Tuesday, February 28, 2012

നോവല്‍ - അദ്ധ്യായം - 36.

രണ്ട് ദിവസമായി മഴ നിലച്ച മട്ടാണ്. കെ. എസ്. മേനോന്‍ കാലത്ത് അമ്പലത്തില്‍ ചെന്ന് തൊഴുതു. അമ്മിണിയമ്മയുടെ പിറന്നാളാണ് ഇന്ന്. പാവം, അനങ്ങാന്‍ വയ്യാതെ കിടപ്പല്ലേ. അവരുടെ പേരില്‍ പുഷ്പാഞ്‌ജലിയും ധാരയും കഴിപ്പിച്ചു. ഗോപാലകൃഷ്ണന്ന് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ഭാര്യക്ക് ഈശ്വര ഭക്തി വേണ്ടുവോളമുണ്ട്.

അമ്പലത്തില്‍ നിന്ന് തിരിച്ചു പോരുമ്പോഴേക്കും നേരം വൈകി. ഇനി പ്രാതല്‍ ഗോപാലകൃഷ്ണന്‍റെ വീട്ടില്‍ ചെന്നിട്ടാവില്ല. പഴനി ചെട്ട്യാരുടെ ചായക്കടയില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തുമ്പോള്‍ ക്ലോക്ക് പത്തു തവണ മണി മുഴക്കി. മേനോന്‍ വേഗം വസ്ത്രം മാറ്റി. മഞ്ഞ മുറിക്കയ്യന്‍ ഷര്‍ട്ടും നരച്ച പാന്‍റും ധരിച്ചു. കണ്ണാടിയില്‍ കാണുന്ന രൂപം താന്‍ തന്നെയാണോ എന്ന് സംശയം തോന്നി. ഞാറ്റ് കണ്ടത്തില്‍ മുള പൊട്ടി നില്‍ക്കുന്നത് മാതിരിയുള്ള താടി രോമം മുഖത്ത് നിറഞ്ഞിരിക്കുന്നു. ഷേവ് ചെയ്തിട്ട് ദിവസങ്ങളായി. സമൃദ്ധിയായി വളര്‍ന്ന് നില്‍ക്കുന്ന നരച്ച തലമുടി ചെമ്പിച്ചിട്ടുണ്ട്. നാളെ മുടി വെട്ടിച്ചിട്ടേ വേറൊരു കാര്യമുള്ളു.

വീടും പടിയും പൂട്ടി ഇറങ്ങി. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിന്‍റെ വലത് വശത്ത് വലിയൊരു കുളമുണ്ട്. തൊട്ടടുത്ത് കരിങ്കല്ലിന്‍റെ ആല്‍ത്തറയില്‍ അധികം വലുപ്പമില്ലാത്ത ആല്‍മരം. അതിന്‍റെ തണലത്ത് നില്‍ക്കാതെ അയാള്‍ നടന്നു. വൈകുന്നേരമായാല്‍ ഒരു കൂട്ടം വയസ്സന്മാര്‍ വര്‍ത്തമാനം പറഞ്ഞ് ഇരിക്കുന്ന ഇടമാണ്. ചിലരെ പകലും കാണാറുണ്ട്. കഴിയുന്നതും ആള്‍ക്കാരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്.

'' എവിടേക്കാ പോണത് '' എതിരെ വന്ന ആള്‍ ചോദിക്കുന്നത് കേട്ടു. കല്യാണമണ്ഡപം പണിയാന്‍ സംഭാവന ചോദിച്ചു വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളാണ്.

'' ടൌണ്‍ വരെ ഒന്ന് പോണം ''.

'' അതിന് ഇവിടെ നിന്നാല്‍ പോരെ. ബസ്സ് ഇവിടെ നിര്‍ത്തി തര്വോലോ ''.

'' പത്തടി നടന്നാല്‍ സ്കൂള്‍ പടി ആയില്ലേ. അവിടുന്ന് ബസ് ചാര്‍ജ്ജില് ഒരു ഉറുപ്പികടെ കുറവുണ്ട് . എന്‍റെ കയ്യില്‍ അത്രേ ഉള്ളൂ ''.

'' കാശില്ലെങ്കില്‍ ഞാന്‍ തരാം ''.

'' വേണ്ടാ, ഇന്ന് വരെ ആരടെ മുമ്പിലും കയ്യ് നീട്ടീട്ടില്ല. അത് കൂടാതെ കഴിക്കണം എന്നാ മോഹം ''.

'' പോയിട്ട് പ്രത്യേകിച്ച് ''.

'' ഗോപാലകൃഷ്ണന്‍ നായരെ കാണണം. ഇത്തിരി കാശ് വാങ്ങണം ''.

'' അതെന്താ കടം അല്ലേ ''.

'' അല്ല. നല്ല കാലത്ത് അന്യ നാട്ടില്‍ ചെന്ന് കഷ്ടപ്പെട്ട് ഒരു പാട് സമ്പാദിച്ചു. വയസ്സായപ്പോള്‍ നാട്ടില്‍ കൂടാമെന്ന് കരുതി. അതോടെ കുടുംബം കൈവിട്ടു. ഇവിടെ വന്നപ്പോഴോ ? നല്ല കാലത്ത് ഓരോന്നു പറഞ്ഞ് ഉള്ളതെല്ലാം കൊത്തിപ്പറിച്ച ബന്ധുക്കള്‍ക്ക് എന്നെ വേണ്ടാ. നുള്ളി പറിച്ച് ഉള്ള കാശൊക്കെ കൂടി ഗോപാലകൃഷ്ണന്‍ നായരെ ഏല്‍പ്പിച്ചു. പണത്തിന് ആവശ്യം വരുമ്പൊ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് ചെല്ലും. അങ്ങോട്ടും ഇങ്ങോട്ടും കണക്കൊന്നും പറയാറില്ല. പലിശ വകയ്ക്ക് കൂട്ടിക്കോളിന്‍ എന്നും പറഞ്ഞ് ചോദിച്ച പണം തരും ''.

'' അങ്ങിനെ ഒരാള് ഉള്ളത് നിങ്ങടെ ഭാഗ്യം. വാസ്തവം പറയാലോ, നിങ്ങള് കോടീശ്വരാണെന്നാ ജനസംസാരം ഉണ്ടായിരുന്നത് ''.

'' ആര്‍ക്കും എന്തും പറയാലോ. സത്യം നമുക്കല്ലേ അറിയൂ ''.

'' എന്നാല്‍ ചെല്ലിന്‍ '' അയാള്‍ക്ക് മതിയായി എന്ന് തോന്നുന്നു. രണ്ടുപേരും രണ്ട് വശത്തേക്ക് നീങ്ങി. ഗോപാലകൃഷ്ണന്‍ പറഞ്ഞത് എത്ര ശരി. ആളുകള്‍ക്ക് പണം നോട്ടേ ഉള്ളു, മുഖം നോട്ടം ഇല്ല എന്ന് മനസ്സിലോര്‍ത്തു. കയ്യില്‍ കാശുണ്ട് എന്ന് അറിഞ്ഞാല്‍ പിന്നാലെ കൂടാന്‍ നൂറാളുണ്ടാവും. ഒന്നൂല്യാ എന്ന് വരുത്തി തീര്‍ത്തത് നന്നായി. ആരും ബുദ്ധിമുട്ടിക്കാന്‍ വരില്ലല്ലോ.

സ്റ്റോപ്പിലെത്തിയതും ബസ്സെത്തി. ഭാഗ്യത്തിന് വലിയ തിരക്കില്ല. കെ. എസ്. മേനോന്‍ അതില്‍ കയറി.

**********************************

ടൌണ്‍ ബസ്സ് സ്റ്റാന്‍ഡില്‍ രമ ഇറങ്ങിയതും അനൂപ് അടുത്തെത്തി. കഞ്ഞിപ്പാത്രം വെച്ച ബിഗ് ഷോപ്പര്‍ അവന്‍ ഏറ്റു വാങ്ങി.

'' വാ. നമുക്ക് പോവാം '' അവന്‍ പറഞ്ഞു. ടെലഫോണ്‍ എക്സ്ചെയിഞ്ചിന്‍റെ സൈഡിലുള്ള വഴിയിലൂടെ സ്കൂട്ടര്‍ നീങ്ങി. ഏതാനും വാര അകലത്തിലാണ് റോബിന്‍സണ്‍ റോഡ്. അത് ചെന്നെത്തുന്നത് ആസ്പത്രിയിലാണ്. ഒരു ഓട്ടോറിക്ഷ ഹോണടിച്ച് മുന്നില്‍ കേറി. എന്തൊരു ഓട്ടമാണ് ഇവരുടേത്. കാലൊന്ന് അകത്തി വെച്ചാല്‍ മതി, അതിനിടയിലൂടെ വണ്ടി കടത്തും.

വളവ് തിരിഞ്ഞതും ഓരത്തുകൂടി നടന്നു പോകുന്ന വയസ്സനെ ഓട്ടോ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോവുന്നത് കണ്ടു. അനൂപ് സ്കൂട്ടര്‍ നിര്‍ത്തി അയാളെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.

'' എന്തെങ്കിലും പറ്റിയോ '' അവന്‍ ചോദിച്ചു.

'' വയ്യാ തോന്നുന്നു '' വൃദ്ധന്‍ പറഞ്ഞു.

അവന്‍ അയാളെ ശ്രദ്ധിച്ചു. വലതു കൈ മുട്ടിന്നു താഴെ തൊലി പോയി ചോര പൊടിഞ്ഞിട്ടുണ്ട്. താടിയിലെ മുറിവിലൂടെ രക്തം ഒഴുകുന്നു. വലുതായി ഒന്നും പറ്റിയില്ലെങ്കിലും ആള്‍ വല്ലാതെ വിറയ്ക്കുന്നുണ്ട്. ഭയന്നിട്ടായിരിക്കും. അനൂപിന് എന്താ വേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. സഹായിക്കാന്‍ ആരെയെങ്കിലും കിട്ടുമെന്ന് തോന്നുന്നില്ല. ഇതിലൂടെ വാഹനങ്ങള്‍ വരുന്നതേ അപൂര്‍വ്വം. നാലഞ്ച് കാല്‍നടയാത്രക്കാര്‍ പിറകെ വന്നുവെങ്കിലും രംഗം ഒന്ന് നോക്കി മിണ്ടാതെ അവര്‍ അവരുടെ വഴിക്ക് പോയി. അനൂപ് പ്രദീപിനെ വിളിച്ചു വിവരം പറഞ്ഞു.

'' നമുക്ക് ആസ്പത്രീലിക്ക് പോവാം '' അവന്‍ പറഞ്ഞു.

'' അതിനു മുമ്പ് എന്‍റെ കൂട്ടുകാരനെ വിളിച്ച് വിവരം അറിയിക്കണം ''. വൃദ്ധന്‍ പോക്കറ്റില്‍ കയ്യിട്ടു. ഒന്നും കാണാത്തതിനാല്‍ പരിസരത്തൊക്കെ പരതി.

'' എന്താ നോക്കുന്നത് ''.

'' എന്‍റെ മൊബൈലും കണ്ണടയും കാണാനില്ല. രണ്ടും പോക്കറ്റില്‍ സൂക്ഷിച്ചു വെച്ചതാണ് ''.

അനൂപും രമയും അവിടെ പരതി. കണ്ണട അടുത്തു തന്നെ മണ്ണില്‍ കിടപ്പുണ്ട്. അതിന്ന് കേടൊന്നും പറ്റിയിട്ടില്ല. മൊബൈല്‍ തെറിച്ച് റോഡില്‍ വീണു കിടപ്പാണ്. എടുത്തു നോക്കുമ്പോള്‍ അത് പൊട്ടി തകര്‍ന്നിരിക്കുന്നു. ഓട്ടോ അതിന്‍റെ മുകളില്‍ കയറിയിട്ടുണ്ടാവും.

'' ഇത് കേടു വന്നല്ലോ '' അനൂപ് പറഞ്ഞു '' നമ്പറ് പറഞ്ഞോളൂ. എന്‍റെ മൊബൈലില്‍ നിന്ന് വിളിച്ചു തരാം ''.

'' നമ്പര്‍ ഓര്‍മ്മ തോന്നുന്നില്ല. ഒരു ഉപകാരം ചെയ്യോ. എന്‍റെ കൂട്ടുകാരന്‍റെ പേര് ഗോപാലകൃഷ്ണന്‍ എന്നാണ്. അയാളുടെ വീട്ടില്‍ ചെന്ന് കെ. എസ്. മേനോന്‍ ഓട്ടോ തട്ടി വീണൂന്ന് പറഞ്ഞാല്‍ മതി '' മേനോന്‍ സുഹൃത്തിന്‍റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.

'' എന്‍റെ കൂട്ടുകാര് ഇപ്പൊ എത്തും. അങ്കിളിനെ ആസ്പത്രീല് എത്തിച്ചിട്ട് പോയി പറയാം ''.

നിമിഷങ്ങള്‍ക്കകം പ്രദീപും ശെല്‍വനും റഷീദും എത്തി. ഒരു ഓട്ടോ വിളിച്ച് മേനോനെ കയറ്റി അവര്‍ ആസ്പത്രിയിലേക്ക് വിട്ടു. അനൂപും രമയും ഗോപാലകൃഷ്ണന്‍റെ വീട്ടിലേക്കും.

Monday, February 20, 2012

നോവല്‍ - അദ്ധ്യായം - 35.

മൂന്ന് മണിയോടടുത്താണ് ഇന്ദിര തിരിച്ചെത്തിയത്. പാറു വഴിയില്‍ വെച്ചേ അവളുടെ വീട്ടിലേക്ക് പോയിരുന്നു. രാമകൃഷ്ണന്‍ ഉറങ്ങാതെ കാത്തിരിപ്പാണ്.

'' കുട്ടികളെവിടെ '' ഇന്ദിര ചോദിച്ചു.

'' രമടെ കൂടെ പഠിക്കുന്ന ഒരു കുട്ടി ഫോണില് വിളിച്ചിരുന്നു. അവളും അച്ഛനും കൂടി സ്കൂളിന്‍റെ അടുത്ത് അയാളുടെ ബന്ധുവിന്‍റെ വീട്ടില്‍ വന്നിട്ടുണ്ടത്രേ. അനുവിനേയും കൂട്ടി അവളെ കണ്ടിട്ട് വരാന്നും പറഞ്ഞ് രമ പോയി ''.

'' ഇനി അവരേം കൂട്ടി ഇങ്ങോട്ട് വര്വോ ''.

'' അമ്മ സ്ഥലത്തില്ലാന്ന് പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' ഒരു കണക്കില് പിള്ളര് ഇവിടെ ഇല്ലാത്തത് നന്നായി. മനസ്സ് തുറന്ന് കൂട്ടം കൂടാലോ '' ഇന്ദിര രാമകൃഷ്ണന്‍റെ അരികില്‍ ഇരുന്നു..

'' പോയ സംഗതി എന്തായി ''.

'' കുട്ട്യേ കണ്ടു. കാണാന്‍ നല്ല ചന്തം ഉണ്ട്. വെളുത്ത് അധികം തടിയില്ലാത്ത പ്രകൃതം. പനങ്കുല പോലെ ചുരുണ്ട മുടി മുട്ടിനടുത്ത് എത്തും. കണ്ണില്‍ കണ്ട വേഷംകെട്ടലൊന്നൂല്യാ. അനു പാട്ട് പാടും എന്നൊക്കെ കുട്ടി അറിഞ്ഞിട്ടുണ്ട്. ചുറ്റുപാട് നോക്കുമ്പൊ നമുക്ക് അവരുടെ ഏഴയലത്ത് ചെല്ലാനുള്ള യോഗ്യതയില്ല. പാറു പറഞ്ഞ മാതിരി അമ്മടെ കാര്യം മാത്രേ മോശംന്ന് പറയാനുള്ളു ''.

