Monday, August 27, 2012

നന്മയിലേക്ക് ഒരു ചുവടുവെപ്പ് 9 നോവല്‍ ) - അദ്ധ്യായം - 49.

'' ഇതെന്താ ഇന്ന് ഈ നേരത്തൊരു വരവ് '' ഇന്ദിര പാറുവിനോട് ചോദിച്ചു '' അത്വോല്ല, കുറച്ചായി നീ ഈ വഴിക്ക് കേറീട്ട് ''. ഉച്ച നേരത്ത് പാറു വരാറില്ല. ഒന്നുകില്‍ രാവിലെ നേരത്തെ അല്ലെങ്കില്‍ പണി മാറിയിട്ട് വൈകുന്നേരം. ആ നേരങ്ങളിലേ പാറു എത്തു.

'' ഒന്നും പറയണ്ടാ എന്‍റെ തമ്പ്രാട്ട്യേ. മലമ്പള്ളേല് എഴുത്തശ്ശന്മാരുടെ പാടത്ത് കള വലിക്കാന്‍ പോയി പെട്ടതാ. അങ്ങന്നെ പൊള്ളകള. വലിച്ചിട്ടും വലിച്ചിട്ടും തീരിണ മട്ടില്യാ. ഞാനാണച്ചാല്‍ പോണത് പോട്ടേന്ന് വിചാരിച്ച് ഒക്കെ പൂട്ടി കളയും ''.

'' അപ്പൊ ഇന്ന് നിനക്ക് പണീല്യേ ''.

'' ഉണ്ട്. തറേല് ഒരു പെങ്കുട്ടിടെ തിരണ്ടു കല്യാണം ആണെന്നും പറഞ്ഞ് കൂടെ പണിക്ക് വന്ന എല്ലാ പെണ്ണുങ്ങളുംകൂടി ഉച്ചവരത്തെ പണിമതീന്നും പറഞ്ഞ് നിര്‍ത്തി. അവറ്റയ്ക്ക് രണ്ട് മണിക്കൂറും കൂടി നില്‍ക്ക്വേ വേണ്ടൂ. ഒരു നേര പെട്ട പണി ചെയ്തിട്ട് മുഴുവന്‍ കൂലീം വാങ്ങായിരുന്നു. പറഞ്ഞിട്ടെന്താ. എവിടേങ്കിലും ചോറ് ഉണ്ട് എന്ന് കേക്കുമ്പഴയ്ക്കും കയ്യും കഴുകി പൊയ്ക്കോളും സര്‍വ്വ എണ്ണൂം ''.

'' എന്നിട്ട് നീ വല്ലതും കഴിച്ച്വോ ''.

'' എനിക്കിനി ഒന്നും വേണ്ടാ. രാത്രി കഞ്ഞീണ്ടാക്കി കുടിച്ചോളാം ''.

'' അത് വേണ്ടാ. ഞാന്‍ ഉണ്ടിട്ടില്ല. ഉള്ള ചോറില്‍ ഇത്തിരി കഞ്ഞിടെ തെളി ഒഴിച്ച് രണ്ടാളുക്കും കൂടി കഴിക്കാം ''.

അടുക്കളയുടെ പുറകില്‍ അമ്മിയും ആട്ടുകല്ലും വെച്ച ഭാഗത്തെ തിട്ടില്‍ ഇന്ദിര ഇരുന്നു. തൊട്ടുതാഴെ ചുമരും ചാരി പാറുവും.

'' രാത്രി ചപ്പാത്തി ഉണ്ടാക്കൂ അമ്മേ എന്ന് രാവിലെ അനു പറഞ്ഞ് ഏല്‍പ്പിച്ചതാ. പിന്നെ ഒരു നേരത്തെ കാര്യോല്ലേ ഉള്ളു. ഞങ്ങള് രണ്ടാള്ക്ക് മാത്രായിട്ട് കൂട്ടാനൊന്നും ഉണ്ടാക്കണ്ടാന്ന് എനിക്കും തോന്നി. ഉണ്ണിത്തണ്ടും വെള്ളപയറും കൂടി ഇന്നലെ ഉപ്പേരി വെച്ചത് കുറച്ച് ബാക്കി ഉണ്ടായിരുന്നു. അതിനെ ചൂടാക്കി. മാങ്ങ ഉപ്പിലിട്ടതൂണ്ട്. അതൊക്കെ മതീന്ന് വെച്ചു ''.

'' അപ്പൊ മക്കളടെ കാര്യം ''.

'' പോക്ക് വ്യാഴാഴ്ച്ചയല്ലേ ഇന്ന്. കോട്ടേലെ ഹനുമാനെ തൊഴുകാന്‍ രണ്ടെണ്ണൂം കൂടി പോണുണ്ടത്രേ. അവിടെ കര്‍ക്കിടക കഞ്ഞി കൊടുക്കാറുണ്ട്. അത് വാങ്ങി കഴിച്ചോളാന്‍ പറഞ്ഞു ''.

ഓരോന്ന് പറഞ്ഞ് സംഭാഷണം മക്കളുടെ കാര്യത്തിലേക്ക് വഴുതി വീണു.

