Saturday, January 26, 2013

നോവല്‍ - അദ്ധ്യായം - 63.

പകല്‍ സായഹ്നത്തിലേക്ക് ചുവടുമാറ്റം നടത്തിയതേയുള്ളു. ഓഡിറ്റോറിയത്തിന്‍റെ പരിസരം മുഴുവന്‍ വര്‍ണ്ണപ്രഭ തൂകുന്ന അലങ്കാരദീപങ്ങളുടെ മാലകള്‍ തെളിഞ്ഞ ആകാശത്തിന്നു കീഴേ മറ്റൊരു നക്ഷത്രജാലമായി. അതിഥികള്‍ എത്തുന്നതേയുള്ളു. ഹാളിന്നു മുമ്പില്‍ സജ്ജീകരിച്ച വെല്‍ക്കം ഡ്രിങ്ക്സിന്‍റെ രുചിഭേദങ്ങള്‍ പ്രദീപ് കഴിച്ചുനോക്കുകയാണ്. എന്തും അതിഥികള്‍ക്ക് കൊടുക്കുംമുമ്പ് നന്ന് എന്ന് ഉറപ്പു വരുത്തണം. 

'' നീയെന്താ മുഴുവനും കുടിച്ച് തീര്‍ക്ക്വോ '' തിരിഞ്ഞു നോക്കുമ്പോള്‍ ബ്രഹ്മദത്തന്‍. പ്രൈമറി ക്ലാസ്സ് മുതല്‍ സഹപാഠിയായിരുന്നവന്‍. ഇപ്പോള്‍ മുംബെയില്‍ എന്തോ ജോലിയിലാണ്.

 '' എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു നോക്കിയതാ. നീ എപ്പോള്‍ വന്നു ''.

'' കഴിഞ്ഞ വ്യാഴാഴ്ചയെത്തി. കുറച്ചു ദിവസം ഇവിടെയുണ്ടാവും. അച്ഛനേയും അമ്മയേയും ഗുരുവായൂരും കാടാമ്പുഴയിലും കൊണ്ടുപോണം. തിരിച്ചുപോവുമ്പോള്‍ ബാംഗ്ലൂരിലിറങ്ങി അനിയത്തിയെ കാണണം '' ബ്രഹ്മദത്തന്‍ പറഞ്ഞു '' ഇവിടെ വന്നപ്പഴാ ഇവന്‍റെ കല്യാണക്കുറി കണ്ടത്. ഇപ്പോള്‍ വലിയ ആളായെങ്കിലും ഒന്നിച്ച് പഠിച്ചവനല്ലേ. ഒന്ന്കാണും ചെയ്യാലോ എന്ന് കരുതി ''.

'' അവന് അങ്ങിനെയൊന്നും ഇല്യാട്ടോ. എല്ലാവരോടും പഴയ മട്ടില്‍ തന്നെയാ പെരുമാറ്റം ''.

'' നിങ്ങളുടെ പഴയ ഗ്യാങ്ങൊക്കെ എന്തു പറയുന്നൂ ''.

'' ശെല്‍വന്‍റെ കല്യാണം കഴിഞ്ഞു. അവന് റെയില്‍വെയില്‍ ടി.ടി.ആര്‍. ആയി ജോലി കിട്ടി. സുമേഷ് ഗള്‍ഫിലാണ്. രണ്ടു ദിവസം മുമ്പ് അവനെത്തി. ഈ ലീവില്‍ അവന്‍റെ കല്യാണം ഉണ്ടാവും. പെരുനാള്‍ കഴിഞ്ഞാല്‍ റഷീദും പെണ്ണുകെട്ടും ''.

'' അപ്പൊ നീയോ ''.

'' റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി കൂടുന്നു. കുറച്ച് കാശുണ്ടാക്കാന്‍ പറ്റി. അതോണ്ട് ടൌണില്‍
ഒരു ബേക്കറിയും കൂള്‍ബാറും തുടങ്ങി. ഭൂമി ഇടപാട് നിര്‍ത്തിയിട്ടില്ല ''.

'' എങ്ങിനേയാ രണ്ടും കൂടി ''.

'' വിവേകില്ലേ. നീയൊക്കെ വട്ടന്‍ എന്ന് വിളിക്കാറുള്ളവന്‍. ഇപ്പോള്‍ എന്‍റെ അസിസ്റ്റന്‍റാണ്.  ഇനി നിന്‍റെ കാര്യം പറ ''.

'' മുംബെയില്‍ കടിച്ചു പിടിച്ചു നില്‍ക്കുന്നു. അനിയത്തിയുടെ കല്യാണം നടത്തണം. പിന്നെ എന്‍റെ കാര്യം ''.

'' നിനക്ക് വല്ലതും നോക്കിയിട്ടുണ്ടോ ''.

'' ഒരു ലൈനുണ്ട്. അതാ പ്രശ്നം. കക്ഷി കോട്ടയംകാരി ചേട്ടത്തിയാണ്. എന്തെങ്കിലും ചെയ്യുന്നതിന്നു മുമ്പ് അനിയത്തിയുടെ കാര്യം നടത്തണം. അല്ലെങ്കില്‍ അവളുടെ കാര്യം കട്ടപ്പൊകയാവും ''.

'' ബെസ്റ്റ് കഥ. നമ്പൂരിച്ചെക്കന് നസ്രാണിപ്പെണ്ണ്. ഉം നടക്കട്ടെ നടക്കട്ടെ '' പ്രദീപ് കൂട്ടുകാരനെ ഹാളിലേക്ക് കൂട്ടിക്കൊണ്ടു നടന്നു.




'' നോക്കെടി മകളേ, ആ വരുന്ന ആളെ '' കാറില്‍ നിന്ന് ഇറങ്ങി വരുന്ന ആളെ ചൂണ്ടിക്കാട്ടി പാറു മകളോട് പറഞ്ഞു.

'' ആരാമ്മാ അത് ''.

'' തമ്പുരാട്ടിടെ മൂത്ത ആങ്ങളയാ. തമ്പുരാട്ടിയുടേയും തമ്പുരാന്‍റേയും വേണ്ടപ്പെട്ടോരൊക്കെ കാശും പണവും ഉണ്ടായപ്പോ വരാനും പോവാനും തുടങ്ങി. എന്നാലും അവരുടെ അടുത്ത് ഒരു കാര്യത്തിനും തമ്പുരാട്ടി അഭിപ്രായം ചോദിക്കിണ പതിവില്ല ''.


'' ഗോപീകൃഷ്ണാ, ഇവിടെ വാടാ '' റഷീദ് വിളിച്ചു '' നീ പോയ കാര്യം എന്തായി ''.

ജോലി നഷ്ടപ്പെട്ട് ഇരിക്കുന്ന മെഡിക്കല്‍ റെപ്രസന്‍റ്റേറ്റീവ് ആണ് ഗോപീകൃഷ്ണന്‍. ഒന്നുരണ്ട് കമ്പിനികളില്‍ ഇന്‍റര്‍വ്യൂകള്‍ക്ക് പോയെങ്കിലും ഒന്നും ശരിപ്പെട്ടില്ല. അപ്പോഴാണ് റഷീദ് ഒരു കമ്പിനിയിലെ വേക്കന്‍സി അറിയിച്ചത്. അതിനെക്കുറിച്ച് അറിയാന്‍ വിളിച്ചതാണ്.

'' എന്‍റെ അല്ലേടാ തല. അതും നടന്നില്ല ''.

'' എന്തു പറ്റി ''.

'' എല്ലാം ഓക്കെയായി. അപ്പോഴാണ് ആര്‍.എം. നമ്മുടെ അസ്സോസിയേഷന്‍റെ ട്രഷററെ വിളിച്ച് അന്വേഷിക്കുന്നത്. ആ പഹയന്‍ എല്ലാം തകര്‍ത്തു ''.

'' എന്തേ ഉണ്ടായത് ''.

'' എന്‍റെ സ്വഭാവത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആളൊക്കെ നന്ന്. യൂണിയന്‍റെ സ്ട്രോങ്ങ് മെമ്പറാണ്. ടാര്‍ജ്ജറ്റ് പറഞ്ഞ് നിങ്ങള് അവനെ ചൊറിയാന്‍ നോക്കണ്ടാ. ചിലപ്പോള്‍ പണി കിട്ടും എന്ന ഒറ്റ കാച്ചല്. അതോടെ എന്‍റെ പണി പാളി ''.

'' കുറ്റിക്കൊന്ന് കൊടുക്കണം ആ കഴുതടെ ''.

'' ഞാന്‍ അയാളെ വിളിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞതും കൂടി കേള്‍ക്ക്. കമ്പിനിയില്‍ ചേര്‍ന്നാല്‍ മാനേജര്‍ എന്നെ ചൊറിഞ്ഞുംകൊണ്ട് വരാതിരിക്കാന്‍ മുന്‍കൂട്ടി പറഞ്ഞതാണത്രേ ''.

ശിവശങ്കര മേനോന്‍റെ കാര്‍ ഗെയിറ്റ് കടന്നെത്തി. അനിരുദ്ധനെ കണ്ടതും റഷീദ് അയാളുടെ അടുത്തേക്ക് നീങ്ങി.




'' ഏടത്ത്യേമ്മേ, എന്തിനാ ഇങ്ങിനെ ചെയ്തത് '' ഇന്ദിരയോട് നാത്തൂന്‍ ചോദിച്ചു.

'' എന്താ കുട്ടീ പറയൂ ''.

'' രമടെ കല്യാണത്തിന്‍റെ അന്നന്നെ ഏടത്ത്യേമ്മടെ അടുത്ത് ചോദിക്കണം എന്ന് വിചാരിച്ചതാ എന്തിനാ അവളെ ഒരു നൊണ്ടിച്ചെക്കനെക്കോണ്ട് കെട്ടിച്ചത് എന്ന്. അതോ പോട്ടെ, ഇപ്പഴാണ് ഞങ്ങള് അറിയിണത് ഇവന്‍റെ അമ്മായിയമ്മയ്ക്ക് ബുദ്ധിക്ക് സ്ഥിരത ഇല്ല എന്ന്. നിങ്ങളുടെ ഇപ്പഴത്തെ അവസ്ഥയ്ക്ക് വേറെ എത്ര നല്ല കേസ്സ് കിട്ടും ''.