'' എന്താ അവര്‍ക്ക് അത്ര കലശലാ. ചങ്ങലയ്ക്ക് ഇട്വേ, മുറീല് അടച്ച് പൂട്ടി ഇരിക്ക്യേ മറ്റോ ആണോ ''.

'' ഏയ്. അതൊന്നൂല്യാ. ഒറ്റ നോട്ടത്തില്‍ ആ സ്ത്രീക്ക് ഒരു കുഴപ്പൂം തോന്നില്ല. കുളിച്ച് അലക്കിയ ജാക്കറ്റും മുണ്ടും വേഷ്ടീം ഒക്കെ ഇട്ട് നല്ലൊരു തറവാട്ടമ്മ ''.

'' പിന്നെന്താ തകരാറ് ''.

'' എന്നെ കണ്ടപ്പോള്‍ നീലകണ്ഠന്‍ നമ്പൂരിടെ ആത്തേമ്മാരല്ലേ. ഗുരുവായൂരില്‍ നിന്ന് വര്വാണോ എന്ന് ചോദിച്ചു. പിന്നെ ഏതോ കല്യാണത്തിന്‍റെ വിശേഷങ്ങള് വിളമ്പുണത് കേട്ടു ''.

'' നമുക്ക് വേണ്ടാ വെക്കണോ ''.

'' സൂക്കട് വരുന്നത് അപരാധം അല്ലല്ലോ. കുട്ടിടെ അച്ഛനൊക്കെ വളരെ സന്തോഷം ആയി. എന്നെ നിര്‍ബന്ധിച്ച് ഊണ് കഴിപ്പിച്ചിട്ടാ അയച്ചത്. എടുക്കാന്നും കൊടുക്കാന്നും ആവാതെ പതിവില്ലാന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും എനിക്ക് വേണ്ടാന്ന് പറയാന്‍ തോന്നീല്ലാ. വീട്ടിലെ അകത്തെ പണിക്ക് രണ്ട് പണിക്കാരി പെണ്ണുങ്ങള്‍ ഉണ്ട്. അതോണ്ട് വെക്കാനോ വിളമ്പാനോ ഒരു ബുദ്ധിമുട്ടും വരില്ല. എല്ലാം ഞാന്‍ സൂത്രത്തില്‍ നോക്കി കണ്ട് മനസ്സിലാക്കി. രാമേട്ടന്‍റെ അടുത്ത് ചോദിച്ചിട്ട് വിവരം അറിയിക്കാന്ന് പറഞ്ഞിട്ടാ ഞാന്‍ പോന്നത് ''.

'' പെണ്‍കുട്ടിടെ ഒരു ഫോട്ടോ ചോദിക്കായിരുന്നില്ലേ ''.

'' രാമേട്ടന്‍റെ സമ്മതം ചോദിക്കാതെ അതൊന്നും വേണ്ടാന്ന് കരുതീട്ടാ. പാറു മകളുടെ അടുത്തേക്ക് പോവുമ്പൊ വാങ്ങീട്ട് വരാന്‍ പറയാം ''.

'' പണിക്കരെ കണ്ട്വോ ''.

'' ഉവ്വ്. അവന് രാഹു പോയിട്ട് വ്യാഴം എടുക്ക്വാണത്രേ. അസുരനും ദേവനും ആണ്. കൂട്ടത്തില്‍
എന്തോ ദോഷൂം ഉണ്ട്. അതോണ്ട് സൂക്ഷിച്ചിരിക്കണം. ഒരു കൊല്ലം കഴിഞ്ഞിട്ട് കല്യാണക്കാര്യം ആലോചിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ''.

'' ആയുര്‍ഭാഗത്തിന് കേടുണ്ടോ ''.

'' എന്തോ ചെറിയ കേട് ഉണ്ടത്രേ. മാസാമാസം അവന്‍റെ നാളിന്ന് മൃത്യുഞ്ജയ ഹോമം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് ''.

'' മകളുടെ കാര്യോ ''.

'' അവള്‍ക്ക് കേടൊന്നൂല്യാ. സര്‍ക്കാര്‍ ജോലി കിട്ടും, നല്ല നിലയ്ക്ക് കല്യാണം നടക്കും, പുത്ര ഭാഗ്യം ഉണ്ട് എന്നൊക്കെ വാഴ്ത്തിണത് കേട്ടു ''.

'' നമ്മടെ കണ്ണടയുന്നതുവരെ കുട്ട്യേള്‍ക്ക് ഒന്നും വരാതെ കാക്കണേ തേവരേ എന്നാ പ്രാര്‍ത്ഥന ''.

'' കുറച്ചു കഴിഞ്ഞ് വാരിയത്തൊന്ന് പോണം. സാവിത്രിടെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ പത്ത് പതിനഞ്ച് ദിവസം പാറു പണിക്ക് ചെന്നോളാം എന്ന് ഏറ്റിട്ടുണ്ട്. അത് പറയണം ''.

'' സാവിത്രിക്ക് ലീവ് കിട്ടിയോ ''.

'' ഉവ്വ്. നാളെ മുതല് ലീവാണ്. മറ്റന്നാള്‍ ചൊവ്വാഴ്ച ആസ്പത്രീല് ചെല്ലണം. പിറ്റേന്ന് ഓപ്പറേഷന്‍. മൂന്ന് നാല് ദിവസംകൊണ്ട് വീട്ടിലേക്ക് വരാറാവും ''.

'' ആസ്പത്രീല് നിങ്ങളുടെ കൂടെ പാറൂം ഉണ്ടാവ്വോ ''

'' അവിടെ ഞാന്‍ മതി. ഓപ്പറേഷന്‍ സമയത്ത് അനു ഉണ്ടാവും. രണ്ടു ദിവസം രമ കഞ്ഞീണ്ടാക്കീ കൊണ്ടു വരട്ടെ. പത്തരടെ ബസ്സില്‍ ഇവിടുന്ന് കേറിയാ മതി. പന്ത്രണ്ടേ കാലിന്ന് മടങ്ങിയെത്തും ചെയ്യാം ''.

'' ക്ലാസ്സില്ലേ അവള്‍ക്ക് ''.

'' പാഠം ഒന്നും എടുക്കുന്നില്ലാത്രേ. നാളെ ലീവ് പറഞ്ഞിട്ട് വരാന്‍ ഏല്‍പ്പിച്ചിട്ടുണ്ട് ''.

'' അനു ലീവാണോ ''.

'' അല്ല. വെറുതെ ശമ്പളം കളയണ്ടല്ലോ. ഈ ആഴ്ച ദൂരത്തൊന്നും പോണ്ടാ. പെണ്ണ് കഞ്ഞികൊണ്ട് വരുമ്പൊ അവളെ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് സ്കൂട്ടറില്‍ കേറ്റി ആസ്പത്രീല് എത്തിക്കണം, അവിടെ നിന്ന് സ്റ്റാന്‍ഡിലും. ദൂരെ പോയാല്‍ അത് പറ്റില്ലല്ലോ ''. രാമകൃഷ്ണന്‍ ഒന്നും പറഞ്ഞില്ല. കുറച്ചു കാലമായി ഒന്നും അന്വേഷിക്കാറും അറിയാറും ഇല്ല. പ്രാരബ്ധങ്ങള്‍ക്കിടയില്‍ വിശേഷം പറയാന്‍ ഇന്ദിരയ്ക്ക് നേരം എവിടെ. ഒഴിവോടെ ഇരുന്നു സംസാരിച്ചതോണ്ട് ഇതൊക്കെ അറിഞ്ഞു. അല്‍പ്പ നേരം ഇരുന്ന ശേഷം ഇന്ദിര എഴുന്നേറ്റു.

'' ഞാന്‍ ഇതൊക്കെ അഴിച്ചു വെക്കട്ടെ. ഉടുത്തത് മാറ്റീട്ട് വാരിയത്ത് പോയി വരാം ''.

'' ഇതേ വേഷത്തില്‍ ഒന്ന് പോയിട്ട് വരൂ. അവരൊക്കെ കാണട്ടെ ''.

'' എന്നിട്ട് വേണം എവിടെ പോയിട്ടാ വരുന്നത് എന്ന് അവര് ചോദിക്കാന്‍. എന്തെങ്കിലും അവസരം ഉണ്ടാവുമ്പൊ അണിഞ്ഞൊരുങ്ങി ചന്തത്തില് നടക്കാലോ ''. അവള്‍ തുണി മാറാനായി തൊട്ടടുത്ത മുറിയിലേക്ക് നടന്നു. രാമകൃഷ്ണന്‍ മനോരാജ്യത്തിലേക്കും.

അനൂപിന്‍റെ വിവാഹമാണ്. കല്യാണക്കാരന്‍റെ വേഷത്തില്‍ അവന്‍ തിളങ്ങുന്നുണ്ട്. വീട്ടിലെത്തിയ അതിഥികളെ സ്വീകരിക്കാന്‍ ഇന്ദിര ഓടി നടക്കുകയാണ്. ചുവന്ന പട്ടുസാരിയില്‍ അവള്‍ അതീവ സുന്ദരിയായിരിക്കുന്നു. പിന്നിയിട്ട അവളുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂവിന്‍റെ മണം അവിടമാകെ പരന്നിരിക്കുന്നു. ആ സൌന്ദര്യത്തില്‍ രാമകൃഷ്ണന്‍ മതി മറന്ന് ഇരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു.

'' എന്താ കണ്ണില് വെള്ളം വന്നത്. വേഷം മാറ്റണ്ടാ എന്നു പറഞ്ഞത് ഞാന്‍ കേള്‍ക്കാഞ്ഞതിലെ സങ്കടം കൊണ്ടാണോ '' അയാളുടെ ചുമലില്‍ അവളുടെ കൈ വിശ്രമിച്ചു.

'' ഏയ്. അല്ല. എല്ലാംകൂടീള്ള സന്തോഷം കൊണ്ടാണ് ''.

'' എന്നാലേ ഇനി മുതല് രാമേട്ടന്ന് സന്തോഷം മാത്രേ ഉണ്ടാവൂ ''.

അവളുടെ ശരീരത്തിലേക്ക് രാമകൃഷ്ണന്‍ ചാഞ്ഞു.

Sunday, February 12, 2012

നോവല്‍ - അദ്ധ്യായം - 34.

എട്ടു മണി കഴിഞ്ഞതും പാറു എത്തി. അലക്കി വെളുപ്പിച്ച മുണ്ടും ജാക്കറ്റും കമ്പിക്കരയുള്ള വേഷ്ടിയുമാണ് വേഷം. നെറ്റിയില്‍ ഭസ്മക്കുറിയിട്ടിട്ടുണ്ട്. ഈറനുണങ്ങാത്ത മുടിയിലെ നനവ് ജാക്കറ്റിന്‍റെ പുറകിലേക്ക് പടര്‍ന്നു കയറിയിരിക്കുന്നു. കയ്യിലെ കാലന്‍കുട അവള്‍ ഉമ്മറത്തെ തിണ്ടില്‍ ചാരിവെച്ചു.

'' ഞാന്‍ നിന്നേം കാത്ത് നില്‍ക്ക്വാണ് '' ഇന്ദിര അവളോട് പറഞ്ഞു.

'' പണിയൊക്കെ മുടിഞ്ഞില്ലേ '' പാറു തിരക്കി.

'' എപ്പഴോ തീര്‍ന്നു ''. ആ പറഞ്ഞത് ശരിയായിരുന്നു. അടിച്ചു തുടക്കലും രാമകൃഷ്ണന്ന് മരുന്നു കൊടുക്കലും കാലത്തേക്കുള്ള പലഹാരം ഉണ്ടാക്കലും ഉച്ചയ്ക്കുള്ള ചോറും കറികളും വെക്കലും പശുവിനും കുട്ടിക്കും വെള്ളവും വൈക്കോലും കൊടുക്കലും ഒക്കെ കഴിഞ്ഞിരുന്നു. കന്നിനെ കഴുകുന്നത് മാത്രമേ വൈകുന്നേരത്തേക്ക് മാറ്റിവെച്ചിട്ടുള്ളു.

വാര്‍ത്ത കഞ്ഞിയില്‍ കുറെ വറ്റിട്ട് ഒരു കുണ്ടന്‍ പിഞ്ഞാണത്തില്‍ വിളമ്പി ഇല ചീന്തില്‍ വാഴയ്ക്ക ഉപ്പേരിയുമായി ഇന്ദിര പാറുവിനെ സമീപിച്ചു.

'' നീ വേഗം ഇത് കഴിച്ചോ. അപ്പഴയ്ക്കും ഞാന്‍ ഒരുങ്ങാം ''. ഇന്ദിര വസ്ത്രം മാറാന്‍ അകത്തേക്ക് പോയി. അമ്മ പാറുവിനോടൊപ്പം എവിടേക്കോ പോവുകയാണെന്ന് മക്കള്‍ക്ക് മനസ്സിലായി. രമ വിവരം അറിയാനുള്ള ആകാംക്ഷയില്‍ ഇന്ദിരയുടെ അടുത്തേക്ക് ചെന്നു. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. കുറെ നേരം മടിച്ചു നിന്ന ശേഷം അവള്‍ വാതിലില്‍ മുട്ടി.

'' ആരാത് '' അകത്തു നിന്ന് ഇന്ദിരയുടെ സ്വരം ഉയര്‍ന്നു.

'' ഞാനാമ്മേ. വാതില്‍ തുറക്കൂ '' രമ ആവശ്യപ്പെട്ടു. തുറന്ന വാതിലിന്ന് അപ്പുറത്ത് നില്‍ക്കുന്ന അമ്മയെ അവള്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കുറെ കൊല്ലങ്ങള്‍ക്ക് ശേഷമാണ് അമ്മ സാരി ഉടുത്തു കാണുന്നത്. മുണ്ടും ജാക്കറ്റുമാണ് സാധാരണ അമ്മ ഇടാറ്. അമ്പലത്തില്‍ ഉത്സവത്തിന്ന് ചെല്ലുമ്പോള്‍ ഒരു വേഷ്ടി കൂടി ഉണ്ടാവും. അതിലപ്പുറം ഒന്നും ഉണ്ടാവാറില്ല. ഇന്നെന്താ അമ്മയ്ക്ക് പറ്റിയത് ആവോ ? അണിഞ്ഞൊരുങ്ങിയത് മാത്രമല്ല മുഖത്ത് പൌഡറിട്ട് നെറ്റിയില്‍ വട്ട പൊട്ടും ഇട്ടിട്ടുണ്ട്. മുടി ചീകി പിന്നിയിട്ടിരിക്കുന്നു. ഇപ്പോള്‍ അമ്മ ശരിക്കും ഒരു സുന്ദരി തന്നെ.

'' ഏട്ടാ '' അവള്‍ ഉറക്കെ വിളിച്ചു. എന്തോ അത്ഭുതം സംഭവിച്ചതുപോലെയാണ് അനൂപ് അമ്മയെ നോക്കിയത്. അവന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു. എന്തൊരു ഭംഗിയാണ് അമ്മയ്ക്ക്. പക്ഷെ എന്തു ചെയ്യാം. നന്നായി നടക്കാന്‍ യോഗമില്ലാതെ പോയി.

'' എവിടേക്കാ അമ്മ പോണത് '' രണ്ടുപേരും മാറി മാറി ചോദിച്ചു.

