് '' ചാനല്‍കാരന്‍ പറഞ്ഞു.

'' ഇത്ര നേരം അവര്‍ കാത്തുകെട്ടി നിന്നതല്ലേ. അഞ്ചു മിനുട്ട് നേരത്തെ കാര്യോല്ലേയുള്ളു '' ഗോപാലകൃഷ്ണന്‍ അതു പറഞ്ഞതോടെ അനൂപ് തയ്യാറായി.

'' ഒട്ടേറെ കഷ്ടപ്പാടുകള്‍ കടന്നാണ് താങ്കള്‍ ഇന്നത്തെ നിലയിലെത്തിയത്. ജന്മസിദ്ധമായ കഴിവ് ഉള്ളതുകൊണ്ടല്ലേ അത് സാധിച്ചത് ''.

'' തീര്‍ച്ചയായും അല്ല. എന്നേക്കാള്‍ കഴിവുള്ള എത്രയോ പേരുണ്ട്. കഴിവ് മാത്രമാണ് കാരണം  എന്ന് ഒരിക്കലും പറയാനാവില്ല ''.

'' ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ആരാണ് ''.

'' ഗോപാലകൃഷ്ണനങ്കിളാണ്എന്നെ കൈ പിടിച്ച് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ മകന്‍ എന്‍റെ അരുണേട്ടന്‍ ചെന്നയില്‍ കൊണ്ടുപോയി സിനിമ രംഗത്തുള്ള ഒരുപാട് സുഹൃത്തുക്കാള്‍ക്ക് എന്നെ പരിചയപ്പെടുത്തി. അങ്ങിനെയാണ് ഈ രംഗത്തേക്ക് കടന്നു വരാനായത്  ''.

'' തെലുങ്കിലും കന്നഡയിലും തമിഴിലും പാടി പേരെടുത്തിട്ടും മലയാളത്തില്‍ പാടാനുള്ള അവസരം കിട്ടാന്‍ എന്തേ ഇത്ര വൈകിയത് ''.

'' ഓരോന്നിനും ഓരോ സമയമില്ലേ. അതാവും കാരണം ''.

'' ജീവിതത്തില്‍ ആരോടാണ് ഏറ്റവും കടപ്പാട്  ''.

'' രണ്ടു കൊല്ലം മുമ്പ് ഞാന്‍ മരണത്തിന്‍റെ വക്കത്ത് എത്തിയതാണ്. ഒട്ടേറെ പേരുടെ നന്മ കാരണമാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. അവരോടൊക്കെ എനിക്ക് കടപ്പാടുണ്ട് ''.

'' താങ്കള്‍ക്ക് ഒരു അവാര്‍ഡ് കിട്ടിയാല്‍ ആര്‍ക്കാണ് അത് സമര്‍പ്പിക്കുക ''.

'' സ്വന്തം കരളിന്‍റെ പാതി മുറിച്ച് എനിക്ക് നല്‍കിയ എന്‍റെ അനിയത്തിക്കുട്ടിക്ക് ''.

'' മതി, മതി. പോവുക '' എന്നു പറഞ്ഞ് അമ്മാമന്‍ തിരക്കു കൂട്ടി.

'' ഒരേയൊരു ചോദ്യം. ജീവിതത്തില്‍ നിന്ന് താങ്കള്‍ പഠിച്ച പാഠം ''.

'' ഞാന്‍ പറഞ്ഞല്ലോ, ഒരുപാടു പേരുടെ നന്മ കാരണമാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന്. മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയും ഓരോ ചുവടുവെപ്പും നന്മയിലേക്കായിരിക്കണം ''.


ആഹാരം കഴിഞ്ഞ് അനൂപും ബന്ധുക്കളും  ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഗോപാലകൃഷ്ണന്‍ അവരുടെ അടുത്തെത്തി

'' ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രദീപും കൂട്ടുകാരും അതൊക്കെ വീട്ടിലെത്തിക്കും ''അയാള്‍  പറഞ്ഞു '' അരുണ്‍ സുകുമാരനേയും ഭാര്യയേയും വീട്ടിലെത്തിക്കാന്‍ പോയതാണ്. അവന്‍ വരുമ്പോഴേക്കും എനിക്ക് ഓഡിറ്റോറിയത്തിന്‍റേയും  കാറ്ററിങ്ങ് കാരുടേയും  കണക്ക് സെറ്റില്‍ ചെയ്യാനുണ്ട്. അതു കഴിഞ്ഞാല്‍ ഞങ്ങള്‍ വീട്ടിലേക്ക് പോവും. ഞാന്‍ നാളെ വന്ന് കണ്ടോളാം ''.