'' ഇപ്പഴത്തെ നില നോക്കി കഴിഞ്ഞതൊക്കെ മറക്കാന്‍ പാട്വോ. പെണ്ണ് കണ്ടിട്ടില്ല, എടുക്കാന്നും കൊടുക്കാന്നും വെച്ചിട്ടില്ല, എന്നിട്ടും അനൂന്‍റെ ഓപ്പറേഷന്‍ സമയത്ത് മരുമകന്‍ ലീവെടുത്ത് ഞങ്ങളുടെ ഒപ്പം ആസ്പത്രിയിലിരുന്നു. അതു കഴിഞ്ഞ് അനു വീട്ടില്‍ വന്ന് കിടപ്പായപ്പോള്‍ അവന്‍റെ ഭാര്യടെ അച്ഛനാ ഞങ്ങളുടെ ചിലവ് നടത്തിയിരുന്നത്. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും കേട്ടില്ല. ആപത്തില്‍ ഒപ്പം നിന്നോരല്ലേ നല്ല ബന്ധുക്കള് ''.

നാത്തൂന് അടി കൊണ്ടതുപോലായി. അവര്‍ മെല്ലെ അവിടെ നിന്ന് മാറി.




മുന്‍ നിരയിലിരിക്കുന്ന അമ്മിണിയമ്മയെയാണ് ഹാളിലേക്ക് കയറുമ്പോള്‍ അനൂപ് കണ്ടത്. അവന്‍ ഭാര്യയേയും കൂട്ടി അവരുടെ അടുത്തു ചെന്ന് പാദങ്ങള്‍ തൊട്ടു വണങ്ങി. അനൂപിന്‍റെ ഭാര്യയുടെ കയ്യില്‍ അമ്മിണിയമ്മ പിടിച്ചു.

'' മോളേ, ഇവന്‍ പച്ച പാവാണ്. നല്ലോണം നോക്കണം കേട്ടോ ''. പെണ്‍കുട്ടി തലയാട്ടി.

'' അമ്മമേ, അങ്കിള്‍ എവിടെ '' അനൂപ് ചോദിച്ചു.

'' അങ്കിളും മേനോനങ്കിളും നിന്‍റെ കൂട്ടുകാരും എല്ലാം താഴെ ഡൈനിങ്ങ് ഹാളിലുണ്ട്. തിരക്ക് കഴിഞ്ഞ ശേഷമേ അവരെ കാണാന്‍ കിട്ടു ''.

'' ഞങ്ങള് സ്റ്റേജിലേക്ക് കയറിക്കോട്ടേ '' അവന്‍ ചോദിച്ചു.

'' ഇത് ആരാന്ന് നിനക്ക് മനസ്സിലായോ '' തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അവര്‍ ചോദിച്ചു. അവന്‍ അവരെ നോക്കി. കറുത്തു തടിച്ച ഒരു സ്ത്രീ. തലമുടി കുറേശ്ശ നരച്ചിട്ടുണ്ട്. അവര്‍ ധരിച്ച പട്ടുവസ്ത്രങ്ങളും കഴുത്തിലും കയ്യിലും അണിഞ്ഞ ആഭരണങ്ങളും വൈരക്കല്ല് പതിച്ച കമ്മലും ആളൊരു ധനികയാണെന്ന് അറിയിക്കുന്നുണ്ട്.

'' അമ്മമ്മേ, എനിക്ക് ഓര്‍മ്മ വരുന്നില്ല '' അവന്‍ പറഞ്ഞു.

'' അതിന് നീ മുമ്പ് കണ്ടിട്ടു വേണ്ടേ '' അവര്‍ ചിരിച്ചു '' മേനോനങ്കിളിന്‍റെ ഭാര്യയാണ് ഇത് ''.

അനൂപും ഭാര്യയും അവരേയും വന്ദിച്ചു. സ്റ്റേജില്‍ നിന്ന് ആരോ വിളിച്ചതോടെ അവര്‍ നടന്നു.
അണമുറിയാതെ അതിഥികള്‍ ഹാളിലേക്ക് ഒഴുകി. തിളങ്ങുന്ന വെട്ടത്തില്‍ അനൂപും ഭാര്യയും
ജ്വലിച്ചു നിന്നു.




അതിഥികള്‍ സ്ഥലം വിട്ടു കഴിഞ്ഞു. ചില അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമേ അവശേഷിച്ചിട്ടുള്ളു. അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ വധൂവരന്മാരോട് ഡൈനിങ്ങ് ഹാളിലേക്ക് ചെല്ലാന്‍ അമ്മാമന്‍ വന്നു പറഞ്ഞപ്പോഴാണ് ഒരു ലോക്കല്‍ ടി.വി. ചാനല്‍കാരന്‍റെ വരവ്. അവര്‍ക്ക് പത്തു മിനുട്ട് അനൂപിനോട് സംസാരിക്കണം.

'' കല്യാണത്തിന്‍റെ എടേലാടോ നിങ്ങളുടെ ഇന്‍റര്‍വ്യൂ '' മൂത്ത അമ്മാമന്‍ ചൂടായി.

'' ഗോപാലകൃഷ്ണന്‍ സാറിനോട് നേരത്തെ പറഞ്ഞിട്ടുണ്ട് '' ചാനല്‍കാരന്‍ പറഞ്ഞു.

'' ഇത്ര നേരം അവര്‍ കാത്തുകെട്ടി നിന്നതല്ലേ. അഞ്ചു മിനുട്ട് നേരത്തെ കാര്യോല്ലേയുള്ളു '' ഗോപാലകൃഷ്ണന്‍ അതു പറഞ്ഞതോടെ അനൂപ് തയ്യാറായി.

'' ഒട്ടേറെ കഷ്ടപ്പാടുകള്‍ കടന്നാണ് താങ്കള്‍ ഇന്നത്തെ നിലയിലെത്തിയത്. ജന്മസിദ്ധമായ കഴിവ് ഉള്ളതുകൊണ്ടല്ലേ അത് സാധിച്ചത് ''.

'' തീര്‍ച്ചയായും അല്ല. എന്നേക്കാള്‍ കഴിവുള്ള എത്രയോ പേരുണ്ട്. കഴിവ് മാത്രമാണ് കാരണം  എന്ന് ഒരിക്കലും പറയാനാവില്ല ''.

'' ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ആരാണ് ''.

'' ഗോപാലകൃഷ്ണനങ്കിളാണ്എന്നെ കൈ പിടിച്ച് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ മകന്‍ എന്‍റെ അരുണേട്ടന്‍ ചെന്നയില്‍ കൊണ്ടുപോയി സിനിമ രംഗത്തുള്ള ഒരുപാട് സുഹൃത്തുക്കാള്‍ക്ക് എന്നെ പരിചയപ്പെടുത്തി. അങ്ങിനെയാണ് ഈ രംഗത്തേക്ക് കടന്നു വരാനായത്  ''.

'' തെലുങ്കിലും കന്നഡയിലും തമിഴിലും പാടി പേരെടുത്തിട്ടും മലയാളത്തില്‍ പാടാനുള്ള അവസരം കിട്ടാന്‍ എന്തേ ഇത്ര വൈകിയത് ''.

'' ഓരോന്നിനും ഓരോ സമയമില്ലേ. അതാവും കാരണം ''.

'' ജീവിതത്തില്‍ ആരോടാണ് ഏറ്റവും കടപ്പാട്  ''.

'' രണ്ടു കൊല്ലം മുമ്പ് ഞാന്‍ മരണത്തിന്‍റെ വക്കത്ത് എത്തിയതാണ്. ഒട്ടേറെ പേരുടെ നന്മ കാരണമാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്. അവരോടൊക്കെ എനിക്ക് കടപ്പാടുണ്ട് ''.

'' താങ്കള്‍ക്ക് ഒരു അവാര്‍ഡ് കിട്ടിയാല്‍ ആര്‍ക്കാണ് അത് സമര്‍പ്പിക്കുക ''.

'' സ്വന്തം കരളിന്‍റെ പാതി മുറിച്ച് എനിക്ക് നല്‍കിയ എന്‍റെ അനിയത്തിക്കുട്ടിക്ക് ''.

'' മതി, മതി. പോവുക '' എന്നു പറഞ്ഞ് അമ്മാമന്‍ തിരക്കു കൂട്ടി.

'' ഒരേയൊരു ചോദ്യം. ജീവിതത്തില്‍ നിന്ന് താങ്കള്‍ പഠിച്ച പാഠം ''.

'' ഞാന്‍ പറഞ്ഞല്ലോ, ഒരുപാടു പേരുടെ നന്മ കാരണമാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്ന്. മനുഷ്യരുടെ നന്മയിലാണ് ലോകം നില നില്‍ക്കുന്നത്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയും ഓരോ ചുവടുവെപ്പും നന്മയിലേക്കായിരിക്കണം ''.


ആഹാരം കഴിഞ്ഞ് അനൂപും ബന്ധുക്കളും  ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഗോപാലകൃഷ്ണന്‍ അവരുടെ അടുത്തെത്തി

'' ഒരുപാട് സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രദീപും കൂട്ടുകാരും അതൊക്കെ വീട്ടിലെത്തിക്കും ''അയാള്‍  പറഞ്ഞു '' അരുണ്‍ സുകുമാരനേയും ഭാര്യയേയും വീട്ടിലെത്തിക്കാന്‍ പോയതാണ്. അവന്‍ വരുമ്പോഴേക്കും എനിക്ക് ഓഡിറ്റോറിയത്തിന്‍റേയും  കാറ്ററിങ്ങ് കാരുടേയും  കണക്ക് സെറ്റില്‍ ചെയ്യാനുണ്ട്. അതു കഴിഞ്ഞാല്‍ ഞങ്ങള്‍ വീട്ടിലേക്ക് പോവും. ഞാന്‍ നാളെ വന്ന് കണ്ടോളാം ''.