'' അതൊന്നും ഇപ്പൊ നിങ്ങള് അറിയണ്ട. സമയം വരുമ്പൊ ഞാന്‍ തന്നെ അങ്ങോട്ട് പറയും '' എന്ന ഉത്തരം നല്‍കി.

'' രാമേട്ടാ, ഞാന്‍ ഇറങ്ങട്ടെ '' ഇന്ദിര ഭര്‍ത്താവിനെ കണ്ട് യാത്ര പറഞ്ഞു.

'' ഇന്നലെ പറഞ്ഞത് എടുത്തിട്ടില്ലേ '' അയാള്‍ ചോദിച്ചു.

'' ജാതകോല്ലേ. എന്‍റെ കയ്യിലുണ്ട് ''.

'' കുട്ടിയെ പിടിച്ചാല്‍ പണിക്കരെ കണ്ട് ഈ കല്യാണം നടക്ക്വോന്ന് നോക്കിക്കോട്ടെ '' എന്ന് തലേന്ന് ഇന്ദിര രാമകൃഷ്ണനോട് അഭിപ്രായം ചോദിച്ചിരുന്നു. '' പറ്റുംച്ചാല്‍ രമടെ കാര്യം കൂടി നോക്കിക്കൂ '' എന്ന് അപ്പോള്‍ മറുപടിയും പറഞ്ഞതാണ്. മകളുടെ മംഗല്യത്തെക്കുറിച്ച് അറിയാന്‍ അച്ഛനുള്ള മോഹം ഇന്ദിരയുടെ മനം കുളിര്‍പ്പിച്ചിരുന്നു.

'' പണിക്കരുടെ അടുത്തേക്കാച്ചാല്‍ എന്‍റെ ജാതകം കൂടി നോക്കൂ. നല്ല ജോലി വല്ലതും കിട്ട്വോന്ന് അറിയാനാ '' അനൂപ് ആവശ്യപ്പെട്ടു.

നിന്‍റെ ഭാവി എന്താന്ന് അറിയാനാ പോണത് എന്ന് മനസ്സില്‍ പറഞ്ഞുവെങ്കിലും '' ങും'' എന്നൊരു മൂളലില്‍ ഇന്ദിര മറുപടി ഒതുക്കി.

പാറുവിനോടൊപ്പം പടി കടന്ന് പോവുന്ന ഭാര്യയെ നോക്കി രാമകൃഷ്ണന്‍ ജനാലയ്ക്കല്‍ നിന്നു. പാവം. എത്ര സൌന്ദര്യം ഉണ്ടായിരുന്നതാണ്. കരി പിടിച്ച നിലവിളക്കുപോലെയായി അവള്‍. എങ്കിലും ഒരു പരിഭവവും പറയാറില്ല.

'' ശകുനം നന്നായിട്ടുണ്ട്ട്ടോ ' വരമ്പത്തേക്ക് കയറിയതും ഇന്ദിര പാറുവിനോട് പറഞ്ഞു. എതിരെ പത്തു പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കയ്യില്‍ പാല്‍പ്പാത്രവുമായി എതിരെ വരുന്നു.

'' കമലാക്ഷിടെ പേരക്കുട്ട്യല്ലേ. എന്താ വിശേഷം ''.

'' ഇന്ന് എന്‍റെ പിറന്നാളാണ്. പായസം വെക്കാന്‍ പാല് വാങ്ങാന്‍ പോയതാ ''.

'' പായസം കുടിക്കുമ്പോള്‍ എന്നെ ഓര്‍ക്കണം കെട്ടോ ''ഇന്ദിര അവളുടെ കവിളില്‍ വാത്സല്യത്തോടെ തടവി.

'' നിന്‍റടുത്ത് ഒരു കാര്യം ചോദിച്ചാലോ എന്നുണ്ട് '' വാരിയത്തെ പടിക്കലെത്തിയപ്പോള്‍ ഇന്ദിര പാറുവിനോട് പറഞ്ഞു.

'' എന്താ തമ്പുരാട്ട്യേ ''.

'' മറ്റന്നാള്‍ സാവിത്രിയെ ആസ്പത്രീലാക്കും. ബുധനാഴ്ച അവളുടെ ഓപ്പറേഷനാണ്. ആസ്പത്രീല് നാല് ദിവസം ഞാന്‍ നിക്കാന്ന് പറഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞാലത്തെ കാര്യത്തിനാ നിന്‍റെ സഹായം വേണ്ടത് ''.

'' എന്താ വേണ്ടത് ''.

'' വന്നാല്‍ കുറച്ച് ദിവസത്തേക്ക് അവളുടെ തുണിയൊക്കെ തിരുമ്പാനുണ്ടാവും. എനിക്ക് ചെയ്തു കൊടുക്കാന്‍ മടീണ്ടായിട്ടല്ല. രാമേട്ടന്ന് കഷായക്കഞ്ഞി കൊടുക്കലും തിരുമ്മലും ഒക്കെയാവുമ്പൊ നടക്ക്വോന്ന് അറിയില്ല. നിനക്ക് കുറച്ച് ദിവസത്തേക്ക് ഒന്ന് സഹായിച്ചൂടെ ''.

'' അതിനെന്താ. ആവുന്ന ഒരു ഉപകാരം ചെയ്യാന്‍ എനിക്കൊരു മടീം ഇല്ല ''.

'' വാരിയത്തമ്മ എന്താ വേണ്ടത്ച്ചാല്‍ തരും ''.

'' കാശും പണൂം കിട്ടുംന്ന് കരുതീട്ടല്ല. നമ്മള് പെണ്ണുങ്ങള് ഇതിനൊക്കെ സഹായിക്കണ്ടേ. രാവിലെ പണിക്ക് പോണതിന്ന് മുപ്പിട്ടും പണി മാറി വരുമ്പളും ഞാന്‍ പോയി ആവത് ചെയ്തു കൊടുക്കാം ''.

രണ്ട് ബസ്സ് മാറി കയറി സ്ഥലത്തെത്തുമ്പോള്‍ സമയം പത്തര. പാറുവിന്‍റെ മരുമകന്‍ ഓട്ടോയുമായി കാത്ത് നില്‍പ്പുണ്ട്.

'' ഇതാണ് എന്‍റെ മരുമകന്‍. അവന്‍റെ സ്വന്തം ഓട്ടോയാണ് '' പാറു അഭിമാനത്തോടെ പറഞ്ഞു '' നമുക്ക് അവന്‍റെ വീട്ടിലൊന്ന് പൊയ്ക്കൂടേ ''.

'' അതിനെന്താ '' ഒട്ടും മടിക്കാതെ ഇന്ദിര പാറുവിനോടൊപ്പം വണ്ടിയില്‍ കയറി. മെയിന്‍ റോഡില്‍ നിന്ന് കരിങ്കല്ല് മുഴച്ചു നില്‍ക്കുന്ന കനാല്‍ വരമ്പിലൂടെ നൂറടിയോളം ദൂരം ഓടി ഓട്ടോ ചെറിയൊരു വീട്ടിലെത്തി. നാല് ഇരുമ്പ് പൈപ്പില്‍ മേല്‍ക്കൂര തീര്‍ത്ത ഷെഡ്ഡിനകത്തേക്ക് വണ്ടി കയറ്റി നിര്‍ത്തി. പാറുവിന്‍റെ പിന്നാലെ ഇന്ദിര ചെന്നു.

ഊഷ്മളമായ സ്വീകരണമാണ് ഇന്ദിരയ്ക്ക് ലഭിച്ചത്. പാറുവിന്‍റെ മകളും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അവരെ കാത്തിരിക്കുകയായിരുന്നു. അമ്മയ്ക്ക് പിറകിലായി പാറുവിന്‍റെ പേരക്കുട്ടി മറഞ്ഞു നിന്നു.

