Monday, November 28, 2011

നോവല്‍ - അദ്ധ്യായം - 28.

വലിയ വരമ്പത്തുനിന്ന് സ്കൂട്ടറിന്‍റെ ഒച്ച കേട്ടതും രമ പടിക്കലേക്കോടി. അനൂപിനെ പടിക്കല്‍ വെച്ചേ അവള്‍ കൈ കാണിച്ചു നിര്‍ത്തി.

'' ഇന്ന് സന്തോഷൂള്ള ഒരു കാര്യം ഉണ്ടായിട്ടുണ്ട്. എന്താണെന്ന് ഏട്ടന്‍ പറ ''.

'' എനിക്കെങ്ങിനേയാ അറിയ്യാ. നീ തന്നെ പറയ് '' അനൂപ് ഒഴിഞ്ഞു മാറി.

'' അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഏട്ടന്‍ പറയണം '' അവള്‍ വാശി പിടിച്ചു.

'' ക്ലാസ്സ് ടെസ്റ്റില്‍ നിനക്ക് വട്ട പൂജ്യം കിട്ടീട്ടുണ്ടാവും '' രമ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.

'' പിന്നെപിന്നെ. ഞാന്‍ തോല്‍ക്ക്വാത്രേ '' രമ ചൊടിച്ചു '' ഏട്ടന്‍ തോറ്റൂന്ന് സമ്മതിച്ചാല്‍ മതി. ഞാന്‍ പറഞ്ഞോളാം ''.

'' ശരി. ഞാന്‍ തോറ്റു '' അവന്‍ തോല്‍വി സമ്മതിച്ചു.

'' ഇന്ന് നമ്മുടെ അച്ഛന്‍ തന്നെ നടന്നു '' അവള്‍ പറഞ്ഞത് അനൂപിന്ന് വിശ്വസിക്കാനായില്ല.

അവന്‍ സ്കൂട്ടര്‍ സ്റ്റാന്‍ഡിലിട്ട് അകത്തേക്ക് ഓടി.

'' ഇവള് പറയുണത് ശരിയാണോ അമ്മേ '' ശബ്ദം കേട്ട് വാതില്‍ക്കല്‍ എത്തിയ ഇന്ദിരയോട് അവന്‍ ചോദിച്ചു. അതെയെന്ന് അവള്‍ തലയാട്ടി. അനൂപ് അച്ഛന്‍റെ അടുത്തേക്ക് ചെന്നു. രാമകൃഷ്ണന്‍ കുഴമ്പ് പുരട്ടി ഒരു സ്റ്റൂളില്‍ ഇരിക്കുകയാണ്.

'' അച്ഛാ '' അവന്‍ വിളിച്ചു '' അച്ഛന്‍ നടന്നു അല്ലേ ''. ഉവ്വെന്ന് രാമകൃഷ്ണന്‍ തലയാട്ടി.

'' നീ വന്നിട്ടു വേണം മാപ്ല വൈദ്യര്‍ക്ക് വിവരം കൊടുക്കാന്‍ എന്നു വിചാരിച്ച് ഇരിക്ക്യാണ് '' ഇന്ദിര പറഞ്ഞു '' ചായ കുടിച്ചതും ചെന്ന് പറഞ്ഞിട്ടു വാ ''.

'' അമ്മേ, ഞാന്‍ അമ്പലത്തില്‍ ചെന്ന് അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന കഴിച്ചിട്ടു വരട്ടെ. എന്നിട്ടു മതി എനിക്ക് ചായ ''.

'' അപ്പൊ വൈദ്യരെ കാണാന്‍ പോണില്ലേ ''.

'' നോക്കൂ '' രാമകൃഷ്ണന്‍ ഇന്ദിരയെ വിളിച്ചു '' അവന്‍ അമ്പലത്തില്‍ പോയിട്ടു വരട്ടെ. എന്നിട്ടു പോരെ വൈദ്യരുടെ അടുത്തേക്ക് ''.

'' എന്നാല്‍ ഞാനൂണ്ട് നിന്‍റെ കൂടെ ''.

'' ഈ അമ്മയ്ക്ക് ഇന്ന് എന്താ പറ്റീത് '' രമ പറഞ്ഞു '' ഈശ്വരന്‍ ഇല്ലാന്ന് പറയിണ ആളല്ലേ ''.

'' മിണ്ടാണ്ടിരുന്നോ പെണ്ണേ '' ഇന്ദിര മകളെ ശാസിച്ചു.

അനൂപും ഇന്ദിരയും അമ്പലത്തിലെത്തുമ്പോള്‍ ദീപാരാധനയ്ക്കുള്ള സമയം ആവുന്നതേയുള്ളു. മതില്‍ക്കെട്ടിന്ന് വെളിയില്‍ സിഗററ്റ് വലിച്ച് രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. അകത്ത് തൊഴാനെത്തിയ മുന്നുനാല് സ്ത്രീകള്‍ പ്രദക്ഷിണം വെക്കുകയാണ്. വാരിയത്തമ്മ മാല കെട്ടുന്ന സ്ഥലത്ത് കാല് നീട്ടിയിരുന്ന്നാമം ജപിക്കുന്നു.

ഇന്ദിര അര്‍ച്ചനയ്ക്ക് ചീട്ടാക്കി തൃപ്പടിമേല്‍ വെച്ചു, അതിന്ന് മുകളിലായി രണ്ടു രൂപ നാണയവും. തൊഴുത് പ്രദക്ഷിണം വെക്കാന്‍ തുടങ്ങിയതും വാരിയത്തമ്മ വിളിച്ചു.

'' ഇന്ദിര ഇങ്ങോട്ടൊന്നും വരാത്തതല്ലേ. ഇന്നെന്തു പറ്റി '' അവര്‍ ചോദിച്ചതില്‍ അത്ഭുതപ്പെടാനില്ല. കുറച്ചു കാലമായി അമ്പലത്തിലേക്ക് വന്നിട്ട്.

'' ഇന്ന് രാമേട്ടന്‍ തന്നെ നടന്നു. ജോലി കഴിഞ്ഞു വന്ന് ആ വിവരം അറിഞ്ഞതും അച്ഛന്‍റെ പേരില്‍ ഒരു അര്‍ച്ചന നടത്തണംന്ന് ഇവന് ഒരേ നിര്‍ബന്ധം. ഞാനും കൂടെ പോന്നു ''.

'' അത് നന്നായി. സാവിത്രി വിവരം പറാഞ്ഞു. കഷ്ടകാലം തീരാറായീന്ന് കൂട്ടിക്കോളൂ ''.

'' ഏറെ കണ്ണീര് കുടിച്ചു. ഇനി അത് കൂടാതെ കഴിയണേന്നേ ഉള്ളു ''.

'' ഒരു രാത്രിക്ക് ഒരു പകലില്ലേ കുട്ട്യേ. എപ്പഴും ഒരുപോലെത്തന്നെ ഇരിക്ക്യോ '' ഒന്നു നിര്‍ത്തിയ ശേഷം അവര്‍ തുടര്‍ന്നു '' അല്ലെങ്കില്‍ എന്‍റെ സാവിത്രിടെ ജന്മം ആവണം ''.

'' വാരിയത്തമ്മ എന്താ ഇങ്ങിന്യോക്കെ പറയിണത്. അതിനു മാത്രം എന്താ ഇപ്പൊ ഉണ്ടായത് ''.

'' ഒക്കെ അവള് എന്നോട് പറഞ്ഞിട്ടുണ്ട്. പൂക്കാതെ കായ്ക്കാതെ ഉണങ്ങി പോണ ചെടിടെ ജന്മായി എന്‍റെ കുട്ടിടെ '' മുണ്ടിന്‍റെ കോന്തലകൊണ്ട് അവര്‍ കണ്ണീരൊപ്പി.

'' തൃസന്ധ്യ നേരത്ത് കണ്ണിലെ വെള്ളം കളയണ്ടാ. നടയ്ക്കല് നിന്ന് സങ്കടം പറഞ്ഞോളൂ. നിവൃത്തി മാര്‍ഗ്ഗം ഉണ്ടാക്കാതെ ഇരിക്കില്ല. വാരിയത്തമ്മ എന്നെ മാതിരിയൊന്നും അല്ലല്ലോ. പകല് മുഴുവന്‍ ഈശ്വരാ എന്നും പറഞ്ഞ് ഇതിനകത്തല്ലേ ''.

'' ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ ഇന്ദിരയ്ക്ക് വിഷമാവ്വോ ''.

'' എന്താന്ന് പറയൂ ''.

''ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടുമൂന്ന് ദിവസം ആസ്പത്രീല് കിടക്കണ്ടി വരുംന്ന് പറയുണു. നിനക്ക് അവളുടെ ഒപ്പം നില്‍ക്കാന്‍ ആവ്വോ ''.

'' രമേട്ടന്‍ ഇങ്ങിനെ കിടക്കുമ്പൊ എങ്ങിന്യാ ''.