ഓഡിറ്റോറിയത്തിന്നു വെളിയില്‍ റോഡോരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എപ്പോഴേ പോയി കഴിഞ്ഞു. പാര്‍ക്കിങ്ങ് ഏരിയയില്‍ ആറേഴു കാറുകള്‍ മാത്രമേ ബാക്കിയുള്ളു. ഗെയ്റ്റ് കടന്ന് കല്യാണത്തിന്ന് അനൂപ് വാങ്ങിയ വോള്‍സ് വാഗന്‍ വെന്‍റോ കാര്‍ നിരത്തിലേക്കിറങ്ങി. പൌര്‍ണ്ണമി ചന്ദ്രന്‍റെ പ്രഭയില്‍ അത് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.

( അവസാനിച്ചു )

Wednesday, January 23, 2013

നോവല്‍ - അദ്ധ്യായം - 62.

രമ മുറ്റമടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാപ്ലവൈദ്യര്‍ കയറി വരുന്നത്. '' അമ്മേ, ഇതാ വൈദ്യര്  വരുന്നൂ '' അവള്‍ അകത്തേക്കുനോക്കി വിളിച്ചു. അമ്പലത്തില്‍നിന്നു വന്ന് ഇന്ദിര ഈറന്‍തുണി മാറ്റുന്നതേയുള്ളു. കഴിഞ്ഞ രണ്ടു ദിവസമായി കുളിച്ച് അമ്പലത്തില്‍ തൊഴുതതിന്നു ശേഷമേ ഇന്ദിര മറ്റെന്തെങ്കിലും ചെയ്യാറുള്ളു. വസ്ത്രം മാറ്റി അവര്‍ വേഗത്തില്‍ ഉമ്മറത്തേക്ക് വന്നു.


'' വൈദ്യരേ, എന്‍റെ കുട്ടി '' ഇന്ദിര കരച്ചിലാരംഭിച്ചു.


'' കരയാതിരിക്കൂ '' വൈദ്യര്‍ ആശ്വസിപ്പിച്ചു '' വിപദി ധൈര്യം എന്ന് കേട്ടിട്ടില്ലേ. ആപത്തു വരുമ്പോഴാണ് മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ ധൈര്യം വേണ്ടത് ''.


'' എന്നാലും എന്‍റെ കുട്ടിയ്ക്ക് ''.


'' വിഷമിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് കരുതിക്കോളൂ '' വൈദ്യര്‍ പറഞ്ഞു '' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷമാണ് പാറു വന്ന് വിവരം പറഞ്ഞത്. അസമയത്ത് വരണ്ടല്ലോ എന്നു കരുതി നേരം വെളുക്കാന്‍ കാത്തിരുന്നതാ ''.


'' പണി മാറി വരുമ്പോഴാണ് അവള് ഇവിടെ വന്നത്. വിവരം കേട്ടതും കരച്ചിലോട് കരച്ചില്. ഒടുക്കം എനിക്ക് അവളെ സമാധാനിപ്പിക്കേണ്ടി വന്നു ''.


 '' അവിടെ വരുമ്പളും കരച്ചിലുതന്നെ. പേടിക്കാനൊന്നൂല്യാന്ന് ഞാന്‍ പറഞ്ഞപ്പഴേ അവള്‍ക്ക് സമാധാനം വന്നുള്ളു ''.


'' ഇതു മനസ്സില്‍ കണ്ടിട്ടാണോ വൈദ്യര് അവനെ ചികിത്സിക്കാന്‍ മടിച്ചത് ''.


'' മടിച്ചതല്ല. ചികിത്സ ആരംഭിക്കുംമുമ്പ് വൈദ്യന്‍ രോഗിയുടെ ദേഹനില നോക്കണം. പിന്നെ ചികിത്സിച്ച് മാറ്റാന്‍ പറ്റും എന്ന് മനസ്സില്‍ ഒരു ഉറപ്പും ഉണ്ടാവണം. അല്ലാതെ ആളെ കാണും മുമ്പ് മരുന്ന് കുറിക്കുന്ന ഏര്‍പ്പാട് ശരിയല്ല. മകന്‍റെ കാര്യത്തില്‍ എനിക്കത്രക്കങ്ങിട്ട് ധൈര്യം തോന്നീല്ല. കയ്യിലൊതുങ്ങാത്തതിനെ പിടിക്കാന്‍ മിനക്കെടരുതല്ലോ ''.


'' അങ്ങിനെയൊക്കെ നോക്കി ചികിത്സിക്കാന്‍ സാധിക്ക്യോ ''.


'' ഗുരുനാഥന്‍ പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. വൈദ്യം ഒരു തൊഴിലല്ല. അതൊരു ദൈവ നിയോഗമാണ്. മനുഷ്യന്‍റെ വേദന മാറ്റാന്‍ ഉഴിഞ്ഞു വെച്ച ജീവിതമാവണം വൈദ്യന്‍റേത്. ഗുരുനാഥന്‍റെ ആ വാക്കുകള്‍ ഇപ്പോഴും എന്‍റെ ചെവിയില്‍ മുഴങ്ങുന്നുണ്ട് ''.


'' ഓപ്പറേഷന്‍ വേണംന്നാണ് പറയുന്നത്. അതു കഴിഞ്ഞാല്‍ രക്ഷ കിട്ട്വോ ''.


'' നോക്കൂ, എല്ലാ വൈദ്യന്മാരിലും വെച്ച് വലിയൊരു വൈദ്യന്‍ മുകളിലിരിപ്പുണ്ട്. അദ്ദേഹം വിചാരിച്ചാല്‍ ഭേദപ്പെടാത്ത എന്ത് സൂക്കടാ ഉള്ളത് ''.


ഇന്ദിരയുടെ പുറകിലായി അയാള്‍ അനൂപ് കിടക്കുന്ന ഇടത്തേക്ക് ചെന്നു. കട്ടിലില്‍ അവന്‍റെ അടുത്തിരുന്ന് അവന് ധൈര്യം നല്‍കിയിട്ടാണ് വൈദ്യര്‍ മടങ്ങിയത്.



സാവിത്രി വാച്ചിലേക്ക് നോക്കി. സമയം പതിനൊന്നരയായി. ഒമ്പതു മണിക്ക് എത്തിയതാണ്. റൌണ്ട്സ് കഴിഞ്ഞ് ഡോക്ടറെത്തി പരിശോധന ആരംഭിച്ച് അധികനേരം ആയിട്ടില്ല. ഉറക്കം കണ്‍പോളകളെ വലിച്ചടപ്പിക്കാന്‍ നോക്കുന്നു. കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല.


'' ടോക്കണ്‍ നമ്പര്‍ എട്ട് '' ഉറക്കെ വിളിച്ചു പറയുന്നതു കേട്ട് മുഖം അമര്‍ത്തി തുടച്ചു. അടുത്ത ഊഴമാണ്. റിപ്പോര്‍ട്ടുകളടങ്ങിയ ഫയല്‍ ചേര്‍ത്തു പിടിച്ച് വാതില്‍ക്കലേക്ക് നീങ്ങി.


'' ആരാ ഒമ്പത് '' ദ്വാരപാലകന്‍ ചോദിച്ചു.


'' ഞാനാണ് '' സാവിത്രി പറഞ്ഞു.


'' ഇങ്ങോട്ട് നീങ്ങി നിന്നോളൂ '' അയാള്‍ പറഞ്ഞതും മുന്നിലേക്ക് നീങ്ങി. അകത്തു ചെന്നവര്‍ പുറത്തേക്കു വന്നതോടെ അവള്‍ ഉള്ളിലേക്ക് നടന്നു.


മുന്നിലെത്തിയ ആളെ കണ്ടതും ഡോക്ടര്‍ രാജനൊന്നു ഞെട്ടി. അയാളുടെ മനസ്സാകെ പിടച്ചു. സാവിത്രിക്ക് പറയത്തക്ക മാറ്റങ്ങളൊന്നും കാണാനില്ല. തലമുടി വകയെടുത്ത് ചീകിയതിന്‍റെ ഇരുവശത്തും കാണുന്ന നര ഒഴിവാക്കിയാല്‍ പഴയ ആളുതന്നെ. രണ്ടു പതിറ്റാണ്ടിലേറെയായി തമ്മില്‍ കണ്ടിട്ട്. അമ്മാമന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും ചെന്നു കാണുകയുണ്ടായില്ല. കുറ്റബോധമോ അവളെ നേരിടാനുള്ള ഭീതിയോ ഒക്കെയായിരുന്നു ആ സമയത്ത്. ഉയരങ്ങള്‍ കീഴടക്കാന്‍വേണ്ടി അവളെ കയ്യൊഴിഞ്ഞതാണല്ലോ. അറിയാതെ ഇരുന്ന ദിക്കില്‍നിന്ന് അയാള്‍ എഴുന്നേറ്റു.


'' സാവിത്രി, എന്താ ഇവിടെ '' ഡോക്ടറുടെ വാക്കുകള്‍ ഇടറിയിരുന്നു.


'' എന്തിനാ ആളുകള്‍ ഇവിടെ വരുന്നത്. ഡോക്ടറെ കാണാനല്ലേ '' സാവിത്രി ഒരു മറു ചോദ്യം ഉന്നയിച്ചു.


'' എന്താണ് സാവിത്രിക്ക്  '' കറങ്ങുന്ന കസേലയിലേക്ക് ചാഞ്ഞ് ഡോക്ടര്‍ ചോദിച്ചു.


മറുപടി പറയുന്നതിന്നു പകരം സാവിത്രി അനൂപിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയല്‍ നീട്ടി. ഡോക്ടര്‍ അതു വാങ്ങി നോക്കാന്‍ തുടങ്ങി.