ഓഡിറ്റോറിയത്തിന്നു വെളിയില്‍ റോഡോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എപ്പോഴേ പോയി കഴിഞ്ഞു. പാര്‍ക്കിങ്ങ് ഏരിയയില്‍ ആറേഴു കാറുകള്‍ മാത്രമേ ബാക്കിയുള്ളു. ഗെയ്റ്റ് കടന്ന് കല്യാണത്തിന്ന് അനൂപ് വാങ്ങിയ വോള്‍സ് വാഗന്‍ വെന്‍റോ കാര്‍ നിരത്തിലേക്കിറങ്ങി. പൌര്‍ണ്ണമി ചന്ദ്രന്‍റെ പ്രഭയില്‍ അത് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.

( അവസാനിച്ചു )

22 comments:

  1. മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയും ഓരോ ചുവടുവെപ്പും നന്മയിലേക്കായിരിക്കണം ''

    നന്മയിലേക്കുള്ള ഈ ചുവടു വെയ്പ്പ് അതി സുന്ദരമായി അവസാനിച്ചു..
    അല്ല. അവസാനിച്ചു എന്നല്ല.പറയേണ്ടതു.
    നന്മയിലെക്കുമുള്ള ചുവടു വയ്പ്പ് ആരംഭിച്ചു..
    അഭിനന്ദനങ്ങള്‍ ഏട്ടാ


    ReplyDelete
    Replies
    1. .Nalina,
      മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. തിന്മ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഓര്‍മ്മിക്കേണ്ട കാര്യം ഇതാണ്. അഭിനന്ദനങ്ങള്‍ക്ക് നന്ദി

      Delete
  2. കഥ മുഴുവന്‍ വായിച്ചു. വളരെ ഹൃധയസ്പ്ര്സിയായ ഒരു കഥ. പെട്ടെന്ന് അവസാനിച്ച പോലെ തോന്നി. ഒന്നുരണ്ടു ഭാഗങ്ങള്‍ വായിച്ചപോള്‍ കണ്ണ് നിറഞ്ഞു പോയി. ഒരികല്‍ കൂടി വളരെ നന്നായിരുന്നു. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷിക്കുന്നു.

    ReplyDelete
    Replies
    1. Nanam,
      നോവല്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞ് സന്തോഷിക്കുന്നു. മറ്റൊരു നോവലുമായി അധികം വൈകാതെ എത്താം 

      Delete
  3. നന്മയിലേയ്ക്കുള്ള ചുവടുവെയ്പ്പുകളിലൂടെ വേണം നാം ജീവിതം നയിക്കേണ്ടത് എന്ന പ്രസക്തമായ പാഠം തന്നെയാണ് ഈ ആസുരകാലത്ത് നമ്മൾ മനസ്സിലുറപ്പിക്കേണ്ടതും അനുവർത്തിക്കേണ്ടതും.

    ReplyDelete
    Replies
    1. രാജഗോപാല്‍,
      ക്രൂരത അനുദിനം വര്‍ദ്ധിക്കുന്നു. കൊലപാതകം ഒരു വിനോദമായി ( സ്കൂളുകളില്‍ 
      കയറി പാവം കുട്ടികളെ വെടി വെച്ച് കൊല്ലുക ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നുണ്ട്. നമ്മുടെ നാടും ഒട്ടും മോശമല്ല. അക്രമ സംഭവങ്ങള്‍ പെരുകുന്നുണ്ട് ) മാറുന്നു. നന്മയുടെ പാതയിലേക്ക് തിരിയാതെ പോവുന്ന പക്ഷം ഭൂമി ഒരു നരകമായി മാറും 

      Delete
  4. ദർശനയിൽ ഇന്റർവ്യൂ കണ്ടു

    ReplyDelete
    Replies
    1. ഇ.എ. സജീം, തട്ടത്തുമല,
      ഏപ്രില്‍ 21ന്ന് നേരിട്ടു കാണാം 

      Delete
  5. അങ്ങനെ നോവൽ ശുഭപര്യവസായി ആയി.
    നന്മയിലേക്ക് ഒരു ചുവടുവയ്പ്പ്....!
    ആശംസകൾ...

    ReplyDelete
    Replies
    1. വി.കെ,
      എല്ലാം മംഗളമായി തീര്‍ന്നു. ആശംസകള്‍ക്ക് നന്ദി

      Delete
  6. Replies
    1. ponmalakkaran I പൊന്മളക്കാരന്‍,
      ആശംസകള്‍ക്ക് നന്ദി

      Delete
  7. വളരെ നന്നായിരുന്നു. ഇനിയും കൂടുതല്‍ കഥകള്‍ പ്രതീഷിക്കുന്നു.

