Tuesday, July 31, 2012

നോവല്‍ - അദ്ധ്യായം - 48.

ഗോപാലകൃഷ്ണന്‍ നായര്‍ തിരിച്ചെത്തിയതും പെണ്‍കുട്ടികള്‍ പുറപ്പെട്ടു. നാലു മണിക്ക് ചായ കുടിച്ചിട്ട് പോവാമെന്ന് പറഞ്ഞതാണ്. ഒരു കൂട്ടുകാരിക്ക് തൃശൂരില്‍ പോകാനുണ്ടെന്നു പറഞ്ഞ് അവര്‍ യാത്രയായി.

'' കുറച്ചു നേരം ഉമ്മറത്ത് ഇരുന്നാലോ '' അമ്മിണിയമ്മ ചോദിച്ചു. ഈയിടെയായി ഭര്‍ത്താവിന്‍റെ കയ്യില്‍ പിടിച്ച് മെല്ലെമെല്ലെ നടന്നു സോഫയില്‍ വന്നിരിക്കാറുണ്ട്. ഗോപാലകൃഷ്ണന്‍ അവരെ സ്വീകരണ മുറിയിലേക്ക് ആനയിച്ചു.

'' പഴയ കൂട്ടുകാരെയൊക്കെ കണ്ടില്ലേ '' അവര്‍ ചോദിച്ചു.

'' ആകെ എത്തിയത് എട്ടാള്. രണ്ടു മൂന്ന് ആളുകള്‍ പനിയായി കിടപ്പിലാണെന്ന് പറഞ്ഞു കേട്ടു. മഴക്കാലം അല്ലേ. ചിലരൊക്കെ നിത്യരോഗികളായി മാറീന്നും പറയുന്നു ''.

'' നിങ്ങള് മോട്ടോര്‍ സൈക്കിളില്‍ പോയത് കണ്ടിട്ട് വല്ലോരും വല്ലതും പറഞ്ഞ്വോ ''.

'' പറഞ്ഞ്വോന്നോ. സകല എണ്ണത്തിനും അതിശയം ''.

'' അവരുടെ കണ്ണ് തട്ടീട്ടുണ്ടാവും. ഉഴിഞ്ഞ് ഇടണം. പിന്നെ ചെറിയ മോള് എന്താ പറഞ്ഞത് എന്ന് നിശ്ചംണ്ടോ ''.

'' എന്താ ആ വായാടി എഴുന്നള്ളിച്ചത് ''.

'' വലിയമ്മേ, നിങ്ങള് രണ്ടാളുടേം ഹണിമൂണ്‍ ഇനീം കഴിഞ്ഞില്ലേ എന്ന്. ഞാന്‍ ആകെക്കൂടി നാണം കെട്ടു ''.

'' ഹ ഹ ഹ '' ഗോപാലകൃഷ്ണന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. '' അത് നേരത്തെ പറയണ്ടേ. എന്നാല്‍
ഞാന്‍ ആ പെണ്ണിന് ഒരു പ്രസന്‍റ് വാങ്ങി കൊടുക്ക്വായിരുന്നു ''.

'' നിങ്ങള്‍ക്ക് ഞാന്‍ എന്തു പറഞ്ഞാലും തമാശയാണ് '' അമ്മിണിയമ്മ പരിഭവിച്ചു. പടിക്കല്‍ കാറ് നിറുത്തുന്ന ശബ്ദം കേട്ടു.

'' എന്നെ കൊണ്ടുപോയി കിടത്തിക്കോളൂ. വല്ലോരും കേറി വരുമ്പൊ ഉമ്മറത്ത് കൊഴവാതം പിടിച്ച ഒന്ന് ഇരിക്കിണത് കാണണ്ടാലോ ''.