'' ആരാ ഈ കുട്ടി ''.


'' എന്‍റെ മകന്‍ ''.


ഡോക്ടര്‍ രാജന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.


'' അപ്പോള്‍ .... '' പകുതി വഴിക്ക് ചോദ്യം അവസാനിച്ചു.


'' കല്യാണം കഴിച്ചുവോ എന്നല്ലേ '' സാവിത്രി മന്ദഹസിച്ചു ''  കല്യാണം കഴിച്ചാല്‍ മാത്രമേ മക്കളുണ്ടാവൂ എന്നില്ലല്ലോ അല്ലേ ഡോക്ടര്‍''.


ഡോക്ടര്‍ രാജന്‍ വിളറി വെളുത്തു. വിയര്‍പ്പു കണങ്ങള്‍ മുടിയില്ലാത്ത ശിരസ്സില്‍ പൊടിഞ്ഞു
തുടങ്ങി. ഗൂഡമായ ഒരാനന്ദം സാവിത്രിയുടെ മനസ്സില്‍ ഉണ്ടായി.


'' ഞാന്‍ കല്യാണം കഴിച്ചില്ല, പ്രസവിച്ചിട്ടില്ല, ദത്തെടുത്തിട്ടുമില്ല. എങ്കിലും അവനെന്‍റെ മകനാണ് '' സാവിത്രി ഉറച്ച സ്വരത്തില്‍ പറഞ്ഞു '' ഓര്‍മ്മയുണ്ടോ രാമകൃഷ്ണ പൊതുവാളിനെ. എന്‍റെ അച്ഛന്‍ ഡോക്ടറുടെ മനസ്സറിയാന്‍ ഒടുവില്‍ അയച്ച രാമേട്ടന്‍. അദ്ദേഹത്തിന്‍റെ മകനാണ് ഈ അനൂപ് ''.


എന്താണ് പറയേണ്ടത് എന്ന് ഡോക്ടര്‍ രാജന് അറിയാതായി. അയാള്‍ സാവിത്രിയെത്തന്നെ നോക്കിയിരുന്നു.


'' എങ്ങിനെയെങ്കിലും അവനെ രക്ഷിക്കണം. അത് അപേക്ഷിക്കാനാണ് ഞാന്‍ വന്നത് ''.


'' പക്ഷെ അതിന് ''.


'' ധാരാളം പണം വേണ്ടിവരും എന്നല്ലേ. അതൊരു പ്രശ്നമല്ല. കഴിഞ്ഞ ഇരുപത് കൊല്ലമായി ഞാന്‍ സമ്പാദിച്ചതിന്‍റെ വലിയൊരുപങ്ക് നീക്കിയിരിപ്പുണ്ട്. അതും പോരെങ്കില്‍ വാരിയത്തെ വീടും പറമ്പും ഞാന്‍ വില്‍ക്കും. എന്നാലും ഡോക്ടര്‍ക്ക് തരാനുള്ളത് ഞാന്‍ തരാതിരിക്കില്ല ''.


'' സാവിത്രി എന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്. എന്‍റെ മനസ്സില്‍ അതല്ല. അനൂപിന്‍റെ ഓപ്പറേഷന്‍  വൈകിക്കാന്‍ പറ്റില്ല. അതിനു മുമ്പ് ലിവര്‍ നല്‍കാന്‍ പറ്റിയൊരു ഡോണറെ കണ്ടെത്തണം. ഒരുപാട് ഫോര്‍മാലിറ്റികളുണ്ട്. അതൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത് ''.


'' എല്ലാം ശരിയായാലോ ''.


''  ഞാന്‍ ഓപ്പറേഷന്‍ നടത്തും ''.


'' എങ്കില്‍ എന്നാണ് ഞങ്ങള്‍ വരേണ്ടത് ''.


'' അധികം നീട്ടേണ്ടാ. പറ്റിയാല്‍ തിങ്കളാഴ്ചതന്നെ പോന്നോളൂ ''.


'' ശരി. ഞാന്‍ പോണൂ '' സാവിത്രി എഴുന്നേറ്റു.


'' സാവിത്രീ '' ഡോക്ടര്‍ വിളിച്ചു '' എന്‍റെ കാര്യം വല്ലതും അറിയ്യോ ''.


'' വലിയ ആള്‍ക്കാരുടെ കാര്യം ഞങ്ങളൊക്കെ എങ്ങിന്യാ അറിയുന്നത് ''.


'' എന്തൊക്കേയോ നേടണം എന്ന് വിചാരിച്ചതാണ്. കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കുമ്പോഴേക്കും ജീവിതംതന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്തവനായി ''.


'' ഓരോരുത്തരുടെ ശിരോലിഖിതം ഓരോവിധമല്ലേ. അത് അവനവന്‍തന്നെ അനുഭവിക്കണം. അല്ലാതെ പറ്റില്ലല്ലോ ''.


 '' തലയിലെഴുത്തിനെ എന്തിനാ കുറ്റം പറയുന്നത്. ഒക്കെ ഞാന്‍ വരുത്തി വെച്ചതല്ലേ. ചെയ്ത തെറ്റ് വലുതാണ്. അപ്പോള്‍ അതിന്‍റെ ശിക്ഷയും കഠിനമാവണ്ടേ ''.


സംഭാഷണം തുടരുന്നതില്‍ സാവിത്രിക്ക് താല്‍പ്പര്യമില്ലെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.


'' ഒരു റിക്വസ്റ്റുണ്ട് '' അയാള്‍ പറഞ്ഞു '' ഈ കുട്ടിയെ ചികിത്സിക്കുന്നതിന്ന് ഒന്നും വേണ്ടാ. എനിക്ക് നിങ്ങളോടൊക്കെ ഒരുപാട് കടപ്പാടുണ്ട് ''.


'' കടപ്പാടിന്‍റെ കണക്കു പറഞ്ഞ് സൌജന്യം ഇരന്നു വാങ്ങാനല്ല ഞാന്‍ വന്നത്. ശസ്ത്രക്രിയ ചെയ്യാന്‍ വിദഗ്ദനായ ഒരു ഡോക്ടറുടെ സേവനം വേണം. അവന്‍ അത് ലഭ്യമാക്കണം എന്ന ഒരു ലക്ഷ്യം മാത്രമേ എനിക്കുള്ളു. മറ്റേതെങ്കിലും രോഗിയെ ചികിത്സിച്ചാല്‍ ഈടാക്കുന്ന തുക എന്താണോ അത് വാങ്ങണം.അല്ലെങ്കില്‍ ഞങ്ങള്‍ ഇങ്ങോട്ട്  പോരില്ല ''.


 '' സാവിത്രിക്ക് നിര്‍ബന്ധമാണെങ്കില്‍ അങ്ങിനെ ചെയ്യാം. എന്നാലെങ്കിലും എനിക്ക് അവനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാമല്ലോ''.


'' എങ്കില്‍ തിങ്കളാഴ്ച ഞങ്ങളെത്തും '' സാവിത്രി തിരിഞ്ഞു നടന്നു.



കോട്ടമൈതാനത്തെ സ്ഥിരം താവളത്തില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടി. ശെല്‍വന്‍ ജോലിക്കു പോവാന്‍ തുടങ്ങിയ ശേഷം എല്ലാവരേയും ഒത്തു കിട്ടാറില്ല. അനൂപിനു വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന്ചര്‍ച്ച ചെയ്യാന്‍ പ്രദീപ് എല്ലാവരേയും വിളിച്ചു വരുത്തിയതാണ്. അവന്‍റെ അവസ്ഥയില്‍ എല്ലാവരും ദുഃഖിതരാണ്.


'' ഇന്നു രാവിലെ സങ്കടമുള്ള ഒരു കാര്യം ഉണ്ടായി '' ചര്‍ച്ച കഴിഞ്ഞതും പ്രദീപ് കൂട്ടുകാരോട് പറഞ്ഞു
.


'' ഇപ്പൊ ഉള്ളതിലുംവെച്ച് സങ്കടമുള്ള എന്തു കാര്യാണ് ഇനിയുള്ളത് '' റഷീദ് ചോദിച്ചു.


'' ഞാന്‍ രാവിലെ നമ്മുടെ സുമേഷിന്‍റെ വീട്ടില്‍ പോയിരുന്നു.  അനൂപിന്‍റെ സുഖക്കേടിന്‍റെ വിവരം പറയണം എന്നു കരുതി ചെന്നതാണ് ''.


'' എന്നിട്ട് ''.


'' വിവരം പറഞ്ഞതും അവന്‍റെ അച്ഛന്‍ ഇരുപത്തഞ്ച് രൂപ എടുത്തു തന്നു ''.


'' നിനക്ക് വല്ല കാര്യൂണ്ടോ ഒറ്റയ്ക്ക് ചെല്ലാന്‍ '' റഷീദ് ചൂടായി.


'' അതിന് ഞാന്‍ സംഭാവന ചോദിച്ച് ചെന്നതല്ല. വിവരം അറിയിക്കാം എന്നേ കരുതിയുള്ളു ''.


'' അവന്‍റെ വീട്ടില്‍ പറഞ്ഞാല്‍ ഗള്‍ഫില്‍ ഉള്ള അവന്‍ എങ്ങിനേയാ അറിയുക '' വിവേകിനൊരു സംശയം തോന്നി.


'' അവര് ഫോണ്‍ ചെയ്യുമ്പോള്‍ പറയില്ലേ ''.


'' അമ്മ പറഞ്ഞത് കേള്‍ക്കാതെ അവന്‍ ഗള്‍ഫിലേക്ക് കടന്നു. അതോടെ ആ കൊരണ്ടി തന്ത ഉള്ള പണി കളഞ്ഞ് നാട്ടിലെത്തി. ഇപ്പോള്‍ അയാളാ കാര്യം നോക്കുന്നത് '' വിവേക് പറഞ്ഞു '' വല്ലപ്പോഴും പത്തോ നൂറോ കടം ചോദിക്കാന്‍ പറ്റിയ ആളായിരുന്നു അവന്‍ ''.