    ReplyDelete
    Replies
    1. Anoymous,
      നല്ല അഭിപ്രായത്തിന്ന് നന്ദി. അടുത്ത നോവല്‍ താമസിയാതെ ഉണ്ടാവും 

      Delete
  8. എല്ലാം മംഗളമായിത്തീര്‍ന്നല്ലോ. നന്മകള്‍ അവസാനിച്ചിട്ടില്ല ലോകത്തില്‍, തിന്മകള്‍ ഏറുന്നുവെങ്കിലും.

    അടുത്ത നോവല്‍ ഉടന്‍ ഉണ്ടാകുമല്ലോ.

    ReplyDelete
    Replies
    1. Typist I എഴുത്തുകാരി,
      നന്മകള്‍ ഒരിക്കലും ലോകത്ത് ഇല്ലാതാവില്ല. തിന്മകള്‍ കാലാകാലങ്ങളില്‍ 
      തലപൊക്കും. ക്രമേണ ഇല്ലാതാവുകയും ചെയ്യും.

      നാലാമത്തെ നോവല്‍ എഴുതി തുടങ്ങി. അധികം വൈകാതെ പോസ്റ്റ് ചെയ്തു തുടങ്ങും.

      Delete
  9. സാറിന്റെ 2 നോവലും വായിച്ചു . വളരെ നന്നായിരുന്നു .
    2) മത്തെ നോവല്‍ പെട്ടെന്ന് അവസാനിച്ച പോലെ തോന്നി.
    അടുത്ത നോവലിന് വേണ്ടി കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. safeer,
      വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന്ന് നന്ദി. നിഴലായ് എന്നുമൊപ്പം എന്ന വേറൊരു നോവല്‍ കൂടിയുണ്ട്. നാലാമത്തെ നോവല്‍ താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്ങും.

      Delete
  10. ഇവിടെ ആദ്യമാണ് നോവലുകള്‍ നന്നായിരിക്കുന്നു ,ആശംസകള്‍ വീണ്ടും വരാം .

    ReplyDelete
    Replies
    1. മിനി.പി.സി,
      നന്ദി. താമസിയാതെ പോസ്റ്റ് ചെയ്തു തുടങ്ങുന്ന അടുത്ത നോവല്‍ വായിക്കാന്‍ ക്ഷണിക്കുന്നു.

      Delete
  11. കഥ മുഴുവൻ വായിച്ചു.നന്നായിട്ടുണ്ട്‌.ഗ്രാമാന്തരീക്ഷത്തിലുള്ള കഥ പറച്ചിൽ നന്നായി.
    കുറേ അനാവശ്യ കഥാപാത്രങ്ങളെ കൊണ്ട്‌ വന്നു അദ്ധ്യായങ്ങൾ വെറുതേ വലിച്ചു നീട്ടിയതിനു പകരം അവസാന അധ്യായങ്ങൾ കുറേക്കൂടി നന്നാക്കാമായിരുന്നു.അവസാന അധ്യായം വെറുതേ പറഞ്ഞു തീർത്തു.
    കൊച്ചുകുട്ടികളെ സ്കൂളിൽ നിന്നും ടൂർ കൊണ്ടുപൊകുമ്പോൾ ദാ അക്കാണുന്നതാണു വിമാനത്താവളം എന്നു അധ്യാപകർ പറയുന്നതു പോലെ ഞാനീ കഥ തീർക്കുവാണെന്നു.

    ReplyDelete
    Replies
    1. നോവല്‍ വായിച്ച് വിലയിരുത്തിയതിന്ന് ഒരുപാട് നന്ദി. താങ്കളുടെ നിരീക്ഷണം ശരിയാണ്. നോവലിന്‍റെ അവസനഭാഗമാവുമ്പോഴേക്ക് ഞാന്‍ തീരെ കിടപ്പിലായിരുന്നു. എങ്ങിനെയെങ്കിലും എഴുതിയത് മുഴുമിക്കണം എന്നേ അന്ന് ചിന്തിച്ചുള്ളു. നോവല്‍ പോസ്റ്റ് ചെയ്ത് കുറെ കഴിഞ്ഞപ്പോഴേക്ക് ആരോഗ്യം മെച്ചപ്പെട്ടു. വീണ്ടും വായിച്ചപ്പോള്‍ ആ പോരായ്മ എനിക്ക് ബോദ്ധ്യപ്പെടുകയും വീണ്ടും ഒരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുകയുണ്ടായി. ഇതിലെ കഥാപാത്രങ്ങള്‍ പരസ്പരം
      ബന്ധപ്പെട്ടവരായതിനാല്‍ ആരേയും ഒഴിവാക്കാന്‍ തോന്നിയില്ല. വിശദമായ അഭിപ്രായത്തിന്ന് ഒരിക്കള്‍ക്കൂടി നന്ദി

      Delete