Monday, August 29, 2011

നോവല്‍ - അദ്ധ്യായം - 17.

'' തമ്പുരാട്ട്യേ, ഒരു കോണി കിട്ട്വോ. ഈ കുതിരേമ്പില്‍ കേറിയാല് ചുമരിന്‍റെ മോളിലിക്ക് എത്തില്ല ''.

വീടിന്‍റെ പുറം ചുവരുകളില്‍ വെള്ള സിമിന്‍റ് അടിക്കാനുള്ള ഒരുക്കത്തിലാണ് പാറു. വീടു പണി സമയത്ത് തല്ലിത്തറച്ച് ഉണ്ടാക്കിയതാണ് നാലടിയോളം പൊക്കം വരുന്ന കുതിര എന്ന അല്‍പ്പം വലുപ്പം കൂടിയ സ്റ്റൂള്‍. വീടിനകത്തെ പണികള്‍ക്ക് അത് ഉയരം മതിയാവും , പക്ഷെ പുറത്തേക്ക് അത് പോരാ.

'' വാരിയത്ത് ചെന്നാല്‍ കോണി കിട്ടും '' ഇന്ദിര പറഞ്ഞു '' ഞാന്‍ പോയി കൊണ്ടു വരാം ''.

'' തമ്പുരാട്ടി പോണ്ടാ. ഞാന്‍ പൊയ്ക്കോളാം '' പാറു പറഞ്ഞു '' ഇവിടേക്കാണെന്ന് പറഞ്ഞാല്‍ തരില്ലേ ''.

'' എന്താ തരാണ്ടേ '' എന്ന് ഇന്ദിര പറഞ്ഞതും പാറു പോയി. പുറത്തെ ചുമരില്‍ പാശാറ് പിടിച്ചിരിക്കുന്നു. അത് ചുരണ്ടി കളഞ്ഞ് കഴുകിയ ശേഷം വേണം വൈറ്റ് സിമിന്‍റ് അടിക്കാന്‍. ഇന്ദിര വെള്ളം കോരി ചുമര് കഴുകാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞിട്ടാണ് പാറു എത്തിയത്.

'' വാരസ്യാര് തമ്പുരാട്ടി ഇരിക്കക്കുത്തി വീണീരിക്കുന്നു. കണ്ണു കാണാത്ത തമ്പുരാനാണ് അടുപ്പ് കത്തിച്ച് ചോറും കൂട്ടാനും വെക്കുന്നത്. കണ്ടപ്പൊ സങ്കടം തോന്നി '' അവള്‍ പറഞ്ഞു '' ഒരു കുടം വെള്ളം മുക്കി എച്ചിപ്പാത്രങ്ങള്‍ മോറി കൊടുത്തിട്ടാ ഞാന്‍ പോന്നത്. അതാ ഇത്തിരി നേരം വൈകീത് ''.

'' അത് നീ ചെയ്തത് നന്നായി '' ഇന്ദിര പറഞ്ഞു '' വയസ്സായാല്‍ എല്ലാവരുടേയും സ്ഥിതി ഇതന്നെ. കയ്യിനും കാലിനും ഒരു നിതാനം കിട്ടില്ല. ചിലപ്പൊ തട്ടി തടഞ്ഞ് വീഴും. ആട്ടെ, അധികം വല്ലതൂണ്ടോ ''.

'' ഏയ്. അത്രയ്ക്കൊന്നൂല്യ. തമ്പുരാട്ടി ഉമ്മറത്ത് തൈലം പുരട്ടിക്കൊണ്ട് ഇരിക്കിണുണ്ട് ''.

'' വല്ലതും വേണോ ആവോ. ഞാന്‍ ഒന്ന് പോയി നോക്കീട്ട് വരട്ടെ '' ഇന്ദിര ഇറങ്ങാനൊരുങ്ങി '' എന്‍റെ ദുരിതൂം കഷ്ടപ്പാടും കണ്ടിട്ട് ദിവസൂം കുറച്ച് പൂവ് ഉണ്ടാക്കിക്കൊണ്ടു വന്നു താ, ഞാന്‍ നിനക്ക് വല്ലതും തരാം എന്നും പറഞ്ഞ് സഹായിക്കിണ ആളാണേ ''.

'' പേടിക്കാനൊന്നൂല്യാ. ഉച്ചയ്ക്ക് പോയാല്‍ മതി '' എന്ന് പാറു പറഞ്ഞുവെങ്കിലും ഇന്ദിര അത് കേട്ടില്ല. ഒരു പാട്ടയില്‍ വൈറ്റ് സിമിന്‍റ് കലക്കി പാറുവിനെ ഏല്‍പ്പിച്ച ശേഷം അവര്‍ വാരിയത്തേക്ക് നടന്നു. പത്ത് മിനുട്ട് കഴിഞ്ഞതും ഇന്ദിര തിരിച്ചെത്തി.

'' ഞാന്‍ ഇത്തിരി ചൂടുവെള്ളം മുക്കി പിടിച്ചു കൊടുത്തു '' അവര്‍ പറഞ്ഞു '' ഇപ്പോള്‍ എണീക്കാറായി '' .

'' ആ തമ്പുരാട്ടിക്ക് ഒറ്റ മകളല്ലേ ഉള്ളു '' പാറു ചോദിച്ചു '' കണ്ണ് കാണാത്ത അമ്മാമന്‍റെ അടുത്ത് ആ തള്ളയെ ഏല്‍പ്പിച്ച് എന്തിനാ ആ കുട്ടി അന്യ നാട്ടില്‍ തന്നെ കഴിയിണത് ''.

'' അവളുടെ കഥ നിനക്ക് അറിയിണതല്ലേ '' ഇന്ദിര ചോദിച്ചു.

'' ഒറപ്പിച്ച കല്യാണം മുടങ്ങീതിന്‍റെ നാണക്കേട് ഇത്ര കാലം ആയിട്ടും തീരാണ്ടിരിക്ക്യാണോ, തമ്പുരാട്ട്യേ. എത്ര കൊല്ലായി അതൊക്കെ കഴിഞ്ഞിട്ട് ''.

'' കല്യാണം മുടങ്ങിയതിന്‍റെ പേരില് അവളുടെ അച്ഛന്‍ മരിച്ചതോ. അവള്‍ക്കത് മറക്കാന്‍ കഴിയ്യോ ''.

'' വാരര് തമ്പുരാന്‍ കാട്ടീത് പുത്തിമോശാണ് എന്നാ നാട്ടിലൊക്കെ ആ കാലത്തെ സംസാരം. ഒന്നാമത് അവനോന്‍റെ നിലയ്ക്ക് ഒത്ത സ്ഥലത്തിക്കേ മകളെ കെട്ടിച്ചു കൊടുക്കാന്‍ പുറപ്പെടാവൂ. മകള്‍ക്ക് വലിയ ഡോക്ടറെത്തന്നെ നോക്കി. തിടുക്കം കൂട്ടി കല്യാണൂം ഉറപ്പിച്ചു. ഒടുക്കം അയാള് ഒഴിഞ്ഞു മാറി. അതിന്ന് വണ്ടിടെ മുമ്പില് ചാടിചാവണ്ട കാര്യം ഒന്നൂല്യാ. ഇതൊക്കെ മുമ്പ് നടക്കാത്ത കാര്യം വല്ലതും ആണോ '' പാറു പറഞ്ഞു '' ആ തമ്പുരാന്‍ തീവണ്ടീല്‍ പെട്ട് ചത്തത് എനിക്ക് ഇപ്പഴും നല്ല ഓര്‍മ്മീണ്ട്. ശവം കാണാന്‍ ഞാന്‍ പോയതാണ്. തണ്ടപാളയത്തിന്‍റെ ഓരത്ത് മട്ട മലച്ച് കിടക്ക്വായിരുന്നു മൂപ്പര്. കണ്ടം തുണ്ടം ആയി മുറിഞ്ഞിട്ടൊന്നും ഇല്ല. തലേലാ അടി പറ്റീത് ''.

'' എല്ലില്ലാത്ത നാവോണ്ട് ആര്‍ക്കും എന്തും പറയാലോ. എന്താ സംഗതി എന്ന് അന്വേഷിക്കും കൂടി വേണ്ടാ '' ഇന്ദിര നെടുവീര്‍പ്പിട്ടു '' ആദ്യം തൊട്ട് ഒടുക്കം വരെ സകല കാര്യത്തിനും ഞാന്‍ സാക്ഷിയാണ്. അതോണ്ട് എല്ലാ കാര്യൂം എനിക്കറിയാം. വാരര് മാമന്‍ ഒരു സാധു ആയിരുന്നു. നാട്ടുകാരുടെ മുഖത്ത് ഇനി മേലാല് എങ്ങിനെ നോക്കുംന്ന് വിചാരിച്ച് ചെയ്ത കടുംകയ്യാണ് ''.

'' എന്താ തമ്പുരാട്ട്യേ ആ കുട്ടിടെ കല്യാണം മുടങ്ങാന്‍ കാരണം ''.