'' ഒടുക്കം എന്തുണ്ടായി. അതു പറ ''.റഷീദ് തിടുക്കം കൂട്ടി.


'' സുമേഷിന്‍റെ ഒപ്പം പഠിച്ച ആളാണ്, അവന്‍റെ കൂട്ടുകാരനാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അഞ്ഞൂറു രൂപ തന്നു. ഇനി ഒന്നും ചോദിച്ച് വരരുത് എന്നൊരു കല്‍പ്പന വേറേയും ''.


'' നിനക്കത് അയാളുടെ മുഖത്ത് വലിച്ചെറിഞ്ഞ് പോരായിരുന്നില്ലേ ''.


'' അറിയാഞ്ഞിട്ടല്ല. പക്ഷെ എന്നെങ്കിലും സുമേഷ് വിവരം അറിഞ്ഞാല്‍ അവന് സങ്കടമാവും. അതോണ്ട് ഒന്നും പറയാതെ വാങ്ങി പോക്കറ്റിലിട്ടു പോന്നൂ ''.


'' പോട്ടെടാ. ദൈവൂല്യേ മോളില്. അങ്ങിനെ നമ്മളെ കൈവിടില്ല '' ശെല്‍വന്‍ ആശ്വസിപ്പിച്ചു.


കോട്ടയ്ക്കകത്തു നിന്ന് കുടമണിയുടെ നിര്‍ത്താതെയുള്ള ഒച്ച പൊങ്ങി വന്നു. ഉച്ചപ്പൂജ കഴിഞ്ഞ് ഹനുമാന്‍ കോവിലിലെ നട തുറന്നതാണ്.


'' ഏതായാലും ഇതുവരെ വന്നതല്ലേ. ഞാനൊന്ന് തൊഴുതിട്ട് വരട്ടെ '' ശെല്‍വന്‍ എഴുന്നേറ്റു.


'' ഞങ്ങളും പോണൂ '' കൂട്ടുകാര്‍ ബൈക്കുകളുടെ അടുത്തേക്ക് നടന്നു.

Thursday, January 17, 2013

നോവല്‍ - അദ്ധ്യായം - 61.

മിക്ക ഒഴിവു ദിവസങ്ങളിലും രാവിലെ സാവിത്രിയാണ് അമ്പലത്തിലെ ജോലിക്ക് ചെല്ലാറ്. അന്നെങ്കിലും അമ്മ കുറെ നേരം വിശ്രമിച്ചോട്ടെ. കഴകം നിറുത്തിക്കൂടെ എന്ന് പല തവണ ചോദിച്ചിരുന്നു. വയ്ക്കുന്ന കാലം ഭഗവാനു വേണ്ടതൊക്കെ ഒരുക്കികൊടുക്കും എന്ന നിലപാടാണ് അമ്മയുടേത്. പൂജയ്ക്ക് വേണ്ട പുഷ്പങ്ങളും കഴുകിയ പാത്രങ്ങളും ഏല്‍പ്പിച്ച ശേഷം മാല കെട്ടാനിരുന്നു. വഴിപാട് ശീട്ടാക്കുന്ന പയ്യന്‍  എത്തി എന്നു തോന്നുന്നു. മൈക്കിന്‍റെ  ഒച്ച കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.


മാല കെട്ടുന്നതിന്നിടയില്‍ സാവിത്രി തലയുയര്‍ത്തി നോക്കി. ബലിക്കല്‍പുരയില്‍ ആരോ എത്തിയിട്ടുണ്ട്. വെളിച്ചക്കുറവു കാരണം ആളെ തിരിച്ചറിയാനാവുന്നില്ല. ആരാണാവോ ഇത്ര നേരത്തെ വന്നിരിക്കുന്നത്. നട തുറന്ന് തിരുമേനി വിളക്ക് വെച്ചിട്ടേയുള്ളു. അകത്തേക്കു കടന്നതും ആളെ മനസ്സിലായി. ഇന്ദിര ചേച്ചി. കുളിച്ച് ഈറനോടെയുള്ള വരവാണ്. നേരെ ശ്രീകോവിലിന്നു മുന്നില്‍ ചെന്ന് സാഷ്ടാംഗം നമസ്ക്കരിക്കുന്നു. ഇതെന്തു പറ്റി. ചേച്ചി അധികമൊന്നും അമ്പലത്തിലെത്താത്ത ആളാണ്. നൂറുകൂട്ടം പ്രാരബ്ധങ്ങള്‍ ഉള്ളതോണ്ടായിരിക്കാം വരാത്തത്. ഇന്ന് വിശേഷം വല്ലതും ഉണ്ടോ ആവോ.


കുറെ നേരമായിട്ടും
ഇന്ദിര എഴുന്നേല്‍ക്കുന്ന ലക്ഷണം കാണഞ്ഞപ്പോള്‍ സാവിത്രി കെട്ടിക്കൊണ്ടിരിക്കുന്ന മാല താഴെവെച്ച് എഴുന്നേറ്റ് ചെന്നു. സോപാനത്തിന്‍റേയും നമസ്ക്കാര മണ്ഡപത്തിന്‍റേയും ഇടയിലായി ഇന്ദിര കിടപ്പാണ്. വിതുമ്പി കരയുന്നതിനനുസരിച്ച് ദേഹം ഉലയുന്നുണ്ട്. തോളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.




'' എന്താ ചേച്ചി ഇത്. ചേച്ചിക്കെന്താ പറ്റിയത് '' പരിഭ്രമം കാരണം ചോദിക്കുമ്പോള്‍ തൊണ്ട വിറച്ചു.



'' മോളേ പോയി. എന്‍റെ എല്ലാം പോയി '' അവര്‍ കെട്ടിപിടിച്ച് തേങ്ങിക്കരഞ്ഞു.


ഈശ്വരാ, രാമേട്ടന് വല്ലതും പറ്റിയോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ സൂക്കട് നല്ലോണം ഭേദമായി എന്നു പറഞ്ഞതാണല്ലോ. പിന്നെ എന്താണ് ?




'' എന്താ ചേച്ചി രാമേട്ടന് ''. ഇന്ദിര ഒന്നുമില്ലെന്ന് തലയാട്ടി.



'' പിന്നെന്താ ചേച്ചി ''.



'' എന്‍റെ അനൂന്......... '' അവര്‍ പകുതിക്ക് നിര്‍ത്തി. അനൂപിന് എന്താണ്. മഴ കൊണ്ടിട്ട് പനി പിടിച്ചു എന്നു കേട്ടു. ചിക്കന്‍ ഗുനിയയോ ഡെങ്കിപ്പനിയോ മറ്റോ ആയിരിക്കുമോ.


'' ചേച്ചി കരയണ്ടാ. വരൂ, നമുക്ക് വെളിയില്‍ ചെന്ന് സമാധാനമായി സംസാരിക്കാം '' ഇന്ദിരയുടെ കയ്യും പിടിച്ച് സാവിത്രി പുറത്തേക്കു നടന്നു.


'' ഇനി പറയൂ. എന്താ നമ്മുടെ അനൂന് ''.


ഇന്ദിര കരച്ചിലിന്‍റെ അകമ്പടിയോടെ വിവരമെല്ലാം പറഞ്ഞു. എങ്ങിനെ അവരെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. '' ചേച്ചി, തേവര് കൈവിടില്ല എന്ന് സമാധാനിക്കൂ. ഒക്കെ ശരിയാവും '' ആശ്വാസവാക്കുകള്‍  പറഞ്ഞുവെങ്കിലും ഈ വിഷയത്തില്‍ നിന്ന് ചേച്ചിയുടെ മനസ്സ് മാറ്റണം. 


'' ഇന്നലെ സന്ധ്യ മയങ്ങിയ ശേഷം ഒരു മോട്ടോര്‍ സൈക്കിള്‍ കടക്കുന്നതു കണ്ടു. അനൂപിന്‍റെ കൂട്ടുകാര്‍  ആരെങ്കിലുമാണെന്നാണ് ഞാന്‍ കരുതിയത് '' സാവിത്രി പറഞ്ഞു.



'' ഗോപാലകൃഷ്ണന്‍ സാറും അനൂന്‍റെ കൂട്ടുകാരനും ആ സമയത്ത് എത്തിയില്ലെങ്കില്‍ ഞങ്ങള് നാലാളും ഇപ്പൊ മരിച്ചു കിടക്കുന്നുണ്ടാവും '' ഇന്ദിര കണ്ണു തുടച്ചു.



'' എന്നാലും എന്‍റെ  ചേച്ചി, ഇങ്ങിനത്തെ ബുദ്ധിമോശം തോന്ന്യേലോ. പോവുന്നോര്‍ക്ക് പോവാം. ഇരിക്കുന്നോര്‍ക്ക് ബാക്കീള്ള കാലം ദുഃഖം മാത്രം '' സാവിത്രി തുടര്‍ന്നു '' എന്‍റെ അച്ഛന്‍ അന്നു ചെയ്ത കടുംകൈ ഇന്നും മനസ്സില്‍ നിന്ന് വിട്ടു മാറീട്ടില്ല ''.


കുറെ നേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല. എന്തു വേണമെന്ന് അറിയാതെ ഇന്ദിരയും എന്താണ്  ചെയ്യേണ്ടത് എന്നോര്‍ത്ത് സാവിത്രിയും നിന്നു.



'' ചേച്ചി പരിഭ്രമിക്കാതിരിക്കൂ. ഞാന്‍ വാരിയത്തു ചെന്നതും അങ്ങോട്ട് വരാം. എന്തെങ്കിലും ചെയ്യാന്‍  പറ്റുമോന്ന് നോക്കട്ടെ ''.



പറഞ്ഞതുപോലെ സാവിത്രി അനൂപിനെ കാണാനെത്തി. കട്ടിലില്‍ അവനോട് ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ മുടിയിലൂടെ വിരലോടിച്ചു.