'' ഇവിടെ വാടി. ഇതാരാ വന്നതേന്ന് നോക്ക് '' പാറു അവളെ ക്ഷണിച്ചു. കുട്ടി ഒന്നു കൂടി മറഞ്ഞു നിന്നു.

'' ഇതൊന്നും കണക്കാക്കണ്ടാ. പത്ത് മിനുട്ട് കഴിയട്ടെ. ആട്ടി തല്ലിയാല്‍ അവള് അടുത്തിന്ന് പോവില്ല '' പാറുവിന്‍റെ മകള്‍ കുഞ്ഞിന്‍റെ സ്വഭാവം വെളിപ്പെടുത്തി.

'' ഇങ്ങിട്ട് വരുന്ന കാര്യം പാറു എന്നോട് മിണ്ട്യേതേ ഇല്ല. അല്ലെങ്കില്‍ ചെറിയ കുട്ടിയുള്ള വീട്ടിലേക്ക് കയ്യും വീശി വര്വോ ''.

'' അതൊന്നും സാരൂല്യാ തമ്പുരാട്ട്യേ '' പാറു ആശ്വസിപ്പിച്ചു.

'' അച്ഛനും അമ്മയും ഇപ്പൊ വന്നതേയുള്ളു. ലക്ഷം വീട് കോളനിടെ അടുത്താ അവരുടെ താമസം ''. പാറുവിന്‍റെ മരുമകന്‍ അച്ഛനമ്മമാരെ പരിചയപ്പെടുത്തി.

'' വരുന്ന കാര്യത്തിന് വിവരം കൊടുത്തിട്ടുണ്ടോടി '' പാറു മകളോട് ചോദിച്ചു.

'' ഉവ്വ് ''.

''പെണ്‍കുട്ടിടെ വീട്ടിലേക്ക് പോവുമ്പൊ മകളും മരുമകനും അവന്‍റെ അമ്മയും കൂടെ വരും '' പാറു പറഞ്ഞു '' നല്ലൊരു കാര്യത്തിന് പോവുമ്പൊ മൂന്നാള് ആയിട്ട് പോവന്‍ പാടില്ല. പിന്നെ കെട്ട്യോന്‍ ചത്ത ഞാനും വേണ്ടാ ''.

'' നീയില്ലെങ്കില്‍ ശരിയാവ്വോ ''ഇന്ദിരയ്ക്ക് ആശങ്കയായി.

'' എന്താ ശരിയാവാതെ. സമാധാനായിട്ട് പോയി വരിന്‍ ''.

'' തമ്പുരാട്ടിക്ക് കുടിക്കാന്‍ കരിക്ക് ഇട്ടു തരട്ടെ. ചായീം കാപ്പീം ഒന്നും പറ്റില്ലല്ലോ ''.

'' എന്താ പറ്റാണ്ടെ ''.

'' എന്നാലും ഞങ്ങളുടെ അടുത്തിന്ന് ''.

'' തൊണ്ടേന്ന് ഇറങ്ങാണ്ടെ വര്വോ. എന്നാല്‍ ഒന്ന് കാണണോലോ '' ഒന്ന് നിര്‍ത്തി ഇന്ദിര തുടര്‍ന്നു '' ഉള്ളോനും ഇല്യാത്തോനും എന്ന് രണ്ട് വിധം ആള്‍ക്കാരേ ഭൂമീല്‍ ഉള്ളു. അത് എനിക്ക് നല്ലോണം നിശ്ചയം ഉണ്ട് ''.

എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു.

'' ഇല്ലാത്തോരുക്ക് തമ്മില്‍തമ്മില്‍ ഉള്ളിലൊരു സ്നേഹം ഉണ്ടാവും '' അതുവരെ ഒന്നും പറയതെ നിന്ന മരുമകന്‍റെ അച്ഛന്‍ ഒരു തത്വം പറഞ്ഞു '' വലിയോരക്ക് വെറും കാട്ടിക്കൂട്ടലേ ഉണ്ടാവൂ ''.

ചായ കുടി കഴിഞ്ഞു സംഘം പുറപ്പെട്ടു. പേരക്കുട്ടി മകളുടെ ഒക്കത്ത് കയറിക്കൂടി. ഓട്ടോ പോവുന്നതും നോക്കി പാറു പടിക്കല്‍ നിന്നു.

Friday, February 3, 2012

നോവല്‍ - അദ്ധ്യായം - 33.

തുടര്‍ച്ചയായി രണ്ട് ദിവസം ഗോപാലകൃഷ്ണന്‍ നായര്‍ വിളിക്കാഞ്ഞപ്പോള്‍ കെ.എസ്. മേനോന്‍ പരിഭ്രമിച്ചു. അങ്ങോട്ട് വിളിക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തതായ അറിയിപ്പാണ്. പല തവണ ലാന്‍ഡ് ഫോണില്‍ വിളിച്ചെങ്കിലും എടുത്തതുമില്ല. വീട്ടില്‍ ചെന്ന് നോക്കിയാലോ എന്ന് തോന്നി. ഒരു പക്ഷെ അവിടെ ഇല്ലെങ്കിലോ ?

മൂന്നാമത്തെ ദിവസമായപ്പോഴേക്കും മേനോന് ഇരിപ്പുറച്ചില്ല. കൂട്ടുകാരന്‍ വിളിക്കുന്നതും കാത്ത് ഒരു വിധത്തില്‍ വൈകുന്നേരം വരെ കഴിച്ചു കൂട്ടി. പിന്നെ മടിച്ചില്ല. വസ്ത്രം മാറ്റി കുടയുമെടുത്ത് ഇറങ്ങി. ടൌണിലുള്ള ഗോപാലകൃഷ്ണന്‍റെ വീട്ടിലെത്തുമ്പോള്‍ സന്ധ്യയാവാറായി. ഗെയിറ്റ് പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും കൂടി എങ്ങോട്ടോ പോയിട്ടുണ്ടാവും. പക്ഷെ പോവുന്ന കാര്യമൊന്നും സൂചിപ്പിച്ചിരുന്നില്ല.ചിലപ്പോള്‍ പെട്ടെന്ന് എടുത്ത തീരുമാനമാണെങ്കിലോ. എന്നാലും എന്തിനാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാവാത്തത്.

തൊട്ടടുത്ത് വീട്ടിലേക്ക് കയറി ചെന്നു. ഡോര്‍ ബെല്‍ അടിച്ചപ്പോള്‍ ഒരു സ്ത്രീ എത്തി.

'' ആ വീട്ടിലുള്ളവര്‍ എവിടെ പോയി '' ഗോപാലകൃഷ്ണന്‍റെ വീട് ചൂണ്ടിക്കാട്ടി ചോദിച്ചു.

'' ആ '' അറിയില്ലെന്ന മട്ടില്‍ ഒരു മൂളലുമായി അവര്‍ വാതിലടച്ചു. തൊട്ട് ഇപ്പുറത്ത് ഉള്ള വീട്ടുകാര്‍ കുറച്ചു കൂടി ഭേദമാണെന്ന് തോന്നി.

'' ഞായറാഴ്ച രാത്രി അവര്‍ ഉണ്ടായിരുന്നു. പിറ്റേന്ന് കാലത്ത് വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. എങ്ങോട്ടെങ്കിലും പോണൂന്ന് പറഞ്ഞിട്ടില്ല ''. ആ പറഞ്ഞതും കേട്ട് നിരാശനായി തിരിച്ചു പോന്നു.

ശനിയാഴ്ച നേരം ഇരുട്ടിയ ശേഷമാണ് ഗോപാലകൃഷ്ണന്‍റെ ഫോണ്‍ വന്നത്.

'' എന്ത് പണിയാ താന്‍ കാട്ടിയത് '' മൊബൈലിലിലെ നമ്പര്‍ കണ്ട് എടുത്തതും കെ. എസ്. മേനോന്‍ പരിഭവിച്ചു '' ഞാന്‍ എത്ര പ്രാവശ്യം വിളിച്ചൂന്ന് അറിയ്യോ ''.

'' പരിഭവിക്കണ്ടടോ. വിവരമൊന്നും തരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല '' ഗോപാലകൃഷ്ണന്‍റെ സ്വരം കാതിലെത്തി '' രാത്രി പത്തരയ്ക്കാ അമ്മിണി ബാത്ത് റൂമില്‍ വീണത്. നോക്കുമ്പോള്‍ ഒരു ഭാഗം കുഴഞ്ഞിരിക്കുന്നു. മുഖം കോടിയപോലെ തോന്നി. പിന്നെ ഒന്നും ആലോചിച്ചില്ല. പെട്ടെന്ന് ടാക്സി വിളിച്ച് കൊയമ്പത്തൂരിലേക്ക് വിട്ടു. ഇത്ര ദിവസം കെ. ജി. ഹോസ്പിറ്റലിലായിരുന്നു . ഇതാ വന്ന് കയറിയതേയുള്ളു ''.

'' മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫായിരുന്നു ''.

'' പോവുന്ന തിരക്കില്‍ അതെടുക്കാന്‍ മറന്നു. ബാറ്ററി ഇറങ്ങിയതാവും ''.

'' ഞാന്‍ അറിഞ്ഞില്ലാട്ടോ. ഇപ്പൊ തന്നെ അങ്ങോട്ട് വരുന്നുണ്ട് ''.

'' തിരക്ക് പിടിച്ച് വര്വോന്നും വേണ്ടാ. രാവിലെ പോന്നാല്‍ മതി ''.

പിറ്റേന്ന് രാവിലെ തന്നെ കെ.എസ്. മേനോന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി. മുന്‍വശത്തെ വാതില്‍ തുറന്നിരിക്കുകയാണ്. പൂമുഖത്ത് ആറേഴുപേര്‍ ഇരിപ്പുണ്ട്. ബന്ധുക്കളോ പരിചയക്കാരോ എന്ന് മനസ്സിലായില്ല.

'' ഗോപാലകൃഷ്ണന്‍ '' ആരോടോ ചോദിച്ചു. അകത്തെ മുറിയിലേക്ക് അയാള്‍ ചൂണ്ടിക്കാണിച്ചു.

കെ. എസ്. മേനോന്‍ കയറി ചെല്ലുമ്പോള്‍ അമ്മിണിയമ്മ കട്ടിലില്‍ ചാരി ഇരിപ്പാണ്. കൂട്ടുകാരന്‍ അവരുടെ ചുണ്ടുകള്‍ വെള്ളം തൊട്ട് തുടയ്ക്കുന്നു.

'' കഞ്ഞി കൊടുത്ത് ചുണ്ടും ചിറിയും കഴുകിച്ചതാ '' അയാള്‍ പറഞ്ഞു '' ഇത്ര കാലം ഇവള്‍ എന്നെ പരിപാലിച്ചതല്ലേ. ഇനി കുറച്ച് അങ്ങോട്ടും ആവട്ടെ ''. രോഗ വിവരങ്ങള്‍ വിസ്തരിക്കുന്നതും കേട്ട് നിന്നു.

'' പെട്ടെന്നൊന്നും ശരിയാവില്ല. എന്നാലും പേടിക്കാനൊന്നും ഇല്ല. ഫിസിയോ തെറാപ്പി ചെയ്യണം. കൂടെ ജോലി ചെയ്തിരുന്ന ടൈപ്പിസ്റ്റിന്‍റെ ഒരു മകന്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. ദിവസവും വന്ന് വേണ്ടത് ചെയ്തു തരാന്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു ''.

'' മക്കള് ''.

'' കൊയമ്പത്തൂരിലേക്ക് പുറപ്പെടും മുമ്പ് രണ്ടാളേയും വിളിച്ച് വിവരം അറിയിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മകളും ഭര്‍ത്താവും കുട്ടികളേയും കൂട്ടി രാത്രി തന്നെ കാറില്‍ പോന്നു. ചെന്നയില്‍ നിന്ന് മകന്‍ മാത്രമേ വന്നുള്ളു. അവന്‍ പ്ലെയിനിലാണ് പോന്നത്. നേരം വെളുക്കാറാവുമ്പോഴേക്കും അവരൊക്കെ എത്തി ''.

'' എന്നിട്ട് അവരെവിടെ ''.

'' ക്രിട്ടിക്കല്‍ അല്ല എന്ന് അറിഞ്ഞപ്പോള്‍ അവരോട് പൊയ്ക്കോളാന്‍ പറഞ്ഞു. എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. പോരാത്തതിന്ന് മകളുടെ കുട്ടികള്‍ക്ക് സ്കൂളുണ്ട്. അത് കളയാന്‍ പറ്റില്ല. മകന്‍റെ കാര്യാണെങ്കില്‍ അവന്‍റെ ഭാര്യ പ്രസവിച്ചിട്ട് എട്ടു പത്ത് ദിവസം ആയിട്ടേയുള്ളു ''

മരുന്ന് കൊടുത്തു കഴിഞ്ഞ് കെ. എസ്. നായരോടൊപ്പം ഗോപാലകൃഷ്ണന്‍ പൂമുഖത്തേക്ക് വന്നു.

'' എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. പറഞ്ഞതുപോലെ വൈകുന്നേരം എത്താം '' എല്ലാവര്‍ക്കും വേണ്ടി ഒരാള്‍ യാത്ര പറഞ്ഞു. ഗെയിറ്റ് കടന്നു അവര്‍ പോയി.

'' താന്‍ വല്ലതും കഴിച്ച്വോ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

'' ഒന്നും വേണന്നില്യാ ''.

'' താന്‍ വാടോ. ഒരു പാത്രം നിറയെ ഇഡ്ഡലിയും കുറ്റിപ്പുട്ടും ഇരിപ്പുണ്ട്. എമ്പാന്തിരി മാഷ് കൊണ്ടു വന്നതാ ''.

കൈ കഴുകി രണ്ടുപേരും ഭക്ഷണം കഴിക്കാനിരുന്നു. ഗോപാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണ്. ഉച്ചയ്ക്കും രാത്രിയിലേക്കും കൂടി വേണ്ട ആഹാരമുണ്ട്.

'' പണിക്ക് ആരേയെങ്കിലും വെക്കണ്ടേ '' കെ.എസ്. നായര്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. ആര് നോക്കിയാലും എന്‍റെ അമ്മിണിയെ ഞാന്‍ നോക്കുന്നത് പോലെ വരില്ല. പിന്നെ എന്തിനാണ് ''.

'' പാത്രം മോറാനും അടിക്കാനും തുടയ്ക്കാനും ഒക്കെ എന്താ ചെയ്യാ ''.

'' അതിന് കബീര്‍ മാഷ് ഒരാളെ അയയ്ക്കാന്ന് പറഞ്ഞു ''.

'' ഇനിയാ തന്‍റെ കാര്യം പരുങ്ങലിലായത്. പഴയതു പോലെ തോന്നുമ്പോലേള്ള ചുറ്റിത്തിരിയല്‍ നടക്കില്ല ''.

'' അത് ശരിയാണ്. അമ്മിണിയെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോവാന്‍ പറ്റില്ല ''.

'' കുറച്ച് ദിവസം കഴിഞ്ഞാല്‍ ബോറായി തോന്നില്ലേ ''

'' അതിനൊക്കെയുള്ള വഴി ഉണ്ടാക്കി കഴിഞ്ഞല്ലോ ''.

'' എന്താത് ''.

'' ഞാനും കൂട്ടുകാരും പകല് മുഴുവന്‍ ഇവിടെ കമ്പിനി കൂടാന്‍ തീരുമാനിച്ചു. നല്ല ഒന്നാതരം ചീട്ടുകളി കമ്പിനി ''.

'' പരമ യോഗ്യന്‍. അവര് ഇങ്ങിനെ കിടക്കുമ്പോഴോ ''.

'' അതോണ്ടെന്താ. അമ്മിണിയെ നോക്കാനും പറ്റും. എനിക്ക് നേരം പോവും ചെയ്യും ''.

'' എന്നാലും വീട്ടില്‍ വെച്ച് ചീട്ട് കളിക്ക്വേ ''.

'' എന്താ കളിച്ചാല്. അതോണ്ടൊരു തെറ്റും ഇല്യാടോ. പണ്ട് രാജ കൊട്ടാരത്തില്‍ വരെ ചൂത് കളി നടന്നിട്ടില്ലേ ''.

'' അത് ശരി. പണം വെച്ചിട്ടുള്ള ചീട്ടു കളിയാ അല്ലേ ''.

'' അല്ലാണ്ടെന്താ. കാശില്ലാതെ കളിക്കാച്ചാല്‍ പിന്നെ ചീട്ടില്ലാതെ കളിച്ചൂടെ. കളിക്ക് ഒരു ഗൌരവം വേണമെങ്കില്‍ കുറച്ചെങ്കിലും പണം വേണം '' ഗോപാലകൃഷ്ണന്‍ ഉറക്കെ ചിരിച്ചു '' കാശിന്‍റെ കാര്യം കേട്ടപ്പോള്‍ കൂട്ടുകാര്‍ ചിലര്‍ക്കൊക്കെ ഒരു മടി. ഏറെ നിര്‍ബന്ധിച്ചിട്ടാ ഒരു വിധം വണ്‍, ടൂ, ഫോര്‍ ആവാമെന്ന് സമ്മതിച്ചത് ''.

'' അങ്ങിനെ ഒരു കളിയുണ്ടോ ''.

'' അത് കളിയല്ലടോ. പൈസയുടെ കണക്കാ. സ്കൂട്ട് ഒരു ഉറുപ്പിക, മിഡില്‍ രണ്ട് ഉറുപ്പിക, ഫുള്ള് നാല് ഉറുപ്പിക. ഇപ്പൊ മനസ്സിലായോ ''.

'' എനിക്ക് കളി അറിയില്ല. എന്നാലും ചോദിക്ക്യാണ്. ഇങ്ങിനെയൊക്കെ പൈസ വെക്കണോ ചീട്ട് കളിക്കാന്‍ ''.

'' തനിക്ക് അറിയാഞ്ഞിട്ടാണ്. ജെന്‍റില്‍ മെന്‍സ് ക്ലബ്ബിലൊന്ന് ചെന്ന് നോക്കണം. സ്കൂട്ട് നൂറ്, മിഡില്‍ ഇരുന്നൂറ്റമ്പത്, ഫുള്‍ അഞ്ഞൂറ്. അതാ കണക്ക്. ഞാന്‍ രണ്ടുമൂന്ന് പ്രാവശ്യം ഗസ്റ്റായിട്ട് അവിടെ പോയിട്ടുണ്ട്. വലിയ വലിയ ആള്‍ക്കാരാ അവിടത്തെ മെമ്പര്‍മാര്. നമ്മളെപോലത്തെ ആള്‍ക്കാര്‍ക്ക് അങ്ങോട്ട് അടുക്കാന്‍ പറ്റില്ല ''.

'' എന്തായാലും പൈസ വെച്ചു കളിച്ച് പണം കളയുന്ന പരിപാടി അത്ര നന്നല്ല ''.

'' തന്നെപ്പോലെ ഉള്ളോര് മരിച്ചുപോവുമ്പോള്‍ സമ്പാദിച്ചു കൂട്ടിയതൊക്കെ പാര്‍സല്‍ ലോറീല് ബുക്ക് ചെയ്ത് പോണ ദിക്കിലേക്ക് കൊണ്ടു പോവ്വോ. അതില്ലല്ലോ. പിന്നെ ചീട്ടുകളിടെ കാര്യം. ഒരു വിധം മര്യാദയ്ക്ക് കളിക്ക്യാണെങ്കില്‍ ആര്‍ക്കും വലുതായിട്ടൊന്നും കിട്ടൂല്യാ,പോവൂല്യാ.ദിവസൂം കളിച്ചിട്ട് കിട്ടുന്നതും പോണതും എഴുതി വെച്ച് മാസം തികയുമ്പോള്‍ കണക്ക് നോക്കിയാല്‍ അറിയാം, ചീട്ടു കളീല് ലാഭവും കാണില്ല, നഷ്ടവും കാണില്ല. മനുഷ്യ ജീവിതംപോലത്തന്നെ അതും ''.

'' അമ്മിണിയമ്മയ്ക്ക് വല്ലതും തോന്നില്ലേ ''.

'' തനിക്ക് അറിയാഞ്ഞിട്ടാണ്. അവള് സന്തോഷിക്ക്വേ ഉള്ളു. പാവം. എന്നും എന്‍റെ സന്തോഷാ അവള്‍ക്ക് വലുത് '' എന്തോ ആലോചിക്കുന്ന മട്ടില്‍ ഒന്നു നിര്‍ത്തി അയാള്‍ തുടര്‍ന്നു '' പണ്ടൊക്കെ ശിവരാത്രിക്ക് ഞാനും കൂട്ടുകാരും പൂമുഖത്ത് കളിയുമായി കൂടും. അന്ന് അമ്മിണിക്ക് ഉപവാസൂം ഉറക്കൊഴിപ്പും ഉണ്ട്. ശിവപുരാണം വായിച്ചോണ്ട് അവള്‍ അകത്ത് ഇരിക്ക്യും. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ക്ക് ചായ കുട്ടി കൊണ്ടു വന്ന് തരും ചെയ്യും ''.

'' ഭാഗ്യവാന്‍ '' മേനോന്‍ അറിയാതെ പറഞ്ഞു പോയി.

'' ഭാഗ്യം അല്ലാടോ. അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ട് കിട്ടുന്നു. അത് മനസ്സിലാക്കിക്കോളിന്‍ ''.

'' ബാത്ത് റൂമില്‍ പോണം '' അകത്തു നിന്ന് അമ്മിണിയമ്മയുടെ ഒച്ച കേട്ടു. ഗോപാലകൃഷ്ണന്‍ നായര്‍ കയ്യിലുള്ള ഇഡ്ഡലി കഷ്ണം പ്ലേറ്റില്‍ തന്നെ വെച്ച് അകത്തേക്ക് നടന്നു.

'' അമ്മിണി, രാവിലത്തെപോലെ ബാത്ത് റൂമില്‍ ചെന്ന് തനിക്ക് വയ്യാതെ വരണ്ടാ. ഞാന്‍ പാത്രം വെച്ചു തരാം ''.

'' അയ്യേ. എന്‍റെ ഗോപ്യേട്ടനെക്കൊണ്ട് മൂത്രം എടുപ്പിക്ക്വേ. ഞാന്‍ ഇത്തിരി കഷ്ടപ്പെട്ടാലും അത് വേണ്ടാ ''.

'' അതൊന്നും സാരൂല്യാ. എന്‍റെ അമ്മിണിടെ അല്ലേ ''.

ആ വാക്കുകള്‍ കെ. എസ്. മേനോനെ ആശ്ചര്യപ്പെടുത്തി. എല്ലാവിധ ഏടാകൂടത്തിലും തലയിടുന്ന പ്രകൃതക്കാരനാണെങ്കിലും ഗോപാലകൃഷ്ണന്‍ ഭാര്യയെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. സല്‍സ്വഭാവി എന്ന് എല്ലാവരും പുകഴ്ത്തുന്ന താന്‍ ഒരിക്കലും ഭാര്യയെ ഇത്ര ഗാഡമായി സ്നേഹിച്ചിരുന്നില്ലെന്ന തിരിച്ചറിവ് അയാളില്‍ നേരിയ കുറ്റബോധം ഉണ്ടാക്കി. ആഹാരം മതിയാക്കി അയാള്‍ എഴുന്നേറ്റു കൈ കഴുകി.