'' എന്‍റെ അനൂപിന്ന് ഒന്നര വയസ്സ് പ്രായം ഉള്ളപ്പഴാ വാരര് മാമന്‍ മരിച്ചത് '' ഇന്ദിര പറഞ്ഞു തുടങ്ങി. ഇരുപത് കൊല്ലത്തിലേറെ പുറകിലേക്ക് അവളുടെ മനസ്സ് നീന്തി ചെന്നു. അവിടെ സാവിത്രി വിവാഹദിനവും കാത്ത് സ്വപ്നങ്ങള്‍ കണ്ടിരിക്കുന്ന പെണ്‍കുട്ടിയാണ്. അച്ഛന്‍റെ വകയിലെ ഒരു മരുമകന്‍ രാജനാണ് വരന്‍. പ്രായം ചെന്ന അമ്മയല്ലാതെ മറ്റു ബന്ധുക്കളാരും രാജന് ഉണ്ടായിരുന്നില്ല. സാവിത്രിയുടെ അച്ഛനാണ് രണ്ടാളേയും സംരക്ഷിച്ചിരുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന രാജനെ തന്‍റെ കഴിവിനും അപ്പുറത്ത് എത്തിക്കാന്‍ വാരിയര്‍ കൊതിച്ചിരുന്നു. അതാണ് രാജനെ ഡോക്ടറാക്കാന്‍ പുറപ്പെട്ടത്. ഉണ്ടായിരുന്ന സ്വത്ത് മുഴുവന്‍ വിറ്റു തീര്‍ന്നിട്ടും പഠനം മുഴുമിക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം പഠിപ്പിനായി അന്യന്‍റെ സഹായം തേടേണ്ടി വന്നു. രാജന്‍ ഡോക്ടറായി കഴിഞ്ഞാല്‍ കടം വീട്ടാമെന്ന പ്രതീക്ഷയായിരുന്നു മനസ്സില്‍. വക്കീല്‍ ശങ്കര വാരിയര്‍ ഒരു മടിയും
കൂടാതെ വാരിക്കോരി സഹായം നല്‍കി. അദ്ദേഹത്തിന്‍റെ ഉദാര മനസ്കതയോര്‍ത്ത് വാരര് മാമന്ന് അത്ഭുതം തോന്നിയിരുന്നു. പക്ഷെ അയാളുടെ യഥാര്‍ത്ഥ മുഖം പിന്നീടാണ് കാണുന്നത്. പഠിപ്പ് കഴിഞ്ഞതും രാജനും സാവിത്രിയുമായുള്ള വിവാഹം നിശ്ചയിച്ചു. കല്യാണത്തിന്ന് വക്കീലിനെ ക്ഷണിക്കാന്‍ ചെന്നതായിരുന്നു വാരര് മാമന്‍.

'' ആരോട് ചോദിച്ചിട്ടാടോ താന്‍ ഈ കല്യാണം നിശ്ചയിച്ചത് '' എന്ന ചോദ്യം വാരര് മാമന്ന് മനസ്സിലായില്ല. രാജന്‍റെ പഠിപ്പിന്ന് ഒരുപാട് സഹായം ചെയ്ത ആളാണ്. കല്യാണക്കാര്യം മുന്‍കൂട്ടി പറയേണ്ടതായിരുന്നു. അത് ഓര്‍ത്തില്ല. വലിയ ആള്‍ക്കാരല്ലേ. അവര്‍ക്ക് പെട്ടെന്ന് നീരസം തോന്നും. എന്താണ് പറയേണ്ടത് എന്ന് അറിയാതെ നിന്നു.

'' എങ്ങിനെയാണ് അയാള്‍ ഡോക്ടറായത് എന്ന് തനിക്ക് ഓര്‍മ്മയില്ലേ. കയ്യയച്ച് ഞാന്‍ വാരിക്കോരി തന്നിട്ടാ. പണം മുടക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ എന്തെങ്കിലും കാരണം കാണും. അല്ലാതെ ആര്‍ക്കും ഞാന്‍ ഔദാര്യം കാണിക്കാറില്ല '' എന്ന് വക്കീല്‍ പറഞ്ഞപ്പോള്‍ എന്തോ പന്തികേട് തോന്നി.

'' എന്‍റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ ചെയ്യാം '' വാരിയര്‍ കൈകൂപ്പി.

'' വേണ്ടത് അവനെയാണ്. എന്‍റെ മകള്‍ക്ക് ഭര്‍ത്താവായിട്ട് . അത് മനസ്സില്‍ കണ്ടിട്ടാണ് പഠിക്കാനുള്ള ചിലവ് ഞാന്‍ ചെയ്തത് ''.

'' അങ്ങിനെ പറയരുത്. ഒക്കെ നിശ്ചയിച്ചു. നാട് മുഴുവന്‍ അറിയിക്കും ചെയ്തു '' വാരര് മാമന്‍ തേങ്ങി.

'' അതൊന്നും എനിക്കറിയണ്ടാ. ഒരു കാര്യം മനസ്സില്‍ വിചാരിച്ചാല്‍ ഞാന്‍ അത് നടത്തും. ഈ പറയുന്നത് വില വെക്കാതെ എന്തെങ്കിലും ചെയ്താല്‍ കല്യാണത്തിന്ന് താലി കെട്ടാന്‍ അവന്‍ ജീവനോടെ വരില്ല ''.

കരഞ്ഞുകൊണ്ട് അവിടെ നിന്ന് ഇറങ്ങി വന്ന വാരര് മാമന്‍ പകല്‍ മുഴുവന്‍ ഒരേ കിടപ്പായിരുന്നു. ഒരാളോടും ഒന്നും പറഞ്ഞില്ല. വൈകുന്നേരമാണ് രാമേട്ടനെ കാണാനെത്തിയത്.

'' അയാള് എന്തോ പറയട്ടെ. അതൊന്നും കണക്കാക്കണ്ടാ. രാജന്‍ നമ്മളുടെ കൂടെ നില്‍ക്ക്വോലോ. അത് മതി. ഞാന്‍ ഇപ്പോള്‍ത്തന്നെ പോയി രാജനോട് സംസാരിക്കാം '' വിവരങ്ങള്‍ അറിഞ്ഞതും രാമേട്ടന്‍ വാരര് മാമനെ സമാധാനിപ്പിച്ചു. രാമേട്ടന്‍ അപ്പോള്‍ത്തന്നെ ഇറങ്ങി. ഉമ്മറത്തിണ്ടില്‍ പായയിട്ട് രാമേട്ടന്‍ തിരിച്ചു വരുന്നതും കാത്ത് വാരര് മാമന്‍ കിടന്നു.

രാമേട്ടന്‍ തിരിച്ചു വന്നത് സന്തോഷത്തോടെയായിരുന്നില്ല. മൂപ്പര് ഒന്നും പറയുന്നില്ല. അപ്പോഴേ മനസ്സില്‍ സംശയം തോന്നി.

'' എന്താ അവനെ കണ്ടില്ലേ '' വാരര് മാമന്‍ ചോദിച്ചു.

'' അമ്മാമേ ഇനി നമ്മള് ആ കാര്യം ആലോചിക്കണ്ടാ '' രാമേട്ടന്‍ പറഞ്ഞു '' വലിയ ആളുകളെ പിണക്കിയിട്ട് സമാധാനമായി കഴിയാന്‍ പറ്റില്ല എന്നാണ് രാജന്‍ പറയുന്നത് ''.

വാരര് മാമന്‍ പിന്നെ ഒന്നും പറഞ്ഞില്ല.

'' നിന്നെ ഞാന്‍ ഒരു മകനെപ്പോലെയാണ് കണ്ടിട്ടുള്ളത് '' പോവാന്‍ നേരം അദ്ദേഹം പറഞ്ഞു '' എനിക്ക് എന്തെങ്കിലും പറ്റിയാല്‍ നീ സാവിത്രിയെ സ്വന്തം പെങ്ങളെപ്പോലെ നോക്കണം ''.

അപ്പോഴും ഇങ്ങിനെയൊരു അബദ്ധം കാണിക്കും എന്ന് കരുതിയില്ല. ഇന്ദിര പറഞ്ഞു നിര്‍ത്തി.

'' എന്നിട്ട് അയാള് വക്കീലിന്‍റെ മകളെ കെട്ട്യോ '' പാറു ചോദിച്ചു.

'' ഉവ്വ്. പക്ഷെ ഡോക്ടറുടെ അമ്മ അതിന്ന് ഉണ്ടായിരുന്നില്ല. മാമന്‍ മരിച്ച പുല കഴിയും മുമ്പ് അവര് വിഷം കഴിച്ചു മരിച്ചു ''.

'' തള്ള ചത്താലെന്താ. പണക്കാരന്‍റെ മകളെ കെട്ടി സുഖമായി കഴിയാറായല്ലോ ''.

'' എന്ത് സുഖം. രണ്ടാളും തമ്മില്‍ എന്നും ചേരില്ല. അയമ്മ വീട്ടിലെ ഡ്രൈവറുടെ കൂടെ പോയി കുറെ നാള് കഴിഞ്ഞിട്ടാണ് മടങ്ങി വന്നത് ''.

'' എന്നിട്ട് അയാള് അവളെ തീര്‍ത്തില്ലേ ''.

'' ഇല്ല. കണ്ടില്ലാന്ന് നടിച്ച് ജീവിക്കുന്നു ''.

'' ഇന്ദിരേ, കുറച്ച് വെള്ളം കുടിക്കാന്‍ തര്വോ '' അകത്തു നിന്നും രാമകൃഷ്ണന്‍റെ ശബ്ദം കേട്ടു. സംഭാഷണം നിര്‍ത്തി അവള്‍ അടുക്കളയിലേക്ക് നടന്നു.

***************************************

'' ഇന്നാടാ നീ ചോദിച്ച പതിനായിരം രൂപ '' പ്രദീപ് ശെല്‍വന് പണം കൈ മാറി '' ഇതുകൊണ്ട് നിന്‍റെ ആവശ്യം തീര്വോടാ ''.

'' തല്‍ക്കാലം വീണ ഭാഗം ഒന്നു മേഞ്ഞു നിര്‍ത്തണം. എന്തായാലും അധികം വൈകാതെ വീട് വില്‍ക്കേണ്ടി വരും ''.

'' അതെന്താ ''.