'' നീ ഒട്ടും വിഷമിക്കണ്ടാ. നിന്‍റെ റിപ്പോര്‍ട്ടുകളുംകൊണ്ട് മേമ ഇന്നന്നെ ഒരാളെ കാണാന്‍ പോണുണ്ട്. ചിലപ്പൊ അയാള് എന്തെങ്കിലും ചെയ്തു തരും ''. എല്ലാ റിപ്പോര്‍ട്ടുകളുമായിട്ടാണ് സാവിത്രി തിരിച്ചു പോയത്.



'' റിട്ടേണ്‍ ടിക്കറ്റു കൂടി ഓക്കെ ആക്കിയിട്ടാണ് സമസ്ത ജീവജാലങ്ങളും ഭൂമിയിലെത്തുന്നത്, അതിനാല്‍ മരണത്തെ ഭയപ്പെടുകയോ അതില്‍ ദുഖിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല '' ഒന്നുനിര്‍ത്തി എല്ലാവരേയും  നോക്കിയ ശേഷം ഗോപാലകൃഷ്ണന്‍ നായര്‍ തുടര്‍ന്നു '' ആര്‍ക്കു വേണമെങ്കിലും ഇത്തരത്തിലുള്ള വേദാന്തം പറയാനാവും. പക്ഷെ അതെല്ലാം വെറും വാക്കുകള്‍ മാത്രമാണ്. വേര്‍പാടിന്‍റെ വേദന എന്താണ് എന്നത് അവനവനെ ബാധിക്കുമ്പോഴേ അറിയൂ ''.  


അനൂപിന്‍റെ രോഗവിവരം അറിയിക്കാനും ചികിത്സയ്ക്ക് വേണ്ടുന്ന സഹായം നല്‍കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നതിന്നും വേണ്ടി തന്‍റെ വീട്ടില്‍വെച്ചു കൂടിയ യോഗത്തില്‍ അയാള്‍ സംസാരിക്കുകയായിരുന്നു. കേള്‍വിക്കാറായി അനൂപിന്‍റെ ഏതാനും സുഹൃത്തുക്കളെ ക്കൂടാതെ കെ.എസ്. മേനോന്‍ മാത്രമേയുള്ളു.ശിവശങ്കരമേനോനേയും വിളിച്ചിരുന്നു. ബിസിനസ്സ് സംബന്ധമായ കാര്യങ്ങള്‍ക്കായി അദ്ദേഹം അപ്പോള്‍ ബാംഗ്ലൂരിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അനൂപിന്‍റെ രോഗത്തിന്‍റെ ഗൌരവം വിവരിക്കാന്‍ തുടങ്ങുമ്പോഴേക്കും അനിരുദ്ധനും രാധികയും എത്തി.



'' അച്ഛന്‍ വിളിച്ചിരുന്നു. ഇവിടെ വന്ന് വിവരങ്ങളെല്ലാം അറിയാന്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് '' രാധിക പറഞ്ഞു '' തിരിച്ചെത്തിയതും അച്ഛന്‍ വന്ന് കാണും ''.



ഡോക്ടര്‍ പറഞ്ഞ കാര്യങ്ങല്ലാം ഗോപാലകൃഷ്ണന്‍ വിവരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കൂടാതെ പറ്റില്ല. അതിന്ന് ധാരാളം പണച്ചിലവുണ്ട്. അനൂപിന്‍റെ കുടുംബത്തിന്ന് താങ്ങാനാവുന്ന ഒന്നല്ല അത്. അവരെ സഹായിക്കാന്‍ ബന്ധുക്കളാരുമില്ല. പോരാത്തതിന്ന് അവന്‍റെ
അച്ഛന്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കൂടി കഴിയാത്ത രോഗിയാണ്. അനുജത്തിയുടെ പഠിപ്പ് കഴിഞ്ഞിട്ടില്ല. പഠിപ്പോ ലോകപരിചയമോ ഇല്ലാത്ത വെറുമൊരു വീട്ടമ്മയാണ് അവന്‍റെ അമ്മ. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള വഴി കാണാതെ അവര്‍ കൂട്ടആത്മഹത്യക്ക് ഒരുങ്ങിയതാണ്. തക്ക സമയത്ത് ഞങ്ങള്‍ അവിടെ എത്തിയതുകൊണ്ട് ആ ദുരന്തം തടയാനായി. എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുകയാണ്.


 '' ഇനി പറയൂ, നമുക്ക് എന്തു ചെയ്യാനാവും '' ഗോപാലകൃഷ്ണന്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ഒരു ചോദ്യമെറിഞ്ഞു.




'' എന്‍റെ കയ്യില്‍ ഒരു ലക്ഷത്തോളം രൂപയുണ്ട്. അത് ഞാന്‍ തരാം '' ആദ്യം സഹായ ഹസ്തം നീട്ടിയത് പ്രദീപാണ്.



'' എന്‍റെ മോട്ടോര്‍ സൈക്കിള്‍ വിറ്റു കിട്ടുന്ന പണം ഞാന്‍ തരാം '' റഷീദ് പറഞ്ഞു.


'' എന്നിട്ട് പണിക്കു പോവാനോ '' ഗോപാലകൃഷ്ണന്‍ അവനോട് ചോദിച്ചു.



'' വേറൊന്ന് ഞാന്‍ ലോണില്‍ വാങ്ങും ''.



'' ഇത്തരത്തിലുള്ള പ്രതികരണമല്ല നമുക്കാവശ്യം '' ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു '' അനൂപിനോട് ഇവര്‍ക്കുള്ള സ്നേഹത്തിനേയോ, ഇവരുടെ ത്യാഗ സന്നദ്ധതയേയോ താഴ്ത്തി കാണാതെ തന്നെ പറയട്ടെ. അനൂപിന്‍റെ ചികിത്സയ്ക്ക് വേണ്ട പണം ഏതാനും ആളുകള്‍ ചേര്‍ന്ന് എടുക്കുകയല്ല മറിച്ച് ഈ നാട്ടിലെ ഉദാരമതികളായ ആളുകളില്‍ നിന്ന് സംഭരിക്കുകയാണ് വേണ്ടത്. അഞ്ചോ, പത്തോ, അമ്പതോ, നൂറോ, അഞ്ഞൂറോ, ആയിരമോ എന്തു നല്‍കിയാലും അതിന്ന് പുറകില്‍ ആ പണം നല്‍കുന്നവരുടെ പ്രാര്‍ത്ഥന കൂടി അവനു വേണ്ടി ഉണ്ടാവും. അത് ചില്ലറ കാര്യമല്ല ''. അത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.


'' പണം ഉണ്ടാക്കിയാല്‍ മാത്രം പോരാ. അനൂപിന്‍റെ ഓപ്പറേഷന്ന് ആള്‍സഹായവും വേണം. അതിന്ന് നല്ലൊരു ടീം ഉണ്ടാവണം ''.



'' നമ്മളൊക്കെ പോരേ സാറേ ''.റഷീദ് ചോദിച്ചു.


'' പോരാഞ്ഞിട്ടല്ല. എങ്കിലും കുറച്ചുകൂടി വിപുലമായിക്കോട്ടേ. പഞ്ചായത്ത് പ്രസിഡണ്ടിനേയും അനൂപ് പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററേയും ചേര്‍ക്കണം. നല്ലൊരു രക്ഷാധികാരി വേണം. അദ്ദേഹത്തിന്‍റെ പേരു കേട്ടാല്‍ തന്നെ അഞ്ചു രൂപ തരാന്‍ ഉദ്ദേശിച്ച ആള്‍ അമ്പതു രൂപ തരുന്ന വിധം പേരുള്ള ഒരാള്‍ ''.


'' ആരേയെങ്കിലും സാര്‍ ഉദ്ദേശിച്ചിട്ടുണ്ടോ '' പ്രദീപ് ചോദിച്ചു.



'' ഉണ്ട്. പക്ഷെ അദ്ദേഹം ഇവിടെയില്ല ''.


'' എന്നാലും അറിഞ്ഞോട്ടെ ''.


'' ശിവശങ്കരമേനോനെയാണ് ഞാന്‍ മനസ്സില്‍ കരുതിയത്. പക്ഷെ അദ്ദേഹം ഇല്ലാതെ തീരുമാനിക്കാന്‍  പാടില്ലല്ലോ ''.


'' അത് സാരൂല്യാ. ഞാന്‍ അച്ഛനോട് പറഞ്ഞോളാം '' രാധിക പറഞ്ഞതോടെ ആ പ്രശ്നം തീര്‍ന്നു.



'' എന്‍റെ ഭാര്യയുടെ കുടുംബക്കാരുടെ വക ഒരു ട്രസ്റ്റുണ്ട് '' കെ.എസ്.മേനോന്‍ പറഞ്ഞു '' ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലംതോറും വലിയൊരു തുക ട്രസ്റ്റില്‍ നിന്ന് കൊടുക്കാറുണ്ട്. ഞാന്‍ മകനോടു പറഞ്ഞ് മാക്സിമം വാങ്ങിത്തരാം ''. എല്ലാവരും കയ്യടിച്ചു.


'' ആദ്യത്തെ സംഭാവന എന്‍റെ വക '' പതിനായിരത്തിയൊന്ന് രൂപയുടെ ചെക്ക് നല്‍കിക്കൊണ്ട് രാധിക പറഞ്ഞു '' ഇനി അച്ഛന്‍ വേണ്ടത് ചെയ്തോളും ''.



'' അച്ഛന്‍ വന്നിട്ട് അടുത്ത മീറ്റിങ്ങ് കൂടാമെന്ന് പറയൂ '' ഗോപാലകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. വൈകുന്നേരം അയാള്‍ക്ക് ശിവശങ്കരമേനോന്‍റെ ഫോണ്‍ വന്നു.