'' ആരു കണ്ടാലെന്താ. സൂക്കട് വരുന്നതിന് നാണിക്കണ്ട വല്ല കാര്യൂണ്ടോ '' എന്ന് ചോദിച്ചെങ്കിലും അമ്മിണിയമ്മയെ അയാള്‍ കിടപ്പറയിലെത്തിച്ചു. തിരിച്ചു വന്നപ്പോള്‍ ശിവശങ്കര മേനോന്‍ ഉമ്മറത്ത് എത്തിയിരിക്കുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ട്. രാവിലെ കണ്ട കാറല്ല ഇപ്പോഴുള്ളത്. വരുന്ന വഴിക്ക് കണ്ടപ്പോള്‍ വെറുമൊരു ഭംഗിവാക്ക് പറഞ്ഞാതാണെന്ന് കരുതി. ക്ഷണിക്കാന്‍ എത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.

'' എന്തെങ്കിലും വിചാരിച്ചാല്‍ എനിക്കത് ഉടനെ നടത്തണം. പിന്നെക്ക് വെച്ചാല്‍ ചിലപ്പൊ മറക്കും '' ശിവശങ്കര മേനോന്‍ അകത്തേക്ക് കയറി '' ഇത് എന്‍റെ മൂത്തമകനാണ്. സാറിന് ഇവനെ അറിയില്ലേ ''.

'' പിന്നല്ലാണ്ടെ. കല്യാണത്തിനൊക്കെ ഞാന്‍ വന്നിട്ടുള്ളതല്ലേ ''.

'' എന്നാല്‍ നീ പോയി ഗോപിനായരെ കണ്ട് ഒരുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് വാങ്ങീട്ടുവാ. ആ വിദ്വാന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ നില്‍ക്കുണുണ്ടാവും, പഴനിക്ക് പോവാനായിട്ട് '' മേനോന്‍
മകനോട് ആവശ്യപ്പെട്ടു '' അതുവരെ ഞാന്‍ സാറിനോട് ഓരോന്ന് പറഞ്ഞ് ഇവിടെ ഇരുന്നോളാം ''. മകന്‍ കാറ് സ്റ്റാര്‍ട്ട് ചെയ്തു നീങ്ങി.

'' വെപ്പുകാരന്‍റെ അടുത്തേക്ക് അയച്ചതാ അവനെ. കാറ്ററിങ്ങ്‌കാരെ ഏല്‍പ്പിക്കാമെന്നു വിചാരിച്ചതാ ഭാര്യക്ക് അത് പറ്റില്ല. ഇതൊക്കെ മിനക്കേട് പിടിച്ച ഏര്‍പ്പാടാണ്. എന്താ ചെയ്യാ. പറഞ്ഞാല്‍ തലേല് കേറണ്ടേ '' മേനോന്‍ സംഭാഷണം തുടങ്ങി '' ഉള്ള കാര്യം പറയാലോ, ഇത്തിരി ഗംഭീരം ആയിട്ടന്നെ നടത്താന്ന് വെച്ചു. ഒരു മകളുള്ളതിന് ആദ്യായിട്ട് ഉണ്ടായ കുട്ടിയല്ലേ. അതും നടാടത്തെ പിറന്നാള്. പിന്നെ എനിക്ക് ആ കുട്ടീന്ന് വെച്ചാല്‍ ജീവനാ. നല്ല ചന്തക്കാരി പെണ്‍കുട്ടി. അതിന്‍റെ മുഖത്തുന്ന് കണ്ണെടുക്കാന്‍ തോന്നില്ല. അച്ഛന്‍റെ തനി സ്വരൂപാണ് പെണ്ണ് ''.

മേനോന്‍റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലെന്ന് ഗോപാലകൃഷ്ണന്‍ ഓര്‍ത്തു. ഉള്ളത് ഉള്ളപോലെ പറയുന്ന പ്രകൃതമാണ് പണ്ടുതന്നെ. സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും പഴയ മട്ടില്‍ പെരുമാറുന്നത് അയാളുടെ മഹത്വമാണ്.

'' പുതുതായി ഒരു ബിസിനസ്സും കൂടി തുടങ്ങുന്നുന്ന് കേട്ടല്ലോ. മരുന്നിന്‍റെ ഡിസ്ട്രിബ്യൂഷനോ സ്റ്റോക്കോ എന്തോ ''.

'' ശരിയാ. മരുമകന് വേണ്ടീട്ടാ അത് ''.

'' അപ്പോള്‍ അയാളുടെ ജോലി ''.

'' അതൊക്കെ ശാശ്വതം എന്ന് പറയാന്‍ പറ്റില്ല. ഉള്ള ദിവസം ഉണ്ടാവും അത്രേന്നെ. വലിച്ചെറിഞ്ഞ് പോരാന്‍ ഞാന്‍ നൂറു തവണ പറയാറുണ്ട്. അവനോന്‍റെ ബിസിനസ്സ് നോക്കി നടന്നത് അന്യരാണ്. അത് ഏറ്റെടുത്താ മതി. കേക്കണ്ടേ ''.

'' അതിന് മക്കളില്ലേ ''.

'' ഉവ്വുവ്വ്. ഇപ്പൊ കണ്ടില്ലേ ഒരാളെ. എങ്ങിനെ പത്തുറുപ്പിക ഉണ്ടാക്കാം എന്നല്ല എങ്ങിനെ കളയാം എന്നാ മൂപ്പരുടെ നോട്ടം. ഇനിയൊരുത്തനുള്ളതിന് അബ്കാരി മാത്രം മതി ''.

'' മരുമകന്‍ ആള് എങ്ങിനീണ്ട് ''.

'' ഉള്ളത് പറയാലോ. ഇങ്ങിനത്തെ ഒരുത്തനെ കിട്ടില്ല. എനിക്ക് ആദ്യം പേടിയൊക്കെ ഉണ്ടായിരുന്നു. വലിയ വീട്ടിലെ പെണ്‍കുട്ടി. കാണാന്‍ അത്രയ്ക്ക് പോരാനും. ചന്തകാരനായ ഒരുത്താന്‍ കല്യാണം കഴിക്കാന്‍ സമ്മതിച്ചാല്‍ എന്തെങ്കിലും ഊരണം എന്ന് വിചാരിച്ചിട്ടാണ് എന്നല്ലേ കരുതാന്‍ പറ്റുള്ളു. എന്നാല്‍ അങ്ങിനെ ഒന്നും അല്ലാട്ടോ. ഇന്നേവരെ വായ തുറന്ന് ഒരു സാധനം അവന്‍ ചോദിച്ചിട്ടില്ല. പിന്നെ എന്‍റെ മകളേം കുട്ട്യേം അവന് ജീവനാ. നമുക്ക് അത്രേല്ലെ വേണ്ടൂ ''.

പടിക്കല്‍ സ്കൂട്ടറിന്‍റെ ശബ്ദം കേട്ടു. നോക്കുമ്പോള്‍ അനൂപാണ്.

'' അമ്മമ്മ '' അപരിചിതനായ ഒരാളെ കണ്ട് അവന്‍ മടിച്ചു നിന്നു.

'' അകത്തുണ്ട്. പൊയ്ക്കോളൂ ''. അവന്‍ ഉള്ളിലേക്ക് നടന്നു.

'' ഏതാ ഈ കുട്ടി '' മേനോന്‍ ചോദിച്ചു.

'' അടുത്ത കാലത്ത് പരിചയപ്പെട്ടതാ. അമ്മിണി കിടപ്പിലായതില്‍ പിന്നെ മിക്ക ദിവസൂം വരാറുണ്ട്. അവള്‍ക്കും ഇവനെ വലിയ കാര്യാണ് ''.

'' വീട്ടുകാരി കിടപ്പിലാണോ. എന്താ സൂക്കട് '' മേനോന്‍ ചോദിച്ചു. രോഗത്തേയും ചികിത്സയേയും കുറിച്ച് ഗോപാലകൃഷ്ണന്‍ വിശദമായി പറഞ്ഞു.

'' ഞാനും വിചാരിച്ചു '' മേനോന്‍ പറഞ്ഞു '' ഉമ്മറത്ത് ഒരാളുടെ ഒച്ച കേട്ടാല്‍ ചായ കൊണ്ടു വരുന്ന ആളാണ്. കണ്ടില്ലല്ലോ എന്ന് ''.

'' അതിനെന്താ ഞാന്‍ ഉണ്ടാക്കാലോ ''.

'' വേണ്ടാ സാറേ. എനിക്ക് വീട്ടുകാരിയെ ഒന്ന് കാണണം ''. രണ്ടുപേരും ചെല്ലുമ്പോള്‍ അനൂപ് കട്ടിലില്‍ ഇരിപ്പാണ്. അമ്മിണിയമ്മയുടെ കയ്യ് അവന്‍ തടവുന്നുണ്ട്. അവരെ കണ്ടതും അവന്‍
എഴുന്നേറ്റു.

'' എന്നെ ഓര്‍മ്മീണ്ടോ '' മേനോന്‍ ചോദിച്ചു.

'' പിന്നില്യാണ്ടേ. ഉമ്മറത്തിന്ന് ഒച്ച കേട്ടതും എനിക്ക് മനസ്സിലായി. ഇപ്പൊ കണ്ടിട്ട് ഇത്തിരി കാലം ആയീച്ചാലും മുമ്പ് ഒന്നുക്ക് ഒന്നരാടം കാണാറുള്ളതല്ലേ ''.

'' പേരക്കുട്ടിടെ പിറന്നാളിന്ന് രണ്ടാളേം വിളിക്കാന്‍ വന്നതാ ഞാന്‍. ഇവിടെ ഇതാ അവസ്ഥ എന്ന് അറിയില്ലല്ലോ ''.

'' എന്താ ചെയ്യാ. മൂപ്പര് വന്നോളും ''.

'' അയ്യപ്പന്‍ കടാക്ഷിച്ച് വേഗം ഭേദാവട്ടെ ''മേനോന്‍ പറഞ്ഞു '' ഈ കുട്ടിക്ക് എന്താ പണീന്നാ പറഞ്ഞത് '' അനൂപിനെ കുറിച്ചായിരുന്നു ആ ചോദ്യം .

'' മെഡിക്കല്‍ റെപ്രസന്‍റേറ്റീവ് ''.

'' ങാഹാ, അപ്പൊ അനിരുദ്ധനെ അറിയണോലോ ''.

'' അനിരുദ്ധന്‍ സാറിനെ എനിക്ക് അറിയാം ''.

'' ഈ കുട്ടി നന്നായി പാട്ടുപാടും '' അമ്മിണിയമ്മ പറഞ്ഞു.

'' അത് ശരി. ഒരു ദിവസം ഒഴിവോടെ ഇയാളുടെ പാട്ട് കേള്‍ക്കണം ''.

പുറത്ത് കാറിന്‍റെ ശബ്ദം കേട്ടു. മേനോന്‍ യാത്ര പറഞ്ഞിറങ്ങി.

Friday, July 13, 2012

നോവല്‍ - അദ്ധ്യായം - 47.

പഴയ സുഹൃത്തുക്കളെ ശരിക്കും അത്ഭുതപ്പെടുത്താനായി. അതുതന്നെയാണ് ഗോപാലകൃഷ്ണന്‍ നായര്‍ ആഗ്രഹിച്ചതും.


'' ഇത്ര പ്രായമായിട്ടും സാറ് എങ്ങിനേയാ ഇത് ഓടിക്കുന്നത് '' ഫോറസ്റ്റര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ ചോദിച്ചു '' എനിക്ക് റോഡിന്‍റെ ഒരു ഭാഗത്തു നിന്ന് അപ്പുറത്തേക്ക് കടക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് ''. അത് ശരിയാണെന്ന് തോന്നി. സമപ്രായക്കാരായ സഹപ്രവര്‍ത്തകരില്‍ മിക്കവരും വാര്‍ദ്ധക്യത്തിന്ന് കീഴടങ്ങിയ മട്ടുണ്ട്.


'' അതിനെന്താ, ഞാന്‍ ഇതിന്‍റെ പുറത്ത് ഇരിക്കുന്നതല്ലേയുള്ളു. അതല്ലേ എന്നെ ചുമന്നും കൊണ്ട് പോവുന്നത് '' ബുള്ളറ്റിനെ വാത്സല്യത്തോടെ തലോടിക്കൊണ്ട് നായര്‍ പറഞ്ഞു.


'' താനാടോ ഭാഗ്യവാന്‍ '' ഡി.എഫ്.ഒ. ആയിരുന്ന മജീദ് സാര്‍ പറഞ്ഞു '' ആരേയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ടല്ലോ. അതില്‍ കൂടുതല്‍ എന്താ വേണ്ടത് ''.


എല്ലാവരും ഒരു മുന്‍കാല സഹപ്രവര്‍ത്തകന്‍റെ പേരക്കുട്ടിയുടെ വിവാഹത്തിന്ന് ഒത്തു കൂടിയതാണ്. അന്യോന്യം കണ്ടുമുട്ടാനുള്ള അവസരമാണ് കല്യാണങ്ങളും മരണങ്ങളും. വല്ലപ്പോഴും നടക്കുന്ന പെന്‍ഷണേഴ്സ് യൂണിയന്‍ മീറ്റിങ്ങുകളില്‍ പലരും എത്താറില്ല. മുമ്പ് ഇത്തരം ഒത്തുകൂടലുകള്‍ ഇടയ്ക്കൊക്കെ ഉണ്ടാവുമായിരുന്നു. സഹപ്രവര്‍ത്തകരുടെ മക്കള്‍ മിക്കവാറും വിവാഹിതരായി കഴിഞ്ഞതോടെ കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ കുറഞ്ഞു. ചിലരുടെയെങ്കിലും പേരമക്കള്‍ കല്യാണ പ്രായം എത്തിക്കാണും. അവരുടെ വിവാഹത്തിന്ന് വിളിച്ചാലായി, ഇല്ലെങ്കിലായി. അടുപ്പങ്ങളുടെ ശക്തി ചോര്‍ന്നുപോവുകയാണോ ആവോ.


പലരേയും കണ്ടിട്ട് കൊല്ലങ്ങള്‍ അനവധി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് കിട്ടിയപ്പോഴേ നിക്കാഹിന് കൂടണമെന്ന് ഉറപ്പിച്ചു. ആകെക്കൂടിയുള്ള ഒരു പ്രശ്നം അമ്മിണിയുടെ കാര്യമാണ്. കോളേജ് ഇല്ലാത്ത ദിവസമായതിനാല്‍ അനുജന്‍റെ പെണ്‍മക്കള്‍ രണ്ടാളും കാലത്തെ വന്ന് വലിയമ്മയ്ക്ക് തുണയിരിക്കാമെന്ന് സമ്മതിച്ചതോടെ അതും തീര്‍ന്നു.


രാവിലെത്തന്നെ അനുജന്‍റെ മക്കളെത്തി. കൂടെ വേറെ നാല് പെണ്‍കുട്ടികളും. കൂട്ടുകാരാണത്രേ.


'' വലിയച്ഛന്‍ നിക്കാഹിന്ന് പോയിട്ട് ബിരിയാണി തട്ടും. ഇവിടെ ഞങ്ങള്‍ക്ക് സാമ്പാറും ഉപ്പേരീം. അത് കഷ്ടാണ് ട്ടോ '' ചെറിയ മകള്‍ വായാടിയാണ്.


'' അതിനെന്താ, ഇപ്പൊത്തന്നെ മീന്‍കാരനെ വിളിച്ച് മീന്‍ എത്തിക്കാന്‍ പറയാം ''.


'' നല്ല കാര്യായി. ചേച്ചി ശവം കീറി മുറിക്കും. പക്ഷെ മീന് നന്നാക്കില്ല. എനിക്കത് ഒട്ടും പറ്റൂല്യാ ''.


'' അതെന്താ നിനക്ക് ചെയ്താല്‍ ''.


'' വല്യേച്ഛാ, കമ്പ്യൂട്ടറില്‍ എന്ത് വേണച്ചാലും എന്നോട് ചെയ്യാന്‍ പറഞ്ഞോളൂ. പക്ഷെ അടുക്കളേല് കയറാന്‍ എന്നോട് പറയണ്ടാ ''.


ഇങ്ങിനെ പോയാല്‍ ഇവള്‍ കുറെ കഷ്ടപ്പെടും എന്ന് ഉള്ളില്‍ ചിന്തിച്ചു.


'' ഞാന്‍ ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണനോട് ബിരിയാണി വാങ്ങി എത്തിക്കാന്‍ ഏര്‍പ്പാടാക്കാം ''.


'' അതൊന്നും വേണ്ടാ. ഞാന്‍ പോയി നൂര്‍ജഹാനില്‍ നിന്ന് പാകം പോലെ വാങ്ങിക്കോളാം ''കുട്ടി അഭിപ്രായം വെളിപ്പെടുത്തി.


'' ഇഷ്ടംപോലെ ആയിക്കോ ''. ആയിരത്തിന്‍റെ രണ്ട് ഓട്ടുകള്‍ കൊടുത്തതോടെ കുട്ടി പ്രസാദിച്ചു. കവിളിലൊന്ന് തലോടി അവള്‍ അകത്തേക്ക് ഓടി. പുറപ്പെടാറായപ്പോഴാണ് ബൈക്കില്‍ പോവുന്ന കാര്യം അമ്മിണി അറിഞ്ഞത്.


'' പട്ടാമ്പി വരെ മോട്ടോര്‍സൈക്കിളില്‍ പോവ്വേ '' അവള്‍ വിലക്കി '' എത്ര ദൂരം ഉണ്ട് എന്നാ നിശ്ചയം. അയ്യഞ്ച് മിനുട്ട് കൂടുമ്പോള്‍ ബസ്സില്ലേ ''.


'' ബസ്സില്ലാഞ്ഞിട്ടല്ലടോ. ഒക്കെ ഒരു മോഹോല്ലേ. അത്രയ്ക്ക് ദൂരോന്നൂല്യാ. എത്ര പ്രാവശ്യം ഞാന്‍ ഇതില് ശബരിമലയ്ക്ക് പോയിട്ടുള്ളതാണ് ''.


'' അതൊക്കെ അന്തക്കാലം. ഇപ്പൊ വയസ്സായില്ലേ ''.


'' വയസ്സോ. ആര്‍ക്ക് ? എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്യാ. ഞാന്‍ സുഖായിട്ട് പോയിട്ട് വരും ''.


'' ചിക്കണം മട്ടനും ഒക്ക്യാണെന്ന് പറഞ്ഞിട്ട് ബാറില്‍ കേറി മിനുങ്ങണ്ടാട്ടോ. വണ്ടി ഓടിക്കാനുള്ളതാ ''.


'' വിശ്വാസം ഇല്ലാച്ചാല്‍ താന്‍ കൂടി വന്നോ. പിന്നാലെ ഇരുന്നാല്‍ മതി. ഒരു തകരാറും കൂടാതെ ഞാന്‍ കൊണ്ടുപോയി കൊണ്ടു വരാം ''.


'' കേമായി. കയ്യും കാലും കുഴഞ്ഞ് കിടക്കുമ്പൊത്തന്നെ വേണോനും ''.


'' അതൊന്നും കാര്യാക്കണ്ടാ. വേണച്ചാല്‍ പോന്നോളൂ. പിന്നെ സ്പീഡ് കൂടുമ്പൊ എന്‍റെ ചന്തീല് നുള്ളരുത്. അങ്ങിനെ വല്ലതും ചെയ്താല്‍ വണ്ടി നിര്‍ത്തി ഞാന്‍ ആ കവിളില്... ''.


'' അയ്യേ, എന്തൊക്ക്യാ പറയിണ്. അപ്പുറത്ത് പെണ്‍കുട്ടികളുള്ളതാണ് ''. ഭാര്യയുടെ കവിളില്‍ നാണം ചായം പുരട്ടുന്നത് കണ്ടു.


ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഭക്ഷണം കഴിഞ്ഞ ശേഷം എല്ലാവരും പിരിഞ്ഞു. വാടാനാംകുറുശ്ശിയില്‍ എത്തിയപ്പോള്‍ ഗെയിറ്റ് അടച്ചിരിക്കുന്നു. ഓരം ചേര്‍ത്ത് വണ്ടി നിര്‍ത്തി ഹെല്‍മറ്റ് ഊരി സീറ്റില്‍ തന്നെയിരുന്നു.


അടുത്തു നിന്ന വെള്ള ഫോര്‍ച്ച്യൂണറില്‍ നിന്ന് '' സാറേ '' എന്നും വിളിച്ച് ഒരാള്‍ ഇറങ്ങി. ശിവശങ്കര മേനോനാണ്.


'' സാറെവിടുന്നാ ബൈക്കില് '' അയാള്‍ ചോദിച്ചു.


'' പട്ടാമ്പീല് ഒരു കല്യാണത്തിന്ന് ചെന്നതാ ''.


'' ഇപ്പഴും ഇത് ഓടിക്ക്യോ ''.


'' പിന്നല്ലാണ്ടെ. ഇവനെന്‍റെ സന്തത സഹചാരിയല്ലേ ''.


'' മക്കള് കുട്ട്യേളായിരിക്കുമ്പൊ അവരെ ഇതില്‍ കേറ്റി വരുന്നത് കണ്ട ഓര്‍മ്മ ഇപ്പഴും ഉണ്ട്. കാലം മാറീട്ടും ഇതിന് ഒരു മാറ്റൂം വന്നിട്ടില്ല ''.


'' ആ കാലത്ത് തന്‍റേല് ഫിയറ്റ് ലെവന്‍ ഹണ്‍ട്രഡ് ആയിരുന്നു. കറുത്ത നിറത്തില് ''.


ഇരുവരുടേയും ഓര്‍മ്മകള്‍ പിന്നോട്ട് പാഞ്ഞു. എന്തൊക്കെ കണ്ടു, എന്തൊക്കെ അനുഭവിച്ചു. ആലോചിക്കാന്‍ തന്നെ ഒരു സുഖമുണ്ട്.


'' പിന്നെ പേരക്കുട്ടിയുടെ ആദ്യത്തെ പിറന്നാളാണ്. വഴിക്കു വെച്ച് പറഞ്ഞൂന് കരുതണ്ടാ. ഞാന്‍ വീട്ടില് വന്ന് വിളിക്കുന്നുണ്ട് ''.


'' അതൊന്നും വേണ്ടാ. ഈ പറഞ്ഞതന്നെ ധാരാളായി ''.


'' അത് പറ്റില്ല. ചെയ്തു തന്ന ഉപകാരങ്ങളൊക്കെ എന്‍റെ മനസ്സിലുണ്ട് ''.


ഒരു ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്താതെ കടന്നു പോയി.


'' ഗെയിറ്റ് തുറക്കാറായി. ഇന്നോ നാളെയോ ഞാന്‍ വീട്ടില് വരുന്നുണ്ട്ട്ടോ '' മേനോന്‍ കാറില്‍ കയറി. ഗോപാലകൃഷ്ണന്‍ കിക്കറില്‍ കാലമര്‍ത്തി. ബുള്ളറ്റ് ശബ്ദിച്ചു തുടങ്ങി.