'' ചേച്ചിക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്. നടക്കും എന്ന് തോന്നുന്നു ''.

'' അത് നന്നായി. എവിടുന്നാ വരന്‍ ''.

'' ഒട്ടന്‍ഛത്രത്തില്‍ നിന്ന് കുറച്ചും കൂടി ദൂരം പോണം. വരന്‍റെ വീട്ടുകാര്‍ വലിയ പൈസക്കാരാണ്. ഞങ്ങളുടെ നിലയ്ക്ക് കിട്ടാത്ത ഒരു ബന്ധം. പെണ്ണ് ഡോക്ടറാണ് എന്ന് കേട്ടതും അവര്‍ക്ക് മറ്റൊന്നും വേണ്ടാ. അല്ലെങ്കില്‍ ഇതിനെക്കുറിച്ച് ആലോചിക്കാനും കൂടി പറ്റില്ല. ഞങ്ങളുടെ സമുദായത്തിന്ന് ഇതുപോലെ നല്ലൊരു ബന്ധം കിട്ടാന്‍ കൊടുക്കേണ്ട സ്വത്തും മുതലും ഞങ്ങള്‍ക്കുണ്ടോ. പക്ഷെ ഒറ്റ കുറവേ ഉള്ളു ''.

'' എന്താടാ അത് ''.

'' പയ്യന് അവളുടെ അത്ര പഠിപ്പില്ല. ഡിപ്ലോമയേ ഉള്ളു ''.

'' അത് കണക്കാക്കണ്ടാ. ചെക്കന് പണി വല്ലതും ഉണ്ടോ ''.

'' സ്വന്തം കമ്പിനി ഉണ്ട്. അതില്‍ സൂപ്പര്‍വൈസറാണ് ''.

'' പിന്നെന്താടാ ആലോചിക്കാന്‍. വേഗം നടത്തി വിട് ''.

'' അതിന്ന് മുമ്പ് ഒരു വീട് വാടകയ്ക്ക് എടുക്കണം. കുറച്ചു ഫര്‍ണ്ണിച്ചര്‍ വാങ്ങണം. അവള്‍ക്ക് നല്ല ഡ്രസ്സ് വാങ്ങണം. പെണ്ണു കാണാന്‍ ആള്‍ക്കാര് വരുമ്പൊ കണ്ണില്‍ പിടിക്കണ്ടേ ''.

'' വാടകക്ക് ഒരു വീട് ഞാന്‍ ഏര്‍പ്പാടാക്കി തരാം. എന്‍റെ ഒരു പരിചയക്കാരന്‍ ബ്രോക്കറുണ്ട്. രണ്ടു മാസത്തെ വാടക കമ്മീഷന്‍ കൊടുക്കണം. ഫര്‍ണ്ണിച്ചര്‍ ഇന്‍സ്റ്റാള്‍മെന്‍റില്‍ വാങ്ങിത്തരാം. തുണി വാങ്ങുമ്പൊ പറഞ്ഞോ. മൂന്ന് നാല് ടെക്സ്റ്റൈല്‍ ഷോറൂമുകളിലെ ഫ്ലോര്‍ മാനേജര്‍മാര്‍ എന്‍റെ കൂട്ടുകാരാണ്. ഡിസ്ക്കൌണ്ട് വാങ്ങി തരാം ''.

'' തുണി വാങ്ങുമ്പോള്‍ ഡിസ്ക്കൌണ്ടോ '' ശെല്‍വന്‍ അത്ഭുതപ്പെട്ടു.

'' നിങ്ങളൊക്കെ ഏത് ലോകത്തിലാ ജീവിക്കുന്നത്. കമ്മീഷനും ഡിസ്ക്കൌണ്ടും ഇല്ലാത്ത ഏടവാടുണ്ടോ നാട്ടില്. കല്യാണത്തിനൊക്കെ തുണി വാങ്ങാന്‍ നമ്മളുടെ കേറോഫില്‍ ആരേയെങ്കിലും അയച്ചാല്‍ നമുക്ക് ഒരു പെര്‍സന്‍റ് കമ്മിഷന്‍ തരുന്ന ഷോപ്പുകാരുണ്ട്, അറിയോടാ നിനക്ക് ''.

'' നീ എന്‍റേന്ന് കമ്മിഷന്‍ വാങ്ങരുത് കേട്ടോ '' ശെല്‍വന്‍ പറഞ്ഞു '' അതിനൊക്കെ മുമ്പ് ഒരു ദിവസം നീ വീട്ടില്‍ വരണം. അമ്മ നിന്നെ അന്വേഷിച്ചു ''.

'' എന്നാ വേണ്ടത്ച്ചാല്‍ പറഞ്ഞോ. ഞാന്‍ റെഡി ''.

കോട്ടമൈതാനത്തേക്ക് കൂട്ടുകാര്‍ ഓരോരുത്തരായി വന്നു തുടങ്ങിയതോടെ ആ സംഭാഷണം നിന്നു.






Sunday, August 21, 2011

നോവല്‍ - അദ്ധ്യായം 16.

വളരെ നാളുകള്‍ക്ക് ശേഷമാണ് പ്രദീപ് രവികുമാറിനെ കാണുന്നത്. മണപ്പുള്ളിക്കാവും കഴിഞ്ഞ് നാഷണല്‍ ഹൈവേയിലേക്ക് പോവുന്ന വഴിയില്‍ വെച്ച് ആകസ്മികമായി അവര്‍ കാണുകയായിരുന്നു. റോഡോരത്തെ മരത്തണലില്‍ ബൈക്കുകള്‍ നിര്‍ത്തി ഇരുവരും ഇറങ്ങി.

''നിന്നെ കണ്ടിട്ട് കുറച്ച് കാലം ആയല്ലോടാ '' പ്രദീപ് പറഞ്ഞു '' നീ ഈ നാട്ടിലൊക്കെ ഇല്ലേ ''.

'' എവിടേക്കാടാ ഞാന്‍ പോണത് '' രവി പറഞ്ഞു '' അച്ഛനും അമ്മയും താഴെ രണ്ട് അനുജന്മാരും അല്ലാതെ ആരാ എനിക്ക് ഉള്ളത് ''.

'' ഉണ്ടായിട്ട് ഉപകാരം ഇല്ലാത്തോരേക്കാള്‍ ഇല്ലാത്തതാടാ ഭേദം '' പ്രദീപ് അവനെ ആശ്വസിപ്പിച്ചു '' വയസ്സായ അമ്മ മാത്രമേ എനിക്കുള്ളു. ഞാന്‍ അതാലോചിച്ച് സങ്കടപ്പെടാറില്ല. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ നൂറുനൂറ് ആള്‍ക്കാരുണ്ട് എനിക്ക് ''.

'' അതെങ്കിലും ഉണ്ടല്ലോ നിനക്ക് '' അവന്‍റെ വാക്കുകളില്‍ വിഷമം നിറഞ്ഞു നിന്നു.

രവിയുടെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. ജാതി എന്ന വേര്‍തിരിവ് ലംഘിച്ച അവരെ ഇരു സമുദായങ്ങളും പുറന്തള്ളി. ബന്ധുക്കളും ഉപേക്ഷിച്ചതോടെ ആ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു.

'' നിന്‍റെ അച്ഛനും അമ്മയ്ക്കും വിശേഷിച്ച് ഒന്നും ഇല്ലല്ലോ '' പ്രദീപ് ചോദിച്ചു.

'' അമ്മ ഈ മാര്‍ച്ച് മുപ്പത്തൊന്നിന്ന് സ്കൂളില്‍ നിന്ന് പിരിഞ്ഞു. അച്ഛന്‍ ജോലിക്ക് പോണുണ്ട് ''.

'' അതെന്താ അങ്ങിനെ ''.

'' അച്ഛന്‍ റെയില്‍വേയിലല്ലേ. പോരാത്തതിന്ന് അമ്മടെ സര്‍ട്ടിഫിക്കറ്റില്‍ രണ്ടു വയസ്സ് കൂടുതലും ആണ് '' രവി പറഞ്ഞു. പൊടി പറത്തിക്കൊണ്ട് രണ്ട് ബസ്സുകള്‍ കടന്നു പോയി.

'' നീ എന്താ ഇപ്പൊ ചെയ്യുന്നത് '' അവന്‍ ചോദിച്ചു.

'' നിനക്ക് ഇന്‍ഷൂറന്‍സ് എടുക്കണോ, ഡെപ്പോസിറ്റ് ചെയ്യണോ എന്നോട് പറയ് '' പ്രദീപ് പറഞ്ഞു '' ഞാന്‍ ഇപ്പോള്‍ മാര്‍ക്കെറ്റിങ്ങ് എക്സിക്യൂട്ടീവ് ആണ് ''. പ്രദീപ് അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ പേര് പറഞ്ഞു.

'' തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു പണിയായി അല്ലേടാ ''.

പ്രദീപ് ഒന്ന് മൂളി.

'' അനുജന്മാര് '' അവന്‍ ചോദിച്ചു.

'' ഒരുത്തന്‍ പ്ലംബിങ്ങിന്ന് പോണുണ്ട്. ചെറിയവന്‍ ഡിഗ്രിക്ക് ചേര്‍ന്നു ''.

'' നിനക്ക് മുപ്പത് വയസ്സ് ആവാറായില്ലേ. കല്യാണം നോക്കുന്നുണ്ടോ ''.

'' അച്ഛന്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങിയാല്‍ എനിക്ക് ജോലി കിട്ടും എന്ന് പറയുന്നുണ്ട്. ഇപ്പോള്‍ അതിനുള്ള ശ്രമത്തിലാണ്. അതിന്ന് പുറമെ പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ പേരുണ്ട്. എപ്പഴാ അപ്പോയിന്‍റ്മെന്‍റ് ഉണ്ടാവുക എന്നറിയില്ല. ഏതെങ്കിലും ഒരു ജോലി കിട്ടിയിട്ടേ കല്യാണക്കാര്യം ആലോചിക്കൂ. ഇനി അതിന്ന് എന്തൊക്കെ ഏടാകൂടം ഉണ്ടാവും എന്നൊന്നും അറിയില്ല ''.

'' അതിനെന്താ ഏടാകൂടം ''.

'' സമുദായ പ്രശ്നം തന്നെ ''.

'' നിന്‍റെ അച്ഛനും അമ്മയും അതൊന്നും നോക്കിയില്ലല്ലോ. അവര് ഒന്നിച്ച് ജീവിക്കുന്നില്ലേ. അതുപോലെ നിനക്കും ഒരു പെണ്‍കുട്ടിയെ കിട്ടും ''.

'' അമ്മയ്ക്ക് മാത്രമേ അത് വിചാരിച്ച് വിഷമം ഉള്ളു. ബാക്കി ആരും ആ ഭാഗം ആലോചിക്കാറേ ഇല്ല '' ഒന്ന് നിര്‍ത്തി അവന്‍ ചോദിച്ചു '' എങ്ങിനെ പോണൂ നിന്‍റെ ജോലി ''.

'' അതൊന്നും പറയാതിരിക്കുകയാണ് ഭേദം. നൂറാളുകളെ കണ്ട് സംസാരിച്ചാല്‍ ആറാളുകള്‍ കേള്‍ക്കാന്‍ സന്മനസ്സ് കാട്ടും. അതില്‍ ഒരാള് നോക്കട്ടെ എന്ന് പറയും. പണം മുടക്കണ്ട സമയമാവുമ്പോള്‍ അയാളും വലിയും ''.

'' എല്ലാ ഫീല്‍ഡിലും ഇതൊക്കെ തന്നെയാണ്. എന്‍റെ കാര്യം നോക്ക്. ആളുകളെ ക്യാന്‍വസ്സ് ചെയ്ത് പേഴ്സണല്‍ ലോണ്‍ എടുപ്പിക്കലാ എന്‍റെ ഇപ്പോഴത്തെ പണി. അതും ശരിയാവുന്നില്ല ''.

ശെല്‍വന്‍ കടം വാങ്ങി കൊടുക്കാന്‍ ആവശ്യപ്പെട്ടത് പ്രദീപിന്ന് ഓര്‍മ്മ വന്നു. സംഗതി ക്ലിക്ക് ചെയ്താല്‍ രണ്ടുപേര്‍ക്കും ഉപകാരമാവും.

'' നോക്കെടാ എന്‍റെ ഒരു കക്ഷിക്ക് അത്യാവശ്യായിട്ട് കുറച്ച് പണം വേണം. അവന് ഒരു ലോണ്‍ ശരിയാക്കി കൊടുക്ക് '' പ്രദീപ് പറഞ്ഞു '' അവനത് ഒരു ഉപകാരം ആവും , നിനക്ക് ഒരു ലീഡ് കിട്ടും ചെയ്യും ''.

'' ആര്‍ക്കാ ലോണ്‍ വേണ്ടത്, എത്ര വേണം '' രവി ഉഷാറായി.

പ്രദീപ് കാര്യങ്ങള്‍ വിവരിച്ചു.

'' ഞാനൊന്ന് നോക്കട്ടെ . എവിടെയാ സ്ഥലം '' രവി ചോദിച്ചു.

'' ടൌണിന്ന് നടുവില്‍ തന്നെയാണെടാ '' പ്രദീപ് സ്ഥലം പറഞ്ഞു കൊടുത്തു.

'' വെരി സോറി. അത് നടക്കില്ല '' രവി പറഞ്ഞു.

'' എന്താടാ കാര്യം ''.

'' കമ്പിനിടെ നോട്ടത്തില്‍ ആ സ്ഥലം നെഗറ്റീവ് ഏരിയ ആണ് ''.

'' എന്നു പറഞ്ഞാല്‍ ''.

'' ആ സ്ഥലത്തുള്ളവര്‍ക്ക് കടം കൊടുത്താല്‍ തിരിച്ച് കിട്ടില്ല , അവര് പണം വാങ്ങിച്ച് ഒറ്റ മുങ്ങ് മുങ്ങും എന്നൊക്കെയാണ് കമ്പിനിടെ കാഴ്ചപ്പാട് ''.

'' ഏയ്. ഇവന്‍ അങ്ങിനത്തെ ആളല്ല. ഞാന്‍ ഗ്യാരണ്ടി ''.

'' നീ പറയുന്നത് ശരിയായിരിക്കും. പക്ഷെ കമ്പിനി സമ്മതിക്കണ്ടേ '' രവി പറഞ്ഞു '' രാഷ്ട്രീയക്കാര്‍ക്കും വക്കീലന്മാര്‍ക്കും പോലീസുക്കാര്‍ക്കും കമ്പിനി കടം കൊടുക്കില്ല. കമ്പിനിടെ നോട്ടത്തില്‍ അവരൊക്കെ നെഗറ്റീവ് പേഴ്സണ്‍സ് ആണ്. അവര്‍ക്ക് കടം കൊടുത്താല്‍ മര്യാദയ്ക്ക് തിരിച്ചടയ്ക്കില്ല, ഒടുക്കം പണം പിരിഞ്ഞു കിട്ടാന്‍ കേസ്സിന്നും കൂട്ടത്തിനും പോവേണ്ടി വരും എന്നാണ് നിലപാട് ''.

'' ഇതാണ് പരിപാടിയെങ്കില്‍ നീ ഇങ്ങിനെ ഓടി നടക്കലേ ഉണ്ടാവൂ. ലോണ്‍ കൊടുക്കല് ഉണ്ടാവില്ല '' പ്രദീപ് പറഞ്ഞു.

'' എങ്ങിനെയെങ്കിലും ടാര്‍ജറ്റ് ഒപ്പിക്കണ്ടേ. ഓടാതെ പറ്റില്ലല്ലോ ''.

'' ഒരു ഒഴിവ് ദിവസം ഞാന്‍ നിന്‍റെ വീട്ടിലേക്ക് വരുന്നുണ്ട് '' പ്രദീപ് പറഞ്ഞു ''കുറെ കാലമായി എല്ലാവരേയും കണ്ടിട്ട് ''.

'' അച്ഛനും അമ്മയും ഇടയ്ക്ക് നിന്‍റെ കാര്യം അന്വേഷിക്കും '' രവി പറഞ്ഞു '' മിടുക്കനാണ് നീ എന്നാ അവര് പറയാറ്. നിന്‍റെ തനി സ്വഭാവം ഞങ്ങള്‍ക്കല്ലേ അറിയൂ ''.

പ്രദീപ് ചിരിച്ചു. രണ്ടുപേരും ബൈക്ക് സ്റ്റാര്‍ട്ടാക്കി.

*************************************************

അര മണിക്കൂറിലേറെയായി അനിരുദ്ധന്‍ കാത്തുനില്‍പ്പ് തുടങ്ങിയിട്ട്. റെപ്രസന്‍റേറ്റിവ് എത്തിയിട്ടില്ല. '' സാറെ ഒരു അഞ്ച് മിനുട്ട് '' എന്ന് പറഞ്ഞ ആളാണ്. തീരെ ഉത്തരവാദിത്വം ഇല്ലാത്തൊരു പയ്യന്‍. ആറ് മാസം കഴിഞ്ഞു ജോലിയില്‍ ചേര്‍ന്നിട്ട്. ഇനിയും ശരിക്ക് ഒരു റിപ്പോര്‍ട്ട് അയയ്ക്കാനറിയില്ല. നല്ല പൊട്ടെന്‍ഷ്യല്‍ ഉള്ള ഏരിയ ആയിരുന്നു. പക്ഷെ സെയില്‍ പടിപ്പടി കുറഞ്ഞു വരുന്നു. എന്താണ് ഇവന്‍ ചെയ്യുന്നത്.

'' വണ്ടി ചെറിയൊരു തകരാറ് കാണിച്ചു. അതാണ് '' എത്തിയതും അവന്‍ വൈകിയതിന്‍റെ കാരണം അറിയിച്ചു.

'' എന്തു പറ്റി '' അനിരുദ്ധന്‍ ചോദിച്ചു.

'' ഗിയര്‍ ബോക്സിന്ന് എന്തോ തകരാറ്. ശരിക്കങ്ങിട്ട് വീഴിണില്ല ''.

ആ പറഞ്ഞത് തികച്ചും അസത്യമാണെന്ന് അനിരുദ്ധന്ന് തോന്നി. പുതിയ വണ്ടിയാണ്. കേട് വരാറൊന്നും ആയിട്ടില്ല.

'' എന്നിട്ട് വര്‍ക്ക് ഷോപ്പില്‍ കാണിച്ചോ ''.

'' വേണ്ടി വന്നില്ല. തന്നെ ശരിയായി ''.

വിഡ്ഡി. നുണ പറയുന്ന പക്ഷം ബോധിക്കുന്ന മട്ടില്‍ പറയണം. കൂടുതല്‍ സംസാരിക്കാന്‍ മിനക്കെട്ടില്ല.

'' എങ്ങോട്ടാ പോണ്ടത് ''പയ്യന്‍ ചോദിച്ചു.

അനിരുദ്ധന്‍ ഒരു ഡോക്ടറുടെ പേര് പറഞ്ഞു. തിരക്കുള്ള ഡോക്ടറാണ്. സപ്പോര്‍ട്ടീവ് ആയിരുന്നു. മുമ്പ് പോയി കാണാറുള്ള ആളാണ്. ഈ പയ്യന്‍ വന്ന ശേഷം ആദ്യമായാണ് ചെല്ലുന്നത്.