'' പൊതുവെ ഞങ്ങള്‍ ബിസിനസ്സുകാര്‍ പണപ്പിരിവിന്ന് ഇറങ്ങുന്ന പതിവില്ല. എപ്പോഴെങ്കിലും വല്ലതും ചോദിച്ച് ആരെങ്കിലും വന്നാല്‍ കൊടുക്കും. '' അയാള്‍ പറഞ്ഞു '' പക്ഷെ, ഇത് എന്‍റെ മകള് ഏറ്റതല്ലേ. അതോണ്ട് ഞാന്‍ ഒഴിവ് പറയുന്നില്ല. പക്ഷെ എനിക്ക് തിരക്കുള്ളപ്പോള്‍ എന്നെ ഒഴിവാക്കണം ''.


ഗോപാലകൃഷ്ണന്‍ ചിരിച്ചു, മനസ്സു നിറഞ്ഞ ചിരി.

Tuesday, January 1, 2013

നോവല്‍ - അദ്ധ്യായം - 60.

ആശങ്കകള്‍ മുഴുവനും വിട്ടകന്നിട്ടില്ല. എങ്കിലും ആശ്വാസത്തിന്‍റെ കുളിര്‍മഴയേറ്റത്തോടെ അനൂപിന്‍റെ കുടുംബത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ നാമ്പുകള്‍ കിളുര്‍ക്കാന്‍ തുടങ്ങി.

തളത്തില്‍ കത്തിച്ചുവെച്ച നിലവിളക്ക് അണഞ്ഞിട്ടില്ല. അതിന്‍റെ വെളിച്ചം കിടപ്പുമുറിയിലേക്ക്ഒഴുകി വരുന്നുണ്ട്. രാമകൃഷ്ണന്‍ അനൂപിനോടൊപ്പം കട്ടിലില്‍ കിടപ്പാണ്. നിലത്തു വിരിച്ച പുല്ലുപായയില്‍ രമയെ ചേര്‍ത്തു പിടിച്ചു കിടന്നുകൊണ്ട് ഇന്ദിര ചിന്തകളില്‍ മുഴുകി.

എല്ലാവരും ആഹാരം കഴിച്ചു എന്ന് ഉറപ്പു വരുത്തിയതിന്നു ശേഷമാണ് ഗോപാലകൃഷ്ണന്‍ നായരും പ്രദീപും പോയത്. ''പണത്തിനൊക്കെ ഞാന്‍ വഴി കണ്ടിട്ടുണ്ട് ''എന്ന് അദ്ദേഹം പറഞ്ഞതോടെ പകുതി സമാധാനമായി. അല്ലെങ്കിലെന്താ ചെയ്യുക? ചികിത്സിക്കാന്‍ കഴിയാതെ അനൂപ് കടന്നു പോകും. എത്ര നല്ല ആളാണ് അദ്ദേഹം. എന്‍റെ പെങ്ങളാണ് എന്നു പറഞ്ഞ് ചേര്‍ത്തുപിടിച്ചപ്പോള്‍ കണ്ണുകളോടൊപ്പം മനസ്സും തണുത്തു.

'' നോക്കൂ, എന്തൊരു സ്നേഹമുള്ള കൂട്ടക്കാരാ അവര് '' ഇന്ദിര ഭര്‍ത്താവിന്‍റെ ശബ്ദം കേട്ടു.

'' ഞാനും അതു തന്ന്യാ ആലോചിച്ചോണ്ടിരിക്കുന്നത് ''.

'' ഇപ്പഴാ എനിക്ക് ഒരു കാര്യം ഓര്‍മ്മ വരുന്നത് '' രാമകൃഷ്ണന്‍ മൌനത്തിന്ന് വിരാമമിടുകയാണ്.

'' എന്താ കാര്യം ''.

'' മുമ്പൊരിക്കല്‍ ഞാന്‍ ഒരു സ്വപ്നം കണ്ട കാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ. നമ്മുടെ അനു വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ രണ്ടു വയസ്സന്മാര്‍ ചേര്‍ന്ന് അവനെ രക്ഷപ്പെടുത്തിയത്. 

അന്നെന്ന്യാണ് ഇദ്ദേഹവും കൂട്ടുകാരനും കൂടി എന്നെ കാണാന്‍ വന്നത് ''.

'' ദൈവം സ്വപ്നത്തില്‍ കൂടി ഓരോന്ന് കാണിച്ചു തന്നതാവും ''.

'' നമുക്ക് ഒരു കാര്യം ചെയ്യാ '' രാമകൃഷ്ണന്‍ ചോദിച്ചു '' ഈ വീടങ്ങിട്ട് കൊടുക്ക്വാ. കിട്ടുന്ന പണം ആ സാറിന്‍റെ കയ്യില്‍ ഏല്‍പ്പിക്കാം. പോരാത്തതിനല്ലേ അവര് ബുദ്ധിമൂട്ടണ്ടൂ ''.

'' അതു ശര്യാണ്. നമ്മളുടെ കുട്ടിക്കുവേണ്ടി നമ്മളൊന്നും ചെയ്തില്ല എന്ന് തോന്നണ്ടല്ലോ ''.

'' പിന്നെ എവിടേയാ താമസിക്ക്യാ '' അനൂപ് ചോദിച്ചു.

'' ഏട്ടന്‍  അത് ആലോചിച്ച് ബേജാറാവണ്ടാ. വാടകയ്ക്ക് വീട് കിട്ടില്ലേ. തല്‍ക്കാലം അങ്ങിനെ കഴിയ്യാ. കാശുണ്ടാവുമ്പോള്‍ നമുക്ക് വീടൊക്കെ ഉണ്ടാക്കാലോ ''രമയും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

'' ഗോപാലകൃഷ്ണന്‍ സാറ് വിചാരിച്ചാല്‍ കുറച്ചെന്തെങ്കിലും പൈസ എടുക്കാന്‍ പറ്റും. മറ്റേ ആള്‍ക്ക് അത്ര കഴിവെടം ഇല്ലാന്നാ എനിക്ക് തോന്നുണത് '' ഇന്ദിര മനസ്സില്‍ തോന്നിയത് അറിയിച്ചു.

'' അമ്മയ്ക്ക് അറിയാഞ്ഞിട്ടാണ് '' അനൂപ് പറഞ്ഞു '' മേനോന്‍ അങ്കിള്‍ കോടീശ്വരനാണെന്ന് അമ്മൂമ പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് പിണങ്ങി ഇങ്ങോട്ട് പോന്നതാണത്രേ ''.

'' അങ്ങിനെയാണെച്ചാല്‍ മൂപ്പരും എന്തെങ്കിലും തരും ''.

'' അമ്മ ഇങ്ങനെ മനക്കണക്കും കൂട്ടിക്കോണ്ടിരിക്കണ്ടാ. ഒക്കെ ശരിയാവും എന്ന് സമാധാനിച്ച് കിടക്കൂ '' രമ അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.

'' വിവേക് വിളിച്ചിട്ട് അവന്‍റെ കരള് തരാന്ന് പറഞ്ഞു ''.

'' അങ്ങിനെയൊന്നും പാടില്ല. കുട്ടീം കുടുംബൂം ഉള്ള ആളാണ്. പത്തു ദിവസം അയാള് കിടപ്പിലായാല്‍ അവരുടെ സ്ഥിതിയെന്താവും '' ഇന്ദിര ആ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു

 '' എന്‍റെ കുട്ടിക്ക് അമ്മ തര്വോലോ ''.

'' എന്താ ഇങ്ങിനെ പറയിണത്. വീട് നോക്കാനുള്ള ആളാണ്. കിടക്കുന്നോരെ ശുശ്രൂഷിക്കും വേണം. അപ്പൊ എങ്ങിന്യാ ശരിയാവ്വാ '' രാമകൃഷ്ണന്‍ ഇടപെട്ടു '' മുടക്കാച്ചരക്കായിട്ട് ഞാനൊരാള് ഇവിടെ കിടക്കിണില്യേ. ഞാന്‍ കൊടുത്തോളാം ''.

 '' അച്ഛന് വയസ്സായി. പോരാത്തതിന്ന് ദേഹത്തിന് സുഖൂല്യാത്ത ആളും. ഞാന്‍ കൊടുത്തോളാം എന്‍റെ ഏട്ടന് ''.

'' അങ്ങിനെ തീരുമാനിക്കാന്‍ വരട്ടെ '' അനൂപ് തടഞ്ഞു '' എന്‍റെ ശരീരത്തിന് യോജിച്ചതേ പറ്റൂ. ആദ്യം അത് ഏതാന്ന് അറിയട്ടെ ''.

'' ഇനിയിപ്പൊ അത് കിട്ടാതെ വര്വോ '' ഇന്ദിരയ്ക്ക് ആധിയായി.

'' അമ്മ പേടിക്കണ്ടാ. എല്ലാം ശരിയാവും '' അനൂപ് അമ്മയെ ആശ്വസിപ്പിച്ചു.

'' സൂര്യനേം ചന്ദ്രനേം ഗ്രഹണം ബാധിക്കാറില്ലേ. അതുപോലെയാണ് മനുഷ്യര്‍ക്ക് കഷ്ടകാലം വരുണത് '' രാമകൃഷ്ണനും ഭാര്യക്ക് ആശ്വാസം പകര്‍ന്നു '' കുറച്ചു കഴിഞ്ഞാല്‍ വന്നത് വന്നതു പോലെ പോവും. ഗ്രഹണം കഴിഞ്ഞാല് നേരത്തെ ഉള്ളതിലും വെച്ച് പ്രഭ ഉണ്ടാവില്ലേ. അതുപോലെ നല്ലകാലം കേറി വരും. ഇപ്പൊ കുട്ടി പറഞ്ഞതുപോലെ ഒക്കെ ശരിയാവും എന്നു വിചാരിച്ചു കിടന്നോളൂ ''.

'' എനിക്കൊന്നും അറിയില്ലാന്‍റെ ഈശ്വരന്മാരേ. എന്‍റെ കുട്ടിക്ക് ഒരാപത്തും വരുത്തരുതേ. അവനെ കണ്ടുംകൊണ്ടു വേണം എന്‍റെ കണ്ണടയാന്‍ '' ഇന്ദിര വിമ്മിക്കരഞ്ഞു.

'' അവന് ഒന്നും വരില്ലാന്നേ. സമാധാനായിട്ട് കിടന്നോളൂ '' ഭര്‍ത്താവ് നല്‍കിയ ആ ഉറപ്പും വിശ്വസിച്ച് ഇന്ദിര കിടന്നു. കുളക്കരയിലെ ആല്‍മരക്കൊമ്പില്‍ നിന്ന് കൂമന്‍റെ കൂവല്‍ ഉയര്‍ന്നു. പ്രത്യാശയുടെ പ്രതീകമെന്ന മട്ടില്‍ നിലവിളക്കിന്‍റെ പ്രകാശരേണുക്കള്‍ ഇരുട്ടിനെ വകഞ്ഞു മാറ്റി വന്നുകൊണ്ടിരുന്നു

കല്യാണവീട്ടില്‍ ഇരിക്കുമ്പോഴും റഷീദിന്‍റെ മനസ്സ് മുഴുവന്‍ അനൂപിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു.എന്തൊരു ദുര്യോഗമാണ് അവന്‍റെ കുടുംബത്തിന്‍റേത്. ദാരിദ്ര്യത്തില്‍ നിന്ന് ഒരുവിധം കരകയറി വരാന്‍ തുടങ്ങിയതേയുള്ളു. അപ്പോഴേക്കും ഇതാ വേറൊരു പരീക്ഷണം. അവര്‍ക്ക് ഇത് മറി കടക്കാനാവുമോ. 

'' നീയെന്താ ഒരു മൂഡൌട്ട് മാതിരി ഇരിക്കുന്നത് '' നോക്കിയപ്പോള്‍ വധുവിന്‍റെ ആങ്ങളയാണ്.

'' ഏയ്, ഒന്നൂല്യാ. വര്‍ക്കിന്‍റെ കാര്യം ആലോചിച്ചിരുന്നതാ ''.

'' ഈ നേരത്തോ '' അയാള്‍ അകത്തേക്കു പോയി.

ഈ മാസം സെയില്‍സ് മെച്ചപ്പെടുമെന്ന് തോന്നുന്നു. സെക്കണ്ടറി സെയില്‍സ് കൂടിയിട്ടുണ്ട്. വീണ്ടും ക്ലിനിക്കുകളില്‍ പേഷ്യന്‍റ്സിന്‍റെ തിരക്കായി. ഇങ്ങിനെ പോയാല്‍ ടാര്‍ജെറ്റ് അച്ചീവ് ചെയ്യാനാവും . 

പോക്കറ്റിലിരുന്ന മൊബൈല്‍ ഒന്നു വിറച്ചു. വൈകീട്ട് ഡോക്ടറുടെ ക്യാബിനില്‍ കയറുമ്പോള്‍ സൈലന്‍റ് മോഡിലിട്ടതാണ്. പിന്നീടത് മാറ്റാന്‍ വിട്ടുപോയി. അനൂപിന്‍റെ വാര്‍ത്ത അറിഞ്ഞതിന്നുശേഷം ഒന്നിനും തോന്നിയില്ല എന്നതാണ് വാസ്തവം. പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു നോക്കി. അയാള്‍ തന്നെ. എത്രാമത്തെ തവണയാണ് ഇന്ന് വിളിക്കുന്നത്. രാത്രി പത്തുമണി ആവാറായിരിക്കുന്നു. ഈ നേരത്ത് വിളിച്ചതില്‍ റഷീദിന്ന് വിരോധം തോന്നി.

സെയില്‍സ് കുറഞ്ഞപ്പോള്‍ വേറെ ഏതെങ്കിലും കമ്പിനിയിലേക്ക് മാറിയാലോ എന്നു തോന്നി. നല്ല ഏതെങ്കിലും കമ്പിനിയുടെ സ്പെഷാലിറ്റി ഡിവിഷനാണ് ആഗ്രഹിച്ചത്. ആ മോഹം കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന്‍ ഒരു ലോഞ്ചിങ്ങ് കമ്പിനിയുടെ ആര്‍. എം ന്‍റെ നമ്പര്‍ പറഞ്ഞുതന്നു. അതിലേക്ക്  വിളിച്ചതാണ് പൊല്ലാപ്പായത്. '' നിങ്ങള്‍ക്ക് ഈ മാസം എത്ര സെയില്‍ ഉണ്ടാക്കാന്‍ കഴിയും. അടുത്ത മാസം എത്ര ശതമാനം കൂട്ടാനാവും '' എന്നിങ്ങനെയുള്ള അന്വേഷണമാണ് പിന്നീട് ഓരോ തവണ വിളിക്കുമ്പോഴും. പിടിച്ചതിലും വെച്ച് വലുതാണ് പോട്ടില്‍ കിടക്കുന്നത് എന്ന ചൊല്ലുപോലെയായി കാര്യങ്ങള്‍. ജോലിക്ക് ചേരുന്നതിന്നു മുമ്പ് ഇങ്ങിനെയാണെങ്കില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും ?

'' എന്താ സാര്‍ '' ചെറിയൊരു മുഷിവോടെയാണ് ചോദിച്ചത്.

'' നിങ്ങള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലല്ലോ ''.

'' ലോഞ്ചിങ്ങ് കമ്പിനിയല്ലേ. ഡോക്ടര്‍മാരെ പല പ്രാവശ്യം കണ്ടു പറഞ്ഞാലേ അവര് എഴുതാന്‍ തുടങ്ങൂ. പോരാത്തതിന്ന് ഡയബറ്റിക്ക് കാര്‍ഡിയാക്ക് പ്രോഡക്റ്റ്സും. അത്ര പെട്ടെന്നൊന്നും ആരും എഴുതില്ല ''.

'' അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല. എപ്പോഴും കാര്യങ്ങള്‍ ക്ലിയറായിരിക്കണം. ഇനി തന്‍റെ ഐഡിയ പറയ് ''.

'' എന്താ സാര്‍ ഞാന്‍ പറയേണ്ടത് ''.

'' ഞാന്‍ ചോദിച്ചത് ഓര്‍മ്മയില്ലേ. ഈ മാസം നിങ്ങള്‍ക്ക് എത്ര സെയില്‍ ചെയ്യാനാവും. അടുത്ത മാസം എത്ര. അതിനടുത്ത മാസം എന്ത്. അപ്പോള്‍ ഒരു ക്വാര്‍ട്ടറിലെ ആയില്ലേ ''.

'' സാറിന്‍റെ ഐം എത്രയാണെന്ന് അറിഞ്ഞാലല്ലേ എനിക്ക് പറയാനാവൂ '' റഷീദ് വഴുതി മാറി.

'' ശരി. ഞാന്‍ പറയാം. ഈ മാസം ഒരു മുപ്പത് മുപ്പത്തഞ്ച് . അടുത്തതില്‍ സെവന്‍റി ഫൈവ്, അതിന്‍റെ അടുത്തതില്‍ വണ്‍ ലാക്ക് ''.

കാലിന്‍റെ ചെറുവിരലില്‍ നിന്നും  തലയിലേക്ക് ദേഷ്യം ഇരച്ചു കയറുന്നതുപോലെ തോന്നി. ഇയാളെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. മേലാല്‍ ആരേയും വിളിച്ച് ശല്യം ചെയ്യരുത്.

'' ഉള്ളത് ഉള്ളതുപോലെ പറയാലോ, എന്നെക്കൊണ്ട് ഇതൊന്നും ആവില്ല '' റഷീദ് തുടര്‍ന്നു 

'' പക്ഷെ സാറിന് പറ്റിയ ഒരാള് എന്‍റെ അറിവിലുണ്ട്. ആ കക്ഷി വിചാരിച്ചാല്‍ ഇതും ഇതിനപ്പുറവും ചെയ്യാന്‍ പറ്റും ''.

'' ആരാ ആള് ''.

'' പറഞ്ഞാല്‍ സാറിനന്നെ ആളെ അറിയും. ഒന്ന് ഊഹിച്ചു നോക്കൂ ''.

'' എനിക്ക് ഊഹിക്കാനൊന്നും നേരൂല്യാ. താന്‍ തന്നെ പറയ് ''.

'' ഗോപിനാഥ് മുതുകാട് എന്നാ പുള്ളിടെ പേര് ''. കൂടുതല്‍ എന്തെങ്കിലും കേള്‍ക്കുന്നതിന്നു മുമ്പ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. 

അല്‍പ്പ സമയം കഴിഞ്ഞതും വീണ്ടുമൊരു കാള്‍. റഷീദ് ഫോണെടുത്തു. അയാളാണെങ്കില്‍ നന്നായിട്ട് നാലെണ്ണം കൂടി പറയണം. പക്ഷെ വിളിച്ചത് കൂട്ടുകാരനാണ്.

'' എന്താടാ നീ ആ ആര്‍.എമ്മിനോട് പറഞ്ഞത്. അയാള്‍ നിന്നെ കുറിച്ച് എന്നോട് കുറെയധികം പരാതി പറഞ്ഞു ''. റഷീദ് നടന്നതെല്ലാം വിസ്തരിച്ചു.

'' അതാ സംഗതി അല്ലേ. അയാള്‍ ആളൊരു ചേനയാണ്. വെറുതെ ചൊറിഞ്ഞും കൊണ്ടിരിക്കും. ഞാന്‍ നിന്നോടത് പറയാന്‍ വിട്ടുപോയതാ ''.

'' സാരൂല്യാ. ഞാന്‍ നല്ലോണം പുളിവെള്ളം ഒഴിച്ചിട്ടുണ്ട്. ഇനി അയാളങ്ങിനെ ആരേയും ചൊറിയില്ല ''. രണ്ടുപേരും ചിരിച്ചു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .