Friday, December 21, 2012

നോവല്‍ - അദ്ധ്യായം - 59.


'' ഹല്ലോ '' ഗോപാലകൃഷ്ണന്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടതും എടുത്തു.

'' അങ്കിള്‍ ഇപ്പോള്‍ എവിടെയാണ് '' പ്രദീപിന്‍റെ സ്വരമാണ്.

'' കുതിരാനില്‍. കോഴിക്കോടു നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്നേയും കാത്ത് ഒരു കൂട്ടുകാരന്‍ ഇരിക്കുന്നു. മൂപ്പര്‍ക്ക് മണ്ണൂത്തിയില്‍ നിന്ന് കുറെ ചെടികള്‍ വാങ്ങണം. അതിന് തുണ പോവാനായിട്ട് എന്നെ വിളിക്കാന്‍ വന്നതാണ് '' അയാള്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു '' ചെടികളൊക്കെ വാങ്ങി ഞങ്ങള്‍ കാറില്‍ തിരിച്ചു വരികയാണ്. എന്താ, വിശേഷമൊന്നുമില്ലല്ലോ ''.

'' ഉണ്ട് അങ്കിള്‍ '' പ്രദീപ് നടന്ന സംഭവങ്ങള്‍ വിവരിച്ചു '' എനിക്കെന്തോ ഒരു പിശക് തോന്നുന്നു ''.

ഗോപാലകൃഷ്ണനും പരിഭ്രമമായി. നിസ്സഹായാവസ്ഥയില്‍ മനുഷ്യര്‍ മരണത്തിലേക്ക് എടുത്തുചാടുക പതിവാണ്. അതിനെ സംബന്ധിച്ച വ്യക്തമായ സൂചനകള്‍ അനൂപിന്‍റെ വാക്കുകളിലുണ്ട്. എന്തെങ്കിലും ഉടനെ ചെയ്തേ മതിയാവൂ. അല്‍പ്പം ഉദാസീനത കാണിച്ചാല്‍ ആ കുടുംബം ഇല്ലാതാവും. അതിനുമുമ്പ് അവരെ ചെന്ന് ആശ്വസിപ്പിക്കണം, അവര്‍ക്ക് ആത്മവിശ്വാസം പകരണം. പറ്റുമെങ്കില്‍ ഇന്നുതന്നെ.

'' പ്രദീപേ. ഞാന്‍ എത്തിയതും നമുക്ക് അനൂപിന്‍റെ വീട്ടിലേക്ക് പോണം. വീട്ടില്‍ ചെന്ന് എന്‍റെ ബൈക്ക് എടുക്കാനുള്ള നേരം മാത്രേ വേണ്ടൂ ''.

'' അതു വേണ്ടാ അങ്കിള്‍. ഒട്ടും സമയം കളയണ്ടാ. നമുക്ക് എന്‍റെ ബൈക്കില്‍ പോവാം. ടൌണ്‍ ബസ്സ് സ്റ്റാന്‍ഡിന്‍റെ മുമ്പില്‍ ഞാന്‍ കാത്തു നില്‍ക്കാം ''. ഗോപാലകൃഷ്ണന്‍ സമ്മതിച്ചു.

പ്രദീപ് റഷീദിനെ വിളിച്ചു.

'' എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോവാനുണ്ട്. നമുക്ക് നാളെ കാണാം '' അവന്‍ പറഞ്ഞു. വിവേകിനോട് യാത്രപോലും പറയാതെ അവന്‍ ബൈക്ക് വിട്ടു.

മംഗളം ടവറിലേക്കുള്ള കവാടമൊഴിച്ച് റോഡിന്‍റെ ഒരുവശം മുഴുവന്‍ വഴിവാണിഭക്കാര്‍ കയ്യടക്കിയിട്ടുണ്ട്. ബസ്സുകളും ഓട്ടോറിക്ഷകളും കാറുകളും ബൈക്കുകളും ഇട കലര്‍ന്ന് അണമുറിയാതെ ഒഴുകുകയാണ്. ജോലി കഴിഞ്ഞു മടങ്ങി പോവുന്നവരും ഷോപ്പിങ്ങിന് ഇറങ്ങിയവരും വഴിയാത്രക്കാരുമായി ഏതെല്ലാം തരം ജനങ്ങളാണ് കടന്നു പോകുന്നത്. മറ്റെപ്പോഴെങ്കിലുമാണെങ്കില്‍ നേരം പോവാന്‍ ഇതൊക്കെ നോക്കി നിന്നാല്‍ മതി. പക്ഷെ ഇപ്പോള്‍ ഓരോ സെക്കണ്ടും കടന്നു പോവുന്നത് മനസ്സില്‍ തീ കോരി ചൊരിഞ്ഞു കൊണ്ടാണ്. ഗോപാലകൃഷ്ണനങ്കിള്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തു നില്‍ക്കാതെ പറ്റില്ല. വിവേക്  പറഞ്ഞ വിവരം കേട്ട ഉടനെ തന്നെ അനൂപിന്‍റെ വീട്ടിലേക്ക് പോവാമായിരുന്നു. വെറുതെ അങ്കിളിനെ വിളിക്കാന്‍ തോന്നി.

ഗോപാലകൃഷ്ണന്‍ എത്തുമ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയതും അയാള്‍ ബൈക്കില്‍ കയറി.

'' ഹൈവേ മഹാമോശം. കുണ്ടും കുഴിയും കാരണം വേഗത്തില്‍ പോരാന്‍ പറ്റില്ല. പോരാത്തതിന്  കോട്ട മൈതാനത്ത് എത്തിയപ്പോഴൊരു ബ്ലോക്കും. അതാ ഇത്ര വൈകിയത് '' അയാള്‍ പറഞ്ഞു '' വീടെത്താന്‍ കുറച്ച് വൈകും എന്ന് കാറില്‍നിന്നന്നെ അമ്മിണിയെ വിളിച്ചു പറഞ്ഞു ''

പ്രദീപ് ഒന്നും പറഞ്ഞില്ല. തിരക്കിനിടയിലൂടെ ബൈക്ക് ഊളയിട്ട് പാഞ്ഞു. ടൌണ്‍ ലിമിറ്റ് കഴിഞ്ഞതും വീണ്ടും വേഗത കൂടി. പ്രകാശം തൂവി നില്‍ക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് ചുറ്റും ചെറുപ്രാണികള്‍  നൃത്തം ചെയ്യുന്നുണ്ട്.

'' അങ്കിള്‍, കണ്ണില്‍  പ്രാണി പെടാതെ സൂക്ഷിച്ചോളൂ '' പ്രദീപ് മുന്നറിയിപ്പ് നല്‍കി.

'' അല്ല പ്രദീപേ, എന്തിനാ ആ വിദ്വാന്‍ അനൂപിന്‍റെ വീട്ടില്‍ചെന്ന് വേണ്ടാത്തതൊക്കെ പറഞ്ഞ് അവരെ പേടിപ്പിച്ചത്. ഏഷണി പറയുന്ന തരത്തിലുള്ള ആളാണോ അവന്‍ ''.

'' ഏയ്, അങ്ങിനെയൊന്നുമില്ല. അവനാളൊരു അപ്പാവിയാണ്. പിന്നെ വിവരം പോരാ എന്ന ഒറ്റ കുഴപ്പം മാത്രമേയുള്ളു. ശരിക്കു പറഞ്ഞാല്‍ ഉറുപ്പികയ്ക്ക് തൊണ്ണൂറ് പൈസ ഉള്ള ടൈപ്പ്. എന്‍റൊപ്പം പാരലല്‍ കോളേജില്‍ പഠിച്ചതാ അവന്‍. പഠിക്കാന്‍ തീരെ മോശമായതോണ്ട് കോഴ്സ് മുഴുമിപ്പിച്ചില്ല. കല്യാണം കഴിച്ച് ഒരു കുട്ടിയും ആയി. വീട്ടിലാണെങ്കില്‍ ഒന്നൂല്യാ. കാറുകളില്‍ എല്‍.പി.ജി. കിറ്റ് പിടിപ്പിക്കുന്ന കമ്പിനിയില്‍ കമ്മിഷന്‍ ബേസിസില്‍ പണി ഉണ്ടായിരുന്നു. ശമ്പളമൊന്നും കിട്ടാത്തതോണ്ട് അത് വിട്ടു. ഇപ്പോള്‍ ഞാനൊരു സ്പെയര്‍പാര്‍ട്ട്  കടയില്‍ പണിയാക്കി കൊടുത്തിട്ടുണ്ട്. വലിയ വരുമാനമൊന്നും  ഇല്ല. എങ്കിലും അതുകൊണ്ട് കഷ്ടിച്ചങ്ങിനെ കഴിയുന്നു ''.

'' സാധു ദുഷ്ടന്‍റെ ഫലം ചെയ്യും എന്നു പറയുന്നത് വെറുതെയല്ല ''.

തണുത്ത കാറ്റ് അവരെ തഴുകിക്കൊണ്ടിരുന്നു.


പാല്‍പ്പായസത്തിലേക്ക് കീടനാശിനി ഒഴിക്കുമ്പോള്‍ ഇന്ദിര തേങ്ങി. രമയുടെ മുഖത്ത് നോക്കാനാവുന്നില്ല. ജീവിച്ച് കൊതി തീരാത്ത കുട്ടി. അവളെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നറിയാം. എന്തു ചെയ്യാം. പെണ്‍കുട്ടിയായി പോയില്ലേ. ഈ ലോകത്ത് എങ്ങിനെ അവളെ ഒറ്റയ്ക്കാക്കും. സംരക്ഷിക്കാന്‍  ആളുകള്‍ ഉള്ളപ്പോഴേ പെണ്‍കുട്ടികളുടെ കാര്യം കഷ്ടമാണ്. എന്തൊക്കെ ദ്രോഹങ്ങളാണ് അവര്‍ക്ക് ഈ ലോകത്ത് നേരിടാനുള്ളത്. ചോദിക്കാനും പറയാനും ആളില്ലെങ്കിലത്തെ അവസ്ഥ പറയാനുണ്ടോ.

കീടനാശിനിയുടെ ചൂര് മുറിയിലാകെ പരന്നു. രാമകൃഷ്ണന്‍ കിടന്നയിടത്തു നിന്ന് എഴുന്നേറ്റു.

'' ഒന്നിവിടെ വരൂ '' അയാള്‍ അകത്തേക്കു നോക്കി വിളിച്ചു. ഇന്ദിര അയാളുടെ മുന്നിലെത്തി.

'' എന്താ അവിടെ ചെയ്യുന്ന് ''.

'' പായസം കിണ്ണത്തില്‍ വിളമ്പുന്നു ''.

'' തൃസന്ധ്യ കഴിഞ്ഞിട്ട് കഴിക്കാട്ടോ. പിന്നെ നിലവിളക്കില് നിറച്ച് എണ്ണയൊഴിച്ചു കനം കുറഞ്ഞ തിരിയിട്ട് കത്തിച്ചു വെച്ചോളൂ. മരിച്ചു കഴിഞ്ഞാല്‍ തലയ്ക്കല്‍ വിളക്കു കത്തിച്ചു വെക്കണം. അത് നമുക്കന്നെ ചെയ്യാം. ചത്ത് കിടക്ക്വാണച്ചാലും അതിന്‍റെ ചെതംപോലെ ആവട്ടെ ''.

രാമേട്ടന്‍റെ അവസാനത്തെ മോഹമല്ലേ. അതെങ്കിലും സാധിച്ചോട്ടെയെന്ന് ഇന്ദിര കരുതി. നിലവിളക്കില്‍ എണ്ണയും തിരിയും ഇടാന്‍ അവര്‍ ചെന്നു.

'' ഉമ്മറത്തെ വാതില്‍ ചാരിയിരിക്കുന്നു. ആളും അനക്കവും കേള്‍ക്കാനും ഇല്ല '' ബൈക്കില്‍ 
നിന്നിറങ്ങി പരിസരം വീക്ഷിച്ചതും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

''അങ്കിള്‍ ഉള്ളില് ലൈറ്റ് കാണുന്നുണ്ട്. ചിലപ്പോള്‍ എല്ലാവരും സങ്കടപ്പെട്ട് കിടക്കുന്നുണ്ടാവും '' പ്രദീപ് മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. ആ വെളിച്ചത്തില്‍ ഇരുവരും മുറ്റത്തുകൂടെ നടന്നു.

ബെല്ലടിച്ച് അല്‍പ്പം കഴിഞ്ഞാണ് വാതില്‍ തുറന്നത്. ആഗതരെ കണ്ടതും ഇന്ദിര ഉച്ചത്തില്‍ 
കരഞ്ഞു.

'' എന്താ ഈ കാട്ടുന്നത്. ആരെങ്കിലും കേട്ടാല്‍ പേടിക്ക്വോലോ '' ഗോപാലകൃഷ്ണന്‍ ശാസിച്ചു.

'' ഞങ്ങളുടെ എല്ലാം കഴിഞ്ഞു. ഇനി ഞങ്ങള്‍ ജീവിച്ചിരിക്കിണില്യാ '' കരച്ചില്‍ ഒന്നുകൂടി ശക്തിയായി. വീടിനകത്തേക്ക് കയറിയതും കീടനാശിനിയുടെ കുത്തുന്ന മണം ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു. അയാളൊന്ന് പതറി. ഇവര് വിഷം കഴിച്ചു കഴിഞ്ഞുവോ ?

'' പറ്റിച്ചു അല്ലേ '' അയാള്‍ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.

'' കഴിച്ചിട്ട് എത്ര നേരമായി '' ഉദ്വേഗഭരിതമായിരുന്നു അടുത്ത ചോദ്യം.

'' ഞങ്ങള്....ഞങ്ങള് കഴിക്കാന്‍ പോണേള്ളൂ ''. ചുട്ടു പൊള്ളുന്ന ദേഹത്ത് പനിനീര് വര്‍ഷിച്ചതുപോലെ ആശ്വാസകരമായി ആ മറുപടി.

 '' എന്താ ഇതിന്‍റെ അര്‍ത്ഥം  '' അല്‍പ്പം ദേഷ്യത്തിലാണ് ചോദ്യം '' മനുഷ്യ ജന്മത്തില്  ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരന്തങ്ങളുമൊക്കെ നേരിടാനുണ്ടാവും. അതില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടി ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. വരുന്നതുപോലെ കാണാം എന്ന ധൈര്യത്തില്‍ ഇരിക്കണം ''
.

'' ഞങ്ങള്‍ക്ക് ആകെക്കൂടി ഒരു താങ്ങായിട്ടുള്ളത് ഈ മകനാണ്. അവനും കൂടി പോയാലോ ''.

'' അതിന് നിങ്ങളുടെ മകന്‍ എവിടേക്കും പോയിട്ടില്ലല്ലോ ''.

'' ചികിത്സിച്ച് മാറ്റാന്‍ പറ്റാത്ത സൂക്കടാണ്, ഓപ്പറേഷന്‍ വേണം, പത്തു മുപ്പത് ലക്ഷം ഉറുപ്പിക വേണ്ടി വരും, എന്നിട്ടും ഉറപ്പ് പറയാന്‍ ആവില്ല എന്നൊക്കെ കേട്ടാല്‍ എന്താ ചെയ്യാ. ഞങ്ങള് കൂട്ടിയാല്‍ ഇത്ര വലിയ സംഖ്യ ഉണ്ടാക്കാനാവ്വോ '' വിതുമ്പി കരഞ്ഞുകൊണ്ട് ഇന്ദിര അത്രയും പറഞ്ഞു തീര്‍ത്തു.

'' അങ്ങിനെയുള്ള സമയത്ത് വേണ്ടപ്പെട്ടവര് ഉണ്ടാവും സഹായിക്കാനായിട്ട് ''.

'' ഞങ്ങള്‍ക്ക് ആരൂല്യാ സഹായിക്കാന്‍ ''.

ഗോപാലകൃഷ്ണന്‍ നായര്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപ് എന്നെ എങ്ങിനേയാ വിളിക്കാറ് എന്നറിയ്യോ '' അയാള്‍ ചോദിച്ചു. ഇന്ദിര ആ മുഖത്തേക്കു നോക്കി മിഴിച്ചു നിന്നു.

'' അങ്കിള്‍. അതായത് അമ്മാമന്‍. അപ്പോള്‍ ഇന്ദിര എനിക്കാരാണ്. അനിയത്തി. ഇപ്പോള്‍ മനസ്സിലായോ ''.

'' എന്‍റെ ഏട്ടാ '' എന്ന് വിളിച്ചുംകൊണ്ട് ഇന്ദിര അയാളുടെ കാല്‍ക്കല്‍ വീണു. ഗോപാലകൃഷ്ണന്‍  അവരെ പിടിച്ചെഴുന്നേല്‍പ്പിച്ച് ചേര്‍ത്തു നിര്‍ത്തി.  രാമകൃഷ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.

'' അനൂപിന്‍റെ അമ്മാമനോ ഇന്ദിരയുടെ ആങ്ങളയോ അല്ല നിങ്ങള്. ഈശ്വരനാണ്. സാക്ഷാല്‍ ഈശ്വരന്‍ ''.

'' രാമകൃഷ്ണന്‍ വളരെ കാലം അമ്പലത്തില് പണി ചെയ്തതല്ലേ. എന്‍റെ രൂപത്തിലാണോ അതിനകത്തുള്ള വിഗ്രഹം ''. അല്ലെന്ന് അയാള്‍ തലയാട്ടി.

'' ജന്മംകൊണ്ടല്ലെങ്കിലും സ്നേഹവും അടുപ്പവുംകൊണ്ട് നമ്മളൊക്കെ ബന്ധുക്കളാണ്. എന്നും അതൊക്കെ ഉണ്ടാവും ചെയ്യും ''. രാമകൃഷ്ണന്‍റെ ചുമലില്‍ അയാള്‍ കൈ വെച്ചു. എല്ലാ കണ്ണുകളും ഈറനണിഞ്ഞു. 

'' ഞങ്ങള്  രണ്ടാളുടെ വീട്ടുകാരും ഞങ്ങളെ തിരിഞ്ഞു നോക്കാറില്ല''.

'' വേണ്ടാ, അവര് നോക്കണ്ടാ. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. ഞങ്ങള്‍ എന്നുവെച്ചാല്‍ ഞാനും പ്രദീപും എന്നല്ല അര്‍ത്ഥം. അനൂപിനെ രക്ഷിക്കാന്‍ ഒരുപാട് ആളുകളുണ്ട്. എല്ലാവരും കൂടി ആലോചിച്ച് വേണ്ടതൊക്കെ ചെയ്യും '' അയാള്‍ ഉറപ്പു നല്‍കി '' നിങ്ങള്‍ ഒന്നേ ചെയ്യണ്ടൂ. ദൈവത്തെ പ്രാര്‍ത്ഥിച്ച് സമാധാനമായി അടങ്ങി ഇരിക്കണം. നല്ലതേ വരൂ ''. പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. എല്ലാവരും കണ്ണു തുടച്ചു. കഴിക്കാനായി വിഷം ചേര്‍ത്ത് വിളമ്പി വെച്ച പായസം പ്രദീപ് കൊണ്ടുപോയി പാടത്തേക്ക് കളഞ്ഞു.

'' എന്താ രാത്രീലിക്ക് കഴിക്കാന്‍ . ഞാന്‍ പോയി വല്ലതും വാങ്ങീട്ടു വരണോ '' അവന്‍ ചോദിച്ചു.

'' ഒന്നും വേണ്ടാ. അരിമാവുണ്ട്. ദോശ ചുടാം. കുറച്ച് ചായയും ഉണ്ടാക്കാം '' ഇന്ദിര പറഞ്ഞു.

'' ശരി. ചായ ഉണ്ടാക്കൂ. അത് കുടിച്ചിട്ടേ ഞങ്ങള് പോണുള്ളൂ '' ഗോപാലകൃഷ്ണന്‍ കസേലയിലേക്ക് ചാഞ്ഞു. പ്രദീപ് അനൂപിന്‍റെ കയ്യും പിടിച്ച് കട്ടിലില്‍ ഇരുന്നു.

Monday, December 17, 2012

നോവല്‍ - അദ്ദ്യായം - 58.

പൊടുന്നനെ അനൂപിന്‍റെ വീട് മരണം നടന്ന വീടിന്‍റെ മട്ടിലായി. പ്രതീക്ഷയുടെ ഏക നൈത്തിരി അണയാനൊരുങ്ങുകയാണ്. മുന്നില്‍ കൂരിരുള്‍ മാത്രം. ഇന്ദിരയുടെ മനസ്സ് മകനെക്കുറിച്ചുള്ള ചിന്തകളില്‍ മുഴുകി.

ലാളിച്ചു വളര്‍ത്തിയ മകനാണ്. മുതിര്‍ന്ന ശേഷം അവന്‍റെ മോഹങ്ങള്‍ പലതും സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്ക് കഷ്ടപ്പാടുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതെല്ലാം കണ്ടറിഞ്ഞ് ആവശ്യങ്ങളും  ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കിവെച്ച് അവന്‍ നടന്നു. അവന്‍റെ പ്രായത്തിലുള്ളവര്‍ക്ക് കാണാറുള്ള ദുശ്ശീലങ്ങളോ ആഡംബരങ്ങളോ അവനുണ്ടായിരുന്നില്ല. എന്നിട്ടും പലപ്പോഴും അവനെ ശാസിച്ചിട്ടുണ്ട്. വീട്ടിലെ നിവൃത്തികേടുകൊണ്ടാണ് അതെന്ന് അവനറിയാം.  അതുകൊണ്ടുതന്നെ അവന്‍ ഒരിക്കലും പരിഭവിച്ചിട്ടുമില്ല.

എന്തെല്ലാം സ്വപ്നങ്ങളാണ് മക്കളെക്കുറിച്ചു കണ്ടത്? മകന്‍റേയും മകളുടേയും കല്യാണങ്ങള്‍ നടത്തി രണ്ടാളേയും ഓരോ കരയ്ക്ക് എത്തിക്കാമെന്ന് മോഹിച്ചു. എല്ലാം വെറുതെയായി. ചിലപ്പോള്‍ നല്ലത് അനുഭവിക്കാനുള്ള യോഗമുണ്ടാവില്ല. ഈശ്വരന്‍ പാവപ്പെട്ടവരെ വീണ്ടുംവീണ്ടും പരീക്ഷിക്കുകയാവും.

മകന്‍ നഷ്ടപ്പെടുന്നത് ചിന്തിക്കാനാവുന്നില്ല. ആകെയുള്ള അത്താണിയാണ് അവന്‍. ഒന്നും
സമ്പാദിച്ചു തരാനായിട്ടില്ലെങ്കിലും കണ്ണു നിറയെ കണ്ടുകൊണ്ട് ഇരിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നു. അച്ഛനും അമ്മയും മരിക്കുമ്പോള്‍ ചിതയ്ക്ക് കൊള്ളി വെക്കേണ്ടവനാണ്. അവനെ എന്നെന്നേക്കുമായി വേര്‍പെട്ട് കഴിയാനാവില്ല. അവനോടൊപ്പം എല്ലാവരും ജീവിതം അവസാനിപ്പിച്ചാലോ? മനസ്സില്‍ ആ ചിന്തവന്നതും ഇന്ദിര എഴുന്നേറ്റു

'' രാമേട്ടാ '' അവര്‍ വിളിച്ചു. അയാള്‍ തലയുയര്‍ത്തി നോക്കി.

'' നമ്മുടെ അനുവിന്‍റെ കൂടെ നമുക്കും പോയാലോ '' അവര്‍ പറഞ്ഞു '' അവന്‍ പോയിട്ട് നമ്മള് എന്തിനാ ഇരിക്കുന്നത് ''.

'' അപ്പോള്‍ രമ ''.

'' അവളെ ഒറ്റയ്ക്കാക്കിയിട്ട് പോയാല്‍ പോയ ദിക്കിലും ഗതി കിട്ടില്ല. അവളും പോന്നോട്ടെ ''.

'' എനിക്ക് സന്തോഷേ ഉള്ളു. വയ്യാണ്ടെ കിടക്കുമ്പോള്‍ തോന്നിയതാണ് എന്തെങ്കിലും ചെയ്ത് ജീവിതം അവസാനിപ്പിക്കണമെന്ന്. അന്ന് ശരീരത്തിനും വയ്യ, നിങ്ങളെ ഓര്‍ത്ത് ചെയ്യാനും ആയില്ല. ഇനിയൊരു ദുഃഖം സഹിക്കാന്‍ എനിക്കും വയ്യ ''.

'' കുഞ്ഞാലിടെ പാടത്ത് അടിക്കാന്‍ കൊണ്ടു വന്ന മരുന്ന് കുറ്റി കേടുവന്നതോണ്ട് നമ്മടെ തൊഴുത്തില്‍ വെച്ചിട്ടുണ്ട്. ഇന്നു രാത്രി നമുക്ക് അതങ്ങട്ട് കഴിക്കാം ''.

'' എന്തിനാ അമ്മേ മഹാപാപം ചെയ്യുന്നത്. ഈശ്വരകോപം ഉണ്ടാവില്ലേ '' അനൂപ് ചോദിച്ചു.

'' ഈശ്വരന്‍ വെച്ചിരിക്കുന്നു. അത്ര നല്ല ഈശ്വരനാണെങ്കില്‍ നമുക്ക് ദുഃഖങ്ങള്‍ മാത്രം തര്വോ ''.

'' എന്‍റെ രമടെ കാര്യം ആലോചിക്കുമ്പോള്‍ ''.

'' അതിന് അവളെ വിട്ടിട്ട് പോണില്ലല്ലോ '' ഇന്ദിര പറഞ്ഞു '' രാത്രിക്ക് പാല്‍പ്പായസം ഉണ്ടാക്കി അതില് മരുന്നൊഴിച്ച് നമ്മള് കഴിക്കും. കയ്പ്പ് തോന്നി ഛര്‍ദ്ദിച്ചിട്ട് ആരെങ്കിലും ബാക്കി വരണ്ടാ ''.

******************************


കടയിലെത്തി കഴിഞ്ഞിട്ടും വിവേകിന്‍റെ വിഷമം മാറിയില്ല. അനൂപിന്‍റെ അച്ഛന്‍റേയും അമ്മയുടേയും കരച്ചില്‍ മനസ്സിനെ ആകെ ഉലച്ചിരിക്കുന്നു. വെറുതെ അവരോട് കേട്ട വിവരങ്ങള്‍ പറയാന്‍ പോയി. അതുകൊണ്ട് അവരുടെ സങ്കടം കാണേണ്ടി വന്നു. ഒരു കണക്കിനു നോക്കിയാല്‍ പറഞ്ഞത് നന്നായി. എപ്പോഴായാലും അവര്‍ അതറിയും. നേരത്തെ ആയി എന്നല്ലേയുള്ളു.

ഓപ്പറേഷനുള്ള കാശൊക്കെ എങ്ങിനെയെങ്കിലും ഉണ്ടാക്കി എന്നുതന്നെ വെക്കുക. അതുകൊണ്ടു മാത്രം ആയില്ലല്ലോ. അവനു പറ്റിയൊരു കരള്‍ കിട്ടണ്ടേ. അതില്ലാതെ പണമുണ്ടായിട്ട് എന്താ കാര്യം.

കൂടെയുള്ള കൂട്ടുകാര്‍ക്കൊക്കെ സ്വന്തമായി വല്ലതുമൊക്കെയുണ്ട്. അനൂപിന് എന്തെങ്കിലും കൊടുക്കാന്‍ 
അവര്‍ക്കൊക്കെ കഴിയും. ഒന്നുമില്ലാത്ത ഒരേയൊരാള്‍ താന്‍ മാത്രമേയുള്ളു. അവന്‍റെ ഈ അവസ്ഥയില്‍ എന്തെങ്കിലും കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൂട്ടുകാരനെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. എന്തു ചെയ്യാന്‍ കഴിയുമെന്ന് അവന്‍ തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്ന് ഒരു ആശയം തോന്നി. അവന്‍ മൊബൈലില്‍ അനൂപിനെ വിളിച്ചു.

'' നോക്കെടാ അനൂപേ. കരള് കിട്ടില്ലാന്ന് വിചാരിച്ച് നീ ബേജാറാവണ്ടാ '' അവന്‍ പറഞ്ഞു '' എന്‍റെ കരള് ഞാന്‍ നിനക്കു തരാം. വേണച്ചാല്‍ നീ അത് മുഴുവനും എടുത്തോ ''.

മറുഭാഗത്തു നിന്ന് മറുപടി ഉണ്ടായില്ല. വിവേക് അല്‍പ്പനേരം കാത്തു.

'' എന്താടാ നീ ഒന്നും മിണ്ടാത്തത്. നിനക്കറിയില്ലേ, എന്‍റേല് ഒന്നും ഇല്ലാന്ന്. ഉള്ളത് സന്തോഷായിട്ട് തര്വാണ്. നീ എടുത്തോടാ ''.

ഇത്തവണ അനൂപിന്‍റെ തേങ്ങല്‍ കേട്ടു.

'' നീ കരയണ്ടെടാ. ഒക്കെ ശരിയാവും '' വിവേക് ആശ്വാസം പകര്‍ന്നു.

'' ഒന്നും വേണ്ടാ വിവേകേ '' അനൂപിന്‍റെ സ്വരം അവന്‍ കേട്ടു '' എനിക്ക് ഇത്രയേ ആയസ്സുള്ളൂന്ന് വിചാരിച്ചാല്‍ മതി. മരണം എത്തുന്നത് കാത്തിരിക്കണ്ടാ എന്നാ അമ്മ പറയുന്നത്. അതിനു മുമ്പ്   ഞങ്ങള് സ്ഥലം വിടും ''.

ആ പറഞ്ഞതിന്‍റെ പൊരുള്‍ വിവേകിന്ന് മനസ്സിലായില്ല. അപ്പുറത്ത് ഫോണ്‍ കട്ടായി.

************************

തണല്‍ മരത്തിന്‍റെ ചുവട്ടില്‍ ബൈക്ക് നിര്‍ത്തി റഷീദ് ആസ്പത്രിയിലേക്ക് നടന്നു. നേരം നാലുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും രണ്ടു മൂന്ന് ഡോക്ടര്‍മാരെ കാണാനുണ്ട്. അതു കഴിഞ്ഞതും വീട്ടിലേക്ക് ചെല്ലണം. തൊട്ടടുത്ത വീട്ടില്‍ നാളെ ഒരു നിക്കാഹുണ്ട്. വൈകീട്ട് അവിടെ ഉണ്ടായേ പറ്റു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ വിനോദ് ആരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് അവന്‍ കണ്ടു.  വേറൊരു കമ്പിനിയുടെ റെപ്രസന്‍റേറ്റീവ് ആണ് വിനോദ്. റഷീദ് മെല്ലെ അവന്‍റെ അടുത്തേക്ക് നടന്നു. മുഖവും തലയുമാകെ പൊതിഞ്ഞു കെട്ടി ഒരാള്‍ ബെഞ്ചില്‍ ചാരി കിടക്കുന്നുണ്ട്. കണ്ണുകളും മൂക്കും വായയും മാത്രമേ കാണാനുള്ളു. അയാളോടൊപ്പമുള്ള സ്ത്രീയോടാണ് വിനോദ് സംസാരിക്കുന്നത്.

'' ആക്സിഡന്‍റ് പറ്റിയതാണോ '' റഷീദ് സംശയം ചോദിച്ചു. വിനോദ് ഉറക്കെ ചിരിച്ചു.

'' നമ്മുടെ ---- ഡോക്ടര്‍ പല്ലു വലിച്ച വിശേഷമാണ് ഈ കാണുന്നത് '' അയാള്‍ പറഞ്ഞു '' കണ്ടില്ലേ മുഖം മുഴുവന്‍ നീരു വന്നിട്ടുണ്ട് ''.

റഷീദിനും ചിരിക്കാതിരിക്കാനായില്ല. ആ ഡോക്ടര്‍ പരിചയക്കാരനാണ്. പഠിപ്പു കഴിഞ്ഞു വന്ന
ശേഷം സ്വന്തമായി ക്ലിനിക്ക് തുടങ്ങിയതാണ്. നിങ്ങളുടെ സഹായമൊക്കെ എപ്പോഴും ഉണ്ടാവണമെന്ന്ക്ലിനിക്ക് തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ക്ലിനിക്കിന്‍റെ ബോര്‍ഡ് വെക്കാനും നോട്ടീസ് വിതരണം ചെയ്യാനും ഉത്ഘാടനത്തിനുമൊക്കെ സഹകരിച്ചിരുന്നു. തുടക്കത്തില്‍ ഡോക്ടര്‍ ഡൈക്ലോഫിനാക് വിത്ത് പാരസെറ്റാമോള്‍ പ്രമോട്ട് ചെയ്ത് സഹായിച്ചിരുന്നതാണ്. സ്റ്റോക്കിങ്ങ് ഡോക്ടര്‍ ആയതിനാല്‍ കമ്പിനി ഇരുപത് ശതമാനം ഓഫറും നല്‍കിയിരുന്നു. രണ്ടുമാസം തികയും മുമ്പ് അമ്പതു ശതമാനം ഓഫര്‍ ആവശ്യപ്പെട്ടു. അതു കൊടുക്കാനാവാത്തതോടെ സഹായം നിന്നു. മുമ്പ് ക്രെഡിറ്റില്‍ കൊടുത്ത മരുന്നിന്‍റെ പണം കിട്ടാന്‍ ഒരുപാട് നടക്കേണ്ടി വന്നു. ഒടുവില്‍ മുഖം നോക്കാതെ കാര്യം പറഞ്ഞിട്ടാണ് തുക ലഭിച്ചത്.

 '' അതിവെളവന് ഇങ്ങിനെത്തന്നെ പറ്റണം '' റഷീദ് മനസ്സില്‍ കരുതി '' നാട്ടിന്‍പുറത്തെ ക്ലിനിക്കാണ്. ഈ വിവരം കേട്ടാല്‍ ഒരു മനുഷ്യന്‍ അവിടെ കയറില്ല ''. പെട്ടെന്ന് മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ പ്രദീപ്.

'' എന്താടാ എപ്പൊ നോക്കിയാലും നിന്‍റെ മൊബൈല്‍ സ്വിച്ചോഫാണല്ലോ '' അവന്‍ പരിഭവിച്ചു.

'' എന്‍റെ മൊബൈല് മഴകൊണ്ടു നനഞ്ഞു. രാവിലെ ക്ലീന്‍ ചെയ്യാന്‍ കൊടുത്തതാ ''.

'' നമ്മുടെ അനൂപിന്‍റെ കാര്യം പറയാന്‍ വിളിച്ചതാണ്. അവന്‍റെ കാര്യം കുറച്ച് പരുങ്ങലിലാണ് '' പ്രദീപ് അറിഞ്ഞതെല്ലാം റഷീദിനോട് പറഞ്ഞു.

'' എന്താടാ നമ്മള് ചെയ്യാ '' റഷീദിന്‍റെ സ്വരം ഇടറി.

'' നീ വിവേകിന്‍റെ കടയിലേക്ക് വാ. അവിടെ വെച്ച് സംസാരിക്കാം ''.

ഇവിടുത്തെ ഗൈനക്കോളൊജിസ്റ്റിന്ന് നല്‍കാനുള്ള ഒരു ഗിഫ്റ്റ് കയ്യിലിരിപ്പുണ്ട്. അത് കൊടുത്തതും പ്രദീപിന്‍റെ അടുത്തെത്തണം. എന്നിട്ടു മതി കല്യാണ വീട്ടില്‍ ചെല്ലുന്നത്.

'' ഒരേ ഒരു ഡോക്ടറെ കണ്ടതും ഞാനെത്താം '' റഷീദ് സമ്മതിച്ചു.
*******************

പ്രദീപ് ബൈക്ക് നിര്‍ത്തി വിവേകിന്‍റെ കടയിലേക്ക് കയറി.

'' നാളെ ഞങ്ങള്‍ അനൂപിന്‍റെ വീട്ടിലേക്ക് പോണുണ്ട്. നീയും വന്നോ '' അവന്‍ പറഞ്ഞു '' അപ്പോള്‍ കടം വാങ്ങിയ പൈസ നിനക്ക് കൊടുക്കും ചെയ്യാം ''.

'' ഞാന്‍ ഉച്ചയ്ക്കന്നെ അവന്‍റെ വീട്ടില്‍ പോയി പൈസ കൊടുത്തല്ലോ ''.

'' എന്നിട്ട് നീ വല്ലതും പറഞ്ഞ്വോ ''.

'' നീ എന്‍റടുത്ത് പറഞ്ഞതൊക്കെ ഞാന്‍ അവനോട് പറഞ്ഞു '' വിവേക് തുടര്‍ന്നു '' വേണ്ടിയിരുന്നില്ല എന്നായി എനിക്ക്. അച്ഛനും അമ്മയും അവനും കൂടി എന്താ ഒരു കരച്ചില് ''.
പ്രദീപിന്ന് സഹിക്കാനായില്ല.

'' മുഖമടച്ച് ഞാന്‍ ഒന്ന് തന്നാല്‍ നിന്‍റെ പൊങ്ങി നില്‍ക്കുന്ന നാല് പല്ലും നിലത്ത് കിടക്കും '' അവന് അലറി '' നിന്നോടാരാ ഇതൊക്കെ അവിടെ ചെന്നു പറയാന്‍ ഏല്‍പ്പിച്ചത് ''.

'' ആരും പറഞ്ഞിട്ടല്ലാടാ. കേട്ടത് പറഞ്ഞൂന്നേ ഉള്ളു. പിന്നെ ഇവിടെ വന്ന ശേഷം ഞാന്‍ അവനെ ഫോണില്‍ വിളിച്ചു ''.

'' എന്തിന് ''.

'' കരള് കിട്ടാതെ അവന്‍റെ കാര്യത്തിന് ബുദ്ധിമുട്ട് വരില്ല. എന്‍റെ കരള് കൊടുക്കാന്ന്  ഞാന്‍ അവനോട് പറഞ്ഞു ''.

പ്രദീപിന്ന് ദേഷ്യത്തോടൊപ്പം ചിരിയും വന്നു.

'' എന്നിട്ട് അവനെന്താ പറഞ്ഞത് ''.

'' മരിക്കുന്നതുവരെ കാത്തിരിക്കണ്ടാ എന്ന് അവന്‍റെ അമ്മ പറഞ്ഞൂന്നാ അവന്‍ എന്നോട് പറഞ്ഞത്. അതിനു മുമ്പ് അവരെല്ലാവരും കൂടി സ്ഥലം വിട്വോത്രേ '' ഒന്നു നിര്‍ത്തി വിവേക് ഗൌരവത്തില്‍ ഇത്രയും കൂടി ചേര്‍ത്തി '' എവിടെ പോയിട്ടെന്താ കാര്യം. മരണം വരുന്നത് വര്വേന്നെ ചെയ്യും. അത് തടയാന്‍ പറ്റില്ല. ശരി അല്ലേടാ ഞാന്‍ പറഞ്ഞത് ''. അവസാന ഭാഗം പ്രദീപ് കേട്ടതേയില്ല. അനൂപ് പറഞ്ഞതിന്‍റെ പൊരുള്‍ അവന് മനസ്സിലായി.

'' അങ്കിള്‍ ''മൊബൈല്‍ എടുത്ത് അവന്‍ ഗോപാലകൃഷ്ണന്‍ നായരെ വിളിച്ചു.

Wednesday, December 12, 2012

നോവല്‍ - അദ്ധ്യായം - 57.


'' നിങ്ങള്‍ പേഷ്യന്‍റിന്‍റെ ആരാ '' പരിശോധന ഫലങ്ങള്‍ സശ്രദ്ധം നോക്കിയശേഷം ഡോക്ടര്‍ ചോദിച്ചു. ഒരു നിമിഷം എന്താണ് മറുപടി പറയേണ്ടതെന്ന് ഗോപാലകൃഷ്ണന്‍ ആലോചിച്ചു. പെട്ടെന്ന് ഉത്തരം കണ്ടെത്തുകയും ചെയ്തു.

'' അങ്കിള്‍ '' അയാള്‍ പറഞ്ഞു. അനൂപ് അങ്ങിനെയാണല്ലോ വിളിക്കാറ്.

'' നോക്കൂ, ലിവര്‍ ആകെ ഡാമേജായി കഴിഞ്ഞിരിക്കുന്നു '' ഡോക്ടര്‍ പറഞ്ഞു '' പേഷ്യന്‍റിന്‍റെ ക്ഷീണം, തളര്‍ച്ച, രുചിയില്ലായ്മ, ശരീരത്തിലെ മഞ്ഞ നിറം എന്നിവയൊക്കെ കണ്ടപ്പോഴേ എനിക്ക് ലിവറിന്‍റെ പ്രോബ്ലമാണെന്ന് തോന്നിയിരുന്നു. പക്ഷെ ഇത്രത്തോളം ക്രിട്ടിക്കല്‍ ആണെന്ന് വിചാരിച്ചില്ല '' .

കരളിന്‍റെ ഘടനയും പ്രവര്‍ത്തനവും ലിവര്‍ സിറോസിസ് വന്നാല്‍ ഉണ്ടാവുന്ന വ്യതിയാനവും ഡോക്ടര്‍  വിവരിക്കുന്നത് ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഗോപാലകൃഷ്ണന്‍ കേട്ടിരുന്നു.

'' ഐ ഹോപ് യു അണ്ടര്‍സ്റ്റാന്‍ഡ് വാട്ട് ഐ സേ ''. മനസ്സിലായ മട്ടില്‍ ഗോപാലകൃഷ്ണന്‍ തലയാട്ടി.

'' എന്താ സാര്‍ ഇനി വേണ്ടത് '' അയാള്‍ ചോദിച്ചു.

'' അതുതന്നെയാണ് പറയാന്‍ പോകുന്നത്. മരുന്നു കൊണ്ടൊന്നും പേഷ്യന്‍റ് ഇനി രക്ഷപ്പെടില്ല. ആ സ്റ്റേജൊക്കെ കഴിഞ്ഞു ''.

'' എന്നു വെച്ചാല്‍ ''.

'' സത്യം പറഞ്ഞാല്‍ രോഗി മരണത്തിലേക്ക് നീങ്ങുകയാണ്. കൂടി വന്നാല്‍ ഇനി ഏതാനും ആഴ്ചകള്‍. അത്രയേ ഉള്ളു ''.

ഗോപാലകൃഷ്ണന്‍റെ ഉള്ളൊന്ന് നടുങ്ങി. അനൂപിന്‍റെ ജീവിതത്തിന്ന് തിരശീല വീഴാറായി എന്ന ദുഃഖ സത്യം അയാളെ തളര്‍ത്തി. അയാള്‍ തല കുനിച്ചിരുന്നു. അനൂപിന്‍റെ ശബ്ദ സൌകുമാര്യമോ, സ്വഭാവ  ഗുണമോ, സൌമ്യമായ പെരുമാറ്റമോ, നിഷ്ക്കളങ്കതയോ ഒന്നുമല്ല, മറിച്ച് അവനെ മാത്രം ആസ്പദിച്ചു കഴിയുന്ന പാവപ്പെട്ട കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്ക്ണ്ഠയായിരുന്നു മനസ്സ് മുഴുവന്‍ .

'' ഇനിയെന്താ ഉദ്ദേശം '' അല്‍പ്പനേരത്തിന്നു ശേഷം ഡോക്ടര്‍ ചോദിച്ചു.

'' ഏതെങ്കിലും വലിയ ഹോസ്പിറ്റലില്‍ കൊണ്ടുപോയാലോ ''.

'' അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാവില്ല. ഇവിടെ കിട്ടുന്നതില്‍ കൂടുതലൊന്നും മറ്റെവിടെ പോയാലും കിട്ടാനില്ല ''.

'' അപ്പോള്‍ അനൂപ് രക്ഷപ്പെടില്ലെന്നാണോ ''.

'' എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. മരുന്നുകൊണ്ട് പ്രയോജനമില്ലന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. വേറേയും മാര്‍ഗ്ഗമുണ്ട്. ലിവര്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ നടത്താമല്ലോ ''.

'' സാര്‍, അതിന്‍റെ സക്സസ് '' ഗോപാലകൃഷ്ണന് അറിയാന്‍ ധൃതിയായി.

'' സെവന്‍റി ടു എയ്റ്റി പെര്‍സന്‍റ്. ഓര്‍ ഈവന്‍ മോര്‍ '' ഡോക്ടര്‍ പറഞ്ഞു '' ഹാര്‍ട്ടും കിഡ്നിയും ഒക്കെ ട്രാന്‍സ്പ്ലാന്‍റ് ചെയ്യാറില്ലേ. അത്ര റിസ്ക്കില്ല. എന്നാലും പ്രശ്നങ്ങള്‍ ഒരുപാടുണ്ട് ''.

'' എന്താ സാര്‍, അത് ''.

'' ഒന്നാമത് പണം. ഓപ്പറേഷനുതന്നെ വലിയൊരു തുക വരും. അത് കഴിഞ്ഞാലും ചുരുങ്ങിയത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടി വരും. പത്തു മുപ്പത്ത് ലക്ഷം രൂപ വേണ്ടി വന്നേക്കും ''.

ഭീമമായ സംഖ്യയാണത്. അനൂപിന്‍റെ കുടുംബത്തിന് അത് വഹിക്കാനാവില്ല. മറ്റെന്തെങ്കിലും വഴി കാണണം. അവനെ മരണത്തിന് വിട്ടു കൊടുത്തു കൂടാ.

 '' പണം എങ്ങിനെയെങ്കിലും സ്വരൂപിക്കാം എന്നു വെക്കുക. പിന്നെ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ ''.

'' ഇല്ല എന്നു പറയാനാവില്ല. രോഗിക്ക് അനുയോജ്യമായ ലിവര്‍ നല്‍കാന്‍ തയ്യാറുള്ള ആരേയെങ്കിലും കണ്ടെത്തണം. രക്തബന്ധത്തിലുള്ളവരായാല്‍ വളരെ നന്ന്. നിയമപരമായ നൂലാമാലകളൊന്നും പിന്നെ ഉണ്ടാവില്ല ''.

'' ലിവര്‍ ഡോണേറ്റ് ചെയ്യുന്ന ആള്‍ക്ക് പ്രശ്നമെന്തെങ്കിലും ''.

'' സാധാരണ ഗതിയില്‍ ഒന്നുമില്ല. വളരെ പെട്ടെന്നു തന്നെ ലിവര്‍ പഴയ സ്ഥിതിയിലാവും ''.

'' സര്‍ജറി എപ്പോഴാണ് സാര്‍, നടത്തേണ്ടി വരിക ''.

'' ഏര്‍ളിയര്‍ ദി ബെറ്റര്‍ ''. നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. റിപ്പോര്‍ട്ടുകളെല്ലാം സൂക്ഷിച്ച കവര്‍ ഡോക്ടര്‍ നീട്ടി. ഗോപാലകൃഷ്ണന്‍ യാന്ത്രികമായി അതേറ്റു വാങ്ങി.

'' ശരി സാര്‍, ഞാന്‍ താമസിയാതെ വരാം ''. അയാള്‍ എഴുന്നേറ്റു. ആകെ അസ്വസ്ഥമായ മനസ്സോടെയാണ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയത്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ ഉള്ള വിഷമം പങ്കുവെക്കാനായേനെ. സുകുമാരന്‍ വരാനൊരുങ്ങിയതാണ്. റിപ്പോര്‍ട്ടുകള്‍ കാണിച്ച് വിവരം അന്വേഷിക്കുകയല്ലേ വേണ്ടൂ എന്നു പറഞ്ഞ് ഒറ്റയ്ക്ക് പോന്നു. ഒരുകണക്കില്‍ അത് നന്നായി. എന്തെങ്കിലും കേട്ടാല്‍ പരിഭ്രമിക്കുന്ന ആളാണ് അയാള്‍. എല്ലാ കാര്യങ്ങളും ഒരുവിധം ശരിപ്പെടുത്തിയ ശേഷമേ അനൂപിന്‍റെ വീട്ടുകാരെ അറിയിക്കാവൂ. ഇല്ലെങ്കില്‍ അവര്‍ ആകെ തകര്‍ന്നു പോവും.

ട്രെയിന്‍ ഫറോക്ക് കടന്നതും മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ പ്രദീപാണ്. മിടുക്കനാണ് അവന്‍. കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാനും വേണ്ടതുപോലെ ചെയ്യാനും കഴിവുള്ളവന്‍. പലതരം ടെസ്റ്റുകളും ബയോപ്സിയും ചെയ്യിക്കാന്‍ ചെന്നപ്പോഴൊക്കെ അനൂപിനോടൊപ്പം അവനുണ്ടായിരുന്നു.

'' ഹല്ലോ '' അയാള്‍ ഫോണെടുത്തു.

'' അങ്കിള്‍, ഡോക്ടറെന്താ പറഞ്ഞത് ''. രോഗവിവരം ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

'' ഞാന്‍ വന്നിട്ട് ബാക്കി പറയാം. നമുക്ക് ആലോചിച്ച് ചിലതൊക്കെ ചെയ്യാനുണ്ട്. അതിനു മുമ്പ് ഈ വിവരം അനൂപിന്‍റെ വീട്ടില്‍ അറിയിക്കരുത് '' ഫോണ്‍ കട്ട് ചെയ്തു.

'' ആരോടാ നീ ഇത്ര കാര്യായിട്ട് സംസാരിച്ചത് '' വിവേക് പ്രദീപിനോട് ചോദിച്ചു. അവന്‍ പണി ചെയ്യുന്ന കടയിലിരുന്നാണ് പ്രദീപ് ഫോണ്‍ ചെയ്തത്. കേട്ട വിവരങ്ങള്‍ അവന്‍ കൈമാറി.

'' നോക്കെടാ ഞാന്‍ അവന്‍റേന്ന് അഞ്ഞൂറ് ഉറുപ്പിക കടം വാങ്ങിയിട്ടുണ്ട്. ഇനി എന്താ ഞാന്‍ ചെയ്യാ '' കരയുന്ന മട്ടിലാണ് വിവേക് അത് പറഞ്ഞത്.

പ്രദീപിന്ന് ദേഷ്യമാണ് തോന്നിയത്. ഒരുത്തന്‍ മരിക്കാറായി കിടക്കുന്നു. അതിനിടയിലാണ് ഇവന്‍റെ  അഞ്ഞൂറ് ഉറുപ്പിക.

'' നീ അത് കൊണ്ടുപോയി പുഴുങ്ങി തിന്നോ '' പ്രദീപ് ദേഷ്യപ്പെട്ട് ഇറങ്ങി.

 നട്ടുച്ച നേരത്ത് വിയര്‍ത്തു കുളിച്ചാണ് വിവേക് അനൂപിന്‍റെ വീട്ടിലെത്തിയത്. അനൂപിന്‍റെ അടുത്ത് എത്തിയതും അവന്‍ കയ്യില്‍ കരുതിയ അഞ്ഞൂറിന്‍റെ നോട്ടെടുത്തു നീട്ടി. '' നിനക്ക് തരാനുള്ളതാണ് '' അവന്‍ പറഞ്ഞു '' എന്നാലും നിനക്കിങ്ങിനെ വന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് വരുന്ന സങ്കടം പറയാന്‍ പറ്റില്ല '' അവന്‍ വിങ്ങിക്കരഞ്ഞു.

'' എന്താ കുട്ടീ ഇത്. മനുഷ്യരായാല്‍ സൂക്കട് വരും. കുറച്ചു കഴിഞ്ഞാല്‍ അത് മാറും '' ഇന്ദിര പറഞ്ഞു   '' അതിന് ആരെങ്കിലും ഇങ്ങിനെ കരയാറുണ്ടോ ''.

'' ഇത് അങ്ങിനെയല്ലല്ലൊ അനൂപിന്‍റെ അമ്മേ '' അവന്‍ അറിഞ്ഞ വിവരങ്ങള്‍ അവതരിപ്പിച്ചു. ഇന്ദിരയും രാമകൃഷ്ണനും നെഞ്ചിടിപ്പോടെയാണ് അതെല്ലാം കേട്ടത്. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

'' കുട്ടി പറഞ്ഞത് ശരി തന്ന്യാണോ '' ഇന്ദിര വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

'' ദൈവത്താണെ സത്യം. ഡോക്ടറെ റിസള്‍ട്ട് കാണിക്കാന്‍ ചെന്ന ഗോപാലകൃഷ്ണനങ്കിള്‍ പ്രദീപിനോട് പറഞ്ഞിട്ട് ഞാന്‍ അറിഞ്ഞതാ ''.

'' എന്‍റെ മകനേ '' ഇന്ദിര അനൂപിന്‍റെ ദേഹത്തേക്ക് വീണു. അവരുടേയും രാമകൃഷ്ണന്‍റേയും കരച്ചില്‍  ഉയര്‍ന്നു. അനൂപ് അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പാന്‍ തുടങ്ങി. കണ്ണു തുടച്ചുകൊണ്ട് 
വിവേക് ഇറങ്ങി നടന്നു.

Sunday, December 2, 2012

നോവല്‍ - അദ്ധ്യായം - 56.


മേനോനും ഗോപാലകൃഷ്ണന്‍ നായരും ബൈക്കില്‍ നിന്നിറങ്ങി. വണ്ടി സ്റ്റാന്‍ഡിലിടുമ്പോഴേക്ക് പ്രദീപും റഷീദും അവര്‍ക്കരികിലെത്തി. അനൂപിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ ആഗതര്‍ക്ക് കൈമാറി.

'' രണ്ടാഴ്ച പനിയായിരുന്നിട്ടും ഡോക്ടറെ കാണിച്ചില്ലെന്നോ '' മേനോന്‍ അത്ഭുതപ്പെട്ടു.

'' അങ്കിള്‍, അതുതന്നെയാണ് എനിക്കും പറയാനുള്ളത് '' പ്രദീപ് പറഞ്ഞു '' ആരെങ്കിലും ഇമ്മാതിരി വിഡ്ഢിത്തം ചെയ്യോ. ആ ആന്‍റിക്ക് അറിയാഞ്ഞിട്ടാണ് എന്നു പറഞ്ഞാല്‍  നമുക്കത് മനസ്സിലാക്കാം. പക്ഷെ അനൂപിന് അവന്‍റെ അസുഖത്തെക്കുറിച്ച് ബോധം വേണ്ടേ. മരുന്നൊന്നും കഴിക്കാതെ ചരടു ജപിച്ചതും കെട്ടി മൂടി പുതച്ചു കിടന്നാല്‍ മതിയോ ''.

'' അനൂപിനെ കുറ്റപ്പെടുത്താന്‍ നമുക്കാവില്ല. അവന്‍റെ അമ്മ പറയുന്നതിനപ്പുറം മറ്റൊന്നും അവനില്ല. അങ്ങിനെയാണ് അവന്‍ വളര്‍ന്നത് '' ഗോപാലകൃഷ്ണന്‍ അനൂപിനെ ന്യായീകരിച്ചു.

'' എന്നിട്ട് എന്തു തീരുമാനിച്ചു '' മേനോന്‍ അന്വേഷിച്ചു.

'' നാളെ ഞാനും റഷീദും കൂടി അവനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവും ''.

'' അതു നന്നായി. പഴയ കാലമൊന്നുമല്ല ഇപ്പോഴത്തേത് '' മേനോന്‍ പറഞ്ഞു '' എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങി നൂറ്റെട്ടു കൂട്ടം പനികളുണ്ട്. ശ്രദ്ധിക്കണം ''.

'' ഞങ്ങള്‍ ഡോക്ടറോട് വിശദമായി ചോദിച്ചറിയാം ''.

'' ബ്ലഡ് ടെസ്റ്റോ വല്ലതും വേണച്ചാല്‍ ചെയ്യിക്കണം ''.

'' തീര്‍ച്ചയായും ചെയ്യാം ''.

'' തല്‍ക്കാലത്തെ ആവശ്യത്തിന്ന് കുറച്ചു പണം വെച്ചോളൂ '' മേനോന്‍ പേഴ്സേടുത്തു. ആയിരത്തിന്‍റെ അഞ്ചു നോട്ടുകള്‍ പ്രദീപിന്നു നേരെ നീട്ടി. അവന്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഗോപാലകൃഷ്ണന്‍ കൂടി നിര്‍ബന്ധിച്ചതോടെ അതു വാങ്ങി.

'' വിവരം ഞങ്ങളെ വിളിച്ചറിയിക്കണം ''. രണ്ടുപേരുടേയും മൊബൈല്‍ നമ്പറുകള്‍ പ്രദീപ് സ്വന്തം മൊബൈലില്‍ സേവ് ചെയ്തു, അവന്‍റെ നമ്പര്‍ അവര്‍ക്കും നല്‍കി.

'' എന്നാല്‍ ഞങ്ങള്‍ പോട്ടെ '' പ്രദീപ് യാത്ര പറഞ്ഞു. അവരുടെ ബൈക്ക് ഇടവഴിയിലൂടെ ഓടി മറഞ്ഞു.  ഗോപാലകൃഷ്ണനും മേനോനും കയറിച്ചെല്ലുന്നതും നോക്കി ഉമ്മറത്ത് സന്തോഷം കൊണ്ട് വിടര്‍ന്ന മുഖങ്ങളുമായി അനൂപും ഇന്ദിരയും രാമകൃഷ്ണനും നില്‍പ്പുണ്ടായിരുന്നു.

'' താന്‍ പനിക്കാന്‍ കിടക്ക്വാണ് എന്നാണല്ലോ പറഞ്ഞുകേട്ടത്. പിന്നെന്താ ഉമ്മറത്ത് വന്ന് നില്‍ക്കുന്നത് '' ഗോപാലകൃഷ്ണന്‍ ചോദിച്ചു.

'' ഇത്ര നേരം അവന്‍ കിടക്ക്വേന്നെ ആയിരുന്നു '' ഇന്ദിര പറഞ്ഞു '' നിങ്ങള് രണ്ടാളും വന്നൂന്ന് ഞാന്‍ ചെന്നു പറഞ്ഞപ്പോള്‍ എണീറ്റ് വര്വേ ഉണ്ടായത് ''.

രോഗ വിവരങ്ങള്‍ ഇന്ദിര വിസ്തരിച്ചു. '' ഇത്ര പേടിക്കാനൊന്നൂല്യാ. നാലു ദിവസം കഴിഞ്ഞാല്‍ മാറണ്ട സൂക്കടേ ഉള്ളു. എന്നാലും ഡോക്ടറെ കാണിക്കണം എന്ന് ഇപ്പൊ വന്ന കുട്ടികള് പറയുണൂ. അവര്‍ക്ക് അങ്ങിനെ വേണംന്ന് ഉണ്ടച്ചാല്‍ കൊണ്ടുപോയി കാട്ടിക്കോട്ടേ എന്ന് ഞാനും വിചാരിച്ചു ''.

ഗോപാലകൃഷ്ണന്‍ അനൂപിന്‍റെ അടുത്തു ചെന്ന് ദേഹത്ത് കൈ വെച്ചു. വലിയ ചൂട് തോന്നുന്നില്ല. ദേഹത്ത് മഞ്ഞ നിറം ഉണ്ടോ എന്നൊരു സംശയം. അയാള്‍ അത് പറയുകയും ചെയ്തു.

'' അങ്ങിനെ വരാന്‍ വഴീല്യ. കഴിഞ്ഞതിന്‍റെ മുമ്പത്തെ കൊല്ലം അവന് കാമാല വന്നതെ ഉള്ളൂ. ഇന്നലെ കൊടുങ്ങല്ലൂര് പോണ തമ്പാട്ടിയെ വിളിച്ച് മഞ്ഞപ്പൊടി ഇടീച്ചതിന്‍റേയാ. പനിച്ചു പനിച്ചിരുന്ന് അമ്മ തലോട്വോ മറ്റോ ഉണ്ടാവാതെ കഴിക്കണ്ടേ ''.

'' അങ്കിള്‍, അമ്മമ്മയ്ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട് '' അനൂപ് ചോദിച്ചു.

'' നല്ല ഭേദം തോന്നുന്നുണ്ട്. പാട്ടുകാരനെ കാണാനേ ഇല്ലല്ലോ എന്ന് നിത്യവും പറയും ''.

'' ഇതൊന്ന് മാറട്ടെ. ഞാന്‍ അമ്മമ്മയെ കാണാന്‍ വരുന്നുണ്ട് ''.

'' കൂട്ടത്തില്‍ ഒരു കാര്യം. ഇന്നു പുലര്‍ച്ചെ മകനെത്തി. കൂടെ രണ്ട് കൂട്ടുകാരും ഉണ്ട്. മ്യൂസിക്ക് ആല്‍ബം ഉണ്ടാക്കുന്നവരാണത്രേ. ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. ഒന്നു രണ്ട് പാട്ട് പാടിച്ചു നോക്കട്ടെ എന്ന് അവര് പറയും ചെയ്തു. മൂന്നാളും കൂടി രാവിലെ അങ്ങാടിപ്പുറത്തേക്ക് പോയതാ. ഉച്ചയാവുമ്പോഴേക്ക് മടങ്ങി എത്തിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. കണ്ടു കിട്ടിയാല്‍ നിന്നെ കൂട്ടീട്ടു പോയി ഇന്നന്നെ രണ്ടുമൂന്ന് പാട്ട് റിക്കാര്‍ഡ് ചെയ്യിക്കാമെന്നു വിചാരിച്ചു. ഇനിയിപ്പൊ എന്താ ചെയ്യാ. നീ വയ്യാതെ കിടപ്പായില്ലേ ''.

'' അതു സാരൂല്യാ അങ്കിള്‍, ഞാന്‍ വന്നോളാം '' പാട്ട് എന്നു കേട്ടതോടെ അനൂപിന്‍റെ അസുഖം  പറപറന്നു.

'' അതു വേണ്ടാ. ദേഹം അനങ്ങി പനി കൂടുതലാക്കണ്ടാ ''. 

'' പാട്ട് എന്നു പറഞ്ഞാല്‍ ഇവന് പ്രാന്താണ്. ഞാന്‍ എപ്പഴും ചീത്ത പറയും '' മകന്‍റെ പാട്ടിനോടുള്ള അഭിനിവേശത്തിനെ കുറിച്ചു കിട്ടിയ അവസരം മുതലെടുത്ത് ഇന്ദിര  പറഞ്ഞു .

'' എന്തിനാ ചീത്ത പറയുന്നത്. പ്രോത്സാപ്പിക്കുകയല്ലേ വേണ്ടത്  '' മേനോന്‍ ചോദിച്ചു '' പാടാനുള്ള ഈ കഴിവ് അപൂര്‍വ്വം ചിലര്‍ക്ക് മാത്രം കിട്ടുന്ന ഭാഗ്യമല്ലേ ''.

'' എന്തു ഭാഗ്യം. പാടാന്‍ കഴിവുണ്ടായതോണ്ട് വിശപ്പ് മാറില്ലല്ലോ. ഇവന്‍ പണിക്ക് പോവാന്‍ തുടങ്ങിയ ശേഷമാണ് കുടുംബത്തിലെ ദാരിദ്ര്യത്തിന്ന് ഒരു കുറവ് വന്നത് ''.

'' പണിക്ക് പോയാല്‍ കിട്ടുന്നതിന്ന് ഒരു കണക്കുണ്ട് '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' കലാകാരന്‍റെ കാര്യം അതല്ല. ഒന്ന് പേരുണ്ടായി കിട്ടിയാല്‍ മതി. പിന്നെ എത്രയാ സമ്പാദിക്കുക എന്ന് പറയാനാവില്ല ''.

'' ഇവന്‍റെ അച്ഛന്‍ വല്യേ കലാകാരനായിരുന്നു. പേരെടുത്ത തായമ്പകക്കാരന്‍. എന്നിട്ടെന്തുണ്ടായി. ഓട്ടു കമ്പിനിയില്‍ മണ്ണു ചുമക്കുന്ന പണിക്ക് പോയിരുന്നെങ്കില്‍ ഇതിലേറെ സമ്പാദിച്ചേനേ ''.

'' അങ്ങിനെ പറയരുത്. അനൂപിന് കഴിവുണ്ട്. ഭാവിയില്‍ അവന്‍ വലിയൊരു പാട്ടുകാരനായി കൂടാ എന്നുണ്ടോ ''.

'' ചെറു വിരല് വീങ്ങിയാല്‍ എത്രകണ്ട് വീങ്ങും. പാടീട്ട് നന്നാവണച്ചാല്‍ അത്രയ്ക്ക് ആള്‍ സ്വാധീനവും കുടുംബത്തില്‍ കെട്ടിയിരുപ്പും വേണം. അതില്ലാത്തോര് ചാടി പുറപ്പെട്ടാല്‍ ഇരിക്കക്കുത്തി വീഴും ''.

'' അങ്ങിനെ പറയരുത്. സമ്പത്തും സ്വാധീനവും ഉണ്ടായിട്ടല്ലല്ലോ യേശുദാസ് ഈ നിലയിലായത് ''.

'' എന്തോ എനിക്കങ്ങിട്ട് വിശ്വാസം വരുണില്യാ ''.

'' ശരി. എങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ. ഞങ്ങളെ വിശ്വാസം ഉണ്ടോ ''.

'' ഇതെന്തൊരു ചോദ്യാണ്. നിങ്ങള് രണ്ടാളും ഞങ്ങള്‍ക്ക് ഈശ്വരന്മാരെപ്പോലെയാണ് ''.

'' ഞങ്ങള്‍ അനൂപിനെ കൊണ്ടുപോയി കുഴീല്‍ ചാടിക്കില്ല എന്ന് തോന്നുന്നുണ്ടോ ''.

'' അതിലെനിക്ക് യാതൊരു സംശയൂല്യാ ''.

'' എന്നാലേ ഇത് അവനെ ഒരു നിലയ്ക്കെത്തിക്കാനുള്ള പരിശ്രമമാണെന്ന് കൂട്ടിക്കോളൂ ''.

'' ഞാന്‍ എന്‍റെ മനസ്സില്‍ കിടന്നത് പറഞ്ഞുന്നേ ഉള്ളു. അവന്‍ നല്ല നിലയ്ക്ക് എത്തുന്നതിന്ന് ആരെന്തു ചെയ്യുന്നതും സന്തോഷം തന്നെ ''.

'' അനൂപിന്നുവേണ്ടി എന്തെങ്കിലും ചെയ്യണംന്ന് അമ്മിണിയ്ക്ക് ഒരേ നിര്‍ബന്ധം. സത്യം പറഞ്ഞാല്‍ എനിക്കവള്‍ സ്വൈരം തരാറില്ല ''.

'' അവനും അമ്മമ്മ എന്നുവെച്ചാല്‍ ജീവനാണ് ''.

'' പറ്റിയാല്‍ ഞാന്‍ അവരേയും കൂട്ടി ഇങ്ങോട്ടു വരാം. രാവിലെ കാറ് വിളിച്ചിട്ടാണ് അവര് പോയത്. അതില് പോരാലോ '' ഗോപാലകൃഷ്ണന്‍ എഴുന്നേറ്റു, ഒപ്പം മേനോനും.

പറഞ്ഞതുപോലെ ഗോപാലകൃഷ്ണന്‍ പരിവാരങ്ങളുമായി അഞ്ചു മണിയോടെ എത്തി.

'' രാത്രീലെ തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് ഇവര്‍ക്ക് പോണം. അതിനു മുമ്പ് കൂട്ടീട്ടു വന്നതാണ് '' അയാള്‍ പറഞ്ഞു. ഇന്ദിരയുടെ ആതിഥ്യമര്യാദ അവര്‍ക്കു മുമ്പില്‍ നിരന്നു.

'' അങ്കിള്‍ നിര്‍ബന്ധിച്ചതോണ്ട് വന്നതാണ്. ഓര്‍ക്കസ്ട്രയൊന്നും ഇല്ല. വെറുതെ പാടിയാല്‍ മതി. പാട്ട് റിക്കോര്‍ഡ് ചെയ്യുന്നുണ്ട്. നന്നെങ്കില്‍ മിക്സ് ചെയ്ത് ശരിയാക്കാം '' താടി വെച്ച ആള്‍ അനൂപിനോട് പറഞ്ഞു. അവന്‍ തലയാട്ടി.

'' ലിറിക്സ് വായിച്ചോളൂ '' മറ്റൊരാള്‍ ഒരു പുസ്തകം അവനെ ഏല്‍പ്പിച്ചു. ആദ്യത്തെ ആളാണ് ട്യൂണ്‍ പറഞ്ഞു കൊടുത്തത്. ഒടുവില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി.

'' പകലിന്‍റെ പട്ടട കെട്ടടങ്ങി
ഇരുളിന്‍റെ പുക പടര്‍ന്നെങ്ങും
മറ്റൊരു പുലരിയെ കാത്തു ഭൂമി
നീലപ്പുതപ്പെടുത്താകെ മൂടി ''

അനൂപിന്‍റെ സ്വരം ഉയര്‍ന്നു. പടിഞ്ഞാറു നിന്നുള്ള കാറ്റേറ്റ വാഴയിലകള്‍ തല കുലുക്കി.

Tuesday, November 20, 2012

നോവല്‍ - അദ്ധ്യായം - 55.


'' നാട്ടിലുള്ള സകല പിള്ളര്‍ക്കും പനിയും കുരയും തൂറ്റലും ഉണ്ടാവണേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന '' ബൈക്കിനടുത്തേക്ക് നടക്കുന്നതിന്നിടയില്‍ റഷീദ് പ്രദീപിനോട് പറഞ്ഞു.

അനൂപിനെ കാണാതായിട്ട് ദിവസങ്ങള്‍ കുറെയായി. അന്വേഷിക്കുമ്പോഴൊക്കെ '' സുഖമില്ല '' എന്ന ഒറ്റ മറുപടിയാണ് എപ്പോഴും കിട്ടാറുള്ളത്. രണ്ടുപേരും കൂടി സുഹൃത്തിനെ കാണാനിറങ്ങിയതാണ്.

'' ബെസ്റ്റ് മോഹം. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ നിനക്ക് ലോട്ടറി കിട്ട്വോടാ ''.

'' ലോട്ടറി അടിച്ച ഫലം തന്നെ. ജോലി പോവാതെ ഞാന്‍ രക്ഷപ്പെടും. അതു പോരേ '' അവന്‍ പറഞ്ഞു തുടങ്ങി '' സീസണ്‍ മഹാ ഡള്ളാണ്. ഒരു ദിക്കിലും പേഷ്യന്‍റ്സ് ഇല്ല. നിനക്ക് കേള്‍ ക്കണോ ? ഇന്നു രാവിലെ ഞാനൊരു പീഡിയാട്രീഷ്യനെ കാണാന്‍ ചെന്നിരുന്നു. ആള് ടൌണിലെ നമ്പര്‍ വണ്‍ ചൈല്‍ഡ് സ്പെഷലിസ്റ്റാണ്. സാധാരണ പൂരത്തിനുള്ള ആളുകളുണ്ടാവും അയാളുടെ ക്ലിനിക്കില്‍. വൈകുന്നേരം അഞ്ചു മണിയാവാതെ ഒരിക്കലും ഡോക്ടറെ കാണാന്‍ പറ്റാറില്ല. ഞാന്‍ വെറുതെ പതിനൊന്നു മണിക്ക് ക്ലിനിക്കിലൊന്നു ചെന്നു നോക്കിയതാ. ഒരു മനുഷ്യക്കുട്ടിയില്ല അവിടെ. ക്യാബിനില്‍ കയറിയപ്പോള്‍  ഡോക്ടര്‍ ഏതോ പുസ്തകം വായിച്ചിരിപ്പാണ് ''.

'' അത് നന്നായി. അയാള്‍ക്ക് വല്ലപ്പോഴും ഒരു റെസ്റ്റ് വേണ്ടേ. നിനക്കെന്താ അതിനിത്ര ദെണ്ണം  ''.

'' നിനക്ക് അറിയാഞ്ഞിട്ടാണ്. കഴിഞ്ഞതിന്‍റെ മുമ്പിലത്തെ മാസം എണ്ണൂറ്റി തൊണ്ണൂറ് കഫ് സിറപ്പ് വിറ്റു. കഴിഞ്ഞ മാസം ആയിരത്തി പതിനേഴ്. ആ സ്ഥാനത്ത് ഈ മാസം ഇതുവരെ വിറ്റത് വെറും പതിനെട്ട്. ഇക്കണക്കില്‍ ഒരു മാസം കൂടി പോയാല്‍ എന്‍റെ പണി പൂക്കുറ്റിയാവും ''.

'' നീ പേടിക്കണ്ടടാ. നിന്‍റെ വാരിയര്‍ സാറില്ലേ നിന്നെ സഹായിക്കാന്‍ ''.

'' അയാള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാനാവും. സെയില്‍സ് കുത്തനെ വീണാല്‍ ആരു വിചാരിച്ചാലും രക്ഷയില്ല. പരിപാടി കഴിഞ്ഞതുതന്നെ ''. കുറച്ചു നേരം ആരുമൊന്നും പറഞ്ഞില്ല.

'' വല്ല ഡയബറ്റിക്ക് കാര്‍ഡിയാക്ക് ഡിവിഷനിലായാല്‍ മതിയായിരുന്നു '' റഷീദ് മൌനം ഭഞ്ജിച്ചു.

'' അതിലെന്താ പണി ചെയ്യണ്ടേ ''.

'' പ്രമേഹവും കൊളസ്ടോളും വന്നാല്‍ ഒരിക്കലും മാറില്ല. ചാവുന്നതു വരെ രോഗി അട്രോവാസ്റ്റാറ്റിനും മെറ്റ്ഫോര്‍മിനും ഒക്കെ കഴിച്ചോണ്ടേയിരിക്കും. ജെനറല്‍ മെഡിസിന്‍സ് അങ്ങിനെയാണോ. സുഖക്കേട് മാറുന്നതുവരെ മാത്രമല്ലേ കഴിക്കൂ ''. '' എന്നുവെച്ചാല്‍ എല്ലാ മനുഷ്യരും മാറാരോഗികളാവണം എന്നു പറ ''.

'' അങ്ങിനെ ആലോചിക്കുന്നത് തെറ്റാണ് എന്നറിയാഞ്ഞിട്ടല്ല. പക്ഷെ നിലനില്‍പ്പിന്‍റെ കാര്യം വരുമ്പോള്‍  ആരായാലും ആ വിധത്തില്‍ ചിന്തിക്കും ''.

'' നീയൊന്ന് പോടാ. എപ്പൊ നോക്കിയാലും നിനക്ക് ഒരോ ആവലാതിയുണ്ടാവും '' പ്രദീപ് അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു.

എന്നാല്‍ അതിലും വലിയ ആവലാതികളുമായാണ് അനൂപ് അവരെ സ്വീകരിച്ചത്. പണിക്കു പോയിട്ട് രണ്ടാഴ്ചയോളമായി. എന്നും പനിതന്നെ. വിശപ്പ് എന്നത് എന്താണ് എന്നറിയില്ല. എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. വല്ലാത്ത ക്ഷീണം. ഇതിനിടയില്‍ എ.ബി.എം. പല പ്രാവശ്യം വിളിച്ചു കഴിഞ്ഞു. കുറച്ച് ഭേദം തോന്നുന്നുണ്ട്, രണ്ടു ദിവസം കഴിഞ്ഞാല്‍ പണിക്ക് ചെല്ലാന്‍ പറ്റും എന്നൊക്കെ അവധി പറഞ്ഞു കഴിച്ചു. ഇന്നു കാലത്ത് ആര്‍.എം. വിളിച്ചു. ഇങ്ങിനെ പോയാല്‍ ശരിയാവില്ല, ഏതെങ്കിലും ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങി കഴിച്ച് അസുഖം മാറ്റാന്‍ നോക്ക്, എത്രയും പെട്ടെന്ന് ജോലിക്ക് കയറിക്കോ, ഇല്ലെങ്കില്‍ കമ്പിനീന്ന് പിരിച്ചു വിടും, പ്രൊബേഷന്‍ കഴിയാത്ത ആളാണ് നീ, അത് ഓര്‍മ്മ ഉണ്ടാവണം എന്നൊക്കെ പറഞ്ഞു.

'' പ്രൊബേഷന്‍ കഴിഞ്ഞാല്‍ കമ്പിനിക്കാര് ആനമുട്ട പുഴുങ്ങിത്തരും. എനിക്ക് കേള്‍ക്കണ്ടാ അയാളുടെ ഒരു വര്‍ത്തമാനം '' റഷീദ് ചൊടിച്ചു '' വേണച്ചാല്‍ കമ്പിനി ഏതു സമയത്തും ആരെയും പിരിച്ചുവിടും. പ്രൊബേഷന്‍ കഴിഞ്ഞാല്‍ ഒരു മാസത്തെ നോട്ടീസ് തരും, അതിന്‍റെ ശമ്പളവും തരും. അതല്ലാതെ ഒരു തേങ്ങാക്കുലയും കിട്ടില്ല ''.

'' പണി പോയാല്‍ എങ്ങിനെ കഴിയും എന്നാ അവന്‍റെ വിഷമം '' ഇന്ദിര മകന്‍റെ ആധി വെളിപ്പെടുത്തി.

'' അത് ആലോചിച്ച് വിഷമിക്കണ്ടാ. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. നാട്ടിലെ മരുന്നു കമ്പിനികളുടെ എണ്ണവും  ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണവും ഒപ്പത്തിനൊപ്പമാണ് ''.

'' എന്താ നിന്‍റെ അസുഖം. ആരാ ചികിത്സിക്കുന്നത് '' പ്രദീപ് രോഗവിവരം അന്വേഷിച്ചു.

'' വായിനൊന്നും പിടിക്കിണില്ല, ചെറുക്കനെ ഒരു പനിയും. വല്ല കണ്ണോ കൊതിയോ പറ്റിയതാണോന്ന് കരുതി വെളിച്ചപ്പാടിനെക്കൊണ്ട് ചരട് ഊതിച്ച് കെട്ടി. എന്നിട്ടും ഭേദം കാണാഞ്ഞപ്പോള്‍ ഇന്നലെ മാപ്ല വൈദ്യരെ കാണിച്ചു '' ഇന്ദിര വിശദീകരിച്ചു.

'' അയാളെന്താ പറഞ്ഞത് ''.

'' നാഡി പിടിച്ചു നോക്കി. വയറിന്‍റെ പല ഭാഗത്തും തട്ടും കൊട്ടും അമര്‍ത്തും ചെയ്യേണ്ടായി. ഒടുക്കം  എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാണിക്കണം എന്നു പറഞ്ഞു. മരുന്നൊന്നും തന്നില്ല '' ഇന്ദിര തുടര്‍ന്നു '' ഒരു കുടുംബത്തിലെ എല്ലാരുടെ ചികിത്സയും ഏറ്റെടുത്തു എന്ന് വരണ്ടാന്ന് വെച്ചിട്ടാവും  മൂപ്പര് കയ്യൊഴിഞ്ഞത് ''.

'' അതൊന്നും ആവില്ല. ചിലപ്പോള്‍ എന്തെങ്കിലും തകരാറ് ഉണ്ടെങ്കിലോ '' പ്രദീപ് പറഞ്ഞു '' അനൂപേ, നിനക്ക് ഇത്ര വിവരം ഇല്ലാതെ പോയല്ലോ. ഈ കാലത്ത് സുഖക്കേട് വന്നാല്‍ ഡോക്ടറെ കാണിക്കാതെ ആരെങ്കിലും ചരട് ജപിക്കാന്‍ പോവ്വോ. എത്ര ഡോക്ടര്‍മാരെ നിനക്ക് പരിചയമുണ്ട്.  ആരേയെങ്കിലും കാണിക്കായിരുന്നില്ലേ. ഇനി അതൊന്നും പറഞ്ഞിട്ട്  കാര്യമില്ല. നാളെത്തന്നെ നല്ലൊരു ഫിസീഷ്യനെ കാണണം. ഞങ്ങള്  രണ്ടാളും കൂടി വന്ന് നിന്നെ കൂട്ടീട്ട് പോവാം ''.

ഇന്ദിര കാപ്പിയും പാളയങ്കോടന്‍ പഴവുമായി എത്തി. അതിഥികളോടൊപ്പം അനൂപും രാമകൃഷ്ണനും കാപ്പിഗ്ലാസ്സ് ഏറ്റുവാങ്ങി

'' നമ്മുടെ കൂട്ടുകാര്‍ക്ക് വിശേഷിച്ചൊന്നുമില്ലല്ലോ '' അനൂപ് ചോദിച്ചു '' അനിരുദ്ധന്‍ സാറിന് ഭേദായോ ''.

'' ശെല്‍വന്‍റെ ചേച്ചി പെട്ടു. അവളെ കെട്ടിയാല്‍ വീട്ടില്‍ നിന്ന് പുറത്താക്കും എന്ന് അയാളുടെ വീട്ടുകാര്‍  പറഞ്ഞ്വോത്രേ. ചെക്കന്‍ കയ്യൊഴിയും എന്നാ കേട്ടത് ''

 '' അനിരുദ്ധന്‍ സാറിന്‍റെ കയ്യിലെ പ്ലാസ്റ്റര്‍ എടുത്തിട്ടില്ല. ഇന്നലെ ഞാന്‍ സാറിനെ കണ്ടിരുന്നു '' റഷീദ് പറഞ്ഞു '' സാറ് കമ്പിനീലെ ജോലി രാജി വെച്ചു. കോടീശ്വരന്‍റെ മകളെയല്ലേ അങ്ങേര് കെട്ടിയിട്ടുള്ളത്. പിന്നെന്തിനാ ഈ തുക്കടാ ജോലി ''.

'' കൂടെയുണ്ടായിരുന്ന റെപ്പോ ''.

'' അവന് ഒരു ആറുമാസം കൂടി കിടക്കേണ്ടി വരും എന്നാണ് അറിഞ്ഞത് ''.

'' പാവം. അപ്പോഴേക്ക് അവന്‍റെ പോസ്റ്റില് വേറെ ആള് കേറീട്ടുണ്ടാവും '' അനൂപ് ഖേദം പ്രകടിപ്പിച്ചു.

'' എല്ലാവരുടെ കാര്യവും ഇങ്ങിനെത്തന്നെയാണ്. ജോലിസ്ഥിരത ഇല്ലാത്ത പണിയല്ലേ നമ്മുടേത് ''.

''ഗോപാലകൃഷ്ണന്‍ സാറിനെ കണ്ടാല്‍ ഞാന്‍ അന്വേഷിച്ചു എന്ന് പറയണം ''.

'' നോക്കൂ, എന്നും ഇതന്ന്യാ ഇവന്‍റെ വര്‍ത്തമാനം. അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങിനെയുണ്ട് എന്നറിയില്ല എന്ന വിഷമമാ അവന് '' ഇന്ദിര പറഞ്ഞു '' വെറുതെ അവരെ വിളിച്ച് ശല്യം ചെയ്യരുത് എന്ന് ഞാന്‍  പറയ്യേ. അവര് നൂറുകൂട്ടം കാര്യങ്ങള്‍ ഉള്ളോരാവും ''.

'' ഞങ്ങള്‍ പോവുന്ന വഴിക്ക് സാറിന്‍റെ വീട്ടില്‍ ചെന്ന് പറയാം '' പ്രദീപ് ഏറ്റു. പോവാനായി അവനും  റഷീദും എഴുന്നേറ്റു.

അവര്‍ പടിക്കലെത്തുമ്പോഴേക്കും ഗോപാലകൃഷ്ണന്‍ നായരും കെ.എസ്. മേനോനും വന്ന ബുള്ളറ്റ് എത്തിക്കഴിഞ്ഞിരുന്നു.

Monday, November 12, 2012

നോവല്‍ - അദ്ധ്യായം - 54.

ഗോപാലകൃഷ്ണന്‍ നായരും അമ്മിണിയമ്മയും പൂമുഖത്ത് സംസാരിച്ച് ഇരിക്കുമ്പോഴാണ് കെ.എസ്. മേനോന്‍ എത്തിയത്.

'' എത്ര നാളായി ഇങ്ങോട്ടേക്ക് കണ്ടിട്ട് '' അമ്മിണിയമ്മ പറഞ്ഞു '' പാട്ടുകാരനേയും കൂട്ടുകാരനേയും കണ്ട കാലം മറന്നൂന്ന് ഞാന്‍ ഇന്നലീം കൂടി പറഞ്ഞിരുന്നു ''.

'' അമ്പലത്തില്‍ വായനയ്ക്ക് വന്നത് ഒരു റിട്ടയേഡ് മലയാളം മാഷാ. നല്ലൊരു പണ്ഡിതന്‍. ഒരു ദിവസം കേള്‍ക്കാന്‍ ചെന്നതാണ്. പറച്ചിലിന്‍റെ രസത്തില്‍ അവിടെയങ്ങോട്ട് കൂടി. ഇന്നലെ വൈകുന്നേരത്താണ് പരിപാടി തീര്‍ന്നത് '' മേനോന്‍ വിശദമായി പറഞ്ഞു '' ഒന്നു രണ്ടു തവണ ഗോപാലകൃഷ്ണനെ വിളിച്ച് ഞാന്‍ വിവരങ്ങല്‍ അന്വേഷിക്കും ചെയ്തിരുന്നു ''. '' ആ കാര്യോക്കെ ഇവിടെ പറഞ്ഞിട്ടുണ്ട് '' അമ്മിണിയമ്മ സമ്മതിച്ചു.

'' എന്‍റെ മനസ്സില്‍ തോന്നിയ കാര്യം പറയട്ടെ '' ഗോപാലകൃഷ്ണന്‍ പറഞ്ഞു '' ഈ ചങ്ങാതി വാനരന്മാരോടൊപ്പം ലങ്കയിലേക്ക് യുദ്ധം ചെയ്യാന്‍ പോയിട്ടുണ്ടാവും എന്നാ ഞാന്‍ കരുത്യേത്. ചിലപ്പൊ വിശിഷ്ട സേവനത്തിന്ന് വല്ല മെഡലോ മറ്റോ കിട്ടിയിട്ടുണ്ടാവും. ശ്രീരാമന്‍റെ കയ്യിന്ന് അതും വാങ്ങി താന്‍ നേരിട്ട് ഇങ്ങോട്ട് പോന്നതാണോഹേ ''.

'' വേണ്ടാത്ത ഓരോ വര്‍ത്തമാനം പറയണ്ടാ '' അമ്മിണിയമ്മ തടഞ്ഞു '' ഈശ്വരന്മാരെ പിടിച്ചാ തമാശ പറയാന്‍ കണ്ടത് ''.

'' അമ്മിണി, തനിക്ക് അറിയാന്‍ വയ്യാത്തതോണ്ടാ അങ്ങിനെ തോന്നുന്നത്. സ്നേഹം, വാത്സല്യം, ദയ, കാരുണ്യം ഒക്കെ ഇല്ലേ, അതേപോലത്തെ മറ്റൊരു നന്മയാടോ ഈ കുസൃതിത്തരൂം, തമാശയുമൊക്കെ. ഈശ്വരന്‍ ഈ വകയ്ക്ക് പത്തു മാര്‍ക്ക് എന്‍റെ പേരില് കൂട്ടി ഇടും ''.

'' അനൂപ് ഇങ്ങോട്ട് വരാറില്ലേ '' മേനോന്‍ ചോദിച്ചു.

'' കുറച്ചായി ഈ വഴിക്ക് കണ്ടിട്ട് ''.

'' വല്ലപ്പോഴും എന്‍റെ വീട്ടിലും വരാറുള്ളതാ.  അങ്ങോട്ടും കണ്ടില്ല ''.

'' ഒന്ന് വിളിച്ച് അന്വേഷിക്കാന്ന് വെച്ചാല്‍ അവന്‍റെ മൊബൈല്‍ നമ്പറ് വേണ്ടേ. അത് വാങ്ങി വെച്ചിട്ടില്ല.  അല്ലെങ്കിലും വേണ്ടതൊന്നും ചെയ്യില്ല ഇവിടുത്തെ ആള് '' അമ്മിണിയമ്മ പരിഭവം പറഞ്ഞു '' വയ്യാണ്ടെ ഞാന്‍ കിടപ്പിലായപ്പോള്‍ ആ കുട്ടി കുറെ അന്വേഷിച്ച് വന്നാതാ. അത് മറക്കാന്‍ പാടില്ലല്ലോ ''.

'' നിറുത്ത്വോടോ തന്‍റെ പരാതി പറച്ചില്. ഒരു ദിവസം ഞാന്‍ നേരില്‍ ചെന്ന് അന്വേഷിക്കുന്നുണ്ട് ''.

'' എന്നാല്‍ ഞാനൂണ്ട് കൂടെ ''.

'' സുകുമാരാ, ഇനി തന്‍റെ വിശേഷങ്ങള് കേള്‍ക്കട്ടെ ''.

'' ഞാന്‍ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്ക്യാണ്. തെറ്റാണച്ചാലും ശരിയാണച്ചാലും മടിക്കാതെ പറയണം ''.

'' എന്തിനാടോ ഈ മുഖവുര. ഗോപാലകൃഷ്ണന്‍ ഇന്നേവരെ ആരുടെ അടുത്തും മനസ്സില്‍ തോന്നിയത്  അതുപോലെ പറഞ്ഞിട്ടേയുള്ളു. മരിക്കുന്നതുവരെ ആ ശീലം അങ്ങിനെത്തന്നെ ഉണ്ടാവും '
'.

'' മടങ്ങി പോയാലോ എന്ന് ഒരു  തോന്നല്‍. എന്താ വേണ്ടത് ''. ഗോപാലകൃഷ്ണന്‍ ഉറക്കെ ചിരിച്ചു.

'' അന്നേ ഞാന്‍ പറഞ്ഞതാണ്, ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ജീവിക്കാനാവില്ലാന്ന്. അപ്പോള്‍ എനിക്കിനി ആരും വേണ്ടാ എന്ന് ഒരേ വാശി. എന്നിട്ട് ഇപ്പോഴെന്തായി. ഉള്ള പുര പൊളിച്ച് ബംഗ്ലാവ് പണിയണം എന്നായിരുന്നല്ലോ തന്‍റെ മോഹം. അതുകൂടി ചെയ്തിരുന്നെങ്കില്‍ നല്ല വിശേഷായേനേ ''. കെ.എസ്.മേനോന്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷണ്ണഭാവത്തില്‍ താഴേക്ക് നോക്കി അയാളിരുന്നു.

'' എന്തേ ഇപ്പൊ ഇങ്ങിനെ തോന്നാന്‍ '' അമ്മിണിയമ്മ ചോദിച്ചു.

'' കഴിഞ്ഞ ആഴ്ച ഒരു ദിവസം നേരം പുലരാറാവുമ്പൊ ഞാനൊരു സ്വപ്നം കണ്ടു '' മേനോന്‍ പറഞ്ഞു തുടങ്ങി '' മകന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് എന്‍റെ അടുത്തുണ്ട് ഇരിക്കുന്നു '' ഭാര്യാഭര്‍ത്താക്കന്മാര്‍ അയാള്‍  പറയുന്നതും കേട്ടിരുന്നു.

''  ഡാഡിക്ക് ഞങ്ങളെയൊന്നും വേണ്ടാതായി അല്ലേ, ഇങ്ങിനെ പോയാല്‍ അധിക കാലം ഞാനുണ്ടാവില്ല എന്നും പറഞ്ഞ് എനിക്കെന്തെങ്കിലും മറുപടി പറയാന്‍ പറ്റുന്നതിന്നു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പെട്ടെന്ന് അകലെയൊരു ട്രെയിനിന്‍റെ വിസില്‍ കേട്ടു. ഞെട്ടി ഉണര്‍ന്നപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു ''.

'' എന്നിട്ട് ''.

'' രാവിലെ ആദ്യം ചെയ്തത് അങ്ങോട്ട് ഫോണ്‍ ചെയ്യുകയായിരുന്നു ''.

'' അങ്ങിനെ താന്‍ അജ്ഞാതവാസം അവസാനിപ്പിച്ചു അല്ലേ '' ഗോപാലകൃഷ്ണന്‍ ചോദിച്ചു '' ആട്ടെ, എന്താ മകന്‍റെ പ്രതികരണം ''.

'' എന്‍റെ ശബ്ദം കേട്ടതും മകന്‍ കരയാന്‍ തുടങ്ങി. എന്തിനാ ഡാഡി പോയത്, എന്നാണ് തിരിച്ചെത്തുക എന്നൊക്കെയുള്ള ആളുകളുടെ ചോദ്യം കേട്ടു മതിയായി, ആകപ്പാടെ നാണക്കേടായി, അതു കാരണം അമേരിക്കയില്‍ നിന്ന് തിരിച്ചു പോരാനിരുന്ന അമ്മയോട് വരണ്ടാ എന്ന് പറഞ്ഞിരിക്കുകയാണ്, കുറെ  കാലമായി ഈ സങ്കടം സഹിക്കുന്നു, ഇനി എനിക്ക് വയ്യാ, അച്ഛന്‍ മടങ്ങി വന്നില്ലെങ്കില്‍ എന്നെ പിന്നെ കാണില്ല, ഞാന്‍ എന്തെങ്കിലും ചെയ്ത് മരിക്കും എന്നൊക്കെ അവന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ അത് കേട്ട മുതല്‍ക്ക് എനിക്ക് പേടിയാണ് ''.

'' പിന്നെന്താ ഇത്ര കാലം ആരും അന്വേഷിച്ച് വരാഞ്ഞത് ''.

'' ഒന്നാമത് എന്‍റെ പെരുമാറ്റം എന്താന്ന് അറിയില്ല. പിന്നെ ഇന്നു വരും നാളെ വരും എന്നു വിചാരിച്ച് ഇരുന്നിട്ടുണ്ടാവും ''.

''എന്നാ താന്‍ തിരിച്ചു പോണത് ''.

'' ഓണം കഴിഞ്ഞിട്ടേയുള്ളു. ഇതുവരെ നാട്ടില്‍ നിന്നിട്ട് നല്ലൊരു സമയത്ത് മടങ്ങി പോവുന്നില്ല ''.

'' വീട് എന്താ ചെയ്യുന്നത്. വില്‍ക്ക്വാണോ അതോ അനുജത്തിമാര്‍ക്ക് കൊടുക്ക്വാണോ ''.

'' രണ്ടുമല്ല. മാസത്തില്‍ പത്തു ദിവസം ഞാനും ഭാര്യയും കൂടി ഇവിടെ കൂടും. അപ്പോള്‍ രണ്ടാള്‍ക്കും ജനിച്ച നാട് വിട്ടു എന്ന ഖേദം ഉണ്ടാവില്ല. വാസ്തവം പറഞ്ഞാല്‍ എനിക്ക് നിങ്ങളുടെയൊക്കെയൊപ്പം കഴിഞ്ഞിട്ട് പൂതി മാറിയിട്ടില്ല ''.

'' അതിന് ഭാര്യക്കും മക്കള്‍ക്കും സമ്മതാവ്വോ ''.

'' നൂറുവട്ടം സമ്മതമാണ്. മകനെ വിളിച്ച ശേഷം അവളെന്നെ വിളിച്ചിരുന്നു. എന്താ ഞാന്‍ പറയുന്നത് അതുപോലെ ചെയ്യാം എന്ന് പറഞ്ഞു ''.

'' വയസ്സാന്‍ കാലത്ത് മേനോന്‍ ഒറ്റയ്ക്കായല്ലോ എന്ന് ഞങ്ങളെന്നും പറയാറുണ്ട്. ഇപ്പൊ ഞങ്ങള്‍ക്കും സമാധാനമായി '' അമ്മിണിയമ്മയുടെ വാക്കുകളില്‍ ആശ്വാസം തുളുമ്പി.

'' ഒരു കോപംകൊണ്ടങ്ങോട്ട് ചാടിയാല്‍ ഇരുകോപംകൊണ്ടിങ്ങോട്ട് ചാടാമോ എന്ന് പറഞ്ഞ മട്ടിലായി തന്‍റെ കാര്യം ''.

'' ക്രോധമൂലം മനസ്താപമുണ്ടായ് വരും
  ക്രോധമൂലം നൃണാം സംസാരബന്ധനം
  ക്രോധമല്ലോ നിജ ധര്‍മ്മ ക്ഷയകരം
  ക്രോധം പരിത്യജിക്കേണം ബുധജനം.
 

എന്നല്ലേ ഭഗവാന്‍ ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിച്ചത് '' കെ. എസ്. മേനോന്‍ പറഞ്ഞു '' ഞാന്‍ ആ തത്വം സ്വീകരിച്ചു ''.

'' വായന കേള്‍ക്കാന്‍ പോയതോണ്ട് അങ്ങിനെ ഒരു ഗുണമെങ്കിലും ഉണ്ടായി. അല്ലാതെ  ഉറക്കം തൂങ്ങി അവിടെ ഇരുന്നിട്ട് പോന്നില്ലല്ലോ ''. ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍ കേട്ട് മറ്റുള്ളവര്‍ ചിരിച്ചു.

*************************************

'' അനിയേട്ടാ, കുളിച്ച് ഒരുങ്ങിക്കോളൂ '' രാധിക ഭര്‍ത്താവിനോട് പറഞ്ഞു '' ഇന്ന് ഒന്നാം തിയ്യതിയാണ്. നമുക്ക് ജ്വല്ലറിയിലും തുണിക്കടയിലും പോണം ''.

'' ആഗസ്റ്റ് മുപ്പത്തി ഒന്നിനേ ഞാന്‍ റിസൈന്‍ ചെയ്യൂ. അതിനു മുമ്പ്....''

'' അതിന് വേറെ ഏതെങ്കിലും കമ്പിനിയില്‍ ചേരാനല്ലല്ലോ പോണത്. അല്ലെങ്കിലും ഈ കണ്ടീഷനില്‍  ഇപ്പോഴത്തെ ജോലിക്ക് പോവാനും കഴിയില്ല ''

'' ഇന്നന്നെ വേണോ. കയ്യിലെ പ്ലാസ്റ്റര്‍ അഴിച്ചിട്ട് പോരേ ''.

'' തുടക്കത്തിലേ മുടക്കം പറയണ്ട. പണി ചെയ്യാനൊന്ന്വോല്ല നമ്മള് അവിടേക്ക് പോണത് ''. കുളിയും ഭക്ഷണവും കഴിഞ്ഞ് ഭാര്യ നല്‍കിയ ഷര്‍ട്ടും മുണ്ടും ധരിച്ച് അയാള്‍ തയ്യാറായി. രാധിക ഡ്രൈവിങ്ങ് സീറ്റില്‍ കയറി. കുട്ടിയെ മടിയില്‍വെച്ച് അനിരുദ്ധന്‍ അടുത്തിരുന്നു.

രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരും ബഹുമാനത്തോടെ നോക്കി നില്‍ക്കുന്നത് അനിരുദ്ധന്‍ ശ്രദ്ധിച്ചു. ഏതെങ്കിലും ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍. അല്ലെങ്കില്‍ റെപ്രസന്‍റേറ്റീവ് ഓടിക്കുന്ന ബൈക്കിന്‍റെ പുറകില്‍ യാത്ര ചെയ്യുകയാവും.  അലച്ചിലിന്‍റെ നാളുകള്‍ അവസാനിക്കുന്നു. വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാള്‍ തയ്യാറായി.

Monday, October 29, 2012

നോവല്‍ - അദ്ധ്യായം - 53.


'' എന്‍റെ മകളുടെ താലി ഭാഗ്യോ, നിങ്ങളുടെ വയറിന്‍റെ പുണ്യമോ അതോ ഈശ്വരന്‍റെ അനുഗ്രഹോ, എന്താ പറയണ്ടത് എന്നറിയില്ല, കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടൂന്ന് പറഞ്ഞാല്‍ മതി '' ശിവശങ്കര മേനോന്‍ പറഞ്ഞു '' എന്തായാലും ശരി, ഇനി ഈ പണിക്ക് പോവാന്‍ ഞാന്‍ സമ്മതിക്കില്ല ''. അനിരുദ്ധന്‍ ആസ്പത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയാണ്.


'' ആ ഓട്ടോറിക്ഷ ഡ്രൈവറുടെ തെറ്റാണെന്നാ ഞങ്ങള് സ്ഥലത്തു ചെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് '' രാധികയുടെ മൂത്ത ഏട്ടന്‍ പറഞ്ഞു '' അവന്‍ ഇടംവലം നോക്കാതെ തിരിച്ചതോണ്ട് സംഭവിച്ചതാ ''.


'' ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ട്രാന്‍സ്പോര്‍ട്ട് ഡ്രൈവറുടെ മിടുക്ക് കാരണം അവരുടെ ദേഹത്ത് കയറും മുമ്പ് ബസ്സ് നിര്‍ത്താനായി '' ഇളയ ഏട്ടന്‍ ഇടപെട്ടു '' ഇല്ലെങ്കില്‍ രണ്ടാളും സ്പോട്ടില്‍ തീര്‍ന്നേനെ ''.


അനിരുദ്ധന്‍റെ മനസ്സിലേക്ക് ആ സംഭവം ഓടിയെത്തി. ഓട്ടോവില്‍ ബൈക്ക് ഇടിച്ചതും പാഞ്ഞു വരുന്ന ബസ്സിന്‍റെ മുന്നിലേക്ക് തെറിച്ചു വീണു. റോഡിലൂടെ പാതച്ചാലിലേക്ക് ഉരുണ്ടു പോവുന്നതിന്നിടയില്‍ നിയന്ത്രണം തെറ്റിയ ഓട്ടോ ബസ്സില്‍ ഇടിക്കുന്ന ശബ്ദം ഉയര്‍ന്നു, ഓടി കൂടിയ ആളുകളുടെ ബഹളവും ഒപ്പം കേള്‍ക്കാനായി. ആരെല്ലാമോ ചേര്‍ന്ന് പൊക്കിയെടുത്ത് ഏതോ ഒരു വാഹനത്തില്‍ കയറ്റുകയാണ്. ക്രമേണ ഉറക്കത്തിലേക്ക് വഴുതി വീഴുന്നതുപോലെ. കേള്‍ക്കുന്നതെല്ലാം അസ്പഷ്ടമായ ശബ്ദങ്ങളായി.


'' നാലു ദിവസം ആസ്പത്രിയില്‍ കിടക്കാനുള്ള യോഗം അവനുണ്ടാവും. അത് ഇങ്ങിനെ തീര്‍ന്നൂന്ന് വിചാരിക്കാം '' കട്ടിലില്‍ അനിരുദ്ധന്‍റെ അടുത്ത് ഇരുന്ന അമ്മ മകന്‍റെ നെറ്റിയില്‍ തടവി '' എന്‍റെ കുട്ടി അറിഞ്ഞുംകൊണ്ട് ഒരാളുക്ക് ഒരു ഉപദ്രവം ചെയ്തിട്ടില്ല. ഭഗവാന്‍ അവനെ കൈ വിടില്ല ''.


'' സമ്മതിച്ചു. എല്ലാം ശരിയായിരിക്കും. എന്നാലും ഈ പണി അപകടം പിടിച്ച ഏര്‍പ്പാട് തന്നെയാണ്. ഓരോ ദിവസം ഓരോ ചെക്കന്മാരുടെ മോട്ടോര്‍ സൈക്കിളിന്‍റെ പിന്നില്‍ കയറി യാത്ര. ഇനി വേറൊരു ദിക്കില്‍വെച്ച് ഇതുപോലെ സംഭവിക്കില്ലാന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയ്യോ. അതാണ് ഈ പണിക്ക് പോണ്ടാന്ന് ഞാന്‍ പറയുന്നത് '' മേനോന്‍ പഴയ പല്ലവി തുടരുകയാണ്.


'' ജോലി വേണ്ടാന്ന് വെച്ചാല്‍ കുടുംബം പോറ്റണ്ടേ. അതിന് എന്ത് ചെയ്യും '' അമ്മ മനസ്സ് തുറന്നു.


'' അതിനാണോ പ്രയാസം. സ്വന്തമായിട്ട് എന്തെല്ലാം സ്ഥാപനങ്ങള്‍ നമുക്കുണ്ട്. പോരാത്തതിന് ഇപ്പോള്‍ ഇയാളുടെ പേരില്‍ ഒരു ബിസിനസ്സും തുടങ്ങാന്‍ പോണൂ. അതൊക്കെ മര്യാദയ്ക്ക് നോക്കി നടത്തിയാല്‍ ഇന്ന് സമ്പാദിക്കുന്നതിന്‍റെ എത്രയോ ഇരട്ടി ഉണ്ടാക്കാം. ഇതൊന്നും ഇല്ലെങ്കില്‍ തന്നെ നാല് തലമുറയ്ക്ക് തിന്നാനുള്ള വക ഞാന്‍ എന്‍റെ മകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് കളയാതെ നോക്ക്വേ വേണ്ടൂ ''.


'' കേട്ടിലേ അദ്ദേഹം പറയിണത് '' അമ്മ മകനോട് പറഞ്ഞു '' അവര് പറയുന്നത് കേട്ട് നടക്ക്. നിനക്ക് ഒരു ദോഷൂം വരില്ല ''.


'' അല്ലെങ്കിലും ഈ ജോലി വേണ്ടാന്ന് വെക്കാന്‍ ഞാന്‍ നിശ്ചയിച്ചതാണ് '' അനിരുദ്ധന്‍ 
തന്‍റെ ഉദ്ദേശം വെളിപ്പെടുത്തി.


'' അസ്സല് തീരുമാനം. വെടികൊണ്ട് ചാവാന്‍ വേണ്ടീട്ടാണോ ആ നാട്ടിലേക്ക് പോണത് ''മേനോന്‍റെ ശബ്ദം ഉയര്‍ന്നു '' ഒരു കാര്യം ഞാന്‍ പറയ്യാണ്. എന്‍റെ മകള്‍ക്ക് ചെറുപ്പാണ്. ഭര്‍ത്താവ് വേണ്ടാന്ന് കരുതേണ്ട പ്രായം ഒന്നും അവള്‍ക്കായിട്ടില്യാ ''. അനിരുദ്ധന്‍  മിണ്ടാതെ കിടന്നു.

'' ഞാന്‍ പറഞ്ഞതിനെപ്പറ്റി എന്താ തന്‍റെ അഭിപ്രായം '' മേനോന്‍ ചോദിച്ചു.


'' എനിക്ക് ഇഷ്ടം ഇല്ലാഞ്ഞിട്ടൊന്നുമല്ല. ഈ ഫീല്‍ഡിനെ കുറിച്ച് അറിയുന്നതോണ്ടാ മടി തോന്നുന്നത് '' അനിരുദ്ധന്‍ പറഞ്ഞു '' മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് മരുന്നുകള്‍ ക്രെഡിറ്റിലാണ് കൊടുക്കുക. ഒന്നോ രണ്ടോ മാസം കഴിഞ്ഞിട്ടാണ് അത് കിട്ടുക. കടം കൊടുത്തത് പിരിച്ചെടുക്കാനാ പാട്. ചിലര് പൈസ തരാതെ പറ്റിക്കാന്‍ നോക്കും ''. ശിവശങ്കര മേനോന്‍ ഉറക്കെ ചിരിച്ചു.


'' ഇതാണോ പ്രശ്നം. നമ്മളുടെ കയ്യില്‍ നിന്ന് കടത്തില്‍ ആരെങ്കിലും സാധനം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ അത്പിരിച്ചെടുക്കാനും നമുക്ക് ആവും. ആരെങ്കിലും പണം തരാന്‍ മടിയ്ക്കുന്നൂണ്ടെങ്കില്‍ ആ കാര്യം എന്നെ അറിയിച്ചാല്‍ മതി, പൈസ മുമ്പില്‍ കൊണ്ടുവന്നു വെച്ച് നൂറ്റൊന്ന് ഏത്തം ഇടും. അതിനുള്ള വഴി എനിക്കറിയാം ''.


'' ഞാന്‍ ഈ മാസം മുപ്പത്തി ഒന്നാം തിയ്യതി വെച്ച് റിസൈന്‍ ചെയ്യാം '' അനിരുദ്ധന്‍ സമ്മതിച്ചു.

'' ഇത്രേ ഞങ്ങള്‍ക്കും വേണ്ടൂ '' മേനോന്‍ സന്തോഷം പ്രകടിപ്പിച്ചു '' ഒന്നിനും ഒരു ബുദ്ധിമുട്ട് വരില്ല. ആ കാര്യം ഞാനേറ്റു. ജ്വല്ലറിയിലും, ടെക്സ്റ്റൈല്‍ കടയിലും, മെഡിക്കല്‍ സ്റ്റോക്കിസ്റ്റിലും അനിരുദ്ധന്‍റെ ഒരു നോട്ടം ഉണ്ടായാല്‍ മാത്രം മതി. സര്‍വ്വ സമയത്തും അവിടെ ഇരിക്ക്വോന്നും വേണ്ടാ ''.


'' കൂടെ ഉണ്ടായ കുട്ടിക്ക് എങ്ങനീണ്ട് '' അമ്മ അന്വേഷിച്ചു.


'' തുടടെ എല്ല് പൊട്ടീട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്ത് കമ്പീട്ടു. പിന്നെ ഇയാളുടെ മാതിരി കയ്യില് ഒടിവുണ്ട്. അതും പ്ലാസ്റ്ററിട്ടു ''.


'' അപ്പൊ ആ കുട്ടിടെ ആള്‍കാര്‍ക്ക് പൈസ കുറെ ആവ്വോലോ ''.


'' പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് അവന്‍. ശമ്പളം കിട്ടുന്നതോണ്ട് വേണം കുടുംബം കഴിയാന്‍.  എന്‍റെ മകളുടെ ഭര്‍ത്താവിന്‍റെ ആയുസ്സ് കിട്ട്യേതല്ലേ. ആ സന്തോഷത്തില്‍ അവന്‍റെ ആസ്പത്രി ബില്ല് ഞാന്‍ അടച്ചു ''.


നേരം നാലു മണിയായി. രാധിക എല്ലാവര്‍ക്കും ചായയുമായി എത്തി.


'' സാറേ '' പുറത്തു നിന്ന് ഒരു വിളി കേട്ടു. രാധിക ചെന്നു നോക്കി.


'' അനിരുദ്ധന്‍ സാറില്ലേ ''.


'' ആരാ. എന്താ വേണ്ടത് ''.


'' ഞാന്‍ അനൂപ്. സാറിനെ കാണാന്‍ വന്നതാണ് ''. കിടക്കുന്ന ദിക്കില്‍ അനിരുദ്ധന്‍ ആ സംഭാഷണം കേട്ടു.


'' ഇങ്ങോട്ട് വരാന്‍ പറയൂ '' അയാള്‍  ഭാര്യയോട് പറഞ്ഞു. രാധികയുടെ പിന്നിലായി അനൂപ് അകത്തെത്തി.


'' ഞാന്‍ സുഖമില്ലാതെ കിടപ്പായിരുന്നു '' അവന്‍ പറഞ്ഞു '' സാറ് ആക്സിഡന്‍റായ വിവരം ഇന്നാണ് അറിഞ്ഞത്. ആസ്പത്രിയില്‍ ചെന്ന് നോക്കിയപ്പോള്‍ ഡിസ്ച്ചാര്‍ജ്ജ് ആയി പോന്നൂന്ന് പറഞ്ഞു '
'.


അനിരുദ്ധന്‍ അപകടത്തെക്കുറിച്ചും പരിക്കിനെപ്പറ്റിയും അനൂപിനോട് സംസാരിക്കുമ്പോള്‍ മേനോന്‍  അവനെ ശ്രദ്ധിക്കുകയായിരുന്നു. എവിടേയോ കണ്ട മുഖം. പെട്ടെന്ന് അയാള്‍ക്ക് ആളെ മനസ്സിലായി.


 '' ഗോപാലകൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍വെച്ച് കണ്ട കുട്ടിയല്ലേ '' അയാള്‍ ചോദിച്ചു. അതെ എന്ന മട്ടില്‍ അനൂപ് തലയാട്ടി.


'' കേട്ടോ, ഈ കുട്ടി നന്നായി പാട്ട് പാടും എന്ന് അയാള് പറഞ്ഞിരുന്നു ''.


'' ഉവ്വോ, അതെനിക്ക് അറിയില്ല '' അനിരുദ്ധന്‍ അത്ഭുതം പ്രകടിപ്പിച്ചു.

'' എന്നാല്‍ ഇപ്പോള്‍ ഒരു പാട്ട് പാടട്ടെ. നമുക്ക് കേള്‍ക്കാലോ '' രാധികയുടെ മൂത്ത ഏട്ടന്‍ കേട്ടതില്‍  ചാടിപ്പിടിച്ചു.


'' ഇപ്പൊ വേണ്ടാ. സാറ് വയ്യാതെ കിടക്കുകയല്ലേ. ഇനി ഒരിക്കലാവാം '' അനൂപ് ഒഴിഞ്ഞു മാറി.


'' അത് സാരൂല്യാ. അനൂപ് പാടിക്കോളൂ. പാട്ട് കേട്ടാല്‍ ഉള്ള ടെന്‍ഷന്‍ മാറും '' അനിരുദ്ധന്‍ പറഞ്ഞു.

'' ഏതു പാട്ടാ വേണ്ടത് ''.


'' നല്ല അടിപൊളി സിനിമാപ്പാട്ട് '' മൂത്ത ഏട്ടന്‍ താല്‍പ്പര്യം വെളിപ്പെടുത്തി.


'' ഛേ, അതൊന്നും വേണ്ടാ. കുട്ടി ഒരു ഭക്തിഗാനം പാടിക്കോളൂ '' അച്ഛന്‍ ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. അനൂപ് അല്‍പ്പനേരം ആലോചിച്ചു നിന്നു. ഒരാള്‍ക്ക് വേണ്ടത് സിനിമാപ്പാട്ട്, മറ്റൊരാള്‍ക്ക് ഭക്തിഗാനം.  രണ്ടാളുടേയും മോഹം നടക്കട്ടെ. അവന്‍ പാടിത്തുടങ്ങി.


'' ശരണമയ്യപ്പാ സ്വാമി, ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പ ..... ''

ആ ഗാനത്തിന്‍റെ മനോഹാരിതയില്‍ എല്ലാവരും ലയിച്ചിരുന്നു. ഗാനഗന്ധര്‍വ്വന്‍റെ അദൃശ്യ സാന്നിദ്ധ്യം അവിടെ ഉള്ളതായി അവര്‍ക്ക് തോന്നി. പാട്ട് അവസാനിച്ചു. അതിന്‍റെ മാസ്മരികതയില്‍ ആര്‍ക്കും ഒന്നും പറയാനാവുന്നില്ല.


'' ഞാന്‍ പോട്ടേ സാര്‍ '' അനൂപ് ചോദിച്ചു.  ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ അനിരുദ്ധന്‍ പെട്ടെന്ന് പരിസരബോധം വീണ്ടെടുത്തു.

'' ഇത്ര കഴിവുണ്ടായിട്ട് അനൂപ് എന്തിനാ ഈ പണിക്ക് ഇറങ്ങിയത്. തനിക്ക് ഈ ഫീല്‍ഡാണ് നല്ലത്. ശരിക്ക് തിളങ്ങും ''.

'' ജീവിക്കണ്ടേ സാര്‍. ഈ രംഗത്ത് കയറിപ്പറ്റാന്‍ ആരെങ്കിലും സഹായിക്കാന്‍ വേണം. എനിക്ക് അതിന് ആരൂല്യാ ''.


'' ഒക്കെ ഉണ്ടാവും കുട്ടി '' മേനോന്‍ എഴുന്നേറ്റു ചെന്ന്അനൂപിന്‍റെ ശിരസ്സില്‍ കൈവെച്ചു '' നിനക്ക് ഒരു നല്ലകാലം ദൈവം വെച്ചിട്ടുണ്ടാവും ''. 
അദ്ദേഹം പേഴ്സില്‍ നിന്ന് ആയിരത്തിന്‍റെ ഒരു നോട്ടെടുത്ത് അവനുനേരെ നീട്ടി.


'' ഇതു വാങ്ങിക്ക്. സമ്മാനമായിട്ട് തരാന്‍ ഇപ്പോള്‍ വേറൊന്നൂല്യാ ''. അനൂപ് പണം വാങ്ങി മേനോനെ നമസ്ക്കരിച്ചു. എല്ലാവരോടും യാത്ര ചോദിച്ച് അവന്‍ ഇറങ്ങിപ്പോയി.


'' ഈ കുട്ടി എവിടുത്തെയാണ് '' മേനോന്‍ അനിരുദ്ധനോട് ചോദിച്ചു.


'' എനിക്ക് അത്രയ്ക്കൊന്നും അറിയില്ല. അമ്പലവാസിയാണെന്ന് കേട്ടിട്ടുണ്ട്. ഒരു ദുശ്ശീലവും ഇല്ലാത്ത പയ്യനാണ്. അടുത്ത കാലത്താണ് ഇപ്പോഴത്തെ കമ്പിനിയില്‍ കയറിയത് ''.


'' ഓണം ഉതാടത്തിന്ന് അച്ഛന്‍റേയും അമ്മയുടേയും വിവാഹ വാര്‍ഷികമല്ലേ. അന്ന് നമുക്ക് ഇയാളുടെ  ഒരു ഗാനമേള വീട്ടില്‍ വെച്ച് നടത്തണം  '' രാധികയുടെ ഏട്ടന്‍ മോഹം അറിയിച്ചു.

'' അതൊക്കെ അപ്പോള്‍ ആലോചിച്ച് വേണ്ടത്പോലെ ചെയ്യാം '' മേനോന്‍ എതിര്‍ത്തോ അനുകൂലിച്ചോ  ഒന്നും പറഞ്ഞില്ല.


ഉണര്‍ന്നെഴുന്നേറ്റ മകളുമായി രാധിക എത്തി. മേനോന്‍ കുട്ടിയെ കൈ നീട്ടി വാങ്ങി അവളുമായി മുറ്റത്തേക്കിറങ്ങി. ഓരോരുത്തരായി രംഗത്തു നിന്ന് മാറി. രാധിക ഭര്‍ത്താവിന്‍റെ അടുത്തിരുന്നു. അവളുടെ കണ്ണുകളിലെ സന്തോഷത്തിന്‍റെ തിളക്കം അയാള്‍ക്ക് കാണാനായി.

Friday, October 26, 2012

നോവല്‍ - അദ്ധ്യായം - 52.


അനിരുദ്ധന്‍ പോവുന്നതും നോക്കി രാധിക വാതില്‍ക്കല്‍ നിന്നു. നാലു ദിവസത്തെ മടി പിടിച്ച് ഇരുപ്പിന്ന് ശേഷം ജോലിക്ക് പോവുകയാണ്. സാധാരണ പണിക്കിറങ്ങുമ്പോള്‍ കാണാറുള്ള ഉത്സാഹമൊന്നും ഇന്ന് കാണാനില്ല. ആ    മനസ്സ് അത്രമാത്രം വിഷമിച്ചിട്ടുണ്ട്.


മകളുടെ പിറന്നാളിന്‍റെ പിറ്റേന്നുതന്നെ ശ്രദ്ധിച്ചിരുന്നു. അനിയേട്ടന്‍ ആകപ്പാടെ ഒരു മൂഡോഫിലാണ്. ഒന്നും ഒട്ടു പറയുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒന്നുമില്ലെന്ന മറുപടി മാത്രം. പക്ഷെ എന്തോ ഒരു അസ്വസ്ഥത ഉണ്ടെന്ന് മുഖഭാവം വിളിച്ചു പറഞ്ഞിരുന്നു.


അന്ന് കാലത്തുതന്നെ അനിയേട്ടന്‍റെ ബന്ധുക്കള്‍ തിരിച്ചു പോയിരുന്നു. കുളിയും കാപ്പി കുടിയും കഴിഞ്ഞ ശേഷം വീണ്ടും കിടപ്പുമുറിയിലേക്ക് പോവുന്നതു കണ്ടു. ആറേഴു തവണ മൊബൈല്‍ അടിച്ചിട്ടും എടുക്കുന്നില്ല. രാത്രി വൈകിയിട്ട് കിടന്നതല്ലേ, ഉറങ്ങുകയായിരിക്കും എന്നാണ് കരുതിയത്. കുറെ കഴിഞ്ഞ ശേഷം മുറിയില്‍ ചെന്നു നോക്കുമ്പോള്‍ കയ്യില്‍ മൊബൈലും പിടിച്ച് കട്ടിലില്‍ ഇരിപ്പാണ്.


'' എന്താ അനിയേട്ടാ മൊബൈല്‍ എടുക്കാത്തത് '' എന്ന് ചോദിച്ചതിന്ന് '' ആര്‍. എം. ആണ്. ആ മനുഷ്യന് വേറെ പണിയില്ല '' എന്ന തണുപ്പന്‍ മറുപടിയാണ് കേട്ടത്. മേലുദ്യോഗസ്ഥന്മാരെ ബഹുമാനിക്കുന്ന ആളാണ് അനിയേട്ടന്‍. എന്നിട്ടെന്താ ഇങ്ങിനെ. മകളുടെ പിറന്നാളായിട്ട് ജോലി ഏല്‍പ്പിച്ചതിനുള്ള നീരസമാണെന്ന് കരുതി.

ഞായറാഴ്ച ഉച്ച തിരിഞ്ഞപ്പോള്‍ ടൌണിലെ വീട്ടിലേക്ക് തിരിച്ചുപോരാന്‍ ഒരുങ്ങി. '' ഇന്നിനി പോവണ്ടാ. രാധിക റെസ്റ്റ് ചെയ്തോളൂ. നാളെ രാവിലെ പോയാല്‍ മതി '' എന്ന് അനിയേട്ടന്‍ പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. സ്വതവേ തിരിച്ചു പോകാന്‍ തിടുക്കം കൂട്ടുന്ന ആളാണ്. തിങ്കളാഴ്ച മാത്രമല്ല അടുത്ത രണ്ടു ദിവസവും ജോലിക്ക് പോയില്ല. മകളെ കളിപ്പിച്ചുകൊണ്ട് വീട്ടിലിരുന്നു. പലവട്ടം മൊബൈല്‍ റിങ്ങ് ചെയ്തിട്ടും എടുക്കാന്‍ മടി കാണിച്ചു. എന്ത് ചോദിച്ചാലും '' രാധിക വിഷമിക്കണ്ടാ. കുഴപ്പം ഒന്നൂല്യാ '' എന്ന് ആശ്വസിപ്പിക്കും. എപ്പോഴായാലും അറിയും എന്ന ധൈര്യത്തില്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞതുമില്ല.

ഇന്നലെ ഹെഡോഫീസില്‍ നിന്ന് വൈസ്പ്രസിഡണ്ട് വിളിച്ചപ്പോഴാണ് ഫോണെടുത്തത്. മാറി നിന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചു. ശനിയാഴ്ച നടത്തിയ പാര്‍ട്ടിയാണ് വിഷയം. അനിയേട്ടന് അത് തീരെ പിടിച്ചിട്ടില്ല.

'' സേര്‍ , ഐ ഹാവ് നോ വേര്‍ഡ്സ് ടു ഡിസ്ക്രൈബ് ദി ഹുമിലിയേഷന്‍ അന്‍ഡ് മെന്‍റല്‍ ആഗണി ഐ വാസ് സബ്‌ജക്റ്റഡ് ടു '' മൂപ്പര്‍ മനസ്സിലുള്ള സങ്കടം പറയുകയാണ്.

'' അങ്ങിനെയല്ല സേര്‍ , ഇതൊന്നും ഇല്ലാതെ തന്നെ ഇത്ര കാലം നമ്മള്‍ ബിസിനസ്സ് നന്നായി നടത്തിയിട്ടുണ്ടല്ലോ. പിന്നെന്തിനാ വേണ്ടാത്ത ഓരോ പരിപാടികള് ''. മറുഭാഗത്ത് എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ല.

'' അതൊന്ന്വോല്ല സേര്‍, പത്ത് പേഷ്യന്‍റ്സ് തികച്ചും ഇല്ലാത്തവരാണ് പാര്‍ട്ടീല് പങ്കെടുത്തത്. ഒന്നു ഞാന്‍ പറയാം. ഇനി ഇമ്മാതിരി പണിക്ക് എന്നെ കിട്ടില്ല. ഞാന്‍ വേറെ കമ്പിനി നോക്ക്വാണ് ''.

സംഭാഷണം നീണ്ടുപോയി. മറുഭാഗത്തു നിന്ന് അനുനയിപ്പിക്കലാവുമെന്ന് തോന്നി. അനിയേട്ടന്‍റെ മുഖഭാവം അത് വിളിച്ചോതുന്നുണ്ട്.

'' ശരി സേര്‍. നാളെ ഞാന്‍ പൊയ്ക്കോളാം '' മൊബൈല്‍ ഓഫ് ചെയ്തു വന്ന അനിയേട്ടന്‍ നടന്നതെല്ലാം വിവരിച്ചു.

'' ഇത്രയേറെ വിഷമിച്ചിട്ടും അനിയേട്ടന്‍ എന്താ എന്നോടൊന്നും പറയാഞ്ഞത് ''.

'' രാധികയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി. ബുദ്ധി ഉറച്ച കാലം മുതല്‍ കഷ്ടപ്പാടുകള്‍ സഹിച്ച് ജീവിക്കുന്നവരാണ് ഞങ്ങളൊക്കെ. രാധിക അങ്ങിനെയല്ലല്ലോ ''.

'' എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ട് ഇങ്ങിനെ കഷ്ടപ്പെടണോ '' ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

'' ഏതായാലും ഇനി അധിക കാലം ഈ പണിക്കില്ല. അത് നിശ്ചയിച്ചു. ചിലതൊക്കെ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് '' അപ്പോഴും മനസ്സിലുള്ളത് എന്താണെന്ന് പറഞ്ഞില്ല. മകളെ വാങ്ങി മാറത്ത് അടക്കിപ്പിടിച്ച് കൊഞ്ചിക്കാന്‍ തുടങ്ങി.

ടെലഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. വീട്ടില്‍ നിന്നായിരിക്കും. രാധിക അകത്തേക്ക് നടന്നു.

**************************

സ്റ്റേറ്റ് ഹൈവേയിലൂടെ മോട്ടോര്‍ ബൈക്ക് പായുന്നുണ്ട്. വണ്ടി ഓടിക്കുന്ന റെപ്രസന്‍റേറ്റീവ് ബിസിനസ്സിനെക്കുറിച്ച് ആവലാതിപ്പെടുകയാണ്. നാലഞ്ച് പ്രോഡക്റ്റുകളുടെ സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു. സീസണായതിനാല്‍ ഡോക്ടര്‍മാര്‍ മുറയ്ക്ക് എഴുതുന്നുണ്ട്. സാധനം കിട്ടാതായാല്‍ ഡോക്ടര്‍മാര്‍ മറ്റു ബ്രാന്‍ഡുകള്‍ എഴുതും. എന്താണ് ചെയ്യേണ്ടത്. അയാള്‍ ചോദിക്കുന്നത് ന്യായമായ കാര്യമാണ്.

പല തവണ റീജിണല്‍ മാനേജരോട് ഈ കാര്യം സൂചിപ്പിച്ചതാണ്. അയാള്‍ക്ക് അതൊന്നും അന്വേഷിക്കാന്‍ നേരമില്ല.    മറ്റു പല കാര്യങ്ങളിലുമാണ് പുള്ളിക്ക് താല്‍പ്പര്യം. അതൊന്നും ഇയാളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

'' സി അന്‍ഡ് എഫില്‍ സ്റ്റോക്കില്ല എന്നാണ് അറിഞ്ഞത് '' അനിരുദ്ധന്‍ പറഞ്ഞു '' ഞാന്‍ വൈസ്പ്രസിഡണ്ടിനെ വിളിച്ച് പറഞ്ഞ് ശരിപ്പെടുത്താം ''.

നേരം പതിനൊന്ന് ആവാറായി. എങ്കിലും വെയിലിന്ന് ചൂട് തോന്നുന്നില്ല. തണുത്ത കാറ്റ് മുഖത്ത് തലോടുകയാണ്.  അനിരുദ്ധന് ഉന്മേഷം തോന്നി. അയാള്‍ ഭാവി പരിപാടികള്‍ ആലോചിച്ചുകൊണ്ടിരുന്നു. അടുത്ത മാസം നാലിനാണ്  ഓണം. അത് കഴിഞ്ഞതും കമ്പിനി വിടണം. എത്രയും പെട്ടെന്ന് കൂട്ടുകാരന്‍ ഏര്‍പ്പാടാക്കി തന്ന ജോലിക്ക് ചേരണം. ഒരു സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ മാനേജര്‍ പോസ്റ്റിലാണ് നിയമനം. ആകര്‍ഷണീയമായ ശമ്പളം ലഭിക്കും . പക്ഷെ ഒരു ദോഷമുണ്ട്. അഭ്യന്തര കലാപമുള്ള രാജ്യമാണത്രേ അത്. എന്തായാലെന്താ. സ്ഥിരമായി താമസമാക്കാന്‍ ഉദ്ദേശിച്ചല്ലല്ലോ പോവുന്നത്. കുറെകാലം പണി ചെയ്യണം. എന്തെങ്കിലും സമ്പാദ്യമുണ്ടാക്കി തിരിച്ചുപോരണം.

പെട്ടെന്ന് ബൈക്ക് വലത്തോട്ട് വെട്ടിക്കുന്നതായി തോന്നി. അനിരുദ്ധന്‍ നോക്കുമ്പോള്‍ ഒരു ഓട്ടോറിക്ഷ റോഡിന്ന് കുറുകെ തിരിക്കുകയാണ്. കൂട്ടിമുട്ടുന്നത് ഒഴിവാക്കാന്‍ വെട്ടിച്ചെങ്കിലും ബൈക്ക് ഓട്ടോവിനെ സമീപിച്ചു കഴിഞ്ഞു. എതിരെ ഒരു കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് അലറി പാഞ്ഞടുക്കുന്നു. അനിരുദ്ധന്‍ സീറ്റില്‍ പിടി മുറുക്കി.

Sunday, September 23, 2012

നോവല്‍ - അദ്ധ്യായം - 51.

'' ഇന്നും നീ ചോറ് ബാക്കി വെച്ചു '' ചോറ്റുപാത്രം തുറന്നു നോക്കിയ ഇന്ദിര അനൂപിനോട് പറഞ്ഞു      '' രണ്ടുമൂന്ന് ദിവസായി ഞാന്‍ ശ്രദ്ധിക്കുന്നു. കൊണ്ടുപോയ ചോറ് പകുതി ബാക്കി വെക്കുന്നുണ്ട് ''. '' എന്തോ എനിക്ക് വായയ്ക്ക് പിടിക്കിണില്ല അമ്മേ ''.

'' കണ്ണില്‍ കണ്ട ഹോട്ടലില്‍ നിന്നൊക്കെ തിന്ന് രുചി കണ്ടു. അതാ പിടിക്കാത്തത് ''.

'' അതൊന്ന്വോല്ല. ആഹാരം കഴിക്കുമ്പൊ ഒരു മനംപുരട്ടല് തോന്നുണുണ്ട് ''.

കുറച്ചു ദിവസമായി അനൂപിന് ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ് തോന്നാന്‍ തുടങ്ങിയിട്ട്. ജോലിക്ക് പോവുമ്പോള്‍ വീട്ടില്‍ നിന്ന് കൊടുത്തയച്ച ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കി വരുന്നത് തിരിച്ചു കൊണ്ടു വരും. വെറുതെ കളയുന്നത് പശുവിന് കൊടുക്കാമല്ലോ.

'' വയറ്റില് അജീര്‍ണ്ണം വല്ലതും ഉണ്ടാവും. അയമോദകം വറുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചു തരാം. ഒറ്റ പ്രാവശ്യം കഴിച്ചാല്‍ മതി. സൂക്കട് മാറും ''.

'' അമ്മ എനിക്ക് നല്ലൊരു കാപ്പി തരൂ. ഇത്തിരി തണുപ്പ് തോന്നുന്നുണ്ട് ''. ഇന്ദിര മകന്‍റെ ദേഹത്ത് തൊട്ടു നോക്കി.

'' പനിക്കിണൊന്നും ഇല്ല. തണുപ്പത്ത് അലഞ്ഞിട്ടാ. വേണച്ചാല്‍ കുറച്ചു നേരം കിടന്നോ. ഞാന്‍ കാപ്പി ഉണ്ടാക്കി കൊണ്ട് വരാം ''. 

ഇന്ദിര കാപ്പിയുമായി വരുമ്പോള്‍ അനൂപ് അച്ഛന്‍റെ കട്ടിലില്‍ മൂടിപ്പുതച്ചു കിടപ്പാണ്. മകന്‍റെ അരികിലായി രാമകൃഷ്ണന്‍ ഇരിപ്പുണ്ട്. കട്ടിലിന്‍റെ ഒരു ഓരത്ത് ഇന്ദിര ഇരുന്നു.

'' നാളെ കുറച്ച് ഉപ്പും പുളിയും കൂടി വെളിച്ചപ്പാട് വേലൂന്‍റെ അടുത്ത് കൊണ്ടുപോയി കൊതിക്ക്  ഊതിച്ചിട്ട് വരൂ. ആരടേങ്കിലും കണ്ണ് പറ്റിയിട്ടുണ്ടെങ്കില്‍ വായയ്ക്ക് പിടിക്കാതെ വരും. എനിക്ക് അതാ തോന്നുണ് '' രാമകൃഷ്ണന്‍ ഭാര്യയോട് പറഞ്ഞു. അനൂപ് കാപ്പി ഊതി കുടിക്കാന്‍ തുടങ്ങി.

'' ഞങ്ങള് നിന്നോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസായി. ആ പെണ്ണിനെ അറിയിക്കണ്ട എന്നു കരുതി മിണ്ടാതിരുന്നതാ '' മകന്‍റെ മുടിയിലൂടെ വിരലോടിച്ച് അമ്മ  പറഞ്ഞു തുടങ്ങി. 

'' അവളില്ലേ ഇവിടെ '' രാമകൃഷ്ണന്‍ ചോദിച്ചു.

'' ഇല്ല. കുളത്തിലിക്ക് മേല് കഴുകാന്‍ പോയി. അമ്പലത്തില്‍ തൊഴുതിട്ടേ ഇനി മടങ്ങി വരവ് ഉണ്ടാവൂ. ആ തക്കം നോക്കി ഇവനോട് പറയാലോന്ന് വെച്ചിട്ടാ ''.

'' എന്താ അമ്മേ കാര്യം ''.

'' നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട് '' ഇന്ദിര വെട്ടിത്തുറന്ന് പറഞ്ഞു.
 
രമ നേരത്തെ ഈ വിവരം പറഞ്ഞതാണ്. അത് സൂചിപ്പിച്ചാല്‍ അവള്‍ക്ക് ഉറപ്പായും ചീത്ത കേള്‍ക്കും. അറിയാത്ത മട്ടിലിരുന്നാല്‍ അമ്മയെ വഞ്ചിക്കുകയാവും. അതിലും ഭേദം സംഭാഷണം വഴി തിരിച്ചു വിടുകയാണ്.

'' അമ്മേ, ആദ്യം രമയുടെ കാര്യം അല്ലേ നമുക്ക് നോക്കണ്ടത്. ഒരു പെണ്‍കുട്ടി ഉള്ളതിനെ കല്യാണം കഴിപ്പിച്ചയയ്ക്കാതെ ആണിന് പെണ്ണു കൊണ്ടു വന്നാല്‍ ആള്‍ക്കാര് എന്താ പറയ്യാ. പോരാത്തതിന് എനിക്ക് അത്ര വയസ്സൊന്നും ആയിട്ടില്ലല്ലോ ''.

'' വയസ്സിന്‍റെ കാര്യം നി വിട്ടളാ. ചോദിക്കുന്നോരടെ അടുത്ത് അരുമക്കല്യാണം ആയി നടത്തീന്ന് ഞാനങ്ങിട്ട് പറയും. രമടെ കാര്യാണെങ്കില്‍ അവള്‍ക്കും നല്ലൊരു ആലോചന ഒത്തു വന്നിട്ടുണ്ട് ''.

'' ആരാ ആള്. എവിടുന്നാ '' അനൂപിന്‍ ആകാംക്ഷയായി.

 '' നിനക്ക് നോക്കിയ കുട്ടിടെ വകേലൊരു വലിയച്ഛന്‍റെ മകനാണ്. അച്ഛനും അമ്മയ്ക്കും ഒറ്റ മകന്‍. ബി.എസ്.സി പാസാണ് എന്നാ പറഞ്ഞത്. താസില്‍ദാരുടെ ആപ്പീസില് ജോലീണ്ട്. വീട്ടില് കുറച്ച് കൃഷിയും റബ്ബറും തെങ്ങും ഒക്കെ ഉണ്ടത്രേ  ''.

'' അപ്പൊ തെറ്റില്ലല്ലോ. അവര്‍ക്ക് നമ്മളെ ഇഷ്ടപ്പെട്വോ ''.

'' അവരുക്ക് വിരോധൂല്യാ. പെണ്ണിന്‍റെ ഫോട്ടൊ കണ്ട് ഇഷ്ടപ്പെട്ടു. ജാതകം ചേരും ചെയ്തു. പക്ഷെ ചെറിയൊരു കുഴപ്പൂണ്ട് ''.

'' അതെന്താ ''.

'' ചെക്കന്‍ കാണാനൊക്കെ നല്ല ആളാണ്. പക്ഷെ കുട്ടീല് പനി വന്നിട്ട് ഒരു കാലിന് ഇത്തിരി ശേഷി കമ്മിയായി. നടക്കുമ്പോ ഒരു ചതുക്കലുണ്ട് ''.

അനൂപ് ഒന്നും പറഞ്ഞില്ല. അനിയത്തിയുടെ ഭര്‍ത്താവിനെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പത്തില്‍ നിന്ന് ഒരുപാട് അകലെയാണ് പറഞ്ഞുകേട്ട ഈ രൂപം. വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും ഇല്ലെങ്കിലും തന്‍റെ പെങ്ങള്‍ കാണാന്‍ കൊള്ളാം. ആരും കുറ്റം പറയില്ല. എന്നിട്ട് അവള്‍ക്ക് ? പാവം എന്‍റെ രമ. അനൂപിന് വല്ലാത്ത സങ്കടം തോന്നി. മകന്‍റെ മുഖഭാവത്തില്‍ നിന്ന് ഇന്ദിര ചിലതൊക്കെ മനസ്സിലാക്കി.

'' ചന്തൂം സൌന്ദര്യൂം മാത്രം നോക്കിയാല്‍ മതിയോ എന്‍റെ മകനേ '' അവര്‍ പറഞ്ഞു '' കെട്ടിച്ചു വിട്ട ദിക്കില് പെങ്ങള് കഷ്ടപ്പെടുന്നു എന്ന് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ കെട്ടിയ ചെക്കന് ഇത്തിരി ഭംഗി കുറഞ്ഞാലും അവള് നന്നായി കഴിയുന്നൂ എന്ന് കേക്കുണത് ''.

'' അതു മാത്രോല്ല '' രാമകൃഷ്ണന്‍ ബാക്കി കൂട്ടിച്ചേര്‍ത്തു '' എല്ലാം തികഞ്ഞ ഒരു ബന്ധം നോക്കി പോവാനുള്ള സ്ഥിതി നമുക്കില്ലല്ലോ അനു ''.

ഓരോരുത്തരുടെ വിധിയാണ്. അവള്‍ക്ക് അതാണ് യോഗമെങ്കില്‍ അങ്ങിനെയല്ലേ വരൂ. അനൂപ് മനസ്സിലായ മട്ടില്‍ തലയാട്ടി.

'' ഇനി നിന്‍റെ കാര്യം കൂടി പറയാം '' ഇന്ദിര കാര്യത്തിലേക്ക് കടന്നു '' നമ്മടെ പാറു കൊണ്ടു വന്ന ആലോചനയാണ്. ഞാന്‍ അവിടെ ചെന്ന് കുട്ടിയെ കാണും ചെയ്തു. തങ്കം പോലത്തെ പെണ്ണ്. എല്ലാം കൂടി ഒത്തു വരില്ല എന്ന് പറയാറില്ലേ ? അതുപോലെ അവിടേം ഒരു കുറവുണ്ട് ''.

അവന്‍ അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കി.

'' എല്ലാം കൊണ്ടും ഒന്നാന്തരം കേസാണ്. പറഞ്ഞിട്ടെന്താ, കുട്ടിടെ അമ്മയ്ക്ക് സ്വല്‍പ്പം ചിത്തഭ്രമം ഉണ്ട്. എന്നാലോ കാണുമ്പഴോ വര്‍ത്തമാനം പറയുമ്പോഴോ അങ്ങിനെ തോന്ന്വോന്നൂല്യാ. എങ്കിലും ഉള്ള കാര്യം പറയണോലോ ''.

മനസ്സില്‍ മോഹങ്ങളൊന്നും ഇല്ലാത്തതിനാല്‍ അനൂപിന് വിഷമമോ സങ്കടമോ തോന്നിയില്ല. അവന്‍ ഒന്നും പറയാതെ കിടന്നു. മകന്‍റെ മൌനം ഇഷ്ടക്കേടുകൊണ്ടാണ് എന്ന് ഇരുവര്‍ക്കും തോന്നി.

'' അച്ഛനും അമ്മയും കൂടി മക്കളെ ചതിക്കുഴീല്‍ ചാടിച്ചൂന്ന് നിങ്ങള് രണ്ടാള്‍ക്കും തോന്നരുത്. ഒരു കാര്യേ ഞങ്ങളുടെ മനസ്സിലുള്ളു. ഞങ്ങളുടെ കാലം കഴിഞ്ഞാലും നിങ്ങള് സുഖമായി കഴിയണം. അതിന് ഇതേ വഴി കണ്ടുള്ളു '' ഇന്ദിര മുണ്ടിന്‍റെ കോന്തലകൊണ്ട് മുഖം തുടച്ചു.

'' നമ്മുടെ നിവൃത്തികേടോണ്ടാണ് ഇതിന് ഒരുങ്ങുണത്. എന്‍റെ മക്കള് പ്രാകരുത് '' രാമകൃഷ്ണന്‍  വിതുമ്പി. 

അനൂപ് പിടഞ്ഞെഴുന്നേറ്റു. അവന്‍ അച്ഛനേയും അമ്മയേയും മാറി മാറി കെട്ടിപ്പിടിച്ചു.

'' ഈ ജന്മം ഞങ്ങള് അച്ഛനേയും അമ്മയേയും കുറ്റം പറയില്ല '' അവന്‍ തേങ്ങി '' ഞങ്ങളെ വളര്‍ത്തി ഈ നിലയിലാക്കാന്‍ രണ്ടാളും എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലേ ''.

'' ഈ വാക്ക് മതി. സന്തോഷായി. കഷ്ടപ്പെട്ടതിന്‍റെ കൂലി മുഴുവന്‍ ഞങ്ങള്‍ക്ക് കിട്ടി '' അച്ഛന്‍ മകന്‍റെ തോളില്‍ കൈവെച്ചു.

'' നോക്ക്, ആ പെണ്ണ് നിന്നെപോലെയല്ല '' ഇന്ദിര പറഞ്ഞു '' ചിലപ്പൊ എടന്തീന്ന് വല്ല വര്‍ത്തമാനൂം പറയും. നീ അവളെ പറഞ്ഞ് സമ്മതിപ്പിക്കണം ''.

'' അമ്മ അതാലോചിച്ച് വിഷമിക്കണ്ടാ. ഞാന്‍ അവളെ പറഞ്ഞ് സമ്മതിപ്പിച്ചോളാം '' അനൂപ് ഏറ്റു.

'' ഇനി എന്താ വേണ്ടേന്ന് ആലോചിക്കണ്ടേ '' രാമകൃഷ്ണന്‍ അടുത്ത ചുവട് വെക്കാനൊരുങ്ങി. കുളവരമ്പ് കടന്ന് രമ വരുന്നത് ഇന്ദിര കണ്ടു.

'' ഇപ്പൊ വേണ്ടാ. പെണ്ണ് വരുണുണ്ട് '' അവര്‍ തടഞ്ഞു. പടി കടന്ന് രമ മുറ്റത്തെത്തി.

***************************************

'' മറ്റന്നാള്‍ ഞായറാഴ്ചയാണ്. അന്ന് രാവിലെ ആറരയ്ക്ക് എല്ലാവരും ശെല്‍വന്‍റെ വീട്ടിലെത്തണം '' കൂട്ടുകാരോട് പ്രദീപ് പറഞ്ഞു.

'' എന്താടാ കാര്യം '' റഷീദ് അന്വേഷിച്ചു.

'' പഴനിവരെ നമുക്കൊന്ന് പോണം ''.

'' എന്തിന് തല മൊട്ടയടിക്കാനോ '' പ്രദീപ് കാര്യം വ്യക്തമാക്കാത്തതിലുള്ള അമര്‍ഷം സുമേഷിന്‍റെ വാക്കുകളില്‍ തുളുമ്പി.

'' അല്ല. നമ്മുടെ ശെല്‍വന്‍റെ കല്യാണത്തില്‍ കൂടാന്‍  ''.

'' കല്യാണോ. എന്നിട്ട് ഇതുവരെ അവനൊന്നും പറഞ്ഞില്ലല്ലോ ''.

'' എങ്ങിനെയാടാ അവന്‍ പറയുക. പെങ്ങള് ചാടിപ്പോയതിലുള്ള നാണക്കേട് തീര്‍ക്കാന്‍ ബന്ധുക്കള് ധൃതീല് ഒപ്പിച്ചതാ ഈ കല്യാണം. നിങ്ങളെയൊക്കെ വിളിക്കാന്‍ എന്നെ ഏല്‍പ്പിച്ചതാണ്. നമ്മുടെ വിവേകിന്‍റെ അടുത്തും കൂടി പറയണം ''.

'' അന്‍വറണ്ണനോട് പറഞ്ഞ്വോടാ ''.

'' നീ ഓര്‍മ്മപ്പെടുത്തിയത് നന്നായി. ശെല്‍വന് അണ്ണന്‍റെ സഹായം വേണ്ടി വന്നിട്ടുള്ളതാ ''.

'' ഇതു കാരണമാണോ നാലഞ്ച് ദിവസമായിട്ട് അവനെ കാണാത്തത് '' അനൂപ് ചോദിച്ചു.

'' ആയിരിക്കും. മകള് പോയതില്‍ പിന്നെ അവന്‍റെ അച്ഛന്‍ വീട്ടിന്ന് ഇറങ്ങിയിട്ടില്ല. വേണ്ടപ്പെട്ടോരെ വിളിക്കാന്‍ വേറെ ആരാ പോവാനുള്ളത് ''.

'' എവിടുന്നാ പെണ്‍കുട്ടി '' സുമേഷ് ചോദിച്ചു.

'' ഡീറ്റെയ്‌ല്‍സ് ഒന്നും എനിക്കറിയില്ല. ഒക്കെ സാവധാനത്തില്‍ ചോദിച്ചറിയാലോ ''.

'' നാളെ നമുക്കെന്തെങ്കിലും ഗിഫ്റ്റ് വാങ്ങണം. എല്ലാവരും പൈസ കയ്യില്‍ വെച്ചോളിന്‍ '' റഷീദ് ചട്ടം കെട്ടി. 

വിനോദയാത്രയ്ക്കെത്തിയ സ്കൂള്‍ കുട്ടികള്‍ കിടങ്ങിന്‍റെ പാലം കടന്ന് വരിയായി അവരുടെ മുന്നിലൂടെ നടന്നുപോയി

Saturday, September 15, 2012

നന്മയിലേക്ക് ഒരു ചുവടുവെപ്പ് - നോവല്‍ - അദ്ധ്യായം - 50.

അനിരുദ്ധന്‍ സെറ്റിയില്‍ ചാഞ്ഞു കിടന്നു. മുന്നിലുള്ള ക്ലോക്കിന്‍റെ ചെറിയ സൂചി ഏഴിനോട് ചേര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി. വലിയ സൂചി പന്ത്രണ്ടിനെ തൊടാന്‍ ശ്രമിക്കുന്നു. രാത്രി പകലിനെ ആട്ടിയോടിച്ചു കഴിഞ്ഞു. എച്ചില്‍പ്പാത്രങ്ങളേയും പാതി ഒഴിഞ്ഞ ഗ്ലാസ്സുകളേയും സാക്ഷി നിര്‍ത്തി സംഭാഷണം പൊടി പൊടിക്കുകയാണ്. രണ്ട് മൂന്ന് മണിക്കൂര്‍ നേരം സോറ പറഞ്ഞിരുന്നിട്ട് ഇവര്‍ക്ക് മതി വന്നിട്ടില്ല. എപ്പോഴാണാവോ ഇവിടെ നിന്ന് പോകാനാവുക. ഇതിനകം രാധിക ആറേഴു തവണ മൊബൈലില്‍ വിളിച്ചു കഴിഞ്ഞു. ബാറ്ററി ഡൌണായി ഇനി വിളിക്കണ്ടാ എന്ന് നുണ പറഞ്ഞ് സ്വിച്ച് ഓഫാക്കിവെച്ചു. അവളെ കുറ്റം പറയാനാവില്ല.പിറന്നാളാഘോഷത്തോടനുബന്ധിച്ച അയ്യപ്പന്‍ പാട്ടിന് എത്തിയവര്‍ കുട്ടിയുടെ അച്ഛനെ അന്വേഷിക്കുന്നുണ്ടാവും. നേരം കൊല്ലുന്ന അതിഥികളോട് ഉള്ളതിനേക്കാള്‍ മനസ്സില്‍ ദേഷ്യം റീജിണല്‍ മനേജരോട് തോന്നി. അയാളൊരുത്തനാണ് വേണ്ടാത്ത ഈ പൊല്ലാപ്പ് തലയില്‍ ഏറ്റിവെച്ചത്.


മകളുടെ പിറന്നാള്‍ പ്രമാണിച്ച് രണ്ടു ദിവസത്തെ ലീവിനുള്ള അപേക്ഷ മുന്‍കൂറായി നല്‍കിയതാണ്. ആ വിവരം റീജിണല്‍ മാനേജര്‍ക്കും അറിയാം. എന്നിട്ടാണ് തന്നെ അയാള്‍ രാവിലെ പത്തു മണിക്ക് വിളിക്കുന്നത്. ആ സമയത്ത് മുറ്റത്തെ പന്തലിലെ കസേലയില്‍ മൂത്ത അളിയനോടൊപ്പം സംസാരിച്ച് ഇരിക്കുകയാണ്. ഈ ചടങ്ങുകളൊന്നും മൂപ്പര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.


'' അച്ഛന്‍റെ ഓരോ ഏര്‍പ്പാടുകളേ. ഈ പരിപാടി കല്യാണമണ്ഡപത്തില്‍ വെച്ചു നടത്തിയാല്‍ പോരേ. ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ നല്ലൊരു ഗാനമേള വെച്ചോട്ടെ. സംഗതി കലക്കില്ലേ ''.


മറുപടി ഒരു ചിരിയില്‍ ഒതുക്കി നില്‍ക്കുമ്പോഴാണ് രാധിക മൊബൈലുമായി എത്തുന്നത്.


'' അനിയേട്ടന് ഒരു കാളുണ്ട് '' മൊബൈല്‍ കയ്യില്‍ തന്ന് അവള്‍ തിരക്കിട്ട് അകത്തേക്ക് പോയി. ആര്‍. എം. വിളിച്ചതാണ്.


'' എന്താ സാര്‍ '' അന്വേഷിച്ചു.


'' അനിരുദ്ധന്‍, ഒരു പ്രോബ്ലം ഉണ്ട്. ഇന്നു വൈകുന്നേരത്തേക്ക് ഫിക്സ് ചെയ്ത പരിപാടിയില്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റില്ല ''.


'' എന്തു പറ്റി സാര്‍ ''.


'' കുടുംബത്തിലെ ഒരു കാരണോരുണ്ട്, എണ്‍പ്പത്തെട്ട് വയസ്സായ തന്തപ്പടി. മൂപ്പര്‍ക്ക് ചാവാന്‍ കണ്ട സമയം ഇന്നാണ് ''.


'' എന്നിട്ട് പരിപാടി മാറ്റിയോ ''.


'' അത് പറ്റില്ല. വരുന്ന ഗസ്റ്റുകള്‍ നമ്മളുടെ വെല്‍വിഷേഴ്സല്ലേ. അവരോട് എങ്ങിനേയാ ഇനി ഒരു ദിവസം കൂടാമെന്ന് പറയുക ''.


'' പിന്നെന്താ ചെയ്യുക ''.


'' എനിക്ക് പകരം അനിരുദ്ധന്‍ ചെല്ല്. പരിപാടി മുടക്കണ്ടാ ''.


'' അത് ശരിയാവില്ല സാര്‍. ഒന്നാമത് എനിക്ക് ഇങ്ങിനത്തെ പാര്‍ട്ടികളില്‍ പങ്കെടുത്ത പരിചയമില്ല. പോരാത്തതിന് ഇന്ന് എന്‍റെ മകളുടെ ബെര്‍ത്ത്‌ഡേ ആണ് ''.


'' അതൊന്നും സാരൂല്യാ. ഒന്നു രണ്ട് പ്രോഗ്രാമില്‍ കൂടിയാല്‍ ആര്‍ക്കും പരിചയം ആവും. മകളുടെ ബെര്‍ത്ത്‌ഡേ പരിപാടി ഒഴിവാക്കണ്ടാ. ഉച്ച ഭക്ഷണം കഴിഞ്ഞിട്ട് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ മതി ''.


'' വൈകുന്നേരവും ചില ആഘോഷങ്ങളുണ്ട്. ബന്ധുക്കളും വേണ്ടപ്പെട്ടവരുമായി വീട്ടില് ഒരുപാട് ആളുകളും എത്തിയിട്ടുണ്ട്. അതുകൊണ്ട് സാറ് ദയവായി എന്നെ ഇതില്‍ നിന്ന് ഒഴിവാക്കണം ''.


'' താനൊരു മാനേജരല്ലേ? അതിന്‍റെ ഉത്തരവാദിത്വം ഇല്ലാതെ പീക്കിരി പിള്ളരെപ്പോലെ വര്‍ത്തമാനം പറയുന്നോ. കൈ നീട്ടി കാശ് വാങ്ങുമ്പോള്‍ ചിലതെല്ലാം കമ്പിനിക്കുവേണ്ടി ത്യജിക്കേണ്ടി വരും ''.


ഉണ്ടായ ദേഷ്യത്തിന് കണക്കില്ല. മുമ്പൊന്നും ഇത്തരം പരിപാടി ഇല്ലായിരുന്നു. ഇയാളുടെ തലയില്‍ ഉത്ഭവിച്ച ആശയമാണ് സപ്പോര്‍ട്ട് ചെയ്യുന്നവരെ എന്‍റര്‍റ്റൈന്‍ ചെയ്യുക എന്നത്. ഏതെങ്കിലും കുറച്ച് ഡൂക്കിലികളെ വിളിച്ചു കൂട്ടി പാര്‍ട്ടി നടത്തുക. എന്നിട്ട് അവരോടൊപ്പം ഇരുന്ന് അടിച്ച് ഫിറ്റാവുക. അതാണ് ഇയാളുടെ താല്‍പ്പര്യം. ഉപദേശിക്കാന്‍ വന്നിരിക്കുന്നു. ഇത്തരം വൃത്തികെട്ട പരിപാടിക്ക് മിനക്കെടാതെ നല്ല കരിയര്‍ റിക്കാര്‍ഡ് ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.


'' ഉത്തരവാദിത്വത്തിന്‍റെ കാര്യം സാറ് എന്നെ പഠിപ്പിക്കണ്ടാ. അതൊക്കെ എനിക്കറിയാം. സാറിന്‍റെ ഇന്‍ററസ്റ്റില്‍ അറേഞ്ച് ചെയ്ത പാര്‍ട്ടിയല്ലേ. സാറ് തന്നെ അത് നടത്തിക്കോ ''.


മൊബൈല്‍ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. പത്ത് മിനിട്ട് കഴിഞ്ഞില്ല. അതിനുമുമ്പ് അടുത്ത കാളെത്തി.വൈസ് പ്രസിഡണ്ടാണ്. നല്ല മനുഷ്യന്‍. ഒരിക്കലും അധികാരത്തിന്‍റെ ഭാഷയില്‍ സംസാരിച്ചിട്ടില്ല.


'' അനിരുദ്ധന്‍. ഇന്ന് ഒരു ദിവസത്തേക്ക് എനിക്കുവേണ്ടി ഒന്ന് സഹകരിക്കണം, '' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. ഒരുവിധം രാധികയെ പറഞ്ഞു സമ്മതിപ്പിച്ച് പോന്നതാണ്. ആറു മണിക്ക് മുമ്പ് മടങ്ങിയെത്താമെന്നാണ് കരാര്‍. ആ സമയപരിധി എപ്പോഴോ കഴിഞ്ഞു.


സംഭാഷണം അവസാനിപ്പിച്ച് പോവാനുള്ള ഒരുക്കമാണെന്ന് തോന്നി. ഒന്നു രണ്ടുപേര്‍ എഴുന്നേറ്റു കഴിഞ്ഞു. എല്ലാവരേയും യാത്രയയച്ച് ബില്ല് പേ ചെയ്തു കഴിഞ്ഞാല്‍ തനിക്ക് തിരിച്ചു പോകാം. അനിരുദ്ധന്‍ എഴുന്നേറ്റ് അതിഥികളുടെ അടുത്തേക്ക് ചെന്നു.


'' ആര്‍ യു എ ടീട്ടോട്ടലെര്‍ '' ചോദിച്ചയാള്‍ പ്രമുഖനാണ്. അതെയെന്ന് തലയാട്ടി.


'' എന്താ നിങ്ങളുടെ പേര് '' അപരന് അറിയേണ്ടത് അതാണ്. കിഴവന് തനിയെ എണീറ്റ് നില്‍ക്കാന്‍ വയ്യ. എന്നിട്ടാണ് വെള്ളം അടിക്കാന്‍ വന്നിരിക്കുന്നത്.


'' പി.വി.എ. നായര്‍ '' മറുപടി നല്‍കി.


'' ഇംഗ്ലീഷ് അക്ഷരമാലയല്ല തന്‍റെ പേരാടോ ചോദിച്ചത് '' കക്ഷി ചൂടാവുകയാണ്.


'' അനിരുദ്ധന്‍ ''.


'' അങ്ങിനെ പറയ്. കല്യാണം കഴിച്ചതാണോ ''. ഇയാള്‍ക്ക് എന്തൊക്കെ അറിയണം.


'' അതെ '' നീരസം പ്രകടിപ്പിക്കാതെ പറഞ്ഞു.


'' ഭാര്യയുടെ പേര് ''.


'' രാധിക ''.


'' അവിടെ തെറ്റി. അനിരുദ്ധന്‍ ഉഷയെയല്ലേ കല്യാണം കഴിക്കേണ്ടത് '' വലിയൊരു ഫലിതം പറഞ്ഞ മട്ടില്‍ കക്ഷി ഉറക്കെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. എഴുന്നേല്‍ക്കുന്നതിന്നിടെ അയാളുടെ കയ്യ് തട്ടി ഗ്ലാസ്സില്‍ ബാക്കിയുള്ള മദ്യം അനിരുദ്ധന്‍റെ വസ്ത്രത്തിലേക്ക് തെറിച്ചു. ഷര്‍ട്ടിലും പാന്‍റിലും നനവ് പടര്‍ന്നു. എങ്ങിനെ ഈ വേഷത്തില്‍ വീട്ടിലേക്ക് പോവും ? അയാള്‍ വിഷമത്തിലായി.


'' സോറി. റിയലി സോറി '' അതിഥി മാപ്പു പറഞ്ഞു. കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണ് വേണ്ടത്. അത് ചെയ്യാന്‍ പറ്റില്ലല്ലോ.


'' നെവര്‍ മൈന്‍ഡ് '' വിനയത്തോടെ പറഞ്ഞു.


'' അടുത്ത വിസിറ്റിന് വരുമ്പോള്‍ എന്നെ ഓര്‍മ്മിപ്പിക്കണം ''.


ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഏഴര കഴിഞ്ഞു. വസ്ത്രങ്ങളില്‍ നിന്ന് മദ്യത്തിന്‍റെ മണം ഉയരുന്നു. ഇതുമായി എങ്ങിനെ ബസ്സില്‍ യാത്ര ചെയ്യും. '' കാറില്‍ പോയിട്ട് വരൂ '' എന്ന് രാധിക പറഞ്ഞതാണ്. കുണ്ടും കുഴിയും നിറഞ്ഞ നാഷണല്‍ ഹൈവേയിലൂടെ അത് ഓടിക്കാന്‍ മടിച്ച് ബസ്സില്‍ പോന്നത് അബദ്ധമായി. തിങ്ങി നിറഞ്ഞ ബസ്സില്‍ തൂങ്ങി പിടിച്ചു നില്‍ക്കുമ്പോള്‍ മുക്കാല്‍ മണിക്കൂറിനകം ടൌണില്‍ എത്താമെന്നുള്ള ആശ്വാസമാണ് മനസ്സില്‍ തോന്നിയത്.


പുറകില്‍ നിന്ന് ആരോ പിടിച്ചു തള്ളുന്നതുപോലെ. കുറച്ചു നേരമായി തുടങ്ങിയിട്ട്. തിരിഞ്ഞു നോക്കിയപ്പോള്‍ ഏതോ ഒരു ചെറുപ്പക്കാരന്‍.


'' എന്താ '' അയാളോട് ചോദിച്ചു.


'' കുറച്ച് മാറി നില്‍ക്ക് ''.


'' തിരക്കല്ലേ. നീങ്ങാന്‍ സ്ഥലം ഇല്ലല്ലോ ''.


'' കള്ളു കുടിക്കുന്നത് വലിയ തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അതുകൊണ്ട് അഭിഷേകം ചെയ്തിട്ട് വന്നാല്‍ മറ്റുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. തന്നെ നാറീട്ട് ഇവിടെ നില്‍ക്കാന്‍ വയ്യ ''.
അയാള്‍ തള്ളി മാറ്റാന്‍ നോക്കുകയാണ്. ചുറ്റുമുള്ളവര്‍ എന്തോ വലിയ കുറ്റം ചെയ്ത ആളെ എന്നപോലെ നോക്കുന്നുണ്ട്. ചിലരൊക്കെ മുറുമുറുക്കാന്‍ തുടങ്ങി. ഇനിയും മിണ്ടാതെ നിന്നാല്‍ വിമര്‍ശനം കൂടും.


'' മിസ്റ്റര്‍, താന്‍ വിചാരിക്കുന്ന മട്ടില്‍ ഞാന്‍ മദ്യപിച്ച് വന്ന ആളല്ല. മദ്യപിക്കുന്ന ശീലവും എനിക്കില്ല '' തള്ളി മാറ്റാന്‍ തുനിഞ്ഞവനോട് പറഞ്ഞു '' വേണമെങ്കില്‍ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് പോവാം ''.


'' അപ്പോള്‍ സ്മെല്ലടിക്കുന്നതോ ''.


'' ഒരു പാര്‍ട്ടി നടക്കുന്ന ദിക്കില്‍ ചെല്ലാനുണ്ടായിരുന്നു. അവിടെ വെച്ച് ഒരാളുടെ കൈ തട്ടി ഡ്രസ്സില്‍ കുറച്ചായി. മാറ്റിയിട്ട് വരാന്‍ വേറെ തുണി ഇല്ല. സ്പെയര്‍ ഡ്രസ്സ് കരുതിയിട്ടല്ലല്ലോ ആരും പാര്‍ട്ടിക്ക് ചെല്ലാറ് ''.


പിന്നെ ആരും ശല്യം ചെയ്തില്ല. പെട്ടെന്ന് ഈ വേഷത്തില്‍ ഭാര്യ വീട്ടില്‍ ചെന്നാലുണ്ടാകാവുന്ന അവസ്ഥയെക്കുറിച്ചോര്‍ത്തു. ഉള്ള സല്‍പ്പേര് നഷ്ടപ്പെടാന്‍ വേറൊന്നും വേണ്ട. എന്തോ ഭാഗ്യത്തിന് ടൌണിലുള്ള വീടിന്‍റെ താക്കോല്‍ ബാഗിലുണ്ട്. ഏതായാലും വൈകി. ഇനി അവിടെ ചെന്ന് കുളിച്ച് വസ്ത്രം മാറി പോകാം.


ബസ്സിറങ്ങി ഓട്ടോ വിളിച്ച് വീട്ടിലേക്ക് വിട്ടു. വാച്ച്‌മാന്‍ ഉറങ്ങിയിട്ടില്ല. അകത്തു കേറി വസ്ത്രം ഊരി വാഷിങ്ങി മെഷീനില്‍ കഴുകാന്‍ ഇട്ടു. ചായയ്ക്ക് വെള്ളം തിളക്കാന്‍ വെച്ചിട്ട് കുളിമുറിയില്‍ കയറി. തണുത്ത വെള്ളം ദേഹത്ത് തട്ടിയപ്പോള്‍ എന്തൊന്നില്ലാത്ത സുഖം തോന്നി. ക്ഷീണവും വിഷമവും വിട്ടകന്നു.


വീശക്കുന്നുണ്ട്. ചായയും ബിസ്ക്കറ്റും കഴിച്ചു. അലമാറ തുറന്നപ്പോള്‍ രാധിക വാങ്ങിയ വെള്ള ഷര്‍ട്ടും ഡബ്ബിള്‍ വേഷ്ടിയും ഇരിക്കുന്നു. അനിയേട്ടന് ഇത് നല്ല ഭംഗിയുണ്ടാവും എന്നും പറഞ്ഞ് തന്നതാണ്. '' അയ്യേ. ഇതിട്ടാല്‍ കല്യാണചെക്കനെപോലെ ഉണ്ടാവും. എനിക്കു വേണ്ടാ '' എന്നും പറഞ്ഞ് മാറ്റി വെച്ചു.


മുടി ഒന്നുകൂടി ചീകി പൌഡറിട്ട് ആ ഡ്രസ്സും ധരിച്ച് പുറത്തിറങ്ങി വാതില്‍ പൂട്ടി. പോര്‍ച്ചിലുള്ള മാരുതി 800ല്‍ കയറി. വില്‍ക്കാതെ അത് നിര്‍ത്തിയതുകൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു.


'' ഗെയിറ്റ് പൂട്ടിക്കോളൂ. ഞാന്‍ പോണൂ '' വാച്ച്‌മാനോട് പറഞ്ഞ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.


പൂരത്തിനുള്ള തിരക്കാണ് ഭാര്യ വീട്ടില്‍. വീടും പരിസരവും പ്രകാശത്തില്‍ മുങ്ങി കുളിച്ചിരിക്കുന്നു. അയ്യപ്പന്‍പാട്ട് തുടങ്ങി കഴിഞ്ഞു. ആരേയും നോക്കാതെ ആളുകള്‍ക്കിടയിലൂടെ അകത്തേക്ക് നടന്നു. രാധികയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. വൈകിയതിന്‍റെ പരിഭവം ആ മുഖത്ത് ഒട്ടുമില്ല.


'' അനിയേട്ടന്‍ വീട്ടില്‍ പോയോ '' അവള്‍ ചോദിച്ചു.


'' ഉവ്വ്. രാധികയുടെ മോഹം പോലെ ഡ്രസ്സ് ചെയ്യാമെന്ന് കരുതി ''.


'' എനിക്ക് സന്തോഷായി '' അവള്‍ പറഞ്ഞു '' അനിയേട്ടന്‍ ഭക്ഷണം കഴിച്ചോ ''.


'' ഇല്ല ''.


'' ഞാനും കഴിച്ചിട്ടില്ല. അനിയേട്ടന്‍ വന്നിട്ടേ കഴിക്കൂ എന്ന് വിചാരിച്ച് ഇരുന്നതാണ് ''.


ഡൈനിങ്ങ് ടേബിളില്‍ വിഭവങ്ങള്‍ എടുത്തു വെച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം കഴിക്കാനിരുന്നു. അമ്മ കടന്നു വന്നത് അപ്പോഴാണ്.


'' എപ്പൊ നോക്കിയാലും നിനക്ക് തിരക്കാണ്. ഇന്നെങ്കിലും വീട്ടിലിരുന്നൂടേ. എത്ര നേരായി ഈ കുട്ടി കാത്തിരിക്കാന്‍ തുടങ്ങീട്ട് '' അമ്മ പരിഭവിച്ചു.

'' വേണന്ന് വെച്ചിട്ടില്ല അമ്മേ. ഇനി ഇങ്ങിനെ സംഭവിക്കില്ല ''. അതൊരു കുറ്റസമ്മതമായിരുന്നില്ല. ആ മനസ്സില്‍ ചില കണക്കു കൂട്ടലുകള്‍ നടക്കുകയായിരുന്നു.