ക്ലിനിക്കിലേക്കുള്ള തിരിവ് കഴിഞ്ഞിട്ടും പയ്യന്‍ നിര്‍ത്താതെ ഓടിക്കുകയാണ്.

'' എങ്ങോട്ടാ പോണത് '' അനിരുദ്ധന്‍ ചോദിച്ചു.

'' സാറ് പറഞ്ഞ ഡോക്ടറെ കാണണ്ടേ ''.

'' അതിന് ഈ വഴിക്കാണോ പോണത് ''.

പയ്യന്‍ വണ്ടി നിര്‍ത്തി.

'' തനിക്ക് വഴി അറിയ്യോ '' അയാള്‍ അന്വേഷിച്ചു. പയ്യന്‍ ഒന്നു പരുങ്ങി.

'' താന്‍ ആ ഡോക്ടറെ ഇതുവരെ കണ്ടിട്ടില്ല അല്ലേ ''.

'' സോറി സാര്‍ ''. എത്ര എളുപ്പം. വെറുതെയല്ല സെയില്‍ കുറയുന്നത്.

അഞ്ച് കാളുകള്‍ കാണുമ്പോഴേക്കും ഉച്ചയായി. ഇനി ഭക്ഷണം കഴിച്ചിട്ടാവാം. ടൌണിലേക്ക് തിരിച്ചു പോവാന്‍ തുടങ്ങി.

'' ലെഫ്റ്റിലേക്ക് വിട്. എളുപ്പ വഴിയാണ് '' കോളേജിനടുത്ത് എത്തിയപ്പോള്‍ അനിരുദ്ധന്‍ പറഞ്ഞു.

തിരിവിനടുത്തുള്ള ക്ലിനിക്ക് കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു. പഴയ ഒരു ഡോക്ടറാണ്. ഇപ്പോഴും അത്യാവശ്യം പേഷ്യന്‍സൊക്കെ ഉണ്ട്. മുന്‍വശത്തെ മെഡിക്കല്‍ സ്റ്റോര്‍ അടച്ചിരിക്കുന്നു.

'' താന്‍ ഇവിടെ വരാറുണ്ടോ '' അനിരുദ്ധന്‍ ചോദിച്ചു.

'' ഉവ്വ് ''പയ്യന്‍ പറഞ്ഞു.

'' ഫാര്‍മസി അടച്ചിട്ടുണ്ടല്ലോ ''.

'' സാറെ. മണി ഒന്ന് കഴിഞ്ഞില്ലേ. അയാള്‍ ഉണ്ണാന്‍ പോയതായിരിക്കും ''.

ക്ലിനിക്കില്‍ തിരക്കില്ലാത്തതിനാല്‍ വേഗം കയറാനായി. പയ്യന്‍ ഡീറ്റൈല്‍ ചെയ്യുന്നതും ശ്രദ്ധിച്ച് അനിരുദ്ധന്‍ നിന്നു.

'' പ്രോഡക്റ്റ് അവൈലബിളാണോ '' ഡോക്ടര്‍ ചോദിച്ചു.

'' ആണ് '' പയ്യന്‍ പറഞ്ഞു '' കഴിഞ്ഞ ആഴ്ച ഞാന്‍ വന്നപ്പോള്‍ പറഞ്ഞ് എടുപ്പിച്ചിട്ടുണ്ട് ''.

'' താനെന്താ മനുഷ്യനെ കളിയാക്കാന്‍ വന്നതാണോ '' ഡോക്ടര്‍ ചൂടായി. അനിരുദ്ധന്ന് കാര്യം മനസ്സിലായില്ല.

'' എന്താ സാര്‍ '' അയാള്‍ ചോദിച്ചു.

'' ആ മെഡിക്കല്‍ ഷോപ്പുകാരന്‍ ബൈക്ക് ആക്സിഡന്‍റ് ആയി കൊയമ്പത്തൂരില്‍ അഡ്മിറ്റായിട്ട് ഇരുപത് ദിവസം ആയി. എന്നിട്ടാ ഇയാള് കഴിഞ്ഞ ആഴ്ച കണ്ടു എന്ന് പറയുന്നത് ''.

'' സോറി സാര്‍ '' അനിരുദ്ധന്‍ കൈകൂപ്പി.

'' ദിവസവും രാവിലെ മുതല്‍ രാത്രി വരെ രോഗികളെ കാണുന്നവരാണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍. വിഷമവും വേദനയും ഉള്ളവര്‍ മാത്രമേ ഞങ്ങളുടെ മുമ്പില്‍ എത്താറുള്ളു. അതിന്‍റെ ഇടയില്‍ സ്മാര്‍ട്ടായി നല്ല വേഷം ധരിച്ച് വരുന്ന നിങ്ങളൊക്കെയാണ് ഒരു ചെയ്ഞ്ച്. നിങ്ങള്‍ക്ക് തരുന്ന റെസ്പെക്റ്റ് എന്തിനാണെന്ന് ഓര്‍മ്മ വേണം ''.

മാപ്പ് പറഞ്ഞ് പുറത്തിറങ്ങി.

'' നമ്മളുടെ തൊഴിലിന്ന് ഒരു അന്തസ്സുണ്ട്. നീയായിട്ട് അത് കളയരുത് '' അനിരുദ്ധന്‍ പയ്യനോട് പറഞ്ഞു. ബൈക്ക് നീങ്ങി തുടങ്ങി.

Monday, August 15, 2011

നോവല്‍ - അദ്ധ്യായം - 15.

റഷീദ് ടൌണില്‍ എത്തുമ്പോഴേക്കും മൊബൈലില്‍ വിളി വന്നു. എടുത്തു നോക്കിയപ്പോള്‍ മാനേജരാണ്. വാരിയര്‍ സാര്‍ അങ്ങിനെയാണ്. പറഞ്ഞ സമയത്തിന്ന് പത്ത് മിനുട്ടെങ്കിലും മുമ്പ് സാര്‍ എത്തിയിരിക്കും.

'' ഞാന്‍ ഇതാ എത്തിക്കഴിഞ്ഞു '' അവന്‍ പറഞ്ഞു.

'' നീ ധൃതി പിടിച്ച് ഓടിപ്പാഞ്ഞ് വരണ്ടാ. ഇവിടെ എത്തിയ വിവരം അറിയിച്ചതാണ് '' വാരിയര്‍ സാര്‍ മറുപടി പറഞ്ഞു '' ഞാന്‍ ലോഡ്ജില്‍ ഉണ്ടാവും ''.

വാരിയര്‍ സാര്‍ വന്നാല്‍ സ്ഥിരമായി താമസിക്കുന്ന ലോഡ്ജ് റഷീദിന്ന് അറിയാം. ബസ്സ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു പഴയ കെട്ടിടം. നഗരത്തില്‍ ഏറ്റവും കുറഞ്ഞ വാടകയ്ക്ക് കിട്ടുന്ന ലോഡ്ജാണ് അത്.

റഷീദ് എത്തുമ്പോള്‍ പതിവുപോലെ വാരിയര്‍ സാര്‍ ഭഗവത് ഗീത വായിക്കുകയാണ്.

'' നമുക്ക് ഇറങ്ങാം അല്ലേ സാര്‍ '' അവന്‍ ചോദിച്ചു.

'' എന്താ ഇന്നത്തെ പ്ലാന്‍. ആരെയൊക്കേയാ നമ്മള്‍ ഇന്ന് കാണേണ്ടത് ''.

റഷീദ് ഡോക്ടര്‍മാരുടെ പേരു വിവരം പറഞ്ഞു. ഫിസീഷ്യനും , ഡെന്‍റ്റിസ്റ്റും , പീഡിയാട്രീഷ്യനും , ഐ സ്പെഷലിസ്റ്റും ഒക്കെ കൂടി അവിയല്‍ പരുവത്തില്‍ കുറെ പേരുകള്‍.

'' നോക്ക് റഷീദേ, ഡോക്ടേര്‍സ് ലിസ്റ്റ് നോക്കി പോയി വിസിറ്റ് ചെയ്ത്, വിഷ്വല്‍ ഐഡില്‍ ഉള്ള മരുന്നുകള്‍ മുഴുവന്‍ ഡീറ്റേയില്‍ ചെയ്യുന്നതോണ്ട് ഒരു കാര്യവും ഇല്ല. അതൊന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കില്ല ''.

'' പിന്നെ എന്താ സാര്‍ ചെയ്യണ്ടത് '' റഷീദ് ചോദിച്ചു.

'' ഓരോ സമയത്തിന്ന് അനുസരിച്ച് വേണ്ടത് ചെയ്യണം. നോക്ക്, ജൂണ്‍ മാസം തൊട്ട് മഴക്കാലം ആവും. ആ സമയം ചെറിയ കുട്ടികള്‍ക്ക് പനിയും ചുമയും വരുന്ന കാലമാണ്. നാട് മുഴുവന്‍ വൈറല്‍ ഫീവര്‍ ഉണ്ടാവും. ആ സമയത്ത് നമ്മളെന്താ ചെയ്യേണ്ടത് ? ഫിസീഷ്യന്മാരേയും, പീഡിയാട്രീഷ്യന്‍മാരേയും കോണ്‍സെന്‍ട്രേറ്റ് ചെയ്യണം. പനിയ്ക്കും ചുമയ്ക്കും ഉള്ള മരുന്നുകള്‍ പ്രൊമോട്ട് ചെയ്യണം '' മാനേജര്‍ പറഞ്ഞു '' ഞാന്‍ ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം നീ മറ്റുള്ള ഡോക്ടര്‍മാരെ കാണണ്ടാ എന്നല്ലാട്ടോ ''.

രണ്ടുപേരും കൂടി ലിസ്റ്റ് പരതി. അന്ന് കാണാനുള്ള പന്ത്രണ്ടു പേരെ നിശ്ചയിച്ചു.

'' ഏടാ. ഈ ചങ്ങാതിയുടെ അച്ഛനും ഡോക്ടറല്ലേ '' ഒരു പേര് പറഞ്ഞതും വാരിയര്‍ ചോദിച്ചു.

'' അതെ. ഇപ്പോള്‍ അമേരിക്കയിലാണ് ''.

'' ഞാന്‍ മുമ്പെപ്പഴോ കണ്ടിട്ടുള്ളതാണ്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം '' വാരിയര്‍ സാര്‍ പറഞ്ഞു '' മകള്‍ ഭര്‍ത്താവിന്‍റെ കൂടെ അമേരിക്കയിലാണ്. അവരുടെ അടുത്തേക്ക് പോയതായിരിക്കും. ആ കുട്ടിയുടെ കല്യാണത്തിന്ന് എന്നെ വിളിച്ചിരുന്നു. നമുക്ക് ആദ്യം അയാളെ കാണാം ''.

വാതില്‍ക്കല്‍ നില്‍ക്കുന്ന ആളോട് മാനേജര്‍ സംസാരിക്കുന്നത് റഷീദ് നോക്കി നിന്നു.

'' ഡോക്ടറുടെ അടുത്ത് ഒരു പേഴ്സണല്‍ കാര്യം പറയാനുണ്ടായിരുന്നു '' അദ്ദേഹത്തിന്‍റെ മട്ടും ഭാവവും സ്വാധീനിച്ചതു കൊണ്ടാവണം '' ആള് ഇറങ്ങിയാല്‍ കേറിക്കോളൂ '' എന്ന സമ്മതം കിട്ടിയത്.

അകത്ത് കയറിയതും റഷീദിന്‍റെ കയ്യില്‍ നിന്നും സാമ്പിള്‍ വാങ്ങി മേശപ്പുറത്ത് വെച്ചു.

'' ഫാദര്‍ സ്റ്റേറ്റ്സില്‍ സിസ്റ്ററുടെ അടുത്തു തന്നെയല്ലേ '' മാനേജര്‍ അടുപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഡോക്ടര്‍ മുഖത്തേക്ക് നോക്കി.

'' അച്ഛനെ പരിചയമുണ്ടോ '' അദ്ദേഹം ചോദിച്ചു.

'' ഉവ്വ്. ധാരാളം അറിയും. സാറ് മുമ്പ് മലപ്പുറത്ത് ഉണ്ടായിരുന്നു. അവിടെ എന്‍റെ ഒരു പരിചയക്കാരന്‍റെ വീട് ഞാനാണ് വാടകയ്ക്ക് ഏര്‍പ്പാടാക്കിയത്. സിസ്റ്ററുടെ കല്യാണത്തിന്ന് മറക്കാതെ എന്നെ ക്ഷണിക്കുകയും ചെയ്തു ''.

'' അച്ഛന്‍ മലപ്പുറത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു '' ഡോക്ടര്‍ ഓര്‍മ്മിച്ചു.

'' ഞാന്‍ ആ കാലത്ത് കണ്ടിട്ടുണ്ട് '' മാനേജര്‍ ആ പറഞ്ഞത് ശരിവെച്ചു.

ഡോക്ടര്‍ പ്രോഡക്റ്റ് റിമൈന്‍ഡര്‍ കാര്‍ഡിലൂടെ കണ്ണോടിച്ചു.

'' മെഡിസിനൊക്കെ ഇവിടെ അവൈലബിളാണല്ലോ '' അദ്ദേഹം ചോദിച്ചു.

'' ഉവ്വ്. ഈ പയ്യനാണ് ഞങ്ങളുടെ റെപ്രസന്‍റ്റേറ്റീവ്. അവന്‍ വന്ന് കണ്ടോളും. സഹായിക്കണം '' മാനേജര്‍ വിനയത്തോടെയാണ് പറഞ്ഞത്.

''ഷുവര്‍ '' ഡോക്ടര്‍ പറഞ്ഞു.

'' ഞങ്ങള്‍ ഇറങ്ങട്ടെ '' കൈകൂപ്പിയ ശേഷം അവര്‍ ഇറങ്ങി.

'' സാറേ, നമ്മള്‍ ഡീറ്റെയില്‍ ചെയ്തില്ലല്ലോ '' പുറത്ത് വന്നപ്പോള്‍ റഷീദ് പറഞ്ഞു.

'' നൂറ് പ്രാവശ്യം നീ ഡീറ്റെയില്‍ ചെയ്താല്‍ ഉള്ളതിനേക്കാള്‍ നമ്മളുടെ പ്രോഡ്ക്ടുകള്‍ ഇനി മുതല്‍ ആ ഡോക്ടര്‍ എഴുതിക്കോളും '' വാരിയര്‍ സാര്‍ ചിരിച്ചു.

'' അതെങ്ങിനേയാ സാറേ '' റഷീദിന്ന് സംശയമായി.

'' ഒരു മാര്‍ക്കറ്റിങ്ങ് പ്രൊഫഷനല്‍ നല്ല ഒരു ചൂണ്ടക്കാരനെപോലെയാവണം '' വാരിയര്‍ പറഞ്ഞു '' ഏതു ഇര ഇട്ടാല്‍ മീന്‍ കൊത്തും എന്ന് അറിയുന്നവനേ നല്ല മീന്‍ കിട്ടൂ ''.

ആ പറഞ്ഞതും റഷീദിന്ന് മനസ്സിലായില്ല.

******************************************************

'' എന്താടാ നിന്നെ രണ്ട് ദിവസമായി കാണാത്തത് '' ശെല്‍വന്‍ വിളിച്ചപ്പോള്‍ പ്രദീപ് ചോദിച്ചു.

'' ഞാന്‍ പറഞ്ഞില്ലേ വീട് റിപ്പയര്‍ ചെയ്യണംന്ന്. മിനിഞ്ഞാന്ന് ഒരു സൈഡ് വീണു. തല്‍ക്കാലത്തേക്ക് ഓട് ഒതുക്കി വെച്ച് ടാര്‍പ്പോളിന്‍ കെട്ടി. അതിന്‍റെ പിന്നാലെയായിരുന്നു ''.

'' അപ്പൊ നിനക്ക് അര്‍ജന്‍റായിട്ട് പൈസ വേണം അല്ലേടാ ''.

'' അതിന്ന് മുമ്പ് ഒരു കാര്യം ഉണ്ടെടാ. ഈ ആഴ്ച നൂറ് സിം കാര്‍ഡ് കൊടുക്കണം . എന്താ വേണ്ടത് എന്ന് എനിക്കറിയില്ല ''.

'' ഫ്രീ സിം ആണോടാ ''.

'' അതെ ''.

'' എന്നാല്‍ പേടിക്കണ്ടാ. വഴീണ്ട് ''.

'' നീ വിചാരിക്കുന്നത് പോലെ അത്ര എളുപ്പം അല്ലാട്ടോ. വെറുതെ കൊടുക്കാം എന്ന് പറഞ്ഞാലും ആര്‍ക്കും വേണ്ടാ ''.

ആറേഴ് കൊല്ലം മുമ്പ് പണം കൊടുത്താലും സിം കാര്‍ഡ് കിട്ടാന്‍ പാടായിരുന്നു. ഒന്നുകില്‍ കൂടുതല്‍ പണം കൊടുത്ത് ബ്ലാക്കില്‍ എടുക്കണം, അല്ലെങ്കിലോ വലിയ ആരെങ്കിലും റെക്കമെന്‍ഡ് ചെയ്യണം. കൂണു പോലെ മൊബൈല്‍ കമ്പിനികള്‍ വന്നതോടെ ആ സ്ഥിതി മാറി. ഇപ്പോള്‍ ഏറ്റവും എളുപ്പം കിട്ടാവുന്ന ഒരേയൊരു സാധനം സിം കാര്‍ഡാണ്.

'' നീ സിം കാര്‍ഡ് കൊണ്ടു വാ. നൂറ് ആളുകളുടെ ഐ. ഡി. പ്രൂഫ് ഞാന്‍ തരാം '' പ്രദീപ് പറഞ്ഞു.

'' അപ്പോള്‍ ഒപ്പോ ''.

'' നമുക്ക് ഇടത്തെ കയ്യോണ്ടും വലത്തെ കയ്യോണ്ടും മാറി മാറി ഒപ്പിടാം '' പ്രദീപ് ചിരിച്ചു

'' സമാധാനം ആയി '' ശെല്‍വന്‍റെ വാക്കുകളില്‍ അത് നിഴലിച്ചിരുന്നു.


Tuesday, August 9, 2011

നോവല്‍ - അദ്ധ്യായം - 14.

'' അമ്മേ , ഇന്ന് എന്‍റെ കൂട്ടുകാരികളൊക്കെ പാലക്കാട്ടേക്ക് പോണുണ്ട്. ഞാനും പൊയ്ക്കോട്ടെ '' കാലത്ത് രമ അമ്മയോട് ചോദിച്ചു.

'' എന്താ അവിടെ. വല്ലോരും മോരു പാര്‍ന്ന് വിളക്കുവെച്ച് നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടോ '' ഇന്ദിരയുടെ വാക്കുകളില്‍ മകള്‍ ചോദിച്ചതിലുള്ള അതൃപ്തി നിഴലിച്ചിരുന്നു.

'' ഞങ്ങളുടെ ക്ലാസിലെ ഒരു കുട്ടിടെ ചേച്ചിടെ കല്യാണമാണ്. എല്ലാരും കൂടി പോയി ഒരു ഗിഫ്റ്റ് സെലക്റ്റ് ചെയ്ത് വാങ്ങാനാണ് '' രമ കാരണം അറിയിച്ചു.

'' നീ ചെന്നില്ലെങ്കിലും മറ്റുള്ളോര് വാങ്ങിച്ചോളും ''.

'' എനിക്ക് സ്റ്റിക്കര്‍ പൊട്ടും നെയില്‍ പോളീഷും വാങ്ങാനുണ്ട്. കല്യാണത്തിന്ന് പോവാന്‍ വേണ്ടതാ ''.

'' ഇനി അതിന്‍റെ ഒരു കുറവേ ഉള്ളു. മിണ്ടാണ്ടെ അടങ്ങി ഒതുങ്ങി ഒരു ഭാഗത്ത് ഇരുന്നോ ''.

'' എന്‍റെ ഒരു മോഹൂം ഈ അമ്മ സാധിച്ചു തരില്ല '' അവള്‍ കണ്ണും തുടച്ച് കുളിക്കാന്‍ പോയി.

ഇതെല്ലാം ശ്രദ്ധിച്ച് അനൂപ് നില്‍ക്കുന്നുണ്ടായിരുന്നു. അനിയത്തി പോയി കഴിഞ്ഞതും അവന്‍ അമ്മയെ സമീപിച്ചു.

'' രമ കൂട്ടുകാരികളുടെ കൂടെ പൊയ്ക്കോട്ടെ അമ്മേ. വല്ലതും വേണച്ചാല്‍ വാങ്ങും ചെയ്തോട്ടെ. അവള് ഒരു പെണ്‍കുട്ടിയല്ലേ. പൊട്ടോ മാലയോ ഒക്കെ വാങ്ങാന്‍ മോഹം കാണില്ലേ ''.

'' നീയാണ് അവളുടെ തോന്ന്യാസത്തിന്ന് വളം വെച്ചു കൊടുക്കുന്നത് '' എന്ന് ഇന്ദിര പറഞ്ഞുവെങ്കിലും രമ കുളിച്ചെത്തിയതും അവര്‍ മകളെ വിളിച്ചു.

'' ഇന്നാ. അമ്പത് ഉറുപ്പിക ഉണ്ട്. എന്താച്ചാല്‍ വാങ്ങിക്കോ '' അവര്‍ പറഞ്ഞു '' പിന്നെ ഒരു കാര്യം പറയാം. പോയ ആവശ്യം കഴിഞ്ഞാല്‍ തെണ്ടിത്തിരിഞ്ഞു നില്‍ക്കാതെ വീടെത്തിക്കോളണം ''.

ഏറെ സന്തോഷത്തോടെയാണ് രമ ക്ലാസ്സിലേക്ക് പോയത്. സമയം പന്തണ്ട് കഴിഞ്ഞതേയുള്ളു. അനൂപിന്‍റെ മൊബൈലില്‍ ഒരു കാള്‍ വന്നു. നോക്കുമ്പോള്‍ പരിചയമില്ലാത്ത നമ്പര്‍. അവന്‍ ഫോണെടുത്തു.

'' ഏട്ടാ. ഇത് ഞാനാ, രമ. ഒരു ഫ്രണ്ടിന്‍റെ മൊബൈലില്‍ നിന്നാ വിളിക്കുന്നത് '' അവളുടെ ശബ്ദത്തില്‍ ഒരു പരിഭ്രമം ഉണ്ടായിരുന്നു.

'' എന്താ മോളേ '' അനൂപ് ചോദിച്ചു.

'' ഞാനും കൂട്ടുകാരികളും കൂടി നടന്നു വരുമ്പോള്‍ രണ്ട് ചെക്കന്മാര് വേണ്ടാത്തതും പറഞ്ഞും കൊണ്ട് പിന്നാലെ വരുന്നു ''.

'' ആരാ അവര് ''.

'' ഞങ്ങള്‍ക്കറിയില്ല ''.

'' എവിടേയാ നിങ്ങളിപ്പോള്‍ '' .

പെണ്‍കുട്ടി സ്ഥലം പറഞ്ഞു കൊടുത്തു.

'' നിങ്ങള്‍ അവിടെ നിന്നോളിന്‍. ഞാന്‍ ഇപ്പൊ എത്താം '' അങ്ങിനെ പറഞ്ഞുവെങ്കിലും ആ തെമ്മാടികളെ നേരിടാനാവുമോ എന്ന സംശയം അവന്‍റെ ഉള്ളിലുണ്ടായി. പ്രദീപ് എത്താറായിട്ടില്ല. റഷീദ് സ്ഥലത്തുണ്ട്. അവനെ വിളിക്കാം.

അനൂപ് എത്തുമ്പോഴേക്ക് റഷീദ് സ്ഥലത്ത് എത്തി കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ശെല്‍വനും. പെണ്‍കുട്ടികളെ കളിയാക്കിയവരോട് അവര്‍ കയര്‍ക്കുകയാണ്. രമയും വേറെ മൂന്ന് പെണ്‍കുട്ടികളും പേടിച്ചു നില്‍പ്പുണ്ട്. ആ വഴി വരുന്നവരെല്ലാം ഒന്ന് നോക്കി അവരവരുടെ വഴിക്ക് പോവുന്നതേയുള്ളു.

'' എന്താ രമേ '' അനൂപ് ചോദിച്ചു.

'' ഈ രണ്ടെണ്ണൂം ഓരോന്ന് പറഞ്ഞും കൊണ്ട് പിന്നാലെ നടക്ക്വാണ് ''.

'' എന്താ ഇതൊക്കെ '' അവന്‍ അവരോട് ചോദിച്ചു.

'' നീയാരാ ചോദിക്കാന്‍ '' ഒരുവന്‍ ചോദിച്ചു. കാര്‍ഗോസും ഇറുകിയ ഷര്‍ട്ടുമാണ് അവന്‍റെ വേഷം.

'' ഇവളുടെ ഏട്ടന്‍ ''.

'' അത് ശരി. അപ്പൊ നമ്മള് തമ്മില്‍ ഒരു ബന്ധം ആയി. ഇനി ധൈര്യായിട്ട് അളിയാന്ന് വിളിക്കാലോ ''.

'' തെമ്മാടിത്തരം പറഞ്ഞാല്‍ ഞങ്ങളുടെ സ്വഭാവം മാറും '' റഷീദ് ഏറ്റുമുട്ടാന്‍ ഒരുങ്ങി കഴിഞ്ഞു.

സംഭാഷണം കയ്യാങ്കളിയിലേക്ക് നീങ്ങുകയാണെന്ന് അനൂപിന്ന് തോന്നി. അവന്‍ ഉടനെ പ്രദീപിനെ വിളിച്ചു. എന്തിനും അവന്‍ ഉള്ളത് ഒരു ധൈര്യമാണ്.

'' എന്താ അനൂപേ '' പ്രദീപ് ചോദിച്ചു. അനൂപ് വിവരങ്ങള്‍ പറഞ്ഞു.

'' ഒട്ടും പേടിക്കണ്ടാടാ. ഞാന്‍ ഇതാ വരുന്നു. അപ്പോഴേക്കും നിങ്ങളെ സഹായിക്കാന്‍ കുറച്ച് ആള്‍ക്കാര് അവിടെ എത്തും ''.

എതിരാളികളും പലരേയും ഫോണിലൂടെ വിളിക്കുന്നുണ്ട്. നിമിഷങ്ങള്‍ക്കകം പല വഴിക്കായി ബൈക്കുകള്‍ എത്തി തുടങ്ങി. വായ്‌പ്പോര് ഒന്നു കൂടി ശക്തി കൂടി. വെല്ലുവിളികള്‍ ഉയര്‍ന്നു. ആ നേരത്താണ് പ്രദീപിന്‍റെ ബൈക്ക് എത്തുന്നത്. അവന്‍ നോക്കുമ്പോള്‍ എതിര്‍ചേരിയിലുള്ളവരും പരിചയക്കാരാണ്

'' എന്താടാ ഷാജി പ്രശ്നം '' അവന്‍ പെണ്‍കുട്ടികളെ കളിയാക്കിയവന്‍റെ അടുത്തേക്ക് ചെന്നു. അനൂപും
കൂട്ടുകാരും അത്ഭുതത്തോടെ അവനെ നോക്കുകയാണ്.

'' ഞാന്‍ പറയാം '' ഒറ്റ നോട്ടത്തില്‍ തന്നെ ഗുണ്ടയാണ് എന്ന് തോന്നുന്നവന്‍ പറഞ്ഞു '' ഇവര്‍ക്ക് ഇവനെ തല്ലണം എന്ന് ഒരു മോഹം. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് ഞാനും വിചാരിച്ചു. അവന്‍റെ ദേഹത്ത് തൊട്ടവന്‍റെ കയ്യ് വെട്ടി നിലത്തിട്ടിട്ടേ ഞാന്‍ പോവൂ ''.

'' അതൊന്നും വേണ്ട അന്‍വറണ്ണാ. ഇവരൊക്കെ എന്‍റെ കൂട്ടുരാണ് '' പ്രദീപ് പറഞ്ഞു '' വിവരം അറിഞ്ഞിട്ട് ഞാന്‍ വന്നതാണ് ''.

'' പ്രദീപേ, നീ വന്നില്ലെങ്കില്‍ സംഗതി കുളമായേനെ '' അന്‍വര്‍ അവനെ കെട്ടി പിടിച്ചു '' ഇവര് എന്തെങ്കിലും ചെയ്യും. തിരിച്ച് ഞങ്ങളും. അത് കൂടാതെ കഴിഞ്ഞു ''.

പ്രദീപ് അനൂപിനേയും റഷീദിനേയും മറ്റു കൂട്ടുകാരേയും എതിര്‍പാര്‍ട്ടിക്ക് പരിചയപ്പെടുത്തി കൊടുത്തു. അതോടെ മുറുകി പിടിച്ച അന്തരീക്ഷം ഒന്നയഞ്ഞു.

'' പ്രദീപേ, എനിക്ക് ഒരു അബദ്ധം പറ്റി. ഈ കുട്ടികള് നിന്‍റെ കൂട്ടുകാരന്ന് വേണ്ടപ്പെട്ടോരാണെന്ന് ഞാന്‍ അറിഞ്ഞില്ല '' ഷാജിയുടെ വാക്കുകള്‍ ഒരു ക്ഷമാപണം പോലെ തോന്നി.

'' ഇതൊക്കെ സഹജം അല്ലേടാ. കഴിഞ്ഞത് കഴിഞ്ഞു. രണ്ടു കൂട്ടരും കൈ കൊടുത്ത് പിരിയിന്‍ ''.

എല്ലാവരും അന്യോന്യം ലോഹ്യം പറഞ്ഞു എന്നു മാത്രമല്ല ഷാജി പെണ്‍കുട്ടികളോട് '' ക്ഷമിക്കണം. ഒന്നും മനസ്സില്‍ വെക്കരുത് '' എന്ന് പറയുകയും ചെയ്തു.

'' അന്‍വറണ്ണാ. ഇവര് ദിവസവും ടൌണില്‍ ഉണ്ടാവും. എപ്പോഴെങ്കിലും അവര്‍ക്ക് വല്ല ആവശ്യം വന്നാല്‍ സഹായിക്കണം കേട്ടോ '' പ്രദീപ് അന്‍വറിന്ന് കൈ കൊടുത്തു.

'' അത് പറയണോടാ. നിന്‍റെ ആള്‍ക്കാര് ഞങ്ങളുടേയും ആള്‍ക്കാരല്ലേ ''. സംഘം തിരിച്ചു പോയി.

'' നമുക്ക് ആദ്യം ഇവരെ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിക്കാം '' പെണ്‍കുട്ടികളെ പറ്റി പ്രദീപ് പറഞ്ഞു. വഴിയെ ഓട്ടം കഴിഞ്ഞ് പോവുന്ന ഒരു ഓട്ടോയില്‍ അവരെ കയറ്റി വിട്ടു.

'' ആള് അറിയാതെ കയ്യാങ്കളിക്ക് പുറപ്പെട്ടാല്‍ വിവരം അറിയും '' റഷീദിനോട് പ്രദീപ് പറഞ്ഞു.

'' അനൂപിന്‍റെ പെങ്ങളെ കളിയാക്കിയവനെ വെറുതെ വിടണോ '' റഷീദ് ചോദിച്ചു.

'' ആ ഷാജി ആളൊരു ഊളനാണ്. കൈ നിവര്‍ത്തി ഒന്ന് പൊട്ടിച്ചാല്‍ മതി അവന്‍റെ കയ്യിരുപ്പ് തീരും '' പ്രദീപ് പറഞ്ഞു '' പക്ഷെ അവനെ സഹായിക്കാന്‍ വന്നോര് അങ്ങിനെയല്ല. ക്വട്ടേഷന്‍ ടീമാണ് അവരൊക്കെ ''.

അതറിഞ്ഞതോടെ ഉള്ളില്‍ തോന്നിയ ദേഷ്യം ഭീതിക്ക് വഴി മാറി.

'' ഇനി എപ്പോഴെങ്കിലും അവര് നമ്മളെ വല്ലതും ചെയ്യോ '' ശെല്‍വന്‍ ചോദിച്ചു.

'' ഏയ്. അതൊന്നും ഉണ്ടാവില്ല '' പ്രദീപ് പറഞ്ഞു '' പക്ഷെ മേലാല്‍ ആള്‍ക്കാരോട് ഇടപെടുമ്പോള്‍ കുറച്ച് സൂക്ഷിച്ച് പെരുമാറ് ''.

'' നിനക്ക് ഇവരെ എങ്ങിനേയാടാ പരിചയം '' റഷീദ് ചോദിച്ചു.

'' എടാ, ഞാന്‍ പറയാറില്ലേ, എനിക്ക് ഒരു പാട് ആള്‍ക്കാരെ പരിചയം ഉണ്ട്. അതില്‍ ഇവരും പെടും '' പ്രദീപ് പറഞ്ഞു '' ഈ ഷാജി ടൌണിലെ വമ്പന്‍ പണക്കാരനാണ്. പക്ഷെ കയ്യിലുള്ളത് തനിച്ച് തെണ്ടിത്തരം ആണ് . അന്‍വറണ്ണനും സെറ്റും വണ്ടി പിടിക്കാനും കൂലി തല്ലിനും പോണ ആള്‍ക്കാരാണ്. ഷാജി നിങ്ങളെ തല്ലാന്‍ അവരെ വിളിച്ചു വരുത്തിയതാണ് ''.

'' ദൈവാധീനം '' അനൂപ് പറഞ്ഞു '' അബദ്ധം പറ്റാതെ തേവര് കാത്തു ''.

'' നിന്‍റെ തേവരൊന്ന്വൊല്ല, ഇവനാ കാത്തത് '' റഷീദ് പ്രദീപിനെ ചൂണ്ടി പറഞ്ഞു.

സൂര്യനെ മറച്ചു നിന്ന മേഘക്കീറ് നീങ്ങി. വെയിലിന്ന് ശക്തി കൂടി.

******************************************************

അനിരുദ്ധന്‍റെ മനസ്സ് മുഴുവന്‍ മരുന്നുകള്‍ മടക്കി അയയ്ക്കാതിരിക്കാന്‍ എങ്ങിനെയാണ് സ്റ്റോക്കിസ്റ്റിനെ അനുനയിപ്പിക്കേണ്ടത് എന്ന ചിന്തയായിരുന്നു. കുട്ടിയുടെ അസുഖം മുഴുവന്‍ ഭേദമായിട്ടില്ല. പക്ഷെ അതു കാരണം എത്ര ദിവസം ജോലി ചെയ്യാതിരിക്കാന്‍ കഴിയും. കാലത്ത് പുറപ്പെടുമ്പോള്‍ കുട്ടി ഉണര്‍ന്നിട്ടില്ല. അല്ലെങ്കിലും അഞ്ചര മണിക്കൊന്നും അവന്‍ എഴുന്നേല്‍ക്കാറില്ല. തൊട്ട് നോക്കിയപ്പോള്‍ ചെറിയൊരു ചൂട് തോന്നിയിരുന്നു. മരുന്നുകള്‍ കൊടുക്കാന്‍ ഭാര്യയെ ഏല്‍പ്പിച്ച് പുറപ്പെട്ടതാണ്.

മുപ്പത്തഞ്ച് ബോക്സ് മരുന്നാണ് സി അന്‍ഡ് എഫില്‍ നിന്ന് അയച്ചത്. പതിനഞ്ചോളം ബോക്സ് നേരത്തെ സ്റ്റോക്കുണ്ട്. ആകെ അമ്പതിനടുത്തുണ്ട്. പകുതി ലിക്വിഡേറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ മടക്കി അയക്കില്ല. രണ്ട് സോഴ്സ് കണ്ടിട്ടുണ്ട്. അനിരുദ്ധന്‍ വാച്ചില്‍ നോക്കി. സമയം ഏഴര കഴിഞ്ഞു. റെപ്പിനെ വിളിച്ചാലോ എന്ന് അയാള്‍ ആലോചിച്ചു. നല്ല ഉത്തരവാദിത്വമുള്ള പയ്യനാണ്. മൊബൈല്‍ എടുത്ത് അവനെ വിളിച്ചു.

'' ഞാന്‍ വരുന്നുണ്ട് '' അയാള്‍ പറഞ്ഞു '' ഇന്നലെ പറഞ്ഞത് അന്വേഷിക്കണം ''.

'' ഇന്നലെത്തന്നെ ചോദിച്ചു സാര്‍ '' മറുപടി കേട്ടു '' കുട്ടിക്ക് സുഖമില്ലാതെ ഇരിക്കുമ്പോള്‍ വിളിക്കണ്ടാ എന്ന് വെച്ചിട്ടാണ് ''.

ഉദ്ദേശിച്ച പദ്ധതി നടക്കില്ല എന്നാണോ ? മനസ്സില്‍ വേവലാതി ആയി.

'' എന്താ കാര്യം നടക്കില്ലേ ''.

'' നടക്കും സാര്‍ . നൂറിന്ന് മുപ്പത് ഓഫര്‍ കൊടുത്താല്‍ ഇരുപത്തഞ്ച് ബോക്സ് എടുക്കാമെന്ന് ഫാര്‍മസിസ്റ്റ് പറഞ്ഞു. പിന്നെ അയാള്‍ക്ക് മറ്റേത് വാങ്ങി കൊടുക്കണം ''.

ഹോസ്പിറ്റല്‍ കേസാണ്. ഇരുപത്തഞ്ചും ഏഴരയും മുപ്പത്തിരണ്ടര ബോക്സ് ബില്ലടിയ്ക്കാം. പിന്നെ ഒരു ഫുള്‍ ബോട്ടില്‍. അതിന്‍റെ പൈസ കയ്യില്‍ നിന്ന് പൊയ്ക്കോട്ടെ ''.

അനിരുദ്ധന്ന് സമാധാനമായി. അയാള്‍ നെഞ്ചില്‍ തടവി.