'' ഞാന്‍ അത് ആലോചിക്കാഞ്ഞിട്ടല്ല. വിശ്വാസം ഉള്ള ഒരാള് വേണ്ടേ കൂട്ടത്തില്‍ ''.

പ്രദക്ഷിണം വെച്ചിരുന്ന അനൂപ് അവരുടെ അരികിലെത്തിയിരുന്നു.

'' എന്താമ്മേ സംഗതി '' അവന്‍ ചോദിച്ചു.

ഇന്ദിര വിവരങ്ങള്‍ പറഞ്ഞു.

'' മാപ്ല വൈദ്യരുടെ ചികിത്സ നോക്കാന്ന് ഞാന്‍ പറഞ്ഞതാ. എന്നെക്കൊണ്ട് ഒരു പരീക്ഷണത്തിന്ന് വയ്യാ എന്നാ പറഞ്ഞത് ''.

'' ഗൈനക്കോളജിസ്റ്റ് പറയുന്നതാ ശരി. എന്തെങ്കിലും മരുന്ന് കഴിച്ചോണ്ടിരുന്ന് കോംപ്ലിക്കേഷന്‍ ആയാലോ. ഓപ്പറേഷന്‍ വേണച്ചാല്‍ അത് വൈകിക്കാണ്ടെ ചെയ്യണം '' അനൂപ് പറഞ്ഞു.

'' നിന്‍റെ അച്ഛന്‍റെ സൂക്കട് ആരാ ഭേദാക്കീത് ''.

'' അല്ലാന്ന് ഞാന്‍ പറയില്ല. എന്നാലും റിസ്ക് എടുക്കണ്ടാന്നേ പറയൂ ''.

'' ആസ്പത്രീല് തുണയ്ക്ക് നില്‍ക്ക്വോന്ന് വാരിയത്തമ്മ എന്നോട് ചോദിക്ക്യാണ് '' ഇന്ദിര പറഞ്ഞു ' രാമേട്ടന്‍റെ ഈ അവസ്ഥേല് ഞാന്‍ എന്താ പറയ്യാ ''.

'' മേമടെ കാര്യത്തിനല്ലേ. അമ്മ പൊയ്ക്കോളൂ. അച്ഛന്‍റെ കാര്യം ഞാനും രമയും കൂടി നോക്കാം ''.

'' ഈശ്വരാ. ഈ കുട്ടിയ്ക്ക് ദീര്‍ഘായുസ്സ് കൊടുക്കണേ '' വാരിയത്തമ്മ ശ്രീകോവിലിലേക്ക് നോക്കി തൊഴുതു .

'' സാവിത്രി ഇങ്ങോട്ട് വരില്ലേ '' ഇന്ദിര ചോദിച്ചു.

'' കുറച്ച് തുണി തിരുമ്പാനുണ്ട്. അത് കഴിഞ്ഞ് മേല്‍ കഴുകിയിട്ട് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട് '' വാരിയത്തമ്മ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി.

'' ദീപാരാധനയ്ക്ക് നട അടയ്ക്കാന്‍ പോണൂ '' തിരുമേനി പറഞ്ഞതും എല്ലാവരും നടയ്ക്കലേക്ക് ങ്ങി.

'' ഏതായാലും താന്‍ ഇവിടെ ഉണ്ടല്ലോ '' അയാള്‍ അനൂപിനോട് പറഞ്ഞു '' അച്ഛന്‍റെ ചെണ്ട അവിടെ തൂങ്ങുന്നുണ്ട്. അതെടുത്ത് ദേവനെ കൊട്ട് കേള്‍പ്പിക്കടോ ''.

അനൂപ് അമ്മയെ നോക്കി. ഇന്ദിര സമ്മത ഭാവത്തില്‍ തലയാട്ടി. അവന്‍ ചെണ്ട എടുക്കാന്‍ നടന്നു.

**************************************

കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ചേച്ചിയെ ബസ്സ് കയറ്റി വിട്ടിട്ട് പോയാല്‍ മതി എന്നു പറഞ്ഞാണ് ശെല്‍വന്‍റെ അച്ഛന്‍ ബാങ്കില്‍ നിന്ന് ഇറങ്ങിയ ശേഷം ജോലിക്ക് പോയത്. ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഒരു ഫ്രന്‍ഡ് വരാനുണ്ട്, അവള്‍ എത്തിയിട്ട് ഞങ്ങള്‍ ഒന്നിച്ച് പൊയ്ക്കോളാം, അതുവരെ നീ കാത്തു നില്‍ക്കണ്ടാ എന്നും പറഞ്ഞ് ചേച്ചി അവനെ അയച്ചു .

ശെല്‍വന്‍ കോട്ട മൈതാനത്തേക്ക് ബൈക്ക് വിട്ടു. കൂട്ടുകാര്‍ എത്താറായിട്ടില്ല. അതുവരെ അവിടെ തനിച്ചിരിക്കാം. ജോലിക്ക് പോവാന്‍ ഒരു മൂഡ് തോന്നുന്നില്ല. ചേച്ചിയുടെ വിവാഹത്തിന്ന് ആദ്യ പടിയായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി കഴിഞ്ഞതിന്‍റെ സംതൃപ്തിക്കൊപ്പം വീട്ടിലെ സാഹചര്യം മനസ്സിലാക്കാതെ കണ്ടമാനം പണം ചിലവാക്കാനുള്ള ചേച്ചിയുടെ പ്രവണത സൃഷ്ടിച്ച വിഷമവും മനസ്സില്‍ നിറഞ്ഞു നില്‍പ്പാണ്.

ആഭരണം നോക്കി വാങ്ങാന്‍ പെങ്ങള്‍ തലേന്ന് ലീവെടുത്ത് വന്നതാണ്. പ്രദീപ് ഒരു ജ്വല്ലറിയിലെ സെയില്‍സ് മാനേജറോട് നേരത്തെ പറഞ്ഞുവെച്ചിരുന്നു. വീട് വിറ്റിട്ടാണ് കല്യാണം നടത്തുന്നത്, വരന്‍റെ വീട്ടുകാരോട് കൊടുക്കാന്‍ ഉദ്ദേശിച്ച സ്വര്‍ണ്ണത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, പറഞ്ഞതില് കൂടുതലൊന്നും അവര്‍ ചോദിച്ചിട്ടില്ല, കല്യാണം കഴിഞ്ഞ് ബാക്കി പണം കൊണ്ടു വേണം ദൂരെ എങ്ങോട്ടെങ്കിലും മാറി ചെറിയൊരു വീട് വാങ്ങാന്‍ എന്നൊക്കെ ചേച്ചിയോട് അമ്മ പറഞ്ഞിരുന്നു. അതിന്ന് അവള്‍ മറുത്തൊന്നും പറയാഞ്ഞപ്പോള്‍ അനുകൂലിച്ചിട്ടാണെന്ന് കരുതിയത് തെറ്റായി.

ജ്വല്ലറിയില്‍ ചെന്നപ്പോള്‍ ചേച്ചിയുടെ ഭാവം മാറി. ഇഷ്ടാനുസരണം ആഭരണങ്ങള്‍ വാങ്ങി കൂട്ടാന് ഒരുങ്ങിയപ്പോള്‍ അമ്മ എതിര്‍ത്തു. വാക്കു തര്‍ക്കത്തിന്നുള്ള സാദ്ധ്യത കണ്ടപ്പോള്‍ ഇടപെടേണ്ടി വന്നു.

'' ഇതുകൂടി കഴിഞ്ഞാല്‍ അവള്‍ക്കുവേണ്ടി ഒന്നും ചെയ്യാനില്ലല്ലോ '' എന്നു പറഞ്ഞത് അമ്മയെ സമാധാനിപ്പിച്ചില്ല.

'' സമ്പാദിച്ചത് മുക്കാലും അവള്‍ക്കാണ് ചിലവാക്കിയത്. പഠിക്കാന്‍ മിടുക്കനായിട്ടും നിന്നെ പഠിപ്പിച്ചില്ല. ഇരിക്കാനുള്ള വീടും പോയി. എല്ലാം ഇവള്‍ക്ക് മതിയോ, നമുക്കും ജീവിക്കണ്ടേ '' അമ്മയുടെ വാദം അതായിരുന്നു.

എങ്കില്‍ എനിക്ക് കല്യാണം വേണ്ടാ എന്ന് ചേച്ചി പറഞ്ഞതോടെ അമ്മ അയഞ്ഞു. ഉദ്ദേശിച്ചതിലും വളരെ കൂടുതല്‍ ജ്വല്ലറിയില്‍ ചിലവായി. വീട്ടില്‍ എത്തിയിട്ടും അമ്മയും മകളും മിണ്ടിയില്ല.

ആഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് റിസ്കാണ്, ബാങ്ക് ലോക്കര്‍ വേണം എന്നതായി അടുത്ത ആവശ്യം. വീണ്ടും പ്രദീപിന്‍റെ സഹായം തേടി. രാവിലെ ബാങ്കില്‍ ചെന്ന് അവളുടെ പേരില്‍ ഒരു ലോക്കറെടുത്ത് ആഭരണങ്ങള്‍ അതില്‍ വെച്ചിട്ടാണ് അവള്‍ പോയത്.