'' ചിങ്ങമാസം പിറന്നാല് നമുക്ക് മകനീം കൂട്ടി ആ പെണ്‍കുട്ട്യേ ഒന്ന് പോയി കണ്ടിട്ട് വന്നൂടേ '' പാറു ചോദിച്ചു '' എന്‍റെ മകളുടെ അടുത്ത് അവര് അന്വേഷിച്ചൂന്ന് പറഞ്ഞു ''.

'' നീയെന്ത് ആലോചിച്ചിട്ടാ പറയിണത്. എനിക്ക് ഒരു പെണ്ണുള്ളതിനെ ഒരുത്തന്‍റെ കയ്യില്‍ പിടിച്ചു കൊടുത്തിട്ടു വേണ്ടേ മകന്‍റെ കാര്യം നോക്കാന്‍ ''.

'' അതും വേണ്ടതന്നെ. പാകം പോലെ ഒരു ചെക്കനെ നോക്കിന്‍, അല്ലാണ്ടെന്താ ''.

'' ഇതൊക്കെ പറയുംപോലെ എളുപ്പൂള്ള സംഗതിയാണോ. ഒന്നാമത് നമ്മടെ സ്ഥിതിക്ക് യോജിച്ച ഒന്ന് വരണം. അത് കഴിഞ്ഞാലത്തെ കാര്യോ. ആലോചിക്കുമ്പഴേ പേടിയാവുന്നു ''.

''പെണ്‍കുട്ടികള് വയസ്സറിയിച്ചാല്‍ കെട്ടിച്ചു വിടണ്ടത് അച്ഛന്‍റേം അമ്മടേം പൊറുപ്പാണ്. പേടിച്ചിട്ട് വേണ്ടാന്ന് വെക്കാന്‍ സാധിക്ക്യോ. പിന്നെ എല്ലാം തലേല് എന്താ എഴുതിയത് അതുപോലെ വരും. നല്ല സ്നേഹം ഉള്ള വീട്ടിലാ കുട്ടി ചെന്ന് കേറിയേത് എങ്കില്‍ തന്തയ്ക്കും തള്ളയ്ക്കും സമാധാനം . അല്ലെങ്കിലോ തലയുള്ള എന്നും ചീരാപ്പ് ''.

'' അതല്ല ഞാന്‍ പറഞ്ഞത്. ഇന്നത്തെ കാലത്ത് കൈ നിറയെ പണം വേണം ഒരു കുട്ട്യേ പടിയിറക്കി വിടാന്‍. ചുരുങ്ങാതെ എന്ത് വേണ്ടി വരുംന്ന് നിനക്ക് അറിയ്യോ ''.

'' എനിക്കെങ്ങിന്യാ അറിയ്യാ. നിങ്ങളന്നെ പറയിന്‍ ''.

'' സ്ത്രീധനം ചോദിച്ചില്ലാ എന്നെന്നെ വെക്ക്യാ. പണ്ടം വാങ്ങണ്ടെ. അധിക്കോന്നും നമ്മളെക്കൊണ്ട് ആവില്ല. എന്നാലും രണ്ടു കയ്യിലിക്ക് ഈരണ്ടു വള. നാല് പവന്‍ വേണോ ''

'' വേണ്ടി വരും. അതിലും കുറഞ്ഞാ ബലം കിട്ടില്ല ''.

'' താലിമാല ആണിന്‍റെ വീട്ടുകാര് കൊണ്ടുവന്നാല്‍ നന്ന്. ഇല്ലെങ്കില്‍ അത് കാണണ്ടെ. ഒരു ഒന്നര പവന്‍ അതിന് ആവില്ലേ ''.

പാറു മൂളിക്കേട്ടു.

'' പൊളേലിക്ക് നെക്ക്‌ലസ്സ് പോലത്തെ ഒന്ന് വേണ്ടേ. രണ്ടു പവനില് ഒതുക്കാന്ന് കൂട്ടിക്കോ. ഇത്തിരി നീട്ടത്തില്‍ മൂന്ന് മൂന്നര പവനില്‍ ഒന്നും കൂടി ആയാലോ. അതിനും പുറമെയാണ് കല്യാണമോതിരം. അര പവന്‍റെ മതീന്ന് വെക്കാം. പിന്നെ കാതിലിക്ക് എന്തെങ്കിലും വാങ്ങണ്ടേ. ഒരു പവനില്‍ കുറഞ്ഞ് എന്താ കിട്ട്വാ. ഓക്കെക്കൂടി നോക്കുമ്പോള്‍ പത്ത് പന്ത്രണ്ട് പവന്‍ വേണം. ഇന്നത്തെ വിലയ്ക്ക് മൂന്ന് ലക്ഷം കടക്കില്ലേ ''.

'' പിന്നെയ്ക്ക് അതൊരു മുതലാണ് ''.

'' അല്ലാന്ന് പറയിണില്യാ. ഇല്ലാത്തതിന്‍റെ കുഴപ്പേ ഉള്ളു '' ഇന്ദിര തുടര്‍ന്നു '' തുണീമണീ എന്നൊക്കെ പറഞ്ഞ് പത്ത് മുപ്പത് ഉറുപ്പിക വരും. പതിനഞ്ചോ ഇരുപതോ സദ്യ പോക്കുവരവ് ഇവയ്ക്കൊക്കെ വേണം. എല്ലാം കൂടി മൂന്നര ലക്ഷം കടക്കും ''.

'' തമ്പുരാട്ടി കണക്ക് കൂട്ടി വെച്ചിരിക്ക്യാ ''.

'' പെണ്‍കുട്ടി കയ്യിലുള്ള എല്ലാ അച്ഛനും അമ്മയ്ക്കും ഇതന്യാവും മനസ്സില് ''.

'' എപ്പഴായാലും കൂടാണ്ടെ കഴിയ്യോ. പണത്തിന് വല്ലവഴീം കണ്ടിട്ടുണ്ടോ തമ്പുരാട്ട്യേ ''പാറു ചോദിച്ചു '' അതോ കയ്യില് എന്തെങ്കിലും ഉണ്ടോ ''.

'' ഉണ്ട്. പത്ത് വിരല്. നീയെന്താ രാമായണം മുഴുവനും വായിച്ചിട്ട് രാമന് സീത എപ്പിടി എന്ന മട്ടില് ചോദിക്കുന്നത് '' ഇന്ദിര ചൊടിച്ചു '' മുട്ടികൂടി വന്നാല് ഈ വീടുംപറമ്പും ബാങ്കിന് പണയം കാണിച്ച് ലോണ്‍ കിട്ട്വോന് നോക്കും. പറ്റില്യാച്ചാല്‍ ഇതങ്ങിട്ട് വിറ്റ് അവളുടെ കാര്യം നടത്തും ''.

'' അതൊന്നും വേണ്ടാ. മകന് കൊണ്ടു വരുണ പെണ്ണിന്‍റെ പണ്ടം കുറച്ചെടുത്ത് നമ്മടെ മകളക്ക് കൊടുക്കാം. പണം എന്തെങ്കിലും വേണച്ചാല്‍ അവരോട് ചോദിക്കും ചെയ്യാലോ ''.

'' നീയെന്ത് പണിയാണ് പറഞ്ഞോണ്ട് വരുന്നത്. ഒന്നാമത് അനു താലി കെട്ടി കഴിഞ്ഞാല്‍ ആ കുട്ടി നമ്മടെ മകളായി. അതിനെ പറ്റിക്കാന്‍ പാട്വോ. പിന്നെ എന്‍റേ മകള്‍ക്ക് ഞങ്ങള് കൊടുക്കുന്ന മുതല് അവളുടെ ഭര്‍ത്താവിന്‍റെ വീട്ടുകാര് എടുത്ത് കന്നാപിന്നാന് ചിലവാക്ക്യാല്‍ എനിക്ക് രസിക്ക്വോ. ആ പെണ്‍കുട്ടിടെ വീട്ടുകാര്‍ക്കും അതേ മാതിരി തോന്നില്ലേ ''.

'' ഒരു കണക്കില് അതും ശര്യാണ് ''.

'' ശര്യാണ് എന്നല്ല. അതാണ് ശരി '' ഇന്ദിര തറപ്പിച്ച് പറഞ്ഞു '' നമുക്ക് ഇല്ല്യായും വല്ലായും ഒക്കെ ഉണ്ടാവും. എന്നും വെച്ച് ഈശ്വരന് നിരക്കാത്ത ഒന്നും ചെയ്യാന്‍ പാടില്ല ''.

'' തമ്പുരാട്ട്യേ. നിങ്ങളുടെ ഈ നല്ല മനസ്സുണ്ടല്ലോ. അത് ദൈവം കാണും '' പാറുവിന്‍റെ തൊണ്ട ഇടറി '' നാളെ മറ്റന്നാളായിട്ട് ഞാന്‍ മകളുടെ വീട്ടില്‍ പോണുണ്ട്. അവളേംകൂട്ടി പെണ്‍കുട്ടിടെ വീട്ടില്‍ ചെന്ന് പാകം പോലെ പറഞ്ഞോളാം ''.

കഞ്ഞി കുടി കഴിഞ്ഞ് രണ്ടുപേരും എഴുന്നേറ്റു. പാറു എച്ചില്‍പാത്രവുമായി കിണറ്റിന്‍പള്ളയിലേക്ക് നടന്നു. ഇന്ദിര അടുക്കളയിലേക്കും. അടുക്കള വാതിലും ചാരി രാമകൃഷ്ണന്‍ നില്‍പ്പുണ്ട്.

'' എന്താ ഉറങ്ങീലേ '' ഇന്ദിര ചോദിച്ചു.

'' ഇല്ല '' അയാള്‍ പറഞ്ഞു '' രമടെ കാര്യം പറയുന്നത് കേട്ടു. പാറു പോവുമ്പൊ കുട്ടിടെ തലക്കുറിപ്പ് കൊടുത്തു വിടുണുണ്ടോ ''.

'' ഉവ്വ് '' എന്ന മട്ടില്‍ ഇന്ദിര തല കുലുക്കി.