'' നിന്‍റെ ചേച്ചി നല്ല അസ്സല് സാധനാണ് '' അച്ഛനെ ഏല്‍പ്പിക്കാതെ ലോക്കറിന്‍റെ താക്കോല്‍ അവള്‍ കയ്യില്‍ വെച്ചത് പ്രദീപിന്ന് ഇഷ്ടമായില്ല.

'' എപ്പോഴായാലും അവള്‍ക്കുള്ളതല്ലേ. അവളുടെ ഇഷ്ടം പോലെ ആയിക്കോട്ടെ '' എന്നു മറുപടി പറഞ്ഞു.

''എന്താടാ ഒറ്റയ്ക്കിരുന്ന് സ്വപ്നം കാണുന്നത് '' മുമ്പില്‍ റഷീദും പ്രദീപുമാണ്.

'' ഓരോന്ന് ആലോചിച്ചോണ്ട് ഇരുന്നു ''.

'' നോക്കടാ, ഇവന്‍റെ ചേച്ചിടെ കല്യാണം ആവാറായി '' പ്രദീപ് റഷീദിനോട് പറഞ്ഞു '' അതാണ് ഇത്ര വലിയ ആലോചന ''.

'' നമുക്കത് അടിപൊളിയാക്കണം '' റഷീദ് പറഞ്ഞു.

'' അതിന് ഇവന്‍ നിന്നേയും അനൂപിനേയും വിളിക്കില്ലല്ലോ ''.

'' അതെന്താ ''.

'' ഇവന്‍റെ ചേച്ചി ഡോക്ടറല്ലേ. കല്യാണ പന്തലില്‍ വെച്ച് നിങ്ങള് രണ്ടാളും മരുന്ന് എഴുതണ്ട കാര്യം പറഞ്ഞാലോ ''.

ശെല്‍വന്‍ ഉറക്കെ ചിരിച്ചു. റഷീദിനും ആ ചിരിയില്‍ പങ്കു ചേരാതിരിക്കാനായില്ല.

Monday, November 14, 2011

നോവല്‍ - അദ്ധ്യായം - 27.

മുറ്റത്ത് കാര്‍ നിര്‍ത്തി അനിരുദ്ധന്‍ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ വെറ്റിലയും മുറുക്കി അമ്മ ഇരിപ്പാണ്.

'' നീ ഒറ്റയ്ക്കേ ഉള്ളൂ '' അമ്മ ചോദിച്ചു.

'' അതെ '' അയാള്‍ പറഞ്ഞു.

'' എന്തേ രാധികയേയും കുട്ടിയേയും കൊണ്ടുവരാഞ്ഞത് ''.

'' കുട്ടിക്ക് നല്ല സുഖം ഇല്ല. രാത്രി പനിച്ചിരുന്നു. അതോണ്ട് അവരെ കൊണ്ടു വന്നില്ല ''.

പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന്നുള്ള ഉത്തരം നേരത്തെ തയ്യാറാക്കി വെച്ചതിനാല്‍ എളുപ്പം മറുപടി പറയാനായി. എങ്കിലും മനസ്സില്‍ ആത്മനിന്ദ തോന്നി. ഭാര്യയെ അനുസരിപ്പിക്കാന്‍ കഴിവില്ലാതെ നുണ പറഞ്ഞ് തടി തപ്പുന്നു.

മകന്‍ വന്നതില്‍ അമ്മയ്ക്കുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല. അടുത്തെത്തിയതും അമ്മ ചേര്‍ത്തുപിടിച്ചു ശിരസ്സിലും മുഖത്തും തലോടി. അമ്മയുടെ അടുത്തായി അയാള്‍ ഇരുന്നു.

'' നീ വല്ലാണ്ടെ ക്ഷീണിച്ചിരിക്കുന്നല്ലോ '' അമ്മ പറഞ്ഞു.

എപ്പോള്‍ വന്നാലും അമ്മ അതുതന്നെയാണ് പറയാറ്.

'' അമ്മയ്ക്ക് തോന്നുന്നതാണ് '' അയാള്‍ പറഞ്ഞു '' കഴിഞ്ഞ തവണ വന്നപ്പോഴത്തേക്കാളും നാല് കിലോ തൂക്കം കൂടിയിരിക്കുകയാണ് ''.

'' അത് നീ എന്നെ സന്തോഷിപ്പിക്കാന്‍ പറയിണതല്ലേ '' അമ്മ ചിരിച്ചു.

'' അപ്പു എവിടെ '' അയാള്‍ ചോദിച്ചു.

'' ഇത്ര നേരം കളിയായിരുന്നു. ഭാനു കുളിക്കാന്‍ പോയപ്പോള്‍ കുളത്തിലേക്ക് ഒപ്പം പോയതാണ്. നീ വന്നൂന്ന് അറിഞ്ഞാല്‍ ഓടി വരും ''.

അതു ശരിയായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് അപ്പു ഓടിയെത്തി. അനിരുദ്ധന്‍ കടലമുഠായിയുടെ പൊതി അവന്‍റെ നേര്‍ക്ക് നീട്ടി. അവന്‍ അത് വാങ്ങി അമ്മാമനോട് ചേര്‍ന്നു നിന്നു.

'' എന്തൊരു വികൃതിയാ ഇതിന്. തീരെ തോറ്റു. അടുത്ത കൊല്ലം നഴ്സറിയിലേക്ക് അയക്കണം '' കുട്ടിയുടെ പുറകെ എത്തിയ ഭാനുമതി പറഞ്ഞു. അവളുടെ നനഞ്ഞ തലമുടി തോര്‍ത്തുകൊണ്ട് കെട്ടിയിട്ടുണ്ട്.

'' നീ വികൃതി കാട്ടാറുണ്ടോ '' അനിരുദ്ധന്‍ കുട്ടിയോട് ചോദിച്ചു. ഇല്ലെന്ന് അവന്‍ തലയാട്ടി.

'' ഏട്ടന്‍റെ അടുത്ത് മര്യാദക്കാരനായി നില്‍ക്കുന്നത് കണക്കാക്കണ്ടാ. ദേഷ്യം വന്നാല്‍ അവന്‍ പുര മലര്‍ത്തി വെക്കും ''.

കൊണ്ടുവന്ന പൊതികള്‍ തുറന്നു നോക്കി, മൂത്തചേച്ചിയെ വിളിച്ച് എല്ലാവര്‍ക്കും കൊടുക്കാനും ഊണിന് ഉണക്കമീന്‍ വറുക്കാനും അമ്മ ഏല്‍പ്പിച്ചു.

'' വറക്കണച്ചാല്‍ ഇതിലെ ഉപ്പ് പോണ്ടേ അമ്മേ '' ചേച്ചി ചോദിച്ചു.

'' നീ അത് മുറിച്ച് വെള്ളത്തിലിട്. ഒരു പേപ്പറിന്‍റെ കഷ്ണം കീറീട്ട് അതിലിട്ടോ. ഉപ്പ് പോവും ''.

അനിരുദ്ധനോടൊപ്പമാണ് അമ്മ ഭക്ഷണം കഴിക്കാനിരുന്നത്. സ്രാവ് വറുത്തതും കൂട്ടി അമ്മ ഊണ് കഴിക്കുന്നത് അയാള്‍ നോക്കിയിരുന്നു. മനസ്സ് നിറയുന്നതുപോലെ തോന്നി.

'' ശാരദേ, വൈകുന്നേരത്തെ ചായയ്ക്ക് കുമ്പിളപ്പവും കൊത്തിപ്പൊടി ഉപ്പുമാവും ഉണ്ടാക്കണേ. അനിക്ക് അത് രണ്ടും വലിയ ഇഷ്ടാണ് '' അമ്മ മൂത്ത ചേച്ചിയെ ഏല്‍പ്പിക്കുന്നത് കേട്ടു ''വല്ലപ്പഴും അല്ലേ അവന്‍ വരുന്നത് ''.

മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അമ്മമാര്‍ക്ക് ഹൃദിസ്ഥമാണ്. മക്കള്‍ എത്ര കാലം അകന്നിരുന്നാലും അതൊന്നും അവര്‍ക്ക് മറക്കാനാവില്ല. ചായകുടി കഴിഞ്ഞ് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് അമ്മ ഒരു ആഗ്രഹം പറഞ്ഞത്.

'' എനിക്ക് ചീറമ്പത്തെ കാവില് ഒന്ന് തൊഴുകണംന്നുണ്ട്. നീയും കൂടി വാ. അവിടെ തൊഴുതിട്ട് കുറെയായില്ലേ ''.

സ്ഥിരമായി വിളക്കു വെക്കലോ പൂജയോ ഇല്ലാത്ത കാവാണ് അത്. വല്ലപ്പോഴും ആരെങ്കിലും മുന്‍വശത്തെ കല്‍വിളക്കില്‍ തിരി വെക്കും. പണ്ടൊക്കെ മണ്ഡല കാലത്ത് ഒരു പൂജാരി വന്ന് നിത്യവും പൂജ കഴിയ്ക്കും. രാത്രിപൂജ കഴിഞ്ഞാല്‍ വെള്ളപ്പയര്‍ പുഴുങ്ങി ശര്‍ക്കര ചേര്‍ത്തത് കൂടിയവര്‍ക്ക് വിതരണം ചെയ്യും. ആ പ്രസാദത്തിന്‍റെ സ്വാദ് നാവിലെത്തി.

'' മീന്‍ കഴിച്ചതല്ലേ അമ്മേ. കുളിക്കാതെ കാവില്‍ ചെല്ലാന്‍ പാട്വോ ''.

'' അതിന് നീ തിരുമുറ്റത്ത് കേറണ്ടാ. വെളില് നിന്ന് തൊഴുതാല്‍ മതി. ഞാന്‍ കുളിച്ചിട്ടു വരാം. അപ്പൊ എനിക്ക് വിളക്കില് തിരി വെക്കാലോ ''.

അമ്മയുടെ മോഹം സാധിച്ചു കൊടുത്തില്ല എന്നുവേണ്ടാ. കുളിച്ചൊരുങ്ങിക്കൊള്ളാന്‍ പറഞ്ഞു. കിണറിന്നരികിലെ കുളിമുറിയിലേക്ക് അമ്മ പോയപ്പോള്‍ ചേച്ചി വന്നു.

'' വിളക്കുവെച്ച് തൊഴാനൊന്നും അല്ല നിന്‍റൊപ്പം കാറില് ഇരിക്കാനാ അമ്മ കാവിലിക്ക് വരുണത് '' അവര്‍ പറഞ്ഞു.

അമ്പലപ്പറമ്പില്‍ കാര്‍ നിര്‍ത്തി.

'' ഇറങ്ങാറായോ അമ്മാമേ '' അപ്പു ചോദിച്ചു. കാറില്‍ ഇരിക്കാനുള്ള മോഹംകൊണ്ട് പുറപ്പെട്ടതാണ് അവന്‍. എണ്ണയും തിരിയും തീപ്പെട്ടിയുമായി അമ്മ കാവിന്‍റെ മുറ്റത്തേക്കിറങ്ങി. ഭാനുവും അപ്പുവും വെളിയില്‍ ഒപ്പം നിന്നു. അമ്മ തിരി തെളിയിക്കുമ്പോള്‍ അവര്‍ പുറത്ത് തൊഴുതു നിന്നു.

'' ദേവകിടെ വീടിന്‍റെ മുമ്പില് ഒരു മിനുട്ട് നിര്‍ത്തണേ '' തിരിച്ചു പോരുമ്പോള്‍ അമ്മ പറഞ്ഞു. രണ്ടു പേരും സമപ്രായക്കാരാണ്.

'' വെറുതെ എന്തിനാ ഏട്ടനെ നേരം വൈകിക്കിണത് '' ഭാനു ചോദിച്ചു.

'' അവന് അതോണ്ട് വിരോധം ഒന്നൂണ്ടവില്ല ''.

'' മകന്‍റെ കാറ് കാണിച്ചു കൊടുക്കാനാണ് അല്ലേ '' ഭാനു അമ്മയെ ദേഷ്യം പിടിപ്പിക്കുകയാണ്.

ഭാര്യ വീട്ടിലെത്തുമ്പോള്‍ മണി ഏഴ്. രാധികയുടെ മുഖത്ത് ഒട്ടും തെളിച്ചമില്ല.

'' എന്തേ ഇത്ര വൈകിയത് '' അവള്‍ ചോദിച്ചു '' അച്ഛന്‍ എത്ര നേരം കാത്തിരുന്നു എന്ന് അറിയ്യോ ''.

'' ലേശം വൈകി. പുറപ്പെട്ടോളൂ '' അയാള്‍ പറഞ്ഞു.

'' ഈ നേരത്തോ. അച്ഛന്‍ വന്നു കണ്ടിട്ട് നാളെ പോയാല്‍ മതി ''.

'' അതുപോരാ. നാളെ ഒമ്പത് മണിക്ക് എറണാകുളത്ത് എത്താനുള്ളതാ. അഞ്ച് മണിയ്ക്ക് മുമ്പ് പാലക്കാടെത്തണം. എന്നാലേ ആലപ്പുഴ വണ്ടി കിട്ടൂ ''.

'' എന്നാല്‍ നിങ്ങള് പൊയ്ക്കോളിന്‍. ഞാന്‍ പിന്നെ വന്നോളാം ''.

അനിരുദ്ധന്‍ കൂടുതല്‍ തര്‍ക്കിക്കാന്‍ നിന്നില്ല. കുട്ടിയുടെ അടുത്തേക്ക് ചെന്നു. കവിളിലൊന്ന് തലോടി അയാള്‍ കാറിനടുത്തേക്ക് നടന്നു.

***********************************

രാമകൃഷ്ണനെ കുളിപ്പിച്ച് കഞ്ഞിയും കൊടുത്ത് കോസറി കുടഞ്ഞു വിരിച്ച് കിടത്തി. രാവിലത്തെ ആഹാരം കഴിച്ചിട്ടില്ല. ദൂരെ പത്തര മണിക്കുള്ള ബസ്സ് ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം. കൂട്ടുപാത വഴിക്ക് പോവുന്ന ഒരു ബസ്സ് ഈ വഴിക്കായിട്ട് രണ്ടാഴ്ചയേ ആയുള്ളു. ഇന്ദിര കിണ്ണത്തില്‍ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.

'' ഇന്ദിര ചേച്ച്യേ '' പുറത്തു നിന്ന് ആരോ വിളിക്കുന്നു. ശബ്ദം കേള്‍ക്കുമ്പോള്‍ സാവിത്രിയുടേതു മാതിരിയുണ്ട്. അവളാവില്ല. ഇന്ന് ബുധനാഴ്ച. ബാങ്കുള്ള ദിവസമാണ്. സാധാരണ ശനിയാഴ്ച വൈകുന്നേരമേ അവള്‍ വാരിയത്ത് എത്തൂ. തിങ്കളാഴ്ച പുലര്‍ച്ചെ പോവുകയും ചെയ്യും. ഇന്ദിര പുറത്തേക്ക് വന്നു. സാവിത്രിതന്നെയാണ് ഉമ്മറത്ത്.

'' എന്താ നീ മടിച്ചു നില്‍ക്കുന്നത്. കേറി വന്നൂടെ '' ഇന്ദിര ക്ഷണിച്ചു.

'' ചേച്ചി എന്താ ചെയ്യുന്നത് '' സാവിത്രി അന്വേഷിച്ചു.

'' രാവിലത്തെ ആഹാരം കഴിക്കാന്‍ ഇരുന്നതാണ്. മക്കള് രണ്ടാള്‍ക്കും ആഹാരം കൊടുത്ത് അയച്ചു. രാമേട്ടനെ കുഴുമ്പ് പുരട്ടി കുറച്ചു നേരം ഇരുത്തിയിട്ട് കുളിപ്പിച്ചു കഞ്ഞി കൊടുത്ത് കിടത്തി. ഒക്കെ കഴിഞ്ഞപ്പൊ ഈ നേരായി ''.

'' ഞാന്‍ വന്നതോണ്ട് ആഹാരം കഴിക്കല് മുടങ്ങി അല്ലേ ? ''.

'' എനിക്ക് അങ്ങിനെയൊന്നൂല്യാ. എപ്പഴങ്കിലും എന്തെങ്കിലും വാരി തിന്നും. ജീവന്‍ കിടക്കണ്ടേ. സമയവും വായസ്വാദും നോക്കി ആഹാരം കഴിച്ച കാലം മറന്നു.''.

'' നമുക്ക് അടുക്കളേല് ഇരിക്കാം. ചേച്ചിക്ക് ആഹാരം കഴിക്കാം, വര്‍ത്തമാനം പറയും ചെയ്യാം ''.

രണ്ടുപേരും അടുക്കളയിലേക്ക് നടന്നു.

'' വീടു പണിയൊക്കെ ഏതാണ്ട് തീര്‍ന്നല്ലോ. കുറച്ചായി ഞാന്‍ ഇങ്ങട്ട് വന്നിട്ട് ''.

'' നീയ് ആഴ്ച്ചേല് ഒരു ദിവസം വീട്ടില് മുഖം കാണിച്ച് ഓടി പോവും. ഒഴിവോടെ വന്നാലല്ലേ ചുറ്റു വട്ടത്ത് കേറാന്‍ സമയം കിട്ടൂ ''.

'' വരുമ്പോ ഒരാഴ്ചത്തെ തുണിയുണ്ടാവും തിരുമ്പാന്‍. അത് കഴിയുമ്പൊത്തന്നെ ഉച്ചയാവും. അത് കഴിഞ്ഞാല്‍ തലേ ആഴ്ച തിരുമ്പിയിട്ടത് തേച്ചിട്ട് കൊണ്ടുപോവാന്‍ അടുക്കി വെക്കണം. അതോടെ ഒരു ദിവസം തീര്‍ന്നു '' സാവിത്രി പറഞ്ഞു '' നീ ഞങ്ങളെ കാണാനല്ല, തുണി അലക്കാനാണ് ഇങ്ങോട്ട് വരുന്നത് എന്ന് അമ്മ പറയും ''.

'' എന്താ പതിവില്ലാണ്ടെ ഇന്ന് ഇവിടെ കാണുണത്. സാധാരണ ശനിയാഴ്ചയല്ലേ നീ വരാറ് ''.

'' എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പതിവ് തെറ്റിക്കണ്ടി വരില്ലേ ''.

'' എന്തേ വിശേഷിച്ച് വല്ലതും ഉണ്ടോ ''.

'' എന്ത് വിശേഷം ചേച്ചി. ഒരു ഓപ്പറേഷന്‍ വേണ്ടി വരുംന്ന് തോന്നുന്നു. അത് പറയാനാ ''.

'' ആര്‍ക്കാ ഓപ്പറേഷന്‍ ''.

'' എനിക്കന്നെ. അല്ലാണ്ടാര്‍ക്കാ ''.

'' എന്താ സംഗതീന്ന് പറയ് ''.

സാവിത്രി പറയാന്‍ തുടങ്ങി. ബ്ലീഡിങ്ങ് തുടങ്ങിയിട്ട് കുറച്ചായി. ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. കുറച്ചു കാലം മരുന്നും കഴിച്ചു. മരുന്ന് കഴിക്കുമ്പോള്‍ അസുഖത്തിന്ന് കുറവുണ്ടാവും. മരുന്ന് നിര്‍ത്തിയാല്‍ വീണ്ടും തുടങ്ങും. ഗര്‍ഭപാത്രം എടുത്ത് കളയണം എന്നാണ് ഡോക്ടര്‍ ഇപ്പോള്‍ പറയുന്നത്.

'' നീ വേണ്ടാത്ത പണിക്ക് നില്‍ക്കാതെ '' ഇന്ദിര പറഞ്ഞു '' നമുക്ക് മാപ്ല വൈദ്യരുടെ അടുത്ത് ഒന്ന് ചെല്ലാം. അയാളുടെ കഷായവും മരുന്നും കഴിച്ചാല്‍ ഭേദാവാനുള്ളതേയുള്ളു ഇതൊക്കെ. രാമേട്ടന് അയാളുടെ ചികിത്സ തുടങ്ങിയതിന്ന് ശേഷം നല്ല ഭേദംണ്ട്. കയ്യില്‍ പിടിച്ചാല്‍ കുറേശ്ശെ നടക്കും ''.

'' എന്തിനാ ചേച്ചി ഒരു പരീക്ഷണം '' സാവിത്രി പറഞ്ഞു '' ഏതായാലും എനിക്ക് ഈ ജന്മം അതോണ്ട് ഒരാവശ്യം വരില്ല. പിന്നെന്തിനാ കൂലിയില്ലാത്ത ഭാരം വെറുതെ ചുമക്കുന്നത് ''.

ആ വാക്കുകള്‍ ഇന്ദിരയുടെ മനസ്സില്‍ തട്ടി. പാവം സാവിത്രി. കല്യാണം നടന്നിരുന്നുവെങ്കില്‍ രമയേക്കാള്‍ മുതിര്‍ന്ന ഒരു കുട്ടി ഉണ്ടായിരുന്നേനേ.

'' എന്താ കുട്ട്യേ നീ പറയിണത് '' അവളുടെ സ്വരം ഇടറിയിരുന്നു '' ഞാന്‍ നിന്നെ കുറ്റം പറയ്വേല്ല. വേണച്ചാല്‍ ആ വിധി മാറ്റാന്‍ പറ്റിയേനേ. ഇനി അത് പറഞ്ഞിട്ട് കാര്യൂല്ലല്ലോ. പക്ഷെ നിന്നെ ഈ നിലയ്ക്കാക്കിയ ആ ദുഷ്ടനെ ''.

'' വേണ്ടാ ചേച്ചി '' ഇന്ദിരയെ തുടരാന്‍ സാവിത്രി അനുവദിച്ചില്ല '' രാജേട്ടനെ ശപിക്കണ്ടാ. എനിക്ക് യോഗൂല്യാന്ന് കൂട്ട്യാല്‍ മതി ''.

'' നീ എന്തൊക്കെ പറഞ്ഞാലും അയാള്‍ ചെയ്തതിന്... ''.

'' ചേച്ചി, ചിലര്‍ക്ക് മോഹിച്ചത് കിട്ടാനുള്ള യോഗം ഉണ്ടാവും. എനിക്ക് മോഹിക്കാനുള്ള യോഗം മാത്രേ ഉള്ളു ''.

'' പണം മോഹിച്ച് കാണാന്‍ കൊള്ളാത്ത ഒന്നിന്‍റെ കഴുത്തില്‍ കെട്ടി. അതിന് വേണ്ടത് ഈശ്വരന്‍ കൊടുത്തില്ലേ. തലസ്ഥാനത്തെ വലിയ ഡോക്ടറായി. പണം കുന്നുപോലെ ഉണ്ടാക്കി. പക്ഷെ ഒരു കുട്ടിയെ കൊടുത്തില്ല. അതും പോരാത്തതിന് സന്തോഷത്തോടെ കഴിയുന്നുണ്ടോ. നാട്ടിലെ ജന സംസാരം ചിലതൊക്കെ ഞാനും കേള്‍ക്കുണുണ്ട്. അയാളുടെ ഭാര്യ ഡ്രൈവറുടൊപ്പം ഒളിച്ചോടി പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടാ വീട്ടില് മടങ്ങി വന്നതത്രേ. അതിന് ശേഷം സന്ധ്യയായാല്‍ മരുന്ന് കുത്തി വെച്ചിട്ട് അയാള് ബോധം കെട്ട് കിടപ്പാണെന്നാ പറച്ചില് ''.

'' എനിക്ക് ഒന്നും കേള്‍ക്കണ്ടാ ചേച്ചി '' സാവിത്രി തടഞ്ഞു '' ഏത് നാട്ടിലെങ്കിലും സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയുണൂന്ന് കേട്ടാല്‍ മതി. എനിക്കത്രയേ വേണ്ടൂ ''.

'' ഇന്ദിരേ, സാവിത്രിക്കുട്ട്യേ ഓരോന്ന് പറഞ്ഞ് സങ്കടപ്പെടുത്തണ്ടാ '' അടുക്കള വാതിലും ചാരി നിന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

'' എന്‍റെ രാമേട്ടന്‍ തന്നെ നടന്നൂ '' ഇന്ദിരയുടെ വാക്കുകളില്‍ അത്ഭുതം നിറഞ്ഞു. എച്ചില്‍ കയ്യോടെ അവള്‍ അയാളുടെ അടുത്തേക്ക് ഓടി.


Sunday, November 6, 2011

നോവല്‍ - അദ്ധ്യായം - 26..

ഏട്ടു മണിയായിട്ടും പ്രദീപ് എഴുന്നേറ്റില്ല. എപ്പോഴേ ഉറക്കം തെളിഞ്ഞു. വല്ലാത്ത ക്ഷീണം. രാത്രി മിനക്കെട്ടിരുന്ന് സിനിമ കണ്ടതാണ്. അല്ലെങ്കിലും തിരക്കിട്ട് ജോലിക്കൊന്നും പോവാനില്ലല്ലോ. മാനേജരുടെ അടുത്ത് തരികിട പറഞ്ഞ് മടുത്തു. അയാള്‍ക്ക് മതിയായിട്ടുണ്ടാവും. അതാണ് പുള്ളി വിളിക്കാത്തത്. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ശെല്‍വനാണ്. ഇനി എന്താണാവോ അവന്‍റെ പ്രശ്നം.


'' എന്താടാ '' പ്രദീപ് ചോദിച്ചു.

'' ഇന്നലെ രാത്രി മനസ്സില് ഒരു കാര്യം തോന്നി '' മറുവശത്തു നിന്നും കേട്ടു.

'' തോന്നും. അതല്ലേ പ്രായം ''.

'' അതല്ലെടാ. നിന്‍റെ അച്ഛന്‍റെ സ്വത്ത് ഇളയച്ഛന്മാര്‍ തട്ടിയെടുത്തു എന്ന് നീ പറയാറില്ലേ. ആ കേസ്സ് അന്‍വറണ്ണനെ ഏല്‍പ്പിച്ചൂടേ ''.

'' ഇത് പറയാനാണോ നീ എന്നെ വിളിച്ചുണര്‍ത്തിയത്. വേറെ പണിയൊന്നും ഇല്ലേടാ നിനക്ക് ''.


'' നിന്നെക്കുറിച്ച് ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയതാണ്. അവര്‍ ചെയ്ത ദ്രോഹത്തിന്ന് പകരം ചെയ്യണം എന്ന് നീ എപ്പോഴും പറയാറുള്ളതല്ലേ ''.

'' നോക്ക്. എല്ലാ കാര്യവും ഒരേ മാതിരി ചെയ്യാന്‍ പറ്റില്ല. അത് മനസ്സിലാക്കിക്കോ ''.

'' അതെന്താ ''.

'' ഒന്നാമത് നിന്‍റെ ഇളയച്ഛന്മാരെപ്പോലെ കാശിന് വകയില്ലാത്തോരല്ല അവര് . നമ്മള് അന്‍വറണ്ണന് ക്വൊട്ടേഷന്‍ കൊടുത്തൂന്ന് അവര് അറിഞ്ഞാല്‍ മതി, അതിലും വലിയ ഗ്യംഗിനെ എന്നെ തട്ടാന്‍ ഏല്‍പ്പിക്കും. കൂടാതെ പോയ മുതലൊന്നും തിരിച്ചു കിട്ടാന്‍ പോണില്ല. രേഖകളൊക്കെ അവര് പെര്‍ഫക്റ്റ് ആക്കിയിട്ടുണ്ടാവും. കോടതീല്‍ ചെന്നാലും കൂടി രക്ഷയുണ്ടാവില്ല. പിന്നൊരു കാര്യം കൂടിയുണ്ട് ''.


'' എന്താടാ അത് ''.

'' എന്‍റെ ഉള്ളിലെ പക പോണച്ചാല്‍ ഞാന്‍ തന്നെ അവരോട് പകരം വീട്ടണം. സമയം വരുമ്പോള്‍ ഞാന്‍ അത് ചെയ്യും ''.

**********************

'' അതേയ്, നല്ല ബേക്കറിടെ മുമ്പില്‍ നിര്‍ത്തണം കേട്ടോ. വീട്ടിലേക്ക് എങ്ങിനേയാ വെറും കയ്യും വീശി ചെല്ലുണത് '' കാര്‍ നീങ്ങി തുടങ്ങിയതും രാധിക പറഞ്ഞു.

ഇതു കേട്ടാല്‍ ഇത്രയും കാലം ഒന്നും വാങ്ങാതെയാണ് വീട്ടില്‍ പോയിരുന്നത് എന്ന് തോന്നും. ഉള്ളില്‍ ഇരച്ചു വന്ന ദേഷ്യം കടിച്ചമര്‍ത്തി . '' ശരി '' എന്ന ഒറ്റ വാക്കില്‍ മറുപടി ഒതുക്കി.

എക്ലയേഴ്സ് മുതല്‍ ഐസ് ക്രീമിന്‍റെ ഫാമിലി പാക്കും ചിക്കന്‍ റോളും വരെ പാക്കറ്റുകള്‍ പലത് സെയില്‍സ്മാന്‍ തയ്യാറാക്കി വെച്ചു.

'' മാഡം , ഇനി വല്ലതും '' അയാള്‍ ചോദിച്ചു.

'' ങാ. ഒരു കാര്യം മറന്നു. ഓട്ട്സ് വേണം ഒരു കിലോ '' രാധിക അനിരുദ്ധനെ നോക്കി '' അച്ഛന്ന് അതേ വേണ്ടൂ ''.


വീട്ടിലെത്തിയതും രാധിക അവരിലൊരാളായി. അനിരുദ്ധന്‍ ഒറ്റയ്ക്ക് ഡ്രായിങ്ങ് റൂമിലിരുന്ന് മടുത്തു. അകത്ത് സംഭാഷണം പൊടിപൊടിക്കുകയാണ്. വെറുതെയിരുന്ന് സമയം കളഞ്ഞാല്‍ വീട്ടിലെത്താന്‍ വൈകും. അനിരുദ്ധന്‍ വാതില്‍ക്കല്‍ ചെന്ന് ഭാര്യയെ വിളിച്ചു.

'' ഞാന്‍ ഇറങ്ങുന്നു. ആറ് മണിക്ക് എത്താം '' അയാള്‍ പറഞ്ഞു.

'' നിക്കൂന്നേ. അച്ഛന്‍ മീറ്റിങ്ങ് കഴിഞ്ഞ് ഇപ്പൊ എത്തും. ഊണ് കഴിച്ചിട്ട് പോയാല്‍ മതി. അതല്ലേ ചായ ഉണ്ടാക്കാഞ്ഞത് ''.

അനിരുദ്ധന്ന് എത്രയും പെട്ടെന്ന് അമ്മയുടെ അരികിലെത്തണമെന്ന് കലശലായി മോഹം തോന്നി. അമ്മയോടൊപ്പം ആഹാരം കഴിക്കണം. നാല്‍പ്പത് കിലോമീറ്റര്‍ ദൂരം ഓടാനുള്ളതാണ്.

'' അച്ഛനെ വൈകുന്നേരം കാണാം ''. രാധികയുടെ മുഖഭാവം ശ്രദ്ധിക്കാതെ അയാള്‍ കാറില്‍ കയറി.

അടുത്ത ടൌണിലെത്തിയപ്പോഴാണ് വീട്ടിലേക്ക് എന്തെങ്കിലും വാങ്ങണമെന്ന് അനിരുദ്ധന്ന് തോന്നിയത്. അയാള്‍ കാറ് ഒരു ഭാഗത്ത് ഒതുക്കി നിര്‍ത്തി.

എന്താണ് വാങ്ങേണ്ടത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഷോപ്പിങ്ങിന്ന് ചെന്നിട്ടുള്ള പരിചയം കമ്മി. അപ്പുവിന്ന് കടല മിഠായി ഇഷ്ടമാണ്. കാണുമ്പോഴൊക്കെ '' ഇനി അമ്മാമ വരുമ്പോള്‍ കടല മിഠായി കൊണ്ടു വര്വോ '' എന്ന് അവന്‍ ചോദിക്കാറുള്ളതാണ്. ചുവന്ന ഹല്‍വയും വാഴ്യ്ക്ക വറുത്തതും കടല മിഠായിയും വാങ്ങി പുറത്തിറങ്ങി.


അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങണം. കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സ് കഴിഞ്ഞു വരുമ്പോള്‍ അമ്മയ്ക്ക് മുറുക്കാന്‍ വാങ്ങിയിരുന്നത് ഓര്‍മ്മ വന്നു. വെറ്റിലയും നീറ്റടയ്ക്കയും പുകയിലയും വാങ്ങി കാറിലേക്ക് നടക്കുമ്പോള്‍ ഉണക്ക മീന്‍ വില്‍ക്കുന്ന പീടിക കണ്ടു.


ഉണക്കസ്രാവ് അമ്മയ്ക്ക് വലിയ ഇഷ്ടമാണ്. ഒരു കഷ്ണം സ്രാവ് വറുത്തത് ഉണ്ടെങ്കില്‍ ചോറ് തന്നെ പോവും എന്ന് അമ്മ പറയും. വില കൂടുതലായതിനാല്‍ സ്രാവ് വല്ലപ്പോഴുമേ വാങ്ങൂ. അധികവും മാന്തളാണ് വാങ്ങാറ്.ഉണക്ക മാന്തളും സ്രാവും പൊതിഞ്ഞു വാങ്ങി കാറില്‍ കയറി. അമ്മ ഉണ്ണാറാവുമ്പോഴേക്കും വീടെത്തണം . മീന്‍ വറുത്തതും കൂട്ടി ഉണ്ടോട്ടെ. സ്പീഡോ മീറ്ററിന്‍റെ സൂചി എണ്‍പതിനെ തലോടി.

Wednesday, November 2, 2011

നോവല്‍ - അദ്ധ്യായം - 25.

ക്ലോക്കില്‍ പത്തു മണി അടിച്ചതിന്ന് പുറകെ കാളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടു. രാധിക വാതില്‍ തുറന്നപ്പോള്‍ അനിരുദ്ധനാണ്.

'' കോഴിക്കോട്ടേക്ക് പോണം എന്നും പറഞ്ഞ് പുലര്‍ച്ചെ പോയതല്ലേ. ഇത്ര ക്ഷണത്തില്‍ അവിടെ ചെന്ന് തിരിച്ചെത്തിയോ '' ഭാര്യ പറഞ്ഞ തമാശ അനിരുദ്ധന് ആസ്വദിക്കാനായില്ല. ഷൂസ് അഴിച്ചു വെച്ച് അയാള്‍ അകത്തേക്ക് നടന്നു.

'' എന്താ ഞാന്‍ ചോദിച്ചത് കേട്ടില്ലേ '' ഭാര്യ പുറകെ തന്നെയുണ്ട്.

'' വണ്ടി ഷൊര്‍ണ്ണൂര്‍ വിട്ടപ്പോഴാ കോഴിക്കോടുകാരന്‍ പയ്യന്‍റെ അച്ഛന്‍ വിളിക്കുന്നത്. പനി പിടിച്ച് അവനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണത്രേ. അത് കേട്ടതും ഞാന്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഇങ്ങോട്ടുള്ള വണ്ടിയില്‍ കയറി ''.

'' അപ്പോള്‍ ഇന്ന് എങ്ങോട്ടും പോണില്ല ''.

'' ഇല്ല. നേരം വൈകി. ഇനി നാളയേ പോണുള്ളൂ ''.

ലാപ്പ്‌ട്ടോപ്പ് തുറന്നു. കുറെയധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാനുണ്ട്. അതെങ്കിലും നടക്കട്ടെ. ഏറെ കഴിയുന്നതിന്ന് മുമ്പ് ഭാര്യ എത്തി.

'' നമുക്കൊന്ന് വീട്ടില്‍ പോയാലോ '' അവള്‍ ചോദിച്ചു. അനിരുദ്ധനും അതില്‍ താല്‍പ്പര്യം തോന്നി. അമ്മയെ ചെന്നു കണ്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. പാവം മകന്‍ വരുന്നതും കാത്ത് ഇരിക്കുകയാവും. ജോലിത്തിരക്കും വീട്ടിലെ പ്രാരബ്ധങ്ങളും അമ്മയ്ക്ക് അറിയില്ലല്ലോ. അച്ഛന്‍ മരിക്കുന്നതിന്ന് മുമ്പ് ഇങ്ങിനെയായിരുന്നില്ല. ആഴ്ച തോറും വീട്ടിലെത്തും. ഒരാഴ്ച തെറ്റിയാല്‍ അച്ഛന്‍റെ വിധം മാറും.

'' ശരി. വേഗം ഒരുങ്ങിക്കോളൂ '' അയാള്‍ സമ്മതം മൂളി.

ബിഗ് ഷോപ്പറില്‍ കേടുവന്ന മിക്സിയുമായിട്ടാണ് രാധിക ഒരുങ്ങിയെത്തിയത്.

'' എന്തിനാ വീട്ടിലേക്ക് പോവുമ്പൊ ഈ കേടു വന്ന സാധനം. റിപ്പയര്‍ ചെയ്യാന്‍ മിനക്കെടേണ്ടാ എന്നു പറഞ്ഞ് പുതിയ മിക്സി ഞാന്‍ വാങ്ങി തന്നതല്ലേ ''.


'' അതോണ്ടെന്താ. ഇത് എന്‍റെ അച്ഛന്‍ വാങ്ങി തന്നതാ. അവിടെ ചെല്ലുമ്പൊ കൊടുത്താല്‍ അച്ഛന്‍ നേരാക്കിച്ച് തരും ''.

'' അതിന് നമ്മള്‍ എന്‍റെ വീട്ടിലേക്കല്ലേ പോണത് '' അനിരുദ്ധന്‍ ചോദിച്ചു.

'' ഇതാപ്പൊ പറ്റിയത്. വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചപ്പോള്‍ ശരീന്ന് സമ്മതിച്ച് ഇപ്പൊ വാക്ക് മാറ്റുന്നോ '' ഭാര്യ പരിഭവിച്ചു '' വീട്ടില്‍ ചെന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. നിങ്ങളുടെ ജോലിത്തിരക്ക് കാരണം കുട്ടിമാമടെ പിറന്നാളിനും കൂടി പോവാനായില്ല ''.

'' അപ്പൊ എന്‍റെ അമ്മയെ കാണണ്ടേ ''.

'' എന്നെ എന്‍റെ വീട്ടില്‍ ഇറക്കി വിട്ടിട്ട് നിങ്ങള് വേണച്ചാല്‍ പൊയ്ക്കോളിന്‍. മടങ്ങി വരുമ്പൊ കൂട്ടീട്ട് വന്നാല്‍ മതി ''.

'' അമ്മയ്ക്ക് കുട്ടിയെ കാണണം എന്ന് മോഹം ഉണ്ടാവും ''.

'' അതന്യാ ഞാന്‍ വരാത്തത്. അവിടെ കൊണ്ടു ചെന്നാല്‍ മുത്ത്യേമ്മ തൊട്ട് നാല് വയസ്സുള്ള അപ്പു വരെ കുട്ടിയെ എടുക്കും. ഒടുക്കം അതിന് വയ്യാണ്ടായാല്‍ ഞാനേ ഉള്ളു ബുദ്ധിമുട്ടാന്‍ ''.

ഇനി സംസാരിച്ചിട്ട് കാര്യമില്ല. എന്തെങ്കിലും മനസ്സില്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറുന്ന സ്വഭാവക്കാരിയല്ല രാധിക. കൂടുതല്‍ പറഞ്ഞ് ലഹള കൂടിയിട്ട് എന്താ കാര്യം. കുട്ടിയേയും എടുത്ത് ഭാര്യ വാതില്‍ പൂട്ടി ഇറങ്ങുമ്പോഴേക്കും അനിരുദ്ധന്‍ മാരുതി 800 ന്‍റെ പിന്‍സീറ്റില്‍ ബിഗ്ഷോപ്പര്‍ എടുത്തു വെച്ചു.

********************************

'' ഒരുപാട് നന്ദിയുണ്ടെടാ നീ ചെയ്ത സഹായത്തിന് '' പ്രദീപിനെ കെട്ടിപ്പിടിച്ച് അതു പറയുമ്പോള്‍ ശെല്‍വന്‍റെ തൊണ്ട ഇടറിയിരുന്നു. ഹോട്ടലിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ നില്‍ക്കുകയാണ് അവര്‍.

'' വല്ലാതെ സെന്‍റി ആവാതെടാ ചെക്കാ '' പ്രദീപ് അവന്‍റെ മുതുകത്ത് തടവിക്കൊണ്ട് പറഞ്ഞു '' ആരും ചെയ്യുന്നതല്ലേ ഞാനും ചെയ്തുള്ളൂ ''.

അവന്‍ അങ്ങിനെ പറഞ്ഞിരുന്നുവെങ്കിലും വാസ്തവം അങ്ങിനെയല്ലെന്ന് രണ്ട് കൂട്ടര്‍ക്കും അറിയാം. വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ച് കൊടുത്തതോ, ഫര്‍ണിച്ചറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ സഹായിച്ചതോ വലിയ കാര്യമല്ല. എന്നാല്‍ വീട് വില്‍പ്പനയ്ക്കിടയില്‍ പൊന്തി വന്ന പ്രതിബന്ധങ്ങള്‍ തീര്‍ത്തത് അങ്ങിനെയാണോ.

രണ്ടാഴ്ച മുമ്പാണ് ആദ്യത്തെ സംഭവം. ശെല്‍വന്‍റെ വീട് വില്‍ക്കുന്ന വിവരം അറിഞ്ഞ് മൂന്ന് നാല് ആവശ്യക്കാര്‍ അന്നു വീട് നോക്കാന്‍ വന്നിരുന്നു. വൈകുന്നേരം അച്ഛന്‍ പണി കഴിഞ്ഞ് എത്തിയ സമയം. അച്ഛന്‍റെ രണ്ട് അനുജന്മാര്‍ വീട്ടിലെത്തി.

'' നിങ്ങള് വീട് വില്‍ക്കാന്‍ പോണൂന്ന് കേട്ടു. അറിയാന്‍ വന്നതാ '' അച്ഛന്‍റെ തൊട്ട് താഴെയുള്ള ആള്‍ ചോദിക്കുന്നത് കേട്ടു.

'' ഉവ്വ് '' അച്ഛന്‍ പറഞ്ഞു '' പെണ്ണിന് ഒരു ആലോചന വന്നിട്ടുണ്ട്. ഇത് വിറ്റിട്ട് വേണം അവളുടെ കല്യാണം നടത്താന്‍ ''.

'' അതെങ്ങിനേയാ നിങ്ങള്‍ ഒറ്റയ്ക്ക് വില്‍ക്ക്വാ. നമ്മടെ അച്ഛന്‍റെ പേരിലുള്ള സ്ഥലമാണ്. അതില് എല്ലാവര്‍ക്കും അവകാശം ഉണ്ട് ''.

'' എന്‍റെ കയ്യിലെ പണം കൊടുത്താണ് ഇത് വാങ്ങിയത്. തല ഇരിക്കുമ്പോ വാല് ആടണ്ടാ എന്നു വെച്ച് അച്ഛന്‍റെ പേരില്‍ സ്ഥലം റയിഷാക്കി. നിങ്ങള്‍ക്ക് അറിയുന്നതല്ലേ ആ കാര്യങ്ങള്. ഒരാളും ഒരു പൈസ ഇതിലിക്ക് മുടക്കീട്ടില്ല ''.

'' ഇതൊക്കെ പറഞ്ഞോണ്ടിരിക്കാനേ പറ്റു. കോടതീല് കയറിയാല്‍ അടുത്തകാലത്തൊന്നും കേസ്സ് തീരില്ല ''.

'' ഞാനെന്താ വേണ്ടത് '' അച്ഛന്‍ കരയുകയാണോ എന്ന് ശെല്‍വന് തോന്നി.

'' അങ്ങിനെ വഴിക്ക് വരിന്‍. പെങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് അവളെ കെട്ടിച്ചയച്ചു. ഇനി അവള്‍ക്കൊന്നും കൊടുക്കണ്ടാ. പിന്നെ നമ്മള് നാല് ആണുങ്ങള്. കിട്ടുന്ന പണം ഒപ്പൊപ്പം ''.

'' അത് എങ്ങിന്യാ ശരിയാവ്വാ. അര പൈസ ഇറക്കാത്ത നിങ്ങള്‍ക്കും വില കൊടുത്ത് വാങ്ങിയ എനിക്കും ഒരു പോലെ. ഞാന്‍ തരില്ലാച്ചാലോ ''.

'' എങ്കില്‍ ഇത് വില്‍ക്കുന്നത് കാണട്ടെ ''.

രണ്ടുപേരും പോയതും അച്ഛന്‍ കരയാന്‍ തുടങ്ങി. കല്യാണത്തിന്ന് പുറപ്പെട്ടതേ വീട് വിറ്റ് പണം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. അത് തടസ്സപ്പെടാന്‍ പോവുകയാണ്. കല്യാണം മുടങ്ങാനാണ് ഇട വരിക. സമുദായക്കാരോട് വിവരം പറയാന്‍ അമ്മ അച്ഛനെ ഉപദേശിക്കുന്നത് കണ്ടു. മദ്ധ്യസ്ഥം പറഞ്ഞ് കേസ്സും കൂട്ടവും ഒഴിവാക്കാന്‍ പറ്റിയാലോ. അപ്പോള്‍ തന്നെ അച്ഛന്‍ പോയി.

'' അതൊന്നും നടക്കില്ല '' അച്ഛന്‍ തിരിച്ചു വന്നത് കുറെക്കൂടി സങ്കടത്തിലാണ് '' വലിയ നിലയില്‍ മകളെ അയക്കാന്‍ നോക്കരുത്. സ്ഥലം വിറ്റ് കിട്ടുന്ന പണം വീതം വെച്ച് ഉള്ളതോണ്ട് കല്യാണം നടത്താനാണ് അവര് പറഞ്ഞത് ''.

'' മകള് പഠിച്ച് ഡോക്ടറാവുന്നതിലേ കണ്ണുകടി ഉള്ളോരാണ്. അതാ സഹായിക്കാത്തത് '' അമ്മ പറഞ്ഞു.

'' ഇത് മുടങ്ങിയാല്‍ ഞാന്‍ തൂങ്ങിച്ചാവും '' അച്ഛന്‍ പായ വിരിച്ച് കിടന്നു. ഉണ്ടാക്കിയ ആഹാരം ആരും രാത്രി കഴിച്ചില്ല. അച്ഛനേയും അമ്മയേയും എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് പ്രദീപിനെ ഓര്‍മ്മ വന്നത്. അപ്പോള്‍ തന്നെ അവനെ വിളിച്ച് വിവരം പറഞ്ഞു.

'' പേടിക്കണ്ടടാ. വഴിയുണ്ടാക്കാം '' എന്ന് അവന്‍ പറഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. പിറ്റേ ദിവസം അവന്‍ വീട്ടിലെത്തി. ആധാരം വാങ്ങി വായിച്ചു നോക്കി.

'' മര്യാദയ്ക്ക് പോയാല്‍ അവര്‍ക്ക് പണം കൊടുക്കണം, അല്ലെങ്കില്‍ കേസ്സിന്ന് പോണം '' അവന്‍ പറഞ്ഞു '' നമുക്ക് വേറെ വഴി നോക്കാം ''.

അന്ന് വൈകുന്നേരം ഏറ്റവും താഴെയുള്ള ഇളയച്ചനെത്തി. സ്വതവേ ആര്‍ക്കും ഗുണത്തിന്നും ദോഷത്തിന്നും പോകാത്ത ആള്‍.

'' അണ്ണന്‍റെ കൂടെ ഞാനുണ്ട്. ഏത് കോടതീല് വേണച്ചാലും ഞാന്‍ സത്യം പറയാം '' അയാള്‍ പറഞ്ഞു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. രണ്ട് ദിവസം കഴിഞ്ഞതും ദേഷ്യപ്പെട്ടുപോയ ഇളയച്ഛന്മാര്‍ എത്തി.

'' വീട് വിറ്റോളിന്‍. ഞങ്ങള്‍ കേസ്സിനും കൂട്ടത്തിനും ഒന്നും വരുന്നില്ല '' മൂത്ത ആള്‍ പറഞ്ഞു '' എന്നാ വേണ്ടത് എന്ന് പറഞ്ഞാല്‍ മതി, ഞങ്ങള്‍ റജിസ്ട്രാപ്പീസില്‍ വന്ന് ഒപ്പിട്ടു തരാം ''.

'' നിന്‍റെ ഏറ്റവും താഴത്തെ ചെറിയച്ഛന്‍ അര്‍ജുനന്‍ അളൊരു പാവമാണ്. കാര്യം പറഞ്ഞ ഉടനെ അങ്ങേര് സഹായിക്കാമെന്ന് ഏറ്റു. മറ്റേ രണ്ടാളോടും കുറച്ച് ഭീഷണി വേണ്ടി വന്നു '' പിറ്റേന്ന് കോട്ടമൈതാനത്ത് കണ്ടു മുട്ടിയപ്പോള്‍ പ്രദീപ് പറയുകയുണ്ടായി.

ബാക്കി കാര്യങ്ങള്‍ പെട്ടെന്ന് നടന്നു. കിട്ടിയ സംഖ്യ ബാങ്കില്‍ ഇടുന്നതിന്ന് മുമ്പ് ഇളയച്ഛന്മാര്‍ക്ക് അച്ഛന്‍ അറിഞ്ഞു കൊടുത്ത പണം കൂടി അവര്‍ സ്വീകരിച്ചില്ല.

'' ആ പ്രദീപിന്ന് എന്തെങ്കിലും കൊടുക്കണം '' എന്ന് അന്ന് അച്ഛന്‍ പറഞ്ഞു. മടിയോടു കൂടിയാണ് ആ വിവരം അവനോട് പറഞ്ഞത്.

'' എനിക്കൊന്നും വേണ്ടാടാ. നിര്‍ബന്ധം ആണച്ചാല്‍ നമ്മടെ അന്‍വറണ്ണനും സെറ്റിനും ഒരു പാര്‍ട്ടി കൊടുക്ക്. പത്ത് പൈസ വാങ്ങാതെയാണ് അവര് ക്വൊട്ടേഷന്‍ എടുത്ത് നിന്‍റെ ഇളയച്ചന്മാരെ ഒതുക്കിയത് ''. ശെല്‍വന് അത് ഒരു പുതിയ അറിയായിരുന്നു.

'' എന്നിട്ട് ഇളയച്ഛന്മാരെന്താ പോലീസില്‍ കംപ്ലൈന്‍റ് ചെയ്തില്ല '' അവന്‍ ചോദിച്ചു.

'' ജീവനില്‍ കൊതി ഉള്ളതോണ്ടന്നെ '' പ്രദീപ് ചിരിച്ചു.

അന്‍വറും കൂട്ടാളികളും പ്രദീപും സംഘവും ഒന്നിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിയതാണ്. യാത്ര പറഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞു.

'' സാധനങ്ങള്‍ കടത്താന്‍ സഹായിക്കണോ '' പ്രദീപ് ചോദിച്ചു.

'' ഒന്നും വേണ്ടാടാ. അകെക്കൂടി പെങ്ങളുടെ ഒരു കട്ടിലേ ഉള്ളു. പിന്നെ അവളുടെ മേശയും ഒരു ടി.വിയും കുറച്ച് പാത്രങ്ങളും . ഒരു പെട്ടി ഓട്ടോയില്‍ അതൊക്കെ കടത്താം. കുറച്ച് ചട്ടികള്‍ ഉള്ളതും ഞങ്ങള്‍ യൂസ് ചെയ്യുന്ന പായകളും അവിടെ തന്നെ കളയും എന്നാണ് അമ്മ പറഞ്ഞത് ''.

'' ഇനി എന്താ വേണ്ടത്. വല്ലതും ചെയ്യാനുണ്ടോ ''.

'' കുറച്ച് ആഭരണങ്ങള്‍ വാങ്ങാനുണ്ട്. പെങ്ങള് വന്നിട്ടേ ഉണ്ടാവൂ. അന്ന് നീ കൂടെ വരണം ''

'' ഉറപ്പായിട്ടും വരാം. നിനക്ക് എന്ത് വേണമെങ്കിലും ധൈര്യമായിട്ട് എന്നോട് പറഞ്ഞോ. നിന്‍റെ കൂടെ ഞാന്‍ ഉണ്ടാവും '' പ്രദീപ് പറഞ്ഞു.

'' അതല്ലേടാ എന്‍റെ ഒരു സമാധാനം '' ശെല്‍വന്‍ കണ്ണ് തുടച്ചു.

'' നോക്ക്, സമയം മൂന്നായി '' പ്രദീപ് പറഞ്ഞു '' ഞാന്‍ പോയി കുറച്ച് നേരം റെസ്റ്റ് ചെയ്യട്ടെ ''. അവര്‍ പുറപ്പെട